നന്നായാൽ ഒന്നാകും

പത്രാധിപർ

2022 മാർച്ച് 19, 1442 ശഅബാൻ 16

ശിഥിലമായതും ശിഥിലമായിക്കൊണ്ടിരിക്കുന്നതുമായ ഒട്ടേറെ ബന്ധങ്ങള്‍ നമുക്കു ചുറ്റും കാണാം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം, സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം, ഭാര്യാഭര്‍തൃബന്ധം, അയല്‍പക്കബന്ധം, സുഹൃദ്ബന്ധം, ഇതരമതസ്ഥര്‍ തമ്മിലുള്ള ബന്ധം, മേലുദ്യോഗസ്ഥരും കീഴ്ജീവനക്കാരും തമ്മിലുള്ള ബന്ധം, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം...തുടങ്ങി രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വരെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നമുക്കിന്ന് കാണുവാന്‍ സാധിക്കുന്നത്. റഷ്യയുടെ യുക്രയ്ൻ അധിനിവേശം ആ രണ്ടു രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെ മാത്രമല്ല പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

ആര്‍ക്കും ആരെയും വിശ്വാസമില്ല. താന്‍ എവിടെയും സുരക്ഷിതനല്ല എന്ന ബോധം മനുഷ്യനെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. കുട്ടികള്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ പീഡനത്തിനിരകളാകുന്നു. ആസൂത്രിതമായ വര്‍ഗീയലഹളകള്‍ പൊട്ടിപ്പുറപ്പെടുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുന്നു. സ്വന്തം രാജ്യത്തെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്നു.

വൈജ്ഞാനിക രംഗത്ത്, ശാസ്ത്ര-സാങ്കേതികരംഗത്ത് ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കുമ്പോഴും എന്തുകൊണ്ട് മനുഷ്യരില്‍നിന്ന് ഉദാത്തമായ മാനുഷിക ഗുണങ്ങള്‍ നഷ്ടപ്പെടുന്നു? എന്തുകൊണ്ട് അധര്‍മങ്ങളില്‍ ആണ്ടുപോകുവാന്‍ വിദ്യാസമ്പന്നര്‍ പോലും മടികാണിക്കാതിരിക്കുന്നു? എന്തുകൊണ്ട് വര്‍ഗീയ ചിന്തകള്‍ തലപൊക്കുന്നു? യുക്തിവാദികള്‍ പറയുന്നു മതമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന്!

വാസ്തവത്തില്‍ മതങ്ങളൊന്നും അക്രമത്തെയും മാനവികവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതായോ അതിന് നിര്‍ദേശം നല്‍കുന്നതായോ കാണുവാന്‍ സാധ്യമല്ല. മതമല്ല, മതത്തെ ഭൗതികമായ സ്വാര്‍ഥ ലാഭങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നവരാണ് പ്രശ്നം. മതമെന്തെന്നറിയാതെ, മതത്തിന്‍റെ അന്തസ്സത്ത ഉള്‍ക്കൊള്ളാതെ മതത്തിന്‍റെ മേലങ്കിയണിഞ്ഞ് ജീവിക്കുന്നവരാണ് പ്രശ്നം. മതത്തെയെന്നല്ല, എന്തിനെയും ഇങ്ങനെ ദുരുപയോഗം ചെയ്യുവാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.

മറ്റുള്ളവരെ അറിയാനും മറ്റുള്ളവരിലെ നന്മകളെ അംഗീകരിക്കുവാനുമുള്ള മനസ്സാണ് വേണ്ടത്. പരസ്പരം അറിയുക എന്നത് ഏത് ബന്ധത്തെയും ഊഷ്മളമാക്കും. അതിനു സാധിച്ചില്ലെങ്കില്‍ ബന്ധം വഷളാകും. ഉദാഹരണമായി ദാമ്പത്യബന്ധത്തെയെടുക്കുക. ഇണകള്‍ പരസ്പരം മനസ്സിലാക്കി ജീവിക്കുന്നില്ലെങ്കില്‍ അവരുടെ ജീവിതം ദുരിതമയമായിരിക്കും. കുറ്റങ്ങളും കുറവുകളും മാനുഷികമാണ്. അതിലേക്ക് മാത്രം നോക്കുകയാണെങ്കില്‍ പിന്നെ രക്ഷയില്ല. ഇണയോടുള്ള സ്നേഹം വറ്റിവരളാന്‍ അതുതന്നെ മതിയാകും. എന്നാല്‍ തിരുത്തേണ്ടത് മാന്യമായ രൂപത്തില്‍ പറഞ്ഞ് തിരുത്താന്‍ പ്രേരിപ്പിക്കാം. സര്‍വോപരി സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കാം. ഞാന്‍ സമ്പൂര്‍ണ വ്യക്തിയാണോ? ഞാന്‍ ന്യൂനതകളില്ലാത്ത മനുഷ്യനാണോ? ഈ ചോദ്യം സ്വയം ചോദിക്കുക. അതോടെ തീരും നമ്മിലെ ഞാനെന്ന ഭാവം. ഇണയുടെ എണ്ണമറ്റ നന്മകളിലേക്കും സല്‍സ്വഭാവങ്ങളിലേക്കും കണ്ണോടിച്ചാല്‍ ന്യൂനതകളും പെരുമാറ്റദൂഷ്യവുമൊക്കെ എത്രയോ ചെറുതാണെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും.

എല്ലാ ബന്ധങ്ങളുടെയും കാര്യം ഇതുതന്നെയാണ്. സ്വയം നന്നാവുക; മറ്റുള്ളവരിലെ നന്മകളെ മനസ്സിലാക്കുക, അര്‍ഹമായ അംഗീകാരവും സ്നേഹവും നല്‍കുക. സർവശക്തൻ അനുഗ്രഹിക്കട്ടെ.