നമ്മുടെ രാജ്യത്തെ കോടതികൾ - 03

അബൂ ആദം അയ്‌മൻ

2022 ജൂലായ് 09, 1442 ദുൽഹിജ്ജ 10

മാൻഡമസ് (Mandamus):

‘ഞങ്ങൾ ആജ്ഞാപിക്കുന്നു’ എന്ന് അർഥമുള്ള ലാറ്റിൻ പദമാണിത്. പൊതുചുമതലകൾ നിർവഹിക്കുന്ന ആളുകളോ, സ്ഥാപനങ്ങളോ, ട്രൈബ്യൂണലുകളോ, നിയമവിരുദ്ധമായോ നീതിവിരുദ്ധമായോ പെരുമാറുമ്പോൾ, അവർ എപ്രകാരം പ്രവർത്തിക്കണമെന്ന് നിർദേശിച്ചുകൊണ്ട് ഉന്നതകോടതി പുറപ്പെടുവിക്കുന്ന റിട്ട് ആണിത്.

ക്വോ വാറന്റോ (QuoWarranto):

‘എന്ത് അധികാരത്താൽ’ എന്ന് അർഥമുള്ള ലാറ്റിൻ പദമാണിത്. പൊതുസ്വഭാവവും പ്രാധാന്യവുമുള്ള ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരാളോട്, എന്ത് അധികാരത്തിന്മേലാണ് ആ സ്ഥാനത്ത് തുടരുന്നതെന്നു ബോധിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട്, ഉന്നതകോടതി പുറപ്പെടുവിക്കുന്നതാണ് ഈ റിട്ട്, അധികാരമില്ലെന്നു ബോധ്യപ്പെട്ടാൽ ആ സ്ഥാനത്തിരുന്നു പ്രവർത്തിക്കുന്നതിൽനിന്ന് അയാളെ തടഞ്ഞുകൊണ്ട്, കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതായിരിക്കും. സ്വകാര്യസ്ഥാപനങ്ങളുടെ കാര്യത്തിൽ ഈ റിട്ട് പുറപ്പെടുവിക്കുന്നതല്ല.

സെർഷേ്യാറാറി (Certiorari):

‘കൂടുതലായി നിശ്ചയം വരുത്തുന്നതിന്’ എന്ന് അർഥമുള്ള ലാറ്റിൻ പദമാണിത്. കീഴ്‌ക്കോടതികളോ, ട്രൈബ്യൂണലുകളോ, നീതിന്യായവ്യവസ്ഥകൾക്കു വിധേയമായി ചില കാര്യങ്ങളിൽ തീർപ്പുകൽപിക്കേണ്ടി വരുന്ന മന്ത്രിമാരോ, വകുപ്പുമേധാവികൾ തുടങ്ങിയ ഉദ്യോഗസ്ഥന്മാരോ അധികാരമില്ലാത്തതു ചെയ്യുമ്പോൾ, അവർ പുറപ്പെടുവിച്ച ഉത്തരവുകളും ബന്ധപ്പെട്ടതായ മറ്റെല്ലാ രേഖകളും പരിശോധിച്ച് തീരുമാനമെടുക്കുന്നതിനു വേണ്ടി, ആയത് എത്തിച്ചുതരാൻ ആവശ്യപ്പെട്ടുകൊണ്ട് ഉന്നതകോടതി പുറപ്പെടുവിക്കുന്ന റിട്ട് ആണിത്. പരിശോധനയിൽ നിയമതത്ത്വങ്ങൾ മറികടന്നുള്ളതാണ് പ്രസ്തുത ഉത്തരവുകളെന്നു കണ്ടാൽ ഹൈക്കോടതിയോ സുപ്രീംകോടതിയോ അത് അസ്ഥിരപ്പെടുത്തിക്കൊണ്ട് ഉത്തരവു പുറപ്പെടുവിക്കുന്നതുമായിരിക്കും. തെറ്റുതിരുത്തിക്കൊണ്ടുള്ള ഉത്തരവാണ് സെർഷേ്യാറാറി റിട്ട് എന്നർഥം.

പ്രൊഹിബിഷൻ (Prohibition):

കീഴ്‌ക്കോടതികൾ (ട്രൈബ്യൂണലകൾ, സ്‌പെഷ്യൽ ട്രൈബ്യൂണലുകൾ, അന്വേഷണക്കമ്മീഷനുകൾ എന്നിവയും കീഴ്‌ക്കോടതികളിൽ ഉൾപ്പെടുന്നതാണ്) അധികാരത്തിൽ കവിഞ്ഞും സാമാന്യനീതിക്ക് വിരുദ്ധമായും പ്രവർത്തിക്കുന്നതിനെ തടഞ്ഞുകൊണ്ട് ഉന്നതകോടതി പുറപ്പെടുവിക്കുന്നതാണ് ഈ റിട്ട്.

സുപ്രീം കോടതി ജഡ്ജിമാർ

ഭരണഘടന 124ാം വകുപ്പു പ്രകാരം രാഷ്ട്രപതിയാണ് സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ചാണ് രാഷ്ട്രപതി ഈ നിയമനം നടത്തേണ്ടത്. ആവശ്യമെങ്കിൽ സുപ്രീം കോടതിയിലെയോ, ഹൈക്കോടതികളിലെയോ തനിക്ക് യുക്തമെന്നു തോന്നുന്ന ജഡ്ജിമാരുമായും രാഷ്ട്രപതിക്ക് ഇതിനെക്കുറിച്ച് ആലോചന നടത്താവുന്നതാണ്. ഇപ്രകാരം നിയമിക്കപ്പെടുന്നയാൾ ഇന്ത്യൻ പൗരനായിരിക്കണം. കൂടാതെ അദ്ദേഹം ഏതെങ്കിലും ഹൈക്കോടതിയിലോ ഹൈക്കോടതികളിലോ ആയി, തുടർച്ചയായി അഞ്ചുവർഷമെങ്കിലും ജഡ്ജിയായിരുന്നിരിക്കണം. അല്ലെങ്കിൽ അദ്ദേഹം ഏതെങ്കിലും ഹൈക്കോടതിയിലോ ഹൈക്കോടതികളിലോ ആയി, തുടർച്ചയായി പത്തു വർഷമെങ്കിലും അഭിഭാഷകനായിരുന്നിരിക്കണം. (അഭിഭാഷകനായിരുന്നിട്ടുള്ള കാലാവധി കണക്കാക്കുന്നതിൽ, അഭി ഭാഷകനായശേഷം ജഡ്ജിതലത്തിൽ താഴെയല്ലാത്ത ഒരു ന്യായാധിപസ്ഥാനം വഹിച്ചിട്ടുണ്ടെങ്കിൽ, പ്രസ്തുത സ്ഥാനം വഹിച്ച കാലയളവുകൂടി ഉൾപ്പെടുത്തേണ്ടതാണ്). അല്ലെങ്കിൽ ഇപ്രകാരം നിയമിക്കപ്പെ ടുന്നയാൾ രാഷ്ട്രപതിയുടെ അഭിപ്രായത്തിൽ പ്രഗത്ഭനായ ഒരു നിയമജ്ഞനായിരിക്കണം. സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നയാൾ രാഷ്ട്രപതിയുടെയോ അല്ലെങ്കിൽ അദ്ദേഹം നിയോഗിക്കുന്നയാളുടെയോ മുമ്പാകെയും, ചീഫ് ജസ്റ്റീസ് ആയി നിയമിക്കപ്പെടുന്നയാൾ രാഷ്ട്രപതിയുടെ മുമ്പാകെയും ഇതിലേ ക്ക് ഇന്ത്യൻ ഭരണഘടനയിൽ നിർദേശിച്ചിരിക്കുന്ന പ്രകാരമുള്ള സത്യപ്രതിജ്ഞ ഉദേ്യാഗത്തിൽ പ്രവേശിക്കുന്നതിനു മുമ്പായി നിർവഹിച്ചിരിക്കണം. സുപ്രീം കോടതി ജഡ്ജിമാർക്ക് 65 വയസ്സുവരെ ഉദ്യോഗത്തിൽ തുടരാവുന്നതാണ്. സുപ്രീംകോടതി ജഡ്ജിമാർ റിട്ടയർ ചെയ്തശേഷം, രാജ്യത്തെ ഒരു കോടതിയിലും അഭിഭാഷകനായി ഹാജരായിക്കൂടാത്തതുമാണ്.

സംസ്ഥാന ഹൈക്കോടതി

രാജ്യത്തെ ഓരോ സംസ്ഥാനത്തും ഓരോ ഹൈക്കോടതി (High Court‌) ഉണ്ടായിരിക്കണമെന്ന്, ഭരണഘടന 214ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഹൈക്കോടതി സംസ്ഥാനത്തെ ഉന്നത നീതിന്യായക്കോടതിയായിരിക്കും. ഓരോ ഹൈക്കോടതിയിലും ഒരു ചീഫ് ജസ്റ്റിസും രാഷ്ട്രപതി അതത് കാലങ്ങളിൽ നിയമിക്കുന്നത്ര ജഡ്ജിമാരും ഉണ്ടായിരിക്കും. ജില്ലാകോടതികളുടെയും സബ് കോടതികളുടെയും വിധികളിന്മേലുള്ള അപ്പീലുകളിൽ തീർപ്പുകൽപിക്കുക, ലേബർ കോടതി, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ തുടങ്ങിയവയുടെ വിധികളിന്മേലുള്ള അപ്പീലുകൾ തീർച്ചചെയ്യുക, പൗരന്മാരുടെ മൗലികാവകാശങ്ങളടക്കമുള്ള ഏ തൊരവകാശത്തിന്റെയും സംരക്ഷണാർഥം ഉചിതമായ റിട്ട് പുറപ്പെടുവിക്കുക, സംസ്ഥാനത്തെ ഇതര കോടതികളുടെയും ട്രൈബ്യൂണലുകളുടെയും മേൽനോട്ടം വഹിക്കുക, കീഴ്‌ക്കോടതിയിൽ നടക്കുന്ന ഒരു കേസിൽ ഭരണഘടനാ വ്യാഖ്യാനം സംബന്ധിച്ച പ്രശ്‌നം നിലനിൽക്കുന്നതായി ബോധ്യപ്പെട്ടാൽ, അത്തരം കേസ് ഹൈക്കോടതിയിലേക്കു മാറ്റി പ്രസ്തുത വിഷയത്തിൽ തീർപ്പുകൽപിക്കുക, സ്വന്തം വിധി പുനപ്പരിശോധിക്കുക മുതലായവ ഹൈക്കോടതിയുടെ അധികാരങ്ങളിൽ പെടുന്നു. ഹൈക്കോടതിയും ഒരു കോർട്ട് ഓഫ് റിക്കോർഡ് ആണ്. ആ നിലയിൽ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കാനും അധികാരമുണ്ട്.

ഹൈക്കോടതി ജഡ്ജിമാർ

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായും സംസ്ഥാന ഹൈേക്കാടതി ചീഫ് ജസ്റ്റിസുമായും ആലോചിച്ചാണ് രാഷ്ട്രപതി നടത്തേണ്ടത്. ഇപ്രകാരം നിയമിക്കപ്പെടുന്നയാൾ ഇന്ത്യൻ പൗരനായിരിക്കണം. കുടാതെ പത്തുവർഷമെങ്കിലും ഒരു ന്യായാധിപസ്ഥാനം വഹിച്ചിരിക്കണം. അല്ലെങ്കിൽ അദ്ദേഹം ഏതെങ്കിലും ഹൈക്കോടതിയിലോ, ഹൈക്കോടതികളിലോ ആയി തുടർച്ചയായ പത്തുവർഷമെങ്കിലും അഭിഭാഷകനായിരുന്നിരിക്കണം, അഭിഭാഷകനായിരുന്നിട്ടുള്ള കാലാവധി കണക്കാക്കുന്നതിൽ അഭിഭാഷകനായശേഷം ഒരു ന്യായാധിപസ്ഥാനം വഹിച്ചിട്ടുണ്ടെങ്കിൽ, പ്രസ്തുത സ്ഥാനം വഹിച്ചിരുന്ന കാലയളവു കൂടി ഉൾപ്പെടുത്തേണ്ടതാണ്. ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നയാൾ ഗവർണറുടെയോ, അല്ലെങ്കിൽ അദ്ദേഹം നിയോഗിക്കുന്ന ആളുടെയോ മുമ്പാകെയും, ചീഫ് ജസ്റ്റീസ് ആയി നിയമിക്കപ്പെടുന്നയാൾ ഗവർണറുടെ മുമ്പാകെയും, ഇതിലേക്ക് ഇന്ത്യൻ ഭരണഘടനയിൽ നിർദേശിച്ചിരിക്കുന്ന പ്രകാരമുള്ള സത്യപ്രതിജ്ഞ ഉദേ്യാഗത്തിൽ പ്രവേശിക്കുന്നതിനു മുമ്പായി നിർവഹിച്ചിരിക്കണം. ഹൈക്കോടതി ജഡ്ജിമാർക്ക് 62 വയസ്സുവരെ ഉദ്യോഗത്തിൽ തുടരാവുന്നതാണ്. റിട്ടയർ ചെയ്ത ഹൈക്കോടതി ജഡ്ജിക്ക് താൻ ജഡ്ജിയായിരുന്ന ഹൈക്കോടതിയോ, ഹൈക്കോടതികളോ ഒഴികെയുള്ള ഹൈക്കോടതികളിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാവുന്നതാണ്.

ഭരണഘടനയുടെ മൂന്നാം പട്ടികയിൽ സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ് ജിമാർക്കായി നിർദേശിക്കപ്പെട്ടിട്ടുള്ള സത്യപ്രതിജ്ഞാവാചകം ഇപ്രകാരമാണ്: ‘ഇന്ത്യൻ സുപ്രീം കോടതി യിലെ ചീഫ് ജസ്റ്റിസ്/ ജഡ്ജി/ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ്/ ജഡ്ജി ആയി നിയുക്തനായിരിക്കുന്ന, ആകുന്ന ഞാൻ നിയമപ്രകാരം സ്ഥാപിതമായിട്ടുള്ള ഇന്ത്യൻ ഭരണഘടനയോട് യഥാർഥമായ വിശ്വസ്തതയും കൂറും പുലർത്തുന്നതാണെന്നും, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതാണെന്നും, എന്റെ പരമാവധി കഴിവും പരിജ്ഞാനവും നിർണായക ശക്തിയും ഉപയോഗിച്ച്, എന്റെ ഔദ്യോഗിക കർത്തവ്യം ഭീതിയോ പ്രീതിയോ വാത്സല്യമോ ദോഷവിചാരമോ കൂടാതെ നിർവഹിക്കുന്നതാണെന്നും, ഭരണഘടനയും നിയമങ്ങളും നിലനിർത്തുന്നതാണെന്നും ഈശ്വര നാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു/ സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.

(അവലംബം)