നമ്മുടെ രാജ്യത്തെ കോടതികൾ - 20

അബൂആദം അയ്മൻ

2022 നവംബർ 19, 1444 റബീഉൽ ആഖിർ 24

വാദം കേൾക്കൽ

സാക്ഷിവിസ്താരം കഴിഞ്ഞാൽ അടുത്ത ഘട്ടം കോടതി ഇരുഭാഗത്തിന്റെയും വാദങ്ങൾ (arguments) കേൾക്കുകയെന്നതാണ്. വാദം കേൾക്കൽ (hearing) പൂർത്തിയായാൽ അന്നുതന്നെയോ, അല്ലെങ്കിൽ പതിനഞ്ചുദിവസങ്ങൾക്കകമോ കോടതി വിധിപ്രഖ്യാപിക്കുന്നതാണ്. വിധിന്യായത്തിൽ (judgement) കോടതി ഏതുവിധമാണ് വാദമുഖങ്ങൾ ഓരോന്നും തീർച്ചചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കിയിരിക്കും. മാത്രമല്ല, ഇങ്ങനെയുള്ള ഒരു നിഗമനത്തിൽ എങ്ങനെയാണ് എത്തിച്ചേർന്നതെന്നും അതിനുള്ള കാരണങ്ങൾ എന്തൊക്കെയെന്നും അതിൽ വ്യക്തമാക്കുന്നതാണ്. വിധിന്യായത്തിന്റെ അവസാനഭാഗത്ത്, കോടതി ഈ കേസിൽ പുറപ്പെടുവിക്കുന്ന ആജ്ഞകളും നിർദേശങ്ങളും ഉണ്ടായിരിക്കും. അന്യായത്തിൽ ആവശ്യപ്പെട്ടിരുന്ന നിവർത്തികളിൽ ഏതെല്ലാം എപ്രകാരമാണ് അനുവദിച്ചിരിക്കുന്നതെന്നും ഈ ഭാഗത്ത് വ്യക്തമാക്കുന്നതാണ്.

കോടതി മേൽപറഞ്ഞ ഭാഗത്ത് പറഞ്ഞിരിക്കുന്ന ഉത്തരവുകളെ ആശ്രയിച്ചുകൊണ്ട് കേസിന്റെ ഡിക്രി (decree-വിധി) തയ്യാറാക്കുന്നു. കോടതിയിലെ ഒരു ഓഫീസർ ആയിരിക്കും ഡിക്രി തയ്യാറാക്കുക. ഇത് വിധിന്യായത്തിന് അനുരൂപമായിരിക്കണം. ഡിക്രിയിൽ തെറ്റുകൾ കടന്നുകൂടിയാൽ അത് തിരുത്താനും വിധിന്യായവുമായി ഡിക്രി യോജിക്കാതെവന്നാൽ അതിൽ വേണ്ട ഭേദഗതികൾ വരുത്താനും കോടതിക്ക് അധികാരമുണ്ട്.

വിധിന്യായങ്ങൾ

വിധിന്യായങ്ങൾ പലവിധമുണ്ട്. അവ താഴെപ്പറയും പ്രകാരമാണ്:

1) concurring judgement (സഹജഡ്ജിയോടു യോജിച്ചുള്ളതായ വിധി).

2) Concurring but separate judgements (യോജിച്ചുള്ളതെങ്കിലും ജഡ്ജിമാർ പ്രത്യേകം പ്രത്യേകം തയ്യാറാക്കിയിട്ടുള്ളതായ വിധികൾ).

3) declaratory judgement (ഒരു കേസിലെ വിവിധ കക്ഷികളുടെ നിയമപ്രകാരമുള്ള നില എന്തെന്ന് സ്ഥാപിച്ചുകൊണ്ടുള്ള കോടതിവിധി).

4) Definitive judgement (അപ്പീലിനു പോകാതിരിക്കുകയോ മാറ്റം വരുത്താതിരിക്കുകയോ ചെയ്യുന്നപക്ഷം ആത്യന്തികമായിത്തീരുന്ന വിധി).

5) Dissenting judgement (സഹജഡ്ജിയുടെ വിധിയോട് വിയോജിച്ചുകൊണ്ടുള്ള വിധി, വിയോജനവിധി, ഭിന്നാഭിപ്രായ വിധി).

6) Final judgement (കേസിലെ എല്ലാ തർക്കവിഷയങ്ങളും തീരുമാനിച്ചുകൊണ്ടുള്ള കോടതിയുടെ അന്തിമവിധി. ഇതിൽ കേസിന്റെ സംക്ഷിപ്തവിവരണം, കേസിൽ തീരുമാനിക്കേണ്ടതായ തർക്കസംഗതികൾ, അതിന്മേലുള്ള തീരുമാനങ്ങൾ, ഈ തീരുമാനങ്ങൾക്കുള്ള കാരണങ്ങൾ എന്നിവയുണ്ടായിരിക്കും).

7) Foreign judgement (വിദേശരാജ്യകോടതിയുടെ വിധി).

8) interlocutory judgement (ഇടക്കാല വിധി).

9) Majortiy judgement (ഭൂരിപക്ഷ വിധി).

10) Unanimous judgement (ഏകകണ്ഠ വിധി, ഏകാഭിപ്രായ വിധി).

11) Judgement in personam (കേസിലെ കക്ഷികളെ മാത്രം ബാധിക്കുന്ന വിധി).

12) Judgement in rem (കേസിലെ കക്ഷികളെ മാത്രമല്ല, സർവമാന പേരെയും ബന്ധിക്കുന്ന വിധി).

13) Judgement of acquittal (പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി).

14) Judgement of affirmation (കീഴ്‌ക്കോടതിവിധി സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള അപ്പീൽ കോടതി വിധി, കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീൽ തള്ളിക്കൊണ്ടുള്ള വിധി).

15) Judgement of conviction (പ്രതി കുറ്റക്കാരനാണെന്നു കണ്ടുകൊണ്ടുള്ള കോടതിവിധി).

16) Judgement of reversal (കീഴ്‌ക്കോടതിവിധി അസ്ഥിരപ്പെടുത്തിക്കൊണ്ടുള്ള അപ്പീൽ കോടതി വിധി, കീഴ്‌ക്കോടതിവിധിക്കെതിരായ അപ്പിൽ അനുവദിച്ചു കൊണ്ടുള്ള വിധി).

ഡിക്രികളും പലവിധമുണ്ട്:

1) ഒരു കേസിൽ കക്ഷികൾ സമ്മതിച്ചപ്രകാരം കോടതി കൈക്കൊള്ളുന്ന തീരുമാനം ((consent decree or agreed verudict). ഈ വിധിക്കെതിരെ അപ്പീൽ പോകാനാവുന്നതല്ല.

2) വാദിയുടെ അവകാശം സ്ഥാപിച്ചുകൊണ്ടുള്ള കോടതിവിധി (declaratory decree).

3) കേസിലെ എല്ലാ തർക്കവിഷയങ്ങളും തീരുമാനിച്ചുകൊണ്ടുള്ള കോടതിയുടെ അന്തിമവിധി (final decree).

4) കേസിനിടയിൽ സംജാതമാകുന്ന ഏതെങ്കിലും പ്രശ്‌നത്തിന്മേലുള്ള കോടതിയുടെ തീർപ്പ് (inter locutory decree).-

5) ഒന്നിലധികം പേർക്ക് അനുകൂലമായോ പ്രതികൂലമായോ കോടതി പുറപ്പെടുവിക്കുന്ന കൂട്ടായുള്ള വിധിച്ചി(joint decree).-

6) ചില പ്രത്യേകതരം കേസുകളിൽ (ഭാഗക്കേസുകളിലും മറ്റും) കോടതി പുറപ്പെടുവിക്കുന്ന പ്രാരംഭ വിധി(preliminary decree). തുടർനടപടികൾ നടത്തിയാലേ ഇവിടെ എല്ലാ തർക്ക വിഷയങ്ങളിലുമുള്ള അന്തിമതീരുമാനം ഉണ്ടാകൂ.

കേസിനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാനരേഖയാണ് ഡിക്രി. കോടതിയിൽ അപേക്ഷിച്ചാൽ ഡിക്രിയുടെ അടയാളസഹിതപകർപ്പ് ലഭിക്കുന്നതാണ്. അനുകൂലവിധി നേടിയ വാദിയോ (plaintiff decree holder), അനുകൂലവിധി നേടിയ പ്രതിയോ (defendant decree holder)ആയിരിക്കും വിധിസംഖ്യയ്ക്ക് (decree amount) അവകാശിയായിത്തീരുന്ന വിധിയുടമ (decree holder). വിധി പ്രതികൂലമാകുന്ന കക്ഷിക്ക് ആ ഇനം കേസിന്റെ അപ്പീൽ കേൾക്കാനുള്ള അധികാരം നൽകപ്പെട്ടിട്ടുള്ള കോടതിയിൽ അപ്പീൽ ബോധിപ്പിക്കാം. മുൻസിഫ് കോടതിയുടെ വിധികളിന്മേലുള്ള അപ്പീലുകൾ ഫയൽ ചെയ്യേണ്ടത് ജില്ല കോടതിയിലാണ്. ഇവയിൽനിന്നും ജില്ല കോടതി സബ്‌കോടതിയെ ഏൽപിക്കുന്ന കേസുകൾ ആ കോടതി വാദം കേട്ട് തീരുമാനിക്കും. മുൻസിഫ് കോടതിയിൽനിന്നും സബ്‌കോടതിയിൽനിന്നുമുള്ള അപ്പീലുകൾ ജില്ല കോടതിയും വാദം കേട്ട് തീരുമാനിക്കുന്നതാണ്.

ഒരു കോടതിക്ക് സ്വന്തം വിധി ചില സാഹചര്യങ്ങളിൽ പുനപ്പരിശോധിക്കുന്നതിനുള്ള-റിവ്യൂ ചെയ്യുന്നതിനുള്ള-അധികാരം ഉണ്ട്. വിധി പ്രഥമദൃഷ്ട്യാ തെറ്റാണെന്നോ, ന്യൂനതയുള്ളതാണെന്നോ വരുമ്പോഴാണ് ആ കോടതിയിൽത്തന്നെ റിവ്യൂ ഹർജി ബോധിപ്പിക്കുന്നത്. ഇതിനുള്ള സമയപരിധി 30 ദിവസമായിരിക്കും. കീഴ്‌ക്കോടതിയുടെ അപ്പീലില്ലാത്ത ഉത്തരവുകളിലെ പിഴവുകൾ തിരുത്തുന്നതിനോ, ഉത്തരവുകൾ മെച്ചപ്പെടുത്തുന്നതിനോ വേണ്ടി മേൽക്കോടതി നടത്തുന്ന ആ ഉത്തരവുകളുടെ പുതുക്കലാണ് റിവിഷൻ (revision). റിവിഷൻ ഹർജി 90 ദിവസത്തിനകം സമർപ്പിച്ചിരിക്കേണ്ടതാണ്. ഒരു കോടതിയുടെ പരിഗണനയിൽ ഒരു കേസ് നിലവിലിരിക്കെ ആ കോടതി ന്യായയുക്തമായ സംശയമുള്ള ഒരു കാര്യമോ, സങ്കീർണമായ ഒരു പ്രശ്‌നമോ (ഉദാ: ആ കേസിന്റെ തീരുമാനത്തിനാവശ്യമായ ഏതെങ്കിലും നിയമത്തിന്റെയോ, ഓർഡിനൻസിന്റെയോ, റെഗുലേഷന്റെയോ, അല്ലെങ്കിൽ ഇവയിലെ ഏതെങ്കിലും വകുപ്പിന്റെയോ സാധുതയോ, പ്രവർത്തനരഹിതാവസ്ഥയോ ഉൾക്കൊള്ളുന്ന പ്രശ്‌നം) സംബന്ധിച്ച് ഹൈക്കോടതിയുടെ അഭിപ്രായം തേടുന്ന നടപടിയാണ് റഫറൻസ് (reference).

ഒരു കേസിൽ വിചാരണക്കോടതിയുടെതായാലും അപ്പീൽ കോടതിയുടെതായാലും വിധി അത്യന്തികമായിത്തീരുമ്പോഴാണ് വിധി നടത്തപ്പെടുന്നത്. ആത്യന്തികവിധി പ്രഖ്യാപിച്ച കോടതിയിൽ അനുകൂലവിധി നേടിയ കക്ഷിക്ക്, ആ കോടതിയിൽ അപേക്ഷിച്ചാൽ ഡിക്രിയുടെ അടയാളസഹിത പകർപ്പു ലഭിക്കും. വിധിനടത്തുകോടതിയിൽ ആ പകർപ്പ് ഹാജരാക്കി അപേക്ഷിച്ചാൽ വിധി നടത്തിക്കിട്ടുന്നതുമാണ്.

കാലഹരണം

കോടതിയിൽ കേസുകൾ കൊടുക്കുന്ന കാര്യത്തിൽ നേരിടാവുന്ന ചില നിയമവിലക്കുകൾക്കെതിരെ കക്ഷികൾ ജാഗ്രതപുലർത്തേണ്ടതുണ്ട്. കാലഹരണം ((Limitation) ആണ് ഇവയിലൊന്ന്. കാലഹരണതീയതിക്കു മുമ്പ് വാദി കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കണം. അല്ലാത്തപക്ഷം കോട തിക്ക് ആ കേസ് തള്ളിക്കളയാവുന്നതാണ്.

നിയമതടസ്സം

ഒരിക്കൽ തീർച്ചചെയ്യപ്പെട്ടുകഴിഞ്ഞ ഒരു തർക്കവിഷയം, അതുമായി ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ വീണ്ടും ഒരു കേസിൽ ഉന്നയിക്കുന്നതിന് നിയമതടസ്സം Resjudicata) ഉണ്ടായിരിക്കും. ‘റെസ്ജൂഡിക്കേറ്റാ’ ഒരു ലാറ്റിൻ പദമാണ്. ‘ഒരിക്കൽ തീരുമാനിച്ചത്’ എന്നാണ് ആ വാക്കിന്റെ അർഥം. സിവിൽകേസിൽ ഇങ്ങനെ ഒരു അന്യായം സമർപ്പിക്കപ്പെട്ടാൽ പ്രതിക്ക് ഈ നിയമതടസ്സവാദം ഉന്നയിച്ച് കേസ് തള്ളിക്കളയിക്കാവുന്നതാണ്. ഒരേ താൽപര്യക്കാർക്ക് ഒരേ പ്രശ്‌നത്തെക്കുറിച്ചുള്ള വിധിക്കായി ഒന്നിലധികം തവണ കോടതിയെ സമീപിക്കാൻ അവകാശമില്ല. ഒരിക്കൽ ഉന്നയിച്ചതോ, ഉന്നയിക്കേണ്ടിയിരുന്നതോ ആയ വാദമുഖങ്ങൾ പിന്നീട് ഉന്നയിക്കുന്നതിന് അനുവാദം നൽകാൻ കോടതിക്ക് അധികാരമില്ല. കോടതിയുടെ അധികാരപരിധി ആദ്യത്തെ കേസ്മൂലം ആ കാര്യത്തിൽ അടഞ്ഞുപോയിരിക്കുന്നു എന്നതാണ് ഈ നിയമതടസ്സത്തിനു കാരണം.

(അവലംബം)