നമ്മുടെ രാജ്യത്തെ കോടതികൾ - 12

അബൂആദം അയ്മൻ

2022 സെപ്തംബർ 17, 1444 സ്വഫർ 20

ഇ-കോടതി

പ്രവർത്തനങ്ങൾക്ക് കമ്പ്യൂട്ടർ ശൃംഖലകളുടെ വിവരവിനിമയശേഷി പ്രയോജനപ്പെടുത്തുന്ന കോടതിയാണ് ഇ-കോടതി (E-Court). വർധിച്ച കാര്യക്ഷമതയോടും സുതാര്യതയോടുംകൂടെ പ്രവർത്തിക്കാൻ ഇത്തരം കോടതികൾക്ക് കഴിയുന്നതായിരിക്കും.

അവശ്യസാധന നിയമകോടതി

അവശ്യസാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പും സംബന്ധിച്ച കേസുകൾ വിചാരണചെയ്യുന്നതിനുള്ള പ്രത്യേക കോടതിയാണ് അവശ്യസാധന നിയമകോടതി (Essential Commodities Court). ജില്ലാ ജഡ്ജിയുടെ പദവിയിലുള്ളയാളായിരിക്കും ഈ കോടതിയിലെ ന്യായാധിപൻ. വിധിയിൻമേൽ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്.

സൈനികകോടതി

സൈനികനിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇന്ത്യൻ സേനാംഗങ്ങളെ വിചാരണ ചെയ്യുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന, സൈനിക ഓഫീസർമാർ മാത്രം അടങ്ങുന്നതായ ഒരു കോടതിയാണ് സൈനികകോടതി (Court-martial). നാലുതരം സൈനിക കോടതികളുണ്ട്:

1. ജനറൽ കോർട്ട് മാർഷൽ (General Court Martial): ഈ സൈനികകോടതിയിൽ അഞ്ചിൽ കുറയാത്ത സൈനിക ഓഫീസർമാർ അംഗങ്ങളായുണ്ടായിരിക്കും. ഇവർ അവരവരുടെ കമ്മീഷൻഡ് റാങ്കിൽ മൂന്നുവർഷത്തിൽ കുറയാത്ത സർവീസ് ഉള്ളവരായിരിക്കണം. നാല് അംഗങ്ങൾ ക്യാപ്റ്റൻ റാങ്കിൽ താഴെയല്ലാത്തവർ ആയിരിക്കേണ്ടതുമാണ്. ഇവരിൽ സീനിയർ ആയ അംഗമായിരിക്കും കോടതിയിലെ പ്രിസൈഡിംഗ് ഓഫീസർ. ഒരു ജഡ്ജ് അഡ്വക്കേറ്റ് വിചാരണവേളയിൽ കോടതിയിൽ സന്നിഹിതനായിരിക്കണം. സൈന്യത്തിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (ജെഎജി) വിഭാഗത്തിൽ നിന്നുള്ള ഒരു ഓഫീസറായിരിക്കും ജഡ്ജ് അഡ്വക്കേറ്റ്, ജഡ്ജ് അഡ്വക്കേറ്റ് കോടതിയിൽ ജഡ്ജ് അഡ്വക്കേറ്റ് ജനറലിനെയാണ് പ്രതിനിധാനം ചെയ്യുക. വിചാരണയിൽ പങ്കെടുക്കുന്നതിന് പ്രോസിക്യൂഷൻ ഭാഗത്തേക്ക് ആർമി ആക്ടിലെ വ്യവസ്ഥപ്രകാരം നിയോഗിക്കപ്പെടുന്ന ഒരു പ്രോസിക്യൂട്ടറും, കൂടാതെ പ്രതിയെ പ്രതിനിധാനം ചെയ്യുന്നതിന് ഒരു മിലിട്ടറി ലോയറും ഉണ്ടായിരിക്കും.

സാക്ഷികളുടെ വിസ്താരവും തെളിവെടുപ്പും വാദവുമെല്ലാം പൂർത്തിയായശേഷം, വിചാരണാന്ത്യത്തിൽ, ജഡ്ജ് അഡ്വക്കേറ്റ് തെളിവുകളെക്കുറിച്ചും മറ്റുമുള്ള ഒരു പുനരവലോകനം നടത്തുന്നതും, കേസ് തീരുമാനത്തിന് ഉതകുന്ന നിയമോപദേശങ്ങൾ കോടതിക്ക് നൽകുന്നതുമാണ്. ഭൂരിപക്ഷം അംഗങ്ങളുടെ വോട്ടുകൾ ലഭിക്കുന്ന തീരുമാനമായിരിക്കും കോടതിയുടെ തീരുമാനം. വോട്ടുകൾ തുല്യമായുള്ള തീരുമാനങ്ങൾ ഉണ്ടായെന്നാൽ ഇവയിൽ പ്രതിക്ക് അനുകൂലമായ തീരുമാനമായിരിക്കും കോടതിയുടെ തീരുമാനം. വധശിക്ഷ, 14 വർഷം വരെ തടവ്, ഡിസ്‌മിസ്സൽ, തരംതാഴ്ത്തൽ, താക്കീതു നൽകൽ തുടങ്ങി ഒട്ടേറെ ശിക്ഷകൾ കോടതിക്ക് വിധിക്കാവുന്നതാണ്. എന്നാൽ വധശിക്ഷ വിധിക്കണമെങ്കിൽ അംഗങ്ങളിൽ മൂന്നിൽ രണ്ടുഭാഗം അതിനോടു യോജിച്ചിരിക്കണം.

2. സമ്മറി ജനറൽ കോർട്ട് മാർഷൽ (Summary General Court- Martial): : ഈ സൈനിക കോടതിയിൽ മൂന്നു സൈനിക ഓഫീസർമാർ അംഗങ്ങളായി ഉണ്ടായിരിക്കുന്നതാണ്. പ്രിസൈഡിംഗ് ഓഫീസർ ഇവരിൽ സീനിയറായ അംഗമായിരിക്കണം. പ്രതിക്ക് വധശിക്ഷ ലഭിക്കണമെങ്കിൽ അംഗങ്ങളെല്ലാവരും അതിനോട് യോജിച്ചിരിക്കണം.

3. ഡിസ്ട്രിക്റ്റ് കോർട്ട് മാർഷൽ (District Court- Martial): ഈ സൈനിക കോടതിയിൽ രണ്ടുവർഷത്തിൽ കുറയാതെ സർവീസുള്ള മൂന്നിൽ കുറയാത്ത സൈനിക ഓഫീസർമാർ അംഗങ്ങളായി ഉണ്ടായിരിക്കും. സീനിയർ അംഗമായിരിക്കും പ്രിസൈഡിംഗ് ഓഫീസർ. സൈന്യത്തിലെ ഓഫീസർമാരോ ജൂനിയർ ഓഫീസർമാരോ ഒഴികെയുള്ള ഏതൊരു സേനാംഗത്തെയും സൈനിക നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് വിചാരണ ചെയ്യാൻ ഈ കോടതിക്ക് അധികാരമുണ്ട്. വധശിക്ഷയോ, രണ്ടുവർഷത്തിൽ കവിഞ്ഞ തടവുശിക്ഷയോ ഒഴികെയുള്ള ശിക്ഷകൾ ഈ കോടതിക്ക് വിധിക്കാവുന്നതാണ്.

4. സമ്മറി കോർട്ട് മാർഷൽ (Summary Court- Martial): ഏതെങ്കിലും സൈനിക വിഭാഗത്തിലെ ഒരു കമാൻഡർ മാത്രം ഉൾക്കൊള്ളുന്നതായിരിക്കും ഈ സൈനിക കോടതി. എന്നാൽ രണ്ടു സൈനിക ഓഫീസർമാരോ, അല്ലെങ്കിൽ രണ്ട് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരോ, അല്ലെങ്കിൽ ഒരു സൈനിക ഓഫീസറും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറുമോ വിചാരണവേളയിലുടനീളം കോടതിയിൽ സന്നിഹിതരായിരിക്കണം. സൈനിക ഓഫീസറോ വാറന്റ് ഓഫീസറോ ഒഴികെയുള്ള ഏതൊരു സേനാംഗത്തെയും ഈ കോടതിക്ക് കുറ്റവിചാരണ ചെയ്യാവുന്നതാണ്. ലെഫ്. കേണൽ റാങ്കിലോ അതിനു മുകളിലുള്ള റാങ്കിലോ പെടുന്ന ഓഫീസറോ ആണ് ഈ ഏകാംഗ കോടതിയെങ്കിൽ ഒരു വർഷത്തെയും മേൽപറഞ്ഞ റാങ്കിൽ താഴെയുള്ള ഓഫീസറാണ് ഈ കോടതിയെങ്കിൽ മൂന്നുമാസം വരെയും തടവുശിക്ഷ വിധിക്കാവുന്നതാണ്.

ജഡ്ജ് അഡ്വക്കേറ്റ്-ജനറൽ

ജഡ്ജ് അഡ്വക്കേറ്റ്-ജനറൽ ഇന്ത്യൻ സേനയുടെ നിയമനീതിന്യായ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന വകുപ്പിന്റെ മേധാവിയായ, സൈനിക നിയമവിദഗ്ധൻകൂടിയായ ഒരു മേജർ ജനറലോ, ഒരു റിയർ അഡ്മിറലോ ഒരു എയർ വൈസ് മാർഷലോ ആയിരിക്കുന്നതാണ്. കര-നാവിക-വ്യോമസേനാവിഭാഗങ്ങളുമായി ബന്ധപ്പെട്ട സിവിൽ സർവീസ് കേസുകളും സൈനിക കോടതി വിധികളിന്മേലുള്ള അപ്പീലുകളും, ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണൽ വിചാരണ ചെയ്യുമ്പോൾ, അഡ്മിനിസ്‌ട്രേറ്റീവ് മെംബർ എന്ന നിലയിൽ ട്രൈബ്യൂണലിൽ ഹാജരാകുന്നത്, ജഡ്ജ് അഡ്വക്കേറ്റ്-ജനറലായി ഒരു വർഷമെങ്കിലും സേവനമനുഷ്ഠിച്ചിട്ടുള്ള മേൽപറഞ്ഞ റാങ്കുകളിലേതിലെങ്കിലും പെടുന്ന സേനാ ഓഫീസറായിരിക്കും. സേനാംഗങ്ങൾക്കെതിരായ സൈനിക നിയമലംഘനക്കുറ്റങ്ങൾ വിചാരണചെയ്യുന്ന സൈനിക കോടതിയിൽ, ഒരു ജഡ്ജ് അഡ്വക്കേറ്റ് ആയിരിക്കും ജഡ്ജ് അഡ്വക്കേറ്റ്-ജനറലിനെ പ്രതിനിധാനം ചെയ്യുന്നത്. ജഡ്ജ് അഡ്വക്കേറ്റുമാർ ജഡ്ജ് അഡ്വക്കേറ്റ്-ജനറലിന്റെ വകുപ്പിലുള്ള സൈനിക നിയമവിദഗ്ധരായ ഓഫീസർമാരാണ്. ജഡ്ജ് അഡ്വക്കേറ്റ്-ജനറൽ ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണലിനും, ജഡ്ജ് അഡ്വക്കേറ്റുമാർ സൈനികകോടതിക്കും കേസുമായി ബന്ധപ്പെട്ട സൈനിക നിയമപരമായ കാര്യങ്ങൾ സംബന്ധിച്ച് വേണ്ട ഉപദേശങ്ങൾ നൽകുന്നതായിരിക്കും. ഇന്ത്യൻ സേനയിൽ ഒരു പ്രത്യേക ജെഎജി (JAG) വിഭാഗം തന്നെയുണ്ട്. നിയമബിരുദധാരികളിൽനിന്നുമാത്രമായിരിക്കും ഈ വിഭാഗത്തിലേക്കുള്ള കര-നാവിക-വേ്യാമസേനാ ഓഫീസർമാരെ തെരഞ്ഞെടുക്കുന്നത്.

(അവലംബം)