മൗലികാവകാശങ്ങൾ

അബൂഫായിദ

2021 ജനുവരി 15, 1442 ജുമാദൽ ആഖിർ 12

ജനാധിപത്യരാജ്യത്തില്‍ പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്തുന്നതിന് ഒഴിവാക്കാന്‍ പാടില്ലാത്ത ചില പ്രാഥമിക അവകാശങ്ങള്‍ ഉണ്ടായിരിക്കണം. അതാണ് മൗലികാവകാശങ്ങള്‍ (Fundamental Rights) എന്നറിയപ്പെടുന്നത്. ജീവിക്കുന്നതിനും സഞ്ചരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശങ്ങള്‍ ഇതില്‍പ്പെടുന്നു.

ഇന്ത്യന്‍ ഭരണഘടനയിലെ മൂന്നാം ഭാഗത്തില്‍ 12 മുതല്‍ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൗലികവാകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിലൊഴിച്ച്, ഈ മൗലികാവകാശങ്ങള്‍ നിഷേധിക്കാനുള്ള അധികാരം ഭരണകൂടത്തിന് ഇല്ലായെന്ന് ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. നിയമത്തിന്റെ ദൃഷ്ടിയില്‍ എല്ലാ പൗരന്മാരെയും സമന്മാരായി കണക്കാക്കണമെന്നത് ഇത് പ്രകാരം മൗലികാവകാശമാകുന്നു. മൗലികാവകാശ ധ്വംസനമുണ്ടായാല്‍ കോടതി മുഖേന അതു സംരക്ഷിച്ചു കിട്ടുന്നതിനുള്ള അവകാശം പൗരനുണ്ട്. നിയമനിയന്ത്രണങ്ങള്‍ക്ക് വിധേയമായി വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം, രാജ്യത്തിനകത്തുള്ള സഞ്ചാരസ്വാതന്ത്ര്യം, രാജ്യത്തിനകത്ത് എവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം, തൊഴില്‍ സ്വാതന്ത്ര്യം എന്നിവയാണ് പ്രധാന മൗലികാവകാശങ്ങള്‍.

വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യമോ അപഹരിക്കുവാന്‍ പാടില്ലെന്ന് ഭരണഘടനയിലെ 21-ാം വകുപ്പായ ജീവസ്വാതന്ത്ര്യസംരക്ഷണം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയിലെ വിവിധ വകുപ്പുകള്‍ക്ക് വിധേയമായി പൗരന്മാരുടെ പേരില്‍ നിയമനടപടികള്‍ കൈക്കൊള്ളുന്നതിന് അവകാശമുണ്ട്. അടിമത്തം, ബാലവേല എന്നിവയും നിരോധിച്ചിട്ടുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി മതസ്വാതന്ത്ര്യത്തിനുള്ള അവകാശം രാജ്യത്തിലെ ജനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൗരസമൂഹത്തില്‍പ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള പ്രത്യേകമായ അവകാശം ഭരണഘടന പരിരക്ഷിക്കുന്നു.

മതസ്വാതന്ത്ര്യം എന്നത് ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ മതസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന ഒരു തത്വമാണ്. പൊതുവായി അല്ലെങ്കില്‍ സ്വകാര്യമായി, ഇഷ്ടപ്പെട്ട മതം വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും അത് പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം, ആരാധനയ്ക്കുള്ള അവകാശം, മതസ്ഥാപനങ്ങള്‍ ഉണ്ടാക്കാനും സ്ഥാവര ജംഗമ സ്വത്തുക്കള്‍ ആര്‍ജിക്കാനുമുള്ള അവകാശം, എന്നിവയ്‌ക്കൊപ്പം ഒരാളുടെ മതമോ വിശ്വാസങ്ങളോ മാറ്റാനോ ഉപേക്ഷിക്കാനോ ഉള്ള അവകാശം, ഏതെങ്കിലും മതമോ വിശ്വാസമോ പ്രകടിപ്പിക്കാതിരിക്കാനുള്ള അവകാശം എന്നിവയെല്ലാം മതസ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്നു. മതസ്വാതന്ത്ര്യത്തെ മിക്ക രാജ്യങ്ങളും ഒരു മൗലിക മനുഷ്യാവകാശമായി കണക്കാക്കുന്നു.

ഔദ്യോഗിക മതമുള്ള ഒരു രാജ്യത്ത്, മതസ്വാതന്ത്ര്യം എന്നതുകൊണ്ട് പൊതുവെ കണക്കാക്കുന്നത് ഔദ്യോഗിക മതത്തിന് പുറമെ മറ്റുവിഭാഗങ്ങളുടെ മതപരമായ ആചാരങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കുന്നുവെന്നും മറ്റുവിശ്വാസങ്ങളില്‍ വിശ്വാസികളെ ഉപദ്രവിക്കുന്നില്ലെന്നുമാണ്.

1993ല്‍ യുഎന്നിന്റെ മനുഷ്യാവകാശ സമിതി സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 18ല്‍ ‘ദൈവശാസ്ത്രപരവും ദൈവശാസ്ത്രപരമല്ലാത്തതും നിരീശ്വരവാദപരവുമായ വിശ്വാസങ്ങളെയും ഒപ്പം ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുള്ള അവകാശത്തെയും സംരക്ഷിക്കുന്നു' എന്ന് പ്രഖ്യാപിച്ചു. ‘ഒരു മതം അല്ലെങ്കില്‍ വിശ്വാസം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം' എന്നത് ഒരു മതം അല്ലെങ്കില്‍ വിശ്വാസം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം ഒരാളുടെ നിലവിലെ മതം അല്ലെങ്കില്‍ വിശ്വാസത്തെ മറ്റൊന്നിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള അവകാശവും നിരീശ്വരവാദ വീക്ഷണങ്ങള്‍ സ്വീകരിക്കുവാനുള്ള അവകാശവും ഉള്‍പ്പെടുന്നുവെന്ന് വ്യക്തമാക്കി.