പുതുതലമുറ ലഹരിയിലലിയുന്നുവോ?

ഡോ. ഷഹബാസ് കെ. അബ്ബാസ്‌

2022 സെപ്തംബർ 17, 1444 സ്വഫർ 20
മയക്കുമരുന്നുമായി ബന്ധപ്പെട്ട മനം മടുപ്പിക്കുന്ന വാർത്തകളാണ് മാധ്യമങ്ങൾ ദിവസവും നമുക്ക് നൽകിക്കൊണ്ടിരിക്കുന്നത്. അധർമത്തിെൻറ ചളിക്കുണ്ടിൽ താഴ്ന്നുകൊണ്ടിരിക്കുന്ന പുതുതലമുറക്ക് ലഹരിയിൽനിന്ന് മാത്രമെന്തിന് മോചനം എന്ന നിസ്സംഗ ഭാവമാണ് അധികൃതർക്കുള്ളത്. കലാലയ മുറ്റങ്ങളിൽ കിറുങ്ങി നടക്കുന്ന വിദ്യാർഥികൾ ഇരുളടഞ്ഞ നാളെയെക്കുറിച്ചാണ് ഓർമപ്പെടുത്തുന്നത്. സമൂഹം ഉറക്കം വിട്ടുണരുന്നില്ലെങ്കിൽ കുട്ടികൾക്ക് മയക്കത്തിൽ നിന്നും മോചനമുണ്ടാകാൻ പോകുന്നില്ല

ചീരയും കാബേജും മറ്റു പച്ചക്കറികളും പോലെ ഭൂമിയിൽ വിത്ത് വീണു മുളച്ചുണ്ടാകുന്ന ഒന്നാണ് സാറേ, കഞ്ചാവ്’ എന്ന്, പിടിക്കപ്പെട്ടപ്പോൾ പോലീസ് സ്‌റ്റേഷനിൽവെച്ച് പ്രമുഖ ഇൻസ്റ്റഗ്രാം വ്‌ളോഗർ പറഞ്ഞ ഡയലോഗും, ‘കള്ള് കുടിച്ചാൽ കരള് പോകും, സിഗരറ്റ് വലിച്ചാൽ ശ്വാസകോശവും, എന്നാൽ കഞ്ചാവ് ഉപയോഗിച്ചാൽ ഏത് അവയവമാണ് അപകടത്തിലാവുക’ എന്ന വിദ്യാർഥികളുടെ ഭാഗത്തുനിന്നുള്ള ന്യായീകരണവുമെല്ലാം നമ്മോട് പറയുന്ന ചില വസ്തുതകളുണ്ട്. അതെ, മയക്കുമരുന്നിനെ വളരെ ലാഘവത്തോടെ സ്വാഭാവികവൽക്കരിക്കാനുള്ള ശ്രമങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്. ഒരിക്കലും മദ്യത്തോടോ പുകവലിയോടോ മറ്റേതെങ്കിലും ലഹരി വസ്തുക്കളോടോ തുലനം ചെയ്ത് കാണാവുന്ന ഒന്നേ അല്ല മയക്കുമരുന്നുകളും അവയുടെ ഉപയോഗവും. ഉപയോഗിക്കുന്ന മനുഷ്യന്റെ ശരീരത്തിനെയും മനസ്സിനെയും അക്ഷരാർഥത്തിൽ കാർന്നുതിന്നുന്ന, കുടുംബപരമായും സാമൂഹ്യപരമായും സാമ്പത്തികമായുമെല്ലാം വലിയ വലിയ നഷ്ടങ്ങളുടെ കണക്കുകൾ മാത്രം നിരത്താൻ കഴിയുന്ന അതിമാരകമായ വില്ലനാണ് മയക്കുമരുന്ന്. മുമ്പൊക്കെ വലിയ കോളേജ് ക്യാമ്പസുകളുടെ ആരും കാണാത്ത മൂലകളിൽ, അവിടെയുള്ള ഏറ്റവും സീനിയറായ വിദ്യാർഥികളിലായിരുന്നു ഇവയുടെ ഉപയോഗം ഉണ്ടായിരുന്നതെങ്കിൽ, ഇന്ന് നാട്ടിൻപുറത്തെ സ്‌കൂളിലെ ഏഴാം ക്ലാസ്സുകാരനും ഒമ്പതാം ക്ലാസ്സുകാരിയുംവരെ ഇവയുടെ വിശാലമായ കണ്ണിയിലെ അംഗങ്ങളാണ്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കണക്കുകൾ എല്ലാകാലത്തും ഞെട്ടിക്കുന്നതാണ്. കേരളത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 21 വയസ്സിന് താഴെയുള്ള 4000 ത്തോളം കുട്ടികളെയാണ് മയക്കുമരുന്നിന്റെ ഉപയോഗം കാരണം വിവിധ ഡിഅഡിക്ഷൻ സെന്ററുകളിൽ പ്രവേശിപ്പിച്ചിട്ടുള്ളത് എന്നും, അതിൽ 40% പേരും 18 വയസ്സിന് താഴെയുള്ളവരുമാണ് എന്നുമുള്ള കണക്കുകൾ ഈയിടെ അവതരിപ്പിക്കപ്പെട്ടത് കേരള നിയമസഭയിലാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യെ ഈ വിഷയത്തിന്റെ ഗൗരവം എല്ലാവരും ഒന്നിച്ച് ഉൾക്കൊണ്ടു എന്നത് വളരെയധികം പ്രതീക്ഷ നൽകുന്നതാണ്. വളരെ അടിയന്തിരമായിത്തന്നെ അതിശക്തമായ പ്രതിരോധപദ്ധതികളും ബോധവൽക്കരണവും ആസൂത്രണം ചെയ്ത് ഈ വിപത്തിന് അറുതിവരുത്താൻ നമുക്ക് സാധിക്കേണ്ടതുണ്ട്.

പുതിയ ഇനങ്ങൾ, രൂപങ്ങൾ

കുറച്ചുകാലം മുമ്പുവരെ കഞ്ചാവ് മാത്രമായിരുന്നു ഈ കൂട്ടത്തിൽ ഭൂരിഭാഗം പേർക്കും പരിചിതനെങ്കിൽ, ഇന്ന് പുതിയ പുതിയ നാമങ്ങളിൽ, കോഡുകളിൽ ‘അതിവേഗം ബഹുദൂരം’ ഈ ശൃംഖല ‘എല്ലാം ശരിയാക്കിക്കൊണ്ട്’ മുന്നോട്ട് പോവുകയാണ്. എം.ഡി.എം.എ, എൽ.എസ്.ഡി, കൊക്കെയ്ൻ, മാജിക് മഷ്‌റൂം, മോർഫിൻ, ഹാഷിഷ്, ഹെറോയിൻ, ബ്രൗൺ ഷുഗർ, ആംഫെറ്റാമിൻ, ഫെന്റാനിൽ, മെത്തഡോൺ, പോച്ച, വീഡ് തുടങ്ങി വ്യത്യസ്ത രൂപങ്ങളിലും ബ്രാൻഡ് നെയ്മുകളിലും മയക്കുമരുന്നുകൾ ഇന്ന് പെട്ടിക്കടകളിൽപോലും സുലഭമാണ്. പൗഡറായും ഗുളികയായും ഇഞ്ചക്ഷന്റെയും സ്റ്റാമ്പിന്റെയും പുകയുടെയുമെല്ലാം രൂപത്തിലും ഒരുപാട് വിദ്യാർഥികൾ ഇവ ഉപയോഗിച്ചുവരുന്നു.

എം.ഡി.എം.എ മാത്രം ഉദാഹരണമായി എടുക്കാം. ഭൂരിഭാഗവും ക്രിസ്റ്റൽ രൂപത്തിലുള്ള മെതിലിൻ ഡയോക്‌സി മെതാംഫെറ്റമിൻ എന്ന ഈ ഭീകരൻ, ഉപയോഗിക്കുന്നവർക്കിടയിൽ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. മോളി, ഐസ്‌മെത്ത്, കല്ല്, പൊടി, കൽക്കണ്ടം, ക്രിസ്റ്റൽ മെത്ത്, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ്, ബ്ലൂ, ഐസ്, സ്പീഡ് എന്നിങ്ങനെ വിവിധ പേരുകൾ. മുമ്പ് വളരെ അപൂർവമായി മാത്രം ലഭിച്ചിരുന്ന ഇവയ്ക്ക് ഇന്ന് ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളാണ് മതിപ്പുവില. രാജ്യാന്തര വിപണിയിൽ കോടികളും. കേവലം ഒരു ഗ്രാം എംഡിഎംഎ, ഒരു വ്യക്തിയിൽ 16 മുതൽ 24 മണിക്കൂർവരെ ഒരു പ്രത്യേക ഉണർവും ഊർജസ്വലതയും അക്രമാസക്തമായ മനോഭാവവും ഉണ്ടാക്കും. ‘പാർട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന ഇവ അതിയായ ആഹ്ലാദവും ചെയ്യുന്ന പ്രവൃത്തിതന്നെ വീണ്ടും വീണ്ടും ചെയ്യാനുള്ള തോന്നലുകളും ഉണ്ടാക്കി ആദ്യ ഉപയോഗത്തിൽതന്നെ ആ വ്യക്തിയെ അവയുടെ അടിമയാക്കാൻ മാത്രം പ്രഹരശേഷിയുള്ളവയാണ്.

ഇവൻ അത്ര നിസ്സാരനല്ല!

മയക്കുമരുന്നിന്റെ ഉപയോഗം മാനസികവും ശാരീരികവുമായ വിവിധങ്ങളായ പ്രശ്‌നങ്ങളിലേക്കാണ് യഥാർഥത്തിൽ വഴിനടത്തുന്നത്. കൗതുകത്തിന് വേണ്ടിയോ കൂട്ടുകാരുടെ കൂട്ടത്തിൽ ആളാവാൻ വേണ്ടിയോ അന്ധമായ അനുകരണത്തിലൂടെയോ ആദ്യമായി ഒരു തവണ ഉപയോഗിക്കുന്നതിലൂടെ അവർ അറിയാതെ തന്നെ അവയ്ക്ക് അഡിക്റ്റ് ആവുകയാണ്.

മാനസികമായ പ്രശ്‌നങ്ങൾ: കഠിനമായ ഉത്കണ്ഠ, ഓർമക്കുവ്, സ്ഥലകാലബോധം നഷ്ടപ്പെടുന്ന അവസ്ഥ, പരിഭ്രാന്തി, നിരാശ/വിഷാദരോഗം, ഉന്മാദരോഗങ്ങൾ, ആത്മഹത്യാപ്രവണത തുടങ്ങി വിവിധങ്ങളായ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നു. ദൈനംദിന ഉപയോഗവും ഉയർന്ന വീര്യമുള്ള കഞ്ചാവിന്റെ ഉപയോഗവും ഡിസ്‌തൈമിയയും സ്‌കീസോഫ്രീനിയയുമടക്കമുള്ള മറ്റു മാനസിക വൈകല്യങ്ങളും വികസിപ്പിക്കാനുള്ള ഉയർന്ന സാധ്യതയുണ്ടെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ശാരീരിക പ്രശ്‌നങ്ങൾ: ഒരു സാധാരണ പുകവലിക്കാരനുണ്ടാകുന്ന ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുടെ എത്രയോ മടങ്ങ് പ്രയാസങ്ങളാണ് ഇവ ശ്വസിക്കുന്നതിലൂടെ ഉണ്ടാക്കുന്നത്. രക്തസമ്മർദത്തിലെ വ്യതിയാനം, അസാധാരണമായ ഹൃദയമിടിപ്പ്, തകർന്ന സിരകൾ തുടങ്ങി വിവിധ കാരണങ്ങളാൽ ഹൃദയാഘാതംവരെയുണ്ടാക്കി മയക്കുമരുന്ന് പ്രത്യക്ഷമായും പരോക്ഷമായും ഹൃദയത്തെ ബാധിക്കുന്നു. ഇൻട്രാ വീനസ് (itnra venous) ആയി ഇവ ഉപയോഗിക്കുന്നവർക്ക് sexuallyt ransmitted diseaseകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. പ്ലാസന്റയിലൂടെയും മുലപ്പാലിലൂടെയും കഞ്ചാവിലെ വിഷവസ്തുക്കൾ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് പ്രവേശിച്ച് ദോഷഫലങ്ങൾ ഉണ്ടാക്കുന്നു. പൂർണമായും ശരീരം വിട്ടൊഴിയാൻ ഏകദേശം ഒരുമാസമെടുക്കുന്നതുകൊണ്ട് ചെറിയ അളവിൽ വല്ലപ്പോഴുമുള്ള ഉപയോഗം പോലും നീണ്ടുനിൽക്കുന്ന ദോഷഫലങ്ങൾക്ക് ഇടയാക്കും. മദ്യപാനം കൂടിയുണ്ടെങ്കിൽ കഞ്ചാവ് മൂലമുള്ള ദോഷഫലങ്ങൾ വളരെ വർധിക്കും. ഈ രൂപത്തിൽ ശരീരത്തിലെ ഓരോ അവയവങ്ങളെയും വ്യത്യസ്തമായ രൂപത്തിലും തോതിലുമാണ് ഇവ ബാധിക്കുന്നത് എന്ന് ചുരുക്കം.

പ്രവർത്തനരീതി: കഞ്ചാവിലും അനുബന്ധ ഉൽപന്നങ്ങളിലും അടങ്ങിയിരിക്കുന്ന ഉഗ്രവസ്തുക്കൾ കനാബിനോയിഡുകൾ എന്നറിയപ്പെടുന്നു. അവയിൽ ടെട്രാ ഹൈഡ്രോ കനാബിനോൾ (THC) ആണ് ഏറ്റവും പ്രധാനമായ വിഷവസ്തു. ടി.എച്ച്.സിയുടെ അളവ് വിവിധതരം കഞ്ചാവുൽപന്നങ്ങളിൽ വ്യത്യസ്തമാണ്. ചരസിലും ഹാഷിഷ് ഓയിലിലുമാണ് ടി.എച്ച്.സിയുടെ അളവ് ഏറ്റവുമധികം കാണപ്പെടുന്നത്.

ഹെറോയിൻ പോലുള്ള മയക്കുമരുന്നുകൾ നമ്മുടെ ശരീരത്തിലെ ന്യൂറോ ട്രാൻസ്മിറ്ററുകളെ (neurtoransmitter) അനുകരിക്കുകയും, അസാധാരണമായ ചില സിഗ്‌നലുകളെ ഉത്തേജിപ്പിച്ചു വിടുകയും ചെയ്യുന്നു. ചില മയക്കുമരുന്നുകൾ അമിതമായി ന്യൂറോ ട്രാൻസ്മിറ്ററുകൾ ഉൽപാദിപ്പിക്കുകയും ഇത് സിഗ്‌നലുകളുടെ സഞ്ചാരത്തിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. സാധാരണയായി ഒരു വ്യക്തിക്ക് സന്തോഷമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ചെറിയതോതിൽ വർധിക്കുന്ന ഈ ന്യൂറോ ട്രാൻസ്മിറ്ററുകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് വളരെയധികം വർധിക്കുകയും അതുമൂലം ‘ലഹരി/ഉന്മാദം/ഉത്തേജനം’ അനുഭവപ്പെടുകയും ചെയ്യും. കാലക്രമേണ, ഇവർക്ക് സാധാരണ മനുഷ്യർ അനുഭവിക്കുന്ന ചെറിയ സന്തോഷങ്ങൾ അനുഭവിക്കാൻ കഴിയുകയില്ല എന്ന് മാത്രമല്ല, നിശ്ചിത അളവിന് മുകളിൽ മയക്കുമരുന്ന് എടുക്കാതെ ഒരു സന്തോഷവും ലഭിക്കുകയില്ല എന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്യും. ഇങ്ങനെ ഈ വ്യക്തികൾ മയക്കുമരുന്നുകൾക്ക് അടിമകളായി മാറുകയും ചെയ്യുന്നു.

മയക്കുമരുന്നിന്റെ വ്യാപനം; ചില വസ്തുതകൾ

എന്തുകൊണ്ടാണ് മയക്കുമരുന്നുകൾ നമ്മുടെ നാട്ടിൽ സുലഭമായിത്തീരുന്നത്? എന്തുകൊണ്ടാണ് പുതുതലമുറയ്ക്കിടയിൽ ഇവയുടെ ഉപയോഗം വർധിച്ചുെകാണ്ടിരിക്കുന്നത്? ഏതാനും കാരണങ്ങൾ മനസ്സിലാക്കാം:

1) മുമ്പൊന്നും ഇല്ലാത്തവിധം ക്യാമ്പസുകളിലും സ്‌കൂൾ വിദ്യാർഥികൾക്കുമിടയിൽ ലിബറൽ മൂല്യങ്ങൾക്കുണ്ടാകുന്ന സ്വാധീനവും മേൽക്കോയ്മയും ‘തങ്ങൾക്ക് തോന്നുന്നതെന്തോ അതാണ് ധാർമികത’ എന്ന ചിന്താഗതിയും വർധിച്ചുവരികയാണ്. മറ്റൊരാൾക്ക് ഉപദ്രവമില്ലാത്ത എന്തും തനിക്ക് ചെയ്യാമെന്ന harm principleഉം, ജീവിക്കുന്ന കാലം പരമാവധി സന്തോഷത്തോടെ ജീവിക്കുക എന്ന ലക്ഷ്യം മാത്രം വെക്കുന്ന ‘സന്തോഷ സിദ്ധാന്ത’വും ഇക്കൂട്ടരുടെ ചില ‘സൈദ്ധാന്തിക’ വാദങ്ങളാണ്. യഥാർഥത്തിൽ, ഒരു വിഷയത്തിന്റെയും ദീർഘകാല ഗുണദോഷങ്ങളെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ ബോധവാന്മാരല്ലാതെ, നൈമിഷികമായ ആസ്വാദനങ്ങളുമായി ഒഴുക്കിനൊപ്പം സഞ്ചരിച്ച്, ‘ഇതെന്റെ അവകാശമാണ്; ചോദിക്കാനാരും ഇങ്ങോട്ട് വരേണ്ട’ എന്ന ലിബറൽ വാദങ്ങൾ, വിദ്യാർഥികൾക്കിടയിലുള്ള മയക്കുമരുന്നിന്റെ വ്യാപനത്തിന് കൃത്യമായ അടിത്തറ പാകിയിട്ടുണ്ട് എന്നതിൽ സംശയമില്ല.

2) എക്കാലത്തെക്കാളുമേറെ ശക്തമായ വിപണികളും കച്ചവടങ്ങളും വർധിക്കുന്നത് ഇവയുടെ വളർച്ചയ്ക്കുള്ള പ്രധാന കാരണമാണ്. ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയയിൽനിന്നും സിംബാബ് വേയിൽനിന്നുമെല്ലാം കടത്തപ്പെടുന്ന കഞ്ചാവും ഇതര മയക്കുമരുന്നുകളും കേരളത്തിലെ എയർപോർട്ടുകളിൽ പിടിക്കപ്പെടുന്നത് ഇതിന്റെ അന്താരാഷ്ട്രതലത്തിലുള്ള വ്യാപ്തിയും നമ്മെ ബോധ്യപ്പെടുത്തുന്നു. മയക്കുമരുന്നുകളുടെ കച്ചവടം നടക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമായി കൊച്ചി മാറിയതും ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്.

കോവിഡ് കാലത്ത് ഉപജീവനം വഴിമുട്ടിയപ്പോൾ, ഈ ഫീൽഡിലേക്ക് ഇറങ്ങിയ സാധാരണക്കാരായ ആളുകളും ധാരാളമാണ്. കുറച്ച് ‘റിസ്‌ക്’ എടുത്തിട്ടാണെങ്കിലും ഏതാനും ചില ഗ്രാം വസ്തുക്കൾ മാത്രം കൈമാറ്റം ചെയ്യുന്നതിലൂടെ വലിയ ലാഭം ലഭിക്കുന്നത് ഇതിനെ ഒരു ഉപജീവനമാർഗമായി കാണാനും പലർക്കും കാരണമായി.

3) മറ്റൊരു പ്രധാന കാരണം ഇതിനെതിരെയുള്ള നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള നിസ്സാരവൽക്കരണവും അലംഭാവവുമാണ്. 1985ൽ നിലവിൽവന്ന നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് (എൻ.ഡി.പി.എസ്) ആക്ട് ആണ് ഇപ്പോൾ ഇതിൽ നിലവിലുള്ളത്. മയക്കുമരുന്ന് നിർമിക്കുക, ഉപയോഗിക്കുക, മറ്റുള്ളവർക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവിൽ വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് ആക്ട് പ്രാബല്യത്തിൽ കൊണ്ടുവന്നതിലൂടെ പ്രധാനമായി ഉദ്ദേശിച്ചിരുന്നത്. ഇത് എത്രകണ്ട് പ്രയോഗതലത്തിൽ നടക്കുന്നുണ്ട് എന്നത് പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. യഥാർഥത്തിൽ ഈ നിയമങ്ങൾ ഒരു ടോം & ജെറി മോഡലിലാണ് ഇന്ന് നടത്തി വരുന്നത് എന്നതാണ് വസ്തുത എന്നിരിക്കെ, ഇതിലെ ശിക്ഷയുടെയും പിഴയുടെയുമെല്ലാം വിഷയത്തിൽ ഒരു പുനർവായന അനിവാര്യമാണ്.

4) സാമ്പത്തികമായി കിട്ടുന്ന അമിതമായ ലാഭമാണ് മയക്കുമരുന്ന് വ്യാപനത്തിന്റെ മറ്റൊരു പ്രധാന കാരണം. ഒരു ഗ്രാമിന് 1500-2000 രൂപക്ക് വാങ്ങുന്ന എം.ഡി.എം.എ പലയിടത്തും 5000 രൂപയ്‌ക്കോ അതിന് മുകളിലോ ആയാണ് വിൽക്കപ്പെടുന്നത്. ചുരുക്കത്തിൽ, ഒരു മാസംകൊണ്ട് കഷ്ടപ്പെട്ട് സമ്പാദിച്ചുണ്ടാക്കാവുന്ന വരുമാനം, ഒരു ദിവസം കൊണ്ട് തന്നെ കിട്ടുന്നത് ഇത്തരം കച്ചവടങ്ങളിലേക്ക് ജനമനസ്സുകളെ ആകർഷിക്കുന്നു.

5) വില എത്രയാണെങ്കിലും വാങ്ങാൻ ആളുകൾ ഇഷ്ടം പോലെയാണ് എന്നതാണ് മറ്റൊരു വസ്തുത. ഒരിക്കൽ മയക്കുമരുന്നിന് അടിമപ്പെട്ടന്നവർക്ക് ഇതില്ലാതെ ജീവിതം ദുഃസ്സഹമാകുന്ന സാഹചര്യമാവും ഉണ്ടാവുക. അവർക്ക് കൂടുതൽ കൂടുതൽ സ്റ്റഫ് ആവശ്യമായി വരുന്നു. അതിനുവേണ്ടി എത്ര പണം ചെലവഴിക്കാനും അവർ തയ്യാറാവുന്നു. കയ്യിലെ പണം തീരുമ്പോൾ അത് ഉണ്ടാക്കുവാനായി അനധികൃതമായ പല കാര്യങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും ഇറങ്ങിത്തിരിക്കാനും അതുവഴി സാമൂഹികമായ അരക്ഷിതാവസ്ഥ ഉണ്ടാകുവാനും ഇത് കാരണമാകുന്നു.

6) മയക്കുമരുന്ന് ഉപയോഗം പോലെയുള്ള സാമൂഹിക വിപത്തുകൾ ഇന്ന് സമൂഹത്തിൽ സ്വാഭാവികവൽക്കരിക്കപ്പെടുന്നതാണ് (normalising) മറ്റൊരു പ്രധാന വിഷയം. ‘നാർകോടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന് പറഞ്ഞ സിനിമകളും സെലിബ്രിറ്റികളും തൊട്ടടുത്ത അവരുടെ സിനിമയിൽ നായക പരിവേഷത്തിൽ വരുന്നത് ഇതിന്റെ ആഗോള വ്യാപാരിയായും കച്ചവടസംഘത്തിലെ പിടികിട്ടാപ്പുള്ളിയായും ഒക്കെ ആയിരിക്കും. ഇത് കൗമാര പ്രായക്കാരെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രമുഖ വ്‌ളോഗർമാരടക്കം ഇൻസ്റ്റഗ്രാമിലൂടെയും മറ്റും പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പോലും ലൈവിൽ വന്ന് ഇതിനെ പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിവിശേഷവും നാം ഈയിടെ കണ്ടതാണ്. സ്‌കൂളുകളിൽ കൂട്ടുകാർക്കിടയിൽ വളരെ നോർമൽ ആയ ചർച്ചാവിഷയമായി ഇത് മാറുകയും, ഇത്തരം കാര്യങ്ങളുമായി പ്രത്യക്ഷമായി ഇടപെടുന്നവർക്ക് പോലും ഒരു കുറ്റബോധവും ഇല്ലാത്ത അവസ്ഥയുണ്ടാകുന്നതും കുട്ടികൾക്കിടയിൽ ഇതിന്റെ വളർച്ചയ്ക്ക് വളം വെച്ച് കൊടുക്കുന്നുണ്ട്.

7) മയക്കുമരുന്ന് ഉപയോഗിക്കുന്നത് തങ്ങളുടെ വ്യക്തിപരമായ അവകാശമാണെന്ന് വാദിക്കുന്നവരും അതിനുവേണ്ടി ശക്തമായ അവകാശ പോരാട്ടങ്ങൾ നടത്തുന്നവരും ഉണ്ട്. ‘ഗോ ഗ്രീൻ’ ഹാഷ് ടാഗുകൾ ഇന്ന് ആഗോളതലത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർ കഞ്ചാവ് പോലുള്ള മയക്കുമരുന്നുകളെ നിഷ്‌കളങ്കമായും വളരെ നിസ്സാരമായും അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്.

8) മയക്കുമരുന്നിന്റെ വളർച്ചയിൽ പ്രധാന കാരണങ്ങളിൽ ഒന്ന് കുട്ടികൾ അതിന് ആകൃഷ്ടരാകുന്നു എന്നതുതന്നെയാണ്. ചെറിയ ടെൻഷനും പരീക്ഷാഭയവും പ്രണയനൈരാശ്യവും മറ്റെന്തെങ്കിലും കാരണവശാൽ ഉള്ള ഒറ്റപ്പെടലും ഉണ്ടാകുമ്പോൾ കുട്ടികൾ പരീക്ഷണാടിസ്ഥാനത്തിൽ ഇത് ഉപയോഗിച്ചു തുടങ്ങുന്നു. ഇത്തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന് മുമ്പുള്ള ആകാംക്ഷയും ‘ശരിക്കും എന്താണ് ഇത്’ എന്നറിയാനുള്ള ജിജ്ഞാസയും കൗതുകവുമെല്ലാം ഘടകങ്ങളാണ്. തങ്ങളുടെ സമപ്രായക്കാരായ കൂട്ടുകാരിൽനിന്നുള്ള സമ്മർദവും (peer pressure) ഇത് ഉപയോഗിക്കാത്തവരെ മോശക്കാരനായും ആണത്തമില്ലാത്തവനായും ചിത്രീകരിക്കലുമാണ് മറ്റൊരു കാരണം. ടീനേജ് പ്രായത്തിലുള്ള അമിതമായ അനുകരണ ശീലമാണ് മറ്റൊന്ന്. പ്രത്യേകിച്ച് ബോളിവുഡ്/മോളിവുഡ് സെലിബ്രിറ്റികളെയും താരപരിവേഷമുള്ളവരെയും അവരുടെ കഥാപാത്രങ്ങളെ ജീവിതത്തിലേക്ക് പകർത്തുന്നതിലൂടെ വിദ്യാർഥികൾക്കിടയിൽ ഇവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. സ്‌കൂളുകൾക്കടുത്തുള്ള പെട്ടിക്കടകളിൽനിന്ന് പോലുമുള്ള ഇത്തരം വസ്തുക്കളുടെ എളുപ്പത്തിലുള്ള ലഭ്യതയും കുട്ടികളെ ഇത്തരം വഴികളിലേക്ക് എത്തിക്കുന്നു. അമിതമായ പണവും സ്വാതന്ത്ര്യവും നൽകിയും, ഗുണദോഷിക്കേണ്ട സമയത്ത് അത് ചെയ്യാതെയും വളർത്തുന്ന നിർഗുണമായ രക്ഷാകർതൃത്വവും ഇതിന് പ്രധാന കാരണമാണ്.

മയക്കുമരുന്നിന് അടിമപ്പെട്ടവരെ എങ്ങനെ തിരിച്ചറിയാം?

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കൃത്യമായി കണ്ടെത്താൻ നമുക്ക് കഴിയണം. മാതാപിതാക്കൾക്കും അധ്യാപകർക്കും വലിയ പങ്ക് ഈ വിഷയത്തിലുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കുണ്ടാവുന്ന ചില ലക്ഷണങ്ങൾ താഴെ കൊടുക്കുന്നു: (ഈ ലക്ഷണങ്ങൾ ഉള്ള എല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് എന്ന മുൻധാരണ ഒരിക്കലും പാടില്ല).

1. കണ്ണുകൾ ചുവന്നിരിക്കും.

2. മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെട്ട പ്രകൃതം.

3. കണ്ണുകൾക്ക് താഴെ ഇരുണ്ട നിറം.

4. അവ്യക്തമായ സംസാരം.

5. വേച്ച് വേച്ചുള്ള നടപ്പ്.

6. വൃത്തിയില്ലായ്മ.

7. വിശപ്പില്ലായ്മ / വിശപ്പ് കൂടുതൽ.

8. അക്രമസ്വഭാവം.

9. വീട്ടിൽ വരാതിരിക്കുക, വന്നാൽതന്നെ റൂമിൽ ഇരിക്കുക.

10. ബാത്ത്‌റൂമിൽ ഒരുപാട് സമയം വിനിയോഗിക്കുക.

11. സ്‌കൂൾ/കോളേജിലേക്ക് പോകാൻ അലസത.

12. പഠനത്തിൽ താൽപര്യക്കുറവ്.

13. കയ്യിൽ കറ, സിറിഞ്ച് ഉപയോഗിച്ച പാട്, ഇവയുടെ മണം, പുക എന്നിവ.

ഈ പറയപ്പെട്ട ലക്ഷണങ്ങൾ ഉണ്ടാവുകയും അവരിൽനിന്ന് മയക്കുമരുന്നോ അതിന്റെ ബന്ധമോ കണ്ടെത്തുകയും ചെയ്താൽ, നേരെ ചെന്ന് ശകാരിച്ച് വീട്ടിൽനിന്ന് പുറത്താക്കുകയല്ല ചെയ്യേണ്ടത്. മറിച്ച്, നിസ്സാരമായ പല കാരണങ്ങൾ കൊണ്ടും അടിമകളായി, ഇവ ഉപേക്ഷിക്കാൻ സാധിക്കാത്തവരായി മാറിയ ഇക്കൂട്ടരെ, ഈ കയത്തിൽനിന്നും കരകയറ്റുവാനുള്ള കൃത്യമായ കൗൺസിലിങ്ങിനും വിദഗ്ധ ചികിത്സക്കും വിധേയമാക്കുകയാണ് വേണ്ടത്.

ഈ സാമൂഹ്യവിപത്തിനെ ജീവിതത്തിൽനിന്നും പൂർണമായും നിർമാർജനം ചെയ്യുവാനുള്ള ശക്തമായ തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രേരിപ്പിക്കണം. അവരെ നന്നായി മോട്ടിവേറ്റ് ചെയ്യണം. ലഹരിമുക്ത ചികിത്സയ്ക്ക് പോകുന്നത് സമൂഹത്തിൽ മോശമാണെന്ന ധാരണ തിരുത്തി, ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മെഡിക്കൽ ചികിത്സതന്നെ ആരംഭിക്കണം. അതോടൊപ്പം, കൃത്യമായ ധാർമിക അവബോധം നൽകുകയും, നല്ല കൂട്ടുകാരുമായി വേഗം അവരെ ബന്ധപ്പെടുത്തുകയും, എന്ത് പ്രശ്‌നമുണ്ടെങ്കിലും അവരെ നമ്മോട് ചേർത്തുപിടിക്കുകയും ചെയ്ത് അവരോടൊപ്പം ജീവിക്കുക.

പ്രതിരോധമാർഗങ്ങൾ

ഈ വിഷയത്തിന്റെ ഗൗരവവും പ്രാധാന്യവും അറിയാത്തവരല്ല പ്രബുദ്ധരായ കേരളീയ സമൂഹം. എന്നാൽ പ്രായോഗികതലത്തിലേക്ക് വരുമ്പോൾ നമ്മുടെ കാലുകൾ ഇടറുന്നു, ചുവടുകൾ പിഴയ്ക്കുന്നു. കാരണം, ഇന്ന് ഈ മാഫിയ ഇത് വായിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും നാടിനെയും കുടുംബത്തെയും സമൂഹത്തെയുമടക്കം ഇരയായി കണ്ട്, വിശാലമായ വല വിരിച്ച് കാത്തിരിക്കുകയാണ്.

പരിഹാരമാർഗങ്ങൾ നമുക്ക് മുന്നിൽ തന്നെയുണ്ട്. സമൂഹം ഒന്നിച്ച് മത, ജാതി, വർഗ, വർണ, കക്ഷിരാഷ്ട്രീയ ഭേദമന്യെ അവ ഏറ്റെടുക്കാൻ തയ്യാറാകണം എന്നു മാത്രം. ഇത് വായിക്കുന്ന ഓരോരുത്തരും അവരുടേതായ നേതൃപരമായ പങ്ക് നിർവഹിക്കാൻ തയ്യാറാകണം. വരുംതലമുറയെ മയക്കുമരുന്നുകളുടെ നീരാളിപ്പിടുത്തത്തിൽനിന്ന് രക്ഷിക്കാൻ ഒന്നിച്ചുനിന്ന് പോരാടിയിട്ടില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും.

മയക്കുമരുന്നിനെ പ്രതിരോധിക്കുന്നതിനുള്ള ആദ്യ മാർഗം അതിന്റെ ഉപയോഗം തുടങ്ങാതിരിക്കുക എന്നതുതന്നെയാണ്. ആദ്യമായി അവ തുടങ്ങുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണം. രക്ഷിതാക്കളും അധ്യാപകരും മഹല്ല് ഭാരവാഹികളും പി.ടി.എ അംഗങ്ങളും ഭരണകർത്താക്കളും ഇതിനുള്ള പ്രതിരോധ മാർഗങ്ങളെയും അവ പ്രയോഗതലത്തിൽ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളെയും കുറിച്ച് സജീവമായ ചർച്ചകൾക്ക് വഴിയൊരുക്കേണ്ടതുണ്ട്.

രക്ഷിതാക്കളോട്

1. കുട്ടികൾ കൃത്യസമയത്ത് സ്‌കൂളിലും തിരിച്ച് വീട്ടിലും എത്തുന്നുണ്ടെന്ന് ഉറപ്പിക്കുക. ഇതിന് അധ്യാപകരുമായി നല്ല ബന്ധം ഉണ്ടാക്കുക.

2. ആവശ്യത്തിന് മാത്രം പോക്കറ്റ് മണി നൽകുക.

3. ആവശ്യത്തിലധികം പണം കയ്യിൽ കണ്ടാൽ അതിന്റെ ഉറവിടം അന്വേഷിക്കുക. അവർ നിങ്ങളുടെ സംശയമുനയിലാണുള്ളത് എന്ന് തോന്നാത്ത രൂപത്തിൽ ഇടയ്ക്ക് പരിശോധിക്കുകയും ചെയ്യുക.

4. മക്കളുടെ കൂട്ടുകാരുമായും അവരുടെ രക്ഷിതാക്കളുമായും പി.ടി.എ യോഗങ്ങൾക്കപ്പുറം നല്ല സമ്പർക്കം പുലർത്തുകയും മക്കളുടെ സ്‌കൂളിലെ വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുക.

5. പരിചയമില്ലാത്തവരുടെ കൂടെ നമ്മുടെ മക്കളെ കണ്ടാൽ കൃത്യമായി അവരെപ്പറ്റി അന്വേഷിക്കുക. മോശമായ ചങ്ങാത്തമാണെങ്കിൽ അവ ഒഴിവാക്കാൻ സ്‌നേഹപൂർവം പറയുക.

6. അവരുടെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക. പരീക്ഷകൾ, സ്‌കൂളിലെ പ്രോഗ്രാമുകൾ, ഹോം വർക്കുകൾ തുടങ്ങി മക്കളുടെ ഓരോ ദിവസത്തെയും ഷെഡ്യൂൾ നമുക്ക് ബോധ്യമുണ്ടായിരിക്കണം. അതിനായി എന്നും സ്‌കൂൾ വിട്ടുവന്നാൽ അതാത് ദിവസങ്ങളിൽ നടന്ന പ്രധാന കാര്യങ്ങൾ നമ്മോട് ഷെയർ ചെയ്യാനുള്ള അവസരം ഉണ്ടാക്കണം.

7. ചെറിയ പ്രായത്തിൽതന്നെ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കുന്ന ശീലം ഒഴിവാക്കുക. സ്വന്തമായി മൊബൈൽ ഫോൺ അവർക്ക് ഉണ്ടെങ്കിൽ അത് സുതാര്യമാക്കുക. അവരുടെ ബാഗ്, ബെഡ്, ബാത്‌റൂം തുടങ്ങിയവയും ഇടയ്ക്ക് പരിശോധിക്കുക.

8. അസ്വാഭാവികമായ പെരുമാറ്റം ഉണ്ടെങ്കിൽ ശ്രദ്ധിക്കുക, അതിന്റെ കാരണം കണ്ടെത്തുക.

9. കുട്ടികളുമായി ഏറ്റവും നല്ല ആത്മബന്ധം പുലർത്തുക. അവർക്ക് എന്ത് പ്രയാസങ്ങൾ ഉണ്ടെങ്കിലും അത് നമ്മളോട് പങ്കുവെക്കാൻ മാത്രം വിശാലമായ സ്‌പേസ് ഉണ്ടാക്കിയെടുക്കുക.

10. ‘എന്റെ കുട്ടി അതൊന്നും ചെയ്യില്ല’ എന്ന മുൻധാരണ പൂർണമായും ഒഴിവാക്കുക. ഏതു കുട്ടിക്കും ഏതു തിന്മകളിലേക്കും പോകാനുള്ള സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് തിരിച്ചറിയുക.

11. മതപരവും ധാർമികവുമായ ശിക്ഷണം മദ്‌റസകളിൽ നിന്നും, അതോടൊപ്പം വീടുകളിൽനിന്നും നൽകുക. മദ്‌റസകളിൽ പഠിക്കുന്ന കാര്യങ്ങളുടെ പ്രയോഗവൽക്കരണം വീടുകളിൽ ഉണ്ടാവണം.

12. രക്ഷിതാക്കൾ മക്കൾക്ക് മാതൃകയാവുക. നമസ്‌കാരവും ക്വുർആൻ പാരായണവും സൽസ്വഭാവവുമെല്ലാം മാതാപിതാക്കളിൽനിന്നാണ് കുട്ടികൾ കണ്ടു പഠിക്കേണ്ടത്.

13. വിദ്യാർഥിസമൂഹത്തിന്റെ അക്കാദമികമായ ഉന്നമനത്തോടൊപ്പം ധാർമികവും മതപരവുമായ ഉയർച്ചക്കും കാരണമാകുന്ന വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ പോലുള്ള വിദ്യാർഥി കൂട്ടായ്മകളിലും പ്രവർത്തനങ്ങളിലും മക്കളെ ഭാഗവാക്കാക്കുക.

മഹല്ല് ഭാരവാഹികളോട്

1. നമ്മുടെ മഹല്ലിൽ ഒരു വീട്ടിലും ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നവരോ വിൽക്കുന്നവരോ ഇല്ല എന്ന് ഉറപ്പിക്കുക. ഉപയോഗിക്കുന്നവരെയോ അതുമായി ബന്ധപ്പെടുന്നവരെയോ കണ്ടാൽ ശക്തമായ നടപടികൾ കൈക്കൊള്ളുക.

2. വെള്ളിയാഴ്ച ഖുതുബകളിൽ ലഹരിക്കെതിരെ കൃത്യമായ ബോധവൽക്കരണം നടത്തുക.

3. മദ്‌റസകൾ മുഖാന്തരം കുട്ടികളെയും രക്ഷിതാക്കളെയും ഇതിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ബോധവാന്മാരാക്കുക.

4. മഹല്ലുകളിൽ ഓരോ ഏരിയയിലും സ്ഥിരമായി ക്വുർആൻ ഹദീഥ് പഠന ക്ലാസ്സുകൾ സംഘടിപ്പിക്കുകയും അതിലൂടെ ഇത്തരം വിഷയങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്യുക. ലഹരിയോടുള്ള മതത്തിന്റെ നിലപാട് ബോധ്യപ്പെടുത്തിക്കൊടുക്കുക.

5. പള്ളിക്കമ്മിറ്റി യോഗങ്ങളിലടക്കം ഇത്തരം വിഷയങ്ങൾ പ്രധാന അജണ്ടയായി എടുത്ത് മഹല്ലിൽനിന്ന് ഇവ നിർമാർജനം ചെയ്യുവാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുക.

അധ്യാപകരും പി.ടി.എ അംഗങ്ങളും ശ്രദ്ധിക്കുക

1. സ്വന്തം ക്ലാസ്സിലെ ഓരോ വിദ്യാർഥിയെയും സമയബന്ധിതമായി മോണിറ്റർ ചെയ്യുക.

2. എല്ലാ വിദ്യാർഥികളുടെയും രക്ഷിതാക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും അവരുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളുടെ നിലവാരത്തോടൊപ്പം അവരുടെ പെരുമാറ്റങ്ങളും ഇടപെടലുകളുമെല്ലാംഎങ്ങനെയെന്ന് അവരുമായി പങ്കുവയ്ക്കുക.

3. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് പോലുള്ള അസാധാരണമായ എന്തെങ്കിലും കണ്ടാൽ അധ്യാപകർക്കിടയിലും സ്റ്റാഫ് റൂമിലും ചർച്ചയാക്കുക, രക്ഷിതാക്കളെ അറിയിക്കേണ്ടതാണെങ്കിൽ ഉടനെ തന്നെ അറിയിക്കുക, ആവശ്യമെങ്കിൽ നിയമസഹായം സ്വീകരിക്കുക.

4. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സുകൾ സജീവമാക്കുക. അവയിൽ ചെന്നുപെടാൻ സാധ്യതയുള്ള വിദ്യാർഥികളെ ബോധവൽക്കരണങ്ങളുടെ മുന്നിൽ നിർത്തുക.

5. സ്‌കൂളിനടുത്തുള്ള പെട്ടിക്കടകൾ, ഇടവേളകളിൽ കുട്ടികൾ സ്ഥിരമായി പോകുന്ന ഇടങ്ങൾ എന്നിവ ശ്രദ്ധിക്കുക. നിയമവിരുദ്ധമായ എന്തെങ്കിലും വിൽക്കുന്നത് കണ്ടാൽ ഉടനെ എക്‌സൈസിനെയോ പോലീസിനെയോ വിവരമറിയിക്കുക.

6. സ്‌കൂൾ കോമ്പൗണ്ടിന് അകത്തും പുറത്തും പരിസരത്തുമായി കുട്ടികൾ ഒറ്റപ്പെട്ടോ മാറിയോ പോയിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇടയ്ക്കിടെ പരിശോധിക്കുക. അത്തരത്തിൽ ആരുടെയും ശ്രദ്ധയിൽ വരാത്ത സ്ഥലങ്ങൾ സ്‌കൂളിനകത്ത് ഇല്ല എന്ന് ഉറപ്പിക്കുക.

7. സ്‌കൂളിന് ഏറ്റവും അടുത്തുള്ള പോലീസ് സ്‌റ്റേഷൻ, എക്‌സൈസ് ഓഫീസ് എന്നിവയുമായി ഏറ്റവും നല്ലബന്ധം ഉണ്ടാക്കുക.

8. ആഘോഷ ദിവസങ്ങളിലാണ് ഭൂരിഭാഗം വിദ്യാർഥികളും ഇവ ആദ്യമായി രുചിച്ചുനോക്കുന്നത്. അന്നേദിവസം അവരോടൊത്ത് ആഘോഷങ്ങളുടെ ആഭാസങ്ങളിൽ മുന്നിൽ നിൽക്കാതെ, ഇത്തരം വിഷയങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തുക.

പൊതുസമൂഹം ചെയ്യേണ്ടത്

മയക്കുമരുന്ന് എന്ന ഭീകരൻ നമ്മുടെയൊക്കെ മക്കളിലേക്കെത്താൻ അധികകാലം താമസമുണ്ടായി എന്നു വരില്ല. എവിടെയാണോ ഇവയുടെ നിർമാർജനത്തിൽ നമ്മുടെ പങ്ക് ആവശ്യമായുള്ളത് അവിടെ ബോധപൂർവം നേതൃപരമായി, മാതൃകാപരമായി ഇടപെടുക. മത-സാമൂഹ്യ-രാഷ്ട്രീയ നേതൃത്വങ്ങൾ ഈ സാമൂഹ്യവിപത്തിനെതിരെ പടനയിക്കാൻ ഏറ്റവും മുൻപന്തിയിൽ ഉണ്ടാവണം.

എല്ലാവിധ മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും ഉപയോഗം സമൂഹത്തിൽ വർധിച്ചുവരുന്നു എന്നത് പച്ചയായ യാഥാർഥ്യമാണ്. അതിൽതന്നെ മുന്നിൽനിൽക്കുന്നത് ഇളംതലമുറയാണ്. ഒരു തലമുറയെത്തന്നെ നശിപ്പിച്ചുകൊണ്ട് പണം സമ്പാദിച്ചുകൂട്ടുകയാണ് മയക്കുമരുന്ന് മാഫിയ എന്ന വസ്തുത നാം തിരിച്ചറിയണം. നമുക്കൊന്നിച്ച് മയക്കുമരുന്ന് മാഫിയകളുടെ കരാളഹസ്തങ്ങളിൽനിന്ന് നമ്മുടെ മക്കളെ രക്ഷിക്കാനായി പോരാടാം.