നമ്മുടെ രാജ്യത്തെ കോടതികൾ

അബൂആദം അയ്മൻ

2022 സെപ്തംബർ 10, 1444 സ്വഫർ 13

റെന്റ് കൺട്രോൾ കോടതി

റെന്റ് കൺട്രോൾ കോടതി (Rent Cotnrol Court) കെട്ടിടത്തിന്റെ വാടക നിശ്ചയിച്ചുകിട്ടുന്നതിനും കെട്ടിടത്തിൽനിന്ന് വാടകക്കാരെ ഒഴിപ്പിച്ചുകിട്ടുന്നതിനും മറ്റുമുള്ള ഹർജികൾ തീർച്ചചെയ്യുന്നതിനുള്ള കോടതിയാണ്. അതത് സ്ഥലത്തെ മുൻസിഫ് കോടതിയായിരിക്കും റെന്റ് കൺട്രോൾ കോടതിയായും പ്രവർത്തിക്കുക. മുൻസിഫ് റെന്റ് കൺട്രോളർകൂടിയായിരിക്കും. വിധിയിന്മേൽ സബ്‌കോടതിയിൽ അപ്പീൽ ബോധിപ്പിക്കാം.

മൊബൈൽ കോടതി

മൊബൈൽ കോടതി (Mobile Court) ട്രാഫിക് കുറ്റകൃത്യങ്ങൾ തുടങ്ങിയവ വിചാരണ ചെയ്യുന്ന കോടതിയാണ്. വാഹനത്തിൽ, തെരഞ്ഞെടുത്ത സ്ഥാനങ്ങളിലെത്തി ആ വാഹനത്തിൽത്തന്നെയായിരിക്കും കോടതി ചേരുക. റോഡിൽ നടക്കുന്ന ചില കുറ്റകൃത്യങ്ങൾ, മൃഗങ്ങൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ എന്നിവയും ഈ കോടതിയുടെ വിചാരണാധികാര പരിധിയിൽ വരുന്നതാണ്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ പദവിയിലുള്ള ആളാണ് മൊബൈൽ കോടതിയിലെ ന്യായാധിപൻ.

റെയിൽവേ മജിസ്‌ട്രേറ്റ് കോടതി

റെയിൽവേ മജിസ്‌ട്രേറ്റ് കോടതി (Railway Magistrate Court) റെയിൽ കുറ്റകൃത്യങ്ങൾ (റെയിൽവേ ടിക്കറ്റോ പാസ്സോ ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്യുക, റിസർവേഷൻ ഇല്ലാതെ റിസർവേഷൻ കംപാർട്ടുമെന്റിൽ സ്ഥാനം പിടിക്കുക, രണ്ടാം ക്ലാസ്സ് ടിക്കറ്റെടുത്ത് ഒന്നാം ക്ലാസ്സിൽ യാത്ര ചെയ്യുക, ട്രെയിനിന്റെ ചവിട്ടുപടിയിലോ മേൽക്കൂരയ്ക്കു മുകളിലോ, ലഗ്ഗേജ് വാനിലോ ഇരുന്നു യാത്ര ചെയ്യുക, അപായച്ചങ്ങല അനാവശ്യമായി വലിക്കുക, ട്രെയിനിൽ മദ്യപിച്ച് ശല്യമുണ്ടാക്കുക, പുകവലിക്കുക, ഭിക്ഷ യാചിക്കുക, ട്രെയിനിലോ പ്ലാറ്റ്‌ഫോമിലോ അനധികൃത കച്ചവടം നടത്തുക, യെിൽവേ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക മുതലായവ വിചാരണചെയ്യുന്ന കോടതിയാണ്. ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് ആയിരുന്നവരെയോ, സെഷൻസ് കോടതിയിലോ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലോ ശിരസ്തദാർ ആയിരുന്നവരെയോ, റിട്ടയർ ചെയ്ത ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റുമാരെയോ ആണ് ഈ കോടതിയിൽ മജിസ്‌ട്രേറ്റായി നിയമിക്കുന്നത്.

സ്‌പെഷ്യൽ കോടതി

പൊതുപ്രാധാന്യമുള്ള കേസുകളോ ചില പ്രത്യേക സ്വഭാവത്തോടുകൂടിയ കേസുകളോ വിചാരണ ചെയ്യുന്നതിനുവേണ്ടി ഗവൺമെന്റ് പ്രത്യേകമായി രൂപവൽക്കരിക്കുന്ന കോടതിയാണിത്. കേസിന്റെ തീർച്ചയോടെ കോടതിയുടെ പ്രവർത്തനവും അവസാനിക്കും.

സായാഹ്ന കോടതി

വൈകുന്നേരം അഞ്ചുമണി മുതൽ രാത്രി എട്ടുമണിവരെയാണ് ഇത് പ്രവർത്തിക്കുന്നത്. ഈ കോടതി തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട് നഗരങ്ങളിലാണുള്ളത്. മുൻസിഫ് മജിസ്‌ട്രേറ്റ് തസ്തികയിലുള്ളവരാണ് ന്യായാധിപന്മാർ.

സൈബർ കോടതി

വിവരസാങ്കേതികവിദ്യ മേഖലയിലെ കുറ്റകൃത്യങ്ങൾ (Cyber Crimes) സംബന്ധിച്ച കേസുകൾകേൾക്കുന്ന കോടതിയാണിത്. ഇന്ത്യയിൽ ആദ്യത്തെ സൈബർ കോടതി 2009 ജൂലൈയിൽ ന്യൂഡൽഹിയിൽ നിലവിൽവന്നു