നമ്മുടെ രാജ്യത്തെ കോടതികൾ

അബൂആദം അയ്മൻ

2022 ഡിസംബർ 24, 1444 ജുമാദുൽ ഊല 29

(ഭാഗം:21 )

ഗവണ്മെന്റ് പ്ലീഡർ

ഗവണ്മെന്റ് പ്ലീഡർ (Government Pleader), ഹൈക്കോടതിയിൽ ഗവൺമെന്റിന്റെ സിവിൽ കേസുകൾ നടത്തുന്നതിനുവേണ്ടി അതതുകാലത്തെ ഗവണ്മെന്റുകൾ അഡ്വക്കേറ്റ് ജനറൽ തയ്യാറാക്കുന്ന സിവിൽ അഭിഭാഷകരുടെ പാനലിൽനിന്ന് നിയമിക്കുന്ന അഭിഭാഷകനായിരിക്കും. അധികാരപ്പെടുത്തുന്നപക്ഷം ക്രിമിനൽ കേസുകളും നടത്താവുന്നതാണ്. ഒരു നിശ്ചിത കാലത്തേക്കായിരിക്കും നിയമനം. പുനർനിയമനവും ആകാവുന്നതാണ്.

സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ (Special Government Pleader) ചില പ്രത്യേക സിവിൽ കേസുകൾ നടത്തുന്നതിന് ഗവണ്മെന്റ് പ്രത്യേകമായി നിയമിക്കുന്ന സിവിൽ അഭിഭാഷകനാണ്. കേസിന്റെ തീർച്ചയോടെ നിയമനകാലാവധിയും അവസാനിക്കും.

ഗവണ്മെന്റിനുവേണ്ടി ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതിയിൽ യഥാക്രമം സിവിലും ക്രിമിനലും കേസുകൾ നടത്തുന്നതിനായി, ജില്ലാകലക്ടർ ജില്ലാജഡ്ജിയുമായി ആലോചിച്ച് തയ്യാറാക്കുന്ന അഭിഭാഷകരുടെ പാനലിൽനിന്ന് അതതുകാലത്തെ ഗവണ്മെന്റുകൾ നിയമിക്കുന്ന അഭിഭാഷകനാണ് ഡിസ്ട്രിക്റ്റ് ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക്ക് പ്രോസിക്യൂട്ടർ (District Government Pleader and Public Prosecutor). ഒരു നിശ്ചിത കാലത്തേക്കായിരിക്കും നിയമനം.

ഗവണ്മെന്റിനുവേണ്ടി ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ യഥാക്രമം സിവിലും ക്രിമിനലും കേസുകളും, സബ് കോടതിയിൽ സിവിൽ കേസുകളും അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ ക്രിമിനൽ കേസുകളും നടത്തുന്നതിനായി, മേൽപറഞ്ഞ പ്രകാരമുള്ള പാനലിൽനിന്ന് അതതുകാലത്തെ ഗവണ്മെന്റുകൾ നിയമിക്കുന്ന അഭിഭാഷകനാണ് ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക്ക് പ്രോസിക്യൂട്ടർ Government Pleader and Public Prosecutor). ഒരു നിശ്ചിത കാലത്തേക്കായിരിക്കും നിയമനം.

ഗവൺ‌മെന്റിന്റെ അഭിഭാഷകൻ ഗവൺ‌െമൻറ് കൗൺസെൽ (Governmen Counsel) എന്നും സ്ഥിരം അഭിഭാഷകൻ സ്റ്റാൻഡിംഗ് കൗൺസെൽ (Standing Counsel) എന്നുമാണ് അറിയപ്പെടുക. സംസ്ഥാന ഗവണ്മെന്റിന് സുപ്രീംകോടതിയിൽ സ്റ്റാൻഡിംഗ് കൗൺസെൽ ഉണ്ട്. അഡ്വക്കേറ്റ് ജനറൽ തയ്യാറാക്കുന്ന, സംസ്ഥാന ഗവണ്മെന്റിനുവേണ്ടി മൂന്നുവർഷമെങ്കിലും അഡ്വക്കറ്റ് ഓൺ റിക്കോർഡ് ആയി പ്രവർത്തിച്ച് പരിചയമുള്ളവരായ അഭിഭാഷകരുടെ പാനലിൽനിന്നുമാണ് സംസ്ഥാനത്തിന്റെ സുപ്രീംകോടതിയിലെ സ്റ്റാൻഡിംഗ് കൗൺസെലിനെ നിയമിക്കുക.

അഭിഭാഷകർ

സ്വകാര്യവ്യക്തികൾ തമ്മിലുള്ള കേസുകളിൽ നീതിന്യായനിർവഹണ കാര്യങ്ങളിൽ ന്യായാധിപന് അവരുടെ അഭിഭാഷകരിൽനിന്നും ലഭിക്കുന്ന സേവനം വിലപ്പെട്ടതാണ്. കഴിവിന്റെയും പരിചയസമ്പത്തിന്റെയും അടിസ്ഥാനത്തിൽ അവർക്കു പ്രത്യേക പദവികളും കോടതികൾ അംഗീകരിച്ചു നൽകുന്നുണ്ട്. ലീഡിംഗ് അഡ്വക്കേറ്റ്, കോടതിയിൽ ധാരാളം കേസുകൾ വിജയകരമായി കൈകാര്യം ചെയ്തുപോരുന്നതും സഹപ്രവർത്തകരുടെ മുൻനിരയിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ളതുമായ പ്രഗത്ഭ അഭിഭാഷകനായിരിക്കും. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും, കഴിവിന്റെയും നിയമകാര്യങ്ങളിലുള്ള വൈദഗ്ധ്യം, അനുഭവസമ്പത്ത് എന്നിവയുടെയും അടിസ്ഥാനത്തിൽ അർഹരായ അഭിഭാഷകർക്ക് ‘സീനിയർ അഡ്വക്കേറ്റ്’ പദവി നൽകാവുന്നതാണ്. സീനിയർ അഡ്വക്കേറ്റ് താൻ ഹാജരാകുന്ന കേസിൽ വക്കാലത്ത് ഹാജരാക്കേണ്ടതില്ല. കൂടെ ഹാജരാകുന്ന അഡ്വക്കേറ്റിന്റെ വക്കാലത്ത് മതിയാകുന്നതായിരിക്കും. സീനിയർ അഡ്വക്കേറ്റ് കോടതിയിൽ കേസ് ഫയൽചെയ്യുന്നതും മറ്റൊരു അഡ്വക്കേറ്റ് മുഖേന ആയിരിക്കും. സുപ്രീം കോടതിയിൽ കേസുകൾ ഫയൽചെയ്യാനും, കേസുകൾ വാദിക്കാനും അധികാരപ്പെട്ട അഭിഭാഷകനാണ് ‘അഡ്വക്കേറ്റ് ഓൺ റിക്കോർഡ്.’ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിൽ ഏഴു വർഷമെങ്കിലും പ്രാക്ടീസ് ചെയ്തവരും ഒരു അഡ്വക്കേറ്റ് ഓൺ റിക്കോർഡിന്റെ കീഴിൽ പ്രവർത്തിച്ച് ഒരു വർഷത്തെ പരിശീലനം സിദ്ധിച്ചവരും, സുപ്രീം കോടതി നടത്തുന്ന അഡ്വക്കേറ്റ് ഓൺ റിക്കോർഡ് പരീക്ഷ പാസ്സായിട്ടുള്ളവരുമായ അഭിഭാഷകർക്കാണ് ഈ സ്ഥാനത്തിനുള്ള യോഗ്യത. ഇവർ സുപ്രീംകോടതിയിൽനിന്ന് ഒരു നിർദിഷ്ട ദൂരപരിധിക്കുള്ളിൽ താമസിക്കുന്നവരുമായിരിക്കണം. സുപ്രീം കോടതിയിൽ ഇവരിൽക്കൂടി മാത്രമെ കക്ഷികൾക്ക് കേസുകൾ ഫയൽ ചെയ്യാനാവുകയുള്ളൂ. സിവിൽ ലോയർ സിവിൽ നിയമങ്ങളിൽ പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുള്ള അഭിഭാഷകനും ക്രിമിനൽ ലോയർ ക്രിമിനൽ നിയമങ്ങളിൽ പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുള്ള അഭിഭാഷകനുമാണ്.

അമിക്കസ്‌ക്യൂറി

ചില കേസുകളിൽ വിഷമകരമായ എന്തെങ്കിലും നിയമപ്രശ്‌നം പരിഹരിച്ചുകിട്ടുന്നതിൽ സഹായിക്കുന്നതിലേക്കോ, പൊതുതാൽപര്യാർഥമുള്ള എന്തെങ്കിലും കാര്യം വിശദീകരിച്ചുകിട്ടുന്നതിലേക്കോവേണ്ടി, കോടതി പ്രഗത്ഭനായ ഏതെങ്കിലും അഭിഭാഷകനെ ക്ഷണിച്ചുവരുത്താറുണ്ട്. ഒരു കക്ഷിക്കുവേണ്ടിയല്ലാതെ ഒരു കേസിൽ ഇപ്രകാരം കോടതിയിൽ ഹാജരാകുന്ന അഭിഭാഷകനെ ‘കോടതിയുടെ സുഹൃത്ത്’ (amicuscuriae-ലാറ്റിൻ) എന്ന നിലയിലാണ് കോടതിയും നിയമലോകവും പരിഗണിച്ചുപോരുന്നത്.

ബാരിസ്റ്റർ

ബാരിസ്റ്റർ (Barrister) ഇംഗ്ലണ്ടിലെ ഉന്നത കോടതികളിൽ കേസുകൾ വാദിക്കാൻ അവകാശമുള്ള അഭിഭാഷകനാണ്. സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് ഇന്ത്യയിലെ ഉന്നത കോടതികളിൽ ഇന്ത്യക്കാരായ ബാരിസ്റ്റർമാരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ബാരിസ്റ്റർമാരായിരുന്നു നമ്മുടെ പ്രമുഖരായ സ്വാതന്ത്യസമരസേനാനികളിൽ പലരും.

ലണ്ടനിലെ വിഖ്യാതങ്ങളായ ലിങ്കൻസ് ഇൻ, മിഡിൽ ടെംപ്ൾ, ഇന്നർ ടെംപ്ൾ എന്നീ നിയമസ്ഥാപനങ്ങളിൽ ഏതെങ്കിലുമൊന്നിൽ താമസിച്ചാണ് ഇവർ നിയമപഠനവും അഭിഭാഷകപരിശീലനവും നടത്തുന്നത്. സ്വയംഭരണ സ്വാതന്ത്ര്യത്തോടുകൂടിയതും, ദ് ഇൻസ് ഓഫ് കോർട്ട് (the Inns of Court) എന്ന് അറിയപ്പെടുന്നതുമായ ഈ ലോകപ്രശസ്ത സ്ഥാപനങ്ങൾ നൂറ്റാണ്ടുകളായി വിദ്യാർഥികൾക്ക് സമഗ്രമായ നിയമ വിദ്യാഭ്യാസവും അഭിഭാഷകപരിശീലനവും നൽകിപ്പോരുന്നതിനു പുറമെ ബാർ അറ്റ് ലാ (Bart-at-Law) പരീക്ഷ നടത്തി വിജയികളെ ബാരിസ്റ്റർ ബിരുദം നൽകി അഭിഭാഷകവൃത്തിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുപോന്നിരുന്നു. എന്നാൽ ഇപ്പോൾ നിയമവിദ്യാഭ്യാസം നൽകുന്നതിന്റെയു പരീക്ഷാനടത്തിപ്പിന്റെയും ചുമതല വഹിക്കുന്നത് ഇംഗ്ലണ്ടിലെ നിയമവിദ്യാഭ്യാസ സമിതി (council of legal education) ആണ്. ഒരു ബാരിസ്റ്റർ താൻ പഠിച്ച നിയമസ്ഥാപനത്തിലെ ആജീവനാന്ത അംഗമായിരിക്കും.

ലോ കോളജുകൾ

ഇന്ത്യയിൽ നിയമവിദ്യാഭ്യാസം നൽകുന്നത് ലോകോളജുകളിലാണ്. രാജ്യത്തെ എല്ലാ യൂണിവേഴ്‌സിറ്റികളുടെയും കീഴിൽ ലോ കോളജുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ കോളജുകൾ രാജ്യാന്തരതലത്തിൽ ഉന്നത നിലവാരം പുലർത്തുന്നവയുമാണ്. നിയമവിദ്യാർഥികളുടെ പരിശീലനാർഥം ലോ കോളജുകളിൽ സാങ്കൽപിക കേസുകൾ വാദിക്കുന്നതിനായുള്ള കാൽപനിക കോടതികൾ സംഘടിപ്പിച്ചുപോരുന്നുമുണ്ട്. ഉന്നതനിലവാരം പുലർത്തുന്ന അഭിഭാഷകരെ രാജ്യത്തിന് പ്രദാനം ചെയ്തുപോരുന നമ്മുടെ ലോ കോളജുകളുടെ സേവനങ്ങൾ ഏറെ വിലപ്പെട്ടതാണ്.

ന്യായാധിപന്മാരും അഭിഭാഷകരും ഗൗൺ ധരിച്ചുവേണം കോടതിയിൽ ഹാജരാകാൻ. കോടതിയിലെ സാധാരണ വേഷത്തിനു പുറമെ ധരിക്കുന്ന നീണ്ടതും അയവുള്ളതും മുൻവശം തുറന്നതുമായ കറുത്ത അങ്കിയാണ് ഗൗൺ.

ബാർ കൗൺസിൽ

അഭിഭാഷകനിയമ (Advocates Act) പ്രകാരം സംഘടിപ്പിക്കപ്പെട്ടിട്ടുള്ള അഭിഭാഷസമിതിയാണ് ബാർ കൗൺസിൽ. അഭിഭാഷകയുടെ ഒരു പൊതു പട്ടിക സൂക്ഷിക്കുക, അവരുടെ തൊഴിൽപരമായ പെരുമാറ്റത്തിന്റെ മാനദണ്ഡങ്ങൾ വ്യവസ്ഥചെയ്യുക, അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക, അവർക്കതിരെ അച്ചടക്കനടപടി സ്വീകരിക്കുക, അഭിഭാഷകരാകാൻ യോഗ്യമായ നിയമബിരുദം നൽകുന്ന സർവകലാശാലകൾക്ക് അംഗീകാരം നൽകുക എന്നിവ ഈ സമിതിയുടെ ചുമതലകളിൽ പെടുന്നു. ഇന്ത്യയ്ക്കും സംസ്ഥാനങ്ങൾക്കും പ്രത്യേകം പ്രത്യേകമായുള്ള ബാർ കൗൺസിലുകളുണ്ട്. ഇന്ത്യൻ ബാർ കൗൺസിൽ അംഗങ്ങളെ സംസ്ഥാന ബാർ കൗൺസിലുകളിലെ അംഗങ്ങളിൽനിന്നുമാണ് തിരഞ്ഞെടുക്കുന്നത്. ബാർ കൗൺസിലുകളിന്മേൽ പൊതുവായുള്ള നിയന്ത്രണവും മേലധികാരവും ഇന്ത്യൻ ബാർ കൗൺസിലിന് ഉണ്ടായിരിക്കുന്നതാണ്.

കോടതിയലക്ഷ്യം

കോടതിയലക്ഷ്യം (contempt of court) കാട്ടുന്നത് കുറ്റകരമായ നടപടിയാണ്. കോടതിയോടുള്ള അനാദരവും അവഹേളനവും കോടതി ഉത്തരവുകളുടെ ലംഘനവും മറ്റും കോടതിയലക്ഷ്യക്കുറ്റങ്ങളിൽ പെടും. കോടതിക്ക് കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യാം. ന്യായാസനത്തിൽ ഇരുന്നുകൊണ്ട് ന്യായാധിപൻ ഔദ്യോഗിക കൃത്യങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ ന്യായാധിപനെ മനപ്പൂർവം അധിക്ഷേപിക്കുകയോ, ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക്, ആറു മാസത്തെവരെ വെറും തടവോ, ആയിരം രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ നൽകാവുന്നതാണെന്ന് ഇന്ത്യൻ ശിക്ഷാനിയമം 228ാം വകുപ്പ് അനുശാസിക്കുന്നുണ്ട്.

വ്യവഹാര കാര്യങ്ങളിൽ വക്കീൽ ഗുമസ്തന്മാർ വഹിച്ചുപോരുന്ന പങ്ക് വലുതാണ്. അഭിഭാഷകർ കോടതികളിൽ ഹാജരാക്കേണ്ട അന്യായം, പ്രതികൾ, അപേക്ഷകൾ, പ്രമാണങ്ങൾ മുതലായവ അവർക്കുവേണ്ടി കോടതി ഉദ്യോഗസ്ഥരെ ഏൽപിക്കുന്നത് ഗുമസ്തന്മാരാണ്. അഭിഭാഷകനും കോടതിക്കും ഇടയിലും, അഭിഭാഷകനും കക്ഷികൾക്കും ഇടയിലുമുള്ള മുഖ്യകണ്ണിയാണ് ഗുമസ്തൻ. അഭിഭാഷകരംഗത്തെ പുതുമുഖങ്ങൾക്കു മാത്രമല്ല, ചില സന്ദർഭങ്ങളിൽ പ്രഗത്ഭരായ അഭിഭാഷകർക്കുപോലും കഴിവുള്ള ഗുമസ്തന്മാരുടെ ഓഫീസ് കാര്യങ്ങളിലുള്ള സേവനം ഒരളവിൽ വിലപ്പെട്ടതായിരിക്കും.

(അവലംബം)