അലിവുള്ളവരാവുക

വി.വി. ബഷീർ, വടകര

2022 ഡിസംബർ 31, 1444 ജുമാദുൽ ഉഖ്റാ 06

പ്രിയപ്പെട്ട കുട്ടികളേ, നിങ്ങളൊക്കെ പഠിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ. നിങ്ങൾ നിങ്ങളുടെ കൂടെ പഠിക്കുന്ന കൂട്ടുകാരുടെ അവസ്ഥകൾ മനസ്സിലാക്കാൻ ശ്രമിക്കാറുണ്ടോ? അവരിൽ പണക്കാരുടെ മക്കളുണ്ടാകും. വലിയ ഉദ്യോഗസ്ഥരുടെ മക്കളുണ്ടാകും. സാധാരണക്കാരുടെ കുട്ടികളുണ്ടാകും. ചിലർ അനാഥരായിരിക്കും. ഉപ്പ മരിച്ചുപോയ കുട്ടികളാണ് അനാഥർ. ഉപ്പയും ഉമ്മയുമില്ലാത്തവരും അപൂർവമായി ഉണ്ടായേക്കാം.

അങ്ങനെയുള്ള കുട്ടികളുടെ പ്രയാസങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? തെരുവിൽ അലയുന്ന കുട്ടികളെ നിങ്ങൾ കാണാറില്ലേ? മാതാപിതാക്കൾ ഉണ്ടെങ്കിലും വളരെ സാധുക്കളായതിനാൽ, സ്വന്തമായി വീടില്ലാത്തതിനാൽ അവർക്ക് തെരുവിൽ ജീവിക്കേണ്ടിവരുന്നു.

നിങ്ങളെ പോലെ നല്ല വസ്ത്രം ധരിക്കാനോ, നല്ല ഭക്ഷണങ്ങൾ കഴിക്കാനോ കഴിയാത്ത അനാഥരും അഗതികളുമായ കുട്ടികളെ കാണുമ്പോൾ നിങ്ങൾക്ക് സങ്കടം വരാറില്ലേ? നിങ്ങളുടെ ഉപ്പയും ഉമ്മയും നിങ്ങളെ കൂടെ നടത്തുകയും നിങ്ങൾക്ക് മിഠായിയും മറ്റും വാങ്ങിത്തരികയും നിങ്ങളെ തലോടുകയും ഉമ്മതരികയുമൊക്കെ ചെയ്യുമ്പോൾ നിങ്ങൾ അതിയായി സന്തോഷിക്കാറില്ലേ?

എന്നാൽ ഒന്ന് ഓർത്തുനോക്കൂ; ഉപ്പ മരണപ്പെട്ടുപോയ, അല്ലെങ്കിൽ ഉമ്മയും ഉപ്പയും മരണപ്പെട്ടുപോയ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? ഉപ്പയും ഉപ്പയും മടങ്ങിവന്ന് അവർക്ക് സ്‌നേഹവും തലോടലും നൽകില്ല. ആ സന്തോഷം അവർക്ക് ഈ ലോകത്തുനിന്ന് ഇനി ലഭിക്കില്ല. അതിന്റെ സങ്കടം അവരുടെ മനസ്സിലുണ്ടാകും. അതുകൊണ്ട് അങ്ങനെയുള്ള കുട്ടികളെ നിങ്ങൾ തിരിച്ചറിയണം. അവരെ പ്രത്യേകമായി പരിഗണിക്കണം. അവരുടെ മനസ്സിനെ വേദനിപ്പിക്കുന്ന കാര്യങ്ങൾ പറയരുത്. കഴിയുന്ന സഹായങ്ങൾ അവർക്ക് ചെയ്തുകൊടുക്കണം.

അനാഥരെ സംരക്ഷിക്കുന്നവനും ഞാനും സ്വർഗത്തിൽ അടുത്തായിരിക്കുമെന്ന് നബി ﷺ  പറഞ്ഞതായി നിങ്ങൾ മദ്‌റസയിൽനിന്ന് പഠിച്ചിട്ടുണ്ടാകും. അനാഥരോട് പരുഷമായി പെരുമാറരുത് എന്ന് ക്വുർആൻ പറയുന്നുണ്ട്. എല്ലാവരോടും നല്ല നിലയിൽ പെരുമാറുവാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അനാഥരും സാധുക്കളുമായവർക്ക് കഴിയുന്ന സഹായം ചെയ്തുകൊടുക്കുവാൻ കൂട്ടുകാർ ശ്രദ്ധിക്കുമല്ലോ. സ്വർഗം ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ നന്മയായ ഒന്നിനെയും നിസ്സാരമാക്കി തള്ളിക്കളയാൻ പാടില്ല.


നന്മയിൽ മുന്നേറാം

ഹുസ്‌ന മലോറം

നല്ലതു കേൾക്കാം
നല്ലതു പറയാം
നല്ലവരായീടാം
നല്ലതു ചെയ്യാം
നമ്മൾക്കെന്നും
നന്മയിൽ മുന്നേറാം
നന്മകൾ തേടാം
നന്മകൾ നേടാം
നല്ലതു ചിന്തിക്കാം
നല്ലൊരു ചിന്തയിൽ
നല്ലൊരു ചന്തം
എന്നും കണ്ടീടാം