നബിﷺ യുടെ വഫാത്ത്

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ജൂലായ് 09, 1442 ദുൽഹിജ്ജ 10

(മുഹമ്മദ് നബി ﷺ 79)

സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം മുഹമ്മദ് നബിﷺ യുടെ വിയോഗമാണ് ലോകത്ത് സംഭവിച്ച ഏറ്റവും വലിയ നഷ്ടം. മറ്റു പ്രവാചകന്മാരുടെയോ മനുഷ്യരുടെയോ വിയോഗം പോലെയല്ല മുഹമ്മദ് നബി ﷺ  യുടെ വിയോഗത്തെ നാം കാണേണ്ടത്. അതിനാൽ തന്നെ നമുക്ക് വല്ല ആപത്തും പിണയുമ്പോൾ നബിﷺ യുടെ വിയോഗമാകുന്ന ഏറ്റവും വലിയ ആപത്ത് സംഭവിച്ചിട്ടുണ്ടല്ലോ എന്നോർത്ത് ആശ്വാസം കൊള്ളണമെന്നാണ് നബിﷺ  തന്നെ പഠിപ്പിച്ചിട്ടുള്ളത്. അവിടുന്ന് പറഞ്ഞു:

“ഓ, ജനങ്ങളേ! മനുഷ്യരിൽ ഒരാൾക്ക് - അല്ലെങ്കിൽ വിശ്വാസികളിൽ ഒരാൾക്ക് - വല്ല ആപത്തും ബാധിച്ചാൽ എന്നിൽ ഉണ്ടാകുന്ന (മരണമാകുന്ന) ആപത്തിനെ(ഓർത്തു)കൊണ്ട് അവൻ ആശ്വാസം കണ്ടെത്തട്ടെ. കാരണം, തീർച്ചയായും എന്റെ സമുദായത്തിൽ എനിക്ക് ശേഷം എന്റെ ആപത്തിനെക്കാൾ കഠിനമായ ഒരു ആപത്ത് അവന് ബാധിക്കുകയേയില്ല’’ (ഇബ്നുമാജ).

നബിﷺ  ഇതിലൂടെ നമുക്ക് പകർന്നുനൽകിയത് വലിയ ഒരു സന്ദേശമാണ്. നബിﷺ യുടെ വഫാത്തിലൂടെ ലോകത്ത് സംഭവിച്ചത് ഏറ്റവും വലിയ നഷ്ടമാണ് എന്നതാണത്. നമ്മുടെ ഉറ്റവരുടെയും ഉടയവരുടെയുമെല്ലാം വിയോഗ സമയത്ത് നമുക്ക് വലിയ വിഷമവും ദുഃഖവും ഉണ്ടാകാറുണ്ട്. അത് മനുഷ്യസഹജവുമാണ്. എന്നാൽ അത് വലിയ ഒരു നഷ്ടമാണോ? ഒരിക്കലുമല്ല! അത്തരം സന്ദർഭങ്ങളിൽ ലോകത്തിന്റെ നേതാവായ മുഹമ്മദ് നബിﷺ യെ പോലും അല്ലാഹു മരണപ്പെടുത്തിയിട്ടുണ്ടെന്ന് ഓർക്കുകയും നാം നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതത്തിൽ സമാധാനം കാണുകയും ചെയ്യേണ്ടതുണ്ട്. വിശ്വാസിക്ക് ഏറ്റവും പ്രിയപ്പെട്ട നേതാവാണ് നബിﷺ . അദ്ദേഹത്തെ ലോകത്തുള്ള എല്ലാവരെക്കാളും സ്നേഹിക്കാത്തവർ യഥാർഥ വിശ്വാസികളല്ല.

അനസി(റ)ൽനിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “നബിﷺ  പറഞ്ഞു: തന്റെ മാതാപിതാക്കളെക്കാളും മക്കളെക്കാളും മുഴുവൻ മനുഷ്യരെക്കാളും ഒരാൾക്ക് ഏറ്റവും ഇഷ്ടമുള്ളവൻ ഞാൻ ആകുന്നതുവരെ നിങ്ങളിൽ ഒരാളും വിശ്വാസിയാകുകയില്ല’’ (ബുഖാരി).

എന്തുകൊണ്ടാണ് നബിﷺ യുടെ വിയോഗം നിമിത്തം ലോകത്തിന് വലിയ നഷ്ടം സംഭവിച്ചുവെന്ന് പറയുന്നത്? സ്വഹാബിമാർതന്നെ അതിനുള്ള ഉത്തരം പറയട്ടെ:

അനസി(റ)ൽനിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലിﷺ ന്റെ വഫാത്തിന് ശേഷം അബൂബക്ർ(റ) ഉമറി(റ)നോട് പറഞ്ഞു: ‘നമുക്ക് ഉമ്മു അയ്മന്റെ അടുത്തേക്ക് ഒന്നു പോകാം. അല്ലാഹുവിന്റെ റസൂൽﷺ  അവരെ സന്ദർശിക്കാറുണ്ടായിരുന്നതുപോലെ അവരെ നമുക്കും ഒന്ന് സന്ദർശിക്കാം.’ അങ്ങനെ ഞങ്ങൾ അവരുടെ അടുത്ത് എത്തിയപ്പോൾ അവർ കരഞ്ഞു. അപ്പോൾ ഇരുവരും അവരോട് ചോദിച്ചു: ‘എന്തിനാണ് നിങ്ങൾ കരയുന്നത്? അല്ലാഹുവിന്റെ റസൂലിﷺ ന് അല്ലാഹുവിന്റെ അരികിൽ ഉള്ളത് ഉത്തമമല്ലേ?’ അപ്പോൾ അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലിﷺ ന് അല്ലാഹുവിന്റെ അടുക്കൽ നല്ലതാണ് എന്നത് ഞാൻ അറിയാത്തവളായതിനാലല്ല ഞാൻ കരയുന്നത്. മറിച്ച്, ആകാശത്തുനിന്നുള്ള വഹ്യ് മുറിഞ്ഞുപോയല്ലോ (എന്നോർത്താണ്).’ അപ്പോൾ ഇരുവരും അവരുടെ കൂടെ കരയാൻ തുടങ്ങി’’ (മുസ്‌ലിം).

അനസി(റ)ൽനിന്നുള്ള മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്: “നബിﷺ  മരണപ്പെട്ട സന്ദർഭത്തിൽ ഉമ്മു അയ്മൻ കരയുകയുണ്ടായി. അപ്പോൾ അവരോട് പറയപ്പെട്ടു: ‘നിങ്ങൾ കരയുന്നുവോ?’ അപ്പോൾ അവർ പറഞ്ഞു: ‘അല്ലാഹുവാെണ സത്യം, തീർച്ചയായും അല്ലാഹുവിന്റെ റസൂൽﷺ  മരണപ്പെടുമെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ, ആകാശത്തുനിന്ന് നമ്മെതൊട്ട് മുറിഞ്ഞ വഹ്യിന്റെ കാര്യത്തിലാണ് നിശ്ചയമായും ഞാൻ കരയുന്നത്’’ (അഹ്‌മദ്).

നബിﷺ യെ ചെറുപ്പത്തിൽ പാലൂട്ടി വളർത്തിയ മഹതിയായിരുന്നു ഉമ്മു അയ്മൻ(റ). അവരോടുള്ള ആദരവു കാരണം നബിﷺ  അവരെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. നബിﷺ  സന്ദർശിച്ച മഹതിയായതിനാൽ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള മഹാന്മാരായ അബൂബക്ർ(റ), ഉമർ(റ) എന്നിവർ അവരെ സന്ദർശിക്കാൻ തയ്യാറായി. ഇരുവരെയും കണ്ടപ്പോൾ അവർ പൊട്ടിക്കരഞ്ഞു. അല്ലാഹുവിന്റെ അടുക്കൽ നബിﷺ ക്ക് ഏറ്റവും ഉത്തമമായ പദവിയും സ്ഥാനവുമുണ്ട് എന്ന് അവർക്ക് അറിയാമായിരുന്നെങ്കിലും ദിവ്യബോധനം (വഹ്‌യ്) ഇറങ്ങുന്നത് അവസാനിച്ചല്ലോ എന്നതാണ് മഹതിയെ കരയിച്ചത്. നബിﷺ യുടെ വിയോഗം സ്വഹാബിമാരെ ഏറെ ദുഃഖിപ്പിച്ച പ്രധാന കാരണവും അതു തന്നെയായിരുന്നു. വഹ്‌യിലൂടെയായിരുന്നല്ലോ , പ്രശ്നങ്ങൾ പറയാൻ പറ്റില്ലല്ലോ.

നബിﷺ ക്ക് ശേഷം അല്ലാഹുവിൽനിന്നുള്ള വഹ്‌യ്ഭൂമിയിലേക്ക് ഇറങ്ങുകയില്ല എന്ന് ‘വിശ്വസിച്ചവരായിരുന്നു സ്വഹാബിമാർ. എന്നാൽ ‘ ഇന്ന് ചിലർ തങ്ങന്മാരിലേക്കും പണ്ഡിതന്മാരിലേക്കും ഉസ്താദുമാരിലേക്കും അല്ലാഹുവിൽനിന്നുള്ള അറിവ് വരുന്നുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. ഏറ്റവും ഉത്തമ തലമുറ എന്ന് നബിﷺ  വിശേഷിപ്പിച്ച ആദ്യ നൂറ്റാണ്ടിലെ മഹത്തുക്കൾക്കില്ലാത്ത സ്ഥാനമാണ് ഇക്കാലത്തെ ചിലർക്ക് അല്ലാഹുവിൽനിന്നും ലഭിക്കുന്നത് എന്ന് വിശ്വസിക്കാൻ മാത്രം ചിന്താശൂന്യത കാണിക്കുന്നവരാണ് ഇന്ന് ഏറെയും. ഇത്തരത്തിലുള്ള വ്യാജന്മാരെയും കള്ളന്മാരെയും സംബന്ധിച്ച് വഹ്‌യിന്റെ അടിസ്ഥാനത്തിൽ തന്നെ അവിടുന്ന് നമുക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഒരിക്കൽ നബിﷺ  പള്ളിയിലെത്തുമ്പോൾ സ്വഹാബിമാർ മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞ് ഇശാഅ് നമസ്‌കാരത്തിന് കാത്തിരിക്കുകയായിരുന്നു. നബി ﷺ  അവരോട് ഇങ്ങനെ ഇരിക്കുന്നതിന്റെ കാരണം അന്വേഷിച്ചു. അപ്പോൾ സ്വഹാബിമാർ പറഞ്ഞു: ‘നബിയേ, അങ്ങയുടെ കൂടെ മഗ്‌രിബ് നമസ്‌കരിച്ചു. ഇനി ഇശാഅ് കൂടെ അങ്ങയുടെകൂടെ നമസ്‌കരിച്ചിട്ട് മടങ്ങാം എന്നു വിചാരിച്ച് ഇരിക്കുകയാണ് ഞങ്ങൾ.’ അപ്പോൾ അതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: ‘നിങ്ങൾ നല്ല കാര്യമാണ് ചെയ്തത്.’ എന്നിട്ട് അദ്ദേഹം തല ആകാശത്തേക്ക് ഉയർത്തി. ആകാശത്തേക്ക് അവിടുത്തെ തല ഉയർത്താവുന്നതിൽ നന്നായിട്ടായിരുന്നു അത്. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘നക്ഷത്രങ്ങൾ ആകാശത്തിനുള്ള സുരക്ഷയാണ്. നക്ഷത്രങ്ങൾ പോയാൽ ആകാശത്തിന് വാഗ്ദാനം ചെയ്യപ്പെട്ടത് വരുന്നതാണ്. ഞാൻ എന്റെ സ്വഹാബിമാർക്കുള്ള സുരക്ഷയാണ്. ഞാൻ പോയാൽ എന്റെ സ്വഹാബിമാർക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് വരുന്നതാണ്. എന്റെ സ്വഹാബിമാർ എന്റെ സമുദായത്തിനുള്ള സുരക്ഷയുമാണ്. എന്റെ സ്വഹാബിമാർ പോയാൽ എന്റെ ഉമ്മത്തിന് വാഗ്ദാനം ചെയ്യപ്പെട്ടത് വരുന്നതാകുന്നു.’

ഈ ഹദീസിനെ ഇമാം നവവി(റ) ഇപ്രകാരം വിവരിക്കുന്നു: “തീർച്ചയായും നക്ഷത്രങ്ങൾ അവശേഷിക്കുന്ന കാലത്തോളം ആകാശവും അവശേഷിക്കുന്നതാണ്. നക്ഷത്രങ്ങൾ ഉതിർന്നുവീഴൽ അന്ത്യനാളിലാണ്. അങ്ങനെയായാൽ ആകാശം പൊട്ടിപ്പിളരുകയും അത് പോകുകയും ചെയ്യുന്നതാണ്. ഞാൻ എന്റെ സ്വഹാബിമാർക്കുള്ള സുരക്ഷയാണ്. ഞാൻ പോയാൽ എന്റെ സ്വഹാബിമാർക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് വരുന്നതാണ്’ എന്ന നബി ﷺ യുടെ വാക്കിന്റെ (അർഥം); അതായത് കുഴപ്പങ്ങളും യുദ്ധങ്ങളും അഅ്റാബികളിൽനിന്ന് ചിലർ മതഭ്രഷ്ടരായതും ഹൃദയങ്ങൾ ഭിന്നിച്ചതും (അടക്കമുള്ള) നബിﷺ  വ്യക്തമായ രൂപത്തിൽ മുന്നറിയിപ്പ് നൽകിയ എല്ലാമാകുന്നു. അതെല്ലാം സംഭവിക്കുകയും ചെയ്തു. ‘എന്റെ സ്വഹാബിമാർ എന്റെ സമുദായത്തിനുള്ള സുരക്ഷയുമാണ്. എന്റെ സ്വഹാബിമാർ പോയാൽ എന്റെ ഉമ്മത്തിന് വാഗ്ദാനം ചെയ്യപ്പെട്ടത് വരുന്നതാകുന്നു’ എന്ന് അവിടുന്ന് പറഞ്ഞതിന്റെ അർഥം; ബിദ്അത്തുകളും പുതിയ കാര്യങ്ങളും മതത്തിൽ പ്രത്യക്ഷപ്പെടലും, മതത്തിൽ കുഴപ്പങ്ങൾ ഉണ്ടാകലും, പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടലും റോമിന്റെ വിജയവും അവരല്ലാത്തവരുടെ മേലുള്ള വിജയവും മക്കയിലും മദീനയിലും കുഴപ്പങ്ങൾ ഉണ്ടാകലും അതല്ലാത്തതുമാണ്. ഇതെല്ലാം നബിﷺ യുടെ മുഅ്ജിസത്തിൽ പെട്ടതാകുന്നു’’ (ശർഹു മുസ്‌ലിം).

നബിﷺ  ജീവിച്ചിരിക്കുന്ന കാലത്ത് മുകളിൽ പറഞ്ഞ യാതൊന്നുകൊണ്ടും സമുദായം പരീക്ഷിക്കപ്പെട്ടിരുന്നില്ല. എന്നാൽ അവിടുത്തെ വിയോഗത്തിന് ശേഷം വഹ്‌യിന്റെ അടിസ്ഥാനത്തിൽ അവിടുന്ന് പ്രവചിച്ചതെല്ലാം പകൽവെളിച്ചം പോലെ പുലരുകയുണ്ടായി.

വിയോഗം സൂചനകളിലൂടെ അറിയിക്കുന്നു

നബിﷺ  അവിടുത്തെ വിയോഗം പല സൂചനകളിലൂടെയും സ്വഹാബിമാർക്ക് കൈമാറിയിരുന്നു. നബിﷺ യുടെ പല പ്രവൃത്തികളും വാക്കുകളും തന്റെ ജീവിതം അവസാനിക്കാൻ പോകുന്നു എന്ന് അറിയിക്കുംവിധമായിരുന്നു.

പ്രവൃത്തിയിലൂടെ

അബൂഹുറയ്റ(റ)യിൽനിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “നബിﷺ  എല്ലാ റമദാനിലും പത്തു ദിവസം ഇഅ്തികാഫ് ഇരിക്കുമായിരുന്നു. അവിടുന്ന് (റൂഹ്) പിടിക്കപ്പെടുന്ന വർഷത്തിൽ ഇരുപത് ദിവസവും ഇഅ്തികാഫ് ഇരുന്നു’’ (അഹ്‌മദ്). ഇത് അവിടുത്തെ വിയോഗത്തിലേക്കുള്ള ഒരു സൂചനയായിരുന്നു.

എല്ലാ റമദാനിലും ജിബ്‌രീൽ (അ) നബിﷺ യുടെ അടുത്തുവന്ന് ക്വുർആൻ പാഠം നോക്കുമായിരുന്നു. നബിﷺ ക്ക് ക്വുർആൻ ഇറങ്ങിയത് ഇന്ന് നമ്മുടെ പക്കൽ ഉള്ളത് പോലെ ഒരു മുസ്വ് ഹഫ് രൂപത്തിലല്ല. സന്ദർഭങ്ങൾക്ക് അനുസരിച്ചും അല്ലാതെയുമായി ഇരുപത്തി മൂന്ന് കൊല്ലങ്ങൾക്കിടയിൽ ഘട്ടങ്ങളായിട്ടാണ് ഇറക്കപ്പെട്ടത്. അതിനാൽതന്നെ ഓരോ റമദാനിലും ജിബ്‌രീൽ നബിﷺ യുടെ അടുക്കൽ വരികയും അതുവരെ ഇറക്കപ്പെട്ട ഭാഗങ്ങൾ പാഠം നോക്കുകയും ചെയ്യുമായിരുന്നു. എന്നാൽ നബിﷺ  വഫാത്താകുന്ന കൊല്ലത്തിൽ ജിബ്‌രീൽ(അ) രണ്ടുതവണ റസൂലിന്റെ അടുക്കൽ വന്ന് പാഠം നോക്കിയിരുന്നു. ഇതും അവിടുത്തെ വിയോഗത്തിലേക്കുള്ള സൂചനയായിരുന്നു.

വാക്കുകളിലൂടെ

ഹജ്ജതുൽ വദാഇൽ വെച്ച് അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ഈ വർഷത്തിന് ശേഷം ഞാൻ നിങ്ങളെ കണ്ടേക്കുകയില്ല’’ (തുർമുദി).

ജംറതുൽ അക്വബയിൽ വെച്ച് എറിയേണ്ട കല്ലിന്റെ വലിപ്പം കാണിച്ചു കൊടുത്തിട്ട് അവിടുന്ന് ഇപ്രകാരം ഉണർത്തി: “നിങ്ങൾ നിങ്ങളുടെ ഹജ്ജിന്റെ അനുഷ്ഠാനരൂപങ്ങൾ (എന്നിൽനിന്നും) സ്വീകരിക്കുക. കാരണം എന്റെ ഈ ഹജ്ജിന് ശേഷം ഞാൻ (മറ്റൊരു) ഹജ്ജ് ചെയ്തേക്കുമോ എന്ന് എനിക്ക് അറിഞ്ഞുകൂടാ’’ (മുസ്‌ലിം).

യമനിലേക്ക് നബിﷺ  മുആദി(റ)നെ ഇസ്‌ലാമിക പ്രബോധനത്തിനായി പറഞ്ഞയക്കുന്ന വേളയിൽ മുആദിനോട് പറഞ്ഞ കാര്യം അദ്ദേഹം തന്നെ അറിയിച്ചത് കാണുക:

മുആദ് ഇബ്നു ജബലി(റ)ൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “റസൂൽﷺ  അദ്ദേഹത്തെ യമനിലേക്ക് അയക്കുമ്പോൾ അല്ലാഹുവിന്റെ റസൂൽﷺ  അദ്ദേഹത്തിന്റെ കൂടെ അദ്ദേഹത്തിന് വസ്വിയ്യത്ത് നൽകാനായി പുറപ്പെട്ടു. മുആദ്(റ) വാഹനപ്പുറത്തും അല്ലാഹുവിന്റെ റസൂൽﷺ  അദ്ദേഹത്തിന്റെ വാഹനത്തിന് താഴെ കാൽനടയിലുമായിരുന്നു. അങ്ങനെ (അത്) അവസാനിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ‘ഓ മുആദ്, ഈ വർഷത്തിന് ശേഷം നീ എന്നെ കാണാതിരുന്നേക്കാം. എന്റെ ക്വബ്ർ ഉള്ള സമയത്താകാം നീ എന്റെ ഈ പള്ളിയുടെ സമീപത്തു കൂടെ നടക്കുക. അപ്പോൾ (അല്ലാഹുവിന്റെ റസൂൽ വേർപിരിയുന്നതിനാൽ) മുആദ് കരഞ്ഞു. പിന്നീട് അവിടുന്ന് തിരിച്ചു. അവിടുത്തെ മുഖം മദീനക്ക് നേരെ തിരിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘ജനങ്ങളിൽ എന്നോട് ഏറ്റവും അടുത്തവർ; അവർ ആരായിരുന്നാലും എവിടെയായിരുന്നാലും തക്വ്‌വയോടെ ജീവിക്കുന്നവരാകുന്നു.’

മുആദി(റ)നോട് പല ഉപദേശങ്ങളും ഈ യാത്രക്ക് മുമ്പ് നബി ﷺ  നൽകിയത് നമുക്ക് ഹദീസുകളിൽ കാണാം. ഈ നിവേദനത്തിൽ നബിﷺ യുടെ വഫാത്തിനെ കുറിക്കുന്ന ഉപദേശങ്ങളാണ്. പ്രിയപ്പെട്ട നേതാവിനെ ഇനി കണ്ടേക്കില്ലെന്നാണല്ലോ സൂചിപ്പിച്ചത്. എങ്ങനെ സഹിക്കും? എങ്കിലും അവിടുത്തെ കൽപനയാണല്ലോ യമനിലേക്ക് പോകാൻ. അത് അനുസരിക്കാൻ അദ്ദേഹം തീരുമാനിച്ചു. നബിﷺ  തന്റെ അരുമ ശിഷ്യനെ ഉപദേശിച്ചു: ‘എന്നോട് ഏറ്റവും അടുത്തവർ ആരായിരുന്നാലും എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരാകുന്നു.’ ഇത് അദ്ദേഹത്തിന് വലിയ ആശ്വാസമാകുമല്ലോ.

സൂറതുന്നസ്‌റിന്റെ അവതരണവും അവിടുത്തെ അന്ത്യയാത്രക്കുള്ള സൂചനയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് നമുക്ക് കാണാം:

ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം: “തീർച്ചയായും ഉമർ(റ) അവരോട് ഈ വചനത്തെ കുറിച്ചു ചോദിച്ചു. അവർ പറഞ്ഞു: ‘പട്ടണങ്ങളെയും കൊട്ടാരങ്ങളെയും ജയിച്ചടക്കലാകുന്നു.’ അദ്ദേഹം ചോദിച്ചു: ‘ഓ, ഇബ്നു അബ്ബാസ്! താങ്കൾ എന്താണ് പറയുന്നത്?’ അദ്ദേഹം പറഞ്ഞു: ‘(അവിടുത്തെ) അവധിയാകുന്നു. അല്ലെങ്കിൽ അവിടുത്തെ വിയോഗത്തെ സംബന്ധിച്ച് മുഹമ്മദ്ﷺ നോടുള്ള ഉദാഹരണം പറഞ്ഞതാകുന്നു.’

ഈ അധ്യായം ഇറക്കപ്പെട്ടതിന് ശേഷം നബിﷺ  അധിക കാലം ജീവിച്ചിരുന്നില്ല. മറ്റൊരിക്കൽ അവിടുന്ന് ഇപ്രകാരം പറഞ്ഞു:

അബൂ സഈദ് അൽഖുദ്‌രിയ്യി(റ)ൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ‘നബിﷺ  പ്രസംഗിച്ചു കൊണ്ട് (ഇപ്രകാരം) പറഞ്ഞു: തീർച്ചയായും അല്ലാഹു അടിമക്ക് ദുൻയാവിന്റെയും അവന്റെ പക്കൽ ഉള്ളതിന്റെയും ഇടയിലുള്ളത് തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം നൽകി. അപ്പോൾ (അടിമ) അല്ലാഹുവിന്റെ അടുക്കൽ ഉള്ളതിനെ തിരഞ്ഞെടുത്തു.’ അപ്പോൾ അബൂബക്ർ(റ) കരയാൻ തുടങ്ങി. അപ്പോൾ ഞാൻ എന്റെ മനസ്സിൽ പറഞ്ഞു: അല്ലാഹു ഒരു അടിമക്ക് ദുൻയാവിന്റെയും അല്ലാഹുവിന്റെ അടുക്കൽ ഉള്ളതിന്റെയും ഇടയിലുള്ളത് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകുകയും എന്നിട്ട് അദ്ദേഹം അല്ലാഹുവിന്റെ അടുക്കൽ ഉള്ളതിനെ തിരഞ്ഞെടുക്കുകയും ചെയ്തെങ്കിൽ ഈ കിളവൻ എന്തിനാണ് കരയുന്നത്? എന്നാൽ ആ അടിമ അല്ലാഹുവിന്റെ റസൂൽﷺ  ആയിരുന്നു. അബൂബക്ർ(റ) ഞങ്ങളിൽ (അത്) നന്നായി മനസ്സിലാക്കിയ ആളായിരുന്നു. അവിടുന്ന് പറഞ്ഞു: ‘അബൂബക്റേ, കരയരുത്. ജനങ്ങളിൽ തന്റെ സഹവാസത്തിനും സമ്പത്തിനുമായി എനിക്ക് സൂക്ഷിപ്പുകാരനുണ്ടെങ്കിൽ അത് അബൂബക്റാണ്. എന്റെ ഉമ്മത്തിൽനിന്ന് ഞാൻ ഒരു ഖലീലിനെ (കൂട്ടുകാരനെ) സ്വീകരിക്കുമായിരുന്നെങ്കിൽ ഞാൻ അബൂബക്റിനെ സ്വീകരിക്കുകതന്നെ ചെയ്യുമായിരുന്നു.

നബിﷺ ക്ക് അല്ലാഹു രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകി. ഒന്നുകിൽ ദുൻയാവിൽ തന്നെ കുറച്ച് കൂടി കഴിയുക. അല്ലെങ്കിൽ അല്ലാഹുവിന്റെ സമീപത്തുള്ളത് തിരഞ്ഞെടുക്കുക. അല്ലാഹുവിന്റെ അടുക്കൽ ഉള്ളത് എന്ന് പറയുന്നത് അല്ലാഹുവിലേക്കുള്ള യാത്രയെ ഉദ്ദേശിച്ചായിരുന്നു. നബിﷺ  ഈ കാര്യം ജനങ്ങളോട് പ്രസംഗത്തിൽ പറഞ്ഞു. ഇത് കേട്ടപാടെ അബൂബക്‌റി(റ)ന് കാര്യം മനസ്സിലായി. അദ്ദേഹം പൊട്ടിക്കരയാൻ തുടങ്ങി. ഇതുകണ്ട അബൂ സഈദ് (റ) മനസ്സിൽ പറഞ്ഞു: ഒരു അടിമയുടെ കാര്യം നബിﷺ  പറഞ്ഞതിന് എന്തിനാണ് ഇയാൾ കരയുന്നത്? പിൽക്കാലത്ത് നബിﷺ യുടെ ഈ സംസാരം ഓർത്ത അബൂ സഈദ്(റ) പറയുകയാണ്: ‘ഞങ്ങളുടെ കൂട്ടത്തിൽ നബിﷺ യുടെ മരണത്തെ സംബന്ധിച്ചുള്ള ആ വാർത്ത ആദ്യം മനസ്സിലാക്കിയത് അബൂബക്ർ(റ) ആയിരുന്നു.’ ഇതും അവിടുത്തെ അന്ത്യയാത്രക്കുള്ള സൂചന തന്നെയായിരുന്നു.

നബിﷺ  അവിടുത്തെ വിയോഗത്തിന് തൊട്ടു മുമ്പായി ധിക്കാരികളായ റോമക്കാർക്കെതിരെ ഒരു സൈന്യത്തെ അയച്ചിരിന്നു. നബിﷺ  വ്യത്യസ്ത നാടുകളിലേക്ക് ഇസ്‌ലാമിക പ്രബോധനത്തിന് വേണ്ടി പല സംഘങ്ങളെയും അയച്ചിരുന്നു. അക്കൂട്ടത്തിൽ പെട്ട ഒരു സംഘമായിരുന്നു ഉസാമ ഇബ്നു സയ്ദ് ഇബ്നു ഹാരിസ(റ)യുടെ നേതൃത്വത്തിലുള്ള ആ പുറപ്പാട്. നബിﷺ  വഫാത്താകുന്നതിന് മുമ്പ് സ്വഫർ മാസത്തിലായിരുന്നു ഈ സംഘത്തെ നിയോഗിച്ചത്. റോം അക്കാലത്ത് ഇസ്‌ലാമിനോട് ഏറ്റവും കൂടുതൽ ശത്രുത കാണിച്ചിരുന്ന പ്രദേശമായിരുന്നു. മറ്റു രാജാക്കന്മാർ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുവാനും ചിന്തിക്കുവാനും പ്രചരിപ്പിക്കുവാനും സ്വാതന്ത്ര്യം നൽകിയപ്പോൾ അവർ ധിക്കാരത്തോടെ തന്നെ കഴിച്ചു കൂട്ടി. അതിനാൽ അവിടേക്ക് വലിയ ഒരു സംഘത്തെ അയക്കാൻ നബിﷺ  തീരുമാനിക്കുകയായിരുന്നു. ആ സംഘത്തിന്റെ നേതാവ് ഉസാമ(റ) ആയിരുന്നു. 18 വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാരനായിരുന്നു അന്ന് അദ്ദേഹം. തന്റെ വളർത്തു പുത്രനായ സയ്ദി(റ)ന്റെ മകനായിരുന്നു ഉസാമ (റ). ആ സംഘത്തിൽ ഉസാമ(റ)യെക്കാൾ തഴക്കവും പഴക്കവും ഉണ്ടായിരുന്ന സ്വഹാബിമാർ ഉണ്ടായിരുന്നു. അതിനാൽതന്നെ ചില സ്വഹാബിമാർക്കിടയിൽ ചെറിയ വല്ലായ്മ ഉടലെടുത്തു. ഈ ചെറു പ്രായക്കാരനെക്കാൾ പ്രായവും പരിചയവുമുള്ള മുതിർന്നവരെ നേതാവാക്കുന്നതല്ലേ നല്ലത് എന്ന് അവർ പരസ്പരം പറഞ്ഞു. ഈ സംസാരം നബിﷺ  കേൾക്കുകയായി. ഉടനെ അവിടുന്ന് പറഞ്ഞു:

അബ്ദുല്ലാഹ് ഇബ്നു ഉമറി(റ)ൽനിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: “നബിﷺ  (ഒരു സംഘത്തെ) അയച്ചു. അവരുടെ നേതാവായി ഉസാമ ഇബ്നു സയ്ദിനെ അവിടുന്ന് നിശ്ചയിക്കുകയും ചെയ്തു. അപ്പോൾ ജനങ്ങളിൽ ചിലർ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അടക്കം പറയാൻ തുടങ്ങി. അപ്പോൾ നബിﷺ  പറഞ്ഞു: ‘അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിങ്ങൾ ആക്ഷേപം കാണുകയാണെങ്കിൽ, തീർച്ചയായും മുമ്പ് അദ്ദേഹത്തിന്റെ പിതാവിന്റെ നേതൃത്വത്തിലും നിങ്ങൾ ആക്ഷേപം കണ്ടിരുന്നു. അദ്ദേഹം അന്ന് നേതൃത്വത്തിന് അർഹനായിരുന്നു, ജനങ്ങളിൽ എന്നിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടയാളായിരുന്നു. തീർച്ചയായും ഇദ്ദേഹത്തെ അദ്ദേഹത്തിന് ശേഷം ജനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളയാളായതിനാൽ (ഇദ്ദേഹത്തെ തന്നെ ഞാൻ അത് ഏൽപിക്കുന്നു).’

സയ്ദി(റ)നെ നബിﷺ  മുഅ്തത് യുദ്ധത്തിൽ നേതൃത്വം ഏൽപിച്ചിരുന്നു. അന്ന് സ്വഹാബിമാരിൽ ചിലർക്ക് അത് ഇഷ്ടപ്പെട്ടിരുന്നില്ല. അതിനെയാണ് നബിﷺ  ഇവിടെ സ്വഹാബിമാർക്ക് മുമ്പിൽ ഉണർത്തിയത്. അങ്ങനെ ഉസാമ(റ)യെ തന്നെ നബി ﷺ  നേതൃത്വം ഏൽപിച്ചു. പിന്നീട് സ്വഹാബിമാർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായില്ല. നബിﷺ യുടെ ഇഷ്ടത്തെയും അവിടുത്ത കൽപനയെയും അവർ പൂർണമായും സ്വീകരിച്ചു. അങ്ങനെ ചെറുപ്പക്കാരനായ ഉസാമ(റ)യുടെ നേതൃത്വത്തിൽ എല്ലാവരും അണിനിരന്നു. സൈന്യം മുന്നോട്ടു നീങ്ങി. മദീനയിൽനിന്നും അൽപം മുന്നോട്ട് എത്തിയപ്പോഴേക്കും റസൂലിﷺ ന്റെ രോഗ വിവരം അവർക്ക് ലഭിക്കുകയായി. അവിടുത്തെ രോഗം അൽപം കഠിനമാണ്. അപ്പോൾ അവർക്ക് മുന്നോട്ടു പോകാൻ ആശങ്കയായി. കാരണം, ദൂര ദേശത്തേക്കുള്ള യാത്രയാണ്. ഇവിടം വിട്ടുപോയാൽ നബിﷺ യെ സംബന്ധിച്ചുള്ള വിവരം അറിയുക സാധ്യമല്ലല്ലോ. അതിനാൽ ആ സംഘം അങ്ങനെ തന്നെ മദീനയിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് നബിﷺ യുടെ വഫാത്തിന് ശേഷം ആദ്യ ഖലീഫ അബൂബക്ർ(റ) ആദ്യം ചെയ്തത് നബിﷺ  അയച്ച ഉസാമ(റ)യുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കലായിരുന്നു. അന്നും പലർക്കും ഉസാമ(റ)യുടെ നേതൃത്വത്തിൽ ചില അനിഷ്ടം ഉണ്ടായെങ്കിലും ഖലീഫ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. അങ്ങനെ വമ്പിച്ച വിജയവുമായി ഉസാമ (റ)യും സംഘവും മടങ്ങുകയും ചെയ്തു.

നബിﷺ  വഫാത്തിനോട് അടുത്ത ദിവസങ്ങളിലായി ഉഹ്ദിലേക്ക് പോയി. അവിടെ മറവ് ചെയ്യപ്പെട്ട ഉഹ്ദ് ശുഹദാക്കളെ സന്ദർശിച്ചു. അവർക്ക് സലാം പറഞ്ഞു. അവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്തു. ബക്വീഇലേക്കും പോയി. അവിടെ മറമാടപ്പെട്ട സ്വഹാബിമാരുണ്ട്. അവരെയും അവിടുന്ന് സന്ദർശിച്ചു. അവരോടും സലാം പറഞ്ഞു. അവർക്ക് വേണ്ടിയും പ്രാർഥിച്ചു. മസ്ജിദുന്നബവിയുടെ സമീപത്തുള്ള ക്വബ്ർ സ്ഥാനമാണ് ബക്വീഉൽ ഗർക്വദ്. ചിലർ അതിനെ ജന്നതുൽ ബക്വീഅ് എന്ന് വിളിക്കാറുണ്ട്. അത് ശരിയല്ല. അങ്ങനെ അതിന് നബി ﷺ യോ സ്വഹാബിമാരോ നാമകരണം ചെയ്തത് നമുക്ക് കാണാൻ സാധ്യമല്ല.

(അവസാനിച്ചില്ല)