കമ്യൂണിസവും ലിബറലിസവും; ചില വർത്തമാനകാല ചിന്തകൾ

മുജീബ് ഒട്ടുമ്മൽ  

2022 ജനുവരി 29, 1442 ജുമാദൽ ആഖിർ 26
അധികാര രാഷ്ട്രീയത്തിനതീതമായി മാനവ മോചനത്തിെൻറ പൈങ്കിളിപ്പാട്ടുമായി കടന്നുവന്ന ദർശനമാണ് കമ്യൂണിസം. എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറത്ത് അധികാരം നിലനിർത്താൻ എന്ത് പൈങ്കിളിക്കഥകൾക്കും ദാർശനിക പരിവേഷം നൽകാമെന്ന സ്ഥിതിയിലേക്ക് തരംതാണിരിക്കുന്നു, അതിെൻറ മുന്നണിപ്പോരാളികൾ.

വിപ്ലവകാരികളിലെ വിപ്ലവകാരികളും ദാര്‍ശനികരിലെ മഹാദാര്‍ശനികരുമായ മാര്‍ക്‌സ്-എംഗല്‍സ് ദ്വയം വളര്‍ത്തിയെടുത്ത ശാസ്ത്രീയ സോഷ്യലിസമെന്ന സിദ്ധാന്തമാണ് എല്ലാ പ്രതിസന്ധികള്‍ക്കുമുള്ള ഉത്തരമെന്ന് വചോടാപം നടത്തുന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മലയാളീസ്വരം ലൈംഗികതയുടെ സീല്‍കാരങ്ങളില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുകയാണ്!

മാര്‍ക്‌സിസം എന്ന ചലനാത്മകമായ പ്രത്യയശാസ്ത്രം സ്വാധീനിക്കാത്ത ഒരു മേഖലയുമില്ലെന്ന് വാദിക്കുമ്പോഴും കൗമാര ബാല്യങ്ങളുടെ മൃദുല വികാരങ്ങളില്‍ അതിന് പ്രാണവായു കണ്ടത്തേണ്ടിവരുന്ന ഗതികേടില്‍ തകര്‍ച്ചയുടെ ദയനീയമുഖം വിദ്യാര്‍ഥി സംഘടനാ കാമ്പയ്‌നില്‍ വ്യക്തമാണ്. ഈ പ്രത്യയശാസ്ത്രം യുഗയുഗാന്തരങ്ങളോളം നിലനില്‍ക്കുമെന്ന ഏംഗല്‍സിന്റെ പ്രവചനം ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്ന സത്യം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലൂടെ ലോകത്തിന് ബോധ്യമായിട്ടും മലയാളീ ചുവപ്പ് അതിന് ഓക്‌സിജന്‍ കൊടുക്കാനുള്ള പെടാപാടിലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റ ഉദയം കാണാന്‍ പോലും സൗഭാഗ്യം ലഭിക്കാത്ത പഴഞ്ചന്‍ മാര്‍ക്‌സിസ്റ്റ് ആശയസംഹിത മുതലാളിത്തവും മതദര്‍ശനങ്ങളും കെട്ടിയുണ്ടാക്കിയ നുണക്കഥകളിലും അധിക്ഷേപങ്ങളിലും തകര്‍ന്നടിഞ്ഞെന്ന വിലാപം പ്രത്യയശാസ്ത്രം എത്രയോ ബലഹീനമാണെന്ന് തെളിയിക്കുന്നതാണ്.

വര്‍ഗീയ വിഭജനങ്ങള്‍ക്കതീതമായി മാനവരൊന്നാണെന്ന പ്രഖ്യാപനമാണ് മാക്‌സിസ്റ്റ് കമ്യൂണിസത്തിന്റെ സൗന്ദര്യമെന്ന് വീരവാദം മുഴക്കുമ്പോഴും മനുഷ്യരെ വര്‍ഗീകരിച്ച് ഒരു വിഭാഗത്തെ ഉന്‍മൂലനം ചെയ്യാന്‍ ദാര്‍ശനിക പിന്തുണ നല്‍കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഭീകരമുഖം അതിന്റെ തനിസ്വരൂപം വെളിവാക്കുന്നുണ്ട്. ‘ലോക ചരിത്രം വര്‍ഗസമരത്തിന്റ ചരിത്രമാണ്' എന്ന് പറഞ്ഞുതുടങ്ങുന്ന കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പുരോഗമനത്തിന്റെയും കൊളോണിയലിസ്റ്റ് നുകം വലിച്ചെറിഞ്ഞ ജനതയുടെ സമരോത്സുകതയുടെയും നിമിത്തമാണെന്ന് വാദിക്കുമ്പോഴും കമ്യൂണിസ്റ്റ് ഭരണകൂടം കൊന്നുതള്ളിയ കോടിക്കണക്കിന് തൊഴിലാളികളുടെ രക്തം പ്രത്യശാസ്ത്രത്തിന്റെ മുഖംമൂടി വലിച്ചുകീറുന്നുണ്ട്.

മയക്കോവ്‌സ്‌കിയും ഗോര്‍ക്കിയും അന്ന അഹ്‌മത്തോവയും മേയര്‍ ഹോള്‍ഡും ഇസാക്ക് ബാബേലും പോലുള്ള സാഹിത്യകാരന്മാരും കലാകാരന്മാരുമടക്കമുള്ള രണ്ട് കോടിയിലേറെ മനുഷ്യജീവനുകളെയാണ് സ്റ്റാലിന്‍ ഭരണകൂടം കൊന്നുതള്ളിയത്. കമ്യൂണിസത്തിന്റെ ലോകവീക്ഷണത്തില്‍ വിരുദ്ധ ഭാവങ്ങളുടെ സംഘട്ടനങ്ങളിലാണ് പദാര്‍ഥത്തിന്റെ നിലനില്‍പെന്ന് വാദിക്കുന്നു. പ്രാപഞ്ചിക നിയമങ്ങള്‍ക്ക് പിന്നില്‍ പദാര്‍ഥാതീതമായ ഒരു ശക്തിയുണ്ടാകാനുള്ള സാധ്യതയെ നിഷേധിക്കാനായി പദാര്‍ഥങ്ങളെ ദൈവത്തെക്കാള്‍ ബുദ്ധിയുള്ള വസ്തുവായി സങ്കല്‍പിക്കുന്നിടം വരെ ആദര്‍ശ പാപ്പരത്തം പ്രകടമായി. പ്രാകൃത കമ്യൂണിസം, അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം, സോഷ്യലിസം എന്നിങ്ങനെ അഞ്ച് ചരിത്ര ഘട്ടങ്ങളായി വര്‍ഗീകരിച്ച് മാര്‍ക്‌സിസത്തിന് സാമൂഹ്യ ജീവിതത്തിലിടം നേടാനുള്ള ശ്രമവും ഏറെ കൗതുകകരമാണ്. വൈരുധ്യാധിഷ്ഠിത സംഘട്ടനങ്ങളിലൂടെ രൂപംപ്രാപിക്കുന്ന ഘട്ടങ്ങളില്‍ സോഷ്യലിസത്തിന് ശേഷം എന്തെന്ന എന്ന ചോദ്യം കേവലം ഉട്ടോപ്യ മാത്രമാണിതെന്ന് ബോധ്യപ്പെടുത്തും. ആധുനിക മാനവ സാമൂഹിക ജീവിതക്രമത്തില്‍ ചവറ്റുകൊട്ടയിലെറിയപ്പെടേണ്ട ആശയമാലിന്യമാണിതെന്ന വസ്തുത തിരിച്ചറിഞ്ഞ മാര്‍ക്‌സിസ്റ്റ് പക്ഷപാതികളുടെ കൗശലമാണ് കേരളക്കരയിലെ അവകാശ നിഷേധവും മാനവവിരുദ്ധ വിഷയങ്ങളിലെ സമകാലിക ചര്‍ച്ചകളും.

വിമര്‍ശനങ്ങളെ നേരിടുന്ന കമ്യൂണിസ്റ്റ് ശൈലി

മാനവമോചനത്തിന്റെ സുന്ദര വാക്കുകളുയര്‍ത്തിയാണ് മാര്‍ക്‌സിസം അധികാര സോപാനത്തിലേക്ക് കടന്നുകയറിയത്. അധികാരം കയ്യിലമര്‍ന്നാല്‍ വിശ്വസിച്ചവരെ വഞ്ചിച്ച് ഭരണം നിലനിറുത്താന്‍ നീചവും ക്രൂരവുമായ നടപടികള്‍ സ്വീകരിക്കുകയാണതിന്റ ശൈലി. പോളണ്ടിലെ തൊഴിലാളിവര്‍ഗം അനുഭവിച്ച ദുരിതം ചരിത്രത്തില്‍ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക വിപ്ലവങ്ങള്‍ മാര്‍ക്‌സിസ്റ്റ് ഭരണകൂടത്തിനെതിരെയാകുമ്പോള്‍ തെറ്റുകള്‍ തിരുത്തുന്നതിന് പകരം പ്രതിപക്ഷത്തിരിക്കുന്നവരെ ഉന്മൂലനം ചെയ്യുകയാണ് പ്രത്യയശാസ്ത്രത്തിന്റെ സമീപനം. സ്റ്റാലിനും ലെനിനും സ്വീകരിച്ച മാര്‍ഗവും അതാണെന്ന് കാണാം. സ്റ്റാലിന്‍, ഭരണകൂടത്തെ വിമര്‍ശിച്ച ട്രോട്‌സ്‌കിയെയും മക്കളെയും കൊലപ്പെടുത്തിയാണ് സിംഹാസനമുറപ്പിച്ച് നിറുത്തിയത്. ട്രോട്‌സ്‌കിയെ പിന്തുണക്കുന്നവരെന്നാരോപിച്ച് കൊലപ്പെടുത്തിയവരുടെയും എണ്ണം തിട്ടപ്പെടുത്താനാവില്ല.

അധികാരദുരയാല്‍ കസേര നിലനിറുത്താന്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരുടെ ശൈലിയില്‍ പ്രബുദ്ധമായ മലയാളനാട്ടിലും ചില തന്ത്രങ്ങള്‍ നടക്കുന്നുണ്ട്. ഭരണത്തിലെ കൊള്ളരുതായ്മകളും അഴിമതിയും സ്വജനപക്ഷപാതവും സമൂഹത്തില്‍ ചര്‍ച്ചയാകുമ്പോള്‍ വിദ്യാര്‍ഥികളെ വൈകാരികമായി ഇളക്കിവിട്ട് സഹപാഠികളെ കൊന്നും പൊതുമുതല്‍ നശിപ്പിച്ചും പൊതുനിരത്തുകള്‍ യുദ്ധക്കളമാക്കി മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ തിരിച്ചുവിടാനുള്ള കുതന്ത്രങ്ങള്‍ പയറ്റിയ നാടാണ് നമ്മുടേത്.

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സ്വാതന്ത്ര്യവും അവകാശവും ധ്വംസിക്കുന്ന നിയമനിര്‍മാണത്തിന് ധൃതിപ്പെടുന്ന സാഹചര്യത്തെ ചൂണ്ടിക്കാണിച്ച് സമുദായത്തിന്റെ രൂക്ഷമായ പ്രതിഷേധവും വിയോജിപ്പും മറച്ചുവെക്കാനും അതില്‍നിന്ന് ശ്രദ്ധതിരിക്കാനും മാനവ വിരുദ്ധാശയങ്ങള്‍ക്ക് പ്രചാരണം നല്‍കി നിശ്ശബ്ദമാക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ന്യൂനപക്ഷ സമൂഹങ്ങളുടെ ഉന്മൂലനത്തിനായി സംഘപരിവാര രാഷ്ട്രീയം അധികാരമുപയോഗിച്ച് പൗരത്വ നിഷേധത്തിനായി നിയമം കൊണ്ടുവന്നപ്പോള്‍ അതിനെതിരെ പ്രതിഷേധിച്ച മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരെ കേരള സര്‍ക്കാര്‍ കേസെടുത്തതും അത് പിന്‍വലിക്കാന്‍ തയ്യാറാകാത്തതും സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പടക്കമുള്ള മുസ്‌ലിം സംവരണാനുകൂല്യങ്ങള്‍ ഇതര സമൂഹങ്ങള്‍ക്ക് കൂടി വീതിച്ചുനല്‍കി നീതിനിഷേധം നടത്തിയതും ഭരണഘടന ഉറപ്പുനല്‍കിയ ആരാധനാ സ്വാതന്ത്ര്യത്തിന് വിലക്ക് വീഴുംവിധം വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട് അതിനെ പൊതുവല്‍ക്കരിക്കാനുള്ള ശ്രമം നടത്തിയതും നാം കണ്ടതാണ്.

പ്രണയാതുരനായ സഖാവിന്റ കാമുകി തട്ടമിട്ടവളാണെങ്കില്‍ പാര്‍ട്ടി ഓഫീസില്‍ പ്രത്യേക സുരക്ഷയൊരുക്കി ‘മതത്തിന്റെ വേലിക്കെട്ട് തകര്‍ത്തു വന്നവര്‍' എന്ന ധീരപരിവേഷം നല്‍കി സ്വീകരണം നല്‍കാനും ‘കേരള മാര്‍ക്‌സിസം' കാണിക്കുന്ന ജാഗ്രത ഒന്നു വേറെത്തന്നെയാണ്. മാതാപിതാക്കളുടെ കണ്ണുനീരില്‍ കരുണാര്‍ദ്രമാകാത്ത ചുവപ്പന്‍ ഹൃദയങ്ങള്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ അവകാശങ്ങളെ ക്കുറിച്ചോര്‍ത്ത് നൊമ്പരപ്പെടുന്നതിലെ വിരോധാഭാസം ശ്രദ്ധേയമാണ്.

പ്രബോധകരായ മുസ്‌ലിം പ്രഭാഷകരുടെ വാചക സ്‌ഖലിതങ്ങളില്‍ പിടിച്ച് കേസ് ചാര്‍ജ് ചെയ്യുകയും എന്നാല്‍ വിദ്വേഷ പ്രസംഗം നടത്തുന്നവരുടെ അരമനകളില്‍ ചെന്ന് പിന്തുണക്കുകയും ചെയ്യുന്ന അധികാരികളുടെ ഇരട്ടനീതിക്കും കേരളം സാക്ഷിയായിട്ടുണ്ട്. ‘തീവ്രവാദി, ഭീകരവാദീ'  പ്രയോഗങ്ങളും മുസ്‌ലിം പേരിനോട് ചേര്‍ത്ത് പറയാനുള്ള ആവേശം ഇതര വിഭാഗങ്ങളിലള്ളവരോട് കാണിക്കാനുള്ള വൈമനസ്യവും അധികാരികള്‍ പ്രകടമാക്കയതും നാം കാണുകയുണ്ടായി.

രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുത്ത മതേതര കക്ഷികളിലെ  മുസ്‌ലിം നാമധാരികളെ തീവ്രവാദ മുദ്രകുത്തി പ്രത്യേകം തുറുങ്കിലടക്കുകയും സമാനമായ രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരെ നിശ്ശബ്ദമാവുകയും ചെയ്യുന്ന അധികാരി പക്ഷപാതിത്വവും നാം കണ്ടു. സമാധാന സന്ദേശ പ്രചാരണത്തിനായി ലഘുലേഖ വിതരണം ചെയ്തവരെ മര്‍ദിച്ചവരെ വെറുതെ വിടുകയും മര്‍ദനമേറ്റവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത നിമപാലനത്തിനും നാം സാക്ഷിയായി.

കാമ്പസ് വിചാരങ്ങളെ നിഷ്‌ക്രിയമാക്കും വിധം

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയയിലെ കമ്യൂണിസ്റ്റ് തേരോട്ടത്തെക്കുറിച്ച് പ്രസിദ്ധ അറബി സാഹിത്യകാരന്‍ നജീബ് കൈലാനി എഴുതിയ ചരിത്ര നോവലില്‍ കോളേജ് കാമ്പസുകള്‍ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീ വിമോചനത്തെ കുറിച്ച് പെണ്‍കുട്ടികളെ ജാഗരം കൊള്ളിച്ച് കാമ്പസുകള്‍ കയറിയിറങ്ങിയ ഐദീദ് എന്ന കഥാപാത്രം ഇസ്‌ലാമിക മാര്‍ഗദര്‍ശനങ്ങളിലെ ഉജ്വലമായ സന്ദേശങ്ങള്‍ കൊണ്ട് പ്രതിരോധിച്ച മുസ്‌ലിം പെണ്‍കുട്ടിയുടെ വാദഗതികളില്‍ തപ്പിത്തടയുന്നത് രസകരമായി വരച്ചുകാണിക്കുന്നുണ്ട്. ആശയ പ്രചാരണത്തിന് ദാര്‍ശനികവും ബൗദ്ധികവുമായ മാനം നല്‍കുന്നതിന് പകരം അവിടെയും ലൈംഗികതയും കൗമാര ചാപല്യങ്ങളുമാണ് മാര്‍ക്‌സിസം ഉപയോഗിച്ചത്.

പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനങ്ങള്‍ക്ക് മുന്നില്‍ മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്ക് നിലനില്‍പുണ്ടാവില്ലെന്ന തിരിച്ചറിവാണ് കൗമാര ചാപല്യങ്ങള്‍ക്ക് വര്‍ണപ്പകിട്ടേകി മാര്‍ക്‌സിസം കാമ്പസുകളില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കന്നത്. 1970കളിലെ കാമ്പസുകളെ മാതൃകയാക്കി വാചാലമാകുന്ന പ്രവണത ബുദ്ധിജീവികളില്‍ കണ്ടുവരാറുണ്ട്. ഇംഗ്ലിഷ് അക്ഷരങ്ങള്‍ കൂട്ടിവായിക്കാനായാല്‍ ദൈവത്തെ നിരാകരിച്ചിരുന്ന കാലമായിരുന്നതിനാലാണത്രെ പലരും എഴുപതുകളെ കുറിച്ച് അഭിമാനിച്ചിരുന്നത്. കലാലയങ്ങളുടെ ധര്‍മവും ഉത്തരവാദിത്തവും തിരിച്ചറിഞ്ഞ  തലമുറ വളര്‍ന്നതോടെയാണ് കമ്യൂണിസത്തിന് കാലിടറിയത്. സര്‍ഗാത്മകതയുടെ ആവിഷ്‌കാരത്തിനും വൈജ്ഞാനിക മുന്നേറ്റത്തിനും അന്വേഷണാത്മകമായ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും രാഷ്ട്രനിര്‍മാണ പ്രക്രിയകള്‍ക്കും മാനവികതയും സംസ്‌കാരവും രൂപപ്പെടുന്നതിനും സക്രിയമായ കാമ്പസുകള്‍ അനിവാര്യമെന്ന് തിരിച്ചറിഞ്ഞവര്‍ വിദ്യാഭ്യാസത്തിന്റ അനിവാര്യതയിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. ദൈവവിശ്വാസവും വിജ്ഞാനവും ഉള്‍ച്ചേര്‍ന്ന വ്യക്തിയില്‍ കമ്യൂണിസമെന്ന ഭൗതിക പ്രത്യയശാസ്ത്രത്തിന് നിലനില്‍പില്ലെന്നത് സാവകാശം മനസ്സിലാക്കിയ വസ്തുതയാണ്. യന്ത്രവല്‍കരണത്തെ നിരാകരിച്ച് വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ വിജ്ഞാന വിസ്‌ഫോടനത്തില്‍നിന്ന് പുറംതിരിഞ്ഞ് നില്‍ക്കുന്ന അറിവില്ലാത്ത വികൃതിക്കൂട്ടങ്ങളില്‍ മാത്രം നിലനില്‍പ് തേടുന്നതിലേക്ക് കേരള മാര്‍ക്‌സിസം ആപതിച്ചു. മുസ്‌ലിം പിന്നാക്കാവസ്ഥയില്‍ ഇന്ത്യയില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന പശ്ചിമ ബംഗാളിനെയും ത്രിപുരയെയുമെല്ലാം മാതൃകയായിക്കണ്ടു. മുസ്‌ലിം വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു. മലബാറിലെ കലാലയങ്ങളിലവര്‍ വട്ടമിട്ടു പറന്നു. മലപ്പുറവും ഫറോക് കോളേജും മറ്റു കലാലയങ്ങളും അവരുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി. ‘വത്തക്ക' സമരങ്ങളും ഫ്‌ളാഷ് മോബുകളും കൊണ്ട് പ്രത്യയശാസ്ത്ര വക്താക്കള്‍ അഴിഞ്ഞാടി പഠനത്തിന് തടസം സൃഷ്ടിച്ചു. യൗവനത്തിന്റെ മൃദുല വികാരങ്ങളെയും ലൈംഗിക ചോതനകളെയും തൊട്ടുണര്‍ത്തി വിദ്യാര്‍ഥികളെ പഠനത്തില്‍നിന്ന് വ്യതിചലിപ്പിച്ചു. മതനിരാസവും ദൈവനിഷേധവും വിദ്യാര്‍ഥികളില്‍ പ്രചരിപ്പിച്ചു. മനുഷ്യബന്ധങ്ങളെ തകര്‍ത്തെറിഞ്ഞ് സംസ്‌കാര ശൂന്യരായ തലമുറയ്ക്കായി കരുക്കള്‍ നീക്കി.

ലിംഗസമത്വത്തിന്റ ചുവപ്പന്‍ വീര്യം

‘‘വിവാഹേതര ലൈംഗിക ബന്ധങ്ങളെ അപ്പാടെ ഹ്യൂമനിസ്റ്റുകള്‍ പഴിക്കുന്നില്ല, ആരെയും ദ്രോഹിക്കാതെയും സ്വന്തം ഇച്ഛ ആരുടെമേലും അടിച്ചേല്‍പിക്കാതെയുമുള്ള ലൈംഗിക ബന്ധങ്ങള്‍ അനുവദിക്കപ്പെടാം. എന്നാല്‍ ആവശ്യമില്ലാതെ ഒരു ശിശുവിന് ജന്മം കൊടുക്കുന്നത് സദാചാര വിരുദ്ധമാണെന്ന് മാനവിക പക്ഷക്കാര്‍ കരുതുന്നു. എന്നാല്‍ ഒരേ ലിംഗത്തില്‍ പെട്ട പ്രായപൂര്‍ത്തിയായ ആളുകള്‍ പരസ്പരം ലൈംഗികസുഖം പങ്കിടുന്നതിന് തീരുമാനിച്ചാല്‍ അതില്‍ തെറ്റില്ല എന്നാണ് മാനവിക പക്ഷം, അതിനാലാണ് മറ്റു ചില പുരോഗമനാശയക്കാരുടെ സംഘങ്ങളോടൊപ്പം ചേര്‍ന്ന് ഹ്യൂമാനിസ്റ്റുകള്‍ സ്വവര്‍ഗ രതിയെ വിലക്കുന്ന നിയമത്തിനെതിരെ പ്രചാരവേല നടത്തിയത്''. ബ്രിട്ടണിലെ യുക്തിവാദ സംഘടനയായ ‘നാഷണല്‍ സെക്യുലര്‍ സൊസൈറ്റി'യുടെ പ്രസിഡന്റായ ബാര്‍ബറ സ്‌മോക്കര്‍ എഴുതിയ വരികളാണിത്.

വ്യഭിചാരവും സ്വവര്‍ഗ രതിയും യുക്തിവാദികളുടെ സദാചാര സങ്കല്‍പ പ്രകാരം തെറ്റല്ലെന്ന് വ്യക്തമായിട്ടും ഇന്ത്യന്‍ യുക്തിവാദി നേതാവ് ജോസഫ് ഇടമുറക് തന്റ പുത്രിയുടെ കാര്യത്തില്‍ ഈ നയം സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് മകളുടെ ഭര്‍ത്താവായ യോരാന്‍ സ്‌കോര്‍ണര്‍ പരിതപിക്കുന്നുണ്ട്. അതെ കേരളത്തിലും ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം കാമ്പസുകളില്‍ നടപ്പാക്കാന്‍ ധൃതി കാണിക്കുന്ന മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികള്‍ തങ്ങളുടെ കുടുംബത്തിന്റെയും മക്കളുടെയും കാര്യത്തില്‍ ഇടമുറകിന്റെ പാതയാണ് സ്വീകരിക്കുന്നത്. മലയാളി പ്രബുദ്ധതയെ പരിഹസിച്ചുകൊണ്ട് സ്ത്രീപുരുഷ സമത്വത്തിനായി ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കാനുള്ള ബാലുശ്ശേരി സ്‌കൂളിന്റെ തീരുമാനത്തോട് ഐക്യപ്പെട്ട് കേരള ഉന്നത സമൂഹിക നീതി മന്ത്രി ആര്‍. ബിന്ദു അവരുടെ ട്വിറ്ററില്‍ കുറിച്ചിട്ടതിങ്ങനെയാണ്:

‘‘സമത്വവും സംവേദനക്ഷമതയുംകൊണ്ട് നിര്‍വചിക്കപ്പെട്ട ഒരു നവകേരളം സൃഷ്ടിക്കുന്നതിന്റ പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങള്‍. ഇത് നേടുന്നതിനായി ആദ്യമായി സമൂഹത്തിന്റെ എതിര്‍വര്‍ഗ ലൈംഗിക സ്വാഭാവികതാബോധത്തിന്റെ പ്രതീക്ഷകളുടെ ഭാരത്താല്‍ തടസ്സപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശനമാര്‍ഗം തുറന്ന് കൊടുക്കണം.''

മാനവ സദാചാര വിരുദ്ധ ആശയങ്ങളില്‍ അഭിരമിക്കുന്ന യുക്തിവാദികളുടെ അജണ്ടകളേറ്റെടുക്കുന്ന വിധം മാക്‌സിസം ദുര്‍ബലമാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഹെഗലിന്റെ തലതിരിഞ്ഞ വൈരുധ്യാത്മകവാദത്തെയും ഫോയര്‍ ബാക്കിന്റെ ഭൗതികവാദത്തെയും മാര്‍ക്‌സും ഏംഗല്‍സും ഒരു ദര്‍ശനമായി രൂപപ്പെടുത്തിയതിന്റ പാരമ്പര്യം കാത്തുസൂക്ഷിക്കാനായിരിക്കും കേരള സര്‍ക്കാര്‍ ജെന്റര്‍ രാഷ്ട്രീയത്തിന് അടിയറവ് പറയുന്നത്. സ്വവര്‍ഗരതിയും ഉദാര ലൈംഗികതയും അധികാര ദണ്ഡുപയോഗിച്ച് സമൂഹത്തിലടിച്ചേല്‍പിച്ച് പവിത്രമായ കുടുംബ ബന്ധവും മാനുഷിക ബന്ധങ്ങളും സംസ്‌കാരവും സദാചാരവും തകര്‍ത്തെറിയാനുള്ള കുല്‍സിത ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

അതിനായി ജനാധിപത്യ ഭരണത്തിലെ പൊതു സംരംഭങ്ങളെ ദുരുപയോഗം ചെയ്യുന്ന രാഷ്ട്രിയ ഹിജഡകളെ തിരിച്ചറിയാന്‍ സമൂഹത്തിനാകണം. കുടുംബശ്രീ ജെന്റര്‍ ക്ലബ്ബ് രൂപീകരിക്കണമെന്ന സര്‍ക്കുലറിനോട് നിസ്സംഗരാകുന്ന പൊതുബോധത്തെയാണ് നാം ഉണര്‍ത്തേണ്ടത്. ക്രിയാത്മക ചര്‍ച്ചകളിലൂടെ ഈ ദുരാചാരത്തിനെതിരെ സമൂഹത്തില്‍ ബോധവല്‍കരണം നടത്തി ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കേണ്ടിയിരിക്കുന്നു.

അധഃപതനത്തിന്റ വിദ്യാര്‍ഥി സംഘടനാ രൂപം

ലോക സൗന്ദര്യമല്‍സരത്തില്‍ ഇന്ത്യക്കാരി ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ മാര്‍ക്കറ്റായി കണ്ടുകൊണ്ടുള്ള സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമാണിതെന്ന ഇടതുപക്ഷ ചിന്തകരുടെ ആക്ഷേപം മലയാളികള്‍ മറന്നുകാണില്ല. സാമ്രാജ്യത്വവും മുതലാളിത്തവും മാര്‍ക്‌സിസത്തിന്റെ ശത്രുക്കളായിരുന്നിട്ടും അവര്‍ വിരിച്ച കെണികളില്‍ തലവെച്ച് കൊടുക്കാന്‍ മാത്രം ദാര്‍ശനിക ദാരിദ്ര്യം നേരിടുന്നുവെന്നതിന്റ തെളിവാണ് മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ഥി സംഘടനയുടെ സമ്മേളന സന്ദേശ ബോര്‍ഡുകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും നാനോ ടെക്‌നോളജിയുടെയും ഈ കാലത്തും വിദ്യാര്‍ഥികളുടെ ബൗദ്ധിക വികാസത്തിന് പഠനാര്‍ഹവും ചിന്തനീയവുമായ പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതിന് പകരം ഇക്കിളിപ്പെടുത്തി വൈകാരികതയില്‍ തളച്ചിടാനുള്ള തന്ത്രം മുതലാളിത്തത്തില്‍നിന്ന് വിപ്ലവ വിദ്യാര്‍ഥിത്വം കടമെടുത്തിരിക്കുകയാണ്.

വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി നിലകൊണ്ട ചരിത്രം പറയുന്നവര്‍, ഇറ്റലിയിലെയും ജര്‍മനിയിലേയും സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെ നിലകൊണ്ടവര്‍, ഫാസിസ്റ്റ് ഭരണകൂടത്തിന്നെതിരെ പ്രതിരോധം തീര്‍ത്തവര്‍, ടിയാനെന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭങ്ങളില്‍ മുന്നില്‍ നിന്നവര്‍, അമേരിക്കയില്‍ നടന്ന ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍,' ‘ഐ കാണ്‍ട് ബ്രീത്ത്' പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെന്ന നിലയില്‍ അഭിമാനിതരാകുമ്പോഴും വിദ്യാര്‍ഥി വിപ്ലവ വീര്യത്തെ കേവലം ലൈംഗിക ആസ്വാദനങ്ങളില്‍ തളച്ചിടാനുള്ള സാമ്രാജ്യത്വ ശ്രമം കമ്യൂണിസ്റ്റ് വിദ്യാര്‍ഥികളിലൂടെ സാധ്യമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പാശ്ചാത്യര്‍  വലിച്ചെറിഞ്ഞ സാംസ്‌കാരിക മാലിന്യത്തെ പേറി അധഃപതനത്തിന്റെ അഗാധഗര്‍ത്തങ്ങളില്‍ അനന്തശയനത്തിന് വിധിക്കപ്പെട്ടവരായി ചുവപ്പന്‍ വിദ്യാര്‍ഥി പ്രസ്ഥാനം മാറിക്കൊണ്ടിരിക്കയാണെന്ന് പറയാതിരിക്കാന്‍ വയ്യ.