പാഠ്യപദ്ധതിയിലെ ജെൻഡർ ന്യൂട്രാലിറ്റി

അബൂ ഹാസിം സമാൻ

2022 ആഗസ്റ്റ് 13, 1442 മുഹർറം 14

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി’ (SCERT) കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ പരിഷ്‌കരിക്കുന്നതിനായുള്ള കരട് രേഖ സമൂഹ ചർച്ചയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയം (2020) പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ച എന്ന നിലയിലാണ് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്ന ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്. 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ പശ്ചാത്തലത്തിലായിരുന്നു കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) വികസിപ്പിച്ചത്. ഇതിൽ അടിസ്ഥാനപരമായ മാറ്റം വരുത്താതെയാണ് 2007ലും 2013ലും പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്. കഴിഞ്ഞ 10 വർഷത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള പരിഷ്‌കരണത്തിനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.

കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ പുതുതലമുറയെ സജ്ജമാക്കാൻ പാഠ്യപദ്ധതിയിൽ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ജെൻഡർ ന്യൂട്രാലിറ്റി എന്ന ഒരാശയം ചട്ടക്കൂടിന്റെ ആമുഖത്തിലും പ്രത്യേക അധ്യായത്തിലും മറ്റു തലക്കെട്ടുകളിലുമെല്ലാം പ്രാധാന്യപൂർവം ചർച്ചയ്ക്കുവച്ചത് കേരള സമൂഹം വളരെ ഗൗരവപൂർവം ഇടപെടേണ്ട ഒരു പ്രശ്‌നമാണ്. ‘ജെൻഡർ ന്യൂട്രാലിറ്റി’ അഥവാ ‘ലിംഗ നിഷ്പക്ഷത’ എന്നത് കേൾക്കാൻ കൗതുകം ജനിപ്പിക്കുന്നതും പ്രത്യക്ഷത്തിൽ പുരോഗമനവുമായി തോന്നുമെങ്കിലും അടുത്ത തലമുറയിൽ വമ്പിച്ച പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഒരാശയമാണ് ഇതിലൂടെ കടന്നുവരുന്നത്. ഈ പദം കേൾക്കുന്നവരെല്ലാം കേവലമൊരു യൂണിഫോമിന്റെ പ്രശ്‌നം മാത്രമായിട്ടാണ് കണക്കാക്കുന്നത്. ജീവശാസ്ത്രപരമായ സ്ത്രീ -പുരുഷ സ്വത്വത്തെ തന്നെ ആശയക്കുഴപ്പത്തിലാക്കുക വഴി ജെൻഡർ ഡിസ്‌ഫോറിയയിലേക്ക് ഭാവിതലമുറയെ എടുത്തെ റിയാൻ മാത്രം പ്രഹരശേഷിയുള്ള പദാവലിയാണ് ജെൻഡർ ന്യൂട്രാലിറ്റി.

ഒരു വ്യക്തിയുടെ ജെൻഡർ ജനനസമയത്ത് തീരുമാനിക്കാൻ ആവില്ലെന്നും ആ കുട്ടി വളർന്നു വന്ന ശേഷം അവന് ഏതു ജെൻഡറിനോടാണോ താൽപര്യം തോന്നുന്നത് അത് സ്വയം പ്രഖ്യാപിക്കു മ്പോഴാണ് അവന്റെ ലിംഗത്വം തീരുമാനിക്കുന്നതെന്നുമുള്ള വിചിത്രമായ ആശയമാണ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നത്.

ജെൻഡറുകളാവട്ടെ സ്ത്രീ -പുരുഷൻ എന്നിവയിൽനിന്ന് മാറി LGBTQIA++ എന്നിങ്ങനെ അനന്തമായി നീണ്ടുപോവുകയുമാണ്. നിലവിലുണ്ടായിരുന്ന സ്ത്രീ-പുരുഷ സ്വത്വങ്ങൾക്ക് പകരം ഓരോരുത്തരുടെയും മനസ്സിൽ തോന്നുന്നതിനെയെല്ലാം പ്രത്യേക ജെൻഡറായി പരിഗണിച്ചുകൊടു ക്കുകയും അതിന് നിയമപരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് നാം ഇന്ന് കാണുന്നത്. സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസ്സും, പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസും ഉള്ളവരാണ് ട്രാൻസ് ജെൻഡർ എന്ന പേരിൽ അറിയപ്പെടുന്നത്. ഇവരെ അവരുടെ ശരീരമേതാണോ അതിലേക്ക് മനസ്സിനെ പരിവർത്തിപ്പിച്ച് അവരുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് പകരം മനസിനനുസരിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ദയനീയ കാഴ്ചയാണ് നാം കാണുന്നത്. പ്രയാസങ്ങൾ ഉള്ളവരെ പൊതുധാരയിലേക്ക് എത്തിക്കുന്നതിന് പകരം അവരെ എന്നും ആ പ്രയാസത്തിൽതന്നെ തള ച്ചിടുന്ന തലതിരിഞ്ഞതും തികച്ചും അശാസ്ത്രീയവുമായ ആക്ടിവിസമാണ് LGBTQ പോലുള്ള ഇടങ്ങളിൽ നടക്കുന്നത്.

പാശ്ചാത്യൻ നാടുകളിൽ ഇത് ഇന്ന് പുരോഗമിച്ച് ചില ജീവിവർഗങ്ങളായി ജെൻഡർ നിർണയങ്ങൾ നടന്നുകഴിഞ്ഞു. പട്ടിയായും പൂച്ചയായും പന്നിയായും മനുഷ്യൻ സ്വന്തത്തെ പരിഗണിക്കുന്നു! അവരെ സമൂഹം അങ്ങനെതന്നെ അംഗീകരിക്കണമെന്ന് പ്രഖ്യാപിക്കുന്നു! ഇളംപ്രായത്തിലുള്ള ഒരു ആൺകുട്ടി ഇതെല്ലാം കണ്ട് തനിക്ക് ഇനിമുതൽ പെൺകുട്ടിയാവണമെന്ന് ആഗ്രഹിച്ചാൽ അതിന് സർജറി അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഭരണകൂടം നിർബന്ധിതമാകുന്ന തരത്തിൽ നിയമനിർമാണങ്ങൾ കാനഡ പോലു ള്ള രാജ്യങ്ങളിൽ നടന്നുകഴിഞ്ഞു. രക്ഷിതാവ് ഇക്കാര്യത്തെ തടഞ്ഞാൽ ശിക്ഷിക്കപ്പെടുകയും ചെയ്യും.! ഇത്തരം ഒരു സാമൂഹ്യ പശ്ചാത്തലത്തിലേക്കുള്ള പ്രവേശന കവാടമാണ് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേ വേഷം ധരിപ്പിക്കുക എന്നത്.

വേഷം ഒന്നാകുന്നതോടെ സ്ത്രീ-പുരുഷ സ്വത്വം ആശയക്കുഴപ്പത്തിലാകും. കുട്ടികളെ കണ്ടാൽ ആണാണോ പെണ്ണാണോ എന്ന് തോന്നാൻ പാടില്ലെന്നിടത്തുനിന്നാണ് ഈ ആശയത്തിന്റെ തുടക്കം.

സ്ത്രീ-പുരുഷ പ്രകൃതത്തെ അങ്ങനെ തന്നെ അംഗീകരിച്ചുകൊണ്ട് തുല്യനീതി ഉറപ്പുവരുത്തുക എന്നതാണ് ശരിയായ സമീപനം. ലിംഗസമത്വമല്ല; ലിംഗ നീതിയാണ് നടപ്പിലാവേണ്ടത്. അതിനാവശ്യമായ ബോധവൽക്കരണമാണ് വിദ്യാർഥികൾക്കിടയിൽ നടക്കേണ്ടത്. എന്നാൽ പുതിയ പാഠ്യപദ്ധതിയിൽ ലിംഗനീതി എന്നതിന് പുറമെ ലിംഗസമത്വം എന്ന് പ്രത്യേക പ്രാധാന്യത്തോടെ വേർതിരിച്ച് പഠിപ്പിക്കണ മെന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. ചട്ടക്കൂടിന്റെ പശ്ചാത്തലം വിശദീകരിക്കുന്ന വേളയിൽ അഞ്ചാ മത്തെ പേജിൽ പത്താം നമ്പറായി നിലവിലുള്ള കാഴ്ചപ്പാട് തീർത്തും മാറ്റിപ്പണിയണമെന്ന് പറയുന്നുണ്ട്. അത് ഇപ്രകാരം വായിക്കാം:

“വിദ്യാസമ്പന്നമായ ഒരു പ്രദേശത്തിന് ചേരാത്ത പല പ്രവണതകളും ഇപ്പോഴും നിലനിൽക്കുന്നു. ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നിവ ഉളവാകാൻ ആവശ്യമായ അംശങ്ങൾ പാഠ്യപദ്ധ തിയിൽ വലിയതോതിൽ ഉണ്ടാകേണ്ടതുണ്ട്’’ (പേജ് 5).

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാൻ ജെൻഡർ ന്യൂട്രാലിറ്റിയാണ് പരിഹാരമെന്ന തലതിരിഞ്ഞ ആശയമാണ് പാഠ്യപദ്ധതിയിൽ കടന്നുവരുന്നത്.Critical Thinking എന്ന ആശയത്തിന്റെ മറവിൽ യുക്തിവാദ ചിന്തയുടെ വിത്ത് കുട്ടികളിൽ പാകാനുള്ള ശ്രമവും ഈ വരികളിൽ കാണാം.

“...തുല്യതയും സമത്വവും ലക്ഷ്യംവയ്ക്കുമ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്ന, ജെൻഡർ സെൻസിറ്റീവ് അല്ലാത്ത സാമൂഹിക വ്യവസ്ഥയെ ഉയർന്ന മാനവികതാബോധം കൊണ്ട് പുനർനിർമിക്കേണ്ടതുണ്ട്. ഇവിടെയാണ് പാഠ്യപദ്ധതിയുടെ ഊന്നൽ മേഖലകളിൽ പുനരാലോചന ആവശ്യമായി വരുന്നത്. വിമർശനചിന്തയും സർഗാത്മകതയും യുക്തിചിന്തയും സ്‌കൂൾ വിദ്യാ ഭ്യാസകാലം മുതൽ തന്നെ കുട്ടികളുടെ ശീലങ്ങളായി വികസിപ്പിക്കപ്പെടണം...’’ (പേജ് 15).

നിലവിലുള്ള ലിംഗനീതി സംബന്ധമായ കാഴ്ചപ്പാടിനെ വിമർശനാത്മകമായി വിലയിരുത്തണമെന്നും വിദ്യാലയ അന്തരീക്ഷം തന്നെ ജെൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും പ്രത്യേകം പറയുന്നുണ്ട്.

“ലിംഗതുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം വിമർശനപരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. സ്ത്രീധന കൊലപാതകങ്ങളും അക്രമങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായിട്ടുണ്ട്. ജെൻഡർ സ്‌പെക്ട്രത്തെക്കുറിച്ചുള്ള ധാരണകളും വികസിക്കുന്നില്ല. ഒരു വ്യക്തിയുടെ വളർച്ചയുടെ നിർണായകഘട്ടത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് സ്‌കൂൾ ക്യാമ്പസിലാണ്. ലിംഗനീതി, ലിംഗതുല്യത സംബന്ധിച്ച കാര്യങ്ങളും ലിംഗാവബോധവും കുട്ടികളിൽ വളർത്താൻ സ്‌കൂൾ വിദ്യാഭ്യാസത്തിലെ പരിമിതികൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്. സ്‌കൂൾ പാഠപുസ്തകങ്ങൾ, പഠനബോധന രീതികൾ, സ്‌കൂൾ ക്യാമ്പസ്, കളിസ്ഥലം എന്നിവ ജെൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടതുണ്ട്. ഇതിന് സഹായകമായ രീതിശാസ്ത്രം എങ്ങനെ വികസിപ്പിക്കാൻ കഴിയും...’’(പേജ് 17).

സ്‌കൂളുകളിൽ ഇരിപ്പിടം, കലാകായിക മത്സരങ്ങൾ എന്നിവയെല്ലാം ആൺകുട്ടികളും പെൺകുട്ടികളും കൂടിക്കലർന്നുകൊണ്ടായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ജെൻഡർ ഓഡിറ്റിങ്ങിലൂടെ നടപ്പാക്കാനിരിക്കുന്നത്.

സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന പ്രത്യേക ശീർഷകത്തിൽ ഇങ്ങനെ കാണാം:

“ഇന്നലെകളിൽ ആൺ, പെൺ എന്ന വിഭാഗങ്ങളെ പരിഗണിച്ചാണ് ലിംഗസമത്വത്തെകുറിച്ച് പറഞ്ഞതെങ്കിൽ മറ്റു ലിംഗവിഭാഗങ്ങളെയും (LGBT Queer) പരിഗണിച്ചാവണം ഇനിയുള്ള വിദ്യാഭ്യാസം...’’ (പേജ് 71).

“...ലിംഗഭേദം പരിഗണിക്കാതെ പഠനപ്രവർത്തനങ്ങൾ നൽകുമ്പോഴും ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുമ്പോഴും സമത്വത്തോടെ പ്രവർത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ട്?’’ (പേജ് 72).

“...വിദ്യാലയ പ്രവർത്തനങ്ങളിൽ തുല്യ അവസരം, അധികാര പങ്കാളിത്തം, പൊതുയിടങ്ങളുമായുള്ള സമ്പർക്ക സന്ദർഭങ്ങൾ, ജെൻഡർ ന്യൂട്രൽ സമീപനം എന്നിവയെല്ലാം വിദ്യാലയ പ്രവർത്തനങ്ങളിൽ പാലിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും?’’ (പേജ് 72).

മലയാളികളിൽ മഹാഭൂരിപക്ഷവും ഏതെങ്കിലും മതഗ്രന്ഥമോ വിശ്വാസമോ അംഗീകരിക്കുന്നവരും അതിന്റെ അടിസ്ഥാനത്തിൽ ധാർമിക വീക്ഷണം രൂപപ്പെടുത്തുകയും ചെയ്തവരാണ്. എന്നാൽ പുതിയ പാഠ്യപദ്ധതിയിലൂടെ എല്ലാത്തിനെയും വിമർശനാത്മകമായി ചോദ്യം ചെയ്യാൻ പാകത്തിൽ ഒരു ലിബറൽ സമൂഹമായി പുതുതലമുറയെ മാറ്റിയെടുക്കണമെന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നത്. തത്ത്വത്തിൽ മതരഹിത സമൂഹത്തിന്റെ നിർമിതിയാണ് ലക്ഷ്യമെന്നർഥം.

ഉന്നത വിദ്യാഭ്യാസ മന്ത്രി ബാലുശ്ശേരി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം ഉദ്ഘാടനം ചെയ്ത വേളയിൽ തന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ച ആശയങ്ങൾ കൂടി ചേർത്തുവയ്ക്കുമ്പോൾ ഇത് കേവലം യൂണിഫോമിന്റെ മാത്രം പ്രശ്‌നമല്ലെന്നത് വ്യക്തമാകും. കുറച്ചു കാലമായി ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ‘അതിരുകളില്ലാത്ത ലോകം’ എന്ന പേരിൽ ഭരണപക്ഷ വിദ്യാർഥി സംഘടന നടത്തിവരുന്ന കാമ്പയിനും അതിന്റെ പോസ്റ്ററുകളും കാണുമ്പോൾ, ജെൻഡർ ന്യൂട്രാലിറ്റിയിലൂടെ ലിംഗവിവേചനം തുടച്ചുനീക്കി ലിംഗനീതി കൊണ്ടുവരലല്ല ലക്ഷ്യമെന്നും കുടുംബ സംവിധാനം തകർത്ത് പാശ്ചാത്യൻ ലിബറൽ സംസ്‌കാരത്തിലേക്ക് നമ്മുടെ തലമുറയെ തള്ളിവിടുകയാണ് ഉദ്ദേശ്യമെന്നും വ്യക്തമാണ്.

ലിംഗനീതിയും എല്ലാവർക്കുമുള്ള അവസര സമത്വവും ഉണ്ടാവണം എന്നും അതിനെപ്പറ്റിയുള്ള അവബോധം കുട്ടികളിടക്കം ഉണ്ടാക്കേണ്ടതുണ്ട് എന്നതിലും ആർക്കും സംശയമുണ്ടാവാനിടയില്ല. എന്നാ ൽ സർക്കാർ ഇതിനെ ജെൻഡർ ന്യൂട്രാലിറ്റി എന്ന മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകുന്നതിനെ നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. കേവലം പെൺകുട്ടികൾ പാൻറ്‌സ് ധരിക്കുന്നതോ, അതുമല്ലെങ്കിൽ ഏതെങ്കിലും വസ്ത്രധാരണവുമായോ മാത്രം ബന്ധപ്പെട്ട ഒരു കാര്യമല്ല ജെൻഡർ ന്യൂട്രാലിറ്റിയും അതു വഴി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ജെൻഡർ പൊളിറ്റിക്‌സും. ലിംഗവ്യത്യാസങ്ങളെ മുഴുവൻ പൊതുയിടങ്ങളിൽനിന്ന് പതിയെ ഇല്ലാതാക്കുക എന്ന ആശയം ഒറ്റനോട്ടത്തിൽ ആകർഷകമായി തോന്നിയേക്കാ മെങ്കിലും അത് പലപ്പോഴും അനീതിയിലേക്കാണ് നയിക്കുക. സംവരണം പോലുള്ള പോസിറ്റീവ് ഡിസ്‌ക്രിമിനേഷനെ പോലും ചോദ്യം ചെയ്യുന്നിടത്തേക്ക് കാര്യങ്ങൾ എത്തും. സ്ത്രീകൾക്ക് അവരുടേതായ സ്വകാര്യ ഇടങ്ങൾ ലഭിക്കുന്ന അവസ്ഥയെയും ഇത് ഇല്ലാതാക്കും.

ഇതിനെല്ലാം അപ്പുറം കുട്ടികളിലാണ് ഇത് അടിച്ചേൽപിച്ച് നടപ്പിലാക്കുന്നത് എന്നതാണ് ഏറെ ഗൗരവകരം. അത്തരത്തിൽ നടപ്പിലാക്കിയ സമൂഹങ്ങളിലെ അവസ്ഥകൾ ഞെട്ടിപ്പിക്കുന്നതാണ്. ഇങ്ങനെയുള്ള ആശയങ്ങൾ ചെറുപ്പംതൊട്ട് കേട്ടുതുടങ്ങുന്ന കുട്ടികളിൽ ജെൻഡർ നോൺ കൺഫെർമിറ്റി (തന്റെ ലൈംഗിക സ്വത്വം ഏതാണെന്ന് സംശയമുള്ള, ആണാണോ പെണ്ണാണോ എന്ന് ഉറപ്പില്ലാത്ത അവസ്ഥ) വ്യാപകമായി ഉണ്ടാകുന്നു എന്ന് പഠനങ്ങൾ പറയുന്നു. അത്തരം കൗമാരക്കാരിൽ മാനസിക പ്രശ്‌നങ്ങളും വിഷാദരോഗവും സാമൂഹിക വിരുദ്ധ പ്രവണതകളും കാണാൻ സാധിക്കുമെന്നും ഒരുപാട് പഠനങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്ന യാഥാർഥ്യമാണ്.

ഇത്രമേൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാവുന്ന ഒരു ആശയത്തിന്റെ തുടക്കം മാത്രമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയം എന്ന് തിരിച്ചറിയുമ്പോഴാണ് ഗൗരവം കൂടുതൽ ബോധ്യമാകു ന്നത്. ഇതിനെ കേവലം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമോ പറ്റില്ലേ എന്ന ചർച്ചയാക്കി ചുരുക്കുന്നത് യാഥാർഥ്യത്തോടുള്ള കണ്ണടക്കലാകും. അതിനാൽ ഒരു പരിശോധനയും പഠനങ്ങളുമില്ലാതെ പുരോഗമനപരം എന്ന് തോന്നിപ്പിക്കാൻ വേണ്ടി ഇത്തരം ആശയങ്ങൾ നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്യാനും വിഷയം കൂടുതൽ പഠനവിധേയമാക്കാനും രാഷ്ട്രീയ പാർട്ടികളും വിദ്യാഭ്യാസ ഏജൻസികളും സമുദായ സംഘടനകളുമെല്ലാം രംഗത്തുവരേണ്ടതുണ്ട്. സർക്കാർ പാശ്ചാത്യൻ നാടുകളിലുണ്ടായ പ്രത്യാ ഘാതങ്ങൾ പഠിക്കാൻ തയ്യാറാവുകയും വേണം.

മതമില്ലാത്ത ജീവൻ ഒരു ആക്ടിവിറ്റിയിൽ മാത്രം ഒതുങ്ങിയെങ്കിൽ ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയിൽ ഉപ്പുപോലെ ലയിച്ചുചേരുന്ന ഒന്നായിരിക്കും. വിദ്യാലയ അന്തരീക്ഷവും അതിനനുസരിച്ച് മാറ്റപ്പെടും. അതുകൊണ്ട് ചർച്ച നടക്കേണ്ടത് ഇപ്പോഴാണ്. വൈകിയാൽ വലിയ വില നൽകേണ്ടി വരും.