നമ്മുടെ രാജ്യത്തെ കോടതികൾ

അബൂആദം അയ്‌മൻ

2022 ആഗസ്റ്റ് 06, 1442 മുഹർറം 07

(ഭാഗം : 04)

സബ് ജഡ്ജി

സബ് ജഡ്ജി (Sub Judge) ക്രിമിനൽ അധികാരത്തിൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി (Assistant Sessions Judge) എന്ന് അറിയപ്പെടുന്നു. മുൻസിഫ് മജിസ്‌ട്രേറ്റുമാരെ പ്രൊമോട്ട് ചെയ്താണ് സബ് ജഡ്ജിമാരായി നിയമിക്കുന്നത്.

മുൻസിഫ് കോടതി

മുൻസിഫ് കോടതി (Munsif Court) സിവിൽ കേസുകൾ കേൾക്കുന്ന ആദ്യതലത്തിൽപ്പെടുന്ന കോടതിയാണ്. പത്തുലക്ഷം രൂപവരെ സലയുള്ള സിവിൽ കേസുകൾ വിചാരണ ചെയ്യാൻ മുൻസിഫ് കോടതിക്ക് അധികാരമുണ്ട്. മുൻസിഫ് കോടതിയുടെ വിധിയിന്മേൽ ജില്ലാക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാം. മുൻസിഫ് മജിസ്‌ട്രേറ്റുമാരായി തെരഞ്ഞെടുക്കപ്പെടുന്നവരിൽ നിന്നുമാണ് ഹൈക്കോടതി മുൻസിഫ്മാരെ നിയമിക്കുന്നത്. അഞ്ച് വർഷത്തിൽ കുറയാത്ത പ്രാക്ടീസുള്ള അഭിഭാഷകരിൽനിന്നും, സർവീസിലുള്ളവരിൽ ഒന്നും രണ്ടും ഗ്രേഡ് എ.പി.പി.മാർ, ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാർമാർ, അസി. രജിസ്ട്രാർ റാങ്കിൽ താഴെയല്ലാത്ത ശമ്പള പറ്റുന്ന നർദിഷ്ട വിഭാഗങ്ങളിൽപെടുന്ന ഉദ്യോഗസ്ഥർ എന്നിവരിൽനിന്നും ഹൈക്കോടതി നടത്തുന്ന എഴുത്തുപരീക്ഷയിലും വാചാപരീക്ഷയിലും യോഗ്യത നേടുന്നവരെയായിരിക്കും മുൻസിഫ് ജഡ്ജിമാരായി തെരഞ്ഞെടുക്കുക. ഡിസ്ട്രിക്റ്റ് കോടതികളും സബ്‌കോടതികളും മുൻസിഫ് കോടതികളുമുള്ള സ്ഥലങ്ങളിൽ അഡീഷണൽ ഡിസ്ട്രിക്ട് കോടതികളും അഡീഷണൽ സബ് കോടതികളും അഡീഷണൽ മുൻസിഫ് കോടതികളും ആകാവുന്നതാണ്.

ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി

ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (Judicial Magistrate Court) കൾ കേസുകൾ വിചാരണചെയ്യുന്ന കോടതികളാണ്. വിചാരണാധികാരത്തിന്റെ അവരോഹണക്രമത്തിൽ പ്രസ്തുത കോടതികൾ താഴെ പറയുന്നവയാണ്:

ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി: ഏഴു വർഷംവരെ തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കേസുകൾ വിചാരണചെയ്യുന്നതിനുള്ള അധികാരം ഈ കോടതിക്കുണ്ട്. പിഴസംഖ്യയുടെ കാര്യത്തിൽ പരിധി നിശ്ചയിച്ചിട്ടില്ല. ഓരോ ജില്ലയിലും ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റുമാരിൽനിന്നുമായിരിക്കും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ നിയമനം നടത്തുക. ജില്ലയിലെ എല്ലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റുമാരും ചീഫ് ജുഡീഷ്യൽ മജിസട്രേറ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി: മൂന്നു വർഷംവരെ തടവും അയ്യായിരം രൂപവരെ പിഴയും ശിക്ഷ വിധിക്കാവുന്ന കേസുകൾ ഈ കോടതിക്ക് വിചാരണചെയ്യാവുന്നതാണ്. മുൻസിഫ് മജിസ്‌ട്രേറ്റുമാരായി തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്നുമാണ് ഹൈക്കോടതി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റുമാരെ നിയമിക്കുന്നത്.

മെട്രോപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി:

ജില്ലകളിലെ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതികൾക്ക് സമാനമായി, രാജ്യത്തെ മെട്രോപ്പൊളിറ്റൻ നഗരങ്ങളിലുള്ള ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണിത്. ഈ കോടതികളുടെ അധികാരപരിധി അതത് മെട്രോപ്പൊളിറ്റൻ നഗരപ്രദേശങ്ങളിൽ മാത്രമായിരിക്കും. ഹൈക്കോടതിയായിരിക്കും മെട്രോപ്പൊളിറ്റൻ മജിസ്‌ട്രേറ്റുമാരുടെയും ചീഫ് മെട്രോപ്പൊളിറ്റൻ രജിസ്‌ട്രേറ്റിന്റെയും നിയമനം നടത്തുക.

(തുടരും)