വിടവാങ്ങൽ ഹജ്ജ്

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ജൂലായ് 02, 1442 ദുൽഹിജ്ജ 02

നബി ﷺ  ഹജ്ജിന് പുറപ്പെടുന്ന വിവരം പ്രഖ്യാപിച്ചു. ആ വിളംബരം മദീനയിലും പരിസരത്തും വലിയ ആഹ്‌ളാദമുണ്ടാക്കി. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആളുകൾ ഒഴുകാൻ തുടങ്ങി. നബി ﷺ യുടെ കൂടെ, അവിടുത്തെ നേത്യത്വത്തിൽ ഹജ്ജ് ചെയ്യുക എന്നത് എല്ലാവരുടെയും ആഗ്രഹമായിരുന്നു. അങ്ങനെ മദീനയിലുള്ളവരും പരിസര പ്രദേശത്തുള്ളവരുമായ ഒരു ലക്ഷത്തോളം വരുന്ന സംഘവുമായി നബി ﷺ  മക്കയിലേക്ക് പുറപ്പെട്ടു. ആ രംഗത്തിന് സാക്ഷിയായ ജാബിർ(റ) അത് വിവരിക്കുന്നത് കാണുക:

“ഞാൻ നബി ﷺ യുടെ മുന്നിലേക്ക് നോക്കി; വാഹനപ്പുറത്തും നടന്നും (ധാരാളം സ്വഹാബിമാർ), അവിടുത്തെ വലതുഭാഗത്തും അതുപോലെ, അവിടുത്തെ ഇടതുഭാഗത്തും അതുപോലെ, അവിടുത്തെ പിന്നിലും അതുപോലെ (ഞാൻ കാണുകയുണ്ടായി)’’ (മുസ്‌ലിം).

ഒരു ലക്ഷത്തി ഇരുപത്തി നാലായിരം എന്നും ഒരു ലക്ഷത്തി നാൽപതിനായിരം എന്നും അന്ന് നബി ﷺ യുടെ കൂടെയുള്ളവരുടെ എണ്ണം പറയുന്ന റിപ്പോർട്ടുകൾ കാണാവുന്നതാണ്. ആ യാത്രയിൽ നബി ﷺ യുടെ കൂടെ അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്ന പത്‌നിമാരെയും മകൾ ഫാത്വിമ(റ)യെയും കൂട്ടിയിരുന്നു.

മദീനയിൽനിന്നും ഹജ്ജിനും ഉംറക്കുമായി പുറപ്പെടുന്നവർക്ക് നിശ്ചയിച്ചിട്ടുള്ള മീക്വാത്തിൽ (ദുൽഹുലൈഫയിൽ) എത്തി. അപ്പോൾ നബി ﷺ  അവിടെ ഇറങ്ങി രാത്രി താമസിച്ചു. പിറ്റേന്ന് അവിടെവെച്ച് ഇഹ്‌റാമിൽ പ്രവേശിച്ചു. തൽബിയത്ത് മുഴക്കി ആ വലിയസംഘം മക്കയിലേക്ക് നീങ്ങി. ദുൽഹിജ്ജ നാലിന് അവർ മക്കയിലെത്തി, ഉംറ നിർവഹിച്ചു.

ദുൽഹിജ്ജ എട്ടിനാണല്ലോ ഹജ്ജ് കർമം ആരംഭിക്കുന്നത്. അന്ന് നബി ﷺ യും സ്വഹാബിമാരും മിനായിലേക്ക് പോയി. അന്ന് രാത്രി മിനായിൽ കഴിച്ചുകൂട്ടി. പിറ്റേന്ന് സൂര്യോദയത്തിന് ശേഷം തന്റെ വാഹനമായ ക്വസ്‌വാഅ് എന്ന ഒട്ടകത്തിന്റെ പുറത്ത് അറഫയിലേക്ക് നീങ്ങി. അറഫയുടെ സമീപം നമിറയിൽ നബി ﷺ ക്ക് വേണ്ടി ഒരു ചെറിയ തമ്പ് സ്ഥാപിച്ചിരുന്നു. അതിൽ നബി ﷺ  അൽപസമയം വിശ്രമിച്ചു. സൂര്യൻ മധ്യത്തിൽനിന്നും തെറ്റി ദുഹ്‌റിന്റെ സമയം ആയപ്പോൾ അറഫയിലേക്ക് നീങ്ങി. ബത്വ് നുൽവാദിയിൽ എത്തി. വാഹനപ്പുറത്തുനിന്നും ഇറങ്ങി. പിന്നീട് അവിടുന്ന് അത്യുച്ചത്തിൽ പ്രസംഗം തുടങ്ങി. റബീഅ ഇബ്‌നു ഉമയ്യ(റ) ജനങ്ങൾ കേൾക്കുന്നതിന് വേണ്ടി നബി ﷺ യുടെ വാക്കുകൾ കുറച്ച് അപ്പുറത്ത് വെച്ച് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഈ പ്രസംഗമാണ് നബി ﷺ യുടെ പ്രസിദ്ധമായ ‘അറഫാ പ്രസംഗം.’ അതുതന്നെയാണ് അവിടുത്തെ ‘വിടവാങ്ങൽ പ്രസംഗം’ എന്ന പേരിലും അറിയപ്പെടുന്നത്.

ഇത്രയും കാലമായി താൻ വളർത്തിയെടുത്ത അനുചരന്മാരെ നിറകണ്ണുകളോടെ നബി ﷺ  കാണുന്ന രംഗമായിരുന്നു അറഫയിലെ ആ സംഗമം. എല്ലാ അന്ധവിശ്വാസങ്ങളിൽനിന്നും അകന്ന് സത്യവിശ്വാസത്തെ പുൽകിയ, അധർമങ്ങളിൽനിന്ന് ധർമത്തിലേക്ക് മടങ്ങിയ, ദുഃസ്വഭാവങ്ങളിൽനിന്ന് സൽസ്വഭാവത്തിലേക്ക് മടങ്ങിയ, സനാതന മൂല്യങ്ങളെ പകർന്നു നൽകിയ, ജനങ്ങൾക്ക് മാതൃകയാകും വിധം എല്ലാ നന്മകളുടെയും അടിത്തറയിൽ വാർത്തെടുക്കപ്പെട്ട അനുചരന്മാർ നബി ﷺ യുടെ മുമ്പിൽ നിൽക്കുന്ന, സർവരും നേതാവിന്റെ പ്രസംഗത്തിന് സാകൂതം ചെവികൊടുത്ത് നിൽക്കുന്ന രംഗം.

നബി ﷺ യുടെ വിടവാങ്ങൽ പ്രസംഗത്തിൽ പ്രധാനപ്പെട്ട ധാരാളം ഉപദേശങ്ങളും കൽപനകളും അനുചരന്മാർക്ക് കൈമാറിയിരുന്നു. മറ്റു ചില കാര്യങ്ങൾ മിനായിലെ പ്രസംഗത്തിലും പറഞ്ഞിരുന്നു. അറഫയിലെ പ്രസംഗത്തിന് പുറമെ മിനയിൽ വെച്ച് നബി ﷺ  രണ്ട് തവണ പ്രസംഗിച്ചിട്ടുണ്ടെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.

അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തതിന് ശേഷം അവിടുന്ന് പ്രസംഗം തുടരുകയാണ്: “...ഓ ജനങ്ങളേ, ഇനി എനിക്ക് മറ്റൊരു ഹജ്ജ് നിർവഹിക്കാൻ സാധിച്ചുകൊള്ളണമെന്നില്ല. ഇനി ഞാൻ നിങ്ങളെ കണ്ടുവെന്ന് വരില്ല....’’ തുടർന്ന് കുറെ കാര്യങ്ങൾ അവിടുന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു:

“തീർച്ചയായും നിങ്ങളുടെ രക്തവും സമ്പത്തും നിങ്ങൾക്ക് ഈ ദിവസത്തിന്റെ പവിത്രതപോല, ഈ മാസത്തിന്റെ പവിത്രതപോലെ, ഈ നാടിന്റെ പവിത്രതപോലെ പവിത്രമാണ്. അറിയുക! അജ്ഞാന കാലത്തെ എല്ലാ കാര്യങ്ങളും എന്റെ കാൽക്കീഴിൽ മൂടിയിരിക്കുന്നു. അജ്ഞാനകാലത്തെ രക്തച്ചൊരിച്ചിലും (ഇവിടെ) മൂടിയിരിക്കുന്നു. ആദ്യമായി ഞാൻ ഒഴിവാക്കുന്നത് ഞങ്ങളുടെ രക്തങ്ങളിലെ റബീഅയുടെ മകന്റെ രക്തമാണ്. അദ്ദേഹം ബനൂ സഅ്ദിൽ മുലയൂട്ടപ്പെട്ടവനായിരുന്നു. അദ്ദേഹത്തെ ഹുദയ്ൽ വധിക്കുകയുണ്ടായി. ജാഹിലിയ്യത്തിലെ പലിശയും അവസാനിപ്പിച്ചിരിക്കുന്നു. ഞാൻ അവസാനിപ്പിക്കുന്ന ആദ്യത്തെ പലിശ ഞങ്ങളുടെ പലിശയായ അബ്ബാസ് ഇബ്‌നു അബ്ദിൽ മുത്ത്വലിബിന്റെതാണ്. തീർച്ചയായും അത് മുഴുവനും (ഇവിടെ) അവസാനിപ്പിച്ചിരിക്കുന്നു. അല്ലാഹുവിനെ സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും നിങ്ങൾ അവരെ സ്വീകരിച്ചിട്ടുള്ളത് അല്ലാഹുവിന്റെ അമാനത്തിന്റെ പേരിലാകുന്നു. അല്ലാഹുവിന്റെ വചനം കൊണ്ടാണ് അവരുടെ ഗുഹ്യഭാഗത്തെ അവൻ നിങ്ങൾക്ക് അനുവദനീയമാക്കിയത്. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരാളെയും നിങ്ങളുടെ വിരിപ്പുകളിൽ കിടത്താതിരിക്കുക എന്നത് നിങ്ങളോട് അവരുടെ മേലുള്ള കടമയാകുന്നു. ഇനി അത് അവർ ചെയ്താൽ മുറിവ് പറ്റാത്ത വിധത്തിൽ നിങ്ങൾ അവരെ അടിക്കുക. അവരോട് നിങ്ങൾക്കുള്ള കടമ മാന്യമായ രൂപത്തിലുള്ള അവരുടെ ഭക്ഷണം, വസ്ത്രം എന്നിവയാകുന്നു. നിങ്ങളിൽ ഒരു കാര്യം ഞാൻ ഉപേക്ഷിച്ചുപോകുന്നു. അത് മുറുകെ പിടിച്ചാൽ അതിന് ശേഷം നിങ്ങൾ പിഴച്ചുപോകുന്നതേയല്ല; അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു (അത്). നിങ്ങൾ എന്നെപ്പറ്റി ചോദിക്കപ്പെടുന്നതാണ്. അപ്പോൾ നിങ്ങൾ എന്താണ് പറയുക?’’ അവർ പറഞ്ഞു: “താങ്കൾ (ഞങ്ങൾക്ക് സന്ദേശം) എത്തിക്കുകയും (ബാധ്യത) നിർവഹിക്കുകയും (ഞങ്ങളോട്) ഗുണകാംക്ഷ കാണിക്കുകയും ചെയ്തതിന് ഞങ്ങൾ സാക്ഷികളാകുന്നു.’’ അവിടുന്ന് തന്റെ ചൂണ്ടുവിരൽ ആകാശത്തേക്ക് ഉയർത്തുകയും ജനങ്ങളിലേക്ക് അത് ചൂണ്ടുകയും ചെയ്തു. എന്നിട്ട് അവിടുന്ന് പറഞ്ഞു: “അല്ലാഹുവേ, നീ സാക്ഷിയാകുന്നു. അല്ലാഹുവേ, നീ സാക്ഷിയാകുന്നു’’ (ഇത് മൂന്നു പ്രാവശ്യം പറഞ്ഞു) (ബുഖാരി).

ഒരാളുടെ രക്തം അന്യായമായി ചിന്തുന്നതും സമ്പത്ത് നശിപ്പിക്കലും അത് ദുരുപയോഗപ്പെടുത്തലും കടുത്ത പാപമാണെന്നതാണ് നബി ﷺ  ഇതിലൂടെ അറിയിക്കുന്നത്. മറ്റൊരു റിപ്പോർട്ടിൽ ‘നിങ്ങളുടെ അഭിമാനത്തെയും കാത്തുകൊള്ളണം’ എന്ന് പറഞ്ഞതായി കാണാം.

ജാഹിലിയ്യകാലത്ത് നടമാടിയിരുന്ന പല ചൂഷണത്തിന്റെയും അക്രമത്തിന്റെയും അധർമത്തിന്റെയും നടപടി ക്രമങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് നബി ﷺ  പറഞ്ഞു: ‘ജാഹിലിയ്യത്തിലെ മുഴുവൻ കാര്യങ്ങളും കുഴിച്ചുമൂടിയിരിക്കുന്നു.’ അത്തരം കാര്യങ്ങൾ വിശ്വാസികളിൽ ഉണ്ടായിക്കൂടാ എന്നർഥം.

ജാഹിലിയ്യ കാലത്തെ വലിയ ഒരു അക്രമമായിരുന്നുവല്ലോ കൊലപാതകം. കാരണത്തിനും കാരണമില്ലാതെയും മനുഷ്യരെ കൊന്നുകളയുക എന്നത് സർവസാധാരണയായിരുന്നു. അന്ന് ചെയ്ത കൊലപാതകത്തിന്റെ പേരിൽ ഇനി ആരും പ്രതികാരം ചെയ്തുകൂടാ, എല്ലാവരും എല്ലാവർക്കും മാപ്പുനൽകണം! ആദ്യമായി നബി ﷺ  തന്റെ കുടുംബത്തിലെ റബീഅയുമായി ബന്ധപ്പെട്ട രക്തച്ചൊരിച്ചിലിന് ആരും പ്രതികാരം വീട്ടുകയില്ലെന്നു പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പേരിൽ അന്ന് രക്തച്ചൊരിച്ചിൽ നടന്നിരുന്നു.

പലിശയെ സംബന്ധിച്ചും അവിടുത്തെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. അതിന്റെ സാരം ഇതാണ്: ‘പലിശയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഇടപാടുകളും ഇവിടെ അവസാനിപ്പിച്ചിരിക്കുന്നു. ഓരോരുത്തർക്കും അവരുടെ മൂലധനത്തിന് മാത്രമാണ് അവകാശമുള്ളത്. നിങ്ങൾ മറ്റുള്ളവരെ ദ്രോഹിക്കാനും നിങ്ങളെ മറ്റുള്ളവർ ദ്രോഹിക്കാനും പാടുള്ളതല്ല. പലിശ ഇതിന് ഇടയാക്കുന്ന പ്രധാന ഇടപാടാണ്. അതിനാൽ അല്ലാഹു പലിശ പാടില്ലെന്ന് വിധിച്ചിരിക്കുന്നു. ജാഹിലിയ്യാ കാലത്തെ വല്ല കുടിശ്ശികയും പലിശയിടപാടിൽ ബാക്കിയായി നിലനിൽക്കുന്നുണ്ടെങ്കിൽ അതെല്ലാം ഒഴിവാക്കേണ്ടതാണ്. കിട്ടാനുള്ളത് മാപ്പ് നൽകേണ്ടതാണ്. ആദ്യമായി ഞങ്ങളുടെ കുടുംബത്തിലെ അബ്ബാസ്(റ) എന്നവരുടെ പലിശയിടപാട് ഇവിടെ അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന് ആരെങ്കിലും പലിശയിനത്തിൽ നൽകാൻ വല്ലതും ബാക്കിയുണ്ടെങ്കിൽ നൽകരുത്. ആ ഇടപാട് മുഴുവനും അവസാനിപ്പിച്ചിരിക്കുന്നു.’

സ്ത്രീകളുടെ കാര്യത്തിലും നബി ﷺ  കൃത്യമായ ഉപദേശനിർദേശങ്ങൾ നൽകി. ഭാര്യക്ക് ഭർത്താവിനോടുള്ള കടമകളും ഭർത്താവിൽനിന്ന് ലഭിക്കേണ്ട അവകാശങ്ങളും ഭർത്താവിന്റെ കടമകളുമെല്ലാം വിശദമാക്കി.

അല്ലാഹുവിന്റെ കിതാബായ ക്വുർആനും നബി ﷺ യുടെ ചര്യയും മുറുകെപിടിച്ച് ജീവിക്കേണ്ടതിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തി. അവ ദിവ്യബോധനത്തിലൂടെ ലഭിച്ചതാണ്. മതത്തിലെ അടിസ്ഥാന പ്രമാണങ്ങളാണ് ക്വുർആനും സുന്നത്തും. മതകാര്യത്തിൽ തീർപ്പുകൽപിക്കേണ്ടത് ദിവ്യബോധനം വഴി ലഭിച്ച ഈ പ്രമാണങ്ങളിൽനിന്നാണ്.

പരലോകത്തുവെച്ച് അല്ലാഹു എന്നെ സംബന്ധിച്ച് നിങ്ങളോട് ചോദിച്ചാൽ നിങ്ങൾ എന്താണ് മറുപടി പറയുക എന്ന് നബി ﷺ  ചോദിച്ചു. താങ്കൾ ഞങ്ങൾക്ക് ഈ സന്ദേശം എത്തിച്ചു നൽകിയതിനും താങ്കളെ അല്ലാഹു ഏൽപിച്ച ഉത്തരവാദിത്തം നിർവഹിച്ചു എന്നതിനും ഞങ്ങൾ സാക്ഷിയാണെന്നും അവർ പ്രഖ്യാപിച്ചു. നബി ﷺ  സംതൃപ്തിയോടെ മൂന്ന് പ്രാവശ്യം ഇപ്രകാരം പ്രഖ്യാപിച്ചു: അല്ലാഹുവേ നീ സാക്ഷിയാണ്.

അവിടുന്ന് പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതാകുന്നു. എന്നിട്ട് അവൻ നിങ്ങളുടെ ചെയ്തികളെ സംബന്ധിച്ച് നിങ്ങളോട് ചോദിക്കുന്നതാണ്. അറിയുക; എനിക്ക് ശേഷം നിങ്ങൾ വഴിപിഴച്ചവരായി, ചിലർ ചിലരുടെ പിരടിവെട്ടി മടങ്ങിപ്പോകരുത്. അറിയുക; (ഇവിടെ) സാക്ഷിയായവൻ സാക്ഷിയാകാത്തവന് (ഇത്) എത്തിച്ചുകൊടുക്കട്ടെ. അപ്പോൾ അത് കേട്ട ചിലർ അത് എത്തിച്ചവനെക്കാൾ നന്നായി ഗ്രഹിക്കുന്നവനായേക്കാം.’’

പരലോകത്ത് മനുഷ്യരുടെ കർമങ്ങൾ വിചാരണക്ക് വിധേയമാകുമെന്ന് നബി ﷺ  ഉണർത്തുകയാണ്. അല്ലാഹുവിന്റെ ദീൻ സത്യമായ വഴിയിലൂടെ മനസ്സിലാക്കാനും അറിയുവാനും ഭാഗ്യം ലഭിച്ചശേഷംഅത് ഒഴിവാക്കി വഴികേടിലൂടെ ജീവിച്ച് പരസ്പരം പോരടിക്കുവാൻ പാടില്ലെന്നും, അല്ലാഹു എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്നും അവൻ എല്ലാ കാര്യത്തെ സംബന്ധിച്ചും നിങ്ങളോട് ചോദിക്കുന്നതാണെന്നും, അതിനാൽ ഈ മാർഗത്തിൽ സത്യസന്ധരായി നിലകൊള്ളുവാനും ഈ സത്യം എത്താത്തവരിലേക്ക് എത്തിച്ച് ബാധ്യത നിർവഹിക്കുവാനും അവിടുന്ന് കൽപിക്കുന്നു.

“അറിയുക; ആരുടെയെങ്കിലും പക്കൽ വല്ല അമാനത്തും ഉണ്ടെങ്കിൽ അത് വിശ്വസിച്ചേൽപിച്ചവന് തിരിച്ച് നൽകുകയും ചെയ്യേണ്ടതാണ്.’’

നമ്മെ ഒരാൾ എന്ത് വിശ്വസിച്ചേൽപിച്ചോ അതാണ് അമാനത്ത്. അത് അയാൾക്ക് തിരിച്ച് നൽകേണ്ടതാണ്. അമാനത്തിന്റെ പ്രാധാന്യം ക്വുർആൻ വളരെ ഗൗരവത്തോടെയാണ് ഉണർത്തിയിട്ടുള്ളത്. അത് ലംഘിക്കപ്പെടുന്ന അവസ്ഥ വരുമ്പോൾ അന്ത്യദിനം സംഭവിക്കുമെന്ന് നബി ﷺ  നമ്മെ ഉണർത്തിയതായി കാണാം.

“തീർച്ചയായും പിശാച്; നിങ്ങളുടെ നാട്ടിൽ അവൻ ആരാധിക്കപ്പെടുന്ന കാര്യത്തിൽ നിരാശയിലാണ്. പക്ഷേ, അതല്ലാത്ത കാര്യത്തിൽ അവൻ അനുസരിക്കപ്പെടുന്നതിൽ അവൻ തൃപ്തനുമാണ്. അവൻ നിങ്ങളുടെ പ്രവർത്തനങ്ങളെ നിസ്സാരമായി കാണുന്നതിലൂടെയാണ് (അത് സംഭവിക്കുക). അതിനാൽ നിങ്ങൾ കരുതിയിരിക്കുവീൻ’’ (ഹാകിം).

പവിത്രമായ ഈ നാട്ടിൽ പിശാചിനെ പൂജിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഇനി ഉണ്ടാകുന്ന കാര്യത്തിൽ പിശാച് നിരാശയിലാണ്. എന്നാൽ അവന്റെ പ്രവർത്തനങ്ങൾ അവസാനിച്ചു എന്ന് നാം വിചാരിക്കരുത്. മതപരമായ പല കാര്യങ്ങളെയും നാം നിസ്സാരമായി കാണുന്നുവെങ്കിൽ അത് അവനെ അനുസരിക്കുന്നതിലൂടെയാണ് സംഭവിക്കുന്നത്. ആ രൂപത്തിൽ നിങ്ങൾ അവനെ അനുസരിക്കുന്നതിനെ തൊട്ട് അവൻ തൃപ്തനുമാകുന്നു. അതിനാൽ അവന്റെ ദുർബോധനത്തെ കരുതിയിരിക്കുക തന്നെ വേണം.

നബി ﷺ  അവിടുത്തെ വിടവാങ്ങൽ പ്രസംഗത്തിലൂടെ ലോകത്തിന് സംഭാവനയായി ഇതുപോലെ ധാരാളം സന്ദേശങ്ങൾ കൈമാറി. തുല്യതയില്ലാത്ത വിടവാങ്ങൽ പ്രസംഗം. ശേഷം അവിടുന്ന് തന്റെ ക്വസ്‌വാഅ് എന്ന ഒട്ടകപ്പുറത്തുനിന്നും ഇറങ്ങി. ദുഹ്‌റും അസ്വ്‌റും ജംഉം ക്വസ്വ്‌റുമായി നമസ്‌കരിച്ചു. ഇന്നും ഹാജിമാർ അറഫയിൽ അപ്രകാരം ദുഹ്‌റും അസ്വ്‌റും ജംഉം ക്വസ്വ്‌റുമായി നമസ്‌കരിക്കുന്നു.

അവിടെ വെച്ച് അല്ലാഹു ഒരു വചനം ഇറക്കുകയും ചെയ്തു: “...ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു’’ (5:3).

ദുൽഹിജ്ജ ഒമ്പതിന് അറഫയിൽവെച്ചാണ് ഈ വചനം ഇറങ്ങുന്നത്. മതത്തിന്റെ അടിസ്ഥാനകാര്യങ്ങളെല്ലാം അന്നത്തോടെ അവസാനിച്ചു. വിശ്വാസ-ആചാര-അനുഷ്ഠാന കാര്യങ്ങൾ മുഴുവനും അന്നത്തോടെ പൂർണമായി.

അല്ലാഹുവിന്റെ മതം പൂർണമാണ്. അതിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അല്ലാഹുതന്നെയാണ് പഠിപ്പിച്ചത്. അതിലേക്ക് ഇനി ഒന്നും ചേർക്കുവാനോ, അതിൽനിന്ന് വല്ലതും ഒഴിവാക്കുവാനോ ഒരാൾക്കും അവകാശമില്ല. അത് അല്ലാഹുവിന്റെ അനുഗ്രഹമായിട്ടാണ് അല്ലാഹു നമുക്ക് നൽകിയത്.

ഹജ്ജിന്റെ ഓരോ അനുഷ്ഠാനങ്ങളും നിർവഹിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവിടുന്ന് ഇപ്രകാരം പറയുന്നുമുണ്ടായിരുന്നു:

ജാബിറി(റ)ൽനിന്ന് നിവേദനം; അദ്ദേഹം പറയുന്നു: “അറവ് ദിനത്തിൽ (ദുൽഹിജ്ജ പത്തിന്) നബി ﷺ  അവിടുത്തെ വാഹനത്തിൽ ഇരുന്ന് എറിഞ്ഞുകൊണ്ട് (ഇപ്രകാരം) പറയുന്നുണ്ടായിരുന്നു: ‘നിങ്ങൾ നിങ്ങളുടെ ഹജ്ജിന്റെ കർമങ്ങൾ (എന്നിൽനിന്നും) സ്വീകരിക്കുക. കാരണം, എന്റെ ഈ ഹജ്ജിന് ശേഷം ഞാൻ ഇനി ഹജ്ജ് ചെയ്‌തേക്കുമോ എന്ന് എനിക്ക് അറിയുകയില്ല’’ (മുസ്‌ലിം).

മുകൾ കൊടുത്ത ആയത്തും നബി ﷺ യുടെ ഈ അറിയിപ്പും വന്നതോടെ അബൂബക്ർ(റ) കരയാൻ തുടങ്ങി. സ്വഹാബിമാർ ഓരോരുത്തരും കരയുകയാണ്. എല്ലാവർക്കും അവയുടെ പൊരുൾ മനസ്സിലായി. നബി ﷺ യുടെ വിടപറയലിലേക്കുള്ള സൂചനയാണല്ലോ അത്. സ്വഹാബിമാർ ഓരോരുത്തരും നബി ﷺ യുടെ കൂടെ ഓരോ കർമവും മത്സരത്തോടെ ചെയ്യുന്നുണ്ട്. നബി ﷺ  എല്ലാ കാര്യങ്ങളും വൃത്തിയായി ആ ജനതയെ പഠിപ്പിച്ചു. എറിയാനുള്ള കല്ല് കൊണ്ടുവന്നപ്പോൾ നബി ﷺ  പല കല്ലുകളും ഒഴിവാക്കി. എന്നിട്ട് ഏകദേശം ഒരു കടലമണിയോളം വലിപ്പത്തിലുള്ള കല്ലുകൾ കാണിച്ചുകൊടുത്തു. ഇതു മതി എറിയാൻ എന്ന് അവിടുന്ന് പറയുകയും ചെയ്തു. സമ്പൂർണമായ രൂപത്തിൽ അവിടുന്ന് മിനായിൽ താമസിച്ചു. ദുൽഹിജ്ജ 11,12 ദിവസങ്ങളിൽ വേണമെങ്കിൽ തിരിച്ചുപോരാം. എന്നാൽ ദുൽഹിജ്ജ 13നും അവിടെ താമസിച്ച് പരിപൂർണമായ എല്ലാ കാര്യങ്ങളും അവരെ പഠിപ്പിച്ചു.

ഓരോ സന്ദർഭത്തിലും സ്വഹാബിമാർ നബി ﷺ യോട് ഓരോ സംശയം ചോദിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. നബി ﷺ  അതിനെല്ലാം മറുപടിയും നൽകുന്നുണ്ടായിരുന്നു. ആ കൂട്ടത്തിൽ നബി ﷺ  മിനായിൽ വെച്ച് പ്രസംഗിച്ചപ്പോൾ പ്രത്യേകമായി പറഞ്ഞു:

ജരീറി(റ)ൽനിന്ന് നിവേദനം; ഹജ്ജതുൽ വദാഇൽ അദ്ദേഹത്തോട് നബി ﷺ  പറഞ്ഞു: “ജനങ്ങളോട് നിശ്ശബ്ദരാകാൻ പറയൂ.’’ എന്നിട്ട് അവിടുന്ന് പറഞ്ഞു: “എനിക്കുശേഷം നിങ്ങൾ പരസ്പരം കൊല നടത്തി അവിശ്വാസികളായി മടങ്ങരുത്’’ (ബുഖാരി).

ഹജ്ജ് നിർവഹിച്ചതിനുശേഷം നബി ﷺ  മദീനയിലേക്ക് മടങ്ങി. കഅ്ബ നിലകൊള്ളുന്ന മക്കയിൽ താമസിക്കാതെ നബി  ﷺ  മദീനയിലേക്കുതന്നെ മടങ്ങിയത് മക്കയെക്കാൾ മദീനക്കുള്ള സ്ഥാനംകൊണ്ടായിരുന്നു എന്ന് ചില വിവരമില്ലാത്തവർ ഇന്ന് വാദിക്കുന്നുണ്ട്. ഇത് പൂർവികർക്ക് പരിചയമില്ലാത്ത വാദമാണ്. നബി ﷺ  പറഞ്ഞിട്ടുണ്ട്: “അവസാനകാലത്ത് നിങ്ങൾക്കോ നിങ്ങളുടെ പൂർവപിതാക്കൾക്കോ പരിചയമില്ലാത്ത പുതിയ വാദങ്ങളുമായി കുറെ വ്യാജന്മാർ വരുന്നതാണ്. അവരെ സൂക്ഷിക്കണം.’’ നബി ﷺ  പറഞ്ഞത് സത്യമായി പുലരുന്നതാണ് നാം കാണുന്നത്. (തുടരും)