ചീഫ് ജസ്റ്റിസ് ഓർമിപ്പിക്കുന്നത്...

പത്രാധിപർ

2022 ഏപ്രിൽ 09, 1442 റമദാൻ 07

പതിനാറാം നൂറ്റാണ്ടുമുതലാണ് ഇന്ത്യയില്‍ പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയുമായുള്ള വാണിജ്യബന്ധമായിരുന്നു യൂറോപ്യന്മാരുടെ ലക്ഷ്യമെങ്കിലും പരസ്പരം പോരടിച്ചുനിന്നിരുന്ന നാട്ടുരാജ്യങ്ങളെ മുതലെടുത്ത് അവര്‍ ഇന്ത്യയൊട്ടാകെ കോളനികള്‍ സ്ഥാപിച്ചു. 1857ല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു നേരെയുണ്ടായ കലാപമാണ് യൂറോപ്യന്‍ അധിനിവേശത്തിനു നേരെ ഇന്ത്യക്കാര്‍ നടത്തിയ പ്രധാന ചെറുത്തുനില്‍പ്പ് ശ്രമം. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ഈ കലാപം പക്ഷേ, ബ്രിട്ടീഷ് സൈന്യം അടിച്ചൊതുക്കി. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുമായി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനം ശക്തി പ്രാപിച്ചു. വര്‍ഷങ്ങള്‍ നീണ്ട സഹന സമരങ്ങള്‍ക്കൊടുവില്‍ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് സ്വതന്ത്രമായി.

പിന്നീട് ഇന്ത്യ ഉയര്‍ച്ചയുടെ പടവുകള്‍ കയറുകയായിരുന്നു. അതില്‍ നെഹ്‌റുവിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. മികച്ച ഒരു ഭരണഘടന കഴിവുറ്റവരുടെ കരങ്ങളാല്‍ വിരചിതമായി. ജനാധിപത്യവും മതനിരപേക്ഷതയും നാടിന്റെ മുഖമുദ്രയായി ലോകമാകെ അറിയപ്പെട്ടു. ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷ വിവേചനങ്ങള്‍ക്കതീതമായി എല്ലാവരെയും ഇന്ത്യക്കാര്‍ എന്ന ഏകകത്തില്‍ കൂട്ടിയിണക്കാന്‍ കേന്ദ്രത്തില്‍ ഭരണം നടത്തിയവര്‍ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയം ഇന്ത്യ ലോകത്തിന് പ്രാവര്‍ത്തികമാക്കി കാണിച്ചുകൊടുത്തു.

എന്നാല്‍ ഇന്ന് അവസ്ഥയാകെ മാറിമറിഞ്ഞിരിക്കുന്നു. എല്ലാ മേഖലകളിലും നാനാത്വത്തെ ഇല്ലാതാക്കാനും ‘ഹിന്ദുത്വം’ എന്ന ഏകകത്തില്‍ പരിമിതപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഭരണ നേതൃത്വത്തിലിരിക്കുന്നവരിൽ നിന്നുതന്നെ വര്‍ഗീയതയുടെ വിഷം വമിച്ചുകൊണ്ടിരിക്കുന്നു. ജാതിയുടെയും മതത്തിന്റെയുെമാക്കെ പേരില്‍ ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കുന്നു. പാഠപുസ്തകങ്ങളില്‍ പോലും വര്‍ഗീയത കുത്തിനിറക്കുന്നു. ചരിത്രത്തില്‍ മായം ചേര്‍ക്കുന്നു. എന്ത് തിന്നണം, ഏതുവേഷം ധരിക്കണം എന്ന് സ്വയം തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ന്യൂനപക്ഷങ്ങളെ തള്ളിവിട്ടുകൊണ്ടിരിക്കുന്നു. ക്രിമിനല്‍ സംഘങ്ങള്‍ രാജ്യം ഭരിക്കുന്നവരുടെ ഒത്താശയോടെ കൊന്നും കൊലവിളിച്ചും ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ അഴിഞ്ഞാടുന്നു. തെരഞ്ഞെടുപ്പുകളില്‍ കൃത്രിമത്വം നടക്കുന്നു. കോടികള്‍ കൊടുത്ത് ജനപ്രതിനിധികളെ മറുകണ്ടം ചാടിച്ച് ജനാധിപത്യത്തെ പല്ലിളിച്ച് പരിഹസിക്കുന്നു.

ഈ അവസരത്തില്‍ രണ്ടുദിവസം മുമ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ നടത്തിയ പ്രഭാഷണത്തിലെ ചില പരാമര്‍ശങ്ങള്‍ ഏറെ പ്രസക്തമാണ്. സി.ബി.ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന 19ാമത് ഡി.പി. കോഹ്‌ലി സ്മാരക പ്രഭാഷണത്തില്‍ അദ്ദേഹം ജനാധിപത്യത്തിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞതിനോടൊപ്പം ഏകാധിപത്യത്തിന്റെ അപകടം എടുത്തുപറയുകയും ചെയ്തത് ശ്രദ്ധേയമാണ്.

‘‘ഇന്ത്യയെപോലെ വൈജാത്യങ്ങള്‍ നിറഞ്ഞ ഒരു രാജ്യത്തിന് ജനാധിപത്യമാണ് ഏറ്റവും അനുയോജ്യം. അതിന്റെ സമ്പന്നമായ വൈവിധ്യം ഏകാധിപത്യ ഭരണത്തില്‍ അതിജീവിക്കില്ല. ഇത് നമ്മുടെ പരിചയത്തില്‍ നിന്ന് തെളിഞ്ഞതാണ്. നമ്മുടെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും ബഹുസ്വരതയും ജനാധിപത്യത്തിലൂടെ മാത്രമെ നിലനില്‍ക്കുകയും ശക്തിപ്പെടുകയും ചെയ്യൂ. ഇന്ത്യക്കാര്‍ സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുന്നു. ആ സ്വാതന്ത്ര്യം തട്ടിയെടുക്കാന്‍ ഉണ്ടാവുന്ന ഏതൊരു ശ്രമവും ജാഗ്രത്തായ നമ്മുടെ പൗരന്‍മാര്‍ ചെറുത്തുതോല്‍പിക്കും.’’ ചീഫ് ജസ്റ്റിസിന്റെ ഈ വാക്കുകള്‍ സമകാലിക ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.