തബൂക് യാത്രയില്‍ പിന്തിനിന്നവര്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 മാർച്ച് 26, 1442 ശഅബാൻ 23

(മുഹമ്മദ് നബി ﷺ 65)

ക്വുര്‍ആനിനോടും സുന്നത്തിനോടും എതിരാകുന്ന വലുതും ചെറുതുമായ ധാരാളം വിശ്വാസ-ആചാര-അനുഷ്ഠാനമുറകള്‍ പ്രചരിപ്പിക്കുന്ന വിവിധ പള്ളികള്‍ ഉള്ള സ്ഥലത്ത് തൗഹീദിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലും, അതിന്റെ പ്രചാരണത്തിനായും തക്വ്‌വയുടെ അടിത്തറയില്‍ ഒരു പള്ളി നിര്‍മിക്കപ്പെട്ടാല്‍ അതിനെ മസ്ജിദുളിറാറായി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന ചില ഉസ്താദുമാരുണ്ട്. അത് ശരിയല്ല. ഒരു നാട്ടില്‍ ആദ്യം നിര്‍മിച്ച പള്ളിയാണ് ശരിയായതെന്നും ശേഷം നിര്‍മിക്കപ്പെടുന്ന പള്ളികള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതാണെന്നുമുള്ള കണ്ടെത്തല്‍ തീര്‍ത്തും അബദ്ധമാണ്. എപ്പോള്‍ നിര്‍മിക്കപ്പെട്ടാലും ശരി, തക്വ്‌വയില്‍ അധിഷ്ഠിതമാണെങ്കില്‍ മാത്രമെ ഇസ്‌ലാം വിഭാവനം ചെയ്യുന്ന പള്ളിയാകുകയുള്ളൂ.

നമസ്‌കരിക്കേണ്ട പള്ളിയെപ്പറ്റി പറഞ്ഞപ്പോള്‍ ‘അതില്‍ ചില പുരുഷന്മാരുണ്ട്' എന്നു പറഞ്ഞതിനെ (ഫീഹി രിജാലുന്‍) എടുത്ത് സ്ത്രീകള്‍ക്ക് പള്ളികളില്‍ പോയി നമസ്‌കരിക്കല്‍ നിഷിദ്ധമാണെന്ന് വാദിക്കുന്നവരുണ്ട്. മദീനയില്‍ നബി ﷺ ഒരു പള്ളി പണിതപ്പോള്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിനായി പ്രത്യേകമായ വാതില്‍തന്നെ സംവിധാനിച്ചിരുന്നു. ഇന്നും മദീനയിലെ പള്ളിയടക്കം അനവധി പള്ളികളിലും നമുക്ക് അത് കാണാവുന്നതാണ്. നബി ﷺ സ്ഥാപിച്ച ആ വാതിലിലൂടെ പുരുഷന്മാര്‍ പ്രവേശിക്കുന്നത് ഉമറി(റ)ന്റെ ഭരണകാലത്ത് അദ്ദേഹം ശക്തമായി വിലക്കിയതായി ചരിത്രത്തില്‍ കാണാം. നബി ﷺ യുടെ കൂടെ സ്ത്രീകള്‍ ജമാഅത്ത് നിസ്‌കാരത്തില്‍ പങ്കെടുത്തതിന് എത്രയോ തെളിവുകള്‍ സ്വഹീഹുല്‍ ബുഖാരിയടക്കമുള്ള പ്രസിദ്ധമായ എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും നമുക്ക് കാണാവുന്നതാണ്. നബി ﷺ യുടെ ചര്യനോക്കാതെ ക്വുര്‍ആനിനെ വ്യാഖ്യാനിക്കുന്നതിന് പറയുന്ന പേരാണ് ‘ദുര്‍വ്യാഖ്യാനം.' അതാണ് ഇത്തരക്കാര്‍ പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇസ്‌ലാം അനുവദിച്ചിട്ടുള്ള ഒരു കാര്യത്തെ മനഃപൂര്‍വം ഒരാള്‍ നിഷേധിക്കുകയാണെങ്കില്‍ പരലോകത്ത് അവന്റെ കാര്യം എത്ര ഗുരുതരമാണെന്നത് ആലോചിക്കുക.

തബൂക് യുദ്ധം മുസ്‌ലിംകള്‍ക്ക് വിജയമാണ് സമ്മാനിച്ചത്. തബൂകില്‍നിന്നും നബി ﷺ യും അനുചരന്മാരും മദീനയില്‍ എത്തി. യുദ്ധത്തിന് പോകാതെ പലവിധ കാരണങ്ങളാലും മദീനയില്‍ തങ്ങിയവര്‍ ധാരാളമായിരുന്നു. അവര്‍ ഓരോരുത്തരും നബി ﷺ യുടെ സമീപത്ത് വരാന്‍ തുടങ്ങി. യുദ്ധത്തിന് വരാത്തതിന്റെ പേരില്‍ നബി ﷺ തങ്ങളെപ്പറ്റി ദുഷിച്ചതൊന്നും വിചാരിക്കരുതെന്ന് കരുതി യുദ്ധത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം പറഞ്ഞ് നബി ﷺ നോട് മാപ്പു ചോദിക്കാനായിരുന്നു അവരുടെ ഓരോരുത്തരുടെയും വരവ്.

യുദ്ധത്തിന് പോകാതെ മദീനയില്‍ തങ്ങിയവരില്‍ ബഹുഭൂരിപക്ഷവും കപടവിശ്വാസികളായിരുന്നു എന്നത് നാം മനസ്സിലാക്കുകയുണ്ടായി. അവര്‍തന്നെയായിരുന്നു നബി ﷺ യോട് മാപ്പ് ചോദിക്കാനായി ആദ്യമാദ്യം മുമ്പോട്ടുവന്നതും. അവരെ സംബന്ധിച്ച് ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു:

‘‘അവരുടെ അടുക്കലേക്ക് (യുദ്ധം കഴിഞ്ഞ്) നിങ്ങള്‍ മടങ്ങിയെത്തിയാല്‍ അവര്‍ നിങ്ങളോട് ഒഴികഴിവ്പറയുന്നതാണ്. പറയുക: നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുകയേഇല്ല. (കാരണം) നിങ്ങളുടെ ചില വര്‍ത്തമാനങ്ങള്‍ അല്ലാഹു ഞങ്ങള്‍ക്ക് അറിയിച്ച് തന്നിട്ടുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്റെ ദൂതനും കാണുന്നതുമാണ്. പിന്നീട് അദൃശ്യവും ദൃശ്യവും അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് വിവരം നല്‍കുന്നതാണ്'' (9:94).

അല്ലാഹുവും റസൂലും നിങ്ങളുടെ ചെയ്തികള്‍ കാണുമെന്ന് പറഞ്ഞതിനെ അല്ലാഹുവിന്റെയും റസൂലിന്റെയും കാഴ്ച ഒരുപോലെയാണെന്ന് വ്യാഖ്യാനിക്കാവതല്ല. ചിലര്‍ അങ്ങനെ ദുര്‍വ്യാഖ്യാനിക്കാറുണ്ട്.

തബൂക് യുദ്ധത്തിലേക്ക് പുറപ്പെടാത്തവരെ സംബന്ധിച്ച് അല്ലാഹു അറിയിച്ച സന്ദര്‍ഭത്തിലാണല്ലോ നബി ﷺ ക്ക് അവരുടെ തനിനിറം മനസ്സിലായത്. പിന്നെ അല്ലാഹുവും റസൂലും കാണും എന്ന് പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന് മുഫസ്സിറുകള്‍ പറയുന്നത് കാണുക:

‘ഇതിന് ശേഷം നിങ്ങളുടെ ചെയ്തികളെ അല്ലാഹുവും അവന്റെ റസൂലും കാണുന്നതാകുന്നു. (അഥവാ) നിങ്ങളുടെ കാപട്യത്തെ തൊട്ട് നിങ്ങള്‍ പശ്ചാത്തപിക്കുമോ, അതല്ല, നിങ്ങള്‍ അതില്‍തന്നെ നിലകൊള്ളുമോ (എന്നത്).' (ഇമാം ബഗവി(റഹി).

‘അല്ലാഹുവും അവന്റെ റസൂലും നിങ്ങളുടെ പ്രവൃത്തിയെ കാണുന്നതാകുന്നു എന്നതിന്റെ അര്‍ഥം; റസൂലി ﷺ നോടും വിശ്വാസികളോടുമുള്ള സ്‌നേഹത്താലാണോ, അവരോടുള്ള അനുകമ്പയാലാണോ, അവരെ സഹായിക്കുന്നതിലുള്ള ആഗ്രഹത്താലാണോ ആ കാരണം ബോധിപ്പിക്കലിന്റെ സമയത്ത് അവര്‍ അവരുടെ മനസ്സുകളില്‍ ഉള്ളത് വെളിവാക്കിയിരുന്നത്? അതിനാല്‍ അല്ലാഹു പറഞ്ഞു: ‘അല്ലാഹു നിങ്ങളുടെ പ്രവൃത്തിയെ കാണും.' (അതായത്), നിങ്ങള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്ന സത്യസന്ധതയും തെളിമയുമെല്ലാമാകുന്ന അവസ്ഥയില്‍ നിലനില്‍ക്കുമോ അല്ലെങ്കില്‍ നിലനില്‍ക്കില്ലയോ (എന്നത് അല്ലാഹു കാണുന്നതാകുന്നു)' (തഫ്‌സീര്‍ ഇബ്‌നുകസീര്‍).

നബി ﷺ യുടെ മുമ്പില്‍ വന്ന് കാരണം ബോധിപ്പിച്ച് മാന്യന്മാരാകാം എന്ന് വിചാരിച്ചവരെയും തക്കതായ കാരണത്താല്‍ മാറിനില്‍ക്കുകയും പിന്നീട് നബി ﷺ യോട് കാരണം ബോധിപ്പിക്കുകയും ചെയ്തവരെയും പിന്നീടുള്ള അവരുടെ ജീവിത രീതികളില്‍നിന്ന് മനസ്സിലാക്കാം എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ദൃശ്യവും അദൃശ്യവും ഒരുപോലെ അറിയുന്നവന്‍ അല്ലാഹുമാത്രമാണ് എന്നതും ഈ വചനത്തില്‍ വ്യക്തമാക്കിയതും നാം ശ്രദ്ധിക്കേണ്ട കാര്യമാണ്. മാത്രമല്ല, ഇതേ അധ്യായത്തിലെ 105ാമത്തെ ആയത്തില്‍ വിശ്വാസികളെയും ചേര്‍ത്തിപ്പറഞ്ഞത് കാണാം. അപ്പോള്‍ എല്ലാവരുടെയും കാഴ്ച ഒരുപോലെയാണോ? അല്ല! ഈ വചനം ആരെ സംബന്ധിച്ചാണ് പറയുന്നതെന്നതും എപ്പോഴാണ് ഇറങ്ങിയതെന്നും മനസ്സിലാക്കല്‍ ഇതിന്റെ ദുര്‍വ്യാഖ്യാനത്തിലെ അര്‍ഥശൂന്യത തിരിച്ചറിയാന്‍ സഹായകമാണ്.

തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി കാരണം ബോധിപ്പിക്കാന്‍ ശ്രമിക്കരുതെന്നും ദൃശ്യവും അദൃശ്യവും അറിയുന്നവനിലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നതെന്നും നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെ പറ്റിയും അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് വിവരം നല്‍കുന്നതാണെന്നും അല്ലാഹു അറിയിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഖേദവും പശ്ചാത്താപ മനഃസ്ഥിതിയും ഉണ്ടെങ്കില്‍ ഭാവിയിലെ നിങ്ങളുടെ ജീവിതരീതി അല്ലാഹു നോക്കിക്കാണുകയും അതിനനുസരിച്ച് നിങ്ങളെ അവന്‍ പരിഗണിക്കുകയും ചെയ്യുന്നതാണ്. അതുപോലെ നിങ്ങളുടെ നേതാവായ നബി ﷺ യും നിങ്ങളുടെ ചെയ്തികള്‍ കണ്ടു മനസ്സിലാക്കുകയും അതുപ്രകാരം നിങ്ങളെ അവിടുന്ന് വിശ്വാസത്തിലെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യുന്നതാണ്. കേവല മാപ്പപേക്ഷയിലൂടെ മാത്രം നിങ്ങളെ ഉള്‍കൊള്ളാന്‍ സാധ്യമല്ല.

കപടവിശ്വാസികളെ ആക്ഷേപിച്ചുകൊണ്ട് വീണ്ടും അല്ലാഹു പറഞ്ഞു: ‘‘നിങ്ങള്‍ അവരുടെ അടുത്തേക്ക് തിരിച്ചുചെന്നാല്‍ നിങ്ങളോട് അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യും. നിങ്ങള്‍ അവരെ വിട്ടു ഒഴിഞ്ഞുകളയുവാന്‍ വേണ്ടിയത്രെ അത്. അതുകൊണ്ട് നിങ്ങള്‍ അവരെ ഒഴിവാക്കി വിട്ടേക്കുക. തീര്‍ച്ചയായും അവര്‍ വൃത്തികെട്ടവരാകുന്നു. അവരുടെ സങ്കേതം നരകമത്രെ. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമാണത്. നിങ്ങളോടവര്‍ സത്യം ചെയ്യുന്നത് നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയാകുവാന്‍ വേണ്ടിയാണ്. ഇനി നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയായാല്‍ തന്നെയും അല്ലാഹു അധര്‍മകാരികളായ ജനങ്ങളെപ്പറ്റി തൃപ്തിപ്പെടുകയില്ല; തീര്‍ച്ച'' (9:96).

നിങ്ങള്‍ അവരിലേക്ക് മടങ്ങിച്ചെന്നാല്‍ അവര്‍ നിങ്ങളോട് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് പല കാര്യങ്ങളും പറയുന്നതാണ്. എന്നാല്‍ അവരെ വിശ്വാസത്തിലെടുക്കരുത്. അവരെ അവഗണിച്ചേക്കണം. കാരണം, അവരുടെ മനസ്സ് മാലിന്യമാണ്. ദുഷിച്ചതേ അവര്‍ ചിന്തിക്കൂ. ദുഷിച്ചതേ അവര്‍ പ്ലാന്‍ ചെയ്യൂ. ദുഷിച്ചതിനേ അവര്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കൂ. കളവിലൂടെയാണ് അവര്‍ ജീവിക്കുന്നത്. അതിനാല്‍ തന്നെ അല്ലാഹു അവര്‍ക്ക് അവര്‍ ചെയ്തതിനുള്ള പ്രതിഫലമായി നരകം തയ്യാര്‍ ചെയ്തിട്ടുണ്ട്. ഇനി നിങ്ങളെ തൃപ്തിപ്പെടുത്താനായി ഏതെല്ലാം രൂപത്തില്‍ സത്യം ചെയ്യുകയും എന്നിട്ട് അവരെ അങ്ങ് തൃപ്തിപ്പെട്ടാലും അല്ലാഹു ഈ അധര്‍മകാരികളായ കപടന്മാരെ തൃപ്തിപ്പെടുന്നതല്ല.

തുടര്‍ന്ന് അല്ലാഹുവിന്റെ റസൂലി ﷺ നോട് ആ കപടന്മാരോട് പറയാനായി ഇപ്രകാരം അല്ലാഹു കല്‍പിക്കുകയും ചെയ്തു: ‘‘അല്ലാഹുവിന്റെ കല്‍പന കിട്ടുന്നതുവരെ തീരുമാനം മാറ്റിവെക്കപ്പെട്ട മറ്റുചിലരുമുണ്ട്. ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'' (9:106).

യുദ്ധത്തില്‍നിന്നും വിട്ടുനിന്നവരില്‍ നല്ലവരായ ചില സ്വഹാബിവര്യന്മാരും ഉണ്ടായിരുന്നു. ചെറിയ ഒരു അലസതയാണ് അവരെ ബാധിച്ചത്. ദീര്‍ഘ ദൂരമുണ്ടല്ലോ തബൂകിലേക്ക്. തങ്ങള്‍ക്ക് നല്ല വാഹനവും വേഗത്തില്‍ കുതിക്കുന്ന കുതിരയുമെല്ലാം ഉണ്ടല്ലോ. നബി ﷺ യും സ്വഹാബാക്കളും അവിടെ എത്തുമ്പോഴേക്ക് തങ്ങള്‍ക്കും എത്താന്‍ സാധിക്കും. അതിനാല്‍ അല്‍പം കഴിഞ്ഞ് പോകാം എന്ന് വിചാരിച്ച് പിന്തിനിന്നവരായിരുന്നു അവര്‍. അവര്‍ യുദ്ധത്തിന് പോകണം എന്ന് ആത്മാര്‍ഥമായി തീരുമാനിച്ചവര്‍ തന്നെയായിരുന്നു. ആ കൂട്ടത്തില്‍ പ്രഗത്ഭരായ മൂന്ന് സ്വഹാബിമാര്‍ ഉണ്ടായിരുന്നു. കഅ്ബ് ഇബ്‌നു മാലിക്(റ), ഹിലാല്‍ ഇബ്‌നു ഉമയ്യ അല്‍വാക്വിഫിയ്യ്(റ), മുറാറ ഇബ്‌നുര്‍റബീഅ് അല്‍അംരിയ്യ്(റ) എന്നിവരായിരുന്നു ആ മൂന്ന് സ്വഹാബിമാര്‍. മറ്റു ചില സ്വഹാബിമാരും ഉണ്ടായിരുന്നു.

ഈ മൂന്ന് സ്വഹാബിമാര്‍ തബൂകിലേക്ക് പോകാതിരിക്കാനുള്ള കാരണം എന്തായിരുന്നു? അവര്‍ പോകാം... ചെയ്യാം... എന്നിങ്ങനെ ചിന്തിച്ചിരുന്നു. ഉച്ചക്കാകാം, വൈകുന്നേരമാകാം, രാത്രിയാകാം, നാളെയാകാം എന്നിങ്ങനെ അവര്‍ കണക്കൂ കൂട്ടി. അവസാനം അവര്‍ക്ക് തബൂകിലേക്ക് പോകാന്‍ സാധിച്ചില്ല.

തബൂകില്‍നിന്നും നബി ﷺ മദീനയില്‍ തിരിച്ചെത്തി. നമസ്‌കാരം നിര്‍വഹിച്ചു. ശേഷം അവിടുന്ന് പള്ളിയില്‍ ഇരിക്കുന്ന സന്ദര്‍ഭത്തില്‍ ഓരോരുത്തരും വന്ന് നബി ﷺ യോട് കാരണം ബോധിപ്പിച്ച് സംസാരിക്കാന്‍ തുടങ്ങി. പലരുടെയും കാര്യം നബി ﷺ അല്ലാഹുവിലേക്ക് ഏല്‍പിച്ചു. പലരുടെയും കാരണങ്ങളെ നബി ﷺ ഉള്‍കൊള്ളുകയും സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ നേരത്തെ സൂചിപ്പിച്ച മൂന്നുപേരുടെ സ്ഥിതി വ്യത്യസ്തമായിരുന്നു. കഅ്ബ്(റ) ആ സംഭവം വിവരിക്കുന്നത് കാണുക:

അബ്ദുല്ലാഹിബ്‌നു കഅ്ബ് ഇബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം: ‘‘കഅബ് ഇബ്‌നു മാലിക് അന്ധനായി മാറിയ സന്ദര്‍ഭത്തില്‍ മക്കളായിരുന്നു അദ്ദേഹത്തെ സംരക്ഷിച്ചിരുന്നത്. തബൂക് യുദ്ധവേളയില്‍ അല്ലാഹുവിന്റെ റസൂലി ﷺ ല്‍നിന്ന് പിന്തിനിന്ന സംഭവം അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: തബൂക് യുദ്ധത്തിലൊഴികെ ഒരു യുദ്ധത്തിലും അല്ലാഹുവിന്റെ റസൂലി ﷺ നെ തൊട്ട് ഞാന്‍ പിന്തിനിന്നിട്ടില്ല. ബദ്ര്‍ യുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല. ബദ്‌റില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ആരെയും ആക്ഷേപിച്ചിട്ടില്ലല്ലോ. (ബദ്‌റിലേക്ക് പുറപ്പെടുമ്പോള്‍) നബി ﷺ യും മുസ്‌ലിംകളും ക്വുറയ്ശികളുടെ കച്ചവട സംഘത്തെ ഉദ്ദേശിച്ചു പുറപ്പെട്ടതായിരുന്നു. (എന്നാല്‍) അല്ലാഹു അവരെയും ശത്രുക്കളെയും കൂട്ടിമുട്ടിച്ചു. ഇസ്‌ലാമിന്റെ പേരില്‍ കരാറിലേര്‍പ്പെട്ട അക്വബയുടെ രാത്രിയില്‍ ഞാനും നബി ﷺ യുടെ കൂടെയുണ്ടായിരുന്നു. ബദ്‌റിലെ പങ്കാളിത്തത്തിന് ഞാന്‍ ഇതിനെക്കാള്‍ പ്രാധാന്യം നല്‍കിയിരുന്നില്ല. ബദ്‌റിനാണ് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്മരിക്കപ്പെട്ടിരുന്നത്.

തബൂക് യുദ്ധത്തില്‍ അല്ലാഹുവിന്റെ റസൂലി ﷺ നെ തൊട്ട് ഞാന്‍ പിന്തിനിന്ന എന്റെ കാര്യം ഇതായിരുന്നു: അന്ന് ഞാന്‍ ഒരിക്കലുമില്ലാത്ത വിധം ആരോഗ്യവാനും സമ്പന്നനുമായിരുന്നു. അല്ലാഹുവാണെ സത്യം, അതിന് മുമ്പൊന്നും എനിക്ക് രണ്ട് വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. ആ യുദ്ധത്തില്‍ പങ്കെടുക്കാനായി ഞാന്‍ രണ്ടു വാഹനങ്ങള്‍ തയ്യാറാക്കിയിരുന്നു. (സാധാരണ ഗതിയില്‍) യുദ്ധത്തിന് പുറപ്പെടന്ന സമയത്ത് അല്ലാഹുവിന്റെ റസൂല്‍ ﷺ വ്യംഗമായി സൂചിപ്പിക്കലായിരുന്നു പതിവ്. എന്നാല്‍ ഈ യുദ്ധം കഠിനമായ ഉഷ്ണകാലത്തായിരുന്നു. മരുഭൂമിയിലൂടെ ദീര്‍ഘമായി യാത്രചെയ്യേണ്ടതും ഉണ്ടായിരുന്നു. ശത്രു സൈന്യം ധാരാളവും. ഈ കാരണത്താല്‍ യുദ്ധോപകരണങ്ങള്‍ ഒരുക്കാനായി നബി ﷺ മുസ്‌ലിംകളോട് യുദ്ധകാര്യം വ്യക്തമാക്കി പറഞ്ഞു. ലക്ഷ്യസ്ഥാനവും വ്യക്തമാക്കി.

ഒരു രേഖയില്‍ ഉള്‍കൊള്ളാനാവാത്തവിധം ധാരാളം മുസ്‌ലിം യോദ്ധാക്കള്‍ അല്ലാഹുവിന്റെ റസൂലി ﷺ ന്റെ കൂടെയുണ്ടായിരുന്നു. കഅ്ബ്(റ) പറയുന്നു: ആരെങ്കിലും അപ്രത്യക്ഷമാകാന്‍ ഉദ്ദേശിക്കുന്ന പക്ഷം എളുപ്പത്തില്‍ അപ്രത്യക്ഷമാകാമായിരുന്നു. അല്ലാഹുവില്‍നിന്ന് വഹ്‌യ് ഇറങ്ങിയില്ലെങ്കില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ അത് അറിയില്ലെന്ന് അത്തരക്കാര്‍ ഊഹിച്ചു. അല്ലാഹുവിന്റെ റസൂല്‍ ﷺ ഈ യുദ്ധത്തിന് പുറപ്പെടുന്നത് ഈന്തപ്പനകള്‍ കുലക്കുന്ന, നിഴലുകള്‍ക്ക് കനം കൂടുന്ന സന്ദര്‍ഭത്തിലായിരുന്നു. എനിക്ക് അവയില്‍ അതീവ താല്‍പര്യമായിരുന്നു. നബി ﷺ യും മുസ്‌ലിംകളും യുദ്ധോപകരണങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നു. പ്രഭാതത്തില്‍ ഞാനും യുദ്ധസന്നാഹങ്ങള്‍ക്കായി പുറപ്പെടുമായിരുന്നെങ്കിലും വൈകുന്നേരം മടങ്ങുമ്പോള്‍ ഒരുക്കങ്ങള്‍ക്കൊന്നും ചെയ്തിട്ടുണ്ടായിരിക്കുകയില്ല. ഞാന്‍ ഉദ്ദേശിക്കുമ്പോള്‍, എനിക്ക് അതിന് സാധിക്കാമല്ലോ എന്ന് ഞാന്‍ സ്വയം പറഞ്ഞു. ഈ അവസ്ഥയില്‍ ദിവസങ്ങള്‍ കഴിഞ്ഞു. മുസ്‌ലിംകള്‍ അന്തിമമായി യാത്രക്ക് ഒരുങ്ങി. അങ്ങനെ അല്ലാഹുവിന്റെ റസൂലും മുസ്‌ലിംകളും പ്രഭാതത്തില്‍ യാത്രയായി. ഞാന്‍ തീരെ ഒരുങ്ങിയിട്ടുണ്ടായിരുന്നില്ല. ഞാന്‍ പ്രഭാതത്തില്‍ പുറപ്പെടുകയും ഒന്നും ഒരുങ്ങാതെ തിരിച്ചുപോരുകയും ചെയ്യും. സമയം അതിക്രമിച്ചു. മുസ്‌ലിം സൈന്യം ധൃതിയില്‍ മുന്നേറി. യുദ്ധം എന്റെ പിടുത്തത്തില്‍നിന്ന് അകലുന്നുവെന്ന് കണ്ടപ്പോള്‍ എത്രയും വേഗം യാത്ര ചെയ്ത് അവരെ കണ്ടെത്താമെന്ന് ഞാന്‍ വിചാരിച്ചു. ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ! പക്ഷേ, എനിക്ക് അതിന് ഭാഗ്യമുണ്ടായിരുന്നില്ല.

അല്ലാഹുവിന്റെ റസൂല്‍ ﷺ പോയശേഷം പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച എന്നെ ദുഃഖിപ്പിക്കുന്നതായിരുന്നു. കാപട്യം ആരോപിക്കപ്പെടുന്ന ചിലരെയോ, അല്ലാഹു ഒഴിവ്കഴിവ് നല്‍കിയ ദുര്‍ബല വിഭാഗത്തെയോ അല്ലാതെ എന്റെ കൂട്ടാളികളായി ഞാന്‍ കണ്ടില്ല. തബൂകില്‍ എത്തുന്നതുവരെ അല്ലാഹുവിന്റെ റസൂല്‍ ﷺ എന്നെ ഓര്‍ത്തില്ല. തബൂകില്‍ എത്തിയ ശേഷം അവിടുന്ന് ജനങ്ങളോട് ചോദിച്ചു: ‘കഅ്ബ് ഇബ്‌നു മാലികിന് എന്തുപറ്റി?' ബനൂ സലമയില്‍ നിന്നുള്ള ഒരാള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, കരിമ്പടവും ആഡംബരവും അഹന്തയും അദ്ദേഹത്തെ തടഞ്ഞിരിക്കുന്നു.' നീ പറഞ്ഞത് വളരെ മോശമായിപ്പോയി, അല്ലാഹുവാണെ സത്യം, അല്ലാഹുവിന്റെ റസൂലേ, നന്മയല്ലാതെ അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയില്ല' മുആദ് ഇബ്‌നു ജബല്‍(റ) പറഞ്ഞു. അല്ലാഹുവിന്റെ റസൂല്‍ ﷺ മൗനം പാലിച്ചു. ഞങ്ങള്‍ അങ്ങനെയായിരിക്കെ ഒരു ശുഭ്രവസ്ത്രധാരി മരീചികയെ വകഞ്ഞ് മാറ്റിക്കൊണ്ട് വരുന്നതായി കണ്ടു. അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘അത് അബൂഖയ്ഥമയാകട്ടെ.' അത് അബൂഖയ്ഥമതുല്‍ അന്‍സ്വാരിയായിരുന്നു. ഒരു സ്വാഅ് കാരക്ക ധര്‍മം ചെയ്തതിന്റെ പേരില്‍ കപടവിശ്വാസികള്‍ കുത്തുവാക്ക് പറഞ്ഞയാളായിരുന്നു. കഅ്ബ്(റ) പറയുന്നു: ‘അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ തബൂകില്‍ നിന്ന് തിരിച്ച് വരുന്ന വിവരം ലഭിച്ചപ്പോള്‍ എനിക്ക് വിഷമമായി. അപ്പോള്‍ ഞാന്‍ കള്ള (സൂത്രങ്ങള്‍ പലതും) ഓര്‍ത്തു. ഞാന്‍ പറയുന്നുണ്ടായിരുന്നു: നാളെ അവിടുത്തെ കോപത്തില്‍നിന്നും എന്തുകൊണ്ടാണ് ഞാന്‍ പുറത്തുകടക്കുക (രക്ഷപ്പെടുക)? അതിനായി എന്റെ കുടുംബത്തില്‍ പെട്ട ചിന്തകന്മാരുടെ സഹായവും തേടി. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ തിരിച്ചെത്തിയ വിവരം കിട്ടിയപ്പോള്‍ എന്നില്‍നിന്നും ആ കളവുകളെല്ലാം മാഞ്ഞു. നബി ﷺ യില്‍നിന്ന് അവകൊണ്ടൊന്നും ഞാന്‍ ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഞാന്‍ മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ അതിന്റെ സത്യാവസ്ഥ ഒരുമിപ്പിച്ചു. അല്ലാഹുവിന്റെ റസൂല്‍ ﷺ പ്രഭാതത്തില്‍ വരികയും ചെയ്തു. അവിടുന്ന് ഒരു യാത്ര കഴിഞ്ഞെത്തിയാല്‍ പള്ളിയില്‍ (വരികയും) രണ്ട് റക്അത് നിസ്‌കരിച്ച് ജനങ്ങള്‍ക്ക് (സംസാരിക്കാനായി) ഇരിക്കലുമാണ് ആദ്യം ചെയ്യാറ്. അങ്ങനെ അതുപ്രകാരം അവിടുന്ന് ചെയ്തു. (യുദ്ധത്തില്‍ നിന്ന്) പിന്തിനിന്നവര്‍ അവിടുത്തെ സമീപിക്കുകയും അവിടുത്തോട് കാരണം ബോധിപ്പിക്കുകയും അവിടുത്തോട് സത്യം ചെയ്ത് പറയുകയും ചെയ്യാന്‍ തുടങ്ങി. അവര്‍ എണ്‍പത് പേരുണ്ടായിരുന്നു. അവരുടെ (സംസാരത്തിന്റെ) പ്രത്യക്ഷ (സ്വഭാവത്തെ പരിഗണിച്ച്) അവരിലെ (കാരണങ്ങളെ) അവിടുന്ന് പരിഗണിച്ചു. അവിടുന്ന് അവരോട് ബയ്അത് ചെയ്യുകയും അവര്‍ക്കായി പാപമോചനം തേടുകയും അവരുടെ പരോക്ഷാവസ്ഥ അല്ലാഹുവിലേക്ക് ഏല്‍പിക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ (നബി ﷺ യിലേക്ക് വന്നു. ഞാന്‍ സലാം പറഞ്ഞപ്പോള്‍ കുപിതന്‍ ചിരിക്കുന്നത് പോലെ അവിടുന്ന് (എന്നോട്) ചിരിച്ചു. പിന്നീട് അവിടുന്ന് പറഞ്ഞു: 'വരൂ.' അപ്പോള്‍ ഞാന്‍ നടന്ന് ചെല്ലുകയും അവിടുത്തെ മുമ്പില്‍ ഇരിക്കുകയും ചെയ്തു. എന്നിട്ട് എന്നോട് ചോദിച്ചു: ‘താങ്കളെ പിന്തിപ്പിച്ച് നിര്‍ത്തിയ കാരണം എന്താണ്? താങ്കള്‍ വാഹനം തയ്യാര്‍ ചെയ്തിരുന്നല്ലോ!' കഅ്ബ്(റ) പറയുന്നു; ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവാണെ സത്യം, ദുന്‍യാവിലെ മറ്റാരുടെയെങ്കിലും സമീപത്താണ് ഞാന്‍ (ഇപ്പോള്‍) ഇരിക്കുന്നതെങ്കില്‍ അയാളുടെ ദേഷ്യത്തില്‍നിന്ന് രക്ഷപ്പെടാനായി പല കാരണങ്ങളും ഞാന്‍ കണ്ടെത്തുമായിരുന്നു. (അങ്ങനെ) തര്‍ക്കത്തിനുള്ള (കഴിവ്) എനിക്ക് നല്‍കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, അല്ലാഹുവാണെ സത്യം! അങ്ങ് തൃപ്തിപ്പെടുന്ന വിധത്തില്‍ ഞാന്‍ ഇന്ന് ഒരു കളവ് അങ്ങയോട് പറയുകയാണെങ്കില്‍ അല്ലാഹു എന്റെ മേല്‍ അങ്ങയെ കോപിപ്പിച്ചേക്കുമോ എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇനി ഞാന്‍ അങ്ങയോട് സത്യം പറഞ്ഞാലോ അങ്ങേക്ക് എന്റെ മേല്‍ വല്ലതും തോന്നുകയും ചെയ്‌തേക്കാം. അതിനാല്‍ അല്ലാഹുവിന്റെ (അടുക്കല്‍ നിന്നുള്ള നല്ല) പര്യവസാനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലാഹുവാണെ സത്യം, എനിക്ക് ഒരു ഒഴികഴിവും ഉണ്ടായിരുന്നില്ല. അല്ലാഹുവാെണ സത്യം, അങ്ങയില്‍നിന്ന് ഞാന്‍ പിന്തിനിന്ന സന്ദര്‍ഭത്തെക്കാള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സൗകര്യമുള്ളവനും ആരോഗ്യമുള്ളവനും ആയിട്ടില്ല തന്നെ...'' (തുടരും)