നമ്മുടെ രാജ്യത്തെ കോടതികൾ - 17

അബൂആദം അയ്മൻ

2022 ഒക്ടോബർ 22, 1444 റബീഉൽ അവ്വൽ 25

വിചാരണാധികാരം

സിവിൽ കോടതികളുടെ വിചാരണാധികാരപരിധി മുഖ്യമായി രണ്ടുവിധമുണ്ട്. ഒന്നാമത്തേത് പ്രദേശപരമായ വിചാരണാധികാരപരിധി (Local limits of Jurisdictio) ആണ്. ഓരോ കോടതിയുടെയും ഈ വിചാരണാധികാരപരിധി പ്രത്യേകം നിർണയിച്ചിട്ടുണ്ട്. രണ്ടാമത്തേത് വ്യവഹാരമൂല്യാധിഷ്ഠിത വിചാരണാധികാരപരിധി (Pecuniary jurisdiction) ആണ്. ഒരു കേസിലെ തർക്കവിഷയത്തിനുള്ള മതിപ്പുവിലയായിരിക്കും ആ കേസിന്റെ വ്യവഹാരമൂല്യം അഥവാ സല. പത്തുലക്ഷം രൂപവരെ സലയുള്ള കേസുകൾ മുൻസിഫ് കോടതിയിലും, അതിൽ കവിഞ്ഞ സലയുള്ള എല്ലാ കേസുകളും സബ്‌കോടതിയിലുമാണ് ഫയൽചെയ്യേണ്ടത്.

കോടതികളുടെ വിചാരണാധികാരകാര്യത്തിൽ വേറെയും തരംതിരിവുകളുണ്ട്. അപ്പീലുകൾ കേൾക്കുന്നതിനുള്ള ഉന്നതകോടതികളുടെ വിചാരണാധികാരം (appellate jurisdiction), സിവിൽ കേസുകളെ സംബന്ധിച്ചുള്ള കോടതികളുടെ വിചാരണാധികാരം (civil jurisdiction), ക്രിമിനൽ കേസുകളെ സംബന്ധിച്ചുള്ള കോടതികളുടെ വിചാരണാധികാരം (criminal jurisdiction), ഒരു പ്രദേശത്തെ ഒരു കേസ് വിചാരണചെയ്യുന്നതിന് ഒരേസമയം അതേ പ്രദേശത്തെ ഒന്നിലധികം കോടതികൾക്കുള്ള തുല്യാധികാരം (concurrent jurisdiction), ഒരാളുടെ അവകാശങ്ങൾ നടപ്പിലാക്കിക്കൊടുക്കുന്നതിനുള്ള കോടതികളുടെ ധാർമികമായുള്ള വിചാരണാധികാരം (equitable jurisdiction), കടലിനെയോ കപ്പലുകളെയോ കടൽമാർഗമുള്ള വാണിജ്യത്തെയോ സംബന്ധിച്ച കേസുകൾ വിചാരണചെയ്യുന്നതിനുള്ള കോടതികളുടെ അധികാരം (maritime jurisdiction), ഒരു കേസിന്റെ വിചാരണ ആദ്യം നടത്തുന്നതിനുള്ള അധികാരം അഥവാ അസൽ വിചാരണാധികാരം (original jurisdiction) തുടങ്ങിയവ ഇവയിൽ പെടും.

ഹർജികൾ

കോടതികളിലും മറ്റ് അധികൃതസ്ഥാനങ്ങളിലും ജനങ്ങൾ തങ്ങളുടെ സങ്കടങ്ങളും ആവശ്യങ്ങളും ബോധിപ്പിക്കുന്നത് ഹർജി (petition) മുഖേനയാണ്. ഹർജികളും പലതരമുണ്ട്. advance petition (കോടതി ഒരു തീയതിയിൽ കേൾക്കാൻ നിശ്ചയിച്ചിരിക്കുന്ന കേസ് അതിലും നേരത്തെയുള്ള ഒരു തീയതിയിൽ കേൾക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ആ കേസിലെ കക്ഷി കോടതിയിൽ സമർപ്പിക്കുന്ന ഹർജി), appeal petition (അപ്പീൽ ഹർജി), clemency petition (മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള ഹർജി), divorce petition (വിവാഹമോചന ഹർജി),election petition (തിരഞ്ഞെടുപ്പുഹർജി), execution petition (വിധിനടത്തുഹർജി), joint petition (സംയുക്ത ഹർജി-കൂട്ടു ഹർജി), mercy petition (ദയാഹർജി-ഉദാ: തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടയാളെ വധശിക്ഷയിൽനിന്ന് ഒഴിവാക്കാൻ ദയവാകണമെന്ന് അപേക്ഷിച്ചുകൊണ്ട് അയാളുടെ കുടുംബം രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഹർജി), original petition (അസൽ ഹർജി, ആദ്യവ്യവഹാരത്തിന് (അസൽ കേസിന്) അടിസ്ഥാനമായ ഹർജി), pauper petition or IP petition or bankruptcy petition (പാപ്പർ ഹർജി, ഒരാളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് അപേക്ഷിച്ചു. കൊണ്ടുള്ള ഹർജി), (public interest petition (പൊതുതാൽപര്യഹർജി), review petition (റിവ്യൂ ഹർജി), revision petition (റിവിഷൻ ഹർജി), special leave petition (സുപ്രീം കോടതിയിൽ അപ്പീൽ ബോധിപ്പിക്കുന്നതിന് പ്രത്യേകാനുമതി നൽകണമെന്ന് അപേക്ഷിച്ചുകൊണ്ട് ആ കോടതിയിൽ സമർപ്പിക്കു ഹർജി), winding up petition (ഒരു കമ്പനി ലിക്വിഡേറ്റ് ചെയ്യാൻ അപേക്ഷിച്ചുകൊണ്ടുള്ള ഹർജി).

പരിഹാരങ്ങൾ

ഹർജിക്കാരുടെ ആവശ്യങ്ങൾക്കും സങ്കടങ്ങൾക്കും പരിഹാരം (remedy) ഉണ്ടാക്കുകയാണല്ലോ കോടതികളുടെ കർത്തവ്യം. പരിഹാരം പലവിധമുണ്ട്: constitutional remedy (ഭരണഘടനാപരമായുള്ള പരിഹാരം), legal remedy (നിയമപരമായുള്ള പരിഹാരം), private law remedy (സ്വകാര്യബന്ധനിയന്ത്രിത നിയമവ്യവസ്ഥകൾ പ്രകാരമുള്ള പരിഹാരം), public remedy (പൊതുനിയമപ്രകാരമുള്ള പരിഹാരം), equitable remedies (നീതിപൂർവകമായ പരിഹാരങ്ങൾ. ഉദാ: നിരോധനം, കരാർ വ്യവസ്ഥകളുടെ കൃത്യമായുള്ള നിർവഹണം, റീസിവർ നിയമനം മുതലായവ), remedies by law (നിയമപ്രകാരമുള്ള പരിഹാരങ്ങൾ. ഉദാ: വ്യവഹാരം, ഒഴിപ്പിക്കൽ, നിരോധനം മുതലായവ).

അവകാശങ്ങൾ

ജനങ്ങൾക്ക് അവകാശങ്ങളുടെ (Rights) സംരക്ഷണത്തിനും, അവകാശങ്ങൾ സ്ഥാപിച്ചുകിട്ടുന്നതിനും വേണ്ടി പലപ്പോഴും കോടതികളെ ആശ്രയിക്കേണ്ടതായിവരും. അവകാശങ്ങളാകട്ടെ. ബഹുവിധമുണ്ടുതാനും: absolute right (പരിപൂർണാവകാശം, accessory right ഒരു സൗകര്യാവകാശത്തിന്റെ പൂർണമായ അനുഭവം ഭദ്രമാക്കുന്നതിന് ആവശ്യമായ പ്രവൃത്തികൾ ചെയ്യുന്നതിനുള്ള അവകാശം), civil rights (പൗരാവകാശങ്ങൾ, വ്യക്തികളുടെ നിയമാനുസൃതമായ അവകാശങ്ങളും പ്രത്യേകാവകാശങ്ങളും), constitutional rights (ഭരണഘടനാപരമായ അവകാശങ്ങൾ. ഉദാ: ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ), fundamental rights (സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം. ചൂഷണത്തിനെതിരെയുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ, ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം തുടങ്ങിയവ ഈ അവകാശങ്ങളിൽ പെടുന്നതാണ്. സ്വത്തിനുള്ള അവകാശവും മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും,1979 ഏപ്രിൽ 30ന് നിലവിൽവന്ന 44ാമത് ഭരണഘടനാഭേദഗതി നിയമപ്രകാരം ഈ മൗലികാവകാശ പദവി എടുത്തുകളയുകയുണ്ടായി. ഇപ്പോൾ സ്വത്തിനുള്ള അവകാശം നിയമപരമായ അവകാശം മാത്രമാണ്). easement right (ഒരു വസ്തുവിന്റെ ഗുണപ്രദമായ അനുഭവത്തിന്, വസ്തുവിന്റെ ഉടമയ്ക്ക് അയൽവസ്തുവിൽ നിയമപ്രകാരം സിദ്ധിച്ചിട്ടുള്ളതായ എന്തെങ്കിലും സൗകര്യാവകാശം. ഉദാ: അയൽവസ്തുവിലൂടെ വഴിനടക്കുന്നതിനുള്ളതായ അവകാശം), foreign rights (വിദേശരാജ്യത്ത് എന്തെങ്കിലും വിൽക്കുന്നതിനുള്ള അവകാശങ്ങൾ), legal right (നിയമപ്രകാരമുള്ള അവകാശം, നിയമാനുസൃത അവകാശം), natural right (സ്വാഭാവികാവകാശം), occupancy right (കൈവശത്തിൽ വച്ച് അനുഭവിക്കാനുള്ള അവകാശം), possessory right (കൈവശസംബന്ധമായുള്ള അവകാശം), private right (സ്വകാര്യവ്യക്തിയെന്നോ, സ്വകാര്യവ്യക്തികളെന്നോ ഉള്ള നിലയിൽ നിക്ഷിപ്തമായിട്ടുള്ള അവകാശം), proprietary right (ഉടമസ്ഥാവകാശം, ഒരു വസ്തുവിന്റെ ജന്മാവകാശം), public right (പൊതുജന കാര്യങ്ങളെന്ന നിലയിലുള്ള അവകാശം).

ബാധ്യതകൾ

നിയമപ്രകാരം തങ്ങൾക്ക് ഉത്തരവാദിത്തമുള്ളതായ ബാധ്യത (liabiltiy)കൾ കക്ഷികൾ നിറവേറ്റാതെ വരുന്നത് വ്യവഹാരങ്ങൾക്ക് കാരണമാകുന്നതാണ്. ബാധ്യതകൾ പലതരമുണ്ട്: cotnractual liabiltiy (കരാർ വ്യവസ്ഥകൾ പാലിക്കാനുള്ള നിയമപരമായ ബാധ്യത), criminal liabiltiy (കുറ്റക്കാരനെന്ന നിലയിലുള്ള ബാധ്യത), joint Liabiltiy (കൂട്ടായുള്ള ബാധ്യത), joint and several liabiltiy (കൂട്ടായും ഒറ്റയ്‌ക്കൊറ്റയ്ക്കുമുള്ളതായ ബാധ്യത), a joint or several liabiltiy (കൂട്ടായോ ഒറ്റയ്‌ക്കൊറ്റയ്‌ക്കോ ഉള്ളതായ ബാധ്യത), legal liabiltiy (നിയമപരമായുള്ള ബാധ്യത), personal liability (വ്യക്തിപരമായുള്ള ബാധ്യത), limited liabiltiy (ക്ലിപ്ത ബാധ്യത, ബാധ്യതകൾ ക്ലിപ്തമായുള്ള ഒരു കമ്പനി രൂപവൽക്കരിക്കുന്നതുമൂലം കമ്പനിയുടെ കടങ്ങൾ സംബന്ധിച്ചിടത്തോളം കമ്പനിയിലെ അംഗങ്ങൾക്ക് (ഓഹരിയുടമകൾക്ക്) തങ്ങളുടെ ഓഹരികളുടെ മുഖവിലയോളം മാത്രമെ ബാധ്യതയുള്ളൂവെന്ന തത്ത്വം), strict liabiltiy (ഒരു കുറ്റത്തിന് -തെറ്റുകാരനാണെങ്കിലും അല്ലെങ്കിലും-ഉള്ള പൂർണ ഉത്തരവാദിത്തം), tortious liabiltiy (തന്റെ കർത്തവ്യലംഘനം മൂലം മറ്റൊരാൾക്കു നേരിട്ട നഷ്ടത്തിനോ ദ്രോ ഹത്തിനോ ഒരാൾക്കുള്ള ഉത്തരവാദിത്തം അല്ലെങ്കിൽ ബാധ്യത), vicarious liabiltiy (മറ്റൊരാൾ വരുത്തിവയ്ക്കുന്ന നഷ്ടത്തിനും ദ്രോഹത്തിനും പരിഹാരം ചെയ്യാൻ ഒരാൾക്കുണ്ടാകുന്ന (ഉദാ: പ്രത്യേകിച്ചും ജോലി നിർവഹണത്തിനിടയിൽ ഒരു തൊഴിലാളി ചെയ്യുന്ന പ്രവൃത്തികൾക്ക് തൊഴിലുടമയ്ക്കുണ്ടാകുന്ന) ബാധ്യത; പ്രാതിനിധ്യസ്വഭാവത്തോടുകൂടിയ ബാധ്യത).