നമ്മുടെ രാജ്യത്തെ കോടതികൾ - 13

അബൂആദം അയ്മൻ

2022 സെപ്തംബർ 24, 1444 സ്വഫർ 27

ഉപഭോക്തൃ കോടതികൾ

ഉപഭോക്തൃ തർക്കങ്ങളുടെ പരിഹാരാർഥം സ്ഥാപിതമായിട്ടുള്ളതും, ജില്ല, സംസ്ഥാന,ദേശീയതലങ്ങളിലായി പ്രവർത്തിക്കുന്നതുമായ ഉപഭോക്തൃ കോടതികൾ യഥാക്രമം ജില്ലഫോറം, സംസ്ഥാന കമ്മീഷൻ, ദേശീയ കമ്മീഷൻ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഉപഭോക്തൃ തർക്കപരിഹാര ജില്ല ഫോറം (Consumer Dispute Redressal District forum) ആണ് ജില്ലാ ഉപഭോക്തൃ കോടതി. ജില്ല ജഡ്ജിയാകാൻ യോഗ്യതയുള്ളയാളോ, മുൻ ജില്ലജഡ്ജിയോ അധ്യക്ഷനായുള്ളതും, രണ്ട് അംഗങ്ങളും അടങ്ങുന്നതുമായ ജില്ലഫോറത്തിന്റെ വിചാരണാധികാരപരിധിയിൽ 20 ലക്ഷം രൂപവരെ സലയുള്ള കേസുകളാണ് വരുന്നത്. വിധിയിയിൽ സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ മുമ്പാകെ അപ്പീൽ ബോധിപ്പിക്കാം. ഉപഭോക്തൃ തർക്കപരിഹാര സംസ്ഥാന കമ്മീഷൻ (Consumer Dispute Redressal State Commision) ആണ് സംസ്ഥാന കോടതി. ഹൈക്കോടതി ജഡ്ജിയോ മുൻ ഹൈക്കോടതി ജഡ്ജിയോ അധ്യക്ഷനായുള്ളതും, ഒരു വനിത ഉൾപ്പെടയുള്ള രണ്ടംഗങ്ങളും അടങ്ങുന്നതുമായ സംസ്ഥാന കമ്മീഷന്റെ വിചാരണാധികാരപരിധിയിൽ 20 ലക്ഷം രൂപയ്ക്കു മേൽ ഒരുകോടി രൂപവരെ സലയുള്ള കേസുകളാണ് വരുന്നത്. വിധിയിന്മേൽ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ മുമ്പാകെ അപ്പീൽ ബോധിപ്പിക്കാം. ഉപഭോക്ത്യ തർക്കപരിഹാര ദേശീയ കമ്മീഷൻ (Consumer Dispute Redressal National Comission) ആണ് ദേശീയ ഉപഭോക്തൃ കോടതി. സുപ്രീംകോടതി ജഡ്ജിയോ മുൻ സുപ്രീംകോടതി ജഡ്ജിയോ അധ്യക്ഷനായുള്ളതും, ഒരു വനിത ഉൾപ്പെടെയുള്ള നാല് അംഗങ്ങളും അടങ്ങുന്നതായ ദേശീയ കമ്മീഷന്റെ വിചാരണാധികാര പരിധിയിൽ ഒരുകോടി രൂപയിൽ കവിഞ്ഞ സലയുള്ള കേസുകളാണ് വരുന്നത്. വിധിയിന്മേൽ സുപ്രീംകാടതിയിൽ അപ്പീൽ ബോധിപ്പിക്കാം.

ട്രൈബ്യൂണലുകൾ

നീതിനിർവഹണപരമായ കർത്തവ്യങ്ങൾ നടത്തുന്നതും, തികച്ചും കോടതിയല്ലാത്തതുമായ ഒരു സംവിധാനമാണിത്. ഭരണപരമായുള്ള കാര്യനിർവഹണത്തിന്റെ പരിധിയിൽ തികച്ചും വരാത്തതും. തെളിവുകൾ പരിശോധിച്ച് ന്യായാന്യായവിചാരം ചെയ്ത് തീർപ്പുകൽപിക്കേണ്ടതുമായ പ്രശ്‌നങ്ങൾ പരിഗണിച്ചു തീരുമാനമെടുക്കാൻ അധികാരമുള്ളതുമായ ഈ സംവിധാനത്തിന് ന്യായാസനം, മധ്യസ്ഥക്കോടതി എന്നെല്ലാം അർഥമുണ്ട്.

സഹകരണ ട്രൈബ്യൂണൽ

സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവുകൾക്കെതിരെയുള്ള അപ്പീലുകൾ കേൾക്കുന്ന ട്രൈബ്യൂണലാണ് സഹകരണ ട്രൈബ്യൂണൽ (Co-operative Tribunal). ജില്ലാ ജഡ്ജിയെയാണ് ട്രൈബ്യൂണലായി നിയോഗിക്കുക. ട്രൈബ്യൂണലിന്റെ വിധിയിന്മേൽ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാം.

കടം ഈടാക്കൽ ട്രൈബ്യൂണൽ (Debt Recovery Tribunal)

ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും തിരികെ കിട്ടേണ്ട കടത്തുക എത്രയുംവേഗം ഈടാക്കിക്കൊടുക്കുന്നതിനുള്ള ട്രൈബ്യൂണലാണ് കടം ഈടാക്കൽ ട്രൈബ്യൂണൽ (Debt Recovery Tribunal). ജില്ല ജഡ്ജിയെയോ, ജില്ല ജഡ്ജിയാകാൻ യോഗ്യതയുള്ളയാളെയോ ആണ് ഈ സ്ഥാനത്ത് നിയമിക്കുക.

കടം ഇടാക്കൽ അപ്പലെറ്റ് ട്രൈബ്യൂണൽ

കടം ഈടാക്കൽ ട്രൈബ്യൂണലിന്റെ വിധിയിന്മേലുള്ള അപ്പീൽ കേൾക്കുന്ന ട്രൈബ്യൂണലാണ് കടം ഇടാക്കൽ അപ്പലെറ്റ് ട്രൈബ്യൂണൽ (Debt Recovery Appellate Tibunal). ഹൈക്കോടതി ജഡ്ജിയെയോ ഹൈക്കോടതി ജഡ്ജിയാകാൻ യോഗ്യതയുള്ളയാളെയോ ആണ് ഈ പദവിയിൽ നിയമിക്കുക.

ഫോറസ്റ്റ് ട്രൈബ്യൂണൽ

നിക്ഷിപ്ത വനഭൂമിയും ആ ഭൂമിയുടെ പതിച്ചുകൊടുക്കലും സംബന്ധിച്ച തർക്കങ്ങൾ വിചാരണ ചെയ്യുന്ന ട്രൈബ്യൂണലാണിത്. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ളയാളായിരിക്കും പ്രിസൈഡിംഗ് ഒാഫീസർ. വിധിയിന്മേൽ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാം.

ദേശീയ ഹരിത ട്രൈബ്യൂണൽ

പരിസ്ഥിതിസംരക്ഷണം, വനസംരക്ഷണം, പ്രകൃതിവിഭവസംരക്ഷണം മുതലായവ സംബന്ധിച്ച കേസുകളിലും അപ്പിൽ കേസുകളിലും അതിവേഗം (ആറുമാസത്തിനകം) തീർപ്പുകൽപിക്കുന്നതിനുള്ള ദേശീയ ട്രൈബ്യൂണൽ ആണിത്. ഡൽഹി ആസ്ഥാനമായി 2010 ഒക്‌ടോബറിൽ നിലവിൽ വന്നതും ഒരു സുപീംകോടതി ജഡ്ജിയോ, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസോ, ഒരു റിട്ട.ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചെയർമാനായുള്ളതും പത്ത് വിദഗ്ധ അംഗങ്ങളും പത്ത് ജുഡീഷ്യൽ അംഗങ്ങളും അടങ്ങുന്നതുമായ ഈ ട്രൈബ്യൂണൽ സിവിൽ നടപടി നിയമത്തെക്കാളുപരിയായി സ്വാഭാവികനീതിയുടെ തത്ത്വങ്ങൾ പ്രകാരവുമായിരിക്കും പ്രവർത്തിക്കുക. ട്രൈബ്യൂണലിന്റെ ഓരോ ബെഞ്ചിലും കുറഞ്ഞത് ഒരു വിദഗ്ധ അംഗവും ഒരു ജുഡീഷ്യൽ അംഗവും ഉണ്ടായിരിക്കും. സിറ്റിംഗ് ആസ്ഥാനം ഡൽഹിയാണെങ്കിലും, ജനങ്ങളുടെ സൗകര്യാർഥം സർക്കീട്ട് കോടതിയുടെ മാതൃകയിൽ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ സിറ്റിംഗ് നടത്താനും ഈ ട്രൈബ്യൂണൽകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ സിറ്റിംഗ് നടത്തുന്നത് കൊച്ചിയിലായിരിക്കും.

വ്യാവസായിക ട്രൈബ്യൂണൽ

തൊഴിൽത്തർക്ക നിയമത്തിലെ രണ്ടും മൂന്നും പട്ടികകളിലെ വിഷയങ്ങൾ സംബന്ധിച്ച തർക്ക ങ്ങളിന്മേൽ തീർപ്പുകൽപിക്കുന്ന ട്രൈബ്യൂണലാണ് വ്യാവസായിക ട്രൈബ്യൂണൽ (Industrial Tribunal). ജില്ല ജഡ്ജിയുടെ പദവിയിലുള്ളയാളെയാണ് ഈ സ്ഥാനത്ത് നിയമിക്കുക. ഉത്തരവിന്മേൽ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാം.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണൽ

കേരള പഞ്ചായത്തുരാജ് ആക്ടും (1994), കേരള മുനിസിപ്പാലിറ്റീസ് ആക്ടും (1994) പ്രകാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായ അപ്പീലുകളും റിവിഷൻ ഹർജികളും കേൾക്കുന്നതിനായി കേരള ഗവണ്മെന്റ് സംഘടിപ്പിച്ചിട്ടുള്ള ഈ ട്രൈബ്യൂണലിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. ജില്ല ജഡ്ജിയുടെ പദവിയിലുള്ള ആളായിരിക്കും ട്രൈബ്യൂണൽ. ഉത്തരവിന്മേൽ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാം.

ലാൻഡ് ട്രൈബ്യൂണൽ

ഭൂപരിഷ്‌കരണനിയമം നടപ്പാക്കുന്നതിനും അതു സംബന്ധിച്ചുണ്ടാകുന്ന തർക്കങ്ങളിന്മേൽ തീർപ്പു കൽപിക്കുന്നതിനുമുള്ള ട്രൈബ്യൂണലാണിത്. തഹസീൽദാരുടെ പദവിയിൽ താഴെയല്ലാത്ത ഒരു റവന്യു ഓഫീസറോ, മുൻസിഫിന്റെ പദവിയിലുള്ള ഒരു ജുഡീഷ്യൽ ഓഫീസറോ ആണ് ഈ സ്ഥാനത്ത് നിയമിക്കപ്പെടുക.

മോട്ടോർ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ

വാഹനാപകടങ്ങളിൽ പരുക്കേറ്റവർക്കോ, മരണം സംഭവിച്ചവരുടെ അവകാശികൾക്കോ, നഷ്ടപരിഹാരം കൊടുക്കുന്നതിനുള്ള തുക നിർണയിക്കുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള ട്രൈബ്യൂണലാണിത്. ഒരു ജില്ല ജഡ്ജിയെയാണ് ഈ കോടതിയിൽ ന്യായാധിപനായി നിയമിക്കുക. ഉത്തരവിന്മേൽ ഹൈക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാം.

(അവലംബം)