വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും

സുഫ്‌യാൻ അബ്‌ദുസ്സലാം

2022 നവംബർ 12, 1444 റബീഉൽ ആഖിർ 17
കര്‍ണാടകയിലെ കലാലയങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികളുടെ ശിരോവസ്ത്രം നിരോധിക്കുകയും അത് ഹൈക്കോടതി ശരിവെക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഭരണഘടനാ വിഷയമെന്ന നിലയ്ക്ക് അഭിഭാഷകരും വിദ്യാര്‍ഥിനികളുമടങ്ങിയ ഒരു ടീം സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. രാജ്യത്തിന്റെപരമോന്നത കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ പൗരന്റെ മൗലികാവകാശവുമായി ബന്ധപ്പെട്ട ഒട്ടേറെ ചിന്തകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. പ്രസ്തുത ചര്‍ച്ചകളുടെ ക്രോഡീകരണമാണ് ഈ കുറിപ്പ്.

മുസ്‌ലിം വിദ്യാർഥിനികളുടെ തല മറയ്ക്കാനുള്ള അവകാശത്തിന്മേലുള്ള വാദം പൂർത്തിയായശേഷം സുപ്രീം കോടതി വിധി പ്രസ്താവിച്ചു. വിധി പ്രസ്താവിച്ച രണ്ടു ജഡ്ജുമാരിൽ ഒരാൾ മുസ്‌ലിം വിദ്യാർഥിനികൾക്ക് അനുകൂലമായും മറ്റൊരാൾ പ്രതികൂലമായും വിധി എഴുതിയിരിക്കുകയാണ്. ജഡ്ജിമാർക്കിടയിൽ വിഷയത്തിൽ രണ്ടഭിപ്രായം രൂപപ്പെട്ടതോടെ വിഷയം ഒരു വിശാല ബെഞ്ചിന് കൈമാറാനും കൂടുതൽ വാദം കേട്ടശേഷം അന്തിമവിധി പ്രഖ്യാപിക്കാനുമാണ് കോടതിയുടെ തീരുമാനം.

പശ്ചാത്തലം

കർണാടകയിലെ ചില വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുന്നതിന്റെ മറവിൽ മുസ്‌ലിം പെൺകുട്ടികൾക്ക് തലമറയ്ക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ഫെബ്രുവരി അഞ്ചിനാണ് വിദ്യാലയങ്ങളിൽ ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കർണാടക പുറപ്പെടുവിച്ചത്. രാജ്യത്താകമാനം മാധ്യമങ്ങളും പൊതുസമൂഹവും വിഷയം ചർച്ച ചെയ്യുകയും മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെയുള്ള തുടർച്ചയായ കടന്നാക്രമണങ്ങളുടെ ഭാഗമായി അതിനെ കാണുകയും ചെയ്തു. ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള നടപടികൾ തുടർന്നപ്പോൾ വിദ്യാർഥിനികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. കർണാടക ഹൈക്കോടതി വിദ്യാലയങ്ങളിൽ ശിരോവസ്ത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് ശരിവച്ചുകൊണ്ട് വിധി പ്രസ്താവിച്ചു. അതിനെത്തുടർന്നാണ് വിദ്യാർഥിനികളും മതനിരപേക്ഷ സമൂഹത്തിലെ പ്രഗത്ഭരായ അഭിഭാഷകരും സുപ്രീം കോടതിയെ സമീപിച്ചത്.

കർണാടക കോടതിയുടെ വിധി

കർണാടക ഹൈക്കോടതിയുടെ വിധിയിൽ ഒന്നാമതായി ചൂണ്ടിക്കാണിക്കുന്നത് മുസ്‌ലിം പെൺകുട്ടികൾ ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‌ലാമിലെ അത്യന്താപേക്ഷിത മതാചാരം (Essential relig-ious practice) അല്ല എന്നാണ്. അതുകൊണ്ടുതന്നെ മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ ആനുകൂല്യം അതിന് ലഭിക്കില്ല. അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന 19-ാം അനുച്ഛേദത്തിന്റെ പരിഗണനയിലും ശിരോവസ്ത്രം വരില്ല. അതിനാൽ ക്ലാസ്സ് മുറിയിൽ അഭിപ്രായസ്വാതന്ത്ര്യമോ സ്വകാര്യതയോ അനുവദിക്കേണ്ടതില്ല,

1983ലെ കർണാടക വിദ്യാഭ്യാസ നിയമത്തിന്റെ 133(2) പ്രകാരമാണ് യൂണിഫോം നിർദേശിച്ചുകൊണ്ടുള്ള കർണാടക സർക്കാരിന്റെ ഉത്തരവ് ഉണ്ടായിട്ടുള്ളതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാലയ വികസന സമിതികൾ പോലുള്ള ബോഡികൾ രൂപീകരിച്ചുകൊണ്ട് വിദ്യാലയങ്ങളിലെ വസ്ത്രനിയമങ്ങൾ നടപ്പാക്കിയതെന്നും തീരുമാനം സർക്കാർ നേരിട്ട് എടുത്തതാണെന്നും കർണാടക ഹൈക്കോടതി വിധിയിൽ പറയുന്നു. മാർച്ച് 15നാണ് ജസ്റ്റിസുമാരായ റിതു രാജ് അവാസ്തി, കൃഷ്ണ ദീക്ഷിത്, ജെ.എം.ഖാസി എന്നിവർ ശിരോവസ്ത്രത്തിനെതിരെ ഏകകണ്ഠമായി വിധി പ്രസ്താവിച്ചത്.

കേസ് സുപ്രീം കോടതിയിൽ

കർണാടക ഹൈക്കോടതിയിൽ വാദം നടക്കുമ്പോൾതന്നെ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയം എന്ന നിലയ്ക്ക് സുപ്രീം കോടതി ഇടപെടണമെന്ന ആവശ്യം പ്രമുഖ അഭിഭാഷകർ ഉയർത്തിയിരുന്നു. എന്നാൽ കർണാടക വിധിക്ക് ശേഷം മാത്രമെ വിഷയത്തിൽ ഇടപെടാൻ സാധിക്കൂ എന്ന നിലപാടായിരുന്നു സുപ്രീം കോടതി പുലർത്തിയത്. ജൂലൈ 5ന് കേസ് സുപ്രീം കോടതി പരിഗണിക്കുകയും സെപ്റ്റംബർ 5 മുതൽ വാദം തുടങ്ങുയയും ചെയ്തു. പത്ത് ദിവസങ്ങളിലായി നടന്ന വാദം കേൾക്കൽ സെപ്റ്റംബർ 22 നാണ് അവസാനിച്ചത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വാദം കേട്ടത്. മൗലികാവകാശങ്ങളുടെ ഭാഗമായ മുസ്‌ലിം വിദ്യാർഥിനികളുടെ തല മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി കോടതിയിൽ വാദങ്ങളുടെ പോർമുഖം തുറക്കാൻ സന്നിഹിതരായത് മതനിരപേക്ഷതയുടെ കാവലാളുകളായി അറിയപ്പെടുന്ന പ്രമുഖ അഭിഭാഷകരാണ്. ദുഷ്യന്ത് ദവെ, കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, രാജീവ് ധവാൻ, ദേവദത്ത് കാമത്ത്, സഞ്ജയ് ഹെഗ്‌ഡെ, ഇജാസ് മഖ്ബൂൽ, നിസാം പാഷ, യൂസുഫ് മുച്ചാല, സൽമാൻ ഖുർഷിദ്, ആദിത്യ സോന്ധി, ഹുസേഫാ അഹ്‌മദി, ജെയ്‌ന കോത്താരി, അബ്ദുൽമജീദ് ധർ, മീനാക്ഷി അറോറ, കോളിൻ ഗോൺസാൽവസ്, ശുഐബ് ആലം, തുളസി രാജ് എന്നിവർ വിഷയത്തിന്റെ നാനാവശങ്ങൾ ഓരോന്നോരോന്നായി കോടതിക്ക് മുമ്പാകെ സമർപ്പിച്ചു. മുസ്‌ലിം വിദ്യാർഥിനികളുടെ ശിരോവസ്ത്ര അവകാശത്തിനുവേണ്ടി ഒരുപക്ഷേ, ലോകത്ത് ഇത്രയും ശക്തമായ വാദമുഖങ്ങൾ ഒരു കോടതിയിലും അരങ്ങേറിക്കാണില്ല. ഓരോ അഭിഭാഷകനും ആവർത്തനവിരസതയില്ലാതെ പരസ്പര ധാരണയോടെ വ്യത്യസ്തങ്ങളായ നിയമവശങ്ങൾ അവതരിപ്പിച്ചപ്പോൾ അതൊരു വൈജ്ഞാനിക സംവാദമായി മാറുകയായിരുന്നു.

മതവേഷങ്ങളും സർക്കാർ സ്ഥാപനങ്ങളും

ജസ്റ്റിസ് ഹേമന്ദ് ഗുപ്തയാണ് വാദം കേട്ടുതുടങ്ങിയത്. ‘നമ്മുടേത് ഒരു സെക്കുലർ രാജ്യമാണെന്ന് ഭരണഘടനയുടെ ആമുഖം (Preamble) പറയുന്നു. ഒരു സെക്കുലർ രാജ്യത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ മതപരമായ വസ്ത്രം ധരിക്കാമോ എന്നതാണ് പ്രസക്തമായ വിഷയം.’ ഗുപ്ത പറഞ്ഞുതുടങ്ങി. ശിരോവസ്ത്രം പോലെയുള്ള മതപരമായ വേഷങ്ങൾ വിദ്യാലയങ്ങളിൽ അഭികാമ്യമല്ല എന്ന സൂചനയാണ് പ്രസ്തുത പ്രസ്താവനയിൽ നിഴലിച്ചത്. എന്നാൽ ഇത് തിരിച്ചറിഞ്ഞ പ്രമുഖ അഭിഭാഷകൻ രാജീവ് ധവാൻ കോടതികളിൽ പോലും ന്യായാധിപരും അഭിഭാഷകരും മത അടയാളങ്ങളായ തിലകക്കുറികൾ അണിഞ്ഞും പഗ്ഡി (തലപ്പാവ്) ധരിച്ചും വരുന്ന കാര്യം ചൂണ്ടിക്കാട്ടുകയും ഇതെല്ലാം നമ്മുടെ സർക്കാർ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും സർവസാധാരണമാണെന്നും ചൂണ്ടിക്കാട്ടി. മുസ്‌ലിം വനിതാ അഭിഭാഷകർ കോടതികളിൽ ശിരോവസ്ത്രം അണിയുന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.

നിരോധനത്തിന്റെ രാഷ്ട്രീയം

അനാവശ്യ വിവാദങ്ങളുണ്ടാക്കി നേട്ടംകൊയ്യാൻ ശ്രമിക്കുന്ന രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും ശിരോവസ്ത്ര നിരോധനം ആവശ്യപ്പെടുന്ന പാർട്ടിയുടെ എം. എൽ.എയുടെ നേതൃത്വമാണ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനത്തിന് പിന്നിലെന്നും സീനിയർ അഡ്വക്കേറ്റ് സഞ്ജയ് ഹെഗ്‌ഡെ കോടതിയെ ധരിപ്പിച്ചു. കർണാടക വിദ്യാഭ്യാസ ആക്റ്റിൽ യൂണിഫോമിനെ കുറിച്ച് പ്രത്യേകമായി നിഷ്‌കർഷിച്ചിട്ടില്ലെന്നും അതേസമയം മതം, ജാതി മുതലായവയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്ന് പ്രസ്തുത ആക്റ്റിന്റെ 39ാം വകുപ്പ് (b&c) വ്യക്തമാക്കിയിട്ടുണ്ടെന്നും ഹെഗ്‌ഡെ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഇടപെട്ട് സംസാരിച്ച ജസ്റ്റിസ് ധൂലിയ ശിരോവസ്ത്രം ഒരുപക്ഷേ, മതാചാരത്തിൽ പെട്ടതാകാമെങ്കിലും യൂണിഫോം പാലിക്കുക എന്നത് എല്ലാ വിദ്യാർഥികളുടെയും കടമയാണെന്ന് പറഞ്ഞപ്പോൾ അതിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കാൻ ആർക്കാണ് അധികാരമെന്ന് ഹെഗ്‌ഡെ ചോദിച്ചു.

കർണാടകക്ക് വേണ്ടി കോടതിയിൽ ഹാജരായ അഡ്വക്കറ്റ് ജനറൽ പ്രഭുലിംഗ് നവാഡ്ജി ശിരോവസ്ത്രം ധരിക്കുന്നതിന് കർണാടക സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ സർക്കാർ വിദ്യാലയങ്ങളിലെ വികസന സമിതികളാണ് അതാത് വിദ്യാലയങ്ങളുടെ അച്ചടക്ക സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതെന്നും അതിലിടപെടാൻ സർക്കാരിന് കഴിയില്ലെന്നുമുള്ള വാദമാണ് മുമ്പോട്ടുവെച്ചത്. ഹിജാബ് നിരോധിക്കുകയല്ല, യൂണിഫോം നിർബന്ധമാക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള ദുർബലമായ ‘വക്കീൽ വാദം’ എഴുന്നള്ളിക്കുകയായിരുന്നു അദ്ദേഹം.

ദേവദത്ത് കാമത്ത്

രണ്ടാം ദിവസം പ്രമുഖ അഭിഭാഷകൻ ദേവദത്ത് കാമത്തിന്റെ ദിവസമായിരുന്നു. ഭരണഘടനയുടെ 19, 21, 25 അനുച്ഛേദങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. വസ്ത്രനിയമങ്ങൾ ഭരണഘടനയെ അതിലംഘിക്കുന്ന വിധത്തിലായിരിക്കരുത്. വിദ്യാലയങ്ങളിൽ ബുർഖ, ജിൽബാബ് പോലുള്ള ശരീരമാസകലം മറയുന്ന വസ്ത്രം അണിയാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, മറിച്ച് തലമറയ്ക്കുക എന്ന മിനിമം ആവശ്യത്തിനുവേണ്ടിയാണ് മുസ്‌ലിം പെൺകുട്ടികൾ മുറവിളികൂട്ടുന്നത്. അത് ‘എസ്സെൻഷ്യൽ’ അല്ലെന്ന് പറയാൻ എങ്ങനെ സാധിക്കും? വിദ്യാഭ്യാസം ലഭിക്കാൻ ഭരണഘടന അനുവദിച്ച അവകാശങ്ങളെ മുഴുവൻ ഉപേക്ഷിക്കണം എന്നാണോ പറയുന്നത്? ഒരാൾ തലമറയ്ക്കുന്നത് മറ്റൊരാൾക്ക് ഏതുവിധത്തിലാണ് പ്രശ്‌നമാകുന്നത്? യൂണിഫോമിന്റെ അതേ നിറത്തിലോ ഡിസൈനിലോ ഉള്ള ശിരോവസ്ത്രം ധരിക്കുന്നത് എങ്ങനെ അച്ചടക്കാരാഹിത്യമാകും? തങ്ങളുടെ മതവിശ്വാസം അനുവദിക്കുന്നില്ല എന്നതിന്റെ പേരിൽ ദേശീയഗാനം ആലപിക്കാതിരുന്ന വിദ്യാർഥികളെ പോലും വിദ്യാലയങ്ങളിൽനിന്നും പുറത്താക്കാൻ പാടില്ല എന്ന് വിധിച്ച രാജ്യമാണ് നമ്മുടേത് എന്ന്; 1985ലെ ബിജോയ് ഇമ്മാനുവൽ കേസ് ഉയർത്തിപ്പെടിച്ചുകൊണ്ട് കാമത്ത് വാദിച്ചു. ഒരു പ്രത്യേക മതവിശ്വാസമോ ആചാരമോ നമ്മുടെ യുക്തിയെയോ വികാരത്തെയോ ആകർഷിക്കുന്നുണ്ടോ എന്നതല്ല, മറിച്ച് ആ വിശ്വാസം യഥാർഥമായി പ്രസ്തുത മതാഭ്യാസത്തിന്റെ ഭാഗമായി നിലനിൽക്കുന്നതാണോ എന്നതാണ് പരിശോധിക്കപ്പെടേണ്ടത് എന്ന ബിജോയ് കേസിലെ സുപ്രീം കോടതി വിധി പ്രസ്താവന കാമത്ത് വായിച്ചു. കാമത്ത് ഉയർത്തിയ പ്രധാന വാദങ്ങൾ താഴെ പറയുന്നവയാണ്.

ഭരണഘടനയുടെ ധാർമികത

കേന്ദ്രസർക്കാരിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ ശിരോവസ്ത്രം അനുവദിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രീയ വിദ്യാലയങ്ങളുടെ നടപടി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങൾക്ക് ബാധകമല്ല എന്ന ദുർബലവാദമാണ് കർണാടക ഹൈക്കോടതിയുടെ വിധിയിലുള്ളത്. യൂണിഫോമിനോട് യോജിക്കുന്ന നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ അനുവദിച്ചുകൊണ്ടുള്ള കേന്ദ്രീയവിദ്യാലയത്തിന്റെ സർക്കുലർ കാമത്ത് കോടതിക്ക് സമർപ്പിച്ചു. ഹൈക്കോടതി പറയുന്നത് വിദ്യാലയങ്ങളിൽ ശിരോവസ്ത്രം അനുവദിക്കുന്നത് ഭരണഘടനയുടെ ധാർമികതയെ (Constitutional moraltiy) ബാധിക്കുമെന്നാണ്. എന്നാൽ മതസ്വാതന്ത്ര്യം അനുവദിക്കാതിരിക്കുന്നതാണ് ഭരണഘടനയുടെ അന്തസ്സിനെ ബാധിക്കുക.

വിവിധ രാജ്യങ്ങളുടെ വിധികൾ

കാമത്ത് തുടരുന്നു: ദക്ഷിണാഫ്രിക്കയിൽ സൊണാലി എന്ന പേരുള്ള ഒരു തമിഴ് ഹിന്ദു വിദ്യാർഥിനിക്ക് മൂക്കുത്തി ധരിക്കാൻ അവിടത്തെ പരമോന്നത കോടതി അനുമതി നൽകിയത് നമുക്കും മാതൃകയാണ്. ലോകത്തെ വിവിധ സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിക്കാൻ വിവിധ രാജ്യങ്ങൾ ശ്രമിക്കുമ്പോൾ ഇവിടെ നാം നമ്മുടെതന്നെ ജനങ്ങളുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ നിരാകരിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സൗത്ത് ആഫ്രിക്കൻ കോടതിയുടെ വിധിയിൽ ഇങ്ങനെ കാണാം: ‘സഹിഷ്ണുത ഭരണഘടനയുടെ സവിശേഷതകളിൽ ഒന്നാണ്. മറ്റൊരു സ്‌കൂൾ തിരഞ്ഞെടുക്കാൻ സൊണാലിയോട് ആവശ്യപ്പെടുന്നത് ന്യൂനപക്ഷത്തെ പാർശ്വവത്കരിക്കുന്നതിലേക്കാണ് നയിക്കുക.’ യു.എസ്.സർക്കാർ വിദ്യാലയങ്ങളിൽ ശിരോവസ്ത്രം അനുവദിച്ച കാര്യവും കാനഡയിൽ സിഖ് വിദ്യാർഥികൾക്ക് അവരുടെ വിശ്വാസമനുസരിച്ച് ഇരുമ്പുവള (കരാം) ധരിക്കാൻ അനുമതി നൽകിയ കാര്യവും കാമത്ത് വിശദീകരിച്ചു.

രണ്ടുവർഷം മുമ്പ് മുസ്‌ലിം പെൺകുട്ടികൾക്ക് ശിരോവസ്ത്രം നിരോധിച്ചുകൊണ്ട് ആസ്ത്രിയയിലെ ചില വിദ്യാലയങ്ങൾ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ അവിടുത്തെ കോൺസ്റ്റിറ്റിയൂഷണൽ കോർട്ട് ഉത്തരവ് മരവിപ്പിച്ചു. ഇങ്ങനെയുള്ള നിരോധനങ്ങൾ മുസ്‌ലിം പെൺകുട്ടികളെ വിദ്യാഭ്യാസത്തിൽനിന്നും തടയുകയും അവരെ പാർശ്വവത്കരിക്കുകയുമാണ് ചെയ്യുക എന്നാണ് ആസ്ത്രിയൻ കോടതി പറഞ്ഞത്. മറ്റു രാജ്യങ്ങളിലെ വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യേണ്ടതുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് എല്ലാവരിലുമുള്ള നന്മകളെ സ്വീകരിക്കലാണ് ഇന്ത്യൻ പാരമ്പര്യമെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് സുപ്രീം കോടതിതന്നെ 2002ലെ അരുണ റോയ് കേസിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കാമത്ത് മറുപടി പറഞ്ഞു. ഒരു മതത്തിൽ പെട്ട വിദ്യാർഥികൾ മാത്രം അവരുടെ മതചിഹ്നങ്ങൾ കാണിക്കാൻ പാടില്ല എന്നതാണോ സെക്കുലറിസത്തിന്റെ വിശദീകരണമെന്നും അദ്ദേഹം ചോദിച്ചു.

നിരോധനം ഒരു സമുദായത്തിന് മാത്രം

കാമത്ത് തുടരുന്നു: കർണാടക സർക്കാരിന്റെ ഉത്തരവ് (ജി.ഒ) നിരുപദ്രവകരാമെന്നാണ് അഡ്വക്കറ്റ് ജനറൽ ഇവിടെ പറഞ്ഞത്. എന്നാൽ ജി.ഒയിലെ പരാമർശങ്ങൾ ഇങ്ങനെയാണ്: ‘ശിരോവസ്ത്രം നിരോധിച്ചത് അനുച്ഛേദം 25ന്റെ ലംഘനമല്ല. കാരണം വിദ്യാർഥികൾ മതപരമായ വേഷത്തിൽ വരുന്നത് ഐക്യത്തിന് തടസ്സമാണ്.’

ഒരു കോടതിയെപ്പോലെ സംസ്ഥാന സർക്കാർ വിധിപറയുന്നത് ന്യായമല്ലെന്നും കാമത്ത് പറഞ്ഞു. രുദ്രാക്ഷം, കുരിശ്, നാമം തുടങ്ങിയവ ധരിച്ചുകൊണ്ട് വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നത് തടയാതിരിക്കുകയും ഒരു സമുദായത്തിന് മാത്രം അവകാശം നിഷേധിക്കുകയും ചെയ്യുന്നത് നീതിയല്ല. എന്നാൽ അവ വസ്ത്രത്തിന്റെ ഉള്ളിലാണ് ധരിക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടപ്പോൾ തങ്ങളുടെ വിദ്യാർഥികാലഘട്ടത്തിൽ അവ പരസ്യമായി തന്നെയായിരുന്നു ധരിച്ചിരുന്നതെന്ന് കാമത്ത് പറഞ്ഞു.

കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയും മത അടയാളങ്ങളും

മതപരമായ അടയാളങ്ങൾ ദൃശ്യമാകുന്ന തരത്തിലുള്ള ഒന്നും ധരിക്കരുത് എന്ന് ഭരണഘടനാ നിർമ്മാണ സഭയിൽ പലരും ഉന്നയിച്ചിരുന്നു എന്ന വാദമാണ് കർണാടക സർക്കാർ വാദിക്കുന്നത്. എന്നാൽ അതേ സഭയിൽ ഭരണഘടനാശിൽപി ഡോ. ബി.ആർ അംബേദ്കർ അതിന് മറുപടി പറയുകയും വിഷയം സഭയിൽ കൊണ്ടുവന്ന ബീഹാറിൽനിന്നുള്ള തജമ്മുൽ ഹുസൈന്റെ അഭിപ്രായം തള്ളപ്പെടുകയുമാണുണ്ടായത്. പർദയെക്കുറിച്ചുള്ള അംബേദ്കറുടെ വീക്ഷണം ഹൈക്കോടതി കൊണ്ടുവന്നത് അസ്ഥാനത്താണ്. പർദകളെ കുറിച്ചല്ല, തല മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് വിദ്യാർഥിനികൾ മുറവിളി കൂട്ടുന്നത്. വിദ്യാലയങ്ങളെ ജയിൽ, ദുർഗുണ പരിഹാര പാഠശാല എന്നിവയോട് ഉപമിച്ചുകൊണ്ട് വിദ്യാർഥികൾ അധ്യാപകരുടെ കസ്റ്റഡിയിലാണെന്ന ഹൈക്കോടതിയുടെ പരാമർശം ഉൾക്കൊള്ളാൻ സാധിക്കുന്നതല്ല. ജയിൽ അന്തേവാസികൾക്ക് മൗലികാവകാശമില്ലെന്നാണ് കോടതി പറയുന്നത്. വിദ്യാലയങ്ങളെ ജയിലിനോട് ഉപമിക്കുന്നത് ശരിയാണോ എന്ന് ബഹുമാനപ്പെട്ട പരമോന്നത കോടതി പരിശോധിക്കണം.

ശിരോവസ്ത്രവും മറ്റുള്ളവരുടെ വികാരവും

ശിരോവസ്ത്രം ധരിച്ചു വന്നാൽ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുമെന്ന കർണാടകയുടെ വാദം യുക്തിസഹമല്ലെന്ന് കാമത്ത് വാദിച്ചു. ആർക്കെങ്കിലും മനഃപ്രയാസമുണ്ടാകും എന്നത് മറ്റൊരാളുടെ മൗലികാവകാശത്തെ നിഷേധിക്കാൻ കാരണമാകുന്ന ഒന്നല്ല. 25ാം അനുച്ഛേദത്തെ കൃത്യമായി അവലോകനം ചെയ്താൽ ഇത് വ്യക്തമാകും. ക്രമസമാധാനം (Public order), ധാർമികത (Moraltiy), ആരോഗ്യം (Health) എന്നിവയെ ബാധിക്കുന്ന തരത്തിലാണെങ്കിൽ മാത്രമെ മൗലികാവകാശത്തെ നിയന്ത്രിക്കാനാവൂ എന്നാണ് 25ാം അനുച്ഛേദം പറയുന്നത്. ഒരു പെൺകുട്ടി ശിരോവസ്ത്രം ധരിക്കുന്നത് മുകളിൽ പറഞ്ഞ മൂന്നുകാര്യങ്ങളിൽ ഏതിനെയാണ് ബാധിക്കുക എന്ന് കർണാടക സർക്കാരിന്റെ ജി.ഒ പറയുന്നില്ല. 25ാം അനുച്ഛേദം മതസ്വാതന്ത്ര്യത്തെ കുറിച്ചാണ് പറയുന്നതെന്നും താങ്കൾ അഭിപ്രായ സ്വാതന്ത്ര്യം എന്ന 19ാം അനുച്ഛേദത്തെ ആസ്പദമാക്കിയും കോടതിയിൽ ഒരു യൂണിഫോം ധരിച്ചുകൊണ്ടുമാണ് സംസാരിക്കുന്നത് എന്ന കാര്യം ജസ്റ്റിസ് ധൂലിയ ഓർമിപ്പിച്ചപ്പോൾ 19ൽ തുടങ്ങി 25 വരെ നീളുന്ന മൗലികാവകാശങ്ങളെ കുറിച്ചാണ് പറയുന്നതെന്ന് കാമത്ത് പ്രതികരിച്ചു. ഈ കോടതിയിൽ ഏവരും ബഹുമാനിക്കുന്ന സീനിയർ അഡ്വക്കേറ്റ് കേശവ പരാശരൻ യൂണിഫോമിന്റെ കൂടെ നെറ്റിയിൽ ‘നാമം’ (മത അടയാളമായ വലിയ തിലകം) ധരിച്ചുകൊണ്ടാണ് ഹാജരായിട്ടുള്ളത്. അത് ഈ കോടതിയുടെ അച്ചടക്കത്തെയോ അന്തസ്സിനെയോ ബാധിക്കുന്നില്ലെന്ന് എല്ലാവർക്കും അറിയാം.

എന്നാൽ മുസ്‌ലിം വിദ്യാർഥിനികളുടെ ശിരോവസ്ത്രവുമായി അതിനെ താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും രാജസ്ഥാനിലും ഗുജറാത്തിലുമെല്ലാം കാണുന്ന പഗ്ഡി പോലുള്ള തലപ്പാവുകൾ ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത അവരുടെ അനിവാര്യമായ വസ്ത്രങ്ങളാണെന്നും ജസ്റ്റിസ് ഹേമന്ദ് ഗുപ്ത പറഞ്ഞപ്പോൾ മതത്തിന്റെ കാതലായ കാര്യമാണെങ്കിലും അല്ലെങ്കിലും ക്രമസമാധാനം, ധാർമികത, ആരോഗ്യം എന്നിവയെ ബാധിക്കുന്നില്ലെങ്കിൽ അത് അനുവദിച്ചുകൊടുക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്ന് കാമത്ത് പ്രതികരിച്ചു.

ഹെക്‌ലേഴ്‌സ് വീറ്റോ ഭരണഘടനക്ക് എതിര്

കാമത്ത് തുടരുന്നു: ഒരാൾ അയാൾക്ക് അനുവദിക്കപ്പെട്ട മൗലികാവകാശം ഉപയോഗിക്കുന്നതിനെ തടസ്സപ്പെടുത്തിക്കൊണ്ട് ആരെങ്കിലും കടന്നുവന്നാൽ ‘ക്രമാസമാധാന’ത്തിന്റെ പേരുപറഞ്ഞ് മൗലികാവകാശം നിഷേധിക്കാൻ പാടുണ്ടോ? മുസ്‌ലിം പെൺകുട്ടികൾ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ചില വിദ്യാർഥികൾ കാവി ഷാൾ ധരിച്ചുകൊണ്ട് പ്രതിഷേധിച്ചതുകൊണ്ടാണ് ശിരോവസ്ത്രം നിരോധിച്ചുകൊണ്ട് ജി.ഒ പുറപ്പെടുവിച്ചതെന്ന് കർണാടക അഡ്വക്കറ്റ് ജനറൽ ഇവിടെ പറയുകയുണ്ടായി. ഇങ്ങനെ അസഹിഷ്ണുതയുമായി കടന്നുവരുന്നവരുടെ എതിർപ്പുകൾ (Hecklers veto) അനുവദിച്ചുകൊടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്; കാമത്ത് വ്യക്തമാക്കി. ആരെങ്കിലും ക്രമാസമാധാനത്തിന് ഭംഗം വരുത്തുന്നുണ്ടെങ്കിൽ അതിനെ തടയുക ഭരണകൂടത്തിന്റെ ബാധ്യതയാണ്. വെസ്റ്റ് ബംഗാളിൽ ചിലരുടെ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഒരു സിനിമ നിരോധിച്ചതിനെതിരെ സുപ്രീം കോടതി സംസ്ഥാന സർക്കാറിന് പിഴ വിധിച്ച സംഭവം കാമത്ത് ഓർമിപ്പിച്ചു. വിധി പ്രസ്താവിച്ച ജഡ്ജിമാരുടെ കൂട്ടത്തിൽ ഈ കേസ് കേൾക്കുന്ന ഹേമന്ദ് ഗുപ്തയും ഉണ്ടായിരുന്നുവെന്നും മുകളിൽ പറഞ്ഞ ‘ഹെക്ക്‌ലേഴ്‌സ് വീറ്റോ തത്ത്വം’ ആയിരുന്നു ജഡ്ജിമാർ ആധാരമാക്കിയതെന്നും അദ്ദേഹം അനുസ്മരിച്ചു.

തടയാനുള്ള അവകാശമില്ല

ഒരാൾ ശിരോവസ്ത്രം ധരിക്കുന്നത് മറ്റുള്ളവരുടെ മൗലികാവകാശത്തെ ഹനിക്കുന്നില്ലെന്നിരിക്കെ അതിനെ നിരോധിക്കേണ്ട കാര്യമെന്താണെന്ന് ചോദിച്ച ദേവദത്ത് കാമത്തിനോട് മറ്റുള്ളവരുടെ മൗലികാവകാശമല്ല, മറിച്ച് ശിരോവസ്ത്രം മൗലികാവകാശമാണെന്നാണ് തെളിയിക്കേണ്ടതെന്നായിരുന്നു ജസ്റ്റിസ് ഗുപ്തയുടെ പ്രതികരണം. അതിനുള്ള കാമത്തിന്റെ മറുപടി നിയമജ്ഞരുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ശിരോവസ്ത്രമോ നാമമോ സിഖുകാർ അണിയുന്ന കരാമോ മൗലികാവകാശമാണോ എന്നതിനെക്കാൾ അതിനെ തടയാൻ മറ്റുള്ളവർക്ക് അവകാശമുണ്ടോ എന്നതാണ് പ്രസക്തമാകുന്നത് എന്നായിരുന്നു കാമത്തിന്റെ മറുപടി.

കർണാടക വിദ്യാഭ്യാസ ആക്റ്റും തെറ്റിദ്ധരിപ്പിക്കലുകളും

കാമത്ത് തുടരുന്നു: സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ ആക്റ്റിലെ സെക്ഷൻ 7 റൂൾ 11ൽ വിദ്യാർഥിനികൾ ശിരോവസ്ത്രം നിരോധിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് കർണാടക സർക്കാരിന്റെ വാദം. എന്നാൽ റൂളിലെ പരാമർശങ്ങളെ സർക്കാർ വ്യാഖ്യാനിച്ച് ഒപ്പിക്കുകയാണെന്ന് കാമത്ത് ചൂണ്ടിക്കാട്ടി. ഭരണഘടന അനുശാസിക്കുന്ന പൗരധർമങ്ങൾ കരിക്കുലത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ചേർത്ത ഒരു വകുപ്പാണ് അത്. ‘മതപരമോ ഭാഷാപരമോ പ്രാദേശികമോ ആയ വൈവിധ്യങ്ങൾക്കതീതമായി ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഇടയിൽ ഐക്യവും പൊതുസാഹോദര്യത്തിന്റെ ആത്മാവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ത്രീകളുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന ആചാരങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടതാണ്’ എന്നാണ് അതിലെ പരാമർശം. മുസ്‌ലിം പെൺകുട്ടികൾ ധരിക്കുന്ന ശിരോവസ്ത്രം അവരുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നു എന്ന വാദം നിലനിൽക്കുന്നതല്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ ആക്റ്റിൽ ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള യാതൊന്നും തന്നെയില്ല.

ശിരോവസ്ത്രവും കാവി ഷാളും

മൗലികാവകാശത്തിന്മേലുള്ള നിയന്ത്രണം ക്രമസമാധാനവുമായി നേരിട്ടുള്ളതോ സാമീപ്യമുള്ളതോ ആയ ബന്ധമുണ്ടെങ്കിൽ മാത്രമെ മൗലികാവകാശത്തിന്മേലുള്ള നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്നും പരോക്ഷമായതോ അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതിന്റെയോ പേരിൽ നിയന്ത്രണമോ വിലക്കോ കൊണ്ടുവരാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും കാമത്ത് കോടതിയെ ബോധിപ്പിച്ചു. കാവി ഷാൾ അണിയണമെന്ന് ഹിന്ദുനിയമത്തിൽ എവിടെയും പറയുന്നില്ല. അതുകൊണ്ടുതന്നെ ‘നീ അത് ധരിക്കുകയാണെങ്കിൽ ഞാൻ ഇത് ധരിക്കും’ എന്ന പ്രസ്താവന മതത്തെ കലാപത്തിനുവേണ്ടി ഉപയോഗിക്കുന്നതിന് തുല്യമാണ്. ഒരു വിഭാഗം അവരുടെ മതപരമായ വിശ്വാസത്തിന്റെ പേരിൽ സ്വമേധയാ ധരിക്കുന്നതാണ് ശിരോവസ്ത്രം. എന്നാൽ കാവി ഷാൾ മറ്റുള്ളവർ ധരിക്കുകയാണെങ്കിൽ മാത്രം ധരിക്കുമെന്ന വാദം തന്നെ അത് അനിവാര്യമല്ലെന്ന് തെളിയിക്കുന്നു.

മതസ്വാതന്ത്ര്യവും മനഃസാക്ഷിയും

മതസ്വാതന്ത്ര്യത്തെ മനഃസാക്ഷിക്കനുസരിച്ചുള്ള സ്വാതന്ത്ര്യമായി കാണാൻ സാധിക്കില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണം തെറ്റാണ്. ഒരാൾ രാമന്റെയും കൃഷ്ണന്റെയും ചിത്രങ്ങൾ വഹിക്കുന്നത് (ഞാനും വഹിക്കാറുണ്ട്) അയാളുടെ മനഃസാക്ഷിക്കനുസരിച്ചാണ്. അത് വേദഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ട കാര്യമല്ലെങ്കിൽ പോലും അടിസ്ഥാനപരമായ വിശ്വാസത്തിന്റെ ഭാഗമാണത്. മതവിശ്വാസത്തെ മനഃസാക്ഷിയുമായി ബന്ധിപ്പിക്കാൻ സാധിക്കില്ലെന്ന് അംബേദ്കർ കോൺസ്റ്റിറ്റുവെന്റ് അസംബ്ലി ഡിബേറ്റിൽ പറഞ്ഞുവെന്നാണ് ഹൈക്കോടതി പറയുന്നത്. എന്നാൽ ഡിബേറ്റിൽ അങ്ങനെ പറഞ്ഞതായി ഒരു രേഖയുമില്ല. മതവിശ്വാസത്തെ മനഃസാക്ഷിയിൽനിന്ന് വേർപ്പെടുത്താനുള്ള ഹൈക്കോടതിയുടെ ശ്രമം അത്യന്തം അപകടകരമാണെന്നും കാമത്ത് പറഞ്ഞു.

പെൺകുട്ടികളുടെ തലമറയ്ക്കൽ മതത്തിന്റെ അനിവാര്യമായ ആചാരങ്ങളിൽ പെട്ടതാണോ എന്ന കാര്യത്തിലുള്ള വാദങ്ങൾ മറ്റു അഭിഭാഷകർ കൊണ്ടുവരും. ഞാൻ പ്രധാനമായും ഉന്നയിക്കുന്നത് 25ാം അനുച്ഛേദപ്രകാരം ഒരാളുടെ മതവിശ്വാസത്തിന്റെ ഭാഗമായി അയാൾ തല മറയ്ക്കുകയാണെങ്കിൽ അതിനുമേൽ സർക്കാറിന് വിലക്കോ നിയന്ത്രണമോ (restriction) കൊണ്ടുവരാൻ അവകാശമുണ്ടോ എന്നതാണ്. കാമത്ത് അവസാനിപ്പിച്ചു.

(തുടരും)