അധാര്‍മികത വിളയുന്ന കലാലയ മുറ്റങ്ങള്‍

പത്രാധിപർ

2022 ജനുവരി 29, 1442 ജുമാദൽ ആഖിർ 26

കേരളത്തിലെ പല കാമ്പസുകളില്‍നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശാവഹമല്ല; ആശങ്കയുണര്‍ത്തുന്നതാണ്. കലാലയങ്ങള്‍ക്ക് ഒരു പവിത്രതയുണ്ടായിരുന്നു. അധ്യാപകര്‍ ആദരിക്കപ്പെട്ടിരുന്നു. സീനിയര്‍-ജൂനിയര്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ സൗഹൃദത്തില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ കക്ഷിരാഷ്ട്രീയത്തിന്റെ മറവിലുള്ള ക്രിമിനലിസം ഇന്ന് കാമ്പസുകളെ കലാപഭൂമിയാക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് തന്റെ പാര്‍ട്ടിക്കാരനല്ലാത്തവന്റെ നെഞ്ചില്‍ കത്തിയിറക്കാന്‍ യാതൊരു മടിയുമില്ല. റാഗിംഗ് എന്ന ഓമനപ്പേരില്‍ അതിക്രൂരമായി ജൂനിയര്‍ വിദ്യാര്‍ഥികളെ കൂട്ടംകൂടി അക്രമിക്കാന്‍ യാതൊരു ഭയവുമില്ല. അധ്യാപകരെ പോലും മര്‍ദിക്കാനും മുറിയില്‍ അടച്ചിടാനും വൈമനസ്യമില്ല. കാമകേളികളുടെ ചിത്രമുള്ള പോസ്റ്റര്‍ പതിച്ച് ‘സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക്' വിദ്യാര്‍ഥികളെ ക്ഷണിക്കാന്‍ യാതൊരു ലജ്ജയുമില്ല. മിക്ക കോളേജുകളിലും ക്ലാസില്‍ കയറാതെ ഗുണ്ടായിസം കാണിച്ച് കറങ്ങിനടക്കുന്ന സംഘങ്ങളുണ്ട്. അവരുടെ കായികമായ അക്രമവും രാഷ്ട്രീയ നേതൃത്വത്തോടുള്ള അവരുടെ ബന്ധവും ഭയന്ന് ഒന്നും കാണാത്ത മട്ടില്‍ നടക്കുന്ന അധ്യാപകരുണ്ട്. സാംസ്‌കാരിക, പ്രബുദ്ധ കേരളത്തിന് അപമാനമല്ലേ ഇതെല്ലാം?

വലിയ പ്രതീക്ഷയിലും താല്‍പര്യത്തിലുമാണ് പല രക്ഷിതാക്കളും മക്കളുടെ അക്കൗണ്ടില്‍ വലിയ തുക നിക്ഷേപിച്ച് എ.ടി.എം കാര്‍ഡും നല്‍കി മക്കളെ പഠിക്കാന്‍ പറഞ്ഞയക്കുന്നത്. ഭാവിയില്‍ അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന കനത്ത ശമ്പളമാണ് അവര്‍ സ്വപ്‌നം കാണുന്നത്. കാശെറിഞ്ഞ് കാശ് വാരാനുള്ള കേവലം 'ചരക്കാ'യി വിദ്യാഭ്യാസം മാറുമ്പോള്‍ മനുഷ്യത്വം വഴിമാറുന്നു. മയക്കുമരുന്നുമായി ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയെ പോലീസ് പിടികൂടിയതിന്റെ വീഡിയോ സമൂഹമാധ്യമത്തിലൂടെ കാണാനിടയായി. അവന്‍ വര്‍ഷങ്ങളായി അതിന്റെ അടിമയാണ്. മയക്കുമരുന്ന് സ്ഥിരമായി താന്‍ പഠിക്കുന്ന സ്ഥാപനത്തിലെ പതിനഞ്ച് ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നുണ്ടെന്ന് അവരുടെ പേരെടുത്തു പറഞ്ഞുകൊണ്ട് അവന്‍ പോലീസിന്റെ ചോദ്യത്തിനുത്തരമായി സമ്മതിക്കുന്നുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികളില്‍ പലരും ചതിയില്‍ അകപ്പെടുന്നതും മയക്കുമരുന്നിന് അടിമകളാകുന്നതും മാനംവില്‍ക്കുന്നതും രക്ഷിതാക്കള്‍ അറിയാതെ പോകുന്നു. അറിയുമ്പോഴേക്കും എല്ലാം നശിച്ചിരിക്കും. ഒരു ജോലി എന്നതിനപ്പുറം മറ്റൊന്നും ആഗ്രഹിക്കാതിരുന്നാല്‍, മക്കളുടെ കാര്യത്തില്‍ ഒരു 'കരുതല്‍' ഇല്ലാതിരുന്നാല്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ധാര്‍മിക മൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്ന് കരുതി അവയില്‍നിന്ന് അകന്നുനില്‍ക്കുന്നത് ബുദ്ധിയല്ലല്ലോ. മക്കള്‍ക്ക് ചെറുപ്പത്തില്‍ നിര്‍ബന്ധമായും മതവിദ്യാഭ്യാസം നല്‍കുക. അവര്‍ എവിടെ ഏത് കോഴ്‌സിന് പഠിക്കുകയാണെങ്കിലും രക്ഷിതാക്കളുടെ സജീവ ശ്രദ്ധയും നിരീക്ഷണവും നിയന്ത്രണവും അവരുടെ കാര്യത്തില്‍ ഉണ്ടാകണം. മരണ ചിന്തയും പരലോകബോധവും അവരില്‍ വളര്‍ത്തണം. മതപരമായ കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്താനുള്ള ഉപദേശം നല്‍കിക്കൊണ്ടിരിക്കണം. ചീത്ത കൂട്ടുകെട്ടില്‍ പെടരുതെന്ന് പറയണം.

ഞാന്‍ ആരാണ്? എവിടെനിന്നാണ് ഞാന്‍ വന്നത്? എവിടേക്കാണ് ഞാന്‍ പോകുന്നത്? ആരാണ് എന്നെയും ഇക്കാണുന്ന ചരാചരങ്ങളെയും സൃഷ്ടിച്ചത്? എന്താണ് എന്റെ ജീവിത ലക്ഷ്യം? ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടി ലഭിക്കേണ്ടത് തെറ്റായ അറിവില്‍നിന്നും മുക്തമാവാന്‍ ആവശ്യമാണ്. പാരത്രിക ലോകത്ത് രക്ഷ നേടുവാന്‍ ആവശ്യമായ അറിവിനെ അവഗണിച്ചുകൊണ്ട് ഭൗതിക നേട്ടം മാത്രം ലഭിക്കുന്ന അറിവിന്റെ പിന്നാലെ പോയാല്‍, ഇഹലോക ജീവിതത്തിന് പ്രാമുഖ്യം നല്‍കിയാല്‍ അത് ആത്യന്തിക നഷ്ടമായിരിക്കും സമ്മാനിക്കുക എന്ന് വിശ്വാസികള്‍ ഓര്‍ക്കേണ്ടതുണ്ട്.