വിദ്വേഷ പ്രചാരകരെ തുറുങ്കിലടയ്ക്കണം

പത്രാധിപർ

2022 മെയ് 07, 1442 ശവ്വാൽ 06

ഇന്ത്യാരാജ്യം പച്ചയായ വർഗീയതയുടെയും വിദ്വേഷത്തിന്റെയും തുരുത്തായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ജനാധിപത്യ മതനിരപേക്ഷ രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ ആഹ്വാനം ചെയ്യുന്നവരിൽ മതനേതാക്കൾ മാത്രമല്ല ഭരണഘടനാനുസൃതമായി പ്രവർത്തിക്കാമെന്ന് പ്രതിജ്ഞ ചെയ്ത ജനപ്രതിനിധികളുമുണ്ട് എന്നതാണ് വിരോധാഭാസം.

2021 ഡിസംബർ 17മുതൽ 20വരെ ഹരിദ്വാറിൽ നടന്ന വിവിധ ഹിന്ദുത്വ സംഘടനകളുടെ സമ്മേളനത്തിൽ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ കൊന്ന് ഹിന്ദുരാഷ്ട്രം നിർമിക്കാൻ പരസ്യമായ ആഹ്വാനമുയർന്നിരുന്നു. മുസ്‌ലിംകൾക്കെതിരെ മ്യാൻമർ മാതൃകയിൽ നമ്മുടെ പൊലീസും രാഷ്ട്രീയക്കാരും സൈന്യവും ഒപ്പം മുഴുവൻ ഹിന്ദുക്കളും ആയുധമെടുത്ത് വംശഹത്യ നടത്തണം. അതല്ലാതെ മറ്റൊരു വഴിയും നമ്മുടെ മുന്നിൽ അവശേഷിക്കുന്നില്ല എന്നാണ് പ്രബോധാനന്ദ് ഗിരി സമ്മേളനത്തിൽ പറഞ്ഞത്.

ഇത്തരത്തിൽ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ. വി രമണയ്ക്ക് 76 അഭിഭാഷകർ എഴുതിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ പൊലീസ് നടപടി കാര്യക്ഷമമല്ല, അതിനാൽ കോടതി അടിയന്തരമായി ഇടപെടണമെന്നായിരുന്നു കത്തിലെ ആവശ്യം.

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ 2022 എപ്രിൽ 22ന് നടക്കുന്ന മതസമ്മേളനത്തിൽ വിദ്വേഷപ്രസംഗം തടയാൻ കർശനനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി ഉത്തരവ് നൽകിയത് ശ്രദ്ധേയമാണ്. അല്ലാത്തപക്ഷം ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി അടക്കമുള്ളവർക്കാണ് ഉത്തരവാദിത്തമെന്ന് ജസ്റ്റിസുമാരായ എ. എം ഖാൻവിൽക്കർ, അഭയ് ശ്രീനിവാസ് ഓക്ക, സി.ടി രവികുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വ്യക്തമാക്കി. വിദ്വേഷപ്രസംഗങ്ങൾ തടയുന്നതിൽ ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സർക്കാരുകൾ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.

ഹിമാചലിലെ ഉനയിൽ ഈയിടെ നടന്ന മതസമ്മേളനത്തിലെ വർഗീയ പരാമർശങ്ങളെക്കുറിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പരാതിപ്പെടുകയുണ്ടായി. ഹിമാചലിന്റെയും ഉത്തരാഖണ്ഡിന്റെയും അഭിഭാഷകർ അതത് സർക്കാരുകൾ നടപടിയെടുക്കുന്നുണ്ടെന്ന് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും വിദ്വേഷപരാമർശങ്ങൾ തടയാനാണ് ശ്രമിക്കേണ്ടതെന്നും ആവർത്തിച്ച് തെറ്റുചെയ്യുന്നവർക്കെതിരെ കർശനനടപടി വേണമെന്നും കോടതി പ്രതികരിക്കുകയുണ്ടായി.

നിയമകൂടങ്ങൾ ഉണർന്നിരിക്കുമ്പോഴും ഭരണകൂടങ്ങൾ ഉറക്കം നടിക്കുന്നു എന്ന ദുരവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നടപടിയെടുത്തു എന്ന് തോന്നിപ്പിക്കാൻ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു; അധികാരക്കസേരയുടെ നഷ്ടം ഭയന്ന് അക്രമത്തിന് കൂട്ടുപിടിക്കുകയും ചെയ്യുന്നു.

കേരളത്തിന്റെ സ്വന്തം വായാടിയായ പി.സി ജോർജ് തെരഞ്ഞെടുപ്പിൽ തോറ്റതിനുശേഷം വിശേഷബുദ്ധി നഷ്ടപ്പെട്ട രൂപത്തിലാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. വളരെ ഹീനമായ, വൃത്തികെട്ട, മുസ്‌ലിംകളെയും ഹൈന്ദവരെയും കഠിന ശത്രുക്കളാക്കാനും അവർക്കിടയിൽ വിദ്വേഷം വളർത്താനും ഉതകുന്ന സംസാരമാണ് അയാൾ ഹിന്ദു സമ്മേളനത്തിൽവച്ച് നടത്തിയത്. ജനങ്ങളുടെ പ്രതിഷേധം തിളച്ചുപൊന്തിയപ്പോൾ ഗത്യന്തരമില്ലാതെ സർക്കാർ അയാളെ അറസ്റ്റുചെയ്യാൻ നിർബന്ധിതമായെങ്കിലും ഉടനടി ജാമ്യം ലഭിക്കാനുള്ള പഴുതുകൾ ഏർപ്പെടുത്തുകയും ചെയ്തു. വിദ്വേഷത്തിന്റെ വിഷം തുപ്പുന്ന ശശികലയും പ്രതീഷ് വിശ്വനാഥുമൊക്കെ തങ്ങളെ തൊടാൻ ധൈര്യമുള്ളവനാരെടാ എന്ന മട്ടിൽ വാഴുകയാണ്. എന്നാൽ ഒരു മുസ്‌ലിം നാമധാരി വിവേകമില്ലാതെ ഒരു എഫ്ബി പോസ്റ്റിട്ടാൽ അവൻ ജയിലിടയ്ക്കപ്പെടാൻ മണിക്കൂറുകൾ മതി. ഈ വിവേചനം അവസാനിപ്പിച്ചേതീരൂ.