സമസ്ത-ശീഈ ആദര്‍ശബന്ധം: സംസാരിക്കുന്ന തെളിവുകള്‍

മൂസ സ്വലാഹി കാര

2021 ജനുവരി 22, 1442 ജുമാദൽ ആഖിർ 19
ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന്‌ മുച്ചൂടും പിഴച്ച ചിന്താധാരയാണ്‌ ശീഈ വിശാസികൾ പിന്തുടരുന്നത്. ശരിയായ ആദർശത്തിന്റെ വക്താക്കൾക്കിടയിൽ ജൂതന്മാരെ പോലെ നുഴഞ്ഞുകയറിയാണ്‌ ഇവർ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാറുള്ളത്. അഹ്‌ലുസ്സുന്നയുടെ ആദർശത്തിൽനിന്ന് അകന്നുനിൽക്കുന്ന കേരളത്തിലെ സമസ്തക്കാർക്കിടയിൽ ഇവർ തങ്ങളുടെ അജണ്ട അതിവേഗം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതിന് വർത്തമാനകാല സംഭവ വികാസങ്ങൾ സാക്ഷിയാണ്‌.

മനുഷ്യര്‍ക്ക് സമാധാനവും നിര്‍ഭയ ജീവിതവും വാഗ്ദാനം നല്‍കുന്ന, സ്രഷ്ടാവിന്റെ സമഗ്ര സന്ദേശമാണ് ഇസ്‌ലാം. നിഷ്‌കളങ്കമായ ഏകദൈവ വിശ്വാസവും അന്തിമദൂതന്റെ ജീവിതചര്യ അനുധാവനം ചെയ്യലുമാണ് അതിന്റെ അടിസ്ഥാനം. നബി ﷺ യുടെ പ്രഖ്യാപനമായി ക്വുര്‍ആന്‍ പറയുന്നത് കാണുക: ‘‘പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. ഞാന്‍ കീഴ്‌പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക് കല്‍പന നല്‍കപ്പെട്ടിരിക്കുന്നു. പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ ധിക്കരിക്കുന്നപക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീര്‍ച്ചയായും ഞാന്‍ പേടിക്കുന്നു. പറയുക: അല്ലാഹുവെയാണ് ഞാന്‍ ആരാധിക്കുന്നത്; എന്റെ കീഴ്‌വണക്കം അവന്ന് നിഷ്‌കളങ്കമാക്കിക്കൊണ്ട്'' (39:11-14).

അറിവ് നല്‍കപ്പെട്ടതിന് ശേഷവും സംശയരോഗത്തിന്റെ പിടിയിലമര്‍ന്ന് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കി കളിച്ച വിഭാഗമാണ് ജൂതന്മാര്‍. ദൃഢവിശ്വാസമില്ലായ്മയും അന്ധമായ അനുകരണവും ആശയക്കുഴപ്പത്തിലകപ്പെടലും ഈ ദുരന്തത്തിന് വഴിയൊരുക്കി.

അല്ലാഹു പറയുന്നു: ‘‘പൂര്‍വവേദക്കാര്‍ ഭിന്നിച്ചത് അവര്‍ക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ്. അവര്‍ തമ്മിലുള്ള വിരോധം നിമിത്തമാണത്. നിര്‍ണിതമായ ഒരു അവധി വരേക്ക് ബാധകമായ ഒരു വചനം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് മുമ്പുതന്നെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ (ഉടനെ) തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു. അവര്‍ക്ക് ശേഷം വേദഗ്രന്ഥത്തിന്റെ അനന്തരാവകാശം നല്‍കപ്പെട്ടവര്‍ തീര്‍ച്ചയായും അതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു'' (42:14).

ഇസ്‌ലാം ശക്തമായി നിരോധിച്ച ശിര്‍ക്ക്, ആത്മീയ ചൂഷണം, പ്രമാണ നിന്ദ്യത, മതതീവ്രത, വര്‍ഗീയത എന്നീ കാര്യങ്ങള്‍ക്ക് മതപരിവേഷം നല്‍കുന്ന ഇരുട്ടിന്റെ മിത്രങ്ങള്‍ നാടുനീളെ വിലസുന്ന അവസ്ഥ അധികരിച്ചിട്ടുണ്ട്. ജൂതസൃഷ്ടിയായ ശിയാക്കളാണിതിന് ചുക്കാന്‍ പിടിക്കുന്നത്. അഹ്‌ലുസ്സുന്ന വല്‍ജമാഅയെ വെറുത്തും അതിന്റെ പ്രാമാണിക നിലപാടുകളെ വിമര്‍ശിച്ചും പണ്ഡിതന്മാരെ അന്യായമായി ദ്രോഹിച്ചും ഇവര്‍ സമൂഹത്തില്‍ വേരുറപ്പിച്ചു. മതബോധം വറ്റാത്തവര്‍ക്ക് മാത്രമെ ഈ അക്രമങ്ങളെ ഗൗരവത്തില്‍ കാണാനാകൂ.

അല്ലാഹു പറയുന്നു: ‘‘പറയുക: എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും അധര്‍മവും ന്യായം കൂടാതെയുള്ള കയ്യേറ്റവും യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും അല്ലാഹുവിന്റെപേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്'' (7:33).

ഉറച്ച വിശ്വാസവും സത്യസന്ധതയുമുള്ളവര്‍ പരീക്ഷിക്കപ്പെടുമെന്നത് അല്ലാഹു നമ്മെ അറിയിച്ച കാര്യമാണ്. അല്ലാഹു പറയുന്നു: ‘‘ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നതുകൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ?'' (29:2).

വിശ്വാസ, കര്‍മ വിഷയങ്ങളില്‍ മതത്തോട് നാമമാത്രബന്ധം പോലുമില്ലാത്ത ശിയാക്കള്‍ മതവക്താക്കളായി അവതരിപ്പിക്കപ്പെടുന്നതും അവരില്‍നിന്ന് മതത്തെ വായിക്കപ്പെടുന്നതും ഇമാമുമാരായ ബഗവി(റഹി), ഇബ്‌നു തൈമിയ്യ(റഹ്), ഇബ്‌നു അബ്ദില്‍ വഹാബ്(റഹ്) എന്നിവര്‍ ശീഈ സ്വാധീനത്തെ ഉന്മൂലനം ചെയ്യാന്‍ നടത്തിയ പരിശ്രമങ്ങളെ തീവ്രവാദവും മതവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ചിത്രീകരിക്കപ്പെടുന്നതും ഇതിന്റെ ഭാഗമാണ്. അഹ്‌മദ് സൈനീ ദഹ്‌ലാന്‍, യൂസുഫ് നബ്ഹാനി തുടങ്ങിയ ശീഈ നേതാക്കള്‍  ഇതിനായി ജീവിച്ചവരുമാണ്.

അഹ്‌ലുസ്സുന്നയുടെ വേഷമണിഞ്ഞ പുരോഹിതന്മാര്‍ കേരളത്തില്‍ പഴയകാലം മുതല്‍ക്കേ  ശീഈവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന്റെ അനന്തരഫലമായിട്ടാണ് സമസ്തയടക്കമുള്ള വ്യതിയാന കക്ഷികള്‍ ഉടലെടുത്തത്. ഇക്കൂട്ടര്‍ ഒളിഞ്ഞും തെളിഞ്ഞും കാത്തുസൂക്ഷിച്ച ശീഈ ബന്ധം പരസ്യ വിചാരണ ചെയ്യപ്പെട്ടതിന്റെ ജാള്യം മറയ്ക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍. 2021 ഡിസംബര്‍ രണ്ടാം ലക്കം സുന്നിവോയ്‌സില്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക:

‘‘കേരള മുസ്‌ലിംകളെ ലക്ഷ്യമിട്ട് ശീഇസം വലവിരിച്ചിട്ട് കാലമേറെയായി. ഉണര്‍ന്നിരിക്കുന്ന പണ്ഡിത നേതൃത്വത്തിന്റെ ജാഗ്രതയാണ് അത്തരക്കാരുടെ ശ്രമങ്ങളെ എക്കാലവും വിഫലമാക്കിയത്. സുന്നി കുപ്പായമണിഞ്ഞ് ശീഈ മാറാപ്പുകളുമായി ചിലര്‍ ത്വരീഖത്തിന്റെ പേരിലാണ് നിലവില്‍ കേരളത്തില്‍ തലപൊക്കി തുടങ്ങിയിട്ടുള്ളത്. അതത് കാലഘട്ടങ്ങളില്‍ മുളച്ചുപൊന്തുന്ന വികല ആശയങ്ങളെ പിഴുതെറിയാന്‍ ബദ്ധശ്രദ്ധരായ പണ്ഡിതന്മാര്‍ കേരളത്തിലുള്ളത് കൊണ്ട് അവയെല്ലാം വേരോടെ കരിഞ്ഞ് പോകുന്നതാണ് നമ്മുടെ മുന്നിലുള്ള ചിത്രം'' (സുന്നിവോയ്‌സ്, പേജ് 12).

ശീഈ ഭാണ്ഡം ചുമക്കുന്ന ഇവര്‍ക്ക് പരിഭവത്തെക്കാള്‍ പിഴവുകള്‍ തിരുത്താനുള്ള തിരിച്ചറിവാണുണ്ടാകേണ്ടത്. കള്ളത്തരങ്ങളുടെ കലവറയായ തീജാനി ത്വരീക്വത്തിന്റെ ‘മൊത്തവ്യാപാരി'യായ മറ്റൊരു മുസ്‌ലിയാര്‍ എല്ലാം വിളിച്ച് കൂവിയതിനോടുള്ള അരിശമാണ് ഇവിടെ തീര്‍ത്തിരിക്കുന്നത്. കഅ്ബയെ നിന്ദിച്ചും സ്വഹാബത്തിനെ ഇകഴ്‌ത്തിയും പ്രമാണങ്ങളെ അവഗണിച്ചും പണ്ഡിതന്മാരെ അസഭ്യം പറഞ്ഞും പൊള്ളവാദങ്ങള്‍ നിരത്തിയും സലഫികളെ തീവ്രവാദികളാക്കിയും അയാള്‍ തന്റെ ത്വരീഖക്വത്ത് കൊണ്ട് അലയുകയാണ്. സ്വബോധമില്ലാത്ത രൂപത്തില്‍ സംസാരിക്കുന്ന ഇയാളോട് വിശ്വാസികള്‍ക്ക് അല്ലാഹുവിെൻറ ഈ വാക്കുകളാണ് പറയാനുള്ളത്:

‘‘സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്'' (33:58).

തങ്ങളുടെ പണ്ഡിതന്മാര്‍ കാരണമാണ് ശീഇസം ‘കരിഞ്ഞ് പോകുന്നത്' എന്ന മുസ്‌ലിയാരുടെ അഭിപ്രായം സത്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കലാണെന്ന് ബോധ്യപ്പെടുത്തുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.

അനാചാരങ്ങളെ എതിര്‍ക്കാന്‍ രൂപീകരിക്കപ്പെട്ട ആദ്യത്തെ പണ്ഡിതസഭയായ ‘കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ'യില്‍നിന്ന് ഇവര്‍ പുറം ചാടി. ശീഈ വിശ്വാസങ്ങളില്‍ അണികളെ തളച്ചിടാന്‍ സമസ്ത എന്ന വ്യതിയാന കക്ഷിക്ക് ജന്മം നല്‍കി. വക്കം മൗലവി(റഹ്), കെ.എം മൗലവി(റഹ്), ഉമര്‍ മൗലവി(റഹ്) എന്നിവര്‍ നടത്തിയ നവോത്ഥാന-സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളെ ഇവര്‍ അതി ശക്തമായി എതിര്‍ത്തു. വിഭാഗീയതയുടെ വിഷം കലര്‍ന്ന പ്രസ്താവനകളിറക്കി സമുദായിക ഐക്യം തകര്‍ത്തു. ആദര്‍ശഭദ്രതയും പ്രമാണനിഷ്ഠയുമുള്ള സലഫി സമൂഹത്തെ നിരന്തരം വേട്ടയാടുകയും പഴിചാരുകയും ചെയ്തു.

ഇവര്‍ തന്നെ ആക്ഷേപിച്ചെഴുതിയത് കാണുക: ‘‘സഊദി ഭരണകൂടത്തെ പിന്തുണക്കുകയും തുടര്‍ന്ന് നിയന്ത്രിക്കുകയും മറ്റു മുസ്‌ലിം സമൂഹങ്ങളിലേക്ക് പണവും അധികാരവുമുപയോഗിച്ച് കടന്നുകയറി പാരമ്പര്യ ഇസ്‌ലാമിന്റെ അവശേഷിക്കുന്ന അടയാളങ്ങള്‍ ഓരോന്നായി തകര്‍ത്തുകളയുകയും മുന്‍കാല ഇമാമുമാരുടെ കൃതികളില്‍ കൈകടത്തലുകള്‍ വരുത്തുകയും ചെയ്തുകൊണ്ട് സലഫികള്‍ ഉണ്ടാക്കിയെടുത്ത ആശയപരിസരത്താണ് ആധുനിക ലോകത്തെ ഒട്ടുമിക്ക മുസ്‌ലിം കൂട്ടായ്മകളും നിര്‍ഭാഗ്യവശാല്‍ അകപ്പെട്ടുപോയത്'' (തെളിച്ചം മാസിക, 2017 മാര്‍ച്ച്, പേജ് 16).

ശീഇകളുമായി കൂട്ടുകൂടി ഇസ്‌ലാമിന്റെ സൗന്ദര്യത്തെ വികൃതമാക്കാന്‍ പൗരോഹിത്യം നടത്തിയ ശ്രമങ്ങള്‍ വിഫലമാക്കപ്പെട്ടതിന്റെ രോദനമാണിത്. ഇരുവിഭാഗവും തമ്മിലുള്ള ആദര്‍ശപ്പൊരുത്തം അവരുടെ വാക്കുകളിലൂടെതന്നെ നമുക്കൊന്ന് പരിശോധിക്കാം. 'ആര് സുന്നീലോകത്തുനിന്നും മാറിയാലും ഞാന്‍ മാറില്ല' എന്ന് ഉറക്കെ പ്രഖ്യാപിച്ച ശീഈ വക്താവ് സി.ഹംസ സാഹിബ് പറഞ്ഞത് കാണുക.

‘‘അഖീദയിലെ സുന്നികളും ശിയാക്കളും തമ്മിലുള്ള അന്തരം നിലനില്‍ക്കെത്തന്നെ അതി ശക്തമായി വഹാബികള്‍ ശിര്‍ക്കാരോപണത്തിനു സുന്നികളെ കരുവാക്കുന്ന തവസ്സുല്‍, ഇസ്തി ഗാസ, റസൂലുല്ലാഹി ﷺ മിന്റെ ഇസ്‌മത്ത് എന്നിങ്ങനെയുള്ള വിഷയങ്ങളിലൊക്കെ സുന്നീ-ശിയാ സാധര്‍മ്യം വളരെ കൂടുതലുമാണ്'' (സത്യധാര, 2015 ഡിസംബര്‍, പേജ് 18).

 ‘ചുരുക്കത്തില്‍, മുസ്‌ലിം സമൂഹത്തിന്റെ യഥാര്‍ഥ പാരമ്പര്യത്തില്‍നിന്നും പൊതുവായ ധാരയില്‍ നിന്നും ഭിന്നിച്ചുപോയ ഒരു പ്രസ്ഥാനമായിട്ടാണ് ശീഇസത്തെ ആളുകള്‍ ധരിച്ചുവശായിരിക്കുന്നത്. ഇസ്‌ലാമിന്റെ പിറവിയില്‍തന്നെ അതിന്റെ ഭാഗമായിക്കൊണ്ടുണ്ടായതുംഅതിന്റെ സ്വാഭാവികമായ ഉല്പന്നമായി രംഗത്തുവന്നതുമായ ഒന്നായിട്ട് ശീഇസത്തെ കണ്ടുകൊണ്ട് അതിനെ സമീപിക്കുകയും പഠിക്കുകയുമാണെങ്കില്‍ മാത്രമെ അതിനോടു നീതികാണിക്കാന്‍ ഒരാള്‍ക്കു കഴിയൂ. സുന്നിസത്തോട് സൗഹാര്‍ദപൂര്‍വം പൊരുത്തപ്പെട്ടു നില്‍ക്കുന്ന, ഇസ്‌ലാമിന്റെ ഉറവിടത്തില്‍നിന്നു തന്നെയുള്ള മറ്റൊരു സരണിയായി അത്തരമൊരു നിരീക്ഷകന് ശീഇസത്തെ കണ്ടെത്താനും വിലയിരുത്താനുമാകും'' (പൂര്‍ണ മനുഷ്യന്‍, വിവ:സി.ഹംസ, പേജ് 144).

ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദടക്കമുള്ള കാര്യങ്ങളില്‍പോലും ഇവര്‍ തങ്ങളുടെ ഇമാമുമാരെ പങ്കാളികളാക്കിയിട്ടുണ്ട്. അലി(റ) ഭൂമിയുടെ റബ്ബാണെന്നും ഇരുലോകവും അദ്ദേഹത്തിന്റെ ഉദ്ദേശ്യത്തിലാണെന്നും ഇടി, മിന്നല്‍ പോലുള്ളവയുടെ കൈകാര്യം ഇവരുടെ നേതാക്കളിലാണെന്നും വിശ്വസിക്കുന്നു. കുലൈനിയുടെ ‘അല്‍കാഫി'യിലും മജ്‌ലിസിയുടെ ‘ബിഹാറുല്‍ അന്‍വാറി'ലും ഇത് കാണാം.

മുഹ്‌യിദ്ദീന്‍ ശൈഖിനെ കുറിച്ച് സമസ്തക്കാര്‍ പറഞ്ഞത് കാണുക: ‘‘ആകാശഭൂമി നിവാസികളുടെ ഖുത്വ‌്ബും (കേന്ദ്രബിന്ദു) ഗൗസുമായവരേ, വാനലോകത്തും ഭൂമിലോകത്തുമുള്ളവര്‍ക്ക് ഉപകരിക്കുന്ന നദിയും മഴയും വെള്ളവും ഒഴുക്കുന്ന മഹാനവര്‍കളേ...'' (ഖുത്വ‌്ബിയ്യത്ത് അര്‍ഥവും വിശദീകരണവും,അബ്ദുസ്സ്വമദ് ഫൈസി, പേജ് 29).

‘‘അതുപോലെ ആകാശ ഭൂമി നിവാസികള്‍ക്കുണ്ടാകുന്ന വിപത്തുകള്‍ തടയുകയും അവരുടെ ഇരുലോക വിജയങ്ങള്‍ക്കുപകരിക്കുന്ന സഹായം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്ന വന്ദ്യരായ ശൈഖ് മുഹ്‌യിദ്ദീന്‍ അവര്‍കളെ ഉപകാരപ്രദമായ നദിയോടും മഴയോടുമാണ്  ‘യാ ഖുത്വ‌്ബ് അഹ്‌ലിസ്സമാ,' ‘അഹ്‌ലിസ്സമാ' എന്ന് തുടങ്ങുന്ന കവിതയിലൂടെ സ്വദഖതുല്ലാഹില്‍ ഖാഹിരി അവര്‍കള്‍ ഉപമിച്ചത്'' (പേജ് 30).

ക്വബ്‌റാളിയോട് ഇസ്തിഗാസ നടത്തുക, അവരെ ഇടയാളന്മാരാക്കുക, അവിടേക്ക് നേര്‍ച്ചയും ബലിയും അര്‍പ്പിക്കുക എന്നിവ ശീഇകളുടെ സമ്പ്രദായമാണ്. എല്ലാ രോഗത്തിനും അവിടെ ശമനമുണ്ടെന്നും നേതാക്കള്‍ അദൃശ്യമറിയുമെന്നും  ശീഇകള്‍ വിശ്വസിക്കുന്നു. മജ്‌ലിസിയുടെ ‘ബിഹാറുല്‍ അന്‍വാറി'ലും ഖുമൈനിയുടെ ‘തഹ്‌രീറുല്‍ വസ്വീല'യിലും കുലൈനിയുടെ ‘അല്‍കാഫി'യിലും ഇത് വ്യക്തമാണ്.

സമസ്തയുടെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രമേയത്തില്‍ പറയുന്നത് കാണുക: ‘‘മരിച്ചുപോയ അമ്പിയാക്കള്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍, ഇവരുടെ ദാത്ത് ജാഹ്, ഹഖ്, ബറകത്ത് കൊണ്ടുള്ള തവസ്സുല്‍, നേരിട്ടുളള വിളികള്‍, അവരോട് സഹായത്തിനപേക്ഷിക്കല്‍, ആസാറ്‌ കൊണ്ട് ബറകത്തെടുക്കല്‍ എന്നിവയും...' (ഇവരെ എന്തുകൊണ്ട് അകറ്റണം?, പേജ് 14).

‘‘അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും അവരുടെ താല്‍പര്യപ്രകാരം മറഞ്ഞ കാര്യങ്ങള്‍ അല്ലാഹു അറിയിച്ചുകൊടുക്കുമെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ തെളിയിക്കുന്നുണ്ട്. പക്ഷേ, ഇസ്‌ലാമിലെ പരിഷ്‌കരണവാദികള്‍ ഇത് നിഷേധിക്കുന്നു'' (സുന്നത്ത് ജമാഅത്ത്, സുലൈമാന്‍ സഖാഫി, പേജ് 56).

അല്ലാഹുവിന്റെ മഹത്ത്വത്തിന് യോജിക്കുന്ന വിശേഷണങ്ങളായ കേള്‍വി, കാഴ്ച, മുഖം, കൈ എന്നിവയെ ശീഇകള്‍ നിഷേധിക്കുന്നു. കുലൈനിയുടെ അല്‍കാഫി എന്ന ഗ്രന്ഥത്തില്‍ ഇത് കാണാം.

മുസ്‌ലിയാക്കന്മാര്‍ അഹ്‌ലുസ്സയുടെ വിശ്വാസത്തെ പരിഹസിക്കുന്നത് കാണുക: ‘‘അവരുടെ വിശ്വാസത്തില്‍ അല്ലാഹു ഒരു വിഗ്രഹം പോലെയാണ്. കണ്ണും കയ്യും കാലും തുടങ്ങിയ അവയവങ്ങളുള്ളവനും ഭാഗങ്ങള്‍ ഉള്ളവനുമാണെന്ന് അവര്‍ വിശ്വസിക്കുന്നു. അര്‍ശ് എന്ന സിംഹാസനത്തില്‍ ഉപവിഷ്ടനാണ് അവനെന്നും അര്‍ധരാത്രിക്ക് ശേഷം ഒന്നാനാകാശത്തേക്ക് ഇറങ്ങുകയും ശേഷം കയറിപ്പോവുകയും ചെയ്യുമെന്നുമൊക്കെയാണ് ഇവരുടെ വാദം. അല്ലാഹുവിന്റെ രണ്ട് കൈകളും വലതുകൈകള്‍ തന്നെയാണെന്നും ഇവര്‍ പറയുന്നുണ്ട്. അപ്പോള്‍ അല്ലാഹു ഒരു വിരൂപിയാണെന്ന് വരുന്നു'' (അറുപതാം വാര്‍ഷികോപഹാരം, പേജ് 49).

‘‘അവയവങ്ങള്‍ സ്ഥാപിച്ച് അര്‍ശില്‍ പ്രതിഷ്ഠിച്ച ദൈവമായി വഹാബികള്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോള്‍ പ്രസ്തുത ആദര്‍ശം പുലര്‍ത്തിയിരുന്ന നിരവധി പുത്തന്‍ പ്രസ്ഥാനക്കാര്‍ പോയ നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്നു'' (സുന്നി വോയ്‌സ്, 2007 ജനുവരി, പേജ് 8). പ്രവാചകന്റെ ഹദീഥില്‍ പറഞ്ഞ കാര്യങ്ങളെയാണ് ഇക്കൂട്ടര്‍ പരിഹസിക്കുന്നതെന്നറിയുക.

തങ്ങളുടെയും ശീഇകളുടെയും വിശ്വാസം ഒന്നാണെന്ന് സമസ്തക്കാര്‍ തുറന്നെഴുതിയത് കാണുക: ‘‘മരിച്ചുപോയ പ്രവാചകന്മാര്‍ക്കും ഔലിയാഅ് എന്ന് പറയുന്ന പുണ്യാത്മാക്കള്‍ക്കും അവരുടെ മരണശേഷവും ഭൗതിക ലോകത്തെ കാര്യങ്ങളില്‍ ഇടപെടാനും ലോകരെ സഹായിക്കാനും വേണമെങ്കില്‍ ഉപദ്രവിക്കാനും അല്ലാഹു കഴിവ് നല്കുമെന്നാണ് അശ്അരി, മാതുരീദി സുന്നികളുടെ വിശ്വാസം. ഇതുതന്നെയാണ് ശിയാക്കളും വിശ്വസിക്കുന്നത്'' (അല്‍ മുബാറക്, 1989 ആഗസ്റ്റ് 16, പേജ് 6).

നബി ﷺ യുടെ മാര്‍ഗത്തെ നിരാകരികരിച്ച് മക്കാമുശ്‌രിക്കുകളുടെ വഴിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നല്‍കാനുള്ളത് ക്വുര്‍ആന്‍ നല്‍കിയ ഉപദേശമാണ്. അല്ലാഹു പറയുന്നു: ‘‘പറയുക: അല്ലാഹുവിന് പുറമെ ഞങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്തതിനെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുകയോ? അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയതിനു ശേഷം ഞങ്ങള്‍ പുറകോട്ട് മടക്കപ്പെടുകയോ? (എന്നിട്ട്) പിശാചുക്കള്‍ തട്ടിത്തിരിച്ചു കൊണ്ടുപോയിട്ട് ഭൂമിയില്‍ അന്ധാളിച്ച് കഴിയുന്ന ഒരുത്തനെപ്പോലെ (ഞങ്ങളാവുകയോ?). ഞങ്ങളുടെ അടുത്തേക്ക് വരൂ എന്നു പറഞ്ഞുകൊണ്ട് അവനെ നേര്‍വഴിയിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്ന ചില കൂട്ടുകാരുണ്ട് അവന്ന്. പറയുക, തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ മാര്‍ഗദര്‍ശനം. ലോകരക്ഷിതാവിന് കീഴ്‌പെടുവാനാണ് ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്'' (6:71).

മക്ക - മദീനക്കിടയില്‍ ‘ഗും'  എന്ന് വിളിക്കപ്പെടുന്ന ‘ഗദീര്‍' വെ ള്ളത്തെ സംബന്ധിച്ച് നബി ﷺ സം സാരിക്കവെ അവിടുത്തെ കു ടുംബത്തെ പ്രത്യേകം എടുത്തുപറഞ്ഞതിനെ ശീഇകള്‍ തെറ്റുധരിപ്പിക്കുകയും അതിലൂടെ അലി(റ)ക്ക് വഴിവിട്ട ആദരവ് നല്‍കി പ്രവാചകപദവിയിലേക്ക് ഉയര്‍ത്തുകയും അദ്ദേഹത്തിന്റെ മുഖത്ത് നോക്കല്‍ ആരാധനയാണെന്ന് വരെ ജല്‍പിക്കുകയും ചെയ്തവരാണ് ശീഇകള്‍. അബൂബക്കർ (റ), ഉമര്‍(റ) എന്നിവരെ നിന്ദിക്കുകയും അവര്‍ കാഫിറുകളാണെന്ന് പറയുകയും ചെയ്തു. സ്വഹാബത്തിന്റെ ശ്രേഷ്ഠതകളെ വാക്കിലും വരിയിലും മാത്രം ഒതുക്കുന്ന പുരോഹിതന്മാര്‍ ഈ ‘കുഫ്‌റിനെ' മനസ്സില്‍ ഒളിപ്പിച്ചിരിക്കുന്നു എന്നതിന്റെ ചില ഉദാഹരണങ്ങള്‍ കൂടി വായിക്കാം:

‘‘ഇസ്‌ലാമില്‍ പൂര്‍ണ മനുഷ്യന്റെ ഒന്നാമത്തെ ഉദാഹരണം നബിതന്നെ. മറ്റൊരു ഉദാഹരണമാണ് ഇമാം അലി. അലിയെ അറിയുകയെന്നാല്‍ പൂര്‍ണമനുഷ്യനെ അറിയുകയെന്നാണ്'' (പൂര്‍ണ മനുഷ്യന്‍, പേജ് 36).

 ‘‘അലി(റ)വിനെ സംബന്ധിച്ചിടത്തോളമുള്ള നേതൃപ്രാധാന്യം സുന്നികള്‍ക്കും ശിയാക്കള്‍ക്കും ഒരുപോലെ ആവശ്യമായ വസ്തുത തന്നെയാണല്ലോ. വിജ്ഞാനം, രാഷ്ട്രീയ മികവ്, അധ്യാത്മികപ്രധാനമായ അതുല്യാവസ്ഥ, എന്നിവ സുവിദിതമാണല്ലോ. അതിനാല്‍ അതേ ഹദീസില്‍തന്നെ കാണാം: ‘അന്‍ത മൗലായാ ഫിദ്ദുന്‍യാ വല്‍ ആഖിറ' എന്ന പദവിയില്‍ നിറുത്തി ആശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്. മഹാനായ അബൂബക്കര്‍ സിദ്ദീഖ് (റ)വും ഉമര്‍(റ)വുമെല്ലാം അലി(റ)വിനെ ഇക്കാര്യത്തില്‍ ആശംസിച്ചഭിനന്ദിച്ചു. അസന്തുലിതമായ ഒരു വിതാനത്തിലും അവരതിനെ വീക്ഷിച്ചില്ല. മാത്രവുമല്ല, ആ വിലായത്തിന്റെ ഇഹപരമായ നീള്‍ച്ച അഹ്‌ലുബൈത്തിന്റെ പ്രാധാന്യത്തിലേക്കു കൂടി വിരല്‍ ചൂണ്ടുന്നതാണെന്നു അങ്ങേയറ്റം ബോധ്യപ്പെട്ടവരായിരുന്നു അവര്‍. അതിനാല്‍ അഹ്‌ലുല്‍ബൈത്തിന്റെ വേരുമൂലങ്ങള്‍ അമച്ചു തുടങ്ങാന്‍ കാരണമായവന്‍ എന്ന നിലക്കുകൂടി അഭിപ്രായഭേദമന്യേ സ്വീകരിക്കപ്പെട്ട ആ വാചകത്താല്‍ അലി(റ)വിനെ കേവലം പൊളിറ്റിക്കല്‍ മാത്രമായല്ല, അങ്ങേയറ്റത്തെ അധ്യാത്മിക പ്രാധാന്യം കൂടിയുള്‍പ്പെട്ട വിലായത്തിന്റെ മഖാമിലേക്ക് അവരോധിക്കുന്ന ഗദീര്‍ ഗുമ്മിലെ പ്രസ്തുതവാക്യം ആഴത്തില്‍ മനസ്സിലാക്കിയ ആരിലും ഒരു പ്രശ്‌നവും ഒരു കാലത്തും ഉണ്ടായിരുന്നിട്ടില്ല'' (സത്യധാര, 2015 ഡിസംബര്‍ 1-15).

ആഘോഷങ്ങള്‍ ഉണ്ടാക്കുന്നതിലും കൊണ്ടാടുന്നതിലും ഇവര്‍ തമ്മിലുള്ള മത്സരവും രസാവഹമാണ്. റബീഉല്‍ അവ്വല്‍ ഒമ്പതിന് ഈദ് ‘ബാബാ ശുജാഅ്, ‘ദുല്‍ഹിജ്ജ പതിനെട്ടിന് ഈദ് ‘ഗദീര്‍ ഖും' കൂടാതെ ‘നീറോസ്,' ‘ആശൂറാഅ്,' ‘നഹ്‌സ്' കണക്കാക്കല്‍... ഇതെല്ലാമാണ് ശിയാക്കളുടെ പ്രധാന സുദിനങ്ങള്‍. അവരുടെ ‘മീലാദുന്നബി'യെ കുറിച്ച് സി. ഹംസ സാഹിബ് പറഞ്ഞത് നോക്കൂ:

‘‘അതായത് റസൂലുല്ലാഹി ﷺ  റബീഉല്‍ അവ്വല്‍ 12നു ജനിച്ചു എന്നാണല്ലോ നമ്മുടെ അഭി പ്രായം. ശിയാക്കള്‍ക്ക് ഇത് റബീഉല്‍ 17 ആണ്. അതിനാല്‍ പ്രവാചക ജന്മദിനത്തെ കുറിച്ചുള്ള സുന്നീ, ശിയാ തര്‍ക്കത്തിന് ഇടം കൊടുക്കാത്ത രീതി യില്‍ റബീഉല്‍ അവ്വല്‍ 12ഉം 17ഉം ഉള്‍പ്പെടുന്ന വിധത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷം. ഇതിനവര്‍ യൂനിറ്റി വീക്ക് അഥവാ ‘ഹഫ്‌തയെ വഹ്ദ' എന്നാണു പറയാറുള്ളത്. സുന്നിയെ സുന്നി യായും ശിയാ വിശ്വാസിയെ ശിയ ആയിക്കൊണ്ടുമുള്ള ഐക്യമാണ് ആ പരിപാടിയുടെ താല്‍പര്യം'' (സത്യധാര, 2015 ഡിസംബര്‍ 1-15, പേജ് 15).

മീലാദാഘോഷം, ജീലാനി അനുസ്മരണം, രിഫാഈ അനുസ്മരണം, സിദ്ദീഖ്(റ)വിന്റെ ആണ്ട്, ബറാഅത്ത് രാവ്, ബദ്‌റ് ദിനം, മഖാം ഉറൂസുകള്‍, ആണ്ട് നേര്‍ച്ചകള്‍, ചന്ദനക്കുടങ്ങള്‍, നഹ്‌സ് നോക്കല്‍ ഇതെല്ലാമാണ് സമസ്തയുടെ പുണ്യദിന ങ്ങള്‍. മതമായി ഒട്ടും പരിഗണിക്കാന്‍ പറ്റാത്ത ഇവയുടെ പോരിശകള്‍ എഴുതപ്പെട്ട പുസ്തകങ്ങളും മായ്ക്കപ്പെടാത്ത ഫത്‌വകളും ഇന്നും അവശേഷിക്കുന്നുണ്ട്. ഈ കാര്യങ്ങളില്‍ ഇവര്‍ക്കുള്ള ഐക്യം കേവലമായ ആരോപണമല്ല. അവരുടെ പണ്ഡിതന്മാര്‍ എഴുതിയത് കാണുക: ‘‘മീലാദുന്നബി പോ ലെയുള്ള പുണ്യാത്മാക്കളുടെ ജന്മദിനം ആഘോഷിക്കലും ചരമദിനം അനുസ്മരിക്കലും സുന്നീ ശിയാ വിശ്വാസ പ്രകാരം പുണ്യകര്‍മങ്ങളാണ്. മുഹര്‍റം പത്ത്, മിഅ്‌റാജ്, ബറാഅത്ത് എന്നിവയെല്ലാം പ്രാധാന്യപൂര്‍വം ശിയാക്കള്‍ ആഘോഷിക്കുന്നു'' (അല്‍മുബാറക്, പേജ് 5).

ക്വുര്‍ആന്‍ നല്‍കിയ താക്കീതാണ് ഇവരെ ഓര്‍മപ്പെടുത്താനുള്ളത്. അല്ലാഹു പറയുന്നു:  ‘‘അവര്‍ പ്രവര്‍ത്തിച്ച കര്‍മങ്ങളുടെ നേരെ നാം തിരിയുകയും നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും'' (25:23).

ഈ ആയത്തിനെ വിശദീകരിച്ച് ഇബ്‌നു കഥീര്‍ (റഹി)പറഞ്ഞു: ‘‘അന്ത്യനാളിലാണിതുണ്ടാവുക. അടിമകള്‍ ചെയ്ത നന്മതിന്മകള്‍ അടിസ്ഥാനമാക്കി അല്ലാഹു അവരെ വിചാരണ ചെയ്യുന്ന നേരം തങ്ങള്‍ക്ക് രക്ഷയാകുമെന്ന് മുശ്‌രിക്കുകള്‍ വിചാരിച്ചിരുന്ന കര്‍മങ്ങളില്‍നിന്ന് ഒന്നുംതന്നെ അവര്‍ക്ക് ലഭിക്കുകയില്ല എന്നാണ് അല്ലാഹു അറിയിക്കുന്നത്. ഒരു കര്‍മം സ്വീകാര്യമാകാന്‍ നിശ്ചയിക്കപ്പെട്ട നിബന്ധനകള്‍ അഥവാ ഇഖ്‌ലാസ്, ഇത്തിബാഅ് (പ്രവാചകാനുധാവനം) നഷ്ടപ്പെട്ടു എന്നതാണ് കാരണം. ഇവ പാലിക്കപ്പെടാത്തത്, അല്ലാഹു തൃപ്തിപ്പെട്ട മതനിയമത്തിന് യോജിച്ചതല്ലാത്തതിനാല്‍ നിരര്‍ഥകമാണ്. സത്യനിഷേധികളുടെ കര്‍മകള്‍ ഈ രണ്ടിലൊന്ന് ഇല്ലാത്തതായിരിക്കും. ചിലപ്പോള്‍ രണ്ട് നിബന്ധനയും ഇല്ലാത്തവയായിരിക്കും. അപ്പോള്‍ അതിന്റെ സ്വീകാര്യത കൂടതല്‍ വിദൂരത്താകും'' (തഫ്‌സീര്‍ ഇബ്‌നു കഥീര്‍, വാള്യം 3).

ഹുസൈന്‍(റ)വിന്റെ കൊലപാതകം യസീദ്ബ്‌നു മുആവിയ്യയുടെ കല്‍പന പ്രകാരമാണ്  ഉണ്ടായതെന്ന ശീഈ കള്ളക്കഥക്ക് പിന്നില്‍ കര്‍ബലയെ പരിശുദ്ധമാക്കപ്പെട്ട സ്ഥലമാക്കണമെന്ന ലക്ഷ്യമാണുള്ളത്. ഹുസൈന്‍(റ)വിന്റെ ക്വബ്റ് അവിടെ ഉണ്ടെന്നും അത് സിയാറത്ത് ചെയ്യുന്നവര്‍ക്ക് ഹജ്ജിന്റെയും ഉംറയുടെയും കൂലിയുണ്ടെന്നും സന്ദര്‍ശനം അറഫ ദിനത്തിലാണെങ്കില്‍ നബി ﷺ യോടൊപ്പം ആയിരക്കണക്കിന് ഹജ്ജ്, ഉംറ, ആയിരം അടിമ മോചനം, അത്രതന്നെ കുതിരകളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വഹിക്കല്‍ എന്നിങ്ങനെ കൂലി എഴുതപ്പെടുമെന്നുമൊക്കെ മുഹമ്മദ് ഇബ്‌നു ഹുസൈന്‍ അല്‍ ആലമിയുടെ ‘വസാഇലുശ്ശീഅ' എന്ന ഗ്രന്ഥത്തില്‍ കാണാം.

ഹുസൈന്‍(റ)വിന്റെ കൊല പാതക സംഭവത്തിന്റെ വസ്തുത ഇബ്‌നു തൈമിയ്യ(റ)യുടെ ‘മജ്‌മഉല്‍ ഫതാവ,' ഇബ്‌നുല്‍ അറബിയുടെ ‘അല്‍ അവാസ്വിമു മിനല്‍ഖവാസ്വിം,' അബ്ദുറഹ്‌മാന്‍ ഖമീസിന്റെ ‘ഹിഖ്ബതും മിനത്താരീഖ്' എന്നി ഗ്രന്ഥങ്ങളില്‍ വ്യക്തമാണ്.

സമസ്തക്കാര്‍ ഇതേ കള്ളക്കഥ പ്രചരിപ്പിച്ചും കര്‍ബലയില്‍ നടക്കുന്ന പച്ചയായ ശിര്‍ക്കിനെ ആവേശത്തോടെ എടുത്ത് പറഞ്ഞും ശിയാക്കളിലേക്ക് ലയിക്കുന്നത് കാണുക: ‘‘എനിക്ക് അഹ്‌ലുബൈത്തുമായി അത്രമാത്രം അടുപ്പവും സമ്പര്‍ക്കവുമുണ്ട്. നമ്മെ നിലനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തമായ ഘടകമാണത്. അതിനാല്‍ കര്‍ബും ബലാഉം കൂടി ചേര്‍ന്ന കര്‍ബലാ സംഭവം അത്ര നിസ്സാരമായ ഒന്നായി ഞാന്‍ കാണില്ല. അത് അഹ്‌ലുബൈത്തിനു വംശനാശം വരുത്താന്‍ വേണ്ടി ആവിഷ്‌കരിച്ച സംഭവമായിരുന്നു'' (സത്യധാര, 2015 ഡിസംബര്‍, പേജ് 19).

‘‘യാ ഹുസൈന്‍, യാ സിബ്‌ത്ത ന്നബി എന്ന് വിളിച്ച് മഖ്ബറക്കരികില്‍ തങ്ങളുടെ ആവശ്യങ്ങളും പ്രതിസന്ധികളും എണ്ണിപ്പറഞ്ഞു ചോദിക്കുകയാണ് ആയിരക്കണക്കിന് വിശ്വാസികള്‍. മുസ്‌ലിം ലോകം ആ തിരുസന്നിധിയില്‍ തീര്‍ക്കുന്ന പ്രവാചക സ്‌നേഹത്തിന്റെ പ്രകടനങ്ങള്‍ക്കു മുമ്പില്‍ ഞങ്ങള്‍ ഒന്നും അല്ലാതാവുന്നതു പോലെ തോന്നി. മൗലിദുകള്‍, പ്രവാചക പ്രകീര്‍ത്തനങ്ങള്‍, നശീദകള്‍, സ്വലാത്തുകള്‍, ക്വുര്‍ആന്‍ പാരായണം, സിയാറത്ത്, പ്രാര്‍ത്ഥന തുടങ്ങി സജീവമായ മഖ്ബറയും പരി സരവും ഇപ്പോഴും മനസ്സില്‍ ഒരു ആത്മസംതൃപ്തിയുടെ ഇടമായി നിലകൊള്ളുകയാണ്'' (അല്‍ഇര്‍ഫാദ് മാസിക, 2009 ഡിസംബര്‍, പേജ് 22).

അഹ്‌ലുബൈതിനെ സ്‌നേഹിക്കുന്നു എന്ന പേരില്‍ അതിരുവിട്ട  പ്രശംസയിലാണ് ശിയാ ക്കള്‍ എത്തിയത്. ഇവരുടെ ഇമാമുമാര്‍ പരലോകത്ത് അടിമകള്‍ക്ക് മേല്‍ അല്ലാഹുവിന്റെ സാക്ഷികളാണെന്നും, അവരുടെ അടുക്കല്‍ അല്ലാഹു ഇറക്കിയ മുഴുവന്‍ ഗ്രന്ഥങ്ങളും അവരുടെ ഭാഷയില്‍തന്നെ ഉണ്ടെന്നും, നബി ﷺ ക്കും നേതാക്കള്‍ക്കും രാവും പകലും അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ കാണിക്കപ്പെടുമെന്നും, അവര്‍ എല്ലാ വെള്ളിയാഴ്ച രാത്രിയും അര്‍ശിലേക്ക് മിഅ്‌റാജ് യാത്ര നടത്തി പുതിയ അറിവ് സ്വീകരിക്കുമെന്നും, എപ്പോഴാണവര്‍ മരിക്കുക എന്നത് അവര്‍ അറിയുമെന്നും, അതവര്‍ തെരഞ്ഞെടുക്കുമെന്നും തുടങ്ങി നിരവധി മതവിരുദ്ധമായ കാര്യങ്ങളാണ് 'ഉസൂലുല്‍ കാഫി' എന്ന ഗ്രന്ഥത്തില്‍ എഴുന്നള്ളിച്ചിട്ടുള്ളത്. ഇതെങ്ങനെ ഇസ്‌ലാമാകും ? പ്രാമാണികമായി ഇതിനെ നേരിട്ടവരെങ്ങനെ പുത്തന്‍ വാദികളും പിഴച്ചവരുമാകും?

ബദ്‌റ് മാല, മുഹ്‌യിദ്ദീന്‍ മാല, രിഫാഈ മാല, നഫീസത്ത് മാല, മമ്പുറംമാല, സി.എം മടവൂര്‍ കഥകള്‍, മന്‍ഖൂസ് മൗലിദ്, വഹ്ദത്തുല്‍ വുജൂദ്, മറ്റു ബൈ ത്തുകള്‍, ഏടുകള്‍ എന്നിവയിലൂടെയെല്ലാം പച്ചയായ ശിര്‍ക്കും കെട്ടുകഥകളും മതത്തിന്റെ ഭാഗമാണെന്ന് സ്ഥാപിക്കാന്‍ പരിശ്രമിക്കുന്ന സമസ്തക്കാരാണോ ശീഇകളെ നേരിടുന്നത്?

തങ്ങളുടെ ശീഈ ബാന്ധവം മൂടിവെച്ചുകൊണ്ട് ശീഇസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് തങ്ങള്‍ എന്ന് വരുത്തിത്തീര്‍ക്കുവാന്‍ സുന്നിവോയ്‌സ് ലേഖകന്‍ പണിപ്പെടുന്നത് കാണുക: ‘‘ആത്മീയതയുടെ പേരില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന ശീഈ ചിന്തകളെ വേരോടെ പിഴുതെറിയാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാര്‍ കാണിച്ച നിതാന്ത ജാഗ്രത അഭിമാനകരമാണെന്ന് പറയാതെ വയ്യ'' (സുന്നിവോയ്‌സ്, 2021 ഡിസംബര്‍, പേജ് 15).

ജനങ്ങളെ കബളിപ്പിക്കാന്‍ കഴിേഞ്ഞക്കാം, എന്നാല്‍ അല്ലാഹുവിനെ കബളിപ്പിക്കുവാന്‍ സാധ്യമല്ല എന്ന തിരിച്ചറിവുണ്ടായാല്‍ നന്ന്. ക്വുര്‍ആനിന്റെ മുന്നറിപ്പിനെ ഭയക്കണം. അല്ലാഹു പറയുന്നു: ‘‘ഓ, റസൂലേ; സത്യനിഷേധത്തിലേക്ക് കുതിച്ചുചെല്ലുന്നവര്‍ (അവരുടെ പ്രവൃത്തി) നിനക്ക് ദുഃഖമുണ്ടാക്കാതിരിക്കട്ടെ. അവര്‍ മനസ്സില്‍ വിശ്വാസം കടക്കാതെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് വായകൊണ്ട് പറയുന്നവരില്‍ പെട്ടവരാകട്ടെ, യഹൂദമതക്കാരില്‍ പെട്ടവരാകട്ടെ, കള്ളം ചെവിയോര്‍ത്ത് കേള്‍ക്കുന്നവരും നിന്റെ അടുത്ത് വരാത്ത മറ്റു ആളുകളുടെ വാക്കുകള്‍ ചെവിയോര്‍ത്തു കേള്‍ക്കുന്നവരുമാണവര്‍. വേദവാക്യങ്ങളെ അവയുടെ സന്ദര്‍ഭങ്ങളില്‍നിന്ന് അവര്‍ മാറ്റിക്കളയുന്നു. അവര്‍ പറയും: ഇതേ വിധിതന്നെയാണ് (നബിയുടെ പക്കല്‍നിന്ന്) നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതെങ്കില്‍ അത് സ്വീകരിക്കുക. അതല്ല നല്‍കപ്പെടുന്നതെങ്കില്‍ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക; വല്ലവന്നും നാശം വരുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അവന്നു വേണ്ടി അല്ലാഹുവില്‍നിന്ന് യാതൊന്നും നേടിയെടുക്കാന്‍ നിനക്ക് സാധിക്കുന്നതല്ല. അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക് ഇഹലോകത്ത് അപമാനമാണുള്ളത്. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും'' (5:41).