നമ്മുടെ രാജ്യത്തെ കോടതികൾ

അബൂആദം അയ്മൻ

2022 സെപ്തംബർ 03, 1444 സ്വഫർ 06

വിജിലൻസ് കോടതി

വിജിലൻസ് സ്‌പെഷ്യൽ കോടതി (Vigilance Special Court) ഗവണ്മെന്റ് ഉദ്യോഗസ്ഥർ, സ്വയം ഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ഗവണ്മെന്റ് സഹായത്തോടെ നടത്തുന്ന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ മുതലായവർക്കെതിരായ അഴിമതിയാരോപണക്കേസുകൾ വിചാരണചെയ്യുന്ന കോടതിയാണ്. സെഷൻസ് ജഡ്ജിയോ അഡീഷണൽ സെഷൻസ് ജഡ്ജിയോ ആയി ജോലിനോക്കുന്നവരോ, ജോലിനോക്കിയിട്ടുള്ളവരോ ഈ കോടതിയിൽ സ്‌പെഷ്യൽ ജഡ്ജിയായി നിയമിക്കപ്പെടാൻ യോഗ്യരാണ്. കേന്ദ്ര ഗവണ്മെന്റിനോ സംസ്ഥാന ഗവണ്മെന്റിനോ ഈ നിയമനം നടത്താം. ജില്ലാജഡ്ജിമാരാണ് വിജിലൻസ് കോടതി സ്‌പെഷ്യൽ ജഡ്ജിമാരായി പ്രവർത്തിച്ചുവരുന്നത്.

അഴിമതിക്ക് പ്രോത്സാഹനം നൽകിയവർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ കുറ്റങ്ങളിൽ, അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾക്കു പുറമെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങളും ഉൾപ്പെടാവുന്നതാണ്. അതുകൊണ്ട് സെഷൻസ് ജഡ്ജിയുടെ അധികാരംകൂടിയുള്ള ജില്ലാ ജഡ്ജിക്കുതന്നെ കേസ് വിചാരണ ചെയ്ത് തീർച്ച ചെയ്യാവുന്നതാണ്. വിധിയിന്മേൽ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്. വിജിലൻസ് കോടതിയിൽ ഫയൽ ചെയ്യുന്ന കേസുകളുടെ അന്വേഷണം നടത്തുന്നത് വിജിലൻസ് വിഭാഗം എസ്. പി.യോ തത്തുല്യമായ യോഗ്യതയുള്ള ഒരു പൊലീസ് ഓഫീസറോ മാത്രമായിരിക്കണം.

സാമ്പത്തിക കുറ്റവിചാരണക്കോടതി

സാമ്പത്തിക കുറ്റവിചാരണക്കോടതി (Economic Offence Court) സാമ്പത്തിക കുറ്റകൃത്യങ്ങൾ (വിദേശനാണ്യനിയമങ്ങളുടെ ലംഘനം തുടങ്ങിയവ) സംബന്ധിച്ച കേസുകൾ വിചാരണ ചെയ്യുന്നതിനുള്ള പ്രത്യേക കോടതിയാണ്. ജില്ലാ സെഷൻസ് ജഡ്ജിയുടെ പദവിയിലുള്ളയാളായിരിക്കും ഈ കോടതിയിലെ ന്യായാധിപൻ. വിധിയിന്മേൽ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.

മയക്കുമരുന്നു നിയമക്കോടതി

മയക്കുമരുന്നു നിയമക്കോടതി (Narcotic Drugs and Psychotropic Substances Court) മയക്കുമരുന്ന് ഉൽപാദിപ്പിക്കുക, കൈവശം വയ്ക്കുക, വിൽക്കുക, വാങ്ങുക. കയറ്റുമതി ചെയ്യുക, ഇറക്കുമതിചെയ്യുക മുതലായ കുറ്റങ്ങൾ വിചാരണചെയ്യുന്നതിനുള്ള പ്രത്യേക കോടതിയാണ്. സെഷൻസ് ജഡ്ജിയുടെ പദവിയിലുള്ളയാളായിരിക്കും ഈ കോടതിയിലെ ന്യായാധിപൻ, വിധിയിന്മേൽ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.

ഇഎസ്‌ഐ കോടതി

ഇഎസ്‌ഐ കോടതി (ESI Court) ഇഎസ്‌ഐ ആനുകൂല്യങ്ങൾ സംബന്ധിച്ച തർക്കങ്ങൾ, ജോലിയിലിരിക്കെ മരിച്ചയാളുടെ ആശ്രിതർക്ക് നൽകേണ്ട നഷ്ടപരിഹാരം, തൊഴിലുടമകൾ ഇഎസ്‌ഐ യിൽ അടക്കേണ്ട വിഹിതം സംബന്ധിച്ച തർക്കങ്ങൾ മുതലായവയിന്മേൽ തീർപ്പുകൽപിക്കുന്ന കോടതിയാണ്. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ളയാളായിരിക്കും ഈ കോടതിയിലെ ജഡ്ജി. വിധിയിന്മേൽ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാം.