നമ്മുടെ രാജ്യത്തെ കോടതികൾ

അബൂആദം അയ്മൻ

2022 ആഗസ്റ്റ് 27, 1442 മുഹർറം 28

ഗ്രാമക്കോടതികൾ

ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ഒരു കോടതിയാണ് ഗ്രാമക്കോടതി (Village Court). ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ പദവിയിലുള്ള ആളായിരിക്കും ഈ കോടതിയിലെ ന്യായാധിപൻ. രണ്ടുവർഷ ത്തിൽ താഴെവരെയുള്ള തടവുശിക്ഷ നൽകാവുന്ന ക്രിമിനൽ കേസുകളാണ് ഗ്രാമക്കോടതിയുടെ വിചാരണാധികാര പരിധിയിൽ വരുക. കൂലിത്തർക്കം, മിനിമം കൂലി നിഷേധിക്കൽ, പൗരാവകാശം നിഷേധിക്കൽ, മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവരുടെ സംരക്ഷണം, ഗാർഹികപീഡനവും അക്രമവും, ഇരുപതിനായിരം രൂപയിൽ താഴെ വിലവരുന്ന വസ്തുക്കളുടെ മോഷണം, അടിപിടി, സമാധാനം കെടുത്തുന്ന പ്രവൃത്തികൾ മുതലായവ സംബന്ധിച്ച കേസുകൾ ഇവയിൽ പെടുന്നതാണ്.

ഈ കോടതി സിവിൽ കേസുകളും കേൾക്കുന്നതാണ്. വസ്തു വാങ്ങലും വിൽപനയും സംബന്ധിച്ചു ണ്ടാകുന്ന തർക്കം, ജലസേചനത്തർക്കം, കിണറുകളിൽനിന്നും മറ്റും വെള്ളം എടുക്കുന്നതിനെക്കുറിച്ചുള്ള തർക്കം, കൂട്ടുകൃഷിയിലെ തർക്കം, സാമ്പത്തിക ഇടപാടുകളിലെ തർക്കം മുതലായവ സംബന്ധിച്ച കേസുകൾ ഇവയിൽ പെടും. ആഴ്ചയിൽ മൂന്നു ദിവസം ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കോടതി മുന്നു ദിവസം അധികാരപരിധിയിൽ സഞ്ചാരകോടതിയായിട്ടായിരിക്കും പ്രവർത്തിക്കുക.

അതിവേഗകോടതി

അതിവേഗകോടതി (Fast Track Court) കെട്ടിക്കിടക്കുന്നതായ കേസുകൾ, പ്രത്യേകിച്ചും സെഷൻസ് കേസുകൾ എത്രയും വേഗം തീർപ്പാക്കുകയെന്ന ലക്ഷ്യത്തോടെ രൂപവൽക്കരിക്കപ്പെട്ടിട്ടുള്ള കോടതി യാണ്. ഒരു നിശ്ചിത കാലാവധിയിലേക്കുള്ളതായ ഈ കോടതിയിലെ ന്യായാധിപൻ സെഷൻസ് ജഡ്ജിയായിരിക്കും. വിധിയിന്മേൽ ഹൈക്കോടതിയിൽ അപ്പിൽ ബോധിപ്പിക്കാം.

സിബിഐ കോടതി

സിബിഐ സ്‌പെഷ്യൽ കോടതി (CBI Special Court) സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്ന സെഷൻസ് കേസുകൾ വിചാരണ ചെയ്യുന്നതിനുള്ള പ്രത്യേക കോടതിയാണ്. സെഷൻസ് ജഡ്ജിയുടെ പദവിയിലുള്ളയാളാണ് ഇവിടെ കേസുകൾ വിചാരണ ചെയ്യുന്നത്. വിധിയിന്മേൽ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാം.

എൻഐഎ കോടതി

എൻഐഎ സ്‌പെഷ്യൽ കോടതി (NTA Special Court)എൻഐഎ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്ന, ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകൾ (തീവ്രവാദക്കേസുകൾ) വിചാരണ ചെയ്യുന്നതിനുള്ള പ്രത്യേക കോടതിയാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇത്തരം കോടതികൾ സ്ഥാപിക്കാവുന്നതാണ്. ജില്ലാ സെഷൻസ് ജഡ്ജിയുടെ പദവിയിലുള്ളയാളാണ് ഇവിടെ കേസുകൾ വിചാരണ ചെയ്യുന്നത്. സ്‌പെഷ്യൽ ജഡ്ജിയെ സംസ്ഥാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമിക്കും. വിധിയിന്മേൽ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാം.

ടാഡാ കോടതി

ടാഡാ കോടതി (Tada Court)രാജ്യത്ത് തീവ്രവാദപ്രവർത്തനങ്ങളും വിധ്വംസകപ്രവർത്തനങ്ങളും നടത്തുകയും, ഇതിലേക്ക് ബോംബുകളും സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും മാരകായുധങ്ങളും മറ്റും പ്രയോഗിച്ച് മനുഷ്യജീവനും സ്വത്തുക്കൾക്കും നാശം വരുത്തുകയും ചെയ്യുന്നവരെ വിചാരണ ചെയ്യുന്നതിനുള്ള കോടതിയാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ കോടതിയിൽ ജില്ലാ ജഡ്ജിയുടെ പദവിയിലുള്ളയാളെയാണ് ജഡ്ജിയായി നിയമിക്കുന്നത്. വധശിക്ഷവരെ വിധിക്കാനുള്ള അധികാരം ടാഡാ കോടതിക്കുണ്ട്. വിധിയിന്മേൽ സുപ്രീം കോടതിയിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.