വിദ്വേഷ ഭാഷണങ്ങളും വിശ്വാസി സമൂഹങ്ങളും
സുഫ്‌യാൻ അബ്‌ദുസ്സലാം
2022 മെയ് 14, 1442 ശവ്വാൽ 12
കേരളം വിദ്വേഷഭാഷകരുടെ അധര വിസർജ്യങ്ങളാൽ ദുർഗന്ധപൂരിതമായിരിക്കുന്ന ലജ്ജിപ്പിക്കുന്ന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ദൈവികമായ ഒട്ടേറെ അനുഗ്രഹങ്ങളാൽ ധന്യമായ, ‘ദൈവത്തിന്റെ നന്മ’ അഥവാ ‘ഖൈറുല്ല’ എന്ന് സഞ്ചാരികൾ വിളിച്ചുവന്ന പ്രദേശം വായിൽ വരുന്നതെല്ലാം വിളിച്ചുകൂവുന്ന പിശാചുക്കളുടെ വിളയാട്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. പി.സി.ജോർജ് നടത്തിയ പരാമർശങ്ങൾ കേവലം വർഗീയം മാത്രമല്ല, വിഷലിപ്തവും മലയാളികൾക്ക് അപമാനവുമാണ്. പ്രസംഗമധ്യെ അറിയാതെ കടന്നുവന്നതല്ല, ആവേശത്തിന്റെ മച്ചിലിലേറി വന്നതുമല്ല, മറിച്ച് കൃത്യമായ ആസൂത്രണത്തോടെ ഗൃഹപാഠം ചെയ്ത് പ്രത്യേക ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള നിന്ദാഭത്സനങ്ങളായിരുന്നു അത്. വിദ്വേഷം പ്രചരിപ്പിച്ചാൽ മതസമൂഹങ്ങളിൽ അകൽച്ചകൾ ഉണ്ടാക്കാമെന്നും അതുവഴി ഒരു മതസമുദായത്തിന്റെ പിന്തുണ ലഭിക്കുമെന്നുമുള്ള ദിവാസ്വപ്‌നങ്ങളാണ് ജോർജിനെ അതിന് പ്രേരിപ്പിച്ചിരിക്കുന്നത്.
കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയ മുന്നണികളിൽനിന്നും പുറത്തുപോയി പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തി തളർന്ന ഒരു രാഷ്ട്രീയ ഭിക്ഷാംദേഹിയുടെ പുതിയ ഭാഗ്യാന്വേഷണം മാത്രമാണീ രസനാവിലാസങ്ങൾ. പക്ഷേ, ഇത്തരം രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് കേരളം എന്തുമാത്രം വിലനൽകണം! മതസൗഹാർദത്തിന്റെ കളിത്തൊട്ടിലായി രാഷ്ട്രശില്പികൾ വിശേഷിപ്പിച്ചിട്ടുള്ള, രാജ്യത്തിന്റെതന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന, മഹാകവികളുടെയും സാഹിത്യകാരന്മാരുടെയും പ്രശംസകളാൽ പുളകിതമായിട്ടുള്ള നമ്മുടെ കേരളത്തിന്റെ തലസ്ഥാനനഗരിയുടെ ഹൃദയകേന്ദ്രത്തിലാണ് പ്ലാത്തോട്ടത്തിൽ ചാക്കോയുടെ മകൻ ജോർജിന്റെ വക വിദ്വേഷത്തിന്റെ ‘പുരീഷ രസായനം’ നിവേദിച്ചിട്ടുള്ളത്!
സംഘ്പരിവാർ രാജ്യത്താകമാനം മുസ്‌ലിം സമുദായത്തിനെതിരെ പ്രത്യക്ഷയുദ്ധം പ്രഖ്യാപിച്ച് ഓരോ സംസ്ഥാനത്തിലും വിവിധങ്ങളായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് പി.സി.ജോർജിന്റെ വർഗീയ പരാമർശങ്ങളെ കേവലം അബദ്ധജടിലം എന്ന് പറഞ്ഞു തള്ളാൻ കഴിയില്ല. കർണാടകയിൽ ഹിജാബും മഹാരാഷ്ട്രയിൽ ബാങ്ക്‌വിളിയും ഡൽഹിയിൽ ജഹാംഗീർ പുരിയിലെ കുടിയൊഴിപ്പിക്കലും യു.പിയിലും മറ്റു ചിലയിടങ്ങളിലും ആൾക്കൂട്ടഭീകരതയും മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തിനുള്ള ആയുധങ്ങളായി മാറിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലും കേരളത്തിന്റെ മതേതര മനസ്സുകളിൽ വർഗീയതയുടെ ഇളക്കങ്ങൾ സൃഷ്ടിക്കാൻ പാകമായ ഒരു ആയുധവും നിർമിക്കാൻ സംഘ്പരിവാറിന് കാര്യമായും സാധിച്ചിട്ടില്ല. എങ്കിൽ തരാതരം അഭിപ്രായങ്ങൾ മാറ്റിമാറ്റി പറഞ്ഞുകൊണ്ടിരിക്കുന്ന, താത്കാലിക നേട്ടങ്ങൾക്കായി എന്തു പണിയും ചെയ്യുവാൻ തയ്യാറായി നിൽക്കുന്ന കൂട്ടിക്കൊടുപ്പുകാരെ വേഷംകെട്ടിച്ച് വല്ലതും നേടാൻ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് സംഘ്പരിവാർ. ഇത്തരം കൂട്ടിക്കൊടുപ്പുകാർ എത്രകാലം തങ്ങളുടെ കൂടെ നിൽക്കുമെന്ന് അൽപകാലം കൂടി കഴിഞ്ഞാൽ സംഘ്പരിവാറിന് ബോധ്യമായിക്കൊള്ളും.
മതവും രാഷ്ട്രീയവുമെല്ലാം ഓരോ വ്യക്തിയുടെയും സ്വന്തമായ അഭിപ്രായങ്ങൾക്കനുസരിച്ചും പരമ്പരാഗതമായ ശീലങ്ങൾക്കനുസരിച്ചുമെല്ലാം രൂപപ്പെട്ടുവരുന്ന കാര്യങ്ങളാണ്. കേരളീയ ജനത ഇക്കാര്യത്തിൽ പ്രബുദ്ധമാണ്. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾ തൊട്ടുരുമ്മി നിൽക്കുന്ന കേരളത്തിൽ പരസ്പരമുള്ള സ്‌നേഹസൗഹൃദങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ സജീവമാണ്. വിശ്വാസവും ആചാരവും ഓരോ വിശ്വാസി സമൂഹത്തിനും പ്രിയപ്പെട്ടതാണ്. അപരന്റെ വിശ്വാസത്തെയും ആചാരങ്ങളെയും ബഹുമാനിക്കുവാൻ ശീലിച്ചുകൊണ്ടാണ് മലയാളികൾ ഇക്കാലമത്രയും ജീവിച്ചുവന്നത്. വേഷങ്ങളിലും ഭക്ഷണരീതികളും സമ്പ്രദായങ്ങളിലുമെല്ലാം വ്യത്യസ്തകൾ ഉണ്ടെങ്കിൽപോലും ഒരേ ജനതയാണെന്ന വികാരമാണ് അവരെ ഭരിച്ചുകൊണ്ടിരിക്കുന്നത്. വിവിധ മതമേലധ്യക്ഷന്മാർ ഒരുമിച്ചിരുന്ന് സൗഹൃദത്തിന്റെ സന്ദേശം കൈമാറുന്ന എത്രയോ പരിപാടികളും സമ്മേളനങ്ങളും കേരളത്തിൽ നടന്നുവന്നിട്ടുള്ളതാണ്. ഒരൊറ്റ ജനതയാണെന്ന വികാരത്തോടെ ദൃഢമായ സാംസ്‌കാരികാവബോധം നിലനിൽക്കുന്ന, സാമൂഹികഭദ്രത കൈവന്നിട്ടുള്ള ഒരു സംസ്ഥാനത്ത് ജാതിയും മതവും പറഞ്ഞുള്ള അധിക്ഷേപങ്ങളെ അറപ്പോടെയും വെറുപ്പോടെയുമല്ലാതെ കേരളജനത വീക്ഷിക്കില്ല.
ഈ സ്‌നേഹാദരവുകളുടെ നേർക്കാഴ്ച സമ്മാനിച്ച ഒരു വീഡിയോ കൊല്ലം ജില്ലയിൽനിന്നും അടുത്തായി പുറത്തുവരികയുണ്ടായി. കരുനാഗപ്പള്ളി വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര വെറ്റമുക്ക് മസ്ജിദിന്റെ മുന്നിലൂടെ കടന്നുപോകുന്നു. ആ സമയത്താണ് മസ്ജിദിൽനിന്നും മഗ്‌രിബ് ബാങ്ക് മുഴങ്ങിക്കേൾക്കുന്നത്. നോമ്പുകാലമാണ്. മുസ്‌ലിം വിശ്വാസിസമൂഹം നോമ്പുതുറക്കുന്ന സമയം. ഹൈന്ദവ വിശ്വാസികൾ ഘോഷയാത്ര നടത്തുന്ന സമയത്ത് പള്ളിയിൽനിന്നുള്ള ബാങ്കൊലികൾ അന്തരീക്ഷത്തിൽ അലിഞ്ഞുചേർന്നപ്പോൾ ഘോഷയാത്രയിലെ വാദ്യമേളങ്ങൾ നിശ്ചലമായി. പി.സി.ജോർജിന്റെ കാളകൂടം പൊട്ടിയൊലിച്ച് കേരളീയ സമൂഹത്തെ നാണം കെടുത്തിയതിന് ശേഷമായിരുന്നു ഈ സംഭവമെന്നത് അത്തരം വിദ്വേഷഭാഷണം നടത്തുന്നവർക്കുള്ള മറുപടി കൂടിയായി വിലയിരുത്തപ്പെടുന്നു. ഇത് കേരളത്തിലെ ഒറ്റപ്പെട്ട കാഴ്ചയല്ല. കേരളം ഇങ്ങനെയാണ്. ഇങ്ങനെയായിരിക്കണം. വർഗീയതയുടെ വിഷക്കയത്തിൽ കേരള ജനതയെ മുക്കിക്കൊല്ലാൻ ആരെല്ലാം ശ്രമിച്ചാലും വർധിതവീര്യത്തോടെ അതിൽനിന്നും കേരളത്തിലെ വിവിധ വിശ്വാസിസമൂഹങ്ങൾ കുതറിയോടുമെന്നതിനുള്ള ഉദാഹരണമാണ് ഈ സംഭവം. കേരളത്തിന്റെ പാരമ്പര്യം അതാണെന്നുകൂടി ഇത് ബോധ്യപ്പെടുത്തുന്നു.
വക്കം മൗലവിയും കുമാരനാശാനും ജീവിച്ച മണ്ണാണിത്. ശ്രീനാരായണ ഗുരുവും ശിഹാബ് തങ്ങളും ഉഴുതുമറിച്ച സാംസ്‌കാരിക ഭൂമികയാണിത്. എല്ലാ മതവിഭാഗങ്ങളും മറന്നുപോകാതെ നെഞ്ചോട് ചേർത്തുവെക്കേണ്ട സംസ്‌കാരമാണിത്. മനസ്സിൽ സൂക്ഷിച്ചുവെക്കേണ്ട സന്ദേശമാണിത്. ഒരു മതേതര, മതനിരപേക്ഷ സമൂഹത്തിൽ നമുക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും യോജിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റുള്ളവരുടെ വിശ്വാസങ്ങളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത ഉണ്ടായിരിക്കാൻ പാടില്ല. ‘നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം, എനിക്കെന്റെ വിശ്വാസം’ എന്ന വിശുദ്ധ ക്വുർആനിന്റെ പ്രഖ്യാപിത നിലപാടും ഇതുതന്നെയാണല്ലോ.
മുസ്‌ലിംവിരുദ്ധത ഒരു രാഷ്ട്രീയമായി രൂപപ്പെടുത്തുവാനാണ് സംഘ്പരിവാറും അതിന് വളമിട്ടുനൽകുന്ന ചിലരും ശ്രമിക്കുന്നത്. മലപ്പുറത്ത് ഉമ്മമാർ പന്നികൾ പെറ്റുകൂട്ടുന്നതുപോലെയാണ് പെറ്റുകൂട്ടുന്നത് എന്നു പറഞ്ഞ ഡോ. എൻ. ഗോപാലകൃഷ്ണനെയും പൈപ്പ് വെള്ളത്തിലൂടെ ‘താത്താമാർക്ക്’ ഗർഭനിരോധന മരുന്നുകൾ നൽകണമെന്ന് പറഞ്ഞ കെ.ആർ.ഇന്ദിരയെയും കേരളം അവജ്ഞയോടെ കുപ്പത്തൊട്ടിയിലേക്ക് എറിയുകയാണുണ്ടായത്. സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാൻ ക്രിസ്ത്യാനികളുടെ പേരിൽ രൂപംകൊണ്ട ‘കാസ’യെ ക്രിസ്തീയ സമൂഹം പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ്.
ക്രിസ്തീയ സമുദായാംഗവും കേരളത്തിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനുമായ ജേക്കബ് ജോർജിന്റെ നിരീക്ഷണം പ്രസക്തമാകുന്നത് ഇവിടെയാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “കേരളത്തിലെ ഹിന്ദുക്കൾക്കിടയിൽ വർഗീയതയുടെ വിത്ത് പാകുന്നതിനുവേണ്ടിയുള്ള തന്ത്രം പയറ്റുന്നതിൽ ബിജെപി പരാജയപ്പെട്ടപ്പോൾ ക്രിസ്ത്യാനികളുമായി കൂട്ടുകൂടാനും മുസ്‌ലിംകളുമായി ഭിന്നത സൃഷ്ടിക്കാനും അവർ ശ്രമിച്ചുവരികയാണ്. അതിനായി പി.സി ജോർജിനെപ്പോലുള്ള രാഷ്ട്രീയക്കാരെയും കാസ തുടങ്ങിയ സംഘടനകളെയും അവർ ഉപയോഗിച്ചുവരികയാണ്. ക്രിസ്ത്യൻ ഗ്രൂപ്പുകളുടെ ‘ലൗ ജിഹാദ്,’ ‘നാർക്കോട്ടിക് ജിഹാദ്’ പ്രചാരണങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നതും സംഘ്പരിവാർ ഗൂഢാലോചനയാണ്’’ (ഡെക്കാൻ ഹെറാൾഡ്, മെയ് 2).
സംഘ്പരിവാർ ക്രിസ്തീയ സമുദായവുമായി പാലമിട്ട് പ്രവർത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. 2014ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമാണ് അവർ ഇതിനായുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയത്. നേരത്തെ ഒരു ‘മുസ്‌ലിം രാഷ്ട്രീയ മഞ്ച്’ ഉണ്ടാക്കിയെങ്കിലും മുസ്‌ലിം സമുദായത്തിനകത്തേക്ക് നുഴഞ്ഞുകയറാൻ അവർക്ക് സാധിച്ചിരുന്നില്ല. മുസ്‌ലിംകളെ സാംസ്‌കാരികമായി ഹിന്ദുക്കളാക്കാനായിരുന്നു അവരുടെ ശ്രമം. എന്നാൽ മുസ്‌ലിംകൾക്കിടയിൽ നിലനിൽക്കുന്ന പൊതുവായ മുസ്‌ലിം സാംസ്‌കാരികബോധം അതിന് തടസ്സമാണെന്ന് അവർക്ക് മനസ്സിലായി. അങ്ങനെ മുസ്‌ലിം മഞ്ച് കേവലം ഒരു അലങ്കാര വസ്തുവായി പരിണമിച്ചു. അതോടെ അവർ കളം മാറ്റിച്ചവിട്ടി. ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നും ഒരു വിഭാഗത്തെ അരുക്കാക്കി കൊണ്ടുവരാനാണ് അവർ ശ്രമിച്ചുവന്നത്. ഇതിനായി 2016ൽ ഒരു ‘രാഷ്ട്രീയ ഇസൈ മഞ്ച്’ രൂപീകരിക്കാൻ അവർ തീരുമാനിച്ചു. ആർ.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാർ ആയിരുന്നു ഇതിന്റെ മുന്നിൽ നിന്നത്. ചില ആർച്ച് ബിഷപ്പുമാരുമായി അദ്ദേഹം ചർച്ച നടത്തി. കേരളത്തിലേക്ക് ഒരു ഉന്നതസംഘത്തെ അയക്കുകയും ചില ക്രിസ്തീയ നേതാക്കളുമായി സംഭാഷണം നടത്താൻ കളമൊരുക്കുകയും ചെയ്തു. 2017ൽ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുമായി ബന്ധമുള്ള, ആഗ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘം ആർ.എസ്.എസ്. നേതാക്കളുമായി ചർച്ചനടത്തി. നാഗ്പൂരിലും ഡൽഹിയിലുമായി ചർച്ചകൾ പുരോഗമിച്ചു.
കെ.എസ് സുദർശന്റെ നേതൃത്വത്തിൽ നേരത്തെ തുടങ്ങിവെച്ച പ്രവർത്തനങ്ങളുടെ ഭാഗമായി 36 ക്രിസ്ത്യൻ സംഘങ്ങളെ ആർ.എസ.്എസുമായി അഫിലിയേറ്റ് ചെയാൻ സാധിച്ചിട്ടുണ്ടെന്ന് പൊളിറ്റിക്കൽ സയന്റിസ്റ്റ് വാൾട്ടർ കെ. ആൻഡേഴ്‌സണും ശ്രീധർ ദാംലെയും എഴുതിയ ‘ആർ.എസ്.എസ്: എ വ്യൂ ടു ദി ഇൻസൈഡ്’ എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. അതേസമയം ഹിന്ദുക്കളെ മതം മാറ്റുന്നതിൽ ഏറെ സജീവമായി ഇടപെടുന്ന ഒട്ടേറെ ക്രിസ്ത്യൻ മിഷനറി സംഘങ്ങൾ പ്രവർത്തിക്കുന്നതിനാൽ അവരുമായി നേരിട്ടുള്ള ഇടപെടലുകളും അഫിലിയേഷനും സാധിക്കില്ലെന്ന ശക്തമായ മറുവാദവും സംഘപരിവാറിനകത്തുണ്ട്. ഗോത്രമേഖലകളിൽ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകൾ ശക്തമാണെന്നിരിക്കെ ‘വനവാസി കല്യാൺ ആശ്രം’ പോലുള്ള സംഘടനകൾ അവർക്കെതിരെ സജീവമായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഒരു ക്രിസ്ത്യൻ-ആർ.എസ്.എസ് ബന്ധം ദോഷകരമാണെന്നാണ് അവരുടെ വിലയിരുത്തൽ.
ആർ.എസ്.എസ് ഒരുക്കുന്ന കെണികളിൽ വീഴാതിരിക്കാനുള്ള ശ്രദ്ധ ക്രിസ്തീയ സഭകളും പണ്ഡിതരും സംഘടനകളും കാണിക്കണമെന്ന വികാരമാണ് പൊതുവിൽ ക്രിസ്ത്യൻ സമൂഹത്തിലുള്ളത്. എന്നാൽ രാഷ്ട്രീയ താല്പര്യങ്ങൾക്ക് അടിമപ്പെട്ട് കഴിയുന്ന ചില ക്രിസ്ത്യൻ നേതാക്കൾ അവരുടേതായ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആർ.എസ്.എസുമായി അഫിലിയേഷന് ശ്രമിച്ചുവരികയാണ്. ഇത് തീർച്ചയായും സമീപഭാവിയിൽതന്നെ ക്രിസ്ത്യൻ സമുദായത്തിന് ദോഷകരമായി ഭവിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ക്രിസ്ത്യൻ സാംസ്‌കാരിക സ്വത്വത്തെ ഹിന്ദുത്വയിൽ ലയിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ക്രിസ്തീയ സഭകൾ കൂട്ടുനിൽക്കുകയാണെങ്കിൽ ആ ഒറ്റിന്റെ വില മുപ്പത് വെള്ളിക്കാശിൽ ഒതുങ്ങില്ലെന്ന് ക്രിസ്ത്യൻ പൊതുസമൂഹത്തിനറിയാം. ഹൈന്ദവ വിഭാഗങ്ങൾ പോലും സംഘ്പരിവാറിന്റെ ഹിന്ദുത്വയിൽ ലയിക്കാൻ തയ്യാറായിട്ടില്ലെന്നുകൂടി ഇതിന്റെകൂടെ മനസ്സിലാക്കേണ്ടതുണ്ട്.
പി.സി ജോർജിന്റെ ലക്ഷ്യം ഇവിടെയാണ് അനാവരണം ചെയ്യപ്പെടുന്നത്. മുസ്‌ലിം സമൂഹത്തെ ചൂണ്ടിക്കാണിച്ച് ക്രൈസ്തവ സമൂഹത്തെ ഭയപ്പെടുത്തുന്ന രീതി ജോർജ് അവലംബിച്ചതിൽനിന്നും ഇത് വ്യക്തമാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ജീവിക്കുന്ന ക്രിസ്ത്യാനികളും ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ ജീവിക്കുന്ന മുസ്‌ലിംകളും ഇക്കാലമത്രയും ജീവിച്ചുവന്നത് സഹോദരങ്ങളെപ്പോലെയാണ്. ‘ലൗ ജിഹാദ്’ എന്നത് നിർബന്ധിത മതപരിവർത്തനം നടത്തി ഒരു സ്ത്രീയെ മതംമാറ്റുന്ന പരിപാടിയാണെങ്കിൽ യഥാർഥ മുസ്‌ലിംകളാരും അതിനോട് യോജിക്കില്ല. അതിനെ ശക്തമായി എതിർക്കുക തന്നെ ചെയ്യും.
പിതാവിന്റെയും മാതാവിന്റെയും സംരക്ഷണയിൽ വളർന്നുവന്ന ഒരു പെൺകുട്ടി അവരെയെല്ലാം ധിക്കരിച്ച് ഇഷ്ടപ്പെട്ട ചെക്കന്റെകൂടെ ഒളിച്ചോടിപ്പോകുന്നത് നിയമത്തിന്റെ മുമ്പിൽ ശരിയാകാമെങ്കിലും ധാർമികമായി ശരിയല്ല. എല്ലാ മതവിഭാഗങ്ങളിലും പെട്ട മാതാപിതാക്കളും ഇത് അനുഭവിച്ചുവരുന്നുണ്ട്. ഇതിന് വളരെ ശക്തമായ ധാർമിക ഉദ്‌ബോധനങ്ങളും കൃത്യമായ ശാസനകളുമാണ് അനിവാര്യമായിട്ടുള്ളത്. എന്നിട്ടും വേലി കടന്ന് കടന്നുകളയുന്നവരെ എന്തുചെയ്യാൻ സാധിക്കും? കോടതിയിൽ ഹാജരായി തങ്ങൾ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹിതരായതാണെന്ന് മൊഴി കൊടുത്തുകഴിഞ്ഞാൽ പ്രായം തികഞ്ഞെങ്കിൽ അത് അംഗീകരിക്കാനേ കോടതിക്കും കഴിയൂ. ഓരോ മാതാവിന്റെയും പിതാവിന്റെയും നെഞ്ചിൽ തീ കോരിയിട്ടുകൊണ്ടാണ് ഈ കുട്ടികൾ പ്രവർത്തിക്കുന്നത്. പക്ഷേ, ഇതിന് മതം എന്തു പിഴച്ചു? മതവിദ്വേഷത്തിന്റെ ചുക്കാൻ പിടിക്കുന്ന ജോർജ് പോലും 15 വർഷം മുമ്പ് സ്വന്തം മകന് ഒരു ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുത്തത് അവളെ ക്രിസ്തീയ മതത്തിലേക്ക് പരിവർത്തനം ചെയ്തതിന് ശേഷമായിരുന്നു എന്ന വസ്തുത മറന്നുപോകരുത്. ഇക്കാര്യത്തിൽ ലൗ ജിഹാദിനെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന സംഘ്പരിവാറിന് ഒന്നും പറയാനില്ലേ? ലൗ ജിഹാദ് പറഞ്ഞു മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിൽ കയറ്റാൻ ശ്രമിക്കുന്ന ജോർജിനും മകനും ഒന്നും പറയാനില്ലേ?
വിദ്വേഷഭാഷകർ നടത്തുന്ന ധ്രുവീകരണ പ്രവർത്തനങ്ങൾക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് വിശ്വാസി സമൂഹങ്ങളിൽനിന്നും ഉണ്ടാവേണ്ടത്. ഏത് മതവിഭാഗത്തിൽപെട്ടവരായിരുന്നാലും പ്രഭാഷണങ്ങളിൽ മിതത്വം പാലിക്കേണ്ടതുണ്ട്. ശത്രുക്കൾക്കെതിരെയോ പ്രതിയോഗികൾക്കെതിരെയോ സംസാരിക്കുമ്പോൾ വികാരമല്ല, വിവേകമാണ് നയിക്കേണ്ടത്. ഇങ്ങനെ വിവേകമില്ലാതെ വൈകാരികമായി സംസാരിക്കുന്നവരുടെ വാക്കുകളിലേക്ക് ജനങ്ങൾ ആകർഷിക്കപ്പെട്ടേക്കാം. അവർക്കായിരിക്കാം പ്രസംഗ വിപണിയിൽ കൂടുതൽ മാർക്കറ്റ് ലഭിക്കുക. ശാന്തമായും അവധാനതയോടെയും വിവേകത്തോടെയും സംസാരിക്കുന്നവർ ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെങ്കിൽ അത് ആ പ്രദേശത്തിന്റെയും സമൂഹത്തിന്റെയും ദുരവസ്ഥയെയാണ് ബോധ്യപ്പെടുത്തുന്നത്.
വിശ്വാസിസമൂഹങ്ങൾ വിദ്വേഷ പ്രചാരണങ്ങളിൽനിന്നും മുക്തമാകേണ്ടതുണ്ട്. അത്തരക്കാരെ ജാതിമത രാഷ്ട്രീയ ഭേദമന്യെ അകറ്റി നിർത്തുകയും ചെയ്യേണ്ടതുണ്ട്. സംസാരങ്ങളിൽ കൗതുകങ്ങളും അതിശയോക്തിയും ആവേശവുമല്ല വേണ്ടത്, ജനസമൂഹങ്ങളെ ഒന്നിപ്പിക്കുവാനും അവർക്കിടയിൽ രഞ്ജിപ്പും സ്‌നേഹവും ഉണ്ടാക്കുവാനുമാണ് വിവേകമതികൾ ശ്രമിക്കേണ്ടത്. വിവിധ മതവിഭാഗങ്ങൾക്ക് ഉപദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സ്വാമിമാരും മൗലവിമാരും ബിഷപ്പുമാരും വിവേകത്തോടെ മാത്രം സംസാരിക്കാൻ ശീലിക്കുക. അവിവേകികളെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുക. സ്വന്തം സമുദായത്തിൽ പെട്ടവർ തെറ്റുചെയ്യുമ്പോൾ അവരെ ഉപദേശിക്കുകയും തെറ്റ് തിരുത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുക. നാവിട്ടലക്കുക എന്നതല്ല ഒരു സമൂഹത്തെ നേർവഴിക്ക് നടത്താനുള്ള മാർഗം.
മറ്റുള്ളവരെ അധിക്ഷേപിക്കുകയും ഭത്സിക്കുകയും ചെയ്യുക എന്നതായിരിക്കരുത് പ്രബോധനത്തിന്റെ മാർഗം. ഐക്യത്തിന്റെ വാതിലുകളെ കൊട്ടിയടക്കാനായിരിക്കരുത് നേതാക്കൾ ശ്രമിക്കേണ്ടത്. കേരളീയ സമൂഹത്തിന് പ്രഭാഷണ കലയുടെ ഉദാത്തമായ മാതൃകകൾ സമ്മാനിച്ച ഒട്ടേറെ ധിഷണാശാലികളുണ്ട്. അവരെ മാതൃകയാക്കുക. ധിഷണയും ഉദ്ബോധനങ്ങളും നഷ്ടപ്പെടുത്തി വൈകാരികതയിൽ ഊന്നിനിന്നുകൊണ്ട് സംസാരിക്കുമ്പോൾ അത് വഴിതെറ്റുക സ്വാഭാവികമാണ്. അത് വിദ്വേഷമായി പരിണമിക്കുകയും ചെയ്യും. ചില വൈകാരികതകൾ അനുവാചകരിൽ കൗതുകമുണർത്തിയേക്കാം. എന്നാൽ അത്തരം കൗതുകങ്ങൾ വലിയ ദുരന്തങ്ങളായിരിക്കും സമ്മാനിക്കുക.
വിശുദ്ധ ക്വുർആൻ പറയുന്നു: “ചില ആളുകളുണ്ട്; ഐഹികജീവിതത്തിൽ അവരുടെ സംസാരം നിന്നിൽ കൗതുകം ജനിപ്പിച്ചേക്കും. അവർ പറയുന്ന കാര്യങ്ങളിലെ ഹൃദയശുദ്ധിക്ക് അവർ ദൈവത്തെ സാക്ഷി നിർത്തുകയും ചെയ്‌തേക്കാം. വാസ്തവത്തിൽ അവർ സത്യത്തിന്റെ കഠിനവൈരികളത്രെ. അവർ തിരിച്ചുപോയാൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കാനും വിളകളും ജീവനുകളും നശിപ്പിക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം ദൈവം ഇഷ്ടപ്പെടുന്നതല്ല. ദൈവത്തെ സൂക്ഷിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ ദുരഭിമാനം അവരെ പാപത്തിൽ പിടിച്ചുനിർത്തുന്നു. അവർക്ക് നരകം മതിയാകും. അത് എത്ര മോശമായ മെത്ത!’’ (ക്വുർആൻ 2:204-206).