വിദ്വേഷ പ്രസംഗം: സുപ്രീം കോടതിയുടെ ഇടപെടൽ ആശാവഹം

പത്രാധിപർ

2022 ഒക്ടോബർ 29, 1444 റബീഉൽ ആഖിർ 03

വിദ്വേഷപ്രസംഗങ്ങളിൽ പരാതിക്കു കാത്തുനിൽക്കാതെ സ്വമേധയാ കേസെടുക്കണമെന്നു ഡൽഹി, ഉത്തരാഖണ്ഡ്, യുപി സർക്കാരുകൾക്കു സുപ്രീം കോടതി ഇടക്കാല ഉത്തരവ് നൽകിയത് ആശാവഹമായ ഒരു കാൽവയ്പാണ്. ഏതാനും വർഷങ്ങളായി രാജ്യത്തു പലയിടത്തും വിദ്വേഷപ്രസംഗങ്ങളടക്കം അസഹിഷ്ണുതയുടെയും വേർതിരിവിന്റെയും വിത്തുപാകുന്ന സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. മുമ്പ് മുറാദാബാദിലും ഭീവണ്ടിയിലുമൊക്കെയുണ്ടായ ന്യൂനപക്ഷ വേട്ടയ്ക്ക് പ്രചോദനമായത് ചില നേതാക്കളുടെ വിഷം വമിക്കുന്ന പ്രസംഗങ്ങളായിരുന്നു. ചിന്താശൂന്യരായ അണികളുടെ മനസ്സിൽ പരമതവിദ്വേഷം കുത്തിനിറക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തി അക്രമത്തിനും കൊലപാതകത്തിനും കൊള്ളയ്ക്കും കൊള്ളിവയ്പിനും ബലാൽസംഗത്തിനും പ്രേരിപ്പിക്കുന്ന നേതാക്കൾ രാജകീയമായി, ചോദ്യം ചെയ്യപ്പെടാത്തവരായി വിലസുന്നത് മഹാവിപത്താണ്.

ബഹുസ്വരതയുടെ ആണിക്കല്ലായ മതനിരപേക്ഷതയ്ക്ക് ഇളക്കം തട്ടുന്ന സാഹചര്യത്തിലേക്കു നയിക്കുന്ന കാര്യങ്ങളൊന്നും രാജ്യത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അതുകൊണ്ടുതന്നെ വിദ്വേഷ പ്രസംഗം നടത്തുന്നയാളുടെ മതം നോക്കാതെ നടപടി സ്വീകരിക്ക ണമെന്നാണ് ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. നടപടിയെടുക്കാതിരിക്കുന്നതു കോടതിയലക്ഷ്യമായി കാണുമെന്നു മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്. മതനിരപേക്ഷ രാജ്യമെന്ന നിലയിൽ, ഇന്ത്യയിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്കു സൗഹാർദത്തോടെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ ഇവിടെ സാഹോദര്യം സാധ്യമാകില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം വളരെ പ്രസക്തമാണ്.

ഈ വിഷയത്തിൽ സമീപകാലത്തായി സുപ്രീം കോടതി നടത്തിവരുന്ന കർശന ഇടപെടലുകളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ഇടക്കാല ഉത്തരവ്. ഒരു വിഭാഗത്തിനെതിരെ വിദ്വേഷം വളർത്താമെന്നതു മാത്രമാണ് വിദ്വേഷ പ്രസംഗങ്ങൾകൊണ്ടുള്ള പ്രയോജനമെന്നു കോടതി പറഞ്ഞതു രണ്ടു വർഷം മുൻപാണ്. ബഹുസ്വരതയിൽ അധിഷ്ഠിതമായ ജനാധിപത്യസംവിധാനത്തിൽ തുല്യത നിഷേധിക്കലാണ് വിദ്വേഷ പ്രസംഗങ്ങളിലൂടെ സംഭവിക്കുന്നതെന്നും അന്നു കോടതി അഭിപ്രായപ്പെട്ടിരുന്നു.

അസഹിഷ്ണുതയാൽ പ്രകോപിതരായും വ്യാജ വാർത്തകളിൽനിന്നും കെട്ടുകഥകളിൽനിന്നുമുള്ള തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലും ആൾക്കൂട്ടത്തിനു ഭ്രാന്തിളകുന്ന സംഭവങ്ങൾ രാജ്യത്തു വർധിക്കുന്നുവെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടത് 2018ലാണ്. വൈവിധ്യ സമ്പന്നമായ സംസ്‌കാരം നിലനിർത്താൻ സഹായിക്കുന്ന മൂല്യങ്ങൾ നമ്മുടെ മഹനീയ റിപ്പബ്ലിക്കിനു നഷ്ടമായോ എന്ന് ആലോചിക്കാൻ സമയമായെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അന്നത്തെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ബഹുസ്വരതയുടെയും പലസംസ്‌കാരങ്ങളുടേതുമായ മതനിരപേക്ഷ സാ മുഹികക്രമം ഉറപ്പാക്കി സ്വതന്ത്രമായ ചിന്തയും വിശ്വാസങ്ങളും സാധ്യമാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം സർക്കാരിനാണെന്ന് അന്നു കോടതി പറഞ്ഞതാണ്. എന്നാൽ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിദ്വേഷ പ്രസംഗങ്ങളും ആൾക്കൂട്ട അക്രമങ്ങളും തുടരുന്ന കാഴ്ചയാണ് കണ്ടത്.

വിദേഷ പ്രസംഗങ്ങളിൽ പരാതിക്ക് കാത്തുനിൽക്കാതെ കേസെടുക്കണമെന്ന് മൂന്നു സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നൽകിയ ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കുമുള്ള ഓർമപ്പെടുത്തലാണ്. വിദ്വേഷ പ്രസംഗകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനും കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ഖേദകരമെന്നു പറയട്ടെ, വേലിതന്നെ വിളവു തിന്നുന്ന സാഹചര്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.