നിവേദക സംഘങ്ങളുടെ വരവ്

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ഏപ്രിൽ 16, 1442 റമദാൻ 14

ഇസ്‌ലാമിന് അഭൂതപൂര്‍വകമായ വളര്‍ച്ച മദീനയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതേ വര്‍ഷത്തില്‍ (ഹിജ്‌റ 9ല്‍) തന്നെ വലിയ ദൗത്യസംഘങ്ങള്‍ നബി ﷺ യെ ലക്ഷ്യമാക്കി മദീനയിലേക്ക് എത്തിത്തുടങ്ങി. ഈ വര്‍ഷത്തില്‍ അറുപതോളം നിവേദക സംഘങ്ങള്‍ വിവിധ നാടുകളില്‍നിന്നും ഗോത്രങ്ങളില്‍നിന്നും എത്തി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. മദീനയിലേക്ക് എത്തുന്ന ഈ നിവേദക സംഘങ്ങള്‍ മുസ്‌ലിംകള്‍ ആയിരുന്നില്ല. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാനും നബി ﷺ യെ അറിയാനുമായിരുന്നു അവരുടെ വരവ്. പലരും പല സ്വഭാവക്കാരാണ്. പെരുമാറ്റ മര്യാദകള്‍ അറിയാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

തമീം ഗോത്രം

നിവേദക സംഘമായി എത്തിയവരില്‍ ഒരു വിഭാഗമായിരുന്നു തമീം ഗോത്രം. മരുഭൂമിയിലെ ഉള്‍നാടുകളില്‍ വസിക്കുന്നവരായിരുന്നു ഇക്കൂട്ടര്‍. അവര്‍ മദീനയില്‍ എത്തി. ‘മുഹമ്മദ് എവിടെ’ എന്നായിരുന്നു അവര്‍ അന്വേഷിച്ചിരുന്നത്. നബി ﷺ തന്റെ ഭാര്യമാര്‍ക്ക് താമസിക്കാനായി മദീന പള്ളിയോട് ചേര്‍ന്ന് ഉണ്ടാക്കിയ കൊച്ചു അറകള്‍ (ഹുജുറകള്‍) ഉണ്ടായിരുന്നു. അതിലായിരുന്നു തമീം ഗോത്ര ക്കാര്‍ വന്ന സമയത്ത് നബി ﷺ ഉണ്ടായിരുന്നത്. അവര്‍ നബി ﷺ യെ വിളിച്ചു: ‘മുഹമ്മദേ, പുറത്തേക്ക് വരൂ.’ തികച്ചും ഗ്രാമീണരായിരുന്നതിനാല്‍ സംസ്‌കാരമില്ലാത്ത പെരുമാറ്റം! നബി ﷺ ക്ക് പുറത്തിറങ്ങാനുള്ള സാവകാശം നല്‍കാനും ക്ഷമ കൈക്കൊള്ളാനും അവര്‍ക്ക് സാധിച്ചില്ല. നബിയെ ഹുജുറക്ക് പുറത്ത് നിന്ന് സ്വൈര്യം നഷ്ടപ്പെടുത്തുന്ന രൂപത്തില്‍ വിളിച്ചുകൊണ്ടേയിരുന്നു. അവരെ സംബന്ധിച്ചാണ് ക്വുര്‍ആന്‍ പറയുന്നത്:

‘‘(നീ താമസിക്കുന്ന) അറകള്‍ക്കു പുറത്തു നിന്ന് നിന്നെ വിളിക്കുന്നവരാരോ അവരില്‍ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല. നീ അവരുടെ അടുത്തേക്കു പുറപ്പെട്ട് ചെല്ലുന്നതുവരെ അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ നല്ലത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (49:4,5).

നബി ﷺ യെ അറക്ക് പിന്നില്‍ നിന്ന് പേരെടുത്ത് വിളിച്ചുകൊണ്ടിരിക്കുന്ന ആ വിഭാഗക്കാര്‍ ചിന്തിച്ച് മനസ്സിലാക്കി പെരുമാറാന്‍ സാധിക്കുന്നവരല്ലായിരുന്നു. ഇത് അപമര്യാദയാണെന്ന് അറിയാത്തതിനാലാണ് അവര്‍ ഈ ശൈലിയില്‍ നബി ﷺ യെ വിളിച്ചിരുന്നത്. നബി ﷺ ക്ക് പുറത്തിറങ്ങാനുള്ള സാവകാശം നല്‍കി ക്ഷമിച്ചിരുന്നെങ്കില്‍ അതാകുമായിരുന്നു അവര്‍ക്ക് ഉത്തമം. പക്ഷേ, അറിവില്ലായ്മ കാരണത്താല്‍ അവരുടെ അപമര്യാദക്ക് അല്ലാഹു ശിക്ഷ നല്‍കില്ല. അല്ലാഹു പൊറുക്കുന്നവനും കാരുണ്യം ചെയ്യുന്നവനുമാകുന്നു.

നബി ﷺ ഹുജുറയില്‍നിന്നും ദുഹ്‌ർ നമസ്‌കാരത്തിന് വേണ്ടി പുറത്തിറങ്ങി. ഈ സന്ദര്‍ഭത്തില്‍ തമീം ഗോത്രക്കാര്‍ നബി ﷺ യുടെ പുറകെ കൂടി. നബി ﷺ യെ തോണ്ടി വിളിച്ചുകൊണ്ട് അവര്‍ പറഞ്ഞു: ‘‘ഞങ്ങളുടെ കൂടെ നല്ല കവികളുണ്ട്, നന്നായി സംസാരിക്കുവാന്‍ കഴിവുള്ളവരുണ്ട്. ഞങ്ങളോട് മത്സരിക്കുവാന്‍ തയ്യാറുണ്ടോ?’’ നബി ﷺ ശാന്തനായി അവരോട് പറഞ്ഞു: ‘‘കവിതയുമായിട്ടല്ല ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതുപോലെ, പ്രസംഗിച്ച് ഗോത്ര മഹിമയും മറ്റും എടുത്തുപറഞ്ഞ് ആഭിജാത്യത്തിന്റെ പേരില്‍ അഹങ്കരിക്കാനുമല്ല അല്ലാഹു എന്നെ അയച്ചിട്ടുള്ളത്.’’

അങ്ങനെ തമീം ഗോത്രക്കാര്‍ നോക്കിനില്‍ക്കെ നബി ﷺ യും സ്വഹാബിമാരും നമസ്‌കാരത്തിലേക്ക് പ്രവേശിച്ചു. നമസ്‌കാരത്തിന് ശേഷം തമീമുകാര്‍ വീണ്ടും നബി ﷺ യുടെ സമീപത്തേക്ക് ചെന്നു. നബി ﷺ യുടെ വശ്യമായ പെരുമാറ്റവും ഇടപെടലും അവരെ സ്വാധീനിച്ചു. അവരെല്ലാവരും ഇസ്‌ലാം സ്വീകരിക്കുകയും തിരിച്ചുപോകുകയും ചെയ്തു.

ഈ കാലയളവില്‍ മറ്റു പല നാട്ടിലെയും ഗോത്രങ്ങളുടെയും നിവേദക സംഘങ്ങള്‍ വരികയുണ്ടായി. അവസാനമായി ബനൂ സഅ്ദ് ഗോത്രത്തിന്റെ പ്രതിനിധിയായി ദ്വിമാമ് ഇബ്‌നു ഥഅ്‌ലബയാണ് വന്നത്.അദ്ദേഹം വന്ന രംഗം ഇപ്രകാരം നമുക്ക് ചരിത്രത്തില്‍ കാണാം:

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ‘‘ഞങ്ങള്‍ പള്ളിയില്‍ നബി ﷺ യുടെ കൂടെ ഇരിക്കുന്നതിനിടയില്‍ ഒരാള്‍ ഒട്ടകപ്പുറത്ത് (അവിടെ) പ്രവേശിച്ചു. എന്നിട്ട് അദ്ദേഹം അതിനെ പള്ളിയില്‍ മുട്ടുകുത്തിക്കുകയും പിന്നീട് അതിനെ (അവിടെ) കെട്ടുകയും ചെയ്തു. പിന്നീട് അദ്ദേഹം അവരോട് ചോദിച്ചു: ‘നിങ്ങളില്‍ ആരാണ് മുഹമ്മദ്?’ ആ സമയത്ത് നബി ﷺ അവരുടെ മധ്യത്തില്‍ ചാരിയിരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: ‘ഇതാ ഈ ചാരിയിരിക്കുന്ന വെളുത്ത ആളാകുന്നു.’ അപ്പോള്‍ അവിടുത്തോട് അദ്ദേഹം പറഞ്ഞു: ‘ഓ, അബ്ദുല്‍ മുത്ത്വലിബിന്റെ മകനേ.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നു.’ അപ്പോള്‍ അദ്ദേഹം നബി ﷺ യോട് ചോദിച്ചു: ‘താങ്കളോട് താങ്കള്‍ക്ക് വിഷമമുണ്ടായേക്കാവുന്ന ചില ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കുകയാണ്. അതിനാല്‍ താങ്കളുടെ മനസ്സില്‍ എന്നെപ്പറ്റി യാതൊന്നും ഉണ്ടാകരുത്.’

അപ്പോള്‍ നബി ﷺ പറഞ്ഞു: ‘താങ്കള്‍ക്ക് മനസ്സിലായതിനെപ്പറ്റി ചോദിച്ചോളൂ.’ അദ്ദേഹം പറഞ്ഞു: ‘താങ്കളുടെയും താങ്കളുടെ മുമ്പുള്ളവരുടെയും റബ്ബിനെ മുന്‍നിര്‍ത്തിയാണ് ഞാന്‍ ചോദിക്കുന്നത്. അല്ലാഹുവാണോ അങ്ങയെ മുഴുവന്‍ മനുഷ്യരിലേക്കുമായി അയച്ചത്?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അതെ.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ അങ്ങയോട് ചോദിക്കുന്നു; രാവും പകലുമായി അഞ്ചുനേരം ഞങ്ങള്‍ നമസ്‌കരിക്കാന്‍ അല്ലാഹുവാണോ അങ്ങയോട് കല്‍പിച്ചത്?’ അവിടുന്നു പറഞ്ഞു: ‘അതെ.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ അങ്ങയോട് ചോദിക്കുന്നു; കൊല്ലത്തിലെ ഈ മാസത്തില്‍ ഞങ്ങള്‍ നോമ്പെടുക്കാന്‍ അല്ലാഹുവാണോ അങ്ങയോട് കല്‍പിച്ചത്?’ അവിടുന്ന് പറഞ്ഞു: ‘അതെ.’ അദ്ദേഹം പറഞ്ഞു:

‘അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ അങ്ങയോട് ചോദിക്കുന്നു; ഞങ്ങളിലെ ധനികരില്‍നിന്ന് സകാത്ത് താങ്കള്‍ പിടിച്ചെടുത്ത് ഞങ്ങളിലെ പാവങ്ങളില്‍ അത് വീതിക്കാന്‍ അല്ലാഹുവാണോ അങ്ങയോട് കല്‍പിച്ചത്?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അതെ.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ കൊണ്ടുവന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എന്റെ ജനതയിലെ പിന്നിലുള്ളവര്‍ക്കുള്ള ഒരു ദൂതനാണ്. ഞാന്‍ ബനൂ സഅ്ദുബ്‌നു ബക്‌റിന്റെ സഹോദരന്‍ ദ്വിമാമ് ഇബ്‌നു ഥഅ്‌ലബഃയാകുന്നു’’ (ബുഖാരി).

ദ്വിമാമ്(റ) ഇസ്‌ലാം സ്വീകരിക്കാനായി മദീനയില്‍ എത്തുന്ന രംഗമാണിത്. നബി ﷺ യും അനുചരന്മാരും പള്ളിയില്‍ ഇരിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ വരവ്. നബി ﷺ അവരുടെ നേതാവാണ്. മദീനയുടെ ഭരണാധികാരിയാണ്. എന്നാല്‍ വേഷമോ മറ്റോ കണ്ട് നബി ﷺ യെ അപരിചിതര്‍ക്ക് വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല. നിങ്ങളില്‍ ആരാണ് മുഹമ്മദ് എന്ന് ദ്വിമാമിന് ചോദിക്കേണ്ടിവന്നു. സ്വഹാബിമാര്‍ നബി ﷺ യെ കാണിച്ചു കൊടുത്തു. എല്ലാവിധ ആദരവോടെയും അദ്ദേഹം നബി ﷺ യോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നു. നബി ﷺ മറുപടി നല്‍കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടി ലഭിച്ചപ്പോള്‍ അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നു. ഞാന്‍ എന്റെ ജനതക്ക് ഇത് എത്തിക്കുമെന്ന് പറയുകയും ചെയ്തു. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം:

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം: ‘‘...(ചോദ്യത്തില്‍ നിന്ന്) ഒഴിവായപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. തീര്‍ച്ചയായും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു എന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഈ നിര്‍ബന്ധ കാര്യങ്ങള്‍ ഞാന്‍ നിര്‍വഹിക്കുന്നതാണ്, അവിടുന്ന് എന്നോട് വിലക്കിയവയെ ഞാന്‍ വെടിയുന്നതുമാകുന്നു. പിന്നീട് ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നതുമല്ല.’ അദ്ദേഹം (ഇബ്‌നു അബ്ബാസ്) പറഞ്ഞു: പിന്നീട് അദ്ദേഹം തന്റെ വാഹനത്തിന്റെ അടുത്തേക്ക് തിരിച്ചു. അങ്ങനെ അദ്ദേഹം പിന്തിരിഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ‘അദ്ദേഹം അത് സത്യസന്ധമായി പുലര്‍ത്തുന്നുവെങ്കില്‍ അദ്ദേഹം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്.’ അദ്ദേഹം (ഇബ്‌നു അബ്ബാസ്) പറഞ്ഞു: ‘എന്നിട്ട് അദ്ദേഹം തന്റെ വാഹനത്തിന്റെ അരികിലേക്ക് പോകുകയും അതിന്റെ കെട്ട് അഴിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം തന്റെ ജനതയിലേക്ക് മടങ്ങിച്ചെന്നു. എന്നിട്ട് അവരെ എല്ലാവരെയും തന്നിലേക്ക് സംഘടിപ്പിച്ചു. എന്നിട്ട് അദ്ദേഹം ആദ്യമായി പറഞ്ഞത് ‘ലാത്തയും ഉസ്സയും (ആരാധിക്കപ്പെടാന്‍) എത്രമോശ’മെന്നായിരുന്നു. അവര്‍ പറഞ്ഞു: ‘ഛെ, ദ്വിമാം...! നീ വെള്ളപ്പാണ്ഡും കുഷ്ഠരോഗവും ബാധിക്കുന്നതിനെ സൂക്ഷിക്കുക. ബുദ്ധിഭ്രമം സംഭവിക്കുന്നതിനെയും സൂക്ഷിക്കുക.’ അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ക്ക് നാശം. അല്ലാഹുവാണെ സത്യം, തീര്‍ച്ചയായും അവര്‍ രണ്ടുപേരും യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യുന്നവരല്ല. തീര്‍ച്ചയായും അല്ലാഹു ഒരു ദൂതനെ അയച്ചിരിക്കുന്നു. അദ്ദേഹത്തിന് അവന്‍ ഒരു കിതാബും ഇറക്കിയിരിക്കുന്നു. നിങ്ങള്‍ അകപ്പെട്ടിട്ടുള്ള (വഴികേടില്‍)തില്‍നിന്നും അതു മുഖേന നിങ്ങള്‍ മോചിതരാകുന്നതാണ്. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും, അവന്‍ ഏകനാണെന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും, മുഹമ്മദ് അവന്റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അദ്ദേഹം നിങ്ങളോട് കല്‍പിച്ചിട്ടുള്ളതും അദ്ദേഹം നിങ്ങളോട് വിലക്കിയിട്ടുള്ളതുമായിട്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്.’ അദ്ദേഹം (ഇബ്‌നു അബ്ബാസ്) പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, അന്ന് വൈകുന്നേരം ഒരു പുരുഷനോ സ്ത്രീയോ മുസ്‌ലിമായിട്ടല്ലാെത ഉണ്ടായിരുന്നില്ല.’ ഇബ്‌നു അബ്ബാസ് പറയുമായിരുന്നു: ‘ദ്വിമാമ് ഇബ്‌നു ഥഅ്‌ലബയെക്കാള്‍ ഉത്തമമായ ഒരു നിവേദക സംഘത്തെ ഞങ്ങള്‍ കേട്ടിരുന്നില്ല’’ (അഹ്‌മദ്).

അബൂബക്‌റി(റ)ന്റെ നേതൃത്വത്തിലുള്ള ഹജ്ജ്

ഹിജ്‌റ ഒമ്പതാം വര്‍ഷത്തില്‍ നടന്ന വളരെ പ്രസിദ്ധമായ ഒരു സംഭവമായിരുന്നു ഇത്. ഹിജ്‌റ എട്ടാം വര്‍ഷത്തില്‍ ഉണ്ടായ മക്കാവിജയത്തെ സംബന്ധിച്ച് നാം മനസ്സിലാക്കിയല്ലോ. ആ വര്‍ഷത്തില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കാതെ ഉംറ മാത്രം നിര്‍വഹിച്ച് തിരിച്ചു പോരുകയായിരുന്നു ചെയ്തത്. ഹിജ്‌റ ഒമ്പതാം വര്‍ഷത്തില്‍ അബൂബക്‌റി(റ)ന്റെ നേതൃത്വത്തില്‍ പോയ സംഘത്തില്‍ മുന്നൂറോളം ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നബി ﷺ യുടെ കാലശേഷം ഖലീഫയായിരിക്കേണ്ട അബൂബക്‌റി(റ)നെയായിരുന്നു ആ സംഘത്തിന്റെ നേതൃത്വം നബി ﷺ ഏല്‍പിച്ചത്. ബലി നടത്താനുള്ള ഒട്ടകങ്ങളെയും കൂടെ കൊണ്ടുപോയി.

ആ കാലഘട്ടങ്ങളില്‍ മക്കാ മുശ്‌രിക്കുകള്‍ അവരുടെ വിശ്വാസപ്രകാരം ഹജ്ജ് നിര്‍വഹിച്ചു പോരലായിരുന്നു പതിവ്. അക്കാലത്ത് സ്ത്രീ-പുരുഷന്മാര്‍ സമ്പൂര്‍ണ നഗ്നരായിട്ടായിരുന്നു കഅ്ബയെ പ്രദക്ഷിണം (ത്വവാഫ്) ചെയ്തിരുന്നത്. പാപം ചെയ്യുമ്പോള്‍ അണിഞ്ഞിരുന്ന വസ്ത്രം ധരിച്ച് കഅ്ബയെ ത്വവാഫ് ചെയ്യാന്‍ പാടില്ലെന്നായിരുന്നു അതിന് അവരുടെ ‘ന്യായം.’ ഈ ആചാരങ്ങളെ നബി ﷺ ആദ്യ ഘട്ടത്തില്‍ വിലക്കിയിരുന്നില്ല. എന്നാല്‍ അബൂബക്‌റി(റ)ന്റെ നേതൃത്വത്തില്‍ വലിയ ഒരു സംഘം ഹജ്ജിന് പുറപ്പെട്ടതിന് ശേഷം ഇനി ഈ സമ്പ്രദായം തുടരാന്‍ പാടില്ലെന്ന് പ്രഖ്യാപിക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ നബി ﷺ ക്ക് ഇറങ്ങി. ചില ഉടമ്പടികള്‍ നബി ﷺ യും മുശ്‌രിക്കുകളും തമ്മില്‍ അക്കാലത്ത് ഉണ്ടായതിനാലായിരുന്നു നബി ﷺ അവരെ എതിര്‍ക്കാതെയോ വിലക്കാതെയോ നിന്നത്. എന്നാല്‍ അല്ലാഹുവിന്റെ കല്‍പന വന്നപ്പോള്‍ നബി ﷺ അത് വിരോധിക്കാന്‍ തീരുമാനിച്ചു. അല്ലാഹു നിയമം ഇറക്കുന്നതിന് മുമ്പുതന്നെ ഹജ്ജ് സംഘം യാത്ര പുറപ്പെട്ടിരുന്നു. അവരെ ഈ വിവരം അറിയിക്കാനായി നബി ﷺ അലി(റ)യോട് കല്‍പിച്ചു. അലി(റ)യോട് അവരോടൊപ്പം ചേരാനും അല്ലാഹുവിന്റെ നിയമം അറിയിക്കാനുമായിരുന്നു നബി ﷺ യുടെ കല്‍പന. മക്കാമുശ്‌രിക്കുകളുടെ നിലവിലെ സമ്പ്രദായത്തെ വിരോധിച്ചുകൊണ്ട് ഇറക്കപ്പെട്ട സൂക്തങ്ങളാണ് സൂറതുത്തൗബയിലെ ആദ്യ വചനങ്ങള്‍:

‘‘ബഹുദൈവവിശ്വാസികളിൽ നിന്ന് ആരുമായി നിങ്ങള്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ടോ അവരോട് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഭാഗത്ത് നിന്നുള്ള ബാധ്യത ഒഴിഞ്ഞതായി ഇതാ പ്രഖ്യാപിക്കുന്നു. അതിനാല്‍ (ബഹുദൈവവിശ്വാസികളേ, നിങ്ങള്‍ നാലുമാസക്കാലം ഭൂമിയില്‍ യഥേഷ്ടം സഞ്ചരിച്ചുകൊള്ളുക. നിങ്ങള്‍ക്ക് അല്ലാഹുവിനെ തോല്‍പിക്കാനാവില്ലെന്നും സത്യനിഷേധികള്‍ക്ക് അല്ലാഹു അപമാനം വരുത്തുന്നതാണെന്നും നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക. മഹത്തായ ഹജ്ജിന്റെ ദിവസത്തില്‍ മനുഷ്യരോട് (പൊതുവായി) അല്ലാഹുവിന്റെയും റസൂലിന്റെയും ഭാഗത്തുനിന്ന് ഇതാ അറിയിക്കുകയും ചെയ്യുന്നു; അല്ലാഹുവിനും അവന്റെ ദൂതനും ബഹുദൈവവിശ്വാസികളോട് യാതൊരു ബാധ്യതയുമില്ലെന്ന്. എന്നാല്‍ (ബഹുദൈവവിശ്വാസികളേ,) നിങ്ങള്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നിങ്ങള്‍ക്ക് അല്ലാഹുവെ തോല്‍പിക്കാനാവില്ലെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക. (നബിയേ,) സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി നീ സന്തോഷവാര്‍ത്ത അറിയിക്കുക’’ (9:1-3).

മുശ്‌രിക്കുകളുമായി നബി ﷺ ക്ക് ഉടമ്പടിയുണ്ടായിരുന്നു എന്ന് പറഞ്ഞുവല്ലോ. ആ കരാറില്‍നിന്ന് അല്ലാഹുവും റസൂലും ഒഴിവായിരിക്കുന്നു. നബി ﷺ അല്ലാഹുവിന്റെ കല്‍പന പ്രകാരമായിരുന്നു അവരുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. അതിനാലാണ് അല്ലാഹുവും റസൂലും കരാറില്‍നിന്ന് ഒഴിവായിരിക്കുന്നു എന്ന് പറഞ്ഞത്. അങ്ങനെ അല്ലാഹുവിന്റെ അറിയിപ്പ് ലഭിച്ചു. ഹജ്ജിന്റെ സന്ദര്‍ഭങ്ങളില്‍ നിലനിര്‍ത്തിപ്പോന്നിരുന്ന അവരുടെ രീതികള്‍ ഒഴിവാക്കാനുള്ള കല്‍പന വന്നു. ഹജ്ജുല്‍ അക്ബര്‍ എന്നതുകൊണ്ട് ഹജ്ജിലെ പ്രധാന കാര്യങ്ങള്‍ നടക്കുന്ന ദുല്‍ഹിജ്ജ പത്താണ് ഉദ്ദേശിക്കുന്നത്. ഹജ്ജും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നാലുള്ളതാണ് ‘ഹജ്ജുല്‍ അക്ബര്‍‘ എന്ന് വിചാരിക്കുന്നവരുണ്ട്. അത് ശരിയല്ല. ആ ദിവസത്തിലെ എല്ലാ കാര്യങ്ങളില്‍ നിന്നും അല്ലാഹുവും റസൂലും മുശ്‌രിക്കുകളില്‍നിന്നും ഒഴിവായിരിക്കുന്നു. സുപ്രധാന ദിവസത്തില്‍നിന്ന് തന്നെ ഒഴിവ് പ്രഖ്യാപിച്ചാല്‍ മറ്റു ദിവസങ്ങളിലേത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. എന്നാല്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള ശിക്ഷയെ കാത്തിരുന്ന് കൊള്ളുക എന്നതായിരുന്നു അല്ലാഹുവിന്റെ കല്‍പനയുടെ ചുരുക്കം.

ഹജ്ജിന് വേണ്ടി അബൂബക്ർ (റ) നേരത്തെ പുറപ്പെടുകയുണ്ടായല്ലോ. ഇനി ഈ വിവരം മക്കയില്‍ പോയി ദുല്‍ഹിജ്ജ പത്തിന് ജനങ്ങള്‍ക്കിടയില്‍ പരസ്യമായി പ്രഖ്യാപിക്കുകയും വേണം. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്റെ കുടുംബത്തിലെ ഒരാളല്ലാതെ അത് നിര്‍വഹിക്കുകയില്ല.’ നബി ﷺ യുടെ നേതൃത്വത്തിലുള്ള കരാറാണല്ലോ. അതിനാല്‍ തന്റെ കുടുംബത്തില്‍നിന്നു തന്നെയുള്ള ഒരാളെ ആ കരാറില്‍നിന്നും ഒഴിവാകുന്ന വിവരം പരസ്യമാക്കാന്‍ നബി ﷺ ഇഷ്ടപ്പെടുകയും അലി(റ)യെ അതിനായി തെരഞ്ഞടുക്കുകയും ചെയ്തു. അങ്ങനെ അബൂബക്‌ർ (റ) അലി(റ)യെ കണ്ടു. അബൂബക്‌ർ (റ) അദ്ദേഹത്തോട് ചോദിച്ചു: ‘താങ്കള്‍ അമീറാണോ അതല്ല അമീറിനെ അനുസരിക്കുന്നവനാണോ?’ അലി(റ)യെ കണ്ടപാടെ അബൂബക്‌റി(റ)ന് മനസ്സിലായി; അദ്ദേഹത്തെ നബി ﷺ അയച്ചതാണ് എന്ന്. തനിക്ക് പകരം അലി(റ)യെ നബി ﷺ നേതൃത്വം ഏല്‍പിച്ചിട്ടുണ്ടോ എന്ന സംശയമാണ് അബൂബക്‌റി(റ)നെ അപ്രകാരം ചോദിക്കാന്‍ പ്രേരിപ്പിച്ചത്. അലി(റ) പറഞ്ഞു: ‘അമീറല്ല, താങ്കളെ അനുസരിക്കുന്നവന്‍ തന്നെയാണ്.’ ഇരുവരും മുന്നോട്ടു പോയി. രണ്ടു പേരെയും രണ്ട് കാര്യമാണ് നബി ﷺ ഏല്‍പിച്ചത്. അബൂബക്‌ർ (റ) ഹജ്ജ് സംഘത്തിന്റെ അമീര്‍. അലി (റ) ഈ വാര്‍ത്ത ജനങ്ങളില്‍ പരസ്യമാക്കുന്നയാള്‍. അങ്ങനെ ദുല്‍ഹിജ്ജ പത്തിന് ജനങ്ങള്‍ കേള്‍ക്കെ അലി(റ) പരസ്യമായി നിയമങ്ങള്‍ വിളിച്ചുപറയാന്‍ തുടങ്ങി. അലി(റ)യെ സഹായിക്കാനായി അബൂഹുറയ്‌റ(റ), ത്വുഫൈൽ(റ) തുടങ്ങിയ പ്രഗത്ഭരായ സ്വഹാബിമാരും ഉണ്ടായിരുന്നു. നാല് കാര്യങ്ങളായിരുന്നു ജനങ്ങള്‍ക്കിടയില്‍ വിളിച്ചുപറയാന്‍ കല്‍പിച്ചിരുന്നത്.

ഒന്ന്, വിശ്വാസിയല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.

രണ്ട്, നഗ്നരായി പരിശുദ്ധ ഗേഹത്തെ ത്വവാഫ് ചെയ്യാന്‍ പാടില്ല.

മൂന്ന്, ഈ വര്‍ഷത്തിന് ശേഷം മുശ്‌രിക്കുകള്‍ ഹജ്ജ് ചെയ്യാന്‍ പാടില്ല.

നാല്, അല്ലാഹുവിന്റെ റസൂലി ﷺ നും മറ്റൊരാള്‍ക്കുമിടയില്‍ വല്ല കരാറും ഉണ്ടെങ്കില്‍ ആ കാലയളവ് മാത്രമെ അത് നിലനില്‍ക്കൂ. ഇനിയൊരു ഉടമ്പടിക്കായി ആരും തയ്യാറാകേണ്ടതില്ല.

എന്നിട്ട് ക്വുര്‍ആനിലെ 9:1-3 സൂക്തം പാരായണം ചെയ്ത് പ്രഖ്യാപിക്കുകയും ചെയ്തു.

കഅ്ബാലയത്തില്‍ ഈ നിയമങ്ങള്‍ പ്രഖ്യാപിക്കാന്‍ കാരണമുണ്ട്. ഇബ്‌റാഹീം നബി (അ)യും മകന്‍ ഇസ്മാഈല്‍ നബി(അ) യും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാണ് അത് പടുത്തുയര്‍ത്തിയത്. ആ ലക്ഷ്യത്തില്‍നിന്നും മുശ്‌രിക്കുകള്‍ വഴിമാറിയിട്ടുണ്ട്. ഇബ്‌റാഹീം നബി (അ)യുടെ അതേ മാര്‍ഗം പഠിപ്പിക്കുന്നത്, അതേ മാര്‍ഗത്തില്‍ നിലകൊള്ളുന്നത് ഇപ്പോള്‍ നബി ﷺ യും അനുയായികളുമാണ്. ആദര്‍ശംകൊണ്ടും പാരമ്പര്യംകൊണ്ടും നബി ﷺ യുടെ പിതാവാണ് ഇബ്‌റാഹീം(അ). ആ പിതാവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംരക്ഷിക്കുക കൂടിയാണ് നബി ﷺ ഇവിടെ ചെയ്തത്.

ഹറമുകളില്‍ ഇനി ബഹുദൈവ വിശ്വാസിക്ക് പ്രവേശനമില്ലെന്ന കല്‍പന വന്നു. ആരും എതിര്‍ത്തില്ല. ഹറമില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇനി ഇസ്‌ലാം സ്വീകരിക്കുകയേ മാര്‍ഗമുള്ളൂ എന്ന് മുശ്‌രിക്കുകള്‍ക്കും ബോധ്യമായി. അങ്ങനെ പിന്നെയും ഇസ്‌ലാമിനെ പഠിക്കാന്‍ നബി ﷺ യിലേക്ക് എത്തുന്ന നിവേദക സംഘങ്ങളുടെ വരവ് കൂടി.

(തുടരും)