സുപ്രീംകോടതി

അബൂഅയ്മൻ

2022 ജൂലായ് 02, 1442 ദുൽഹിജ്ജ 02

(നമ്മുടെ രാജ്യത്തെ കോടതികൾ - 2)

ഇന്ത്യൻ സുപ്രീംകോടതി രാജ്യത്തെ പരമോന്നത നീതിന്യായക്കോടതിയാണ്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസും പാർലമെന്റ് നിർദേശിക്കുന്ന അത്ര ജഡ്ജിമാരും അടങ്ങുന്ന ഒരു സുപ്രീംകോടതി രാജ്യത്ത് ഉണ്ടായിരിക്കണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ 124ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേന്ദ്രവും ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും തമ്മിലോ, ഒരുഭാഗത്ത് കേന്ദ്രവും ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും മറുഭാഗത്ത് ഒന്നോ അതിലധികമോ സംസ്ഥാനങ്ങളും തമ്മിലോ, രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾ തമ്മിലോ ഉള്ള തർക്കങ്ങളിൽ തീർപ്പു കൽപിക്കാനുള്ള അസ്സൽ അധികാരം, ഭരണഘടന 131ാം വകുപ്പുപ്രകാരം സുപ്രീംകോടതിക്കു മാത്രമാണുള്ളത്. കൂടാതെ സിവിലും ക്രിമിനലും ഭരണഘടനാ സംബന്ധവുമായുള്ള കേസുകളിൽ ഹൈക്കോടതികളുടെ വിധികളിന്മേലുള്ള അപ്പീലുകൾ കേട്ട് വിധി കൽപിക്കുന്നതിനുള്ള അധികാരവും സുപ്രീംകോടതിക്കുണ്ട്. ക്രിമിനൽ കേസുകളുടെ കാര്യത്തിൽ കീഴ്‌ക്കോടതി പ്രതിയെ വെറുതെവിട്ട കേസിൽ, ഹൈക്കോടതി അപ്പീലിൽ പ്രതിക്ക് വധശിക്ഷ നൽകു മ്പോഴും, കീഴ്‌ക്കോടതിയിൽ വിചാരണയിലിരുന്ന കേസ് ഹൈക്കോടതിയിലേക്കു മാറ്റി, ഹൈക്കോടതി കേസ് വിചാരണചെയ്ത് കുറ്റക്കാരനെന്നുകണ്ട് പ്രതിക്ക് വധശിക്ഷ നൽകുമ്പോഴും, കേസ് അപ്പീൽ കൊടുക്കത്തക്കത് എന്ന സർട്ടിഫിക്കറ്റ് ഹൈക്കോടതി നൽകുമ്പോഴും, സുപ്രീം കോടതിയിൽ പ്രസ്തുത കേസുകളിലെ ഹൈക്കോടതി തീരുമാനം ചോദ്യം ചെയ്യപ്പെടാവുന്നതാണ്. രാജ്യത്തെ ഏതെങ്കിലും കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ വിധിയിന്മേൽ അപ്പീൽ ബോധിപ്പിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടാൽ; ഗൗരവമുള്ളതായ നിയമപ്രശ്‌നങ്ങൾ ഉൾക്കൊക്കുന്ന കേസാണ് അതെങ്കിൽ, പ്രത്യേകാനുമതി (special leave) നൽകിക്കൊണ്ട് ആ അപ്പീൽ സ്വീകരിച്ച് തീർച്ചചെയ്യുക, സ്വന്തം വിധി പുനഃപരിശോധന (review) ചെയ്യുക എന്നിവയും സുപ്രീം കോടതിയുടെ അധികാരങ്ങളിൽ പെടുന്നു. രാജ്യത്തെ നിയമങ്ങളുടെ സാധുത പരിശോധിക്കുകയെന്നത് സുപ്രീം കോടതിയുടെ പരമപ്രധാനമായ ചുമതലയാണ്. പൊതു പ്രാധാന്യമുള്ള, നിയമപരമോ വസ്തുതാപരമോ ആയ പ്രശ്‌നങ്ങളിൽ രാഷ്ട്രപതിക്ക് ഉപദേശം നൽകുന്നതിനും സുപ്രീം കോടതിക്ക് ചുമതലയുണ്ട്.

സുപ്രീം കോടതിയുടെ വിധികളും നിയമപ്രശ്‌നങ്ങൾ സംബന്ധിച്ച വ്യാഖ്യാനങ്ങളും രാജ്യത്തെ എല്ലാ കോടതികൾക്കും ബാധകമായിരിക്കുന്നതാണ്. സുപ്രീംകോടിതി ഒരു കോർട്ട് ഓഫ് റിക്കോർഡ് (court of record) ആണ്. ഈ കോടതിയുടെ നടപടികളും വിധികളും ഓർമയ്ക്കും തെളിവിനുമായി എഴുതി സൂക്ഷിക്കപ്പെടുന്നു. പ്രസ്തുത നടപടികളെയും വിധികളെയും ചോദ്യം ചെയ്യാൻ രാജ്യത്തെ ഒരു കോടതി ക്കും കഴിയുന്നതല്ല. കോർട്ട് ഓഫ് റിക്കോർഡ് എന്ന നിലയിൽ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കാനും സുപ്രീംകോടതിക്ക് അധികാരമുണ്ട്. പൗരന്മാരുടെ മൗലികാവകാശലംഘനങ്ങൾക്കെതിരെ ഉചിതമായ റിട്ട് (writ--ആജ്ഞ) പുറപ്പെടുവിക്കുന്നതിനുള്ള വിശേഷാധികാരം ഭരണഘടന 32ാം വകുപ്പുപ്രകാരം സുപ്രീം കോടതിക്ക് സിദ്ധിച്ചിട്ടുണ്ട്. (ഭരണഘടന 226ാം വകുപ്പ് സംസ്ഥാന ഹൈക്കോടതികൾക്കും ഈ വിശേഷാധികാരം നൽകിയിട്ടുണ്ട്). ‘പഞ്ചമഹാ റിട്ടുകൾ’ എന്ന് അറിയപ്പെടുന്ന പ്രസ്തുത റിട്ടുകൾ ഇനി പറയുന്നവയാണ്:

ഹേബിയസ് കോർപസ് (Habeas Corpus):

ആളെ ഹാജരാക്കുക. അന്യായമായോ നീതീകരണമില്ലാ തെയോ ബലമായി അധീനതിയിലോ തടങ്കലിലോ വച്ചിട്ടുള്ളയാളെ, ഉടൻ മോചിപ്പിച്ച് കോടതി മുമ്പാകെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉന്നത കോടതി (സുപ്രീം കോടതിയോ ഹൈക്കോടതിയോ) പുറപ്പെടുവിക്കുന്ന ആജ്ഞ (റിട്ട്) ആണിത്. കരുതൽത്തടങ്കൽ നിയമം, ആഭ്യന്തരസുരക്ഷിതത്വനിയമം എന്നിവ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരാണ് ഹേബിയസ് കോർപസ് റിട്ടിന്റെ ആനുകൂല്യത്തിനായി സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കുന്നത്. (തുടരും)