നമ്മുടെ രാജ്യത്തെ കോടതികൾ - 19

അബൂആദം അയ്മൻ

2022 നവംബർ 12, 1444 റബീഉൽ ആഖിർ 17

പ്രമാണങ്ങൾ

തെളിവുകൾക്ക് അടിസ്ഥാനമായ പ്രമാണങ്ങൾ അഥവാ ആധാരങ്ങൾ പലവിധമുണ്ട്. അവ താഴെ പറയുന്നവയാണ്:

അധമർണന്റെ വസ്തു ഉത്തമർണന് നിയമപ്രകാരം കൈമാറ്റം ചെയ്തുകൊണ്ടുള്ളതായ പ്രമാണം(deed of assignment), ആർക്കെങ്കിലും എന്തെങ്കിലും ചെയ്യുന്നതിനുള്ള (ഉദാ: ഒരു തുക ഓരോ വർഷവും നൽകുന്നതിനുള്ള) നിയമാനുസൃതകരാർ (deed of covenant), പങ്കുവ്യാപാരക്കരാർ (deed of partnership), വസ്തുകൈമാറ്റ ആധാരം, വസ്തുകൈമാറ്റപ്രമാണം, ഓഹരികളുടെ ഉടമസ്ഥത കൈമാറിക്കൊണ്ടുള്ള പ്രമാണം (deed of transfer or transfer deed), ഒരു കക്ഷി തനിച്ച് ചമയ്ക്കുന്നതും ആ കക്ഷി മാത്രം നിയമബദ്ധമാകുന്നതുമായ പ്രമാണം. ഉദാ: ഒരാൾ തന്റെ പേരിൽ മാറ്റം വരുത്തുന്നതിന് ചമയ്ക്കുന്ന നിയമാനുസൃതരേഖ (deed poll), ഇഷ്ടദാനാധാരം (gift deed or instrument of gift), പാട്ടച്ചീട്ട് (lease deed), പണയാധാരം, ഒറ്റിയാധാരം (mortgage deed), ഭാഗപത്രം, ഒരാളുടെ സ്വത്തുക്കൾ അയാളുടെ കാലശേഷം അവകാശികൾ ഭാഗം ചെയ്‌തെടുക്കുന്നു, അല്ലെങ്കിൽ ഒന്നിലധികം പേർക്ക് അവകാശപ്പെട്ട സ്വത്തുക്കൾ അവർ ഭാഗം ചെയ്‌തെടുക്കുന്നു partition deed or instrument of partition), പ്രമാണത്തിന്റെ അസ്സൽ (0riginal deed), പിഴതിരുത്താധാരം -ഒരു തീരാധാരത്തിന്റെ അസ്സൽ തയ്യാറാക്കിയപ്പോൾ വസ്തുവിന്റെ സർവേനമ്പരിലോ മറ്റോ വന്നുപോയ കൈപ്പിശക് തിരുത്തുന്നതിനുവേണ്ടി ചമയ്ക്കുന്ന ആധാരം (rectification deed), ഒഴിവുകുറി ആധാരം (release deed), ധനനിശ്ചയാധാരം; ഇവിടെ ഒരാൾ ജീവിച്ചിരിക്കെത്തന്നെ തന്റെ സ്വത്തുക്കൾ അവകാശികൾക്ക് ഭാഗംചെയ്തുകൊ ക്കുന്നു (settlement deed), വസ്തുവിന്റെ ഉടമസ്ഥാവകാശം കാണിക്കുന്ന പ്രമാണം; പട്ടയം (title deed), ഒരാൾ മറ്റൊരാളുടെയോ, മറ്റാളുകളുടെയോ, സ്വന്തമോ ആയ പ്രയോജനത്തിനുവേണ്ടി ഭരണം നടത്താൻ വിശ്വാസത്തിന്മേൽ ആരെയെങ്കിലും വസ്തുവകകളോ മുതലോ ഏൽപിച്ചുകൊണ്ടുള്ളതും ഇപ്രകാരം ഏൽപിക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ടുള്ളതുമായ നിയമാനുസൃത പ്രമാണം (trust deed or trust instrument).

ഒരു കേസിൽ കക്ഷികൾ കൊടുക്കുന്ന ഇടക്കാല അപേക്ഷകൾക്ക് അടിസ്ഥാനമായ വസ്തുതകൾ ബോധ്യപ്പെടുത്തിയിരിക്കേണ്ടത് സത്യവാങ്മൂലം (affidavit)മുഖേനയാണ്. അധികാരപ്പെടുത്തിയിട്ടുള്ള ആളിന്റെ (ഉദാ: മജിസ്‌ട്രേററ്, അഭിഭാഷകൻ, നോട്ടറി മുതലായവർ) മുമ്പാകെ സത്യം ചെയ്ത് എഴുതിക്കൊടുക്കുന്ന പ്രസ്താവനയാണ് സത്യവാങ്മൂലം. സത്യമാണെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രമെ സത്യവാങ് മൂലത്തിൽ ചേർക്കാവൂ. സത്യവാങ്മൂലത്തിൽ മനഃപൂർവം കളവായ കാര്യങ്ങൾ ചേർക്കുന്നത് കുറ്റകരമാണ്. പ്രമാണങ്ങൾ, ആധാരങ്ങൾ, ഉടമ്പടികൾ എന്നിവ സാക്ഷ്യപ്പെടുത്തുക, പ്രൊനോട്ടോ വിനിമയപത്രമോ കാഷ് ചെയ്യാൻ ഹാജരാക്കുക, ഏതൊരാളിൽനിന്നും സത്യവാങ്മൂലം വാങ്ങുക, ഏതൊരാളെയും സത്യവാചകം ചൊല്ലിക്കുക, ഇന്ത്യയ്ക്കു വെളിയിൽ നടപ്പിൽ വരുത്തേണ്ട ആധാരങ്ങൾ തയ്യാറാക്കുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്യുക മുതലായ ചുമതലകൾ നിർവഹിക്കുന്നതിനായി ഗവണ്മെന്റ് അധികാരപ്പെടുത്തിയിട്ടുള്ള അഭിഭാഷകനാണ് Notary Public (Notary). ഈ നിയമനം രണ്ടു വർഷത്തേക്കായിരിക്കും. നോട്ടറിയായി പ്രാക്ടീസ് ചെയ്യുന്നതിന് നിർദിഷ്ട ഫീസ് അടച്ച് സർട്ടിഫിക്കേറ്റ് വാങ്ങേണ്ടതുണ്ട്.

സാക്ഷിവിസ്താരം

സാക്ഷിമൊഴികളും തെളിവുകളുടെ സ്രോതസ്സാണ്. സിവിൽ കേസുകളിൽ ആദ്യം തെളിവ് ഹാജരാക്കേണ്ടത് വാദിഭാഗമാണ്. സാക്ഷികളും പലതരമുണ്ട്. ആ തരംതിരിവ് ഇപ്രകാരമാണ്:

1) പ്രതികൂലസാക്ഷി(adverse witness).

2) കുറ്റകൃത്യം നടത്തുന്നത് തികച്ചും യാദൃച്ഛികമായി കാണുന്ന സാക്ഷി (chance witness).

3) പ്രതിഭാഗം സാക്ഷി(defence witness or witness for defence).

4) കേട്ടതിനെ അടിസ്ഥാനമാക്കി മൊഴിനൽകുന്ന സാക്ഷി(ear witness).

4) വിദഗ്ധ സാക്ഷി (expert or professional or skilled witness).

5) ദൃക്‌സാക്ഷി (eye witness).

6) മറുഭാഗം ചേർന്ന സാക്ഷി (hostile witness).

7) പ്രമാണം രജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ അതിൽ ഒപ്പുവയ്ക്കുന്ന സാക്ഷി (marginal witness).

8) കേസിൽ സുപ്രധാന തെളിവു നൽകാൻ കഴിയുന്ന സാക്ഷി (material witness).

9) പ്രോസിക്യൂഷൻ ഭാഗം (ക്രിമിനൽ കേസിലെ വാദിഭാഗം) സാക്ഷി (prosecution witness).

10) കേസിൽ ഒരു കക്ഷിയോട് അനർഹമായ പക്ഷപാതം പ്രകടിപ്പിക്കുന്ന സാക്ഷി (zealous witness).

11) വാദിഭാഗം സാക്ഷി (witness for plaintiff).

12) കോടതിയിൽ ഹാജറായിക്കൊണ്ട് മൊഴി നൽകാൻ കാത്തിരിക്കുന്ന സാക്ഷി (witness in attendence).

സാക്ഷികൾ കോടതിയിലെ സാക്ഷിക്കൂട്ടിൽ നിന്നുകൊണ്ടാണ് (witness box or witness stand) മൊഴി നൽകുക.

തർക്കസംഗതികൾ തെളിയിക്കേണ്ട ചുമതല പ്രതിഭാഗത്തിനാണെങ്കിൽ തെളിവ് ആദ്യം നൽകേണ്ടത് പ്രതിഭാഗമാണ്. കക്ഷികൾക്ക് മൊഴി നൽകണമെന്നുണ്ടെങ്കിൽ തങ്ങളുടെ ഭാഗം സാക്ഷികളെ വിസ്തരിക്കുന്നതിന് മൂമ്പായി ആയത് നൽകിയിരിക്കണം. സാക്ഷികളെ പരസ്യമായിട്ടായിരിക്കും കോടതിയിൽ വിസ്തരിക്കുക. ഒരു സാക്ഷിയെ തന്റെ കക്ഷിയുടെ അഭിഭാഷകൻ നടത്തുന്ന ആദ്യ വിസ്താരമാണ് മുഖ്യവിസ്താരം. ഇതേത്തുടർന്ന് ആ സാക്ഷിയെ എതിർകക്ഷിയുടെ അഭിഭാഷകൻ നടത്തുന്ന വിസ്താരമാണ് എതിർവിസ്താരം (ക്രോസ്). ക്രോസിൽ തന്റെ സാക്ഷി നൽകിയ മൊഴിയിൽ എന്തെങ്കിലും അവ്യക്തത വന്നുപോയിട്ടുണ്ടെങ്കിൽ ആയത് വിശദീകരിച്ചുകൊടുക്കുന്നതിൽ, ആ സാക്ഷിയെ തന്റെ കക്ഷിയുടെ അഭിഭാഷകൻ വീണ്ടും നടത്തുന്ന വിസ്താരമാണ് പുനർവിസ്താരം (re-examination). ഇരുഭാഗം സാക്ഷികളെയും ഇപ്രകാരം ഈ മൂന്നു വിസ്താരങ്ങൾക്കും വിധേയരാക്കും. മുഖ്യ പുനർവിസ്താരം (re-examination-in-chief or re-chief) നേരത്തെ നടന്ന ചീഫ് വിസ്താരവേളയിൽ വാദിഭാഗം അഭിഭാഷകൻ സാക്ഷിയോടു ചോദിക്കാൻ, മനപ്പൂർവമല്ലാതെ വിട്ടുപോയ ഏതെങ്കിലും സാരവത്തായ ചോദ്യമുണ്ടെങ്കിലോ, പുതിയ ഏതെങ്കിലും വസ്തുത വെളിവിൽ വരുത്താനുണ്ടെങ്കിലോ, സാക്ഷിവിസ്താരം പൂർത്തിയായശേഷം കോടതി അനുമതി നൽകുന്നെങ്കിൽ മാത്രം, ആയതിനെ അടിസ്ഥാനമാക്കി അഭിഭാഷകൻ ആ സാക്ഷിയെ നടത്തുന്ന വിസ്താരമാണ്. പുനർ എതിർവിസ്താരം (re-cross examination or re-cross) നടത്താൻ പ്രതിഭാഗം അഭിഭാഷകന് അനുമതി നൽകുന്നതാണെന്ന വ്യവസ്ഥയിന്മേലായിരിക്കും റി ചീഫിന് കോടതി അനുമതി നൽകുക. റി ചീഫിനെത്തുടർന്ന് എതിർഭാഗം അഭിഭാഷകൻ ഈ സാക്ഷിയുടെ റീ ക്രോസ് വിസ്താരം നടത്തുന്നതുമായിരിക്കും. കോടതിയിലെത്തി സാക്ഷ്യം നൽകാനാവാത്ത സ്ഥിതിയിലുള്ള സാക്ഷിയെ കോടതി നിയോഗിക്കുന്ന കമ്മീഷൻ (commission) മുഖേന സാക്ഷിയുടെ വസതിയിൽവച്ച് വിസ്തരിക്കാവുന്നതാണ്.