പ്രവാചകന്റെ വിവാഹങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 മെയ് 14, 1442 ശവ്വാൽ 12

സൗദ ബിൻത് സംഅമ

ഉമ്മുൽ അസ്‌വദ് എന്നായിരുന്നു മഹതിയുടെ വിളിപ്പേര്. അസ്‌വദ് എന്നതിന് നേതൃത്വം എന്ന അർഥമാണ് വരുന്നത്. സൗദ(റ) ബനൂആമിർ ഗോത്രക്കാരിയായിരുന്നു. ബനൂനജ്ജാറും ബനൂആമിറും പരസ്പരം ബന്ധമുള്ളവരായിരുന്നു. നജ്ജാർ എന്നയാൾ മദീനയിലെ ഖസ്‌റജിന്റെ മക്കളിൽപെട്ടയാളായിരുന്നു. ബനൂനജ്ജാർ ഗോത്രത്തിൽനിന്നായിരുന്നു നബി ﷺയുടെ പിതാമഹൻ ഹാഷിം വിവാഹം ചെയ്തിരുന്നത്. നബി ﷺ മദീനയിലെത്തിയപ്പോൾ ഏറ്റവും കൂടുതൽ സ്വീകരണം നൽകിയവരിലും ബനൂനജ്ജാറുകാർ ഉണ്ടായിരുന്നതായി നമുക്ക് കാണാം.

ഖദീജ(റ)യുടെ മരണശേഷം നബി ﷺ രണ്ടാമത് വിവാഹം ചെയ്തത് സൗദ(റ)യെയായിരുന്നു. സൗദ(റ) ചെറുപ്പക്കാരിയായിരുന്നില്ല. സക്‌റാൻ ഇബ്‌നു അംറ് എന്ന് പേരുള്ള ആളായിരുന്നു അവരുടെ ആദ്യത്തെ ഭർത്താവ്. സുഹൈൽ ഇബ്‌നു അംറിന്റെ സഹോദരനാണ് സക്‌റാൻ. ഹുദൈബിയ സന്ധിയിൽ ശത്രുഭാഗത്താണ് സുഹൈൽ(റ) ഉണ്ടായിരുന്നത്. പിന്നീട് ഇസ്‌ലാം സ്വീകരിച്ചു.

സക്‌റാൻ(റ) ഇസ്‌ലാമിനെക്കുറിച്ച് കേട്ട ആദ്യനാളുകളിൽതന്നെ ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാമിലേക്ക് ആദ്യമായി വന്നവർക്ക് ശത്രുക്കളിൽനിന്നും കൊടുംപീഡനങ്ങളായിരുന്നു അനുഭവിക്കേണ്ടിവന്നത്. ശത്രുക്കളുടെ മർദനം സഹിക്കവയ്യാതായപ്പോൾ മുസ്‌ലിംകൾ ആദ്യം എത്യോപ്യയിലേക്ക് ഹിജ്‌റ പോയിരുന്നല്ലോ. ആ ഹിജ്‌റയിൽ സൗദ(റ)യും ഭർത്താവ് സക്‌റാനും(റ) ഉണ്ടായിരുന്നു. അവിടെനിന്നും മക്കയിലേക്കു മടങ്ങവെ സക്‌റാൻ(റ) മരണപ്പെടുകയുണ്ടായി. സൗദ(റ) മദീനയിലേക്ക് ഹിജ്‌റ പോയവരുടെ കൂട്ടത്തിലും ഉണ്ടായിരുന്നു.

മതത്തിന്റെ പേരിൽ ഭർത്താവിന്റെ കൂടെ മക്കയിൽനിന്നും ഹിജ്‌റ പോയ സൗദ(റ) വിധവയായി. ആരും അവരെ സഹായിക്കാൻ ഇല്ലായിരുന്നു. കുടുംബത്തിന്റെയോ നാട്ടുകാരുടെയോ ഒന്നും പിന്തുണയില്ലാതെ അവർ നിരാലംബയായി. സക്‌റാനി(റ)ൽ അവർക്ക് മക്കളും ഉണ്ടായിരുന്നു. 55 വയസ്സ് പിന്നിട്ട സൗദ(റ)യെ സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ നബി ﷺ തന്നെ ഏറ്റെടുത്തു. ഖദീജ(റ)യുടെ വിയോഗത്തിന് ശേഷമുള്ള, നബി ﷺയുടെ ആദ്യവിവാഹം ഇതായിരുന്നു. പിന്നീട് മദീനയിൽ എത്തിയതിന് ശേഷമായിരുന്നു നബി ﷺയുടെ മറ്റു വിവാഹങ്ങൾ. അതിനിടക്ക് മൂന്നുകൊല്ലം നബി ﷺയുടെ കൂടെ ഒറ്റക്ക് ജീവിക്കാൻ അവർക്ക് അവസരം ലഭിച്ചു. സൗദ(റ)യുമായുള്ള വിവാഹം നടന്നശേഷം കൂടുതൽ താമസിയാതെ ആഇശ(റ)യുമായുള്ള നിക്കാഹ് നടന്നിരുന്നു. വീടുകൂടൽ നടന്നിരുന്നില്ല. ഏതാണ്ട് മൂന്നുകൊല്ലത്തിന് ശേഷമാണ് ആഇശ(റ)യെ നബി ﷺ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്.

ഖദീജ(റ) മരണപ്പെട്ടപ്പോൾ മറ്റൊരു വിവാഹത്തെ സംബന്ധിച്ച് നബി ﷺയോട് സംസാരിക്കാൻ ആർക്കും സാധിക്കുമായിരുന്നില്ല. അത്രയും വലിയ വേദനയാൽ അവിടുന്ന് കഴിയുന്ന കാലത്താണ് സൗദ(റ)യുമായുള്ള വിവാഹം നടക്കുന്നത്.

സക്‌റാൻ(റ) മരണപ്പെട്ടപ്പോൾ ഉസ്മാൻ ഇബ്‌നു മള്ഊനി(റ)ന്റെ ഭാര്യ ഖൗല(റ) നബി ﷺയെ സമീപിച്ച് വിവാഹസംബന്ധമായ കാര്യങ്ങൾ സംസാരിച്ചു. ഖദീജ(റ)ക്ക് ശേഷം ആ സ്ഥാനത്ത് വരാൻ യോഗ്യതയുള്ള ആരാണുള്ളത് എന്ന് നബി ﷺ അവരോട് തിരിച്ചു ചോദിച്ചു. കന്യകകളും വിധവകളുമായവരെ എനിക്കറിയാം, അങ്ങേക്ക് സമ്മതമുള്ളവരെ പറ്റി നമുക്ക് ആലോചിക്കാം എന്ന് അവർ മറുപടി നൽകി. നബി ﷺ ചോദിച്ചു: ‘കന്യകയെന്നതുകൊണ്ട് ആരെയാണ് നീ ഉദ്ദേശിക്കുന്നത്?’ ഖൗല(റ) പറഞ്ഞു: ‘അങ്ങ് ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന അബൂബക്‌റിന്റെ മകൾ ആഇശയെ.’ നബി ﷺ മൗനം പാലിച്ചു. പിന്നിട് നബി ﷺ ചോദിച്ചു: ‘വിധവയായിട്ട് ആരെയാണ് നീ കണ്ടിട്ടുള്ളത്?’ ഖൗല(റ) പറഞ്ഞു: ‘ആരും വിശ്വസിക്കാതിരുന്ന കാലത്തും അങ്ങയെ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്ത, ഇപ്പോൾ ഭർത്താവ് മരണപ്പെട്ട് വിധവയായ സൗദ ബിൻത് സംഅയയെ.’ നബി ﷺ അതിന് സമ്മതം നൽകി. അങ്ങനെ ഖൗല(റ) സൗദ(റ)യുടെ അരികിൽ ചെന്ന് ‘അല്ലാഹു നിങ്ങൾക്ക് എന്തൊരു അനുഗ്രമാണ് ചെയ്തിരിക്കുന്നത്’ എന്ന് പറഞ്ഞു. അവർ ചോദിച്ചു: ‘അത് എന്താണ്?’ ‘എന്നെ അല്ലാഹുവിന്റെ റസൂൽ ﷺ വിവാഹാലോചനയുമായി നിയോഗിച്ചതാണ്’ എന്ന് മറുപടി നൽകി. അവർക്ക് സന്തോഷമായി. മഹതി ഒരു ദാമ്പത്യജീവിതം ലഭിച്ചതിലല്ല സന്തോഷവതിയായത്. മറിച്ച്, പുണ്യനബിയുടെ ഭാര്യയാകാനും ലോകാവസാനം വരെയുള്ള വിശ്വാസികളുടെ മാതാവാകാനും സ്വർഗത്തിൽ നബി ﷺയുടെ കൂടെ കഴിയാനും സാധിക്കുക എന്ന മഹാഭാഗ്യം ലഭിക്കുന്നത് ഓർത്തുകൊണ്ടാണ് അവർ സന്തോഷിച്ചത്. പിന്നീട് പിതാവിനെ കാര്യം അറിയിച്ചു. പിതാവും സമ്മതിച്ചു. ശേഷം വിവാഹം നടക്കുകയും ചെയ്തു.

സൗദ(റ) അൽപം കടുത്ത പ്രകൃതക്കാരിയായിരുന്നു. പക്ഷേ, വളരെ പെട്ടന്നുതന്നെ ലോലപ്രകൃതിയിലേക്ക് മാറുകയും ചെയ്യുമായിരുന്നു എന്ന് ആഇശ(റ) പറയുന്നത് കാണാൻ സാധിക്കും. അവർ നബി ﷺയെ നന്നായി മാനിക്കുകയും ചെയ്യുമായിരുന്നു. ആഇശ(റ)ക്ക് അവരെ നല്ല ഇഷ്ടമായിരുന്നു.

നബി ﷺയുടെ കൂടെ എല്ലാ ഭാര്യമാരും ഹജ്ജ് ചെയ്തിരുന്നു. അതിനുശേഷം വീടുകളിൽ ഒതുങ്ങിക്കൂടാൻ അവിടുന്ന് അവരോട് കൽപിക്കുകയുണ്ടായി. ആ സമയത്ത് അവർ പറഞ്ഞു: ‘പ്രവാചകരുടെ വിയോഗത്തിനുശേഷം മറ്റൊരു വാഹനപ്പുറത്തും പുറപ്പെടുകയില്ല.’ ഈ വാക്ക് അവർ പാലിച്ചിരുന്നു എന്നത് സൗദ(റ)യുടെ മഹത്ത്വം പറയുന്ന കൂട്ടത്തിൽ ചരിത്രം രേഖപ്പെടുത്തിയത് കാണാം. അതുപോലെ ഹിജാബിന്റെ ആയത്തിറങ്ങിയതും മഹതിയുടെ കാര്യത്തിലായിരുന്നു എന്നും പറയപ്പെട്ടിട്ടുണ്ട്.

നബി ﷺയുടെ പെൺമക്കളെയെല്ലാം ഏറ്റവും ഉത്തമമായ രൂപത്തിൽ സൗദ(റ) വളർത്തി. അങ്ങനെ ഉത്തമ ഭാര്യയായി അവർ നബി ﷺയുടെകൂടെ ജീവിച്ചു. വൃദ്ധയായ സൗദ(റ) നബി ﷺയോട് ഇപ്രകാരം പറഞ്ഞു:

“അല്ലാഹുവിന്റെ റസൂലേ, അങ്ങ് എന്നെ നിലനിർത്തണം. അല്ലാഹുവാണെ സത്യം, മറ്റു ഭാര്യമാരെക്കാൾ ഒരു താൽപര്യവും എനിക്കില്ല. പക്ഷേ, അന്ത്യനാളിൽ അല്ലാഹു എന്നെ അങ്ങയുടെ ഭാര്യയായി ഉയിർത്തെഴുന്നേൽപിക്കുവാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്’’ (അൽഇസ്വാബ).

പ്രായം അധികമായതിനാൽ സൗദ(റ) നബി ﷺയുടെ കൂടെയുള്ള കഴിയാനുള്ള ദിവസങ്ങൾ ചെറുപ്പക്കാരിയായ ആഇശ(റ)ക്ക് നൽകിയിരുന്നു.

നബി ﷺയുടെ വഫാത്തിന് ശേഷവും സൗദ(റ) ഏറെക്കാലം ജീവിച്ചിരുന്നു. ഉമറി(റ)ന്റെ ഭരണകാലത്തിന്റെ അവസാനത്തിലാണ് മഹതി മരണപ്പെട്ടത് എന്നാണ് ചരിത്രം പറയുന്നത്.

ആഇശ(റ)

ആഇശ(റ) ഇസ്‌ലാമിക ചരിത്രത്തിൽ പ്രസിദ്ധയായ മഹതിയാണ്. അവരുടെ അറിവും നബി ﷺയോടുകൂടെയുള്ള ജീവിതത്തിലെ നിമിഷങ്ങളും ധാരാളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

നബി ﷺയുടെ പ്രിയ കൂട്ടുകാരൻ അബൂബക്ർ(റ) ആയിരുന്നു പിതാവ്. ഉമ്മുറൂമാൻ എന്നായിരുന്നു മാതാവിന്റെ പേര്. അബൂബക്ർ(റ) അവരെ വിവാഹം ചെയ്യുന്നതിനുമുമ്പ് മറ്റൊരാൾ വിവാഹം ചെയ്തിരുന്നു. ആ ഭർത്താവ് മരണപ്പെട്ടതിനുശേഷമാണ് അബൂബക്ർ(റ) അവരെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഉണ്ടായ മക്കളാണ് ആഇശ(റ), അബ്ദുർറഹ്‌മാൻ(റ) എന്നിവർ.

അബൂബക്ർ സ്വിദ്ദീക്വി(റ)ന്റെ മകളായതിനാൽ ‘സ്വിദ്ദീക്വ’ എന്ന പേരിൽ ആഇശ(റ) വിളിക്കപ്പെട്ടിരുന്നു. എല്ലാ ഭാര്യമാരും അറിയപ്പെട്ടതുപോലെ ‘ഉമ്മുൽ മുഅ്മിനീൻ’ എന്ന പേരിലും അറിയപ്പെട്ടു. ഹദീസ് ഗ്രന്ഥങ്ങളിൽ ഉമ്മുൽ മുഅ്മിനീൻ എന്ന നാമം ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ടത് ആഇശ(റ)യെ സംബന്ധിച്ചാണെന്ന് നമുക്ക് കാണാം.

നബി ﷺക്ക് നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ചതിനുശേഷം ഏകദേശം അഞ്ചാംവർഷത്തിന്റെ അവസാനത്തിലായിരുന്നു ആഇശ(റ) ജനിച്ചത്. നബി ﷺയിൽ ആദ്യം വിശ്വസിച്ചയാളാണ് പിതാവ് അബൂബക്ർ(റ). അതിനാൽ കൊച്ചുനാളിലേ നബി ﷺയുടെ അധ്യാപനപ്രകാരം മുന്നോട്ടുപോകുന്ന ഒരു വീട്ടിലാണ് മഹതി വളർന്നത്. അതിനാൽതന്നെ കേൾക്കുന്നതും പറയുന്നതുമെല്ലാം അല്ലാഹുവിനെ സംബന്ധിച്ചും നബി ﷺയെ സംബന്ധിച്ചുമായിരുന്നു. ചെറുപ്പം മുതൽക്കേ ഈ രൂപത്തിൽ വളരാൻ ഭാഗ്യം ലഭിച്ച നബി ﷺയുടെ ഏകഭാര്യ ആഇശ(റ)യായിരുന്നു.

ആഇശ(റ) ചെറുപ്പംമുതലേ വിനോദത്തിൽ തൽപരയായിരുന്നു. പാവക്കുട്ടികളുമായുള്ള കളി, ഊഞ്ഞാലാട്ടം എന്നിവയായിരുന്നു വിനോദങ്ങളിൽ അവർക്ക് ഏറ്റവും പ്രിയങ്കരം എന്നാണ് ചരിത്രം പറയുന്നത്. കൂട്ടുകാരികളുടെ കൂടെ നന്നായി കളിക്കും. നന്നായി ബഹളമുണ്ടാക്കും. പിതാവ് അപ്പോൾ കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. അത് നബി ﷺക്ക് ഇഷ്ടമായിരുന്നില്ല. നബി ﷺ അതിന് അനുവാദം നൽകും. ചിലപ്പോൾ കൂട്ടുകാരികൾ ഓടിപ്പോകുമ്പോൾ അവരെ വിളിച്ചുവരുത്തി ആഇശ(റ)യുടെ കൂടെ കളിപ്പിക്കുകയും ചെയ്യുമായിരുന്നു.

ഖൗല(റ) തന്നെയായിരുന്നു ഈ വിവാഹത്തെ സംബന്ധിച്ചുള്ള ആലോചനയിൽ മുഖ്യ പങ്ക് വഹിച്ചിരുന്നത്. നബി ﷺ സമ്മതം നൽകിയപ്പോൾ അബൂബക്‌റി(റ)നോട് അതു സംബന്ധമായി സംസാരിച്ചു. അബൂബക്ർ(റ) ചോദിച്ചു: ‘അദ്ദേഹം എന്റെ സഹോദരനല്ലേ?’ ഏറ്റവും വലിയ സുഹൃദ് ബന്ധത്തിലുള്ളവരുമായി വിവാഹബന്ധം പാടില്ലെന്ന ഒരു ധാരണ അക്കാലത്ത് അറബികൾക്കിടയിൽ ഉണ്ടായിരുന്നു. ഇത് ഖൗല(റ) നബി ﷺയോട് പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു: “നീ അദ്ദേഹത്തോട് ചെന്ന് പറയുക: ‘താങ്കൾ ഇസ്‌ലാമിൽ എന്റെ സഹോദരനാണ്. ആ ബന്ധം വിവാഹം നടക്കുന്നതിന് തടസ്സമല്ല.’’ അങ്ങനെ അവർ അബൂബക്‌റി(റ)നെ വിവരമറിയിച്ചു. വിവാഹം നടക്കുകയും ചെയ്തു. ആഇശ(റ)ക്ക് ആറ് വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു ഈ വിവാഹം. ഒമ്പതാമത്തെ വയസ്സിൽ നബി ﷺ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയും ചെയ്തു. നബി ﷺ വിവാഹം ചെയ്ത കന്യകയായ ഏക ഭാര്യയായിരുന്നു ആഇശ(റ). നബി ﷺ മരണപ്പെടുന്ന വേളയിൽ ആഇശ(റ)ക്ക് 18 വയസ്സ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളൂ. അതിനുശേഷം 40 കൊല്ലത്തോളം അവർ വിജ്ഞാനം പകർന്ന് ജീവിച്ചു.

നബി ﷺയുടെ അനുചരന്മാരിൽ അവിടുത്തേക്ക് ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു അബൂബക്ർ(റ). അദ്ദേഹവുമായുള്ള ബന്ധത്തിന് കൂടുതൽ ദൃഢത ലഭിക്കുവാനും അടുപ്പം ലഭിക്കുവാനും വേണ്ടി അദ്ദേഹത്തിന്റെ മകളെ നബി ﷺ വിവാഹം കഴിക്കുകയായിരുന്നു.

നബി ﷺ ആഇശ(റ)യെ വിവാഹം ചെയ്യുന്ന സമയത്ത് വേറെയും ആളുകൾ വിവാഹം അന്വേഷിച്ചതായി നമുക്ക് ചരിത്രത്തിൽ കാണാം. ആഇശ(റ)യെ ഇത്ര ചെറുപ്രായത്തിൽ വിവാഹം ചെയ്തതിനെ വലിയ തെറ്റും കുറ്റവുമായി ചിലരെല്ലാം കാണുന്നുണ്ടല്ലോ. എന്നാൽ നബി ﷺയുടെ കാലത്തെ ശത്രുക്കൾ ആരുംതന്നെ നബി ﷺയുടെ ഈ വിവാഹത്തെ വിമർശിച്ചതായി നമുക്ക് കാണാൻ സാധ്യമേയല്ല. ആ കാലത്ത് ചെറുപ്രായത്തിൽ വിവാഹം നടത്തുക എന്നത് ഒരു പുതുമയുള്ള കാര്യമായിരുന്നില്ല എന്നത് തന്നെയായിരുന്നു കാരണം.

സ്ത്രീകൾക്ക് ചെറുപ്രായത്തിൽതന്നെ പ്രായപൂർത്തിയെത്തുന്ന അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. ആഇശ(റ)യാകട്ടെ, അക്കാലത്തെ എല്ലാ സ്ത്രീകളെക്കാളും ശാരീരികമായി വളർച്ചയും പക്വതയും നേടിയിരുന്നതായി ചരിത്രം പറയുന്നുണ്ട്. ആറാം വയസ്സിൽ നിക്കാഹ് നടത്തിയിരുന്നെങ്കിലും ഒമ്പതാമത്തെ വയസ്സിലായിരുന്നല്ലോ നബി ﷺയോടൊത്ത് വീടുകൂടിയത്. അപ്പോഴേക്കും മഹതി എല്ലാ അർഥത്തിലും ഒരു ഇണയെ സ്വീകരിക്കാവുന്ന ശാരീരികവളർച്ച കൈവരിച്ചിരുന്നു. മാതാവും പിതാവും തങ്ങളുടെ മകൾക്ക് ഭർത്താവിന്റെ കൂടെ താമസിക്കാനുള്ള വളർച്ചയും പക്വതയും എത്തിയെന്ന് ബോധ്യമായപ്പോൾ തന്നെയായിരിക്കുമല്ലോ അതിന് സമ്മതം നൽകിയത്. ഒരു പെൺകുട്ടിയുടെ വളർച്ചയും മറ്റു കാര്യങ്ങളും ഏറ്റവും കൂടുതൽ അറിയുക മാതാവിനായിരിക്കുമല്ലോ. ഈ വിവാഹത്തിൽ ആഇശ(റ)യുടെ മാതാവും ഖൗല(റ)യും മുഖ്യപങ്കുകാരായതും അതുകൊണ്ടുതന്നെയാണ്.

ആ കാലത്ത് അറബികൾക്കിടയിൽ പ്രായംകൂടിയ പുരുഷൻ പ്രായംകുറഞ്ഞവളെയോ പ്രായം കുറഞ്ഞ പുരുഷൻ പ്രായംകൂടിയ സ്ത്രീയെയോ വിവാഹം ചെയ്യുന്നത് ഒരു പ്രശ്‌നമായേ കണ്ടിരുന്നില്ല. അതിനാൽതന്നെ നബി ﷺ ആഇശ(റ)യെ വിവാഹം ചെയ്തതിനെ അന്നത്തെ ശത്രുക്കൾ എതിർക്കാനുള്ള കോപ്പായി കണ്ടിരുന്നില്ല.

വിവാഹത്തിന് ഇസ്‌ലാം പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ശാരീരികമായ വളർച്ചയും മാനസികമായ പക്വതയും എത്തിയിട്ടുണ്ടെങ്കിൽ വരന്റെയും വധുവിന്റെയും സമ്മതത്തോടെ രക്ഷിതാക്കൾക്ക് കൂടിയാലോചിച്ച് തീരുമാനമെടുക്കാവുന്ന കാര്യമാണ് ഇത്. വിവാഹത്തിന് വരനും വധുവും ശാരീരികമായും മാനസികമായും പക്വത എത്തിയിട്ടുണ്ടെങ്കിൽ അവരെ വിവാഹത്തിന് അനുവദിക്കാം എന്ന ഒരു പാഠം ലോകത്തിന് കൈമാറുക കൂടിയാണ് നബി ﷺ ഈ വിവാഹത്തിലൂടെ ചെയ്തത്.

ആഇശ(റ)യുമായുള്ള വിവാഹത്തിന്റെ പേരിൽ നബി ﷺയെ വല്ലാതെ ആക്ഷേപിക്കുന്ന ചില ക്രൈസ്തവ വിമർശകരുണ്ട്. എന്നാൽ ക്വുർആൻ വിശിഷ്ടയായി പ്രഖ്യാപിച്ച മർയമി(അ)നെ പറ്റി അവരുടെ പക്കലുള്ള ബൈബിളിൽ പറയുന്നകാര്യം അവർ കാണാതെ പോകുന്നു.

ജോസഫ് എന്ന പേരുള്ള ഒരാൾ മർയമിനെ വിവാഹം അന്വേഷിക്കുന്ന സമയത്ത് തൊണ്ണൂറ് പിന്നിട്ട ഒരു വൃദ്ധനായിരുന്നെന്നും, അന്ന് മർയമിന് പത്തോ പതിനൊന്നോ വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് അതിലുള്ളത്. ഈ വാദം മുസ്‌ലിംകൾ അംഗീകരിക്കുന്നേയില്ല. ഇത് ക്വുർആൻ അറിയിച്ചുതന്നിട്ടില്ലാത്ത കാര്യമാണ്.

നബി ﷺയുടെയും ആഇശ(റ)യുടെയും ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. ഒട്ടേറെ ഗുണപാഠങ്ങൾ നമുക്ക് അതിൽനിന്നും ലഭിക്കുന്നതാണ്.

ആഇശ(റ)യെ വിവാഹം ചെയ്യുന്നതിനുമുമ്പ് നബി ﷺക്ക് അക്കാര്യം സ്വപ്‌നത്തിലൂടെ കാണിക്കപ്പെട്ടിരുന്നു. നബിമാരുടെ സ്വപ്‌നം ദിവ്യബോധനത്തിന്റെ ഭാഗമാണ്. അക്കാര്യം നബി ﷺ ആഇശ(റ)യോടുതന്നെ പറയുന്നത് കാണുക:

ആഇശ(റ)യിൽനിന്ന് നിവേദനം; നബി ﷺ അവരോട് പറഞ്ഞു: “സ്വപ്‌നത്തിൽ എനിക്ക് നിന്നെ രണ്ടുതവണ കാണിക്കപ്പെടുകയുണ്ടായി. പട്ടിനാലുള്ള ഒരു വസ്ത്രത്തിൽ ഞാൻ നിന്നെ കണ്ടു. (മലക്ക്) പറഞ്ഞു: ‘ഇത് താങ്കളുടെ ഭാര്യയാകുന്നു. അതിനാൽ അവളെതൊട്ട് താങ്കൾ (മറ) നീക്കുക.’ അപ്പോൾ അത് നീയായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു: ഇത് അല്ലാഹുവിങ്കൽനിന്നുള്ളതാണെങ്കിൽ അത് നടക്കുന്നതാകുന്നു’’(ബുഖാരി).

നബി ﷺയും അബൂബക്‌റും(റ) മദീനയിലേക്ക് ഹിജ്‌റ പോയി. അതിനുശേഷം ഇവരുടെ കുടുംബങ്ങളെ അവിടേക്ക് എത്തിക്കുന്നതിനുവേണ്ടി ചിലരെ ഏർപ്പാട് ചെയ്തു. അങ്ങനെ അവരെല്ലാവരും മദീനയിലെത്തി. ആ കൂട്ടത്തിൽ ആഇശ(റ)യും സൗദ(റ)യും മക്കളുമെല്ലാം ഉണ്ടായിരുന്നു. നബി ﷺ മദീനയിലെത്തിയപ്പോൾ അവിടെ മസ്ജിദുന്നബവിയുടെ നിർമാണം തുടങ്ങി. പള്ളിക്ക് ചുറ്റുമായി നബി ﷺക്കും കുടുംബത്തിനും താമസിക്കുവാനുള്ള ചെറിയ കുടിലുകളും കെട്ടാൻ തുടങ്ങി. അങ്ങനെ അതിൽ നബി ﷺ താമസമാക്കുകയും ചെയ്തു. ആ സമയത്ത് നബി ﷺയുടെ കൂടെ ഭാര്യയായി സൗദ(റ) മാത്രമാണുണ്ടായിരുന്നത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അബൂബക്ർ(റ) നബി ﷺയോട് ആഇശയെയുമായി വീടുകൂടുന്നതിനെ പറ്റി ചോദിച്ചു. അങ്ങനെ ആ വീടുകൂടൽ ചടങ്ങ് നടക്കുകയും ചെയ്തു.

ആഇശ(റ) അക്കാര്യം പറയുന്നു: “നബി ﷺ എന്നെ വിവാഹം ചെയ്തത് എന്റെ ആറാമത്തെ വയസ്സിലായിരുന്നു. അങ്ങനെ ഞങ്ങൾ മദീനയിലേക്ക് ഹിജ്‌റ പോയി. മക്കയിൽനിന്നും മദീനയിലേക്ക് ഹിജ്‌റ പോയിരുന്ന എല്ലാ മുഹാജിറുകൾക്കും രോഗം പിടിപെടുകയുണ്ടായി. അബൂബക്ർ(റ) പനി ബാധിച്ച് കിടപ്പിലായി. ഉപ്പാക്ക് രോഗം ഭേദമായപ്പോൾ എനിക്കും പനി പിടിപെട്ടു. പനിയുടെ കാഠിന്യം നിമിത്തം തലയിലെ മുടിയെല്ലാം കൊഴിഞ്ഞു. പിന്നീട് സമൃദ്ധമായ മുടിയെല്ലാം ഉണ്ടാകുകയും ചെയ്തു. അങ്ങനെ ഒരിക്കൽ ഞാൻ കൂട്ടുകാരികളുടെ കൂടെ ഊഞ്ഞാലാടി കളിച്ചുകൊണ്ടിരിക്കെ എന്റെ ഉമ്മ എന്നെ വിളിച്ചു. എന്തിനാണ് വിളിക്കുന്നത് എന്ന് എനിക്ക് പിടികിട്ടിയിരുന്നില്ല. ഞാൻ കിതച്ചുകൊണ്ട് ഉമ്മയെ സമീപിച്ചു. അപ്പോൾ വീട്ടിൽ ഒരു മുറിയിൽ കുറെ അൻസ്വാരി സ്ത്രീകൾ ഒത്തുകൂടിയിരുന്നു. അവിടേക്ക് ഉമ്മ എന്നെ കൊണ്ടുപോയി. എന്നെ നബി ﷺയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണെന്ന് അപ്പോൾ എനിക്ക് മനസ്സിലായി. അങ്ങനെ അവർ എന്റെ മുഖവും തലയും കഴുകി വൃത്തിയാക്കുകയും മുടി ചീകുകയും നല്ല വസ്ത്രം അണിയിപ്പിക്കുകയും ചെയ്തു. അതുപോലെ എനിക്ക് ബറകത്തിനായി അവർ അല്ലാഹുവിനോട് ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഏകദേശം ഇളയുച്ച നേരത്ത് റസൂൽ ﷺ എന്റെ അരികിൽ വന്നു. അപ്പോൾ അവർ എന്നെ നബി ﷺയെ ഏൽപിക്കുകയും ചെയ്തു. അന്ന് എനിക്ക് ഒമ്പത് വയസ്സ് പ്രായമായിരുന്നു.’’

നബി ﷺ ആഇശ(റ)യ നിക്കാഹ് ചെയ്തതും വീടുകൂടിയതും ശവ്വാൽ മാസത്തിലായിരുന്നു എന്ന് ഇമാം ബുഖാരി(റ)യുടെ റിപ്പോർട്ടിൽനിന്നും മനസ്സിലാക്കാവുന്നതാണ്. ശവ്വാലിൽ വിവാഹമോ വീടുകൂടലോ മറ്റോ നടക്കാൻ പാടില്ലെന്നും, അങ്ങനെ നടന്നാൽ ജീവിതം അവതാളത്തിലാകുമെന്നും അക്കാലത്ത് അറബികൾക്കിടയിൽ ഒരു തെറ്റായ വിശ്വാസമുണ്ടായിരുന്നു. അതിനെക്കൂടി നബി ﷺ ഇതിലൂടെ പിഴുതെറിയുകയാണ് ചെയ്തത്. ശവ്വാൽ മാസത്തെ സംബന്ധിച്ച് അവർക്കുണ്ടായിരുന്ന ഈ അന്ധവിശ്വാസത്തെ ആഇശ(റ) കളിയാക്കുകയും തന്നെപ്പോലെ സൗഭാഗ്യവതിയായ ഏത് സ്ത്രീയാണുള്ളതെന്ന് അവർ ചോദിക്കുകയും ചെയ്യാറുണ്ടായിരുന്നു.

നബി ﷺയുടെ കൂടെയുള്ള ജീവിതത്തിൽ മതപരമായ വിജ്ഞാനം കരസ്ഥമാക്കുന്നതിൽ പിന്നീട് മഹതി അതിവേഗത്തിൽ കുതിക്കുകയായിരുന്നു. കാരണം, ലോകം കണ്ട ഏറ്റവും വലിയ അധ്യാപകന്റെ കൂടെയാണ് ജീവിക്കുന്നത്. അതിനാൽതന്നെ കണ്ടും കേട്ടും നബി ﷺയിൽനിന്ന് മതം പഠിക്കാൻ മഹതിക്ക് ധാരാളം അവസരം ലഭിച്ചു. സംശമുള്ള കാര്യങ്ങൾ നേരിട്ട് അപ്പപ്പോൾ തന്നെ ചോദിച്ച് മനസ്സിലാക്കി. നബി ﷺയിൽനിന്ന് മതം പഠിക്കാനുള്ള ഒരു അവസരവും മഹതി പാഴാക്കിയതുമില്ല. അങ്ങനെ മഹതി വലിയ ഒരു പണ്ഡിതയായി മാറി.

(തുടരും)