രോഗവും മരുന്നും - 7

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

2022 ജൂൺ 11, 1442 ദുൽഖഅദ 10

(ക്രോഡീകരണം: ഉസ്താദത്ത് ഈമാൻ ഉബൈദ്)

(വിവർത്തനം: ബിൻത് മുഹമ്മദ് )

21. അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നത് കുറയുന്നു

നിസ്സംശയം, പാപങ്ങൾ അല്ലാഹുവിനോടുള്ള ആരാധനാമനോഭാവവും അവനെ മഹത്ത്വപ്പെടുത്തുന്നതും ക്രമേണ ഇല്ലാതാക്കുന്നതാണ്. അയാൾ പുറമെ അല്ലാഹുവിനെ വാഴ്ത്തുന്നുണ്ടെങ്കിൽപോലും ഹൃദയം ശൂന്യമായിരിക്കും. ഒരു അടിമയുടെ ഹൃദയത്തിൽ അല്ലാഹുവിനോട് ബഹുമാനവും ബന്ധവും ഉണ്ടെങ്കിൽ അയാൾക്ക് ഒരിക്കലും അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുവാൻ സാധിക്കില്ല. ഒരാൾ അല്ലാഹുവിനെ മഹത്ത്വപ്പെടുത്താതിരുന്നാൽ പാപങ്ങളിൽ ഏർപ്പെട്ടുപോകുന്നത് വളരെ എളുപ്പമായിത്തീരും. മാതാപിതാക്കളോട് ബഹുമാനമില്ലെങ്കിൽ അവരോട് അപമര്യാദയിൽ പെരുമാറുന്ന പോലെയാണത്.

അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുവാനുള്ള മനസ്സ് ലഭിക്കുക അത്ര എളുപ്പമല്ല. അതിന് നന്നായി പരിശ്രമിക്കേണ്ടതുണ്ട്. പക്ഷേ, പാപകർമങ്ങൾ അതിനെ ഇല്ലാതാക്കുന്നത് വളരെ വേഗത്തിലാണ്. അയാൾ അത് അറിയുകപോലുമില്ല. അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നത് ഒരാൾ നിർത്തിയാൽ അതിന്റെ പരിണിതഫലം മറ്റുള്ളവർക്ക് അയാളോടുള്ള ബന്ധത്തിൽ പ്രതിഫലിക്കും. ജനങ്ങൾ അയാളെ ശ്രദ്ധിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. ഒരാൾ എത്രമാത്രം അല്ലാഹുവിനെ മാനിക്കുകയും അവനെ സൂക്ഷിച്ച് ജീവിക്കുകയും ചെയ്യുന്നുവോ അത്രമാത്രം അയാൾ ജനങ്ങൾക്കിടയിൽ സമ്മതനായിരിക്കും.

“...ആരെ അല്ലാഹു നിന്ദിതനും അപമാനിതനും ആക്കിയോ അവന് പിന്നെ മഹത്ത്വമേകുന്നവരാരുമില്ല...’’ (ഹജ്ജ് 18).

22. പാപി നിരന്തരം വിഭ്രാന്തിയിലായിരിക്കും

പാപിയുടെ ഹൃദയത്തിൽ അല്ലാഹു ഭയവും പരിഭ്രാന്തിയും ഇട്ടുകൊടുക്കും. എന്ത് സംഭവിച്ചാലും അയാൾക്ക് എപ്പോഴും ഭയമായിരിക്കും. എന്നാൽ ഇസ്‌ലാം അഥവാ അല്ലാഹുവിന് കീഴൊതുങ്ങിക്കൊണ്ട് ജീവിക്കുന്ന ഗുണം നമുക്ക് ഉണ്ടായാൽ അത് ഒരു സുരക്ഷിതമായ കോട്ടപോലെയായിരിക്കും. നമ്മൾ അല്ലാഹുവിന്റെ സംരക്ഷണവലയത്തിലുമായിരിക്കും. കഴിഞ്ഞകാര്യങ്ങളിൽ വ്യസനിക്കുകയോ ഭാവിയെക്കുറിച്ചോർത്ത് ഭയപ്പെടുകയോ ചെയ്യുന്നതല്ല. അല്ലാഹു പറയുന്നു:

“എന്നാൽ (കാര്യം) അങ്ങനെയല്ല. ഏതൊരാൾ സൽകർമകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമർപ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കൽ അതിന്റെ പ്രതിഫലം ഉണ്ടാ യിരിക്കുന്നതാണ്. അത്തരക്കാർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല; അവർ ദുഃഖിക്കേണ്ടിവരികയുമില്ല’’(അൽബക്വറ 112).

23. ശൂന്യതയും ഒറ്റപ്പെടലും അനുഭവപ്പെടും

അല്ലാഹുവിനോടുള്ള അനുസരണ നമ്മുടെ ഹൃദയത്തെ അല്ലാഹുവിലേക്ക് അടുപ്പിക്കുകയും മനസ്സിനെ സമ്പന്നമാക്കുകയും ചെയ്യുന്നു. പാപങ്ങൾ നമ്മുടെ ഹൃദയത്തെ അല്ലാഹുവിൽനിന്നും അകറ്റിക്കളയുന്നതാണ്. വാസ്തവത്തിൽ അല്ലാഹുവല്ല അകലുന്നത്, നമ്മളാണ് അല്ലാഹുവിൽനിന്നും അകലുന്നത്. പാപങ്ങളുടെ ആഘാതത്താൽ ക്രമേണ വിഷാദത്തിനടിമപ്പെടുകയും ചെയ്യും. ഈയൊരു അവസ്ഥയുണ്ടായാൽ ഉടനെത്തന്നെ ഇസ്തിഗ്ഫാർ നടത്തണം. അതാണ് വിഷാദത്തിനുള്ള മറുമരുന്ന്. അല്ലാഹു പറയുന്നു: “സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാൽ മനസ്സുകൾ ശാന്തമാകുകയും ചെയ്യുന്നവരാണവർ. അറിയുക; ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകൾ ശാന്തമാകുന്നത്’’ (റഅ്ദ് 28).

നിഷേധവും ബഹുദൈവാരാധനയുമാണ് പാപങ്ങളിൽ ഏറ്റവും ഗുരുതരമായത്. അതുള്ളവർക്കാണ് വിരസതയും ശൂന്യതയും ഏറ്റവും കൂടുതൽ അനുഭവപ്പെടുക. എല്ലാ സുഖസൗകര്യങ്ങളുമുള്ള ആധുനിക നഗരങ്ങളിൽ താമസിക്കുന്നവർക്കാണ് ആത്മഹത്യാപ്രവണത ഏറ്റവും കൂടുതൽ. നമ്മൾ എത്രമാത്രം അല്ലാഹുവിന്റെ സ്മരണയിൽനിന്നും അവഗണനയിലും അശ്രദ്ധയിലും കഴിയുന്നോ അത്രയും നമുക്ക് ശൂന്യത അനുഭവപ്പെടും; മുഖത്തും പെരുമാറ്റ രീതിയിലും ഇത് പ്രകടമാകും.

പാഠം 16

പാപങ്ങളുടെ ദുഷ്ഫലങ്ങൾ

24. അല്ലാഹു പാപിയെ വിട്ടുകളയുന്നതാണ്

അല്ലാഹുവിന് ഒരിക്കലും മറവി സംഭവിക്കില്ല. പക്ഷേ, ഒരാളുടെ പാപങ്ങൾ നിമിത്തം അല്ലാഹു അയാളെ അവഗണിച്ചുകളയും. അല്ലാഹു നമ്മെ കൈവിട്ടാൽ ആർക്കും നമ്മെ രക്ഷിക്കുവാൻ കഴിയില്ല. പിശാചിന്റെ പ്രലോഭനങ്ങളിൽനിന്നും സ്വന്തം ദേഹേച്ഛകളിൽനിന്നും നമ്മെ കാക്കുവാൻ അല്ലാഹുവിന്റെ കാവൽ കൂടിയേതീരൂ. അല്ലാഹു ഒരാളെ കൈവിട്ടാൽ പിശാച് അയാളുടെ അധികാരിയാകുകയും കൂടുതൽ വഴികെടുത്തുകയും ചെയ്യുന്നതാണ്. അങ്ങനെ അവൻ പലതരം പാപങ്ങളും അക്രമങ്ങളും കാട്ടിക്കൂട്ടുന്നതാണ്. എങ്ങനെയാണ് ആളുകൾക്ക് കൊലപാതകം പോലുള്ള വൻപാപങ്ങൾ ചെയ്യുവാൻ സാധിക്കുന്നത് എന്ന് ചിലപ്പോൾ നാം ആശ്ചര്യപ്പെടാറില്ലേ? അതെ, അവർക്ക് അല്ലാഹുവിന്റെ കാവലില്ല; അവർ പിന്തുടരുന്നത് ദേഹേച്ഛകളെയും പിശാചിനെയുമാണ്. ഇത് നാശത്തിലേക്കുള്ള പതനവുമാണ്. അല്ലാഹു പറയുന്നു:

“അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനോട് ഭയഭക്തിയുള്ളവർ ആകുവിൻ. ഓരോ മനുഷ്യനും താൻ നാളേക്കുവേണ്ടി ഒരുക്കിവെച്ചിട്ടുള്ളത് എന്താണെന്ന് നോക്കിക്കൊള്ളട്ടെ. അല്ലാഹുവിനെ ഭയപ്പെട്ടിരിക്കുവിൻ. നിശ്ചയം അല്ലാഹു നിങ്ങൾ ചെയ്യുന്ന സകല പ്രവൃത്തികളെക്കുറിച്ചും സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. നിങ്ങൾ അല്ലാഹുവിനെ വിസ്മരിച്ച ജനത്തെപ്പോലെ ആകരുത്. അപ്പോൾ അല്ലാഹു അവരെക്കുറിച്ചുതന്നെ അവരെ വിസ്മൃതരാക്കിക്കളഞ്ഞു. അവർ ദുർമാർഗികൾതന്നെയാകുന്നു’’ (അൽഹശ്ർ 18-19).

ഒരാൾ പാപംചെയ്യുമ്പോൾ അയാൾ അല്ലാഹുവിനെ മറക്കുന്നതാണ്. നിരന്തരം പാപങ്ങൾ ചെയ്യുമ്പോൾ അല്ലാഹുവിനെ പരിപൂർണമായി മറക്കുന്നതും നന്മയേകുന്ന കാര്യങ്ങൾ ചെയ്യാൻ ക്രമേണ അയാൾ മറന്നുപോകുന്നതുമാണ്. അങ്ങനെ സ്വന്തം കരങ്ങൾകൊണ്ടുതന്നെ നശിക്കപ്പെടുകയും ചെയ്യുന്നു. ക്ലേശങ്ങളിൽനിന്നും ക്ലേശങ്ങളിലേക്ക് അവൻ പതിക്കുന്നു. ദേഹേച്ഛകൾ അവരുടെ മനസ്സിനെ മൂടിക്കളയുന്നതാണ്. അല്ലാഹു പറയുന്നു: “എന്റെ ഉദ്‌ബോധനത്തെ അവഗണിക്കുന്നവനാണ് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുദ്ധാന നാളിൽ നാം അവനെ അന്ധനായാണ് ഉയർത്തെഴുന്നേൽപിക്കുക’’ (ത്വാഹാ 124).

25. പാപങ്ങൾ നന്മനിറഞ്ഞവരുടെ കൂട്ടത്തിൽനിന്നും പുറത്താക്കുന്നു

നന്മകൾ അധികമായും നല്ലനിലയിലും നിർവഹിക്കുന്നതിന് ‘ഇഹ്‌സാൻ’ എന്ന് പറയുന്നു. ക്വുർആനിൽ വിവിധ സ്ഥലങ്ങളിൽ ഈ ഗുണത്തെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഈ ഗുണങ്ങളുള്ളവർ ആരാധനാകർമങ്ങൾ നിർവഹിക്കുമ്പോഴും മറ്റുള്ളവരുമായുള്ള ഇടപാടുകൾ നടത്തുമ്പോഴും അല്ലാഹുവിനെ ധ്യാനിച്ചുകൊണ്ടും ശരിയായ നിലയിലും നിർവഹിക്കുന്നതാണ്. ഈമാനിന്റെ ഏറ്റവും ഉന്നതമായ തലമാണത്. എന്നാൽ ഏറ്റവും മികച്ചരീതിയിൽ കാര്യങ്ങൾ നിർവഹിക്കണമെന്ന് നാം ആഗ്രഹിക്കുമെങ്കിലും പലപ്പോഴും സംഭവിക്കാറില്ല. നമ്മുടെ പാപങ്ങൾതന്നെ അതിനു കാരണം. പാപങ്ങൾ അധികരിച്ചാൽ ഈ വിഭാഗത്തിൽനിന്നും നാം പുറത്താക്കപ്പെടുമോ എന്ന് ഭയക്കേണ്ടതുണ്ട്. ഇസ്തിഗ്ഫാർ ഇതിന് വലിയ പരിഹാരമാകുന്നു. ഇഹ്‌സാൻ നഷ്ടപ്പെട്ടാൽ വലിയ പ്രതിഫലം തടയപ്പെടും. കാരണം ഇഹ്‌സാനിന്റെ പ്രതിഫലം ഉടനടി നമുക്ക് അനുഭവപ്പെടുന്നതാണ്. അല്ലാഹു ഒരുവന് നല്ലത് ഉദ്ദേശിച്ചാൽ അയാൾ കാര്യങ്ങൾ ഇഹ്‌സാനോടുകൂടി ചെയ്യുന്നതായിരിക്കും. സംസാരവും പെരുമാറ്റവും ഏറ്റവും മികച്ച രീതിയിലായിരിക്കും. ഇത് അല്ലാഹുവിൽനിന്നുള്ള വലിയ ശ്രേഷ്ഠതയാകുന്നു.

26. പാപങ്ങൾ ഹൃദയത്തിന്റെ കരുത്ത് ചോർത്തുന്നു

മനുഷ്യന്റെ അടിസ്ഥാനം ഹൃദയമാണ്. പാപങ്ങളിലൂടെ ഹൃദയം തളരുന്നതാണ്. ഹൃദയം തളർന്നതാണെങ്കിൽ ശരീരവും നാവും അലസത പ്രാപിക്കും. നബി ﷺ നടത്തിയ പ്രധാന യാത്രയായ തബൂക്ക് യാത്രയിൽ കപടവിശ്വാസികൾ പോകാൻ ആഗ്രഹിച്ചില്ല. അവർ പങ്കെടുക്കണമെന്ന് അല്ലാഹുവും ആഗ്രഹിച്ചില്ല. അവരുടെ പാപങ്ങൾകാരണം അല്ലാഹു അവരെ പിന്നിലാക്കുകയും അകറ്റിനിർത്തുകയും ചെയ്തു. അല്ലാഹു പറയുന്നു: “യഥാർഥത്തിൽ നിങ്ങളോടൊപ്പം പുറപ്പെടാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ അവരതിന് ഒരുക്കങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ അവർ പുറപ്പെടുന്നത് അല്ലാഹുവിന് ഇഷ്ടമായില്ല. അതിനാൽ അവൻ അവരെ ആലസ്യത്തിൽ തടഞ്ഞുവെച്ചു. കുത്തിയിരിക്കുന്നവരോടൊപ്പം ഇരുന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു’’ (തൗബ 46).

സൽകർമങ്ങൾ ചെയ്യാൻ അവസരമുള്ളപ്പോൾ നാം അത് ചെയ്യുന്നത് തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു എന്നതിന് അടയാളമാണിത്. നന്മകൾ ചെയ്യാൻ മടിയുണ്ടായാൽ അതിന് പല തടസ്സങ്ങളുമുണ്ടാകും. അതെ, നമുക്ക് ആഗ്രഹമില്ലാതാകുമ്പോൾ പല തടസ്സങ്ങളുമുണ്ടാകുന്നതാണ്. ഉദാഹരണത്തിന്, നമുക്ക് അറിവുതേടാൻ തടസ്സമുണ്ടെങ്കിൽ, അല്ലെങ്കിൽ ക്വുർആൻ പാരായണം നടക്കുന്നില്ലെങ്കിൽ നമ്മിൽ പാപങ്ങൾ വല്ലതുമുണ്ടോ എന്ന് നോക്കുക. പാപങ്ങളിൽനിന്നും പശ്ചാത്തപിച്ചാൽ മനസ്സിന് ശക്തി ലഭിക്കുന്നതും നന്മ പ്രവർത്തിക്കാൻ സാധിക്കുന്നതുമാണ്.

പാഠം 17

പാപങ്ങളുടെ ദുഷ്ഫലങ്ങൾ

27. ഹൃദയം നിർജീവമാകും

പാപങ്ങൾ നമ്മുടെ ഹൃദയത്തെ നിർജീവമാക്കും. കുറ്റബോധം പോലുള്ള ഉന്നതവികാരങ്ങൾക്ക് അവിടെ പിന്നെ സ്ഥാനമുണ്ടാകുന്നതല്ല. രോഗംബാധിച്ച ഹൃദയത്തിന് എല്ലാം തലതിരിഞ്ഞേ തോന്നുകയുള്ളൂ. തണുപ്പില്ലെങ്കിലും തണുക്കുന്നതായി അയാൾക്ക് അനുഭവപ്പെടും.

ഹൃദയം രോഗിയായിത്തന്നെ അവശേഷിച്ചാൽ അത് എട്ടുതരം കാര്യങ്ങളിലേക്ക് നയിക്കും. നബി ﷺ ഇപ്രകാരം പ്രാർഥിക്കുമായിരുന്നു: “അല്ലാഹുവേ, ദുഃഖഭാരം, സങ്കടം, കഴിവില്ലായ്മ, അലസത, ഭീരുത്വം, പിശുക്ക്, കടബാധ്യത, ശത്രുക്കളുടെ സമ്മർദം എന്നിവയിൽനിന്നും ഞാൻ നിന്നോട് അഭയം ചോദിക്കുന്നു’’ (അബൂദാവൂദ്).

ഈ പ്രാർഥന, പാപങ്ങളിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള മനസ്സിന്റെ നിർജീവാവസ്ഥയും എട്ട് കുഴപ്പങ്ങളും സൂചിപ്പിക്കുന്നു. അവ താഴെ കൊടുക്കുന്നു:

ദുഃഖ ഭാരം: പാപങ്ങൾ നമ്മെ പലരീതിയിലുള്ള വിഷമാവസ്ഥയിലെത്തിക്കും. നമ്മൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുവാൻ വേണ്ടിയാകുന്നു അത്.

സങ്കടം: നമ്മൾ ചിലപ്പോൾ നിയന്ത്രണാതീതമായ രീതിയിൽ സങ്കടത്തിൽ പെട്ടുപോകും. ഉറ്റവരുടെ വേർപാട്, ധനനഷ്ടം, ആരോഗ്യം നശിക്കുക ഇങ്ങനെ പലവിധത്തിൽ സങ്കടങ്ങൾ നമ്മെ ബാധിച്ചേക്കാം. ചിലർ ഇവയെ മറക്കാൻ വേണ്ടി തെറ്റായ മാർഗങ്ങൾ അവലംബിക്കുമെങ്കിലും അത് വീണ്ടും സങ്കടങ്ങൾ വർധിപ്പിക്കുന്നതാണ്.

കഴിവില്ലായ്മ: എല്ലാ ഉത്തമമായ ജോലികളും ഭാരപ്പെട്ടതായി നമുക്ക് അനുഭവപ്പെടും. ഒരാൾ വ്യായാമം ചെയ്യുവാൻ വളരെ തത്പരനായിരിക്കും. പക്ഷേ, മസ്ജിദിൽ പോയി നമസ്‌കാരം നിർവഹിക്കാൻ സാധിക്കില്ല. ഒരുവൻ വായനയിൽ അഗ്രഗണ്യനായിരിക്കും പക്ഷേ, ക്വുർആൻ പാരായണം ചെയ്യാൻ സാധിക്കില്ല. മറ്റുകാര്യങ്ങൾക്ക് അതിരാവിലെ ഉണരാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പക്ഷേ, പ്രഭാത നമസ്‌കാരം നിർവഹിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും.

ഒന്നും ചെയ്യാൻ താൽപര്യമില്ലാതെ വെറുതെ ഇരിക്കുക. ഇസ്തിഗ്ഫാർ ആണ് പരിഹാരം. അതിന് ഒരു ചെലവുമില്ല.

ഭീരുത്വം: ധൈര്യം ലഭിക്കാൻ സാഹസികമായ കാര്യങ്ങളിൽ ഏർപ്പെട്ടാൽ മതി എന്ന് പലരും ഉപദേശിക്കും. പക്ഷെ, അതിന് പാപത്തിൽനിന്നും പശ്ചാത്തപിക്കലാണ് പ്രധാന മാർഗം. പാപം കാരണം ഭീരുത്വമുണ്ടാകും. ഒരു യോഗം നടക്കുന്നതിനിടക്ക് എഴുന്നേറ്റ് പോയി നമസ്‌കരിക്കാൻ കഴിയാത്തത് ഇതിന് ഉദാഹരണമാണ്.

പിശുക്ക്: നാം ഇസ്തിഗ്ഫാർ ചെയ്യുമ്പോൾ ദാനധർമങ്ങൾ ചെയ്യുവാൻ കൂടുതൽ തൽപരരായിരിക്കും.

കടബാധ്യത: പാപങ്ങൾ കൊണ്ടുചെന്നെത്തിക്കുന്ന വിഷമാവസ്ഥയിൽ ഏറ്റവും മുൻനിരയിലുള്ള അവസ്ഥയാണ് കടബാധ്യത. നമ്മൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുമ്പോൾ അല്ലാഹു നമ്മുടെ അവസ്ഥ നന്നാക്കും. നമ്മൾ പ്രതീക്ഷിക്കാത്ത സ്രോതസ്സുകളിലൂടെ നമ്മുടെ കടങ്ങൾ വീട്ടപ്പെടും.

അന്യരുടെ സമ്മർദം: ചില സമയങ്ങളിൽ നമ്മൾ മറ്റുള്ളവരുടെ സമ്മർദത്തിന് അടിമപ്പെട്ട് പോകാറില്ലേ? നമ്മുടെതന്നെ പാപങ്ങളാണ് അതിന് കാരണം. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുമ്പോൾ നമുക്ക് അത്തരം ആളുകളുടെ ഭരണത്തിൽനിന്നും മോചനം ലഭിക്കുന്നു. ചുരുക്കത്തിൽ ഈ എട്ട് കാര്യങ്ങളിൽ നിന്നും അല്ലാഹുവിനോട് അഭയംതേടണമെന്നും പാപങ്ങൾ ഉപേക്ഷിച്ചുകൊണ്ട് അതിനുവേണ്ടി പരിശ്രമിക്കണമെന്നും നബി ﷺയുടെ ഈ പ്രാർഥന പഠിപ്പിക്കുന്നു. (അവസാനിച്ചില്ല)

“അല്ലാഹുവേ, വിഷമാവസ്ഥയിൽനിന്നും അതിയായ സങ്കടങ്ങളിൽനിന്നും കഴിവില്ലായ്മയിൽനിന്നും അലസതയിൽനിന്നും ഭീരുത്വത്തിൽനിന്നും പിശുക്കിൽനിന്നും കടബാധ്യതയിൽനിന്നും അന്യർ ഞങ്ങളുടെമേൽ സമ്മർദം ചെലുത്തുന്നതിൽനിന്നും ഞാൻ നിന്നോട് അഭയം പ്രാപിക്കുന്നു’’ (ബുഖാരി 7/158). (തുടരും)