വര്‍ഗീയത; അധികാരത്തിലേക്കുള്ള കുറുക്കുവഴി

പത്രാധിപർ

2022 ഫെബ്രുവരി 19, 1442 റജബ്  18

എല്ലാ മതവിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന കാര്യത്തില്‍ കണിശതയുള്ളവരായിരുന്നു നമ്മുടെ ഭരണഘടനാശില്‍പികള്‍. ഭരണഘടനയുടെ 25 മുതല്‍ 28 വരെയുള്ള അനുച്ഛേദങ്ങള്‍ മതസ്വാതന്ത്ര്യത്തെ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതും അത് പ്രബോധനം ചെയ്യുന്നതും അതിനുവേണ്ടി സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതുമെല്ലാം മൗലികാവകാശമായി ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും അവര്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും മത മൊന്നും വേണ്ടെന്നു വിശ്വസിക്കുന്നവര്‍ക്ക് മതനിരാ സത്തെ അംഗീകരിക്കാനും ദൈവവിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം പ്രചരിപ്പിക്കാനും നിരീശ്വരവാദികള്‍ക്ക് നിരീശ്വരത്വ ചിന്തകള്‍ പ്രബോധനം ചെയ്യാനും ‘മതത്തിന്റെ മതില്‍കെട്ടുകളെ' ഉള്‍കൊള്ളാന്‍ സാധിക്കാത്തവര്‍ക്ക് നിര്‍മതവാദത്തെ പ്രോ ത്സാഹിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. ഈ വൈവിധ്യം രാജ്യത്ത് നിലനിന്നെങ്കില്‍ മാത്രമെ നാനാത്വത്തില്‍ ഏകത്വം എന്ന രാജ്യത്തിന്റെ പ്രഖ്യാപിത മുദ്രാവാക്യത്തിന് പ്രസക്തിയുണ്ടാവുകയുള്ളൂ.

ഈ അവകാശങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ മതപരിഗണനകള്‍ കൂടാതെ പൗരന്മാര്‍ക്ക് അവകാശവും സ്വാതന്ത്ര്യവും സംരക്ഷണവും നല്‍കുന്ന, മതനിരപേക്ഷത നിലനില്‍ക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ള, അതില്‍ മായം ചേര്‍ക്കാന്‍ തയ്യാറില്ലാത്ത സര്‍ക്കാര്‍ അധികാരത്തിലെത്തണം. അല്ലാത്തപക്ഷം മുകളില്‍ പറഞ്ഞ മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുമെന്നതില്‍ സംശയമില്ല.

ഏതെങ്കിലും മതത്തോട് പ്രത്യേകമായി ആഭിമുഖ്യം പുലര്‍ത്തുകയും ഇതര മതങ്ങളോടും മതവിശ്വാസികളോടും വെറുപ്പ് വച്ചുപുലര്‍ത്തുകയും ചെയ്യുന്ന ഭരണകൂടം ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് അധികാരത്തില്‍ വരിക എന്നത് വന്‍ദുരന്തത്തിന്റെ കടന്നുവരവാണെന്നതില്‍ സംശയമില്ല. ദൗര്‍ഭാഗ്യവശാല്‍ അതിന് നാം സാക്ഷികളായിക്കൊണ്ടിരിക്കുകയാണ്. കടുത്ത ന്യൂനപക്ഷ വിരുദ്ധത പല സംസ്ഥാന ഭരണകൂടങ്ങളും പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്.

പല കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും പലപ്പോഴും പരസ്യമായി കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത് മാധ്യമങ്ങള്‍ വഴി നാം അറിഞ്ഞതാണ്. കര്‍ണാടകയിലെ ഒരു മന്ത്രി ഈയിടെ ഇന്ത്യ താമസിയാതെ ഒരു ഹിന്ദു രാഷ്ട്രമായി മാറുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹത്തെ തിരുത്താന്‍ ആരാണു തയ്യാറായത്? മുസ്‌ലിമായ, അല്ലെങ്കില്‍ ക്രിസ്ത്യാനിയായ ഒരു സാധാരണക്കാരന്‍ ഇന്ത്യ ഇസ്‌ലാമിക രാഷ്ട്രമാകുമെന്നോ ക്രൈസ്തവരാഷ്ട്രമാകുമെന്നോ തമാശയായി പറഞ്ഞെന്നു കരുതുക. എന്തായിരിക്കും നമ്മുടെ നാടിന്റെ അവസ്ഥ? ആ പറഞ്ഞയാള്‍ കാരാഗൃഹത്തില്‍ അടക്കപ്പെട്ടിട്ടുണ്ടാകില്ലേ? അയാളുടെ മതത്തെ കടന്നാക്രമിക്കാന്‍ കടന്നല്‍കൂട്ടം പോലെ ചിലര്‍ പാഞ്ഞടുക്കില്ലേ? കടുത്ത രാജ്യദ്രോഹ കുറ്റമോ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റമോ അയാളില്‍ ചാര്‍ത്തിയിട്ടുണ്ടാകില്ലേ? അയാളുടെ ‘ശത്രുരാജ്യങ്ങളുമായുള്ള ബന്ധം' ഇഴകീറി പരിശോധിക്കപ്പെടില്ലേ?

ഇപ്പോള്‍ രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിട്ടുള്ള ഹിജാബ് വിഷയമെടുക്കുക. കര്‍ണാടകയിലെ കലാലയങ്ങളില്‍ പെട്ടെന്നൊരു നാള്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ തലമറച്ച് പ്രത്യക്ഷപ്പെട്ടതല്ല. കേരളത്തിലും കര്‍ണാടകയിലും ഇതര സംസ്ഥാനങ്ങളിലുമൊക്കെ പണ്ടുമുതലേ മുസ്‌ലിം പെണ്‍കുട്ടികള്‍ തലമറച്ച് വരുന്നുണ്ട്. പെട്ടെന്നൊരു നാള്‍ അത് എങ്ങനെ അനഭിമതമായി? ഇതുവരെയില്ലാത്ത പ്രതിഷേധം അതിനെതിരെ ഉയരാന്‍ കാരണമെന്ത്? ഒരു കാര്യം വ്യക്തമാണ്. നമ്മുടെ രാജ്യത്ത ജനങ്ങളെ വര്‍ഗീയമായി വേര്‍തിച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗം മാത്രമാണിത്. ഇത് മുസ്‌ലിംകളുടെ പ്രശ്‌നമല്ല, രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വമെന്ന മുഖത്തെ വികൃതമാക്കുന്നതും മതനിരപേക്ഷതയെ തകര്‍ക്കുന്നതുമാണ്. അതുകൊണ്ട് ഈ നീക്കത്തെ ഒരുമിച്ചെതിര്‍ക്കാന്‍ രാജ്യസ്‌നേഹികള്‍ തയ്യാറാകേണ്ടതുണ്ട്.