ജനസംഖ്യാനിയന്ത്രണം: ആശങ്കയും രാഷ്ട്രീയവും

മുജീബ് ഒട്ടുമ്മൽ

2022 നവംബർ 05, 1444 റബീഉൽ ആഖിർ 10
മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ വർധനവ് ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾ മാറ്റി വരയ്ക്കുന്നുവെന്നും അസമത്വത്തിന് വളംവയ്ക്കുന്നുവെന്നുമുള്ള സംഘ്പരിവാർ ആക്ഷേപത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആശയപരമായും കണക്കുകളുടെ പിൻബലത്തിലും തെറ്റാണെന്ന് തെളിയിക്കുന്ന ഈ ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്നു.

മതാടിസ്ഥാനത്തിൽ ജനസംഖ്യയിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ട്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസമത്വം അവഗണിക്കാനാവില്ല. ജനസംഖ്യയിലെ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്ര അതിർവരമ്പുകൾ മാറ്റുന്നു. ജനസംഖ്യാനിയന്ത്രണത്തിനാവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യം ശിഥിലമാകും.’’

നാഗ്പൂരിലെ ദസറാറാലിയിൽവച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിെൻറ, ഒരു സമൂഹത്തെ അപരവൽകരിക്കാനും സാമൂഹിക ശിഥിലീകരണത്തിനുമായി അപകട സൈറൺ മുഴക്കിയുള്ള ആഹ്വാനമാണിത്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസുന്തിലിതാവസ്ഥമൂലം പുതിയ രാജ്യങ്ങൾ ഉദയം ചെയ്യുമെന്ന് അദ്ദേഹം പരിഭവപ്പെടുന്നുണ്ട്. കിഴക്കൻ തിമോർ, കൊസോവ, ദക്ഷിണ സുഡാൻ എന്നിവയെ ഉദ്ധരിച്ചുകൊണ്ടാണ് ആശങ്കപ്പെടുന്നത്. നിർബന്ധ മതപരിവർത്തനവും നുഴഞ്ഞുകയറ്റവുമെല്ലാം ഇതിനോട് ചേർത്തുവയ്ക്കുന്നുണ്ട്. വിഭവങ്ങളില്ലാതെ ജനസംഖ്യ വളരുന്നത് രാജ്യത്തിന് വലിയ പ്രതിസന്ധിയാകുമെന്നും അദ്ദേഹം ഭയപ്പെടുന്നുണ്ട്.

‘രാജ്യസുരക്ഷയുടെ സന്ദേശം’ എന്ന ശീർഷകത്തിലാണ് ആർഎസ്എസ് മേധാവിയുടെ ദസറ പ്രഭാഷണ വിശദീകരണം കേസരിയിൽ മുഖലേഖനമായി വന്നത്.

രാജ്യത്ത് സംഘപരിവാരങ്ങൾ ശക്തമായതോടെ ഹിന്ദുരാഷ്ട്ര സങ്കൽപമെന്ന ലക്ഷ്യത്തിലേക്ക് മെല്ലെ കാലെടുത്തുവയ്ക്കുകയാണെന്നും പലരും ഇതിനോട് യോജിക്കുന്നുണ്ടെന്നും വരികൾക്കിടയിലൂടെ പറയുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിെൻറ ആശയസ്രോതസ്സ് എന്ന നിലയിൽ ആർഎസ്എസ് മേധാവിയുടെ പ്രസ്താവനയെ കേവലമൊരു രാഷ്ട്രീയ പ്രസ്താവനയായി കാണാനാവില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഉയർത്തിക്കൊണ്ടുവരാനുള്ള മുദ്രാവാക്യങ്ങളുടെയും പ്രചാരണങ്ങളുടെയും വിഷയങ്ങളെ രൂപപ്പെടുത്താനുളള പരിശ്രമങ്ങളുടെ ഭാഗമാണിത്.

വിദ്വേഷ പ്രചാരണത്തിനായി ഹിന്ദുത്വവാദികൾ എക്കാലത്തും എടുത്തുപയോഗിച്ച രാഷ്ട്രീയ ആയുധമാണ് ജനസംഖ്യവിസ്‌ഫോടന സിദ്ധാന്തം. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ; പ്രത്യേകിച്ച് മുസ്‌ലിംകളുടെ അംഗസംഖ്യ നാൾക്കുനാൾ വർധിച്ച് വരുന്നുവെന്നും ഈനില തുടർന്നാൽ അധികം വൈകാതെ ഇന്ത്യ ഒരു മുസ്‌ലിം രാജ്യമാകുമെന്നുമുള്ള ഭീതിയാണ് സംഘപരിവാരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കപടയുക്തിയുടെയും കള്ളങ്ങളുടെയും ചേരുവകളോടെ തങ്ങൾ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയാണ് എന്ന് ഭൂരിപക്ഷ സമുദായത്തെ ഓർമപ്പെടുത്താനുള്ള ഒരു ആയുധമാണിത്. കൊളോണിയൽ ശക്തികളുടെ അധികാര അധീശത്വം സ്ഥാപിക്കാനായി ഹിന്ദു-മുസ്‌ലിം വിഭജനത്തിന് വേണ്ടി ഉപയോഗിച്ച വ്യാജവർത്തമാനങ്ങളിൽ ഒന്നായിരുന്നു ഈ ജനപ്പെരുപ്പ ഭീതി. പിൽക്കാലത്ത് സംഘപരിവാരങ്ങൾ മറ്റുള്ള പല വിഷയങ്ങളെപോലെ ഇതും ഏറ്റെടുത്ത് പ്രചാരണം നൽകുകയായിരുന്നുവെന്ന വിമർശനവുമുണ്ട്. ജനസംഖ്യാനിയന്ത്രണ നിയമം ഉടൻ കൊണ്ടുവരുമെന്ന കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേലിെൻറ പ്രസ്താവനയും അണിയറയിൽ സജീവ ചർച്ച നടക്കുന്നുവെന്നതിന് തെളിവാണ്.

ജനസംഖ്യാ നിയന്ത്രണം നടത്തുന്ന ദമ്പതിമാർക്ക് പ്രോൽസാഹനം നൽകുന്ന നയം കഴിഞ്ഞ വർഷം ഉത്തപ്രദേശ് സർക്കാർ പ്രഖ്യാപിച്ചതിനോട് അനുഭാവപ്പെട്ടാണ് കേന്ദ്ര മന്ത്രിയുടെ ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാനും മുസ്‌ലിംകളെയും ഇതര ന്യൂനപക്ഷങ്ങളെയും അപരവൽകരിച്ച് രാജ്യത്തുനിന്ന് തുടച്ചുനീക്കുകയോ അല്ലെങ്കിൽ പൗരത്വം നിഷേധിച്ച് നിയമപരമായും പ്രായോഗികമായും ദേശരഹിതരും അരക്ഷിതരുമാക്കാനോ ഉള്ള കരുനീക്കമാണിത്. സവർക്കറുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിെൻറ അടിസ്ഥാനം രാഷ്ട്രത്തെ വിഭജിക്കാതെ ഹിന്ദു ദേശീയതയും മുസ്‌ലിം ദേശീയതയും രാഷ്ട്രത്തിനുള്ളിൽ വ്യത്യസ്തമായി നിലനിൽക്കുകയും ന്യൂനപക്ഷങ്ങൾ പ്രത്യേക അവകാശങ്ങളൊന്നുമില്ലാതെ കേവലാസ്തിത്വങ്ങളായി അടിച്ചമർത്തപ്പെട്ടു കഴിയുകയും ചെയ്യുക എന്നതായിരുന്നു. പൗരത്വമുള്ളവരുടെയും അതില്ലാത്തവരുടെയും ദ്വിരാഷ്ട്രമെന്ന സവർക്കർ ഭാവനയുടെ സാക്ഷാൽകാരമാണ് ഇത്തരം വിവാദ പ്രസ്താവനകളുടെ ലക്ഷ്യം.

ജനസംഖ്യയിലെ രാഷ്ട്രീയം

മതാസമത്വത്തെ കുറിച്ചുളള പരാമർശം മുസ്‌ലിം സമൂഹത്തെ കുറിച്ചാണെന്നത് ആർക്കാണ് അറിഞ്ഞുകൂടാത്തത്? മുസ്‌ലിം ജനസംഖ്യാ വർധനവിനെ വലിയ ഒരു ഭീഷണിയായി അവതരിപ്പിച്ച് കാലങ്ങളായി അനാവശ്യവിവാദങ്ങൾ പടച്ചുവിടുന്ന സംഘപരിവാരങ്ങളുടെ വംശീയ ഉൻമൂലന രാഷ്ട്രീയത്തിെൻറ പ്രത്യക്ഷമായ ഭാവമാണിതെല്ലാമെന്നതും നിഷ്തർക്കമാണ്. മുസ്‌ലിം സമൂഹം പന്നികളെ പോലെ പെറ്റ് പെരുകുകയാണെന്ന ആക്ഷേപം സ്ഥിരമായി ഉന്നയിച്ചു കൊണ്ടിരിക്കുന്നവരുടെ ആചാര്യനിൽനിന്നാണ് മതാസമത്വം എന്ന പരാമർശം വന്നിട്ടുള്ളത് എന്നതാണ് ബോധ്യമാകുന്ന കാര്യം.

ജനസംഖ്യാ പരിശോധനയും പഠനവും കേവലമൊരു കണക്കെടുപ്പല്ല, ഇരുതലമൂർച്ചയുള്ള ആയുധമാണെന്ന് തെളിയിക്കുന്ന ചരിത്രസാക്ഷ്യങ്ങളാണ് നമ്മുടെ മുന്നിൽ ഏറെയും. ജൂത വംശഹത്യക്കു മുമ്പ് ഹിറ്റ്‌ലർ ജർമനിയിൽ ആസൂത്രിതമായ ഒരു ജനസംഖ്യാ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്. ജൂതർ, ജിപ്‌സികൾ തുടങ്ങി നാസികൾ ഉന്നംവച്ച വിഭാഗങ്ങളെ എല്ലാവിധത്തിലും അടയാളപ്പെടുത്തലുകൾ നടത്തിയിരുന്നു. അതിനു മുമ്പും അവരുടെ ജനപ്പെരുപ്പത്തെ കുറിച്ച് ചർച്ചകൾ കൊണ്ടുവന്നിരുന്നുവെന്ന് കാണാം.

നാസി ജർമനിയിലെ ബവേറിയൻ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിെൻറ പ്രസിഡന്റായിരുന്ന ഫെഡ്രിക് സാന്റെ ജനസ്ഥിതിവിവര പ്രിയരായിരുന്നു ചാൻസ്ലർ അഡോൾഫ് ഹിറ്റ്‌ലറും അദ്ദേഹത്തിെൻറ ഭരണകൂടവുമെന്ന് വെളിപ്പെടുത്തുകയുണ്ടായി.

ഒന്നും രണ്ടും ലോകയുദ്ധകാലത്തും ശേഷവും പല ഭരണകൂടങ്ങളും പൗരവിവരങ്ങൾ പല രീതിയിൽ തങ്ങൾക്കാവശ്യമുള്ള വിധം ഉപയോഗിച്ചിട്ടുണ്ട്. ജാപ്പനീസ് അമേരിക്കക്കാരെ തെരഞ്ഞുപിടിക്കാൻ വേണ്ടി 1940ൽ യുഎസ് ഗവൺമെന്റ് ഉപയോഗിച്ചത് പൗരവിവര ശേഖരമാണ്. യഥാർഥ ദേശവും വംശവും ഏതാണെന്ന ചോദ്യം 1940ലെ സെൻസസിൽ അമേരിക്കൻ ഭരണകൂടം ഉൾപെടുത്തിയിരുന്നു.

1941ൽ ജപ്പാൻ അമേരിക്കയുടെ പേൾ ഹാർബറിൽ നടത്തിയ മിന്നലാക്രമണം രാജ്യത്ത് അധിനിവേശത്തിന്റ ഭീതി പരത്തിയപ്പോൾ കാലിഫോർണിയയിലെ സൈനിക വൃത്തങ്ങൾ ഉടൻതന്നെ സെൻസസ് ഡിപാർട്ട്‌മെന്റിനോട് അമേരിക്കയിലെ ജപ്പാൻ വംശജരുടെ വിവരങ്ങൾ ആവശ്യപ്പെടുകയാണുണ്ടായത്. ജപ്പാൻ വംശജരുടെ കൃത്യമായ ജനസംഖ്യ സൈന്യം ശേഖരിച്ചു. തുടർന്ന് ഈ ജപ്പാൻ വംശജരെ കോൺസൺട്രേഷൻ ക്യാമ്പിൽ അയക്കാൻ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽട്ട് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. യുദ്ധകാല കോൺസൺട്രേഷൻ ക്യാമ്പുകളിലേക്കാണ് അവർ അയക്കപ്പെട്ടത്. ജപ്പാനീസ് വംശജരായ അമേരിക്കക്കാരെ കൃത്യമായി തിരിച്ചറിയാൻ സെൻസസ് ഡാറ്റയാണ് ഉപയോഗിച്ചത്. അതിന് വേണ്ടി പ്രത്യേക നിയമനിർമാണംവരെ ഭരണകൂടം നടത്തിയിരുന്നു.

അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം യുഎസ് ഫെഡറൽ അതോറിറ്റി അമേരിക്കൻ സെൻസസ് വിവരങ്ങൾ പരിശോധിക്കാൻ ശ്രമം നടത്തുകയുണ്ടായിട്ടുണ്ട്. അതിലൂടെ അമേരിക്കയിലെ മുസ്‌ലിംകളുടെ വിവരശേഖരമാണ് അവർ ലക്ഷ്യമാക്കിയിരുന്നത്.

1994ൽ റുവാണ്ടയിൽ നടന്ന അതിഭീകരമായ വംശഹത്യയ്ക്ക് പിന്നിലും ജനസംഖ്യ കണക്കെടുപ്പിെന്റ കെണിയുണ്ടായിരുന്നു. കോർപറേറ്റ് കമ്പനിയുടെ ബിസിനസ് താൽപര്യങ്ങളും അഡോൾഫ് ഹിറ്റ്‌ലറും വംശഹത്യയുമെല്ലാം പരസ്പരം ചേർന്ന് നിൽക്കുന്നു എന്നതാണ് ചരിത്രത്തെയും വർത്തമാനത്തെയും ബന്ധിപ്പിക്കുന്നത്. ഫാഷിസം നാസിസത്തെ അതിസൂക്ഷ്മമായി പിന്തുടരുന്നുവെന്നതാണ് തിരിച്ചറിയേണ്ട പ്രധാന കാര്യം.

സാമ്പത്തിക ആസൂത്രണത്തിെന്റ ആധാരവും സാമൂഹികവികാസത്തിെന്റ സമീപനരേഖയും എന്നതോടൊപ്പം രാഷ്ട്രീയ താൽപര്യങ്ങളുടെ പ്രധാന ഉപകരണവുമായി ജനസംഖ്യ കണക്കെടുപ്പ് ഉപയോഗിക്കപ്പെടുന്നുണ്ട്. അധികാരവും സാമൂഹിക മാറ്റവുമായി ജനസംഖ്യക്ക് വലിയ ബന്ധമുണ്ട്. ജനാധിപത്യക്രമത്തിൽ ജനങ്ങളുടെ എണ്ണം പാർലമെന്ററി അധികാരം തീരുമാനിക്കുന്നതിലെ നിർണായക ഘടകമാണ്. ജനസംഖ്യയിലുണ്ടാകുന്ന ഇടിവ് പല വിധത്തിൽ സാമൂഹിക, സാമ്പത്തിക പ്രതിസന്ധികൾക്ക് വഴിവെക്കുമെന്ന നിരീക്ഷണവും ഉണ്ട്. മറുഭാഗത്ത് ജനസംഖ്യാ വർധനവ് ദാരിദ്ര്യത്തിെന്റ തോത് കൂട്ടാൻ കാരണമാകുമെന്ന ഏറെ പഴക്കമുള്ള പ്രചാരണവും ഉണ്ട്. ആളെണ്ണം കൂടുന്നത് പട്ടിണിക്ക് കാരണമാകുമെന്ന ഭീതി ഈ ധാരണയിൽനിന്ന് ഉൽപാദിപ്പിക്കപ്പെടുന്നവയാണ്. ചില ജാതി-മത സമുദായങ്ങളുടെ ജനസംഖ്യ വർധനവിനെ കുറിച്ച് നിരന്തരം പേടിപരത്തുന്നത് ഇതിെൻറ മറ്റൊരു വശമാണ്. ആർഎസ്എസ് മേധാവിയുടെ പ്രസ്താവന ഈ വിഭാഗത്തിൽ പെടുന്നു.

നമ്മുടെ മണ്ണ്, സമ്പത്ത്, വിഭവങ്ങൾ തുടങ്ങിയവയെല്ലാം മറ്റുള്ളവർ കയ്യടക്കുമെന്ന ഭീതി വളർത്തപ്പെട്ട മനസ്സുകളിലേക്ക് വംശവെറി എളുപ്പത്തിൽ വേരുപടർത്തും. ‘അറ്റമില്ലാതെ പെറ്റുപെരുകുന്നവർ’ തുടങ്ങിയ നിലവാരംകെട്ട വാചകങ്ങൾപോലും ഉപയോഗിച്ച് മുസ്‌ലിം ജനസംഖ്യാവർധനവിനെ കുറിച്ച് സംഘപരിവാർ നിരന്തരം കള്ളക്കഥകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതിെൻറ മനഃശാസ്ത്രം ഇതുതന്നെയാണ്. നമ്മുടെ വിഭവങ്ങൾ ഊറ്റിയെടുക്കുന്നവരെ കൊന്നുതളളിയാലും കുഴപ്പമില്ല എന്ന മാനസികാവസ്ഥയിലേക്ക് ആളുകളെ തള്ളിയിടുന്ന തന്ത്രമാണിത്. രാജ്യത്ത് നടന്ന വർഗീയ കലാപങ്ങളും സംഘട്ടനങ്ങളും പരിശോധിച്ചാൽ ഇങ്ങനെ വികൃതമാക്കപ്പെട്ട മനസ്സുകളാണ് അതിന് നേതൃത്വം നൽകിയതെന്ന് മനസ്സിലാക്കാനാകും.

ജനസംഖ്യയിലെ കള്ളക്കണക്ക്

വെള്ളം ചേർത്ത കാനേഷുമാരി കണക്കുകളാണ് മുസ്‌ലിം ജനപ്പെരുപ്പമെന്ന ആരോപണത്തിന് പിന്നിലെന്നത് നിഷ്പക്ഷ പഠന കണക്കുകൾ തെളിയിക്കുന്നുണ്ട്.

മുസ്‌ലിം സമൂഹത്തിെൻറ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം കാണാൻ ഡോ. മൻമോഹൻ സിംഗ് മന്ത്രിസഭ നിയമിച്ച സച്ചാർ കമ്മീഷൻ കണ്ടെത്തിയ കാര്യങ്ങളിൽ പ്രധാനമായ ഒന്ന് ഇത്തരം കള്ളക്കണക്കുകളാണ്. സംഘ പരിവാരങ്ങൾ അവരുടെ കുപ്രചാരണങ്ങളുടെ ഭാഗമായി ഉപയോഗിച്ചുവരുന്ന വാർപ്പു മാതൃകകളുടെ പൊള്ളത്തരവും സച്ചാർ സമിതി തുറന്നുകാണിച്ചിട്ടുണ്ട്.

അതിലൊന്ന് ജനപെരുപ്പം തന്നെയാണ്. പ്രത്യുൽപാദനം നിയന്ത്രിക്കുന്നതിനും ആധുനിക ഗർഭ നിയന്ത്രണ രീതികൾ സ്വീകരിക്കുന്നതിനും സമുദായത്തിൽനിന്ന് തന്നെ നിർദേശമുണ്ടെന്നും പ്രത്യുൽപാദനം മതിയായ നിലയിൽ താഴ്ന്നതിെൻറ ഫലമായി മുസ്‌ലിം ജനസംഖ്യയും കുറഞ്ഞു എന്നും അതിൽ വ്യക്തമാക്കുന്നുണ്ട്.

മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ രാജ്യത്ത് വർധിക്കുന്നു എന്നും ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നുണ്ടെന്നുമുള്ള സംഘ്പരിവാറിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും. 2019-2021ലെ ദേശീയ കുടുംബാരോഗ്യ സർവെ കണക്കുകൾ പ്രകാരം ഹിന്ദു സ്ത്രീകളുടെ പ്രത്യുൽപാദന നിരക്കിൽ 30 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോൾ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ; പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീകളുടെ പ്രത്യുൽപാദന നിരക്കിൽ ഉണ്ടായ കുറവ് 35% ആണ്. 1992ൽ മുസ്‌ലിം സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 4.4 % ആയിരുന്നത് 2021ൽ 2.3 % ആയി കുറയുകയുണ്ടായി. ഹിന്ദു സ്ത്രീകളുടേത് 3.3 % ശതമാനത്തിൽനിന്ന് ഈ കാലയളവിൽ 1.94%ൽ എത്തിയിട്ടുണ്ട്. മറ്റു മതന്യൂനപക്ഷ വിഭാഗങ്ങളിൽ ക്രിസ്ത്യാനികളുടേത് 1.88%, സിഖ് 1.61%, ജൈന 1.6%, ബുദ്ധിസ്റ്റ് 1.39% എന്നിങ്ങനെയാണ്. ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവെ കണക്കുകൾ പ്രകാരം ഹിന്ദു സ്ത്രീകളുടെ ശരാശരി പ്രത്യുൽപാദന നിരക്കും മതന്യൂനപക്ഷങ്ങളിൽ പ്രബലമായ മുസ്‌ലിം സ്ത്രീകളുടെ നിരക്കും തമ്മിലുള്ള വ്യത്യാസം 0.4 2% മാത്രമാണ്.

കഴിഞ്ഞ 30 വർഷത്തിനിടയിൽ ശതമാന വർധന നേർപകുതിയായിട്ടുണ്ടെന്ന് കണക്കുകളിൽ കാണാം. 2030ൽ ഇരു മതവിഭാഗങ്ങളിലെയും പ്രത്യുൽപാദന നിരക്ക് തുല്യതയിൽ എത്തുമെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ ഫെർട്ടിലിറ്റി നിരക്കിന്റെ കാര്യത്തിൽ 41.2% കുറവാണ് ഹിന്ദു സമുദായത്തിൽ ഉണ്ടായതെങ്കിൽ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ 46.5% ആണ് കുറവുണ്ടായത്. ഏറ്റവും പുതിയ സെൻസസ് കണക്കുകൾ പ്രകാരം ഹിന്ദു ജനസംഖ്യ വർധനവിൽ 3.1% ഇടിവ് സംഭവിച്ചപ്പോൾ മുസ്‌ലിം ജനസംഖ്യ വർധനവിൽ 4.7% ഇടിവാണ് ഉണ്ടായിരിക്കുന്നത്. യാഥാർഥ്യം ഇതായിരിക്കെ സമുദായത്തെ ക്രൂശിക്കാനുള്ള ഗോൾവാൾക്കറിയൻ അജണ്ടകൾ നടപ്പിലാക്കാനുളള ശ്രമമാണിതെന്ന് ആർക്കാണറിഞ്ഞു കൂടാത്തത്.

സംഘർഷങ്ങളിലും കലാപങ്ങളിലും അസമാധാനങ്ങളിലും മാത്രം തഴച്ചുവളരാൻ സാധിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്ക് വളർച്ചയ്ക്ക് ആവശ്യമായ സാഹചര്യമൊരുക്കൽ അനിവാര്യമാണല്ലോ! കൊളോണിയൽ വിരുദ്ധ സമരകാലത്ത് പോലും ഇന്ത്യൻ മധ്യവർഗത്തിെൻറ രാഷ്ട്രീയ ബോധ്യങ്ങളെ കടന്നാക്രമിച്ചുകൊണ്ടാണ് മതരാഷ്ട്രീയം സ്വന്തം വേദിയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. 1980ന് ശേഷം കൊളോണിയൽ വിരുദ്ധ സമര പാരമ്പര്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഹിന്ദുത്വ രാഷ്ട്രീയം ഭരണത്തിലേക്ക് കടന്നുവന്ന് ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ മുമ്പില്ലാത്തവിധം പുതിയ വെല്ലുവിളി ഉയർത്തി കലുഷിതമാക്കി. അതിനുള്ള ഒരു മാർഗമായി ജനസംഖ്യയെ വിവാദമാക്കുകയാണിപ്പോൾ. ബാബരി മസ്ജിദ് പ്രശ്‌നം കത്തിച്ചുനിർത്താൻ ശ്രമിച്ചതിെൻറ പിന്നിലെ ഗൂഢലക്ഷ്യം അതായിരുന്നു. ആ പ്രശ്‌നം അവസാനിച്ചപ്പോൾ ‘പശു രാഷ്ട്രീയം’ കത്തിച്ചുനിർത്താനുള്ള ശ്രമമുണ്ടായി. പിന്നെ ഹലാൽ ഭക്ഷണ വിവാദമുണ്ടാക്കി. സൗഹൃദത്തിന് മാതൃകയായ കേരളത്തിൽ പോലും അതിെൻറ പ്രചാരണത്തിന് ശ്രമമുണ്ടായി. ഇങ്ങനെ ഓരോ കാലത്തും, പ്രത്യേകിച്ച് ഇലക്ഷൻ സാഹചര്യത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ കൊണ്ടുവരിക സംഘപരിവാരങ്ങളുടെ പതിവുശൈലിയാണ്. ആ ഗണത്തിലേക്ക് ജനസംഖ്യകൂടി ഇപ്പോൾ കടന്നുവന്നിരിക്കുന്നുവെന്ന് മാത്രം.

ജനസംഖ്യാ വിവാദം ലക്ഷ്യമാക്കുന്നത്

ജനപ്പെരുപ്പം കൂടുന്നത് ദാരിദ്ര്യത്തിന് കാരണമാകുമെന്ന മാൽതൂസിയൻ തിയറി പുറത്തുവന്നതോടുകൂടി പതിനെട്ടാം നൂറ്റാണ്ടിലാണ് യൂറോപ്പിൽ ആദ്യമായി ജനസംഖ്യാ കണകെടുപ്പുകൾ ആരംഭിക്കുന്നത്. ഇന്ത്യയിൽ കൊളോണിയൽ ശക്തികളാണ് സാമൂഹിക വിഭാഗങ്ങളെ കുറിച്ചുള്ള സ്റ്റാറ്റിസ്റ്റിക്കൽ വിവരങ്ങൾ ആദ്യമായി ശേഖരിച്ചത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെയുള്ള കാലയളവുകളിൽ ഓരോ പത്ത് വർഷവും ബ്രിട്ടീഷുകാർ ജനസംഖ്യാ വിവരങ്ങൾ ശേഖരിച്ചിരിന്നു. തങ്ങളുടെ കോളനികളെ കുറിച്ചും അവിടെയുള്ള ജനങ്ങളെ കുറിച്ചും വിശദമായി അറിയാനുള്ള ത്വരയിൽനിന്നാണ് ബ്രിട്ടീഷു കാർ ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങളിൽ വിവരശേഖരണം നടത്തിയത്. പിന്നീട് ചില ഭരണ താൽപര്യങ്ങളുടെ സാക്ഷാൽകാരത്തിന് വേണ്ടിയായി. പുതിയ നികുതികൾ ഈടാക്കുക, പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുക, ഫാക്ടറികളിലേക്ക് കൊണ്ടുപോവുക, ക്രിസ്ത്യാനിയായി മതം മാറ്റുക തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടിയാണിതൊക്കെയെന്നുള്ള സംശയം നിമിത്തം അക്കാലത്തെ ജനങ്ങൾ വിവരങ്ങൾ നൽകുന്നതിൽനിന്ന് മടിച്ചുനിന്നതായി പറയപ്പെടുന്നു. ഇന്ത്യയിലെ മത-ജാതി വിഭാഗങ്ങളെ തിരിച്ചറിയുക, അതിലൂടെ ആധിപത്യം ഉറപ്പിക്കുക, സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ വിഭവങ്ങളെ കുറിച്ച് കൃത്യമായ വിവരം ലഭിക്കുക, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ക്രിസ്തുമതത്തിെൻറ മിഷണറിപ്രവർത്തനങ്ങൾക്ക് സൗകര്യമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ഇതുകൊണ്ടുണ്ടായിരുന്നു എന്ന് വ്യക്തമാണ്.

വ്യത്യസ്ത മത, ജാതി, ഗോത്ര വിഭാഗങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം അവ്യക്തമായ സമൂഹങ്ങളായിട്ടാണ് നിലനിന്നിരുന്നത്. വിവരശേഖരണത്തിലൂടെ കൂടുതൽ വ്യക്തത വരുത്താൻ കഴിഞ്ഞു. അവ പുറത്തുവിട്ടതിലൂടെ വ്യതിരിക്തവും പരസ്പരവിരുദ്ധവുമായ വിഭാഗങ്ങളായി സമൂഹം വേർതിരിഞ്ഞു. ഓരോ സമുദായവും അവരുടെ ഭൂമിശാസ്ത്ര വിന്യാസത്തെ കുറിച്ചും ജനസംഖ്യാപരമായ വലിപ്പത്തെ കുറിച്ചും പെട്ടെന്ന് ബോധവാൻമാരായി. ഇതിനെ ഒരു രാഷ്ട്രീയ ആയുധമാക്കുന്നതിൽ ബ്രിട്ടീഷുകാർ അതിസമർഥമായി വിജയിച്ചു. ഹിന്ദുക്കൾ ഭൂരിപക്ഷമാണെന്നും ജാതി, വർഗ ഭേദമന്യെ ഒരു സമുഹമാണെന്നുമുള്ള സന്ദേശമാണ് ജനങ്ങൾക്ക് അവർ കൈമാറിയത്. വ്യത്യസ്ത മതസമൂഹങ്ങളുടെ ഭൂമിശാസ്ത്ര വ്യാപനത്തെ കുറിച്ചുള്ള തിരിച്ചറിവിനും അത് കാരണമായി. മതസ്പർധയിലേക്കും വർഗീയതയിലേക്കും നയിക്കുന്ന മൂർച്ചയുള്ള ആശയമായി അത് ഇന്നും നിലനിൽക്കുന്നു. യഥാർഥ ഇന്ത്യയെ കുറിച്ച് പ്രത്യേകമായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കുകയും അതിലൂടെ ഇവിടുത്തെ യഥാർഥ ജനവിഭാഗം ഹിന്ദുക്കളാണെന്നും അവരുടെ പുണ്യഭൂമിയാണിതെന്നുമുള്ള ആഖ്യാനങ്ങളുമാണ് ഉണ്ടായത്. അകത്തുള്ളവരും പുറത്തുനിന്ന് വന്നവരുമെന്ന അപരവൽകരണത്തിെൻറ ആശയവും നിർവചനങ്ങളിലേക്ക് ചേർത്തുവച്ചു.

ബ്രിട്ടീഷ് സെൻസസ് സൂപ്രണ്ടായിരുന്ന ജോർജ് ഗ്രീർസൺ ‘ഹിന്ദു’ എന്നതിനെ നിർവചിച്ചത് ‘ഇന്ത്യയിലെ മുസ്‌ലിംകൾ അല്ലാത്തവർ’ എന്നായിരുന്നു. അങ്ങനെ സാമുദായിക ഭിന്നിപ്പിന് ഭീകര രൂപം നൽകിയാണ് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം നടപ്പാക്കിയത്. ഇങ്ങനെ ജനസംഖ്യാ വിവര രേഖരണങ്ങളിലൂടെ സ്വാതന്ത്ര്യാനന്തരവും സാമുദായിക ധ്രുവീകരണം തുടരുകയുണ്ടായി. പ്രധാനമായും ഇന്ത്യയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായി മാറുമെന്ന വലിയ ആശങ്കയിൽ ജനതയെ തളച്ചിട്ട് മുതലെടുപ്പ് നടത്താനാണ് ശ്രമങ്ങളുണ്ടായത്. കൊളോണിയൽ മുദ്രയുള്ള ഇന്ത്യൻ സെൻസസ് നടപടി ക്രമങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ സംഘപരിവാറാണ് എന്ന വസ്തുതയെ അടിവരയിടുന്നതാണ് ഈ വിഷയം ഇപ്പോഴും വിവാദമായിക്കൊണ്ടിരിക്കുന്നത്.

ബിജെപി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന പൗരത്വ നിയമ ഭേദഗതിയിലേക്കുള്ള പടവുകളാണിത്തരം പ്രസ്താവനകൾ. ഭരണഘടന, നീതിന്യായ വ്യവസ്ഥ, നിയമ നിർമാണം, നിയമ പരിപാലനം; ഇതെല്ലാം ചേർന്ന ഭരണകൂട സംവിധാനത്തിന്റ ആത്യന്തികമായ അടയാള വാക്യമാണ് പൗരത്വം. ജനസംഖ്യാ വിവാദങ്ങളിലൂടെ ജനങ്ങളെ വേർതിരിച്ച് മുസ്‌ലിം സമൂഹത്തിന് പൗരത്വത്തെ അന്യമാക്കാനുള്ള ശ്രമങ്ങളാണ് അധികാരികൾ നടത്തുന്നത്.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം അപ്രാപ്യമായ നിയഭേദഗതിക്കായി ശ്രമം നടക്കുന്നുണ്ട്. കാശ്മീരും ലക്ഷദ്വീപും സമീപകാലത്ത് ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രദേശങ്ങളാണ്. ഇത് ഭരണകൂടത്തിെൻറ സ്വാർഥതയാണ്. കാശ്മീർ പ്രശ്‌നം കലുഷിതമാക്കി അതിെൻറ മുറിവ് ഉണങ്ങും മുമ്പ് ആസാം പ്രശ്‌നം തൊടുത്തുവിട്ടുകൊണ്ട് ഭരണകൂടം അതിെൻറ ഹിംസാത്മക സ്വഭാവത്തിൽ ആനന്ദിക്കുകയാണ്. അതിനുശേഷം സിഎഎ, എൻആർസി നിയമനിർമാണങ്ങളിലും രാഷ്ട്രത്തിെൻറ അടിസ്ഥാനശിലകൾ ഇളക്കിമാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. പൗരത്വരഹിതരായ സമൂഹത്തെ സൃഷ്ടിക്കാനുള്ള അതി തീവ്രശ്രമങ്ങളിലാണ് ഭരണകൂടം. നാടെമ്പാടും തടങ്കൽ പാളയങ്ങൾ നിർമിച്ച് ജനങ്ങളെ അടച്ചിട്ട് മനുസ്മൃതി ഭരണഘടനയാക്കി സുഖഭരണം നടത്താൻ അവർ കാത്തിരിക്കുകയാണ്. അതിലേക്കുള്ള ചവിട്ടുപടികളായി പ്രസ്താവനകളും വർഗസംഘട്ടനങ്ങളും ആൾകൂട്ട കൊലപാതകങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. ദളിത്-പിന്നാക്ക വിഭാഗങ്ങളെ ക്രൂരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതിന് വേണ്ടി മാത്രം വ്യാജവർത്തമാനങ്ങൾ പടച്ചുണ്ടാക്കാൻ കുറെ മാധ്യമ തമ്പുരാക്കളെ വിലക്കെടുത്തിരിക്കുന്നു.

ഒരു രാഷ്ട്രം നിലകൊള്ളുന്ന അടിസ്ഥാന നൈതികബോധ്യങ്ങളെ അവർ പരിഗണിക്കുന്നില്ല. അതിെൻറ ചരിത്രപരതയെ അവർ അവഗണിക്കുന്നു. നിരന്തരമായ സംവാദങ്ങളെയും സമവായങ്ങളെയും സമ്മതികളെയും അവർ ഭയപ്പെടുന്നു. നൈതികബോധ്യങ്ങളെ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഇത്തരം ഘടകങ്ങളെ അവർ നിരാകരിക്കുന്നു. കാരണം അവരുടെ ആദർശവും ആശയവും മാനവികമല്ല. മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത ഭീകര ചിന്തകളും അന്യരെ കുറിച്ചുള്ള ഭീതിയുമാണ് അവരെ നയിച്ചുകൊണ്ടിരിക്കുന്നത്. മാനവചരിത്രത്തിലെ കറുത്ത ഏടുകളായി ചിത്രീകരിക്കപ്പെട്ട, മനുഷ്യകബന്ധങ്ങളിൽ സിംഹാസനം പണിത, അധികാരദാഹത്താൽ തുല്യതയില്ലാത്ത ക്രൂരതകൾക്ക് നേതൃത്വം നൽകിയ ഹിറ്റ്‌ലറെയും മുസോളനിയെയും മാതൃകയാക്കിയവരാണവർ. നാസിസവും ഫാസിസവുമാണവരുടെ ദർശനം.