നമ്മുടെ രാജ്യത്തെ കോടതികൾ - 15

അബൂആദം അയ്മൻ

2022 ഒക്ടോബർ 8, 1444 റബീഉൽ അവ്വൽ 11

ലോക് അദാലത്ത്

നീതിന്യായത്തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിന് നിയമസേവനാധികാരസമിതി നിയമപ്രകാരം വിവിധതലങ്ങളിൽ ഏർപ്പെടുത്തുന്ന സമിതിയാണ് ലോക് അദാലത്ത് (Lok Adalat). കോടതിയിൽ നിലവിലുള്ളതും കോടതിയിൽ എത്താവുന്നതുമായ കേസുകളും, രാജിയാകാവുന്ന ക്രിമിനൽ കേസുകളും, ലോക് അദാലത്തിന്റെ അധികാരപരിധിയിൽ വരും. സർവീസിലുള്ളതോ റിട്ടയർ ചെയ്തതോ ആയ അതതു തലത്തിലെ ഒരു ന്യായാധിപനും ഒരു വനിതയടക്കം പന്ത്രണ്ടിൽ കവിയാതെയുള്ള സാമൂഹ്യപ്രവർത്തകരും അടങ്ങുന്നതായിരിക്കും ലോക് അദാലത്ത്. കക്ഷികളെയും സാക്ഷികളെയും വിളിച്ചുവരുത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും ലോക് അദാലത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്. ലോക് അദാലത്തിന്റെ തീർപ്പ് കോടതി മുഖേന നടപ്പിലാക്കാം. ഈ തീർപ്പിന്മേൽ അപ്പീലില്ല.

ലോകായുക്ത

ലോകായുക്ത (Lokayukta) പൊതുപ്രവർത്തകർക്കും ഗവൺ‌മെൻറ് ഉദ്യോഗസ്ഥർക്കും മറ്റുമെതിരായ അഴിമതികളിന്മേൽ അന്വേഷണം നടത്തി കേസെടുത്ത് വിചാരണ ചെയ്യുന്നതിനും, കുറ്റക്കാർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച ശുപാർകൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകുന്നതിനും അധികാരമുള്ളതായ ഒരു സംസ്ഥാനതല നീതിന്യായ സംവിധാനമാണ്. കേരള ലോകായുക്തനിയമം (1998 ലേത്) പ്രകാരമാണ്, ഒരു ലോകായുക്തയും (അധ്യക്ഷൻ), രണ്ട് ഉപലോകായുക്തകളും (അംഗങ്ങൾ) അടങ്ങുന്ന സമിതിയോടുകൂടിയ ഈ സംവിധാനം സംസ്ഥാനത്ത് നിലവിൽവന്നത്. ഒരു റിട്ട. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കും ലോകായുക്ത. ഉപലോകായുക്തകൾ സർവീസിലുള്ളവരോ, റിട്ടയർ ചെയ്തവരോ ആയ ഹൈക്കോടതി ജഡ്ജിമാരുമായിരിക്കുന്നതാണ്. നിയമസഭാ സ്പീക്കർ, പ്രതിപക്ഷനേതാവ് എന്നിവരുമായി കൂടിയാലോചിച്ചശേഷം മുഖ്യമന്ത്രി നിർദേശിക്കുന്നവരെയാണ് ഗവർണർ ലോകായുക്ത സമിതിയിൽ നിയമിക്കുക. ഇവരുടെ ഉദ്യോഗ കാലാവധി അഞ്ചുവർഷമായിരിക്കും. മുഖ്യമന്ത്രി, മന്ത്രിമാർ, നിയമസഭാംഗങ്ങൾ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ, കോർപ്പറേഷനുകൾ, സഹകരണസ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, സർവകലാശാലകൾ എന്നിവയുടെ ഭാരവാഹികൾ, രാഷ്ട്രീയനേതാക്കൾ മുതലായവർ ലോകായുക്ത സമിതിയുടെ അധികാരപരിധിയിൽ വരുന്നതാണ്. ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കാനുള്ള അധികാരമുണ്ട്. ഈ സംവിധാനം സിംഗിൾ ബെഞ്ച് ആയും, ഡിവിഷൻ ബെഞ്ച് ആയും, ഫുൾ ബെഞ്ച് ആയും പ്രവർത്തിക്കും. ലോകായുക്ത ഉത്തരവിനെതിരെ ഭരണഘടന 226ാം വകുപ്പുപ്രകാരം റിട്ട് അടക്കമുള്ള ഉചിതമായ ഏതെങ്കിലും ഉത്തരവിനായി ഹൈക്കോടതിയ സമീപിക്കാവുന്നതാണ്.

ലോക്പാൽ

ലോക്പാൽ (Lokpal) പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, എം.പിമാർ, കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയ എല്ലാവിഭാഗം പൊതുജനസേവകർക്കും എതിരായുള്ള അഴിമതിയാരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി ആവശ്യമായ മേൽനടപടികൾ സ്വീകരിക്കുന്നതിന് രാജ്യത്ത് 2014 ജനുവരി ഒന്നിനു നിലവിൽവന്നിട്ടുള്ള ലോക്പാൽ നിയമപ്രകാരം രൂപവത്കരിക്കുന്നതായ ഒരു കേന്ദ്രതല സംവിധാനമാണ്. മേൽപറഞ്ഞവർക്കു പുറമെ ഗവൺമെന്റ് സഹായം ലഭിക്കുന്ന പ്രസ്ഥാനങ്ങളും, വിദേശ സംഭാവന നിയന്ത്രണനിയമം (Foreign Contribution Regulation Act - FCRA) പ്രകാരം പ്രതിവർഷം പത്തുലക്ഷം രൂപയിലധികം സംഭാവന സ്വീകരിക്കുന്ന സ്ഥാപനങ്ങളും ലോക്പാലിന്റെ അധികാരപരിധിയിൽ വരുന്നതാണ്. മതധർമസ്ഥാപനങ്ങൾ ഈ പരിധിയിൽ വരുന്നതല്ല. ചെയർപേഴ്‌സണും പരമാവധി എട്ട് അംഗങ്ങളും അടങ്ങുന്ന സമിതിയാണ് ലോക്പാൽ. സമിതിയംഗങ്ങളിൽ പകുതിപ്പേർ ജുഡീഷ്യൽ അംഗങ്ങളും, പകുതിപ്പേർ പട്ടികജാതി-പട്ടികവർഗക്കാർ, മറ്റു പിന്നാക്കവിഭാഗക്കാർ, ന്യൂനപക്ഷ വനിതകൾ എന്നിവരിൽനിന്നുമുള്ളവരുമായിരിക്കും. ലോക്പാൽ അധ്യക്ഷനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നത് ഒരു അഞ്ചംഗ ഉന്നതസമിതിയാണ്. പ്രധാനമന്ത്രി, ലോക്‌സഭാസ്പീക്കർ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ജസ്റ്റിസ് (അല്ലെങ്കിൽ ചീഫ് ജസ്റ്റിസ് നോമിനേറ്റ് ചെയ്യുന്ന ഒരു സുപ്രീംകോടതി ജഡ്ജി) എന്നിവരും, ഇവർ നാലുപേരുടെയും ശുപാർശപ്രകാരം രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന ഒരു പ്രശസ്ത നിയമജ്ഞനും അടങ്ങുന്നതായിരിക്കും പ്രസ്തുത അഞ്ചംഗ സമിതി. ഈ സമിതി ലോക്പാൽ അധ്യക്ഷനെയും അംഗങ്ങളെയും തെരഞ്ഞക്കുന്നതും, രാഷ്ട്രപതി അവരെ തൽസ്ഥാനങ്ങളിൽ നിയമിക്കുന്നതുമായിരിരിക്കും.

സിബിഐ അടക്കമുള്ള ഏ തൊരു അന്വേഷണ ഏജൻസിയെക്കൊണ്ടും, ലോക്പാലിന് പരാതികളിന്മേലുള്ള അന്വേഷണങ്ങൾ നടത്തിക്കുകയും, ആ അന്വേഷണങ്ങളുടെയും തുടർന്നുള്ള പ്രോസിക്യൂഷൻ നടപടികളുടെയും മേൽനോട്ടം വഹിക്കുകയും ചെയ്യാവുന്നതാണ്. അന്വേഷണച്ചുമതല വഹിക്കുന്ന സിബിഐ ഡയറക്ടറെ പ്രധാനമന്ത്രി അധ്യക്ഷനായുള്ള ഒരു ഉന്നതാധികാര സമിതിയായിരിക്കും ശുപാർശചെയ്യുക. സിബിഐ ഡയറക്ടർക്ക് ആയിരിക്കും പ്രോസിക്യൂഷൻ ഡയറക്ടറുടെ കീഴിലുള്ള പ്രോസിക്യൂഷൻ ഡയറക്ടറേറ്റിന്റെ നിയന്ത്രണം. സെൻട്രൽ വിജിലൻസ് കമ്മീഷനായിരിക്കും പോസിക്യൂഷൻ ഡയറക്ടറെ ശുപാർശ ചെയ്യുക.

പ്രധാനമന്ത്രിക്കെതിരെ രാജ്യാന്തരബന്ധങ്ങൾ, ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷ, പൊതുസമാധാനക്രമം, ആണവോർജം, ബഹിരാകാശം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെക്കുറിച്ച് ലോക്പാൽ അന്വേഷണം നടത്തുന്നതല്ല. ലോക്പാലിന്റെ മുന്നിൽ രണ്ടു ഭൂരിപക്ഷത്തിന്റെ തീരുമാനപ്രകാരം മാത്രമെ പ്രധാനമന്ത്രിക്കെതിരെ പ്രാഥമികാന്വേഷണം ഉണ്ടാവുകയുള്ളു. അന്വേഷണനടപടിളാകട്ടെ രഹസ്യവുമായിരിക്കും. ലോക്പാൽ അന്വേഷിക്കുന്ന പരാതികളിൽ അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ തെളിയുന്നതായാൽ, കുറ്റക്കാർക്കെതിരെ പ്രത്യേക കോടതിയിൽ (special court) ലോക്പാൽ കേസ് ഫയൽചെയ്യും. കേന്ദ്ര ഗവൺമെന്റ് ലോക്പാലിന്റെ ശുപാർശപ്രകാരമായിരിക്കും ഇത്തരം പ്രത്യേക കോടതികൾ സ്ഥാപിക്കുക. അഴിമതിമാർഗ ലൂടെ ആർജിച്ചിട്ടുള്ള സ്വത്തുക്കൾ, അതുസംബന്ധിച്ച പ്രോസിക്യൂഷൻ കേസ് നിലവിലിരിക്കെത്തന്നെ, ജപ്തിചെയ്തു കണ്ടുകെട്ടുന്നതിനു ലോക്പാൽ നിയമത്തിൽ വ്യവസ്ഥചെയ്തിട്ടുണ്ട്.

(അവലംബം)