നമ്മുടെ രാജ്യത്തെ കോടതികൾ

അബൂഅയ്‌മൻ

2022 ജൂൺ 25, 1442 ദുൽഖഅദ 24

ജനാധിപത്യ ഭരണസംവിധാനക്രമത്തിന്റെ മൂന്നു നെടുംതൂണുകളാണ് ഭരണനിർവഹണവിഭാഗം (Executive), നിയമനിർമാണവിഭാഗം (Legislature ), നീതിന്യായ നിർവഹണവിഭാഗം (Judiciary) എന്നിവ. ഇവയിൽ നീതിനിർവഹണച്ചുമതല നിക്ഷിപ്തമായിരിക്കുന്ന നീതിന്യായക്കോടതികളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെപ്പറ്റിയും അവയുമായി ബന്ധപ്പെട്ടുള്ള വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ചുംനമുക്ക് വിശദമായി മനസ്സിലാക്കാം:

കേരളം, കാലാകാലങ്ങളിലായി വിവിധ ഭരണപ്രദേശങ്ങളായി വിവിധ ഭരണാധികാരികളുടെ ഭരണത്തിൻ കീഴിൽ കഴിഞ്ഞതിനുശേഷം, ഒടുവിൽ തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണത്തിൻ കീഴിലുള്ള തിരുവിതാംകൂർ രാജ്യവും, കൊച്ചി മഹാരാജാവിന്റെ ഭരണത്തിൻ കീഴിലുള്ള കൊച്ചി രാജ്യവും, ബ്രിട്ടീഷ് ഭരണപ്രദേശമായ മദ്രാസ് പ്രവിശ്യയുടെ ഭാഗമായുള്ള മലബാറും ചേർന്ന ദേശം എന്ന സ്ഥിതിയിൽ എത്തിച്ചേരുകയുണ്ടായി. തിരുവിതാംകൂറിന് തിരുവിതാംകൂർ ഹൈക്കോടതിയും, കൊച്ചിക്ക് കൊച്ചി ഹൈക്കോടതിയും, ഈ ഒാരോ ഹൈക്കോടതിയുടെയും കീഴിൽ വിവിധ കീഴ്‌ക്കോടതികളും അതതുരാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയായിരുന്നു മലബാർ പ്രദേശത്തിന്റെ ഹൈക്കോടതി. ഈ ഹൈക്കോടതിയുടെ കീഴിൽ മലബാറിലെ വിവിധ കീഴ്‌ക്കോടതികളും പ്രവർത്തിച്ചിരുന്നു.

ഇന്ത്യ 1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചെങ്കിലും, 1949വരെയും തിരുവിതാംകൂറും കൊച്ചിയും രാജഭരണത്തിൻ കീഴിൽ തുടർന്നുപോരുകയാണുണ്ടായത്. ഇരുരാജ്യങ്ങളുടെയും ലയനം 1949ൽ നടന്നതോടെ തിരുകൊച്ചി സംസ്ഥാനം രൂപവൽകൃതമായി. അതോടെ തിരുവിതാംകൂർ ഹൈക്കോടതിയെയും കൊച്ചി ഹൈക്കോടതിയെയും ലയിപ്പിച്ചുകൊണ്ടുള്ള തിരുകൊച്ചി ഹൈക്കോടതി, 1949 ജൂലൈ ഒന്നിന് കൊച്ചി ആസ്ഥാനമായി രൂപംകൊണ്ടു. ജസ്റ്റീസ് കെ. കുഞ്ഞിരാമനായിരുന്നു പ്രഥമ ചീഫ് ജസ്റ്റീസ്. ഇന്ത്യ 1950 ജനുവരി 26ന് റിപ്പബ്ലിക്ക് ആയതോടെ ഇന്ത്യൻ ഫെഡറൽ കോടതി ഇന്ത്യൻ സുപ്രീം കോടതിയായി മാറി.

കേരള സംസ്ഥാനം 1956 നവംബർ ഒന്നിന് രൂപീകൃതമായതോടെയാണ് തിരുകൊച്ചി ഹൈക്കോടതി കേരള ഹൈക്കോടതിയായി രൂപംകൊണ്ടത്. കൊച്ചി ഹൈക്കോടതിയുടെയും തിരുകൊച്ചി ഹൈക്കോടതിയുടെയും അവസാനത്തെ ചിഫ് ജസ്റ്റീസുകൂടിയായ കെ.റ്റി. കോശി ആയിരുന്നു കേരള ഹൈക്കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റീസ്.

തിരുവിതാംകൂർ ഹൈക്കോടതി 1877ലാണ് തിരുവനന്തപുരത്ത് സ്ഥാപിതമായത്. ഈ അഞ്ചംഗ കോടതിയുടെ പ്രഥമ ചീഫ് ജസ്റ്റീസ്, അന്ന് 35 വയസ്സുമാത്രം പ്രായമുള്ള ജസ്റ്റീസ് രാമചന്ദ്ര അയ്യർ ആയിരുന്നു. ജസ്റ്റീസ് പുതുപ്പള്ളി കൃഷ്ണപിള്ള ആയിരുന്നു ഈ കോടതിയുടെ അവസാനത്തെ ചീഫ് ജസ്റ്റീസ്. കൊച്ചിയിലെ രാജാസ് കോർട്ട് ഓഫ് അപ്പീൽ 1900ൽ ചീഫ് കോർട്ട് ഓഫ് കൊച്ചിൻ ആയി പുനഃസംഘടിപ്പിച്ചു. എസ്. ലോക്കെ ആയിരുന്നു പ്രഥമ ചീഫ് ജഡ്ജ്, സർ ഷണ്മുഖം ചെട്ടി ദിവാനാ യിരിക്കെ ഈ കോടതി 1944ൽ കെ.റ്റി.കോശി ചീഫ് ജസ്റ്റീസ് ആയി കൊച്ചി ഹൈക്കോടതിയായി പുനഃ സംഘടിപ്പിക്കപ്പെട്ടു. മദ്രാസ് ഹൈക്കോടതി 1862 ജൂൺ 26ന് ബ്രിട്ടനിലെ വിക്ടോറിയാ മഹാരാജ്ഞിയുടെ റോയൽ ചാർട്ടർ പ്രകാരം സ്ഥാപിതമായി. ആദ്യകാല ജഡ്ജിമാർ ബ്രിട്ടീഷുകാരായിരുന്നു. ജസ്റ്റീസ് ടി. മുത്തുസ്വാമി അയ്യരായിരുന്നു ഈ കോടതിയിലെ ആദ്യത്തെ ഇന്ത്യൻ ജഡ്ജി.

(തുടരും)