തബൂക് യുദ്ധം

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 മാർച്ച് 12, 1442 ശഅബാൻ 9

(മുഹമ്മദ് നബി ﷺ : 63)

നബി ﷺ മദീനയില്‍നിന്നും പുറത്ത് പോകുമ്പോള്‍ അലി(റ)യോട് തന്റെ പ്രതിനിധിയായി നില്‍ക്കാന്‍ കല്‍പിക്കുകയുണ്ടായി. അദ്ദേഹത്തോട് യുദ്ധത്തിന് പോരാതിരിക്കുവാനും മദീനയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം ശ്രദ്ധിക്കാനായി മദീനയിൽ തന്നെ നില്‍ക്കാനും നബി ﷺ പറഞ്ഞു. എന്നാല്‍ അലി(റ)ക്ക് അത് വിഷമമുണ്ടാക്കി. അദ്ദേഹം നബി ﷺ യോട് ചോദിച്ചു:

‘‘അല്ലാഹുവിന്റെ ദൂതരേ, സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ അങ്ങ് എന്നെ പ്രതിനിധിയാക്കുകയാണോ?’’ അപ്പോള്‍ നബി ﷺ ചോദിച്ചു: ‘‘ഹാറൂനിന് മൂസായുടെ അടുത്തുള്ള സ്ഥാനം താങ്കള്‍ക്ക് ഉണ്ടാകുന്നതില്‍ താങ്കള്‍ തൃപ്തനല്ലയോ? എനിക്ക് ശേഷം നബിയില്ല എന്ന കാര്യം ഒഴികെ’’(മുസ്‌ലിം).

ഇതുപോലെ അബൂഖയ്ഥമ അല്‍അന്‍സ്വാരിയു(റ)മായി ബന്ധപ്പെട്ട ഒരു സംഭവവും നമുക്ക് കാണാം. അദ്ദേഹം പറയുന്നു:

‘‘അല്ലാഹുവിന്റെ റസൂല്‍ ﷺ (മദീനയില്‍നിന്നും തബൂകിലേക്ക്) പോകുന്നതുവരെ തബൂക് യുദ്ധത്തില്‍ അല്ലാഹുവിന്റെ റസൂലി ﷺ ൽ നിന്നും ഞാന്‍ പിന്നോട്ട് മാറിനിന്നു. എന്നിട്ട് ഞാന്‍ തോട്ടത്തില്‍ പ്രവേശിച്ചു. അപ്പോള്‍ ഞാന്‍ വെള്ളം കുടയപ്പെട്ട ഒരു പന്തല്‍ കാണുകയുണ്ടായി. ഞാന്‍ എന്റെ ഭാര്യയെയും അവിടെ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘ഇത് എന്തൊരു ന്യായമാണ്? തീര്‍ച്ചയായും അല്ലാഹുവിന്റെ റസൂല്‍ ﷺ (ഇപ്പോള്‍) അത്യുഷ്ണക്കാറ്റിലും ചൂടിലും ഞാന്‍ നല്ല തണലിലും അനുഗ്രഹത്തിലും ആകുകയോ?’ അങ്ങനെ ഞാന്‍ യുദ്ധത്തിനായി എഴുന്നേല്‍ക്കുകയും ഒട്ടകത്തിന്റെ പിന്നില്‍ ചെറിയ ഈത്തപ്പഴങ്ങള്‍ വെച്ചുകെട്ടി പാഥേയം തയ്യാറാക്കുകയും ചെയ്തു. അപ്പോള്‍ എന്റെ ഭാര്യ വിളിച്ചു ചോദിച്ചു: ‘ഓ, അബാ ഖയ്ഥം! എവിടേക്കാണ് അങ്ങ് പോകുന്നത്?’ അങ്ങനെ ഞാന്‍ അല്ലാഹുവിന്റെ റസൂലി ﷺ നെ ഉദ്ദേശിച്ച് പുറപ്പെട്ടു. അപ്പോള്‍ വഴിയില്‍വെച്ച് എന്നെ ഉമയ്‌ർ കാണുകയുണ്ടായി. അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘തീര്‍ച്ചയായും താങ്കള്‍ (ഒരു കാര്യത്തില്‍) ചാടിവീഴുന്നവനാണ്. നിശ്ചയമായും അല്ലാഹുവിന്റെ റസൂലി ﷺ ന്റെ സ്ഥിതി ഞാന്‍ മനസ്സിലാക്കുന്നുണ്ട്. തീര്‍ച്ചയായും ഞാന്‍ ഒരു പാപിയായ മനുഷ്യനാകുന്നു. അതിനാല്‍ താങ്കള്‍ പുറകോട്ട് മാറിനില്‍ക്കൂ. ഞാന്‍ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ കൂടെയാകട്ടെ.’ അങ്ങനെ ഉമയ്‌ർ എന്നില്‍നിന്ന് പുറകോട്ട് മാറി. ഞാന്‍ യുദ്ധഭൂമിയില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ (എന്നെ) കണ്ടു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘(അത്) അബൂഖയ്ഥമയാകട്ടെ.’ അങ്ങനെ ഞാന്‍ ചെന്നു, എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഞാന്‍ (ഒരു) തന്ത്രം പ്രയോഗിക്കുകയും നശിക്കുകയും ചെയ്തിരിക്കുന്നു.’ എന്നിട്ട് ഞാന്‍ എന്റെ കാര്യം അവിടുത്തോട് പറയുകയും ചെയ്തു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ എന്നോട് നല്ല രൂപത്തില്‍ പറയുകയും എനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.’’

അബൂ ഖയ്ഥമ(റ) യുദ്ധത്തിന് പുറപ്പെടാന്‍ കൂട്ടാക്കിയില്ല. അദ്ദേഹത്തിന് എന്തോ ഒരു അലസത. തന്റെ തോട്ടത്തില്‍ പ്രവേശിച്ച അദ്ദേഹത്തിന് അവിടെ തന്റെ ഭാര്യയെയും നല്ല തണുപ്പേകുന്ന പന്തലും കണ്ടപ്പോള്‍ മനസ്സില്‍ കുറ്റബോധമുണ്ടായി. അല്ലാഹുവിന്റെ റസൂലും സ്വഹാബിമാരും കഠിനമായ ചൂടിലും വിശപ്പിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പുറപ്പെടുമ്പോള്‍ ഈ തണുപ്പില്‍ ഞാന്‍ സുഖിക്കുകയോ? ഇത് നീതിയല്ലല്ലോ! ഉടനെത്തന്നെ അദ്ദേഹം തന്റെ വാഹനത്തിന്റെ അടുത്തേക്ക് ഓടിയടുത്തു. അവിടെ കിട്ടാവുന്ന വെള്ളവും കാരക്കയുമെല്ലാം തയ്യാര്‍ ചെയ്തുകൊണ്ട് തബൂകിലേക്ക് കുതിച്ചു. അദ്ദേഹം അല്ലാഹുവിന്റെ റസൂലി ﷺ ന്റെയും സ്വഹാബിമാരുടെയും ഒപ്പം എത്താറായി. എല്ലാവരും അദ്ദേഹം വരുന്നത് കണ്ടു. നബി ﷺ ക്ക് അദ്ദേഹം തന്റെ കൂടെ പുറപ്പെടാത്തതില്‍ വിഷമമുണ്ടായിരുന്നു. ആ വരുന്നത് അബൂഖയ്ഥമയായിരുന്നെങ്കില്‍ എന്ന് ദൂരെനിന്നും ഒരു ആള്‍രൂപം കണ്ടപാടെ നബി ﷺ പറയാന്‍ തുടങ്ങി. അങ്ങനെ അബൂഖയ്ഥമ(റ) നബി ﷺ യുടെ അടുത്തെത്തി. നബി ﷺ ക്ക് വലിയ സന്തോഷമായി. അദ്ദേഹത്തിന് വേണ്ടി ആ സമയത്ത് നബി ﷺ ദുആ ചെയ്യുകയും ചെയ്തു.

യുദ്ധത്തിന് പുറപ്പെടാന്‍ സാധിക്കാത്ത, വ്യക്തമായ കാരണങ്ങളുള്ള സ്വഹാബിമാര്‍ ഉണ്ടായിരുന്നു മദീനയില്‍. അവര്‍ക്ക് പുറപ്പെടാന്‍ സാധിക്കാത്തതില്‍ വലിയ വിഷമവും ഉണ്ടായിരുന്നു. അവര്‍ അതിന്റെ പേരില്‍ കരഞ്ഞു. അവരെ ആശ്വാസിപ്പിക്കുന്നതിനായി അല്ലാഹു വാനലോകത്തുനിന്നും വചനങ്ങള്‍ ഇറക്കി. അവരെ സംബന്ധിച്ചാണ് താഴെയുള്ള സൂക്തങ്ങളിലൂടെ അല്ലാഹു നമുക്ക് വിവരിച്ചുതരുന്നത്:

‘‘ബലഹീനരുടെ മേലും, രോഗികളുടെ മേലും, ചെലവഴിക്കാന്‍ യാതൊന്നും കിട്ടാത്തവരുടെ മേലും, -അവര്‍ അല്ലാഹുവോടും റസൂലിനോടും ഗുണകാംക്ഷയുള്ളവരാണെങ്കില്‍ - (യുദ്ധത്തിനു പോകാത്തതിന്റെ പേരില്‍) യാതൊരു കുറ്റവുമില്ല. സദ്‌വൃത്തരായ ആളുകള്‍ക്കെതിരില്‍ (കുറ്റം ചുമത്താന്‍) യാതൊരു മാര്‍ഗവുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. മറ്റൊരു വിഭാഗത്തിന്റെ മേലും കുറ്റമില്ല. (യുദ്ധത്തിനു പോകാന്‍) നീ അവര്‍ക്കു വാഹനം നല്‍കുന്നതിനു വേണ്ടി അവര്‍ നിന്റെ അടുത്ത് വന്നപ്പോള്‍ നീ പറഞ്ഞു: ‘നിങ്ങള്‍ക്ക് നല്‍കാന്‍ യാതൊരു വാഹനവും ഞാന്‍ കണ്ടെത്തുന്നില്ല.’ അങ്ങനെ (യുദ്ധത്തിനു വേണ്ടി) ചെലവഴിക്കാന്‍ യാതൊന്നും കണ്ടെത്താത്തതിന്റെ പേരിലുള്ള ദുഃഖത്താല്‍ കണ്ണുനീര്‍ ഒഴുക്കിക്കൊണ്ട് അവര്‍ തിരിച്ചുപോയി (അങ്ങനെയുള്ള ഒരു വിഭാഗത്തിന്റെ മേല്‍). ഐശ്വര്യമുള്ളവരായിരിക്കെ (ഒഴിഞ്ഞുനില്‍ക്കാന്‍) നിന്നോട് സമ്മതം തേടുകയും ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ ആയിരിക്കുന്നതില്‍ തൃപ്തിയടയുകയും ചെയ്ത വിഭാഗത്തിനെതിരില്‍ മാത്രമാണ് (കുറ്റമാരോപിക്കാന്‍) മാര്‍ഗമുള്ളത്. അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്ര വെക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) മനസ്സിലാക്കുന്നതല്ല’’ (ക്വുര്‍ആന്‍ 9:91-93).

ദുര്‍ബലര്‍ക്കോ, യുദ്ധത്തിന് പുറപ്പെടാനോ അതില്‍ പങ്കെടുക്കാനോ സാധിക്കാത്ത രോഗികള്‍ക്കോ, യുദ്ധത്തിന് പുറപ്പെടാനുള്ള വാഹനം തയ്യാര്‍ ചെയ്യുന്നതിനും അതിനു വേണ്ട ഭക്ഷണ സാമഗ്രികള്‍ ഒരുക്കുന്നതിനും ചെലവഴിക്കാന്‍ മാര്‍ഗമില്ലാത്തവര്‍ക്കോ കുറ്റമില്ല. കാരണം, അവര്‍ക്ക് അല്ലാഹുവിനോടും അവന്റെ ദൂതനോടും തികഞ്ഞ ഗുണകാംക്ഷയുള്ളവരാണ്. യുദ്ധത്തിന് പുറപ്പെടാന്‍ ആഗ്രഹവും താല്‍പര്യവും ഉള്ളവരാണ്. അവരില്‍ കാലിന് മുടന്തുള്ളവരുണ്ട്. കാഴ്ചക്ക് കുഴപ്പമുള്ളവരുണ്ട്. ആരോഗ്യമില്ലാത്തവരുണ്ട്. മറ്റു പല രോഗവും ബാധിച്ചവരുണ്ട്. ന്യായമായ കാരണങ്ങളാണ് ഈ സ്വഹാബിമാരെ തബൂകിലേക്ക് പുറപ്പെടുന്നതില്‍നിന്ന് തടഞ്ഞിരിക്കുന്നത്. അവരെ ആശ്വസിപ്പിച്ചുകൊണ്ടാണ് അല്ലാഹു ഈ സൂക്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

മുകളില്‍ പറഞ്ഞ കാരണങ്ങളുള്ളവര്‍ യുദ്ധത്തിന് പുറപ്പെടാന്‍ സാധിക്കാത്ത അവസ്ഥയില്‍ അവരെ ആശ്വസിപ്പിച്ച് അല്ലാഹു വചനം ഇറക്കിയപ്പോള്‍ മറ്റൊരു കൂട്ടര്‍ നബി ﷺ യെ സമീപിക്കുന്നു. അവര്‍ നബി ﷺ നോട് പറയുന്നു: നബിയേ, ഞങ്ങള്‍ക്ക് വാഹനമില്ല. നിങ്ങളുടെ വാഹനങ്ങളില്‍ ഞങ്ങളെയും കൊണ്ടുപോകണം. എന്നാല്‍ നബി ﷺ യുടെ അടുക്കല്‍ വാഹനം പരിമിതമായിരുന്നു. അപ്പോള്‍ അവര്‍ക്ക് യുദ്ധത്തിന് പുറപ്പെടാനുള്ള അവസരം നഷ്ടമായി. അതിനാല്‍ അവര്‍ ദുഃഖിതരായി. അവരുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ക്കും അല്ലാഹു ഇളവ് നല്‍കി. നബി ﷺ യോട് അവര്‍ക്ക് ഇളവുനല്‍കാനും അവര്‍ യുദ്ധത്തിന് പുറപ്പെടാത്തതിന്റെ പേരില്‍ അവരുടെമേല്‍ യാതൊരു നടപടിയും ഇല്ല എന്ന് അറിയിക്കുവാനും അല്ലാഹു കല്‍പിച്ചു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പുറപ്പെടാന്‍ ഒരു മാര്‍ഗവും തങ്ങള്‍ക്ക് ഇല്ലല്ലോ എന്ന വിഷമത്താല്‍ സങ്കടപ്പെട്ട് കരഞ്ഞ ആ മഹാന്മാര്‍ ചരിത്രത്തില്‍ ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നന്നായി കരയുന്നവര്‍‘ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ അല്ലാഹുവിന്റെ ആക്ഷേപത്തിനും നടപടിക്കും ഇരയാകുന്നവര്‍; യുദ്ധത്തിന് പോകാന്‍ ശാരീരികമായും സാമ്പത്തികമായുമെല്ലാം യാതൊരു തടസ്സവും ഇല്ലാത്തവരാകുന്നു. ഹൃദയത്തിന് രോഗമുള്ളവരാകുന്നു അവര്‍. അതിനാല്‍ യുദ്ധത്തിന് പോകാതെ, വീട്ടില്‍ കഴിച്ചുകൂട്ടുന്ന പെണ്ണുങ്ങളുടെ കൂടെ ചടഞ്ഞിരിക്കാനാണ് അവര്‍ താല്‍പര്യം കാണിക്കുന്നത്. അവരുടെ ഹൃദയത്തിലേക്ക് ഈമാന്‍ വേണ്ട രൂപത്തില്‍ പ്രവേശിച്ചിട്ടില്ലാത്തതിനാല്‍ അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകളെ അവര്‍ അത്ര മുഖവിലക്ക് എടുക്കുന്നവരാകില്ല. അതിനാല്‍ അവര്‍ പല കാരണങ്ങളും പറഞ്ഞ് ഒഴികഴിവ് തേടുന്നവരാണ്.

യുദ്ധത്തിന് പോകാന്‍ സാധിക്കാതെ മദീനയില്‍ കരഞ്ഞിരുന്ന സ്വഹാബിമാരെ പറ്റി നാം സൂചിപ്പിച്ചുവല്ലോ. യുദ്ധം കഴിഞ്ഞ് മദീനയിലേക്ക് മടങ്ങവെ മദീനയില്‍ കരഞ്ഞിരിക്കുന്ന ആ മഹാന്മാരെ പറ്റി നബി ﷺ തന്റെ കൂടെയുള്ളവരോട് പറഞ്ഞത് നമുക്ക് ഹദീഥുകളില്‍ കാണാം.

അനസുബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം: ‘‘തബൂക് യുദ്ധത്തില്‍നിന്ന് അല്ലാഹുവിന്റെ റസൂല്‍ ﷺ മടങ്ങി. അങ്ങനെ ഞങ്ങള്‍ മദീനയോട് അടുത്തെത്തി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘തീര്‍ച്ചയായും മദീനയില്‍ കുറച്ചാളുകളുണ്ട്; അവര്‍ നിങ്ങളുടെ കൂടെ ഉണ്ടായിട്ടല്ലാതെ നിങ്ങള്‍ ഒരു യാത്രയും ചെയ്യുകയോ, ഒരു താഴ്‌വരയും മുറിച്ചുകടക്കുകയോ ചെയ്തിട്ടില്ല.’ അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, മദീനയില്‍ ഉള്ള അവര്‍ ആരാണ്?’ അവിടുന്ന് പറഞ്ഞു: ‘അവര്‍ മദീനയിലാണ്, അവരെ ചില കാരണങ്ങള്‍ (നമ്മുടെ കൂടെ പുറപ്പെടുന്നതിനെ) തടഞ്ഞിരിക്കുന്നു’’ (ബുഖാരി).

അവര്‍ക്ക് നബി ﷺ യുടെ കൂടെ പുറപ്പെടാന്‍ അതിയായ താല്‍പര്യമുണ്ടായിരുന്നു. അതിനാല്‍ അവര്‍ യുദ്ധത്തിന് പുറപ്പെട്ട സ്വഹാബിമാരുടെ സ്ഥാനത്ത് തന്നെയാണ് ഉള്ളത് എന്നതാണ് നബി ﷺ യുടെ ഈ വിശദീകരണം നമുക്ക് പറഞ്ഞുതരുന്നത്.

തബൂകിലേക്ക് നബി ﷺ പുറപ്പെട്ടത് 30000 സൈനികരുള്ള വന്‍ സൈന്യവുമായിട്ടാണ്. ഇത്രയും വലിയ സൈന്യത്തിനിടയില്‍നിന്ന് ആരെങ്കിലും ചുളുവില്‍ പിന്‍വലിഞ്ഞാല്‍ അത് നബി ﷺ ക്ക് മനസ്സിലാകില്ലെന്ന് കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സലൂല്‍ രഹസ്യമായി പ്രചരിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ പലരെയും അയാള്‍ തന്റെ വരുതിയിലാക്കി. എന്നാല്‍ നബി ﷺ തന്റെ കൂടെയുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അബ്ദുല്ലയുടെ വര്‍ത്തമാനത്തില്‍ വഞ്ചിക്കപ്പെട്ട നിഷ്‌കളങ്കരായ മൂന്ന് സ്വഹാബിമാരും ഉണ്ടായിരുന്നു. അവര്‍ തബൂകിലേക്ക് പുറപ്പെടുന്നതില്‍നിന്നും പിന്‍മാറി. അവര്‍ പിന്‍മാറിയതിനു പിന്നില്‍ എന്തെങ്കിലും ദുഷ്ടലാക്ക് ഉണ്ടായിരുന്നില്ല. എന്നിരുന്നാലും അല്ലാഹു അവരുടെ കാര്യത്തില്‍ ചില തീരുമാനങ്ങള്‍ അറിയിച്ചു. നബി ﷺ യും അവരുടെ കാര്യത്തില്‍ ചില സമീപനങ്ങള്‍ സ്വീകരിച്ചു. (അവരെക്കുറിച്ചുള്ള കാര്യങ്ങള്‍ തുടര്‍ന്ന് വരുന്നുണ്ട്).

തബൂകിലേക്കുള്ള യാത്രക്കിടയില്‍ ചില സംഭവങ്ങള്‍ ഉണ്ടായി. യാത്രക്കിടയില്‍ അവര്‍ക്ക് പ്രവേശിക്കാനുണ്ടായിരുന്ന ഒരു സ്ഥലമായിരുന്നു ഹിജ്‌ർ. ഥമൂദ് ഗോത്രം നശിപ്പിക്കപ്പെട്ട സ്ഥലമാണ് അത്; അല്ലാഹുവിന്റെ ശിക്ഷയിറങ്ങിയ പ്രദേശം. തബൂകിലേക്കുള്ള വഴിമധ്യെയാണ് ആ സ്ഥലം സ്ഥിതിചെയ്യുന്നത്. അന്ന് ആ പ്രദേശത്ത് ഥമൂദുകാര്‍ ഉണ്ടാക്കിയ വീടുകളുടെയും മറ്റും അവശേഷിപ്പുകള്‍ അവിടെ ഉണ്ടായിരുന്നു. ഥമൂദുകാര്‍ നശിപ്പിക്കപ്പെടാനുണ്ടായ കാരണങ്ങളും അവര്‍ നശിപ്പിക്കപ്പെട്ട രൂപവും നാം സ്വാലിഹ് നബി(അ)യുടെ ചരിത്രത്തില്‍ വിവരിച്ചിട്ടുള്ളതിനാല്‍ അത് ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഹിജ്‌ർ പ്രദേശത്തെ മുറിച്ചുകടക്കുന്ന വേളയില്‍ സ്വഹാബിമാര്‍ അവിടെ വിശ്രമിക്കുവാനും അവിടത്തെ കിണറ്റില്‍നിന്ന് വെള്ളം എടുത്ത് കുടിക്കാനും അതുകൊണ്ട് മാവ് കുഴക്കാനും ഒരുങ്ങി. ഈ സന്ദര്‍ഭത്തില്‍ നബി ﷺ സ്വഹാബിമാരോട് ചില കാര്യങ്ങള്‍ നിര്‍ദേശിച്ചു.

നാഫിഇ(റ)ല്‍നിന്ന് നിവേദനം: ‘‘അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു: ‘ജനങ്ങള്‍ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ കൂടെ ഥമൂദുകാരുടെ സ്ഥലമായ ഹിജ്‌റില്‍ ഇറങ്ങി. അങ്ങനെ അതിലെ കിണറ്റില്‍നിന്ന് അവര്‍ വെള്ളം കുടിച്ചു. (അതിലെ) വെള്ളംകൊണ്ട് മാവ് കുഴക്കുകയും ചെയ്തു. അപ്പോള്‍ അവരോട് അല്ലാഹുവിന്റെ റസൂല്‍ ﷺ അവിടത്തെ കിണറ്റിലെ വെള്ളം ഒഴുക്കിക്കളയുവാനും (കുഴച്ച) മാവ് ഒട്ടകങ്ങളെ തീറ്റിക്കുവാനും കല്‍പിച്ചു. (അതുപോലെ) ഒട്ടകം കുടിക്കാറുണ്ടായിരുന്ന കിണറ്റില്‍നിന്ന് അവരോട് കുടിക്കുവാനും കല്‍പിക്കുകയുണ്ടായി’’ (ബുഖാരി).

(തുടരും)