അനീതിയുടെ തടവറ ജീവിതങ്ങൾ

മുജീബ് ഒട്ടുമ്മൽ

2022 ഒക്ടോബർ 15, 1444 റബീഉൽ അവ്വൽ 18
നീതിയുടെ പാഠശാലകളല്ല, അനീതിയുടെ ഹോമകുണ്ഠങ്ങളാണ് ഇന്ത്യന്‍ ജയിലറകള്‍ എന്നാണ് അവിടെ നിന്ന് വീണുകിട്ടുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ജീവിത പ്രാരാബ്ധത്തിനിടയില്‍ കെണിയിലകപ്പെട്ട് അഗാധഗര്‍ത്തങ്ങളില്‍ ആപതിച്ചവര്‍, ഏമാന്‍മാരുടെ അഭിമാന സംരക്ഷണത്തിനായി കാരാഗൃഹങ്ങളുടെ അന്ധകാരങ്ങളിലേക്ക് ഊളിയിട്ടവര്‍, നിയമപാലകരുടെ തോന്നലുകളില്‍ കുറ്റം ചാര്‍ത്തപ്പെട്ട് ശിക്ഷാവിധിയില്‍ മനോവേദന അനുഭവിക്കുന്നവര്‍, കോടതി വ്യവഹാരങ്ങളിലെ വാചകക്കസര്‍ത്തുകളില്‍ നിര്‍ബന്ധിതരായി കുറ്റം ഏറ്റെടുത്ത് വലഞ്ഞവര്‍, സാഹചര്യത്തെളിവുകളെല്ലാം തങ്ങള്‍ക്ക് പ്രതികൂലമാണെന്ന് കല്‍പിച്ചുനല്‍കി നിയമവിധിക്ക് കീഴടങ്ങാന്‍ വിധിക്കപ്പെട്ടവര്‍, ഭരണകൂടത്തിന്റെ വിദ്വേഷത്തിന് കാരണമായി കുറ്റം അടിച്ചേല്‍പിക്കപ്പെട്ടവര്‍... ഇങ്ങനെ നിരപരാധികളായ അനേകായിരങ്ങള്‍ ജയിലറകളിലെ അന്ധകാരങ്ങളില്‍ കരിഞ്ഞുണങ്ങിക്കൊണ്ടിരിക്കുന്നു!

ഡൽഹിയിലെ റിതാലക്ക് സമീപം ചപ്പുചവറുകൾ കൊണ്ട് നിറഞ്ഞുനിന്ന ചേരിപ്രദേശത്ത് ഒറ്റമുറിയിൽ കഴിഞ്ഞിരുന്ന ഇർഷാദ് അലി എന്ന മുസ്‌ലിം യുവാവ്. ആറ് സഹോദരിമാരുണ്ടായിരുന്ന അദ്ദേഹം ഒരു കുടുംബത്തിന്റ അത്താണിയായിരുന്നു. ടാക്‌സി ഡ്രൈവറായിക്കൊണ്ടാണ് കുടുംബം പുലർത്തിയിരുന്നത്.

2001ലാണ് ഐ.ബി ഉേദ്യാഗസ്ഥൻമാരുടെയും പോലീസ് സ്‌പെഷ്യൽ സെല്ലിന്റയും ഇൻഫോർമറായി നിയമിതനായത്. ഭീകരവാദികൾക്കൊപ്പം ചേരണമെന്ന ഇന്റലിജന്റ് ബ്യൂറോ ഉദ്യോഗസ്ഥന്റെ നിർദേശം അനുസരിക്കാത്തതിെന്റ പേരിൽ ഭീകരവാദിയാക്കി അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. 2005 ഡിസംബർ 12ന് ഡൽഹിയിലെ ആഡംബര ഹോട്ടലുകളിലൊന്നിന് മുന്നിൽ ഒരു കാർ വന്നു നിറുത്തി. കാത്ത് നിൽക്കുകയായിരുന്ന അലി അതിൽ കയറി. കാറിൽ വർഷം 2000 മുതൽ വിവരങ്ങൾ കൈമാറിയിരുന്ന ഐബി ഉദ്യോഗസ്ഥനെ കണ്ടപ്പോൾ അഭിവാദ്യം ചെയ്യുകയും സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.

വർഷങ്ങളായി പരിചയമുള്ളവരും ജോലിയിൽ സഹകരിക്കുകയും ചെയ്തിരുന്ന ഐബി ഉദ്യോഗസ്ഥനോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിൽ ഇർഷാദലിക്ക് യാതൊരു അസ്വഭാവികതയും തോന്നിയില്ല. രണ്ട് ഉദ്യോഗസ്ഥരുടെയും നടുവിലിരുന്ന ഇർഷാദലിയുടെ തലക്ക് മുകളിലൂടെ കറുത്ത മുഖംമൂടി അണിയിച്ച് കൊടുത്തു. പിന്നീട് നഗരത്തിലെ ചില വീടുകളിൽ തടങ്കലിൽ പാർപ്പിച്ചു ചോദ്യം ചെയ്യാൻ തുടങ്ങി. 2006 ഫെബ്രുവരി 9ന് അലിയുടെ ബന്ധുവും മറ്റൊരു ഇൻഫോർമറുമായിരുന്ന ഖംറാനെയും അലിയെയും വടക്കൻ ഡൽഹിയിൽനിന്നും പിടിക്കപ്പെട്ട അൽബദർ ഭീകരവാദികൾ എന്ന പേരിൽ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി.

സ്‌ഫോടക വസ്തു വകുപ്പ് ഐപിസി 120 ബി, 121, 122 വകുപ്പുകൾ, ആംഡ് ആക്റ്റിന്റ സെക്ഷൻ 25 എന്നിവ പ്രകാരം അദ്ദേഹത്തിൽ കുറ്റം ചുമത്തി ഡൽഹി തീഹാർ ജയിലിലെ ജയിൽ നമ്പർ എട്ടിലെ വാർഡ് നമ്പർ അഞ്ചിൽ (ഹൈ റിസ്‌ക് വാർഡ്) സെൽ നമ്പർ പതിമൂന്നിൽ അടച്ചു. തീഹാർ ജയിലിലെ തീക്ഷ്ണമായ ജീവിതത്തിനിടയിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിംഗിന് ഒരു തുറന്ന കത്തെഴുതി. അതിൽ ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളും അദ്ദേഹം തുറന്നുപറയുന്നുണ്ട്.സുരക്ഷാ ഉദ്യോഗസ്ഥരുടെ കെണിയിൽനിന്നും നിരപരാധികളായ യുവാക്കളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഞാനീ കത്തെഴുതുന്നത് എന്ന് ഓർമിപ്പിച്ചാണ് ഈ എഴുത്ത് ആരംഭിച്ചിട്ടുള്ളത്. റാങ്കുകൾ നിലനിറുത്താനും അവാർഡുകൾ സ്വന്തമാക്കാനും ഉന്നത പദവികളിലേക്ക് ചേക്കാറാനും വേണ്ടി പോലീസ് സ്‌പെഷ്യൽ സെൽ ഐബി ഉദ്യോഗസ്ഥൻമാർ നിരപരാധികളും തൊഴിൽരഹിതരും അഭ്യസ്തവിദ്യരുമായ യുവാക്കളെ ഭീകരവാദികളാക്കി വേട്ടയാടി കാരാഗൃഹത്തിലടക്കുന്ന കഥകളാണ് അതിൽ വരച്ചിട്ടത്. അതിനുവേണ്ടി നിസ്സാരമായ പ്രതിഫലം നൽകി ഒരുപറ്റം യുവാക്കളെ ഒരുക്കിനിറുത്തിയിട്ടുണ്ടത്രെ. നഗരത്തിലെവിടെയെങ്കിലും വാടക വീട്ടിൽ താമസിക്കാൻ അവരോട് ആവശ്യപ്പെടും. തൊഴിൽരഹിതരായ യുവാക്കളെ കണ്ടെത്തി അവരോട് അടുക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യും. അവരിൽ നിന്നും എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്നവരെ ഉൾപെടുത്തി ഒരു ഗ്രൂപ്പുണ്ടാക്കും. ആയുധങ്ങൾ ശേഖരിച്ച് ഇവർക്ക് നൽകി കൊള്ളക്ക് ഇറങ്ങാൻ ഇവരെ പ്രേരിപ്പിക്കും. കാർ മോഷ്ടാക്കളിൽനിന്നും പിടിച്ചെടുത്ത ഒരു വാഹനം സ്‌പെഷ്യൽ സെൽ രഹസ്യമായി ഇവർക്ക് എത്തിച്ച് നൽകും. സ്‌പെഷ്യൽ സെൽ ഏജന്റിൽ പൂർണമായി വിശ്വാസമർപ്പിക്കുന്ന യുവാക്കൾ ഒരു ഓപ്പറേഷന് ഇറങ്ങിത്തിരിക്കും. പോലീസ് മുമ്പേ അവിടെ എത്തിയിരിക്കും. ഇവരെയെല്ലാം പിടികൂടുകയും അവരെ ഇതിലേക്ക് തന്ത്രപൂർവം എത്തിച്ച എജന്റിനെ പിടികൂടാതെ ഒഴിവാക്കുകയും ചെയ്യും.

അപ്പോഴേക്കും ഇതിന്റ പിന്നിലെ ബുദ്ധികേന്ദ്രങ്ങളായ ഉദ്യോ ഗസ്ഥൻമാർക്ക് മെഡലുകളും ധീരതയ്ക്കുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ടാകും. കെട്ടിച്ചമച്ച കഥകൾകൊണ്ട് ഇന്റലിജന്റ് ബ്യൂറോ മാധ്യമങ്ങളെയും സർക്കാറിനെയും തൃപ്തിപ്പെടുത്തും.

കുടുംബത്തിന്റ പ്രതീക്ഷയായ ഓരോ യുവാവും എന്നെന്നേക്കുമായി കാരാഗൃഹത്തിലടക്കപ്പെടുകയും, വഞ്ചിക്കപ്പെട്ടു എന്നറിയുമ്പോഴുള്ള അവരുടെ ദയനീയതയും നിസ്സഹായതയും കുടുംബങ്ങളുടെ കണ്ണുനീരും കണ്ടപ്പോൾ ഇർഷാദ് അലിയുടെ മനം മടുത്തു. അയാൾ ഈ ഉദ്യമത്തിൽനിന്ന് മാറിനിൽക്കാൻ ശ്രമിച്ചപ്പോഴാണ് ഐബി ഭീകരവാദിയാക്കി ജയിലിലടച്ചത്. 2005ലെ ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച യഥാർഥ പ്രതികളെ പിടിക്കാൻ പോലീസിന് കഴിയാതിരുന്നപ്പോൾ തന്നെ ബലിയാടാക്കിയതാണെന്നാണ് ഇർഷാദ് അലി വിശ്വസിക്കുന്നത്. അലിക്കെതിരെ സ്‌പെഷ്യൽ സെല്ല് ചുമത്തിയ കുറ്റം അന്വേഷിക്കാൻ സന്തോഷ് കുമാറിന്റ നേതൃത്വത്തിൽ സിബിഐയെ ചുമതലപ്പെടുത്തി. സത്യസന്ധവും വസ്തുനിഷ്ഠവുമായ അന്വേഷണത്തിനൊടുവിൽ അലിക്കെതിരെയുളള കുറ്റാരോപണങ്ങളിൽ തെളിവുകൾ അപര്യാപ്തമാണെന്നു പറഞ്ഞും അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ശുപാർശ ചെയ്ത് കൊണ്ടും സിബിഐ റിപ്പോർട്ട് സമർപ്പിച്ചതുകൊണ്ട് 2009ൽ അദ്ദേഹത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2016 ഡിസംബറിൽ കുറ്റവിമുക്തനാവുകയും ചെയ്തു.

അനീതിയുടെ തടവറകളിൽ ഇങ്ങനെ അനേകായിരം ജീവിതങ്ങൾ ഹോമിക്കപ്പെടുന്നുണ്ട്. ആരുടെയോ ജീവിതാഭിലാഷങ്ങൾക്കുവേണ്ടി ഇരുട്ടറയിലേക്ക് വലിച്ചെറിയപ്പെട്ടവർ, ജീവിതത്തിന്റ രണ്ടറ്റവും കൂട്ടിയിണക്കുന്നതിന് വേണ്ടിയുള്ള ഓട്ടപ്പാച്ചിലിനിടയിൽ കെണിയിലകപ്പെട്ട് അഗാധ ഗർത്തങ്ങളിൽ ആപതിച്ചവർ, ഏമാൻമാരുടെ അഭിമാന സംരക്ഷണത്തിനായി അവരുടെ പാപഭാരവും പേറി കാരാഗൃഹങ്ങളുടെ അന്ധകാരങ്ങളിലേക്ക് ഊളിയിട്ടവർ, നിയമപാലകരുടെ തോന്നലുകളിൽ കുറ്റം ചാർത്തപ്പെട്ട് ശിക്ഷാവിധിയിൽ മനോവേദന അനുഭവിക്കുന്നവർ, കോടതി വ്യവഹാരങ്ങളിലെ വാചകക്കസർത്തുകളിൽ നിർബന്ധിതരായി കുറ്റം ഏറ്റെടുത്ത് വലഞ്ഞവർ, സാഹചര്യത്തെളിവുകളെല്ലാം തങ്ങൾക്ക് പ്രതികൂലമാണെന്ന് കൽപിച്ചുനൽകി നിയമവിധിക്ക് കീഴടങ്ങാൻ വിധിക്കപ്പെട്ടവർ, നിയമപാലകരുടെ വിദ്വേഷത്തിന് കാരണമായി കുറ്റം അടിച്ചേൽപിക്കപ്പെട്ടവർ... ഇങ്ങനെ നിരപരാധികളായ അനേകായിരങ്ങൾ ജയിലറകളിലെ അന്ധകാരങ്ങളിൽ കരിഞ്ഞുണങ്ങിക്കൊണ്ടിരിക്കുന്നു!

നിയമങ്ങളിൽ ജീവിതം പൊലിയുന്നവർ

1980ൽ ഡൽഹിയിലും പരിസരങ്ങളിലും നടന്ന ബോംബുസ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം പഞ്ചാബിലെ ഖാലിസ്ഥാനി ഗ്രൂപ്പുകൾക്കായിരുന്നു. അതിനെത്തുടർന്ന് തീവ്രവാദ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി 1985 മുതൽ 1995 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമമായിരുന്നു ടെററിസ്റ്റ് ആന്റ് ഡിസ്രപ്റ്റീവ് ആക്റ്റ് (തീവ്രവാദ വിധ്വംസക പ്രവർത്തന നിരോധന നിയമം) അഥവാ ടാഡ.

ഈ കരിനിയമത്തിന്റ പേരിൽ ധാരാളം നിരപരാധികളെ ജയിലിലടച്ച് പീഡിപ്പിച്ചിട്ടുണ്ട്. ഏകദേശം എഴുപത്തയ്യായിരത്തോളം ആളുകളെയാണ് ഈ നിയമത്തിലൂടെ ജാമ്യം പോലും നിഷേധിച്ച് ജയിലിലടച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ നിയമത്തിന്റ പേരിലുള്ള പോലീസ് പീഡനങ്ങളും മർദനങ്ങളും അതിഭീകരമായിരുന്നുവത്രെ! എന്തിനാണ് തങ്ങൾ അറസ്റ്റ് ചെയ്യപ്പെട്ടതെന്നോ തങ്ങൾക്കെതിരെയുള്ള കേസുകൾ എന്താണെന്നോ പോലും അറിയാനാകാതെ പോലീസിന്റെ പീഡനങ്ങളേൽക്കേണ്ടി വന്നു. പോലീസ് ഭീകരത നിറഞ്ഞാടിയ സന്ദർഭമായിരുന്നു അത്. ആരെയും അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനും പോലീസിന് അധികാരം നൽകുന്ന ഈ നിയമം കാരണം ധാരാളം നിരപരാധികളുടെ ജീവിതമാണ് തകർന്നത്. രാഷ്ട്രിയക്കാരാവട്ടെ തങ്ങളുടെ പ്രതിയോഗികളെ തകർത്തെറിയാനുള്ള അവസരമായി ഇത് ഉപയോഗിച്ചു. സംസാരത്തിലെ വാക്കുപിഴവ് പോലും ടാഡയിലൂടെ ഭീകരക്കുറ്റമായി വ്യാഖ്യാനിക്കപ്പെട്ടു. പഞ്ചാബ് ഹൈക്കോടതിയിൽനിന്നും റിട്ടയർ ചെയ്ത ജസ്റ്റിസ് അജീസിംഗ് ബെയിൻസ്റ്റൻ വാക്കുപിഴവിലൂടെ ഈ നിയമം കൊണ്ട് ശിക്ഷിക്കപ്പെട്ട ദുരന്തനായകനാണെന്ന് അദ്ദേഹത്തിന്റ അനുഭവക്കുറിപ്പിൽ വായിക്കാനാകും. ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ ടാഡ എന്ന കരിനിയമം 1995ൽ പിൻവലിക്കുകയുണ്ടായി

2001 സെപ്തംബർ 11ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തോടെ ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെയുള്ള നിയമനിർമാണത്തിലൂടെ ജാഗ്രത കൈകൊള്ളാൻ രാജ്യം നിർബന്ധിതരായി. അമേരിക്കൻ പ്രസിഡൻറ് ജോർജ് ബുഷ് അഫ്ഗാനിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ഇതര രാഷ്ട്രങ്ങളുടെ ഐക്യദാർഢ്യത്തിനായി ലോകത്തോട് ആവശ്യപ്പെട്ടു. ഈ ഉദ്യമത്തിന് പങ്കാളികളാകാത്തവരെ അമേരിക്കയുടെ ശത്രുവായി മുദ്രകുത്തി.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ അമേരിക്കക്കും ബുഷിനും ഒപ്പമാണെന്ന് ലോകത്തെ അറിയിക്കുവാനായി തീവ്രവാദവിരുദ്ധ നിയമമായി പോട്ട (Prevention of Terrorist Activites Act) സ്ഥാപിക്കപ്പെട്ടത്. 2002ൽ ബിജെപിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ദേശീയ ജനാധിപത്യ സഖ്യം എന്ന കൂട്ടുകക്ഷി ഗവൺമെന്റാണ് ഈ നിയമം കൊണ്ടുവന്നത്. 2004ൽ റദ്ദാക്കപ്പെട്ട പ്രസ്തുത നിയമം അനുസരിച്ച് ആരെയും അറസ്റ്റ് ചെയ്യാനുള്ള സൗകര്യമായി. അസംഖ്യം ജനങ്ങൾ ഈ നിയമത്തിന്റെയും ഇരകളായി. തീവ്രവാദമെന്തെന്ന് പോലും അറിയാത്ത നിഷ്‌കളങ്കരും നിരപരാധികളുമാണ് ഭീകരവാദികളായി ചിത്രീകരിച്ച് അറസ്റ്റുചെയ്യപ്പെട്ടത്. അഭ്യന്തര അസ്വസ്ഥതകളോ സംഘർഷങ്ങളോ നിയന്ത്രിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളെ സഹായിക്കാൻ സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്നതിനായാണ് അഫ്‌സ്‌പ അഥവാ ആംഡ് ഫോഴ്‌സസ് സ്‌പെഷ്യൽ പവേഴ്‌സ് നിയമം കൊണ്ടുവന്നത്. 1942 ആഗസ്റ്റ് 15ന് ബ്രിട്ടീഷ് സർക്കാറാണ് ഈ ഓർഡിനൻസ് പ്രഖ്യാപിക്കുന്നത്. സ്വാതന്ത്ര്യാനന്തരം തുടർന്ന സംഘർഷങ്ങളും ഇതര പ്രശ്‌നങ്ങളും കണക്കിലെടുത്ത് നിയമം തുടരാൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിക്കുകയായിരുന്നു. 1958ൽ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് ഓർഡിനൻസിൽ ഒപ്പുവെച്ചതോടെയാണ് ഇത് നിയമമായി മാറിയത്. ആദ്യം അസമിലും പിന്നീട് ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് നടപ്പാക്കിയത്. തീവ്രവാദി ഭീഷണി പരിഗണിച്ച് ജമ്മു കാശ്മീരിലും പഞ്ചാബിലും നിയമം പ്രാബല്യത്തിൽ വരികയുണ്ടായി.

ഇന്ത്യൻ ആർമി, എയർഫോഴ്‌സ്, കേന്ദ്ര സായുധ പാരാമിലട്ടറി സേനകൾ എന്നിവയ്ക്ക് അസാധാരണമായ അധികാരങ്ങളും നിയമ പരിരക്ഷയും ഈ നിയമം നൽകുന്നു. നാഗാലാന്റിലെ നിരപരാധികളായ ധാരാളം ഖനി തൊഴിലാളികളെയാണ് ഈ നിയമത്തിന്റ തണലിൽ സൈന്യം വെടിവെച്ച് കൊന്നത്. മണിപ്പൂർ സംസ്ഥാനത്തുനിന്ന് ഈ നിയമം പൂർണമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് 16 വർഷം നിരാഹാര സമരം നടത്തിയ കവയിത്രിയും സന്നദ്ധ പ്രവർത്തകയുമായ ഇറോം ചാനു ശർമ്മിളയുടെ പ്രവർത്തനങ്ങൾ ഈ രംഗത്ത് ഏറെ ശ്രദ്ധേയമാണ്.

തടവറയൊരുക്കി യുഎപിഎയും

രാജ്യത്തിന്റ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശത്തിന്റ അഖണ്ഡത നിലനിറുത്തുന്നതിനുമായി ദേശീയോദ്ഗ്രഥന കൗൺസിൽ നിയമിച്ച കമ്മിറ്റി 1963ൽ നൽകിയ ശുപാർശ പ്രകാരം The Unlaw-ful Activities Privention Act അഥവാ UAPA ഇന്ത്യൻ പാർലമെന്റിൽ അതേ വർഷംതന്നെ അവതരിപ്പിക്കപ്പട്ടു. ഈ നിയമത്തിലൂടെ ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശം, സമാധാനപരമായും നിരായുധരായും ഒത്തുചേരാനുള്ള അവകാശം, സംഘടിക്കാനുള്ള അവകാശം എന്നിവയ്ക്കുമേൽ ഭരണകൂടത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള അധികാരം നൽകുന്നു. ഭരണ കൂടത്തിന് രാജ്യസുരക്ഷയുടെ പേരിൽ ഭരണഘടനയ്ക്കും മറ്റു നിയമങ്ങൾക്കും അതീതമായ അധികാരവും നൽകുന്നുണ്ട്. 1967ൽ പാർലമെന്റിലെ ഇരുസഭകളും പാസ്സാക്കിയ ഈ നിയമം അതേ വർഷം ഡിസംബർ 30ന് രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു. ശേഷമുള്ള വർഷങ്ങളിൽ ഈ ബില്ലിൽ കടുപ്പമേറിയ ഭേദഗതി വരുത്തുകയുണ്ടായി. 2008ലെ ഭേദഗതിക്ക് ശേഷമാണ് യുഎപിഎ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത്. ഭരണകൂടത്തിന്റ അമിതാധികാര പ്രയോഗത്തിൽ ഇരകളാക്കപ്പെട്ട ആയിരക്കണക്കിനാളുകൾ (അതിൽ ഏതാണ്ടെല്ലാവരും നിരപരാധികളായവർ) ജയിലിലടക്കപ്പെടുകയുണ്ടായി. മുംബൈ ഭീകരാക്രമണത്തിനുശേഷം ഭേദഗതി ചെയ്യപ്പെട്ട ഈ നിയമം രാജ്യത്ത് നിലനിൽക്കുന്ന എല്ലാ ക്രിമിനൽ നിയമങ്ങൾക്കുമെതിരാണ്. യുഎപിഎ പ്രകാരം കുറ്റം ചെയ്തിരിക്കുന്നുവെന്ന് ഏതെങ്കിലും വ്യക്തിയോ രേഖയോ നൽകുന്ന വിവരം, അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തിപരമായി നൽകുന്ന വിവരം എന്നിവ അനുസരിച്ച് ഏതൊരാളെയും തിരയാനും അയാളുടെ വസ്തുവകകൾ പിടിച്ചെടുക്കാനും അറസ്റ്റ് ചെയ്യാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. അറസ്റ്റ് ചെയ്യപ്പെട്ടയാളാണെങ്കിൽ യുഎപിഎ യുടെ 43 ഡി (2) വകുപ്പ് പ്രകാരം പ്രാഥമിക തടങ്കലിൽ വെക്കാനുള്ള കാലയളവ് 180 ദിവസവുമാണ്. ഈ നിയമമനുസരിച്ച് കുറ്റാരോപിതനാണെങ്കിൽ നിരപരാധിയാണെന്ന് തെളിയിക്കേണ്ടത് അവൻ സ്വയം തന്നെയാണെന്നതാണ് ഇതിന്റ മറ്റൊരു കെണി!

ഈ നിയമത്തിന്റ കെണിയിൽ പെട്ട് ഇന്നും കാരാഗൃഹത്തിന്റ ഇരുട്ടറകളിൽ സമയം തള്ളിനീക്കുന്ന അനേകായിരമുണ്ടെന്നത് നൊമ്പരപ്പെടുത്തുന്ന കാര്യമാണ്.

യുഎപിഎ തടവറ ജീവിതങ്ങൾ

അകാരണമായ തടവിനും നീതിനിഷേധത്തിനും മറ്റു മനുഷ്യാവകാശ ലംഘനങ്ങങ്ങൾക്കും യുഎപിഎ കാരണമാകുന്നുണ്ട്. എതിർശബ്ദങ്ങളെ മുഴുവൻ അടിച്ചമർത്താനുള്ള ഭരണകൂട തന്ത്രമായി ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നിരപരാധികളായ മനുഷ്യരെ വർഷങ്ങളോളം തടവിലിടാനുള്ള ഭീകരവിരുദ്ധ നിയമങ്ങളുടെ തുർച്ചയാണിതെന്ന വിമർശനവുമുണ്ട്.

2017 ഡിസംബർ 31ന് പൂനെയിൽ നടന്ന എൽഗാർ പരിഷത്തിൽ അക്രമത്തിന് ആളുകളെ പ്രേരിപ്പിച്ചു, സർക്കാറിനെതിരെ ഗൂഢാലോചന നടത്തി, മാവോയിസ്റ്റ് ബന്ധം എന്നിവ ആരോപിച്ച് പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ആനന്ദ് തെൽതുംബ്ദേയെ യുഎപിഎ നിയപ്രകാരം തടവിലാക്കിയിട്ടുണ്ട്. ഡോ.അംബേദ്കറുടെ കൊച്ചുമകളെയാണ് അദ്ദേഹം വിവാഹം ചെയ്തിരുന്നത്. ഇന്ത്യയിലെ പ്രമുഖനായ ദളിത് മാർക്‌സിസ്റ്റ് ചിന്തകൻ കൂടിയാണദ്ദേഹം.

മനുഷ്യാവകാശ പ്രവർത്തകനായ ഗൗതംനവലാഖയും യുഎപിഎ നിയമത്തിന്റ ഇരയാണ്. അധ്യാപകരായ സായി ബാബ, ഹാനി ബാബു, സാമൂഹിക പ്രവർത്തകനും മലയാളിയുമായ റോണാവിൽസൻ, അഭിഭാഷകരായ സുധാ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്‌ലിങ്ങ് എന്നിവർ സംഘപരിവാര രാഷ്ട്രീയത്തോടുള്ള വിയോജിപ്പിന്റ ഫലമായി യുഎപിഎ നിയമം ചുമത്തപ്പെട്ട പ്രതികാര രാഷ്ട്രീയത്തിന്റ ഇരകളാണ്. ഇന്ത്യൻ ഭരണം ബിജെപിയുടെ കരങ്ങളിലായതോടെ ഈ നിയമം ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ഉപകരണമായി. ധാരാളം നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാർ കാരാഗൃഹങ്ങളിൽ അടക്കപ്പെട്ടിരിക്കുകയാണ്. മലയാളി മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പൻ തന്റ ജോലിയുടെ ഭാഗമായി, യുപിയിലെ ഹഥ്‌റസിൽ ക്രൂരമായ ബലാൽസംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്ത ദളിത് പെൺകുട്ടിയുടെ കൊലപാതകക്കേസ് അന്വേഷിക്കാനെത്തിയതായിരുന്നു. 2020 ഒക്ടോബർ 5ന് യുപി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തി തടവിലിടുകയും ചെയ്തു.

2020 നവംബർ 16ന് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ ഹർജി സമർപിച്ചതിനെ തുടർന്ന് കോടതി യുപി സർക്കാറിനും പോലീസിനും നോട്ടീസ് അയച്ചു. 6 മാസത്തിനിടെ ഏഴ് ഹേബിയസ് കോർപ്പസ് ഹർജികൾ ഫയൽ ചെയ്തിട്ട് പോലും അജ്ഞാതമായ കാരണങ്ങളാൽ കേസ് തീർപ്പാക്കാനായില്ല. കേസിന്റെ നിജസ്ഥിതി അറിയണമെങ്കിൽ ഈ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ വാദവും പ്രതി വാദവും ശ്രദ്ധിച്ചാൽ മതി. അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിക്കാൻ അവകാശമുണ്ടായിരിക്കെ ഇരക്ക് നീതി കിട്ടാൻ ശബ്ദമുയർത്തുന്നത് ഇന്ത്യയിൽ കുറ്റകൃത്യമാണോ എന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് യുപി സർക്കാറിനോട് ചോദിക്കുന്നുണ്ട്. ഇരക്ക് നീതികിട്ടാൻ ആവശ്യമായ ആശയം പ്രചരിപ്പിക്കുന്നതും അതിനായി ഒന്നായി പൊതുശബ്ദമുയർത്താമെന്ന് ഒരാൾ കരുതുന്നതും ഇന്ത്യയിൽ കുറ്റമാണോ എന്നും ചോദിക്കുന്നുണ്ട്.

കേരളത്തിൽ അറിയപ്പെട്ട വലതുപക്ഷ നിരീക്ഷക‌െന്റ സംസാരത്തിൽനിന്ന് കാപ്പൻ കേസിന്റെ വസ്തുതയെ വായിച്ചെടുക്കാനാകും. അദ്ദേഹം കാപ്പന്റ ഭാര്യയെ ഉപദേശിക്കുന്നതിങ്ങനെയാണ്:

‘ദലിത്-മുസ്‌ലിം ഐക്യം എന്ന പ്രത്യയശാസ്ത്രത്തിലൂന്നി പ്രവർത്തിക്കുന്ന ആളാണ് സിദ്ദീഖ് കാപ്പൻ. എന്നാൽ ബ്രാഹ്‌മണ മുന്നാക്ക സമുദായത്തിന്റെ നിയന്ത്രണത്തിലാണ് ഇന്ത്യയിലെ ഡീപ് സ്‌റ്റേറ്റ്. സവർണർക്കെതിരായ ദലിത്-മുസ്‌ലിം യോജിപ്പ് എന്ന പദ്ധതി അവർ വെച്ചുപൊറുപ്പിക്കില്ല. അതിനാൽതന്നെ, കാപ്പന്റെ മോചനം അത്ര എളുപ്പമല്ലത്രെ!’

യുപി ഗവൺമെന്റ് പ്രോസിക്യൂട്ടറുടെ വാദങ്ങൾ സുപ്രീം കോടതി തള്ളുകയും യുപി സ്വദേശികൾ ജാമ്യക്കാരായി വേണമെന്ന വ്യവസ്ഥയിൽ അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ലഖ്‌നൗ സർവകലാശാല മുൻ വിസി പ്രൊഫസർ രൂപ് രേഖ വർമ ജാമ്യത്തിനായി മുന്നോട്ടുവന്നത് ഇന്ത്യയുടെ മതനിരപേക്ഷത നെഞ്ചോട് ചേർത്തവർക്ക് ഏറെ ആവേശമുളവാക്കുന്നതാണ്. ഇ.ഡിയുടെ കേസിൽ അദ്ദേഹത്തിന് പുറത്തിറങ്ങാനായിട്ടില്ലെന്ന ആശങ്കയും ഉണ്ട്. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ കാപ്പന്റെ പ്രശ്‌നങ്ങൾ സമൂഹത്തിലവതരിപ്പിക്കപ്പെട്ടുവെങ്കിലും അറിയപ്പെടാത്ത നിരപരാധികൾ എത്രയോ കാരാഗൃഹത്തിന്റ ഇരുട്ടറയിൽ ഞെരുങ്ങിക്കഴിയുന്നുണ്ടാകാം.

മാലേഗാവ്, സംഝോതാ എക്‌സ്പ്രസ്, മെക്ക മസ്ജിദ്, അജ്മീർ സ്‌ഫോടന പരമ്പരയിലെ കുപ്രസിദ്ധ ആസൂത്രണങ്ങൾ സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലും നിരപരാധികളായ മുസ്‌ലിം യുവാക്കളുടെ തടവറ ജീവിതത്തെക്കുറിച്ചാണ്.

സഹതടവുകാരനും നിരപരാധിയുമായി കലീം എന്ന മുസ്‌ലിം യുവാവിന്റ സൽസ്വഭാവവും പെരുമാറ്റവുമാണ് അയാളെ കുറ്റം ഏറ്റുപറയാൻ നിർബന്ധിതനാക്കിയത്. മാലേഗാവ്, മെക്ക മസ്ജിദ് സ്‌ഫോടനങ്ങൾ ആ സാധുവായ യുവാവിൽ ആരോപിച്ച് കാരാഗൃത്തിലടച്ചതായിരുന്നു.

തടവറകളിലെ മലയാളി സാന്നിധ്യം

ടൈംസ് ഓഫ് ഇന്ത്യയുടെ 2019 ലെ റിപ്പോർട്ടിൽ കേരളത്തിലെ യുഎപിഎ കേസുകളുടെ എണ്ണം 151 ആണെന്ന് അവകാശപ്പെടുന്നുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ യുഎപിഎ പ്രകാരം കേസെടുത്ത സംസ്ഥാനം കേരളമാണെന്ന് അവകാശപ്പെടുന്നുണ്ട്. ‘എല്ലാ ഭരണകൂടവും സ്വേഛാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈഗോകളാണ് നിരപരാധികളെ തടവിലാക്കുന്നത്.’ ഈയടുത്ത് മാവോയിസ്റ്റാണെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട അലൻ ശുഐബിന്റ മാതാവിന്റ വാക്കുകളാണിത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ദേശത്തെ കോണിയത്ത് സകരിയ്യ 12 വർഷമായി ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞ് കൂടുന്നു. 2008ൽ ബെംഗളുരു സ്‌ഫോടനക്കേസിൽ എട്ടാം പ്രതിയായി ആരോപിക്കപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. തിരൂരിലെ മൊബൈൽ കടയിൽ ജോലി ചെയ്തിരുന്ന സകരിയ്യ ബെംഗളുരു സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബുകൾക്കാവശ്യമായ മൈക്രോ ചിപ്പുകൾ നിർമിക്കാൻ മറ്റു പ്രതികളെ സഹായിച്ചുവെന്നാണ് ആരോപണം. കർണാടക പോലിസ് ചോദ്യം ചെയ്ത് വിട്ടയക്കാമെന്ന ഉറപ്പിലാണ് കസ്റ്റഡിയിലെടുക്കുന്നത്. യുഎപിഎ അടക്കമുളള നിയമ പ്രകാരമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിഷ്‌കളങ്കനായ, 18 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സകരിയ്യയിൽനിന്ന് അത്തരം കുറ്റങ്ങൾ വരാൻ ഒരു സാധ്യതയുമില്ലെന്ന് അവന്റെ സുഹൃത്തുക്കളും നാട്ടുകാരും ആണയിട്ട് പറയുന്നുണ്ട്. എൻഐഎ അവ‌െന്റമേൽ കുറ്റം ചുമത്തുമ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കാനേ എല്ലാവർക്കും കഴിഞ്ഞുള്ളൂ. 12 വർഷങ്ങൾക്കിടയിൽ രണ്ടുതവണ മാത്രമാണ് അവന് വീട്ടിലേക്ക് വരാനായത്. ഒന്ന് ജ്യേഷ്ഠന്റെ കല്യാണത്തിനും മറ്റൊരിക്കൽ ആ ജ്യേഷ്ഠന്റെതന്നെ മരണാനന്തരവും. ഏതായിരുന്നാലും അവനെതിരെ ആരോപിക്കപ്പെട്ട കുറ്റത്തിന് സാക്ഷികളായി പോലീസ് കൊണ്ടുവന്ന രണ്ട് പേരും ഇത് വ്യാജമാണെന്ന് പറഞ്ഞ് നിഷേധിക്കുന്നുണ്ട്. ഈ കേസിലെ ആദ്യ സാക്ഷി നിസാമുദ്ദീൻ എന്ന യുവാവാണ്. കർണാടക പോലീസ് കന്നട ഭാഷയിലെ ഒരു പ്രസ്താവന നിസാമുദ്ദീന് നൽകി ഒപ്പിടാനാവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കന്നട ഭാഷ വശമില്ലാത്തതിനാൽ അെതന്താണെന്നന്വേഷിച്ചപ്പോൾ കൂ ടെയുണ്ടായിരുന്ന പരപ്പനങ്ങാടി എസ്‌ഐ ഷറഫദ്ദീന്റ ഫോൺ ഞാനാണ് ഉപയോഗിക്കുന്നതെന്ന പ്രസ്താവന മാത്രമാണതെന്ന് പറയുകയായിരുന്നുവത്രെ! അങ്ങനെയാണ് കേസിലെ ആദ്യ സാക്ഷിയാകുന്നതും ഒപ്പിടുന്നതുമെല്ലാമെന്ന് ഷറഫുദ്ദീൻ പറയുന്നുണ്ട്.

രണ്ടാമത്തെ സാക്ഷിയായി കർണാടക പോലീസ് അവതരിപ്പിച്ചത് ഹരിദാസ് എന്നയാളെ ആയിരുന്നു. സകരിയ്യയെ നേരിൽ കണ്ടിട്ടില്ലാത്ത ഹരിദാസിന്റ വ്യാജമൊഴി പോലീസ് സൃഷ്ടിച്ചതായിരുന്നുവെന്ന് പിന്നീട് ഹരിദാസ് തന്നെ വെളിപ്പെടുത്തിയിരുന്നു. പോലീസ് റെക്കോർഡിലെ മൊഴി താൻ നൽകിയതല്ലെന്ന് പറഞ്ഞ ഹരിദാസ്, കേസന്വേഷണത്തിനിടയിൽ തന്നോട് സംസാരിക്കുന്നതിനിടെ ചില പ്രാഥമിക വിവരങ്ങൾ കർണാട പോലീസ് ചോദിച്ചിരുന്നു എന്നും ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ സൗഹാർദത്തോടുകൂടിത്തന്നെയാണ് ജീവിക്കുന്നതെന്നായിരുന്നു അന്നവരോട് പറഞ്ഞതെന്നും ഹരിദാസ് സാക്ഷ്യപ്പെടുത്തുന്നു. ഇതെല്ലാം പുറത്ത് പറഞ്ഞിട്ടും പിന്നെയെന്തിനാണ് സക്കരിയയെ വേട്ടയാടുന്നതെന്ന കുടുംബങ്ങളുടെയും നാട്ടുകാരുടെയും ചോദ്യം പ്രസക്തമാണ്.

എല്ലാ വിചാരണത്തടവുകാരെയും വിചാരണക്കെടുത്ത് പെട്ടെന്ന് നീതി നടപ്പിലാക്കുകയാണ് വേണ്ടത്. പച്ചയായി വർഗിയതക്ക് വേണ്ടി വിഷം വമിക്കുന്ന വാക്കുകൾകൊണ്ട് സമൂഹത്തെയും രാഷ്ട്രത്തെയും മുറിപ്പെടുത്തുന്ന ധാരാളം ആളുകൾ പുറത്തിറങ്ങി നടക്കുമ്പോഴും ചിലരെ മാത്രം താഴിട്ട് പൂട്ടുന്നത് ജനാധിപത്യ രാജ്യത്തെ ഏറ്റവും വലിയ അനീതിയാണ്. പക്ഷപാതിത്വമാണ്. ഭരണകൂട ഭീകരതയാണ്.

തിരിച്ചറിയേണ്ട കാര്യങ്ങൾ

അനീതിയുടെ തടവറകളിൽ ജീവിതം ഹോമിക്കപ്പെടേണ്ടിവരുന്നവരുടെ സാഹചര്യങ്ങൾ ചർച്ചയാക്കണം.

പോലീസ്, ഐബി ഉദ്യോഗസ്ഥൻമാരുടെ ഗ്രെയ്ഡ് ഉയർത്തുന്നതിന് വേണ്ടി കെട്ടിയുണ്ടാക്കപ്പെടുന്ന മിഥ്യാകഥകളിൽ ജീവിതം തടവറക്കകത്തായവരുണ്ട്. ഭീകരവാദങ്ങളുടെ പരിണതിയിൽ ഉണ്ടാകുന്ന സ്‌ഫോടനങ്ങളിൽ യഥാർഥ കുറ്റവാളികളെ അവരുടെ പിടിപാടുകൾ കൊണ്ടോ മറ്റോ പിടിക്കാൻ സാധിക്കാതെ വന്നാൽ ഏതെങ്കിലും സാധുക്കളുടെ തലയിൽ ആ കുറ്റം ചാർത്തി ഉദ്യോഗസ്ഥർ തങ്ങളുടെ പേരുദോഷത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കാറുണ്ട്. അങ്ങനെ അതിന്റെ ഇരകളായി മാറി കാരാഗൃഹവാസത്തിന് വിധിക്കപ്പെട്ടവരുണ്ട്. ജനാധിപത്യപ്രക്രിയയിൽ രാജ്യത്തിന് അതീവ സുരക്ഷയൊരുക്കാൻ ഞങ്ങളുടെ സർക്കാറിനേ സാധിക്കൂവെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള ഒരു നാടകത്തിന്റെ ഇരകളായവരും ഉണ്ടായിരിക്കാം. ഭീകരവാദികൾക്ക് ഓശാന പാടുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റ അഡ്ജസ്റ്റ്‌മെന്റ് ഡ്രാമയുടെ ഭാഗമായി പിടികൂടപ്പെട്ടവരുണ്ടായിരിക്കാം.

ഇങ്ങനെയുള്ള കുതന്ത്രങ്ങളെ തിരിച്ചറിയാതെ മുസ്‌ലിം യുവാക്കളെ വൈകാരികതയിൽ തളച്ചിട്ട് ഫാഷിസത്തിന്റെ ഉൻമൂലന രാഷ്ട്രീയത്തിന് തലവെച്ച് കൊടുക്കുന്ന വികാര ജീവികൾക്ക് ഇനിെയങ്കിലും തിരിച്ചറിവ് ഉണ്ടാകണമെന്നാണ് സമാധാനകാംക്ഷികൾ ആഗ്രഹിക്കുന്നത്.

ഏതായിരുന്നാലും കുറ്റാരോപിതരായി ജയിലിലടക്കപ്പെടുന്ന അനേകായിരം യുവാക്കൾക്ക് അവരുടെ ജീവിതത്തിന്റെ വസന്തകാലം മുഴൂവൻ കാരാഗൃഹങ്ങളിൽ കഴിഞ്ഞുകൂടേണ്ടിവരുന്ന നിസ്സഹായതയെക്കുറിച്ചുള്ള ചിന്തയും ചർച്ചയും പൊതുബോധങ്ങളിൽ ഇടംപിടിക്കണം. കുറ്റം ചെയ്തവരാണെങ്കിൽ അവർ ശിക്ഷിക്കപ്പെടേണ്ടവർ തന്നെയാണ്. നിരപരാധികളാണെങ്കിൽ കൊഴിഞ്ഞുപോയ നല്ല നാളുകൾ അവർക്ക് തിരികെ നൽകാൻ ആർക്ക് സാധിക്കും?