പ്രവാചകന്റെ വിവാഹങ്ങള്‍ - 03

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 മെയ് 21, 1442 ശവ്വാൽ 19

(മുഹമ്മദ് നബി ﷺ 73)

നബി ﷺ യോട് മഹതി ആഇശ(റ) കാര്യങ്ങൾ ചോദിച്ചറിഞ്ഞതിനുള്ള ഉദാഹരണങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ ധാരാളം നമുക്ക് കാണാൻ സാധിക്കും. ഒരിക്കൽ നബി ﷺ പറഞ്ഞു: “വിവാഹത്തിന് മുമ്പ് വധുവിനോട് സമ്മതം ചോദിക്കേണ്ടതാണ്.’’ ഇത് കേട്ടപ്പോൾ മഹതി ചോദിച്ചു: “നബിയേ, വിധവയായ ഒരു സ്ത്രീയോട് വിവാഹം ആലോചിക്കുമ്പോൾ ഒരുപക്ഷേ, അവൾ സമ്മതം നൽകിയേക്കാം. എന്നാൽ കന്യകയായ ഒരു സ്ത്രീ നാണം കാരണത്താൽ സമ്മതം പറയില്ലല്ലോ.’’ അപ്പോൾ നബി ﷺ പറഞ്ഞു: “അവളുടെ സമ്മതം അവളുടെ മൗനമാകുന്നു.’’

ഇവിടെ ആഇശ(റ)യുടെ യുക്തിസഹവും അർഥവത്തുമായ ചോദ്യം ശ്രദ്ധിക്കുക. കാര്യങ്ങൾ ചോദിച്ചറിയുന്നതിൽ ആഇശ(റ)ക്ക് തീരെ മടിയില്ലായിരുന്നു എന്നാണ് ഇതെല്ലാം നമ്മെ അറിയിക്കുന്നത്. മറ്റൊരു ഉദാഹരണവും കൂടി കാണുക:

ഒരിക്കൽ നബി ﷺ പരലോക സംബന്ധമായി ഇപ്രകാരം പറഞ്ഞു: “മഹ്ശറയിൽ നിങ്ങൾ നഗ്നരായി, ചെരുപ്പില്ലാതെ, ചേലാകർമം ചെയ്യാത്തവരായിട്ടായിരിക്കും ഉയർത്തെഴുന്നേറ്റു വരിക.’’ ഇതു കേട്ട ആഇശ(റ) ചോദിച്ചു: “പ്രവാചകരേ, മഹ്ശറയിൽ സ്ത്രീകളും പുരുഷന്മാരുമെല്ലാം ഉണ്ടാകുമല്ലോ. അപ്പോൾ അവർ പരസ്പരം അവരുടെ നഗ്നത കാണില്ലേ?’’ നബി ﷺ പറഞ്ഞു: “ആഇശാ, അത് വെപ്രാളത്തിന്റെയും പേടിയുടെയും സന്ദർഭമായിരിക്കും. ആരും പരസ്പരം നോക്കുന്ന സമയമല്ല.’’

ആഇശ(റ)യെ പോലെ വിജ്ഞാനമുള്ള, അറിവിന്റെ രംഗത്ത് ശോഭിച്ചുനിന്ന മറ്റൊരു ഭാര്യ നബി ﷺ ക്ക് ഉണ്ടായിരുന്നില്ല. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും തന്റെതായ പ്രാഗത്ഭ്യം തെളിയിച്ച മഹതിയായിരുന്നു അവർ.

പ്രഗത്ഭരായ പല സ്വഹാബിമാർക്കും ക്വുർആനിന്റെ വിശദീകരണം ആഇശ(റ) പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. അതുപോലെ തർക്കമുള്ള പല വിഷയങ്ങളിലും അവർ ഇടപെടുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. നബി ﷺ ആഇശ(റ)യെ വിവാഹം ചെയ്തതിലൂടെ ലോകത്തിന് വിജ്ഞാനത്തിന്റെ ഒരു കവാടം തുറന്നുകൊടുക്കുകകൂടിയാണ് ചെയ്തത് എന്ന് നമുക്ക് മനസ്സിലാക്കാം.

നബി ﷺ യുടെ ഭാര്യമാരിൽ സയ്‌നബ്(റ), ജുവയ്‌രിയ(റ), സ്വഫിയ്യ(റ) തുടങ്ങിയവർ ആഇശ(റ)യെക്കാൾ സൗന്ദര്യമുള്ളവരായിരുന്നു. എന്നിട്ടും നബി ﷺ ക്ക് ആഇശ(റ)യോട് പ്രത്യേകമായ ഒരു ഇഷ്ടമുണ്ടായിരുന്നു. അതിനു കാരണം മഹതിയുടെ പിതാവായ, നബി ﷺ യിൽ ഒന്നാമതായി വിശ്വസിച്ച, നബി ﷺ ക്ക് എപ്പോഴും താങ്ങും തണലുമായി മാറിയ അബൂബക്‌റി(റ)നോടുള്ള അടുപ്പമായിരുന്നു.

ആഇശ(റ)യോട് നബി ﷺ ക്ക് ഉണ്ടായിരുന്ന ഈ ഇഷ്ടം മറ്റു ഭാര്യമാർക്കിടയിൽ പലപ്പോഴും ചർച്ചക്ക് വിഷയമായിരുന്നു. പലപ്പോഴും അവർ നബി ﷺ യോട് ഈ കാര്യത്തിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. നബി ﷺ യുടെ പുത്രി ഫാത്വിമ(റ)യെ ഈ കാര്യത്തിൽ പരാതി നൽകാനായി നബി ﷺ യുടെ മറ്റു ഭാര്യമാർ പറഞ്ഞയക്കുക പോലും ചെയ്തിരുന്നു.

നബി ﷺ ക്ക് ആഇശ(റ)യോടുള്ള സ്‌നേഹം സ്വഹാബിമാർക്കും അറിയാമായിരുന്നു. അതിനാൽതന്നെ നബി ﷺ ആഇശ(റ)യുടെ വീട്ടിലായിരിക്കുന്ന വേളയിലായിരുന്നു നബി ﷺ ക്ക് അവർ സമ്മാനം നൽകിയിരുന്നത്. ഇതിലും മറ്റു ഭാര്യമാർക്ക് പരാതിയുണ്ടായിരുന്നു. ആ പരാതി നബി ﷺ ക്ക് എത്തിക്കാനായിട്ട് ഉമ്മുസലമ(റ)യെ ആയിരുന്നു അവർ നിശ്ചയിച്ചിരുന്നത്. അങ്ങനെ ഉമ്മുസലമ(റ) നബി ﷺ യോട് പറഞ്ഞു: “നബിയേ, അങ്ങ് ആഇശയുടെ അടുത്തായിരിക്കുമ്പോഴാണ് ആളുകൾ അങ്ങേക്ക് സമ്മാനവും സ്വദക്വയുമെല്ലാം നൽകുന്നത്. അതിൽനിന്ന് ആളുകളെ മാറ്റണം.’’ ഉമ്മുസലമ(റ) പല തവണ ഈ കാര്യം പറഞ്ഞപ്പോൾ നബി ﷺ പറഞ്ഞു: “ആഇശയുടെ കാര്യത്തിൽ നിങ്ങൾ എന്നെ പ്രയാസപ്പെടുത്തരുത്. അവൾ എന്റെ മടിത്തട്ടിൽ ആയിരിക്കുമ്പോൾ അല്ലാഹു എനിക്ക് വഹ്‌യ് എത്തിച്ചിട്ടുണ്ട്.’’

ആഇശ(റ) കൂടെയുള്ളപ്പോൾ അല്ലാഹു വഹ്‌യ് നൽകുകപോലും ചെയ്തിട്ടുണ്ടെന്നും അതിനാൽ ഞാൻ ആഇശയുടെ കൂടെയുള്ളപ്പോൾ ആളുകൾ എനിക്ക് സമ്മാനം നൽകുന്നതിനെ നിങ്ങൾ എതിർക്കരുത് എന്നുമാകാം നബി ﷺ ഇൗ പറഞ്ഞതിലൂടെ ഉദ്ദേശിച്ചത്. ഈ സംഭവം ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഖദീജ(റ)യോട് ജിബ്‌രീൽ(അ) സലാം പറഞ്ഞത് നാം മനസ്സിലാക്കിയല്ലോ. അതിനുശേഷം ജിബ്‌രീൽ(അ) സലാം പറഞ്ഞ നബി ﷺ യുടെ മറ്റൊരു ഭാര്യ ആഇശ(റ)യാണ് എന്നതും അവരുടെ മഹത്ത്വമാണ് അറിയിക്കുന്നത്. ഇതും ബുഖാരിയിൽ കാണാം.

നബി ﷺ യുടെ കൂടെയുള്ള ജീവിതം ദാരിദ്ര്യത്തിലായിരുന്നെങ്കിലും ആ ജീവിതം സന്തോഷകരമായിരുന്നു. ആഇശ(റ)യുടെ കൂടെ അനുവദനീയമായ വിനോദങ്ങളിൽ ഏർപ്പെട്ട് അവരെ കൂടുതൽ സന്തോഷിപ്പിക്കുവാൻ നബി ﷺ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ മദീനാപള്ളിയിൽ സുഡാനിൽനിന്നുള്ള ചിലർ വന്ന് ആയുധാഭ്യാസങ്ങളും മറ്റും ചെയ്യുന്നത് കണ്ടപ്പോൾ നബി ﷺ ആഇശ(റ)യെ അത് കാണിക്കാനായി വിളിച്ചതും, അവർക്ക് മതിയാകുന്നതുവരെ അത് കാണിച്ചുകൊടുത്തതും പ്രസിദ്ധമാണ്.

പട്ടിണിയും പ്രയാസങ്ങളും നിറഞ്ഞതായിരുന്നു ആ ദമ്പതികളുടെ ജീവിതം. ഈത്തപ്പനയോലകളാൽ ചുറ്റും മറച്ച ചെറിയ ഒരു റൂമായിരുന്നു നബി ﷺ യുടെ വീട്. വിശപ്പോടെ രാവും പകലും തള്ളി നീക്കിയ ദിനങ്ങൾ അവർക്കുണ്ടായിരുന്നു. എങ്കിലും വീടകം സന്തോഷം നിറഞ്ഞതായിരുന്നു.

മനുഷ്യരായ ദമ്പതികൾ എന്ന നിലയിൽ ഇണങ്ങിയും പിണങ്ങിയും അവർ കഴിച്ചുകൂട്ടി. പിണക്കങ്ങളും അസ്വാരസ്യങ്ങളും ദമ്പതികൾക്കിടയിൽ സ്വാഭാവികം. എന്നാൽ അതൊന്നും പരിധിവിടാതിരിക്കാൻ നബി ﷺ ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ നബി ﷺ മഹതിയോട് പറഞ്ഞു: “ആഇശാ, നിനക്ക് എന്നോട് ഏറ്റവും കൂടുതൽ സ്‌നേഹമുള്ള സമയവും എന്നോട് പിണക്കമുള്ള സമയവും നിന്നിൽനിന്നും ഞാൻ മനസ്സിലാക്കാറുണ്ട്.’’ നിങ്ങൾ എങ്ങനെയാണ് അത് മനസ്സിലാക്കുക എന്ന് മഹതി തിരിച്ചു ചോദിച്ചു. നബി ﷺ പറഞ്ഞു: “ആഇശാ, നീ എന്നോട് ഇണക്കത്തിലും തൃപ്തിയിലുമാകുമ്പോൾ ‘മുഹമ്മദിന്റെ റബ്ബ് തന്നെയാണ് സത്യം’ എന്നാണ് നീ പറയുക. നീ എന്നോട് കോപത്തിലോ പിണക്കത്തിലോ ആണെങ്കിൽ ‘ഇബ്‌റാഹീമിന്റെ റബ്ബ് തന്നെയാണ് സത്യം’ എന്നാണ് പറയാറുള്ളത്. അപ്പോൾ ആഇശ(റ) പറഞ്ഞു: ‘നബിയേ, ശരിയാണ്. അത്തരം സന്ദർഭങ്ങളിൽ അങ്ങയുടെ പേര് ഞാൻ പറയുന്നില്ലെങ്കിലും അങ്ങയോട് എനിക്ക് സ്‌നേഹം തന്നെയായിരിക്കും.’’

ആഇശ(റ)യുമായി ബന്ധപ്പെട്ട കാര്യത്തിൽ ക്വുർആൻ വചനങ്ങൾ ഇറക്കപ്പെട്ടിട്ടുണ്ട് എന്നതും മഹതിയുടെ സ്ഥാനവും മഹത്ത്വവും വെളിപ്പെടുത്തുന്നുണ്ട്. മഹതിയുമായി ബന്ധപ്പെട്ട അപവാദപ്രചരണം നാം നേരത്തെ വിവരിച്ചത് ഓർക്കുന്നുണ്ടാകുമല്ലോ. ആഇശ(റ)യുടെ ഈ വിഷയത്തിലെ നിരപരാധിത്വം അറിയിച്ച് അല്ലാഹു ആയത്തുകൾ ഇറക്കിയിട്ടുണ്ട്. സൂറതുന്നിസാഇലെയും മാഇദയിലെയും തയമ്മുമായി ബന്ധപ്പെട്ട സൂക്തങ്ങൾ ഇറങ്ങാനുള്ള പശ്ചാത്തലം ആഇശ(റ) പറയുന്നു: “ഞങ്ങൾ ഒരിക്കൽ നബി ﷺ യുടെ കൂടെ യാത്ര പുറപ്പെട്ടു. അങ്ങനെ ബയ്ദ്വാഅ് എന്ന സ്ഥലെത്തത്തിയപ്പോൾ എന്റെ മാല നഷ്ടപ്പെടുകയുണ്ടായി. ഉറപ്പില്ലാത്ത ഒരു മാലയായിരുന്നു അത്. ഒരു നൂലിനാൽ കെട്ടിയുണ്ടാക്കിയതായിരുന്നു അത്. അതാകട്ടെ സഹോദരി അസ്മാഇന്റെ അടുത്തുനിന്ന് കടം വാങ്ങിയതും.’’

നേരത്തെ മാല നഷ്ടപ്പെട്ടുണ്ടായ അനുഭവം മഹതിയെ ഓർമയിലുള്ളതിനാൽ നബി ﷺ യുടെ അടുത്തു ചെന്ന് മാല നഷ്ടപ്പെട്ട വിവരം അറിയിച്ചു. അപ്പോൾ നബി ﷺ സ്വഹാബിമാരോട് അത് അന്വേഷിക്കാനായി നിർദേശം നൽകി. വെള്ളമില്ലാത്ത പ്രദേശമായിരുന്നു അത്. അന്നേരം അവരുടെ കൈവശവും വെള്ളമില്ലായിരുന്നു. എല്ലാവരും പ്രയാസത്തിലായി. ആഇശ(റ)യുടെ മാല നഷ്ടപ്പെട്ടതിനാലാണല്ലോ അവർക്ക് ആ പ്രദേശത്ത് നിൽക്കേണ്ടിവന്നത്. അതിനാൽ മഹതിയുടെ പിതാവ് അബൂബക്‌റി(റ)നോട് ആളുകൾ പരാതി പറയാൻ തുടങ്ങി. ആഇശ(റ) പറയുകയാണ്: “ഉപ്പാക്ക് ദേഷ്യമായി. എന്റെ അടുത്തേക്ക് ഓടിവന്നു. ആ സമയത്ത് നബി ﷺ എന്റെ മടിത്തട്ടിൽ തലവെച്ച് വിശ്രമിച്ച് ഉറങ്ങുകയായിരുന്നു. ഉപ്പ വന്ന് എന്നോട് പറഞ്ഞു: ‘വെള്ളമില്ലാത്ത ഈ സ്ഥലത്ത് നീ എല്ലാവരെയും കെട്ടിയിട്ടല്ലോ.’ അങ്ങനെ ഉപ്പ എന്നോട് ദേഷ്യപ്പെടുകയും എന്റെ ഊരക്ക് ഒരു ഇടി തരികയും ചെയ്തു. നബി ﷺ ഉണരുമോ എന്ന് വിചാരിച്ച് ഞാൻ അനങ്ങാതെ വേദന അടക്കിപ്പിടിച്ചു. പിന്നീട് നബി ﷺ ഉണർന്നു. നേരം പുലർന്നപ്പോൾ ആരുടെ അടുക്കലും വെള്ളമില്ല. നമസ്‌കാരത്തിന് വുദൂഅ് ചെയ്യണമല്ലോ. ആ സമയത്ത് ജിബ്‌രീൽ(അ) വഹ്‌യുമായി വന്നു.

“നിങ്ങൾ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാൽ (കുളിച്ച്) ശുദ്ധിയാകുക. നിങ്ങൾ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താൽ, അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്രവിസർജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സംസർഗം നടത്തുകയോ ചെയ്തിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക.’’

ഈ നിയമം ഇറങ്ങിയപ്പോൾ ഉസയ്ദ്(റ) ഉടനെ പറയുകയുണ്ടായി: ‘അബൂബക്‌റിന്റെ കുടുംബം കൊണ്ട് ഇസ്‌ലാമിന് ഇത് ആദ്യത്തെ ബറകത്തല്ല.’ ഈ നിയമവും ആഇശ(റ)യുമായി ബന്ധപ്പെട്ടാണ് ഇറക്കപ്പെട്ടത്.

എല്ലാവരും മാല തിരയുകയാണ്. കൂട്ടത്തിൽ അമ്പിയാക്കളിലെ നേതാവുണ്ട്. മഹാന്മാരായ ഔലിയാഅ് ഉണ്ട്. ബീവി ആഇശ(റ)യുണ്ട്. ആർക്കും അത് കണ്ടെത്താൻ കഴിഞ്ഞില്ല! അവർക്കാർക്കും അത് മറഞ്ഞ മാർഗത്തിലൂടെ കണ്ടെത്താൻ സാധിച്ചില്ല. മാല കിട്ടില്ലെന്നു കണ്ട അവർ യാത്ര തുടരാൻ വേണ്ടി തയ്യാറെടുത്തു. അങ്ങനെ ആഇശ(റ)യുടെ ഒട്ടകത്തെ എഴുന്നേൽപിച്ചു. അപ്പോൾ അതിന്റെ താഴെ തന്നെ മാല കിടക്കുന്നുണ്ടായിരുന്നു! ഈ സംഭവത്തിൽനിന്ന് നബിമാർക്കും ഔലിയാഇനും മഹതികൾക്കും മറഞ്ഞകാര്യങ്ങൾ അറിയാൻ കഴിയില്ലെന്നു വ്യക്തമാണ്.

നബി ﷺ മരണപ്പെടുന്ന നേരത്ത് ആഇശ(റ)ക്ക് പതിനെട്ട് വയസ്സായിരുന്നു പ്രായം. ഏതാണ്ട് പത്ത് വർഷമാണ് നബി ﷺ യുടെ കൂടെ മഹതി ജീവിക്കുന്നത്. ആഇശ(റ)യുടെ അടുത്തായിരുന്നല്ലോ പ്രവാചകന്റെ അവസാന നിമിഷങ്ങൾ. അന്നേരത്തെ അവിടുത്തെ ഓരോ വാക്കും ചലനങ്ങളും മഹതി നന്നായി മനസ്സിലാക്കുകയും നമുക്കത് അറിയിച്ചുതരികയും ചെയ്തിട്ടുണ്ട്. നബി ﷺ യുടെ വഫാത്തുമായി ബന്ധപ്പെട്ട വിശദീകരണത്തിൽ നമുക്ക് അത് വിവരിക്കാം.

രണ്ട് വർഷം കഴിഞ്ഞപ്പോൾ പ്രിയപിതാവ് അബൂബക്‌റും(റ) മരണപ്പെട്ടു. ഉപ്പ മരണപ്പെടുന്ന നേരത്തും മകളായ ആഇശ(റ) സമീപത്തുണ്ടായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. നബി ﷺ യെ മറവുചെയ്ത ആഇശ(റ)യുടെ വീട്ടിൽതന്നെ ഉപ്പയെയും മറമാടി. ഉപ്പയുടെ മരണശേഷം ഉമർ(റ) ആയിരുന്നല്ലോ ഖലീഫ. അമീറുൽ മുഅ്മിനീൻ ആഇശ(റ)യോട് ഇടക്കിടെ നബി ﷺ യുടെയും അബൂബക്‌റി(റ)ന്റെയും സമീപത്ത് തന്നെയും മറമാടാൻ സ്ഥലം ആവശ്യപ്പെടാറുണ്ടായിരുന്നു. ഉമർ(റ) ശത്രുവിന്റെ കുത്തേറ്റ് കിടക്കുന്ന സമയത്തും അതിനായി ആഇശ(റ)യുടെ അടുത്തേക്ക് ആളെ അയച്ചിരുന്നു. അങ്ങനെ ആഇശ(റ) തന്നെ മറമാടാനായി കണ്ട ആ സ്ഥലം ഖലീഫയുടെ ആഗ്രഹത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചു. ഉമർ(റ) കൂടെയുള്ളവരോട് മരണത്തിന്റെ തൊട്ടുമുമ്പും ഇപ്രകാരം പറഞ്ഞിരുന്നു: ‘എന്നെ മറവു ചെയ്യാനായി ആഇശ(റ)യുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി അവരോട് നിങ്ങൾ അനുവാദം ചോദിക്കണം.’ ഉമർ(റ) മരണപ്പെട്ടപ്പോൾ ആഇശ(റ)യോട് അപ്രകാരം ചോദിക്കുകയും മഹതി സന്തോഷത്തോടെ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ നബി ﷺ യുടെയും അബൂബക്‌റി(റ)ന്റെയും അരികിൽ ഉമർ(റ)വിനെയും മറമാടി.

നാല് ഖലീഫമാരുടെയും കാലത്ത് മഹതി ജീവിച്ചിരുന്നു എന്നതും മഹതിയുടെ പ്രത്യേകതയാണ്. അലി(റ)യുടെ കാലത്ത് നടന്ന ദുഃഖകരമായ ഒരു സംഭവമായിരുന്നല്ലോ ജമൽയുദ്ധം. അതിൽ ആഇശ(റ) പങ്കെടുത്തിരുന്നു എന്നതും ചരിത്ര വസ്തതയാണ്. യുദ്ധരംഗത്ത് പോലും സ്ത്രീകൾ പങ്കെടുക്കുന്നത് അനുവദിക്കപ്പെട്ടതാണെന്ന് അതിൽനിന്ന് നമുക്ക് മനസ്സിലാക്കാനും സാധിക്കും.

സ്വഹാബിമാർക്ക് ഏതെങ്കിലും ഹദീസുകളെ സംബന്ധിച്ച് അറിയാനുണ്ടെങ്കിൽ ആഇശ(റ)യോട് അതിനെ പറ്റി ചോദിച്ചാൽ അത് അവർ വ്യക്തമാക്കിക്കൊടുക്കാറുണ്ടായിരുന്നു എന്ന് അബൂമൂസൽ അശ്അരി(റ) പറയുന്നത് നമുക്ക് കാണാം. സ്വഹാബിമാരിൽ വലിയ മഹാന്മാർ ഉള്ളപ്പോൾതന്നെ മതപരമായ വിജ്ഞാനത്തിൽ മഹതി അവർക്കെല്ലാം ഒരു വഴികാട്ടിയായിരുന്നു. ഇസ്‌ലാമിക കർമശാസ്ത്രത്തിലും മഹതിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

2210 ഓളം ഹദീസുകൾ ആഇശ (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇമാം ബുഖാരി(റ) 228 ഉം ഇമാം മുസ്‌ലിം 232 ഉം ഹദീസുകൾ മഹതിയിൽനിന്നും നിവേദനം ചെയ്തിട്ടുണ്ട്. ഇതിൽനിന്ന് ഹദീസുകളുടെ വിഷയത്തിൽ മഹതിയുടെ സ്ഥാനം എത്ര വലുതാണെന്നത് നമുക്ക് മനസ്സിലാക്കാം.

ഏതെങ്കിലും വിഷയത്തിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ തന്റെതായ അഭിപ്രായം തുറന്ന് പറയുന്ന പ്രകൃതക്കാരിയായിരുന്ന ആഇശ(റ). ബദ്ർ യുദ്ധാനന്തരം കൊല്ലപ്പെട്ട ശത്രുക്കളോട് നബി ﷺ സംസാരിച്ച സന്ദർഭത്തെ പറ്റി നാം വിവരിച്ചത് ഓർക്കുന്നുണ്ടാകുമല്ലോ. അതിനെ സംബന്ധിച്ച് മഹതിയുടെ വിശദീകരണവും നാം മനസ്സിലാക്കിയിട്ടുണ്ട്. അതുപോലെ നബി ﷺ ക്ക് മറഞ്ഞകാര്യങ്ങൾ അറിയാം എന്ന് ആരൊക്കെയോ പറയുന്നത് മഹതി കേട്ടപ്പോൾ ഇപ്രകാരം തുറന്നടിച്ചു: “ആരെങ്കിലും നബി ﷺ ക്ക് മറഞ്ഞ കാര്യം അറിയുമെന്ന് വാദിച്ചാൽ അവൻ അല്ലാഹുവിന്റെ പേരിൽ കള്ളം ചമച്ചിരിക്കുന്നു. കാരണം, ആകാശഭൂമികളിൽ അല്ലാഹുവല്ലാതെ മറഞ്ഞ കാര്യങ്ങൾ അറിയുകയില്ലെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ.’’ ഇങ്ങനെ നിരവധി സന്ദർഭങ്ങൾ ചരിത്രത്തിൽ നമുക്ക് കാണാം.

അലി(റ)യുടെ കാലശേഷം മുആവിയ(റ)യുടെ ഭരണകാലം വന്നു. അമവീ ഖലീഫമാരിലെ ഒന്നാമത്തെ ഖലീഫയായിരുന്നു മുആവിയ(റ). അദ്ദേഹം ഇരുപത് കൊല്ലം ഭരണം നടത്തിയിരുന്നു. അതിൽ പതിനെട്ടുവർഷംവരെ ആഇശ(റ) ജീവിച്ചിരിപ്പുണ്ടായിരുന്നു. ഹിജ്‌റ 58ലായിരുന്നു മഹതിയുടെ വഫാത്ത്.

ഒരു റമദാനിൽ മഹതി രോഗബാധിതയായി. തന്നെ കാണാൻ വരുന്നവരോട് തനിക്ക് സുഖമാണെന്ന് അവർ പറയുമായിരുന്നു. കൂടുതലൊന്നും പറയുമായിരുന്നില്ല. അഥവാ, അല്ലാഹുവിനോടുള്ള പ്രാർഥനയാലും ദിക്‌റുകളാലും മരണത്തെ സ്വീകരിക്കാൻ തയ്യാറെടുക്കുകയായിരുന്നു മഹതി. ഹിജ്‌റ 58, റമദ്വാൻ 17ന് രാത്രി വിത്ർ നമസ്‌കാരശേഷമായിരുന്നു ആഇശ(റ) ഇഹലോകവാസം വെടിഞ്ഞത്. മദീനാ പള്ളിയുടെ സമീപത്തെ പൊതു ക്വബ്ർസ്ഥാനമായ ബക്വീഇലാണ് അവരെ മറവുചെയ്തത്. അന്ന് മഹതിക്ക് 66 വയസ്സായിരുന്നു പ്രായം.

വിജ്ഞാനത്തിന്റെ നിറകുടമായ, വളരെയേറെ ദാനശീലയായ, ഭക്തയായ, ലോലഹൃദയക്കാരിയായ, ഇബാദത്തുകളുടെ കാര്യത്തിൽ കണിശതയുള്ള, ധാരാളം സുന്നത്ത് നോമ്പുകൾ എടുത്തിരുന്ന, ഇഅ്തികാഫ് ഇരുന്നിരുന്ന, പാവങ്ങളോട് ദയയും കാരുണ്യവും കാണിച്ചിരുന്ന, എല്ലാ വർഷവും ഹജ്ജ് ചെയ്തിരുന്ന, ഇസ്‌ലാമികമായ വസ്ത്ര ധാരണത്തിൽ കണിശത കാണിച്ച മാതൃകാ മഹതിയായിരുന്നു ആഇശ(റ) എന്നത് അവരുടെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഈ വിധത്തിലുള്ള സ്ഥാനങ്ങളും മഹത്ത്വങ്ങളും പ്രത്യേകതകളും ഉള്ള ആഇശ(റ)ക്ക് മറ്റു സ്ത്രീകളെക്കാൾ സ്ഥാനം ഉണ്ടെന്നത് നബി ﷺ തന്നെ അറിയിച്ചത് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാവുന്നതാണ്.