നമ്മുടെ രാജ്യത്തെ കോടതികൾ - 21

അബൂആദം അയ്മൻ

2022 ഡിസംബർ 03, 1444 ജുമാദുൽ ഊല 08

വാദതടസ്സം

നിയമതടസ്സംമൂലം കേസുതന്നെ വിലക്കപ്പെടുമ്പോൾ കേസിലെ കക്ഷിക്ക് വാദങ്ങൾ ഉന്നയിക്കുന്ന കാര്യത്തിലും ചിലപ്പോൾ നിയമപ്രകാരമുള്ള വിലക്ക് അഥവാ വാദതടസ്സം (Estoppel) നേരിടാറുണ്ട്. നേരത്തെ പറഞ്ഞിട്ടുള്ള ഒരു കാര്യം പിന്നീട് നിഷേധിക്കാനോ ആ കാര്യ എതിർക്കാനോ ഓരാൾക്കുള്ള വിലക്കാണിത്. ഒരാൾ തന്റെ പ്രസ്താവനയിലൂടെയോ പ്രവൃത്തിയിലൂടെയോ ഉദാസീനതയിലൂടെയോ ഒരു കാര്യം സത്യമെന്ന് വിശ്വസിക്കുന്നതിനും, ആ വിശ്വാസത്തിന്മേൽ പ്രവർത്തിക്കുന്നതിനും മറ്റൊരാളെ മനപ്പൂർവം ഇടയാക്കുകയോ അനുവദിക്കുകയോ ചെയ്യുന്നതായാൽ, അയാളെയോ അയാളുടെ പ്രതിനിധിയെയോ, മറ്റെയാളുമായോ മറ്റെയാളുടെ പ്രതിനിധിയുമായോ പിന്നീടുണ്ടാകുന്ന ഒരു വ്യവഹാരത്തിലോ നിയമനടപടിയിലോ, ആ കാര്യം സത്യമല്ലെന്നു പറയാൻ അനുവദിക്കുന്നതല്ലെന്ന് ഇന്ത്യൻ തെളിവുനിയമം 115-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. പ്രമാണം ഹേതുവായുള്ള വാദതടസ്സം (Estoppel by Deed) ഒരാൾക്ക്, തനിക്കും ബാധകമായ ഒരു ആധാരത്തിൽ താൻ ചെയ്തതായി പറഞ്ഞിട്ടുള്ള കാര്യം പിന്നീട് നിഷേധിക്കാനാവുന്നതല്ല.

തടസ്സഹർജി

ഒരു കോടതിയിൽ ആരംഭിക്കാൻ പോകുന്നതോ, ആരംഭിച്ചുകഴിഞ്ഞതോ ആയ ഒരു കേസിൽ തനിക്കും താൽപര്യമുണ്ടെന്ന മുന്നറിയിപ്പു നൽകിയും ഈ കേസിൽ തന്നെക്കൂടി അറിയിക്കാതെ നടപടികൾ സ്വീകരിക്കരുതെന്ന് അപേക്ഷിച്ചുകൊണ്ടുള്ളതായ ഒരു തടസ്സഹർജി, ഒരാൾക്ക് പ്രസ്തുത കോടതിയിൽ സമർപ്പിക്കാവുന്നതാണ്. സിവിൽനടപടി നിയമം 118എ വകുപ്പുപ്രകാരമുള്ളതായ ഈ ഹർജി സമർപ്പിച്ചാൽ, പിന്നീട് ഹർജിക്കാരനെതിരെ ഉണ്ടാകാവുന്ന കേസുകളിൽ ഹർജിക്കാരനെ അറിയിക്കാതെ യാതൊരു ഉത്തരവും കോടതി പാസ്സാക്കുന്നതല്ല. ഹർജി സമർപ്പിച്ചുകഴിഞ്ഞാൽ അതിന് 90 ദിവസത്തേക്ക് പ്രാബല്യമുണ്ടായിരിക്കുന്നതാണ്.

കോടതികൾക്ക് കേസുകളിൽ ചില ഇടക്കാല ഉത്തരവുകളും പുറപ്പെടുവിക്കേണ്ടിവരുന്നുണ്ട്. ഇവയിലൊന്നാണ് കേസിലെ എതിർകക്ഷി എന്തെങ്കിലും ചെയ്യുന്നത് നിർത്തിവയ്ക്കണമെന്ന് ആജ്ഞാപിച്ചുകൊണ്ടുള്ള കോടതി ഉത്തരവായ ഇൻജങ്ഷൻ (injunction). ഇത് ഒരു നിരോധനം തന്നെയാണ്. അനന്തര ഉത്തരവുകൾക്കു വിധേയമായി കേസ് വാദം കേൾക്കുന്നതുവരേക്ക് കോടതി അനുവദിക്കുന്ന നിരോധനമാണ് ഇടക്കാല നിരോധനം അഥവാ താൽക്കാലിക നിരോധനം (interim injunction or temporary injunction). ഒരു കേസ് തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവിനോടൊപ്പം കോടതി അനുവദിക്കുന്ന നിരോധനമാണ് ശാശ്വതനിരോധനം (permanent injunction). നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യുന്നതിൽനിന്ന് ആരെയെങ്കിലും നിരോധിച്ചുകൊണ്ടുള്ള ഉത്തരവും (prohibitory injunction) ഉണ്ട്. മറ്റൊരുതരം ഇൻജങ്ഷനാണ് നിയമപരമായ ബാധ്യതകൾ നിറവേറ്റാൻ ആവശ്യമായതെന്തെങ്കിലും നിർബന്ധമായി ചെയ്യാൻ എതിർകക്ഷിക്ക് കോടതി നൽകുന്ന ആജ്ഞ (mandatory injunction). ഇൻജങ്ഷന് സമാനമായ ഒന്നാണ് സ്‌റ്റേ (stay). ഒരു ഉത്തരവ് നടപ്പാക്കുന്നതോ, ഒരു നടപടിയെടുക്കുന്നതോ, ഒരു നടപടി തുടരുന്നതോ നിർത്തിവയ്ക്കുന്നതിനുള്ള കോടതിയുടെ ഉത്തരവാണ് സ്‌റ്റേ ഉത്തരവ് (stay order). ഇടക്കാലത്തേക്കുള്ള നിർത്തിവയ്ക്കലും (interim stay), താൽക്കാലിക നിർത്തിവയ്ക്കലും (temporary stay), ശാശ്വതമായുള്ള നിർത്തിവയ്ക്കലും (permanent stay) ഉണ്ട്.

കമ്മീഷൻ

വ്യവഹാരവുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങൾ നിർവഹിക്കുന്നതിന്, കോടതിക്ക് അതിലേക്ക് അനുയോജ്യരായ ആരെയെങ്കിലും കമ്മീഷൻ (commision) ആയി നിയോഗിക്കാവുന്നതാണ്. രോഗമോ അവശതയോമൂലം ഹാജരാക്കാനാവാതെവരുന്ന സാക്ഷിയെ വാസസ്ഥലത്തെത്തി വിസ്തരിക്കുന്നതിനോ, സ്ഥലം സന്ദർശിച്ചുള്ള പരിശോധനയ്‌ക്കോ, സ്വത്തുക്കളുടെ ഭാഗംചെയ്യലിനോ, കേടുവരാതെ സൂക്ഷിക്കാനാവാത്ത വസ്തുക്കളുടെ വിൽപനക്കോ, ശാസ്ത്രീയമായ അന്വേഷണത്തിനോവേണ്ടി കോടതിക്ക് ഇപ്രകാരം അതത് കമ്മീഷനെ നിയോഗിക്കാവുന്നതാണ്.

റിസീവർ

കേസിൽപെട്ട തർക്കവസ്തുവിന്റെ കൈവശത്തിൽനിന്നോ സൂക്ഷിപ്പിൽനിന്നോ ആരെയെങ്കിലും നീക്കംചെയ്ത്, ആ വസ്തുവിന്റെ കൈവശത്തിന്റെയും സൂക്ഷിപ്പിന്റെയും സംരക്ഷണത്തിന്റെയും ഭരണത്തിന്റെയും ചുമതല വഹിക്കുന്നതിനുള്ള അധികാരം നൽകിക്കൊണ്ട് കോടതിക്ക് ആരെയെങ്കിലും ആ വസ്തുവിന്റെ റിസീവർ (receiver) ആയി നിയമിക്കാവുന്നതാണ്.

നീതിന്യായക്കോടതികളാണല്ലോ ജനങ്ങൾക്ക് നീതിനടത്തിക്കൊടുക്കുന്നത്. അവകാശങ്ങൾ നേടിയെടുക്കുന്നതിനോ, സംരക്ഷിക്കപ്പെട്ടുകിട്ടുന്നതിനോ വേണ്ടിയുള്ള സിവിൽ കേസുകളിൽ സിവിൽ കോടതികൾ നടപ്പാക്കുന്ന നീതി (civil justice), ക്രിമിനൽ കുറ്റം ചെയ്തവർക്കെതിരായ കേസുകളിൽ ക്രിമിനൽകോടതികൾ നടപ്പാക്കുന്ന നീതി (criminal justice), അനാഥക്കുട്ടികൾക്കും കുട്ടിക്കുറ്റവാളികൾക്കും വേണ്ട പരിചരണവും സംരക്ഷണവും പുനരധിവാസവും വ്യവസ്ഥചെയ്യുന്ന 2000ലെ ബാലനീതിനിയമപ്രകാരം ബാലലോകത്തിന് ജുവനൈൽ കോടതികൾ നടപ്പാക്കിക്കൊടുക്കുന്ന ബാലനീതി (juvenile justice), നിയമാനുസൃതമായുള്ള നീതി (legal justice), പൂർണനീതി (full justice), സ്വാഭാവിക നീതി (natural justice), സാമ്പത്തികനീതി (economic justice), സമാധാനലംഘനം, പൊതുജനങ്ങൾക്ക് വിനാശകരമായ പ്രവർത്തനങ്ങൾ തുടങ്ങിയവ തടയുന്നതിനും ഇവയ്‌ക്കെതിരെ പൊതുജനങ്ങൾക്ക് സംരക്ഷണം നൽകുന്നതിനും വേണ്ട അടിയന്തിരനടപടികൾ സ്വീകരിച്ചുകൊണ്ട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് നടപ്പിലാക്കുന്ന നീതി (preventive justice), പൊതുനീതി (public justice), സാമൂഹ്യനീതി (social justice), സാരവത്തായ നീതി (substantive justice) എന്നിങ്ങനെ വിവിധ രീതികളിൽപെടുന്ന നീതികളുണ്ട്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭാസ്പീക്കർ, കേന്ദ്രമന്ത്രിമാർ, സുപ്രീംകോടതി ജഡ്ജിമാർ, സംസ്ഥാന ഗവർണർമാർ, നിയമസഭാസ്പീക്കർമാർ, സംസ്ഥാന നിയമനിർമാണ കൗൺസിൽ ചെയർമാന്മാർ, സംസ്ഥാന മന്ത്രിമാർ. ഹൈക്കോടതി ജഡ്ജിമാർ എന്നിവർ സിവിൽ കോടതിയിൽ ഹാജരാകേണ്ടതില്ല.

സിവിൽ കേസുകളിൽ ഗവണ്മെന്റും കക്ഷിയായി (വാദിയായോയോ പ്രതിയായോ) വരാവുന്നതാണ്. ഗവണ്മെന്റ് കക്ഷിയല്ലാത്ത കേസുകളിൽ ഇരുപക്ഷത്തേക്കും വേണ്ടി അഭിഭാഷകരായിരിക്കും കോടതികളിൽ ഹാജരാകുന്നത്.

അറ്റോർണി ജനറൽ

സുപ്രീം കോടതിയിൽ കേന്ദ്രഗവണ്മെന്റ് കക്ഷിയായി (വാദിയായോ പ്രതിയായോ) വരുന്ന കേസുകളിൽ കേന്ദ്രഗവണ്മെന്റിനുവേണ്ടി ഹാജരാകുന്നത് അറ്റോർണി ജനറൽ (Attorney General) ആണ്. രാഷ്ട്രപതി അതതുകാലങ്ങളിൽ അഭിപ്രായത്തിനയയ്ക്കുന്ന നിയമപരമായ കാര്യങ്ങളിൽ കേന്ദ്രഗവൺമെന്റിന് ഉപദേശം നൽകുന്നതിനും, ചുമതലപ്പെടുത്തുന്ന നിയമസ്വഭാവമുള്ള മറ്റു കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനും, ഭരണഘടന പ്രകാരമോ തൽക്കാലത്തേക്ക് പ്രാബല്യത്തിലിരിക്കുന്ന മറ്റേതെങ്കിലും നിയമപ്രകാരമോ അർപ്പിതമാകുന്ന ചുമതലകൾ നിറവേറ്റുന്നതിനും വേണ്ടി ഇന്ത്യൻ ഭരണഘടന 76-ാം വകുപ്പുപ്രകാരം രാഷ്ട്രപതി നിയമിക്കുന്ന നിയമോദ്യോഗസ്ഥനാണ് അറ്റോർണി ജനറൽ, തന്റെ കർത്തവ്യനിർവഹണത്തിന് രാജ്യത്തെ ഏതു കോടതികളിലും കേന്ദ്രഗവൺമെന്റിനുവേണ്ടി ഹാജരാകാൻ അറ്റോർണി ജനറലിന് അവകാശമുണ്ട്. സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടാൻ യോഗ്യതയുള്ളയാളെയാണ് ഈ സ്ഥാനത്ത് നിയമിക്കുക. രാഷ്ട്രപതിക്ക് തൃപ്തിയുള്ളിടത്തോളംകാലം സ്ഥാനത്ത് തുടരാം. എന്നാൽ രാഷ്ട്രപതിയുടെ തൃപ്തി ഭരണഘടനാപരമായി കേന്ദ്രമന്ത്രിസഭയുടെ ഉപദേശത്തെ ആശ്രയിച്ചിരിക്കുമെന്നതിനാൽ അറ്റോർണി ജനറലിന്റെത് പ്രായോഗികമായി ഒരു രാഷ്ട്രീയനിയമനമായിരിക്കുന്നതാണ്.

സോളിസിറ്റർ ജനറൽ

സോളിസിറ്റർ ജനറൽ (Solicitor General) കേന്ദ്ര ഗവണ്മെന്റിന്റെ മുഖ്യ സോളിസിറ്ററാണ്. രാജ്യത്തെ പ്രഗത്ഭനായ ഒരു അഭിഭാഷകനെയായിരിക്കും ഈ സ്ഥാനത്ത് നിയമിക്കുക. ഇന്ത്യാഗവണ്മെന്റിന്റെ മുഖ്യ നിയമോപദേഷ്ടാവും കേസുകളിൽ കേന്ദ്രഗവണ്മെന്റിനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്ന പ്രഥമസ്ഥാനീയ അഭിഭാഷകനുമായ അറ്റോർണി ജനറലിനെ ചുമതലാനിർവഹണത്തിൽ സഹായിക്കുകയെന്നതാണ് സോളിസിറ്റർ ജനറലിന്റെ കർത്തവ്യം. കേന്ദ്രഗവണ്മെന്റിന്റെ രണ്ടാംസ്ഥാനീയ അഭിഭാഷകനായ സോളിസിറ്റർ ജനറലും കേന്ദ്രഗവൺമെന്റിന് നിയമോപദേശം നൽകുകയും കേസുകളിൽ കേന്ദ്രഗവണ്മെന്റിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുകയും ചെയ്യുന്നു. സോളിസിറ്റർ ജനറലിനെ ചുമതലാനിർവഹണത്തിൽ സഹായിക്കുന്നതിന് അഡീഷണൽ സോളിസിറ്റർ ജനറൽമാരും ഉണ്ടായിരിക്കുന്നതാണ്. അറ്റോർണി ജനറലിന്റെ നിയമനം ഭരണഘടനാപരമായ ഒന്നാണെങ്കിൽ, സോളിസിറ്റർ ജനറലിന്റെയും അഡീഷനൽ സോളിസിറ്റർ ജനറൽമാരുടെയും നിയമനങ്ങൾ ഇതിലേക്കുള്ള നിയമപ്രകാരം നടത്തുന്നവയായിരിക്കും.

അഡ്വക്കേറ്റ് ജനറൽ

ഹൈക്കോടതിയിൽ സംസ്ഥാന ഗവണ്മെന്റ് ഒരു കക്ഷിയായി വരുന്ന അസൽകേസുകളിലും പ്രധാനപ്പെട്ട ക്രിമിനൽ അപ്പീൽ കേസുകളിലും ഗവണ്മെന്റിനുവേണ്ടി ഹാജരാകുന്നത് അഡ്വക്കേറ്റ് ജനറൽ ആയിരിക്കും, ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാൻ വേണ്ട യോഗ്യതയുള്ളയാളെയാണ് ഭരണഘടന 165-ാം വകുപ്പുപ്രകാരം ഗവർണർ ഈ സ്ഥാനത്ത് നിയമിക്കുക. അഡ്വക്കേറ്റ് ജനറലായി നിയമിക്കപ്പെടുന്നയാൾക്ക് ഗവർണർക്കു തൃപ്തിയുള്ളിടത്തോളം കാലം ആ സ്ഥാനത്ത് തുടരാം. എന്നാൽ ഗവർണറുടെ തൃപ്തി ഭരണഘടനാപരമായി സംസ്ഥാന മന്ത്രിസഭയുടെ ഉപദേശത്തെ ആശ്രയിച്ചിരിക്കുമെന്നതിനാൽ, അഡ്വക്കേറ്റ് ജനറലിന്റെ നിയമനവും പ്രായോഗികമായി ഒരു രാഷ്ട്രീയനിയമനമായിരിക്കുന്നതാണ്. ആവശ്യമെങ്കിൽ അഡ്വക്കേറ്റ് ജനറലിനെ ചുമതലാനിർവഹണത്തിൽ സഹായിക്കുന്നതിനുവേണ്ടി, ഗവർണർക്ക് മേൽപ്രസ്താവിച്ച രീതിയിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാരെയും നിയമിക്കാവുന്നതാണ്.

(അവലംബം)