നമ്മുടെ രാജ്യത്തെ കോടതികൾ - 08

അബൂആദം അയ്മൻ

2022 ആഗസ്റ്റ് 20, 1442 മുഹർറം 21

ജുവനൈൽ കോടതി

ജുവനൈൽ കോടതി പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യപ്പെടുന്ന കോടതിയാണ്. ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം (Juvenile Justice Act of 2000) പ്രകാരം പ്രവർത്തിച്ചുപോരുന്ന ഈ കോടതി ജുഡീഷ്യൽ മജിസ്‌ട്രേറ്റുമാർ ഉൾപ്പെടെയുള്ളതായ ഒരു ബോർഡ് ആയിരിക്കും. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അധ്യക്ഷനായുള്ള ഈ കോടതിയിൽ ഒരു വനിത അടക്കം സാമൂഹ്യ പ്രവർത്തകരായ രണ്ടുപേർ അംഗങ്ങളായിരിക്കും. എന്നാൽ 16നു മേൽ 18ന് താഴെവരെ പ്രായക്കാരായ കുട്ടികൾ കൊലപാതകം, ബലാൽസംഗം. ആസിഡ് ആക്രമണം, പണത്തിനായുള്ള ആളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഹീനമായ കുറ്റങ്ങളിൽ ഏർപ്പെടുന്നതായാൽ അവരെയും മുതിർന്നവരായി പരിഗണിച്ച് ഈ കുറ്റങ്ങൾക്ക് മുതിർന്നവരെ വിചാരണചെയ്യുന്ന രീതിയിൽത്തന്നെ വിചാരണ ചെയ്യുന്നതിനുള്ള ബാലനീതി നിയമം (ഭേദഗതി) 15-01-2016ൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

കുറ്റവാളികളായ കുട്ടികളുടെ കാര്യങ്ങൾ ഈ കോടതിയുടെ അധികാരപരിധിയിൽ പെടുന്നു. നല്ല പൗരന്മാരാക്കി ഇവരെ മാറ്റിയെടുക്കുകയാണ് ഗവണ്മെന്റിന്റെ ലക്ഷ്യം. കുട്ടിക്കുറ്റവാളികളെ ജയിലിലടയ്ക്കാതെ താക്കീതു നൽകിയോ നല്ലനടപ്പിനുള്ള ജാമ്യത്തിന്മേലോ രക്ഷകർത്താവിന്റെ കൂടെ വിടാം. അല്ലെങ്കിൽ സ്‌പെഷ്യൽ ഹോമുകളിൽ പാർപ്പിച്ചുകൊണ്ട് വിദ്യാഭ്യാസത്തിനും, സ്വഭാവരൂപവൽക്കരണ ത്തിനും വ്യക്തിത്വവികസനത്തിനുമുള്ള അവസങ്ങൾ ഇവർക്ക് ലഭ്യമാക്കിക്കൊടുക്കാം. ചില നിബന്ധനകൾ നിർദേശിച്ചുകൊണ്ട് ഒരു പ്രൊബേഷൻ ഓഫീസറുടെ മേൽനോട്ടത്തിലും ഇവരെ വിടാവുന്നതാണ്. ഗുണദോഷവും ഉപദേശവും ശിക്ഷണനടപടികളിൽ പെടുന്നു. കുറ്റവാളികളെന്നു കാണുന്ന കുട്ടികളെ ഒരിക്കലും വധശിക്ഷയ്ക്ക് വിധിക്കുന്നതല്ല. സ്വന്തമായ വരുമാനമില്ലാത്ത കുട്ടികൾക്ക് പിഴശിക്ഷയും നൽ കുന്നതല്ല. ഈ കോടതിയുടെ വിധിയിന്മേൽ സെഷൻ കോടതിയിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.

കുടുംബകോടതി

വിവാഹമോചനം ഉൾപ്പെടെ വ്യക്തിനിയമത്തിന്റെ പരിധിയിൽവരുന്ന നിയമപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഈ കോടതി ദമ്പതികൾ തമ്മിലുള്ള അഭിപ്രായഭിന്നതകളും പ്രശ്‌നങ്ങളും കൗൺസിലിംഗ് വഴിയായും മറ്റും പറഞ്ഞൊതുക്കി, നല്ലൊരു ദാമ്പത്യജീവിതത്തിന് അവരെ ഒരുക്കിയെടുക്കുകയോ, അല്ലാ ത്തപക്ഷം വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ളതടക്കം യുക്തമായ ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുകയോ ആണ് ചെയ്യുന്നത്. കുടുംബകോടതി ജഡ്ജിമാരായി നിയമിക്കുന്നത് ജില്ലാജഡ്ജിയുടെ പദവിയിലുള്ളവരെയാണ്.

ലേബർകോടതി

തൊഴിൽ തർക്കപരിഹാര കോടതി (Labour Court) തൊഴിൽ തർക്കങ്ങളിന്മേൽ തീർപ്പുകൽപിക്കുന്ന കോടതിയാണ്. തൊഴിൽ തർക്കനിയമം ഏഴാം വകുപ്പു പ്രകാരം രൂപവൽക്കരിക്കുന്ന ഈ കോടതിയുടെ അധികാരപരിധിയിൽ, നിയമത്തിലെ രണ്ടാം പട്ടികയിൽ പറഞ്ഞിട്ടുള്ള വിഷയങ്ങൾ വരുന്നതാണ്. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ളയാളെയാണ് ഈ കോടതിയിൽ ന്യായാധിപനായി നിയമിക്കുക. (അവലംബം)