മഴയും മേഘങ്ങളും: വിസ്മയകരമായ ക്വുർആൻ വചനങ്ങൾ

ഡോ. ടി. കെ യൂസുഫ്

2022 ആഗസ്റ്റ് 20, 1442 മുഹർറം 21

ആകാശത്തുനിന്നും ശുദ്ധജലമിറക്കിയത് അല്ലാഹുവിന്റെ അനുഗ്രഹമായിട്ടാണ് ക്വുർആൻ എടുത്ത് പറയുന്നത്. അല്ലാഹു പറയുന്നു: “ഇനി, നിങ്ങൾ കുടിക്കുന്ന വെളളത്തെപ്പറ്റി നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിൽനിന്ന് ഇറക്കിയത്? അതല്ല നാമാണോ ഇറക്കിയവൻ? നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ അത് നാം ദുസ്സ്വാദുളള ഉപ്പുവെളളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങൾ നന്ദി കാണിക്കാത്തെതെന്താണ്?’’ (56:68 70). മഴവെളളത്തെ മേഘത്തിൽനിന്നിറക്കിയതും അതിനെ ഉപ്പുരുചിയിൽനിന്ന് മുക്തമാക്കിയതുമാണ് ഈ വചനങ്ങളിൽ അല്ലാഹു ഊന്നിപ്പറയുന്നത്.

ഭൂമയിൽനിന്ന് നീരാവിയായിപ്പോകുന്ന വെളളം സമുദ്രനിരപ്പിൽനിന്നും 7 മുതൽ 16 വരെ കിലോമീറ്റർ ഉയരത്തിൽ തങ്ങിനിൽക്കുകയും അത് അവിടെവച്ച് മേഘമായി രൂപപ്പെടുകയുമാണ് ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് മേൽപോട്ടുയരുന്നതിനനുസരിച്ച് അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞുവരികയാണ് ചെയ്യുന്നത്. മേഘ മണ്ഡലത്തിലെത്തുമ്പോൾ താപനില വളരെ താഴുകയും അവിടെവച്ച് മഴമേഘം രൂപപ്പെടുകയും ചെയ്യും.

മേഘങ്ങൾ സ്ഥിതിചെയ്യുന്ന ദൂരം, അവയുടെ ആകൃതി, നിറങ്ങൾ എന്നിവ പരിഗണിച്ച് മേഘങ്ങളെ പല ഇനങ്ങളായി തിരിച്ചിട്ടുണ്ട്. അവയെ വേണമെങ്കിൽ നൂറിലേറെ ഇനങ്ങളായി തരംതിരിക്കാൻ കഴിയുമെന്ന് ശാസ്ത്രം പറയുന്നു. എന്നാൽ അവയിൽ വളരെക്കുറച്ച് ഇനങ്ങളെ മാത്രമെ മഴമേഘങ്ങളായി പരിഗണിക്കുന്നുളളൂ. അതിലൊന്ന് ഭൂമിയിലെ പർവതനിരകൾ പോലുളള കൂറ്റൻ മേഘക്കൂട്ടങ്ങളാണ്. അവയ്ക്ക് കിലോമീറ്ററുകളോളം കട്ടിയുണ്ടാകും. ഇടിമിന്നലുകളും ആലിപ്പഴവും ഈ കനത്ത മേഘത്തിൽ മാത്രമെ കാണപ്പെടുന്നുളളൂ. ഈ മേഘത്തെ അപേക്ഷിച്ച് താരതമ്യേന കനംകുറഞ്ഞ മറ്റൊരു മഴമേഘം കൂടിയുണ്ട്. അടുക്കുകളായി കാണപ്പെടുന്ന ഇവ കിലോമീറ്ററുകളോളം നീണ്ടുകിടക്കാറുണ്ട്. ഇടിമിന്നലുകളും ആലിപ്പഴവും ഈ മേഘങ്ങളിൽനിന്ന് ആവിർഭവിക്കാറില്ല. മഴമേഘങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത്തരം മേഘങ്ങളിൽനിന്നും എപ്പോഴും മഴ വർഷിക്കണമെന്നില്ല. അതിന് വേറെയും ചില ഘടകങ്ങൾ ഒത്തുവരേണ്ടതുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പവും ഊഷ്മാവും അതിൽ പ്രധാനഘടകങ്ങളാണ്. അല്ലാഹുവിന്റെ കൽപനപ്രകാരം അനുകൂല ഘടകങ്ങൾ ഒത്തുകൂടിയാൽ രണ്ടാമത് പറഞ്ഞ മേഘത്തിൽനിന്നാണ് വ്യാപകമായ പേമാരി ലഭിക്കാറുളളത്.

മേഘങ്ങളെ സൃഷ്ടിക്കാനോ അവയെ മഴ പെയ്യുന്ന പരുവത്തിലാക്കാനോ മനുഷ്യന് കഴിയുകയില്ല. ലക്ഷണമൊത്ത മേഘങ്ങളിൽനിന്ന് വേണമെങ്കിൽ പരിമിതമായ വിജയ സാധ്യതയോടുകൂടി കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞെന്ന് വരും. എങ്കിൽ തന്നെയും മഴയുടെ അളവും അത് ലഭിക്കുന്ന സ്ഥലവും കൃത്യമായി പ്രവചിക്കാൻ സാധിക്കുകയില്ല. കാലാവസ്ഥാനിരീക്ഷകർ അന്തരീക്ഷ മർദം പരിശോധിച്ച് മഴവർഷിക്കുന്നതിനെക്കുറിച്ച് പ്രവചനം നടത്താറുണ്ടെങ്കിലും അത് ഒരിക്കലും കൃത്യവും കുറ്റമറ്റതുമായിത്തീരാറില്ല.

മഴവെളളത്തിൽ ഉപ്പിന്റെ അംശം കലരാത്തതാണ് അല്ലാഹു മറ്റൊരു അനുഗ്രഹമായി എടുത്ത് പറയുന്നത്. ആകാശത്തിലേക്ക് നീരാവിയായി പോകുന്ന വെള്ളത്തിന്റെ നല്ലൊരു ശതമാനവും സമുദ്രത്തിൽ നിന്നാണ്. സമുദ്ര ജലത്തിലെ ഉപ്പിന്റെ അംശം കണക്കാക്കുന്നത് ആയിരത്തിൽ 34-36 അംശം എന്ന തോതിലാണ്. ചെങ്കടലിൽ ഉപ്പിന്റെ സാന്ദ്രത ആയിരത്തിൽ 41 അംശം എന്ന തോതിലാണ്. സമുദ്രജലത്തിലെ ഉപ്പിന്റെ അളവ് ചുറ്റുപാടുകൾക്കനുസരിച്ച് വ്യത്യാസപ്പെടാറുണ്ട്. ആകാശത്തുനിന്നും മഴയായും ആലിപ്പഴമായും വർഷിക്കുന്ന വെളളം പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ ജലമാണ്. അതിൽ ഉപ്പിന്റെ അംശം ഒരു മില്യണിൽ ഇരുപത് അംശം മാത്രമാണുളളത്. എന്നാൽ മഴവെളളം ഭൂമിയിൽ പതിച്ച് മണ്ണിലൂടെ സഞ്ചരിക്കുന്നതോടുകൂടി പ്രകൃതിയിലെ ഉപ്പിന്റെ അംശം അതിൽ കലരുകയും പിന്നീട് അതിലെ ഉപ്പിന്റെ തോത് ഒരു മില്യണിൽ ആയിരം അംശം എന്ന രൂപത്തിൽ വർധിക്കുകയും ചെയ്യും.

സമുദ്രജലത്തിൽനിന്ന് നീരാവിയായി പോകുന്ന ജലം അതിലെ ഉപ്പിന്റെ അംശത്തോടുകൂടിയാണ് മേലോട്ടുയരുന്നതെങ്കിൽ മഴവെളളത്തിലും ഉപ്പുലവണങ്ങൾ കാണപ്പെടുമായിരുന്നു. എങ്കിൽ അതുകൊണ്ട് ശുദ്ധജലത്തിന്റെ ആവശ്യങ്ങളൊന്നും നിർവഹിക്കാൻ സാധിക്കുമായിരുന്നില്ല. എന്നാൽ കാരുണ്യവാനായ അല്ലാഹു ഭൂമിയിലെ സസ്യങ്ങളുടെയും മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനിൽപിന് ആധാരമായ ശുദ്ധജലംതന്നെയാണ് ആകാശത്തുനിന്നും വർഷിപ്പിക്കുന്നത്. ഇക്കാര്യം ക്വുർആനിൽ ധാരാളം വചനങ്ങളിൽ സൂചിപ്പിക്കുന്നതായി കാണാം:

“അവനാണ് ആകാശത്തുനിന്ന് വെളളം ചൊരിഞ്ഞുതന്നത്. അതിൽനിന്നാണ് നിങ്ങളുടെ കുടിനീര്. അതിൽനിന്നുതന്നെയാണ് നിങ്ങൾക്ക് കാലികളെ മേയ്ക്കാനുളള ചെടികളുമുണ്ടാകുന്നത്. ആ വെളളംകൊണ്ട് ധാന്യവിളകളും ഒലീവും ഈന്തപ്പനയും മുന്തിരികളും എല്ലാതരം ഫലവർഗങ്ങളും നിങ്ങൾക്ക് അവൻ മുളപ്പിച്ചുതരുന്നു. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്’’ (16:10,11).

മേഘങ്ങൾ രൂപപ്പെടുന്നതിനെക്കുറിച്ചും അവയിൽനിന്ന് മഴവർഷിക്കുന്നതിനെക്കുറിച്ചും ഇടിമിന്നലുകളുണ്ടാകുന്നതിനെക്കുറിച്ചും ആലോചിക്കാൻ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നുണ്ട്:

“അല്ലാഹു കാർമേഘത്തെ തെളിച്ച് കൊണ്ടുവരികയും എന്നിട്ട് അത് തമ്മിൽ സംയോജിപ്പിക്കുകയും എന്നിട്ടവൻ അതിനെ അട്ടിയാക്കുകയും ചെയ്യുന്നത് നീ കണ്ടില്ലേ? അപ്പോൾ അതിനിടയിലൂടെ മഴ പുറത്തുവരുന്നതായി നിനക്ക് കാണാം, ആകാശത്തുനിന്ന് അവിടെയുളള മലകൾപോലുളള മേഘക്കൂമ്പാരത്തിൽ നിന്ന് അവൻ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് ബാധിപ്പിക്കുകയും താൻ ഉദ്ദേശിക്കുന്നവരിൽനിന്ന് അവൻ തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നൽ വെളിച്ചം കാഴ്ചകളെ റാഞ്ചിക്കളയുമാറാകുന്നു’’ (24:43).

സമുദ്രനിരപ്പിൽനിന്ന് മേലോട്ടുയരുന്നതിനനുസരിച്ച് അന്തരീക്ഷതാപം കുറഞ്ഞുവരികയും ഏഴ് മുതൽ 20 കിലോമീറ്റർ വരെ ഉയരത്തിൽ വളരെയധികം തണുക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം അല്ലാഹു സംവിധാനിച്ചതുകൊണ്ടാണ് ഭൂമിയിൽനിന്നുയരുന്ന നീരാവി തണുത്തുറഞ്ഞ് മേഘങ്ങളുണ്ടാകുന്നത്. മേഘങ്ങളെ സംയോജിപ്പിക്കുകയും മഴവർഷിക്കേണ്ടിടത്തേക്ക് അവയെ സഞ്ചരിപ്പിക്കുയും ചെയ്യുന്നത് കാറ്റുകളാണ്. ഭൂമിയിലെ അന്തരീക്ഷത്തിലെ ഏറ്റക്കുറവാണ് കാറ്റിന്റെ ചലനത്തിന്റെ ഗതി നിർവഹിക്കുന്നത്. ഭൂമി സൂര്യന് ചുറ്റും 66.5 ഡിഗ്രി ചെരിവിൽ കറങ്ങുന്നതുകൊണ്ടാണ് ഭൂമിയിലെ താപനില വ്യത്യാസപ്പെടുകയും തണുത്തതും ചൂടുളളതുമായ കാറ്റുകൾ അടിച്ചുവീശുകയും ചെയ്യുന്നത്. ഭൂമിയിലെ നിംനോന്നതികളും ഈ രംഗത്ത് അതിന്റെതായ പങ്കുവഹിക്കുന്നുണ്ട്. സർവജ്ഞാനിയായ ഒരു രക്ഷിതാവിന്റെ ആസൂത്രണമില്ലാതെ ഇത്തരം പ്രതിഭാസങ്ങൾ ഒരിക്കലും നടക്കുകയില്ല:

“കാറ്റുകളുടെ ഗതിനിയന്ത്രണത്തിലും ചിന്തിച്ചുമനസ്സിലാക്കുന്ന ആളുകൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്’’ (45:5) എന്ന ക്വുർആൻ വചനം ഇവിടെ സ്മരണീയമാണ്.

മേഘങ്ങൾ പലയിനങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ മൂന്നുതരം മേഘങ്ങളിൽനിന്നാണ് പ്രധാനമായും മഴ വർഷിക്കാറുളളത്. അവയുടെ വിശേഷണങ്ങൾ പരിശോധിക്കുകയാണെങ്കിൽ അവയെല്ലാം ക്വുർആനിൽ പരാമർശിച്ച മേഘങ്ങളോട് യോജിക്കുന്നതായി കാണാം. അവയിലൊന്ന് കൂമ്പാരമേഘമാണ് (Heap Clouds). കോളിഫ്‌ളവർ ആകൃതിയിലുളള ഇവ വളരെ പ്രകടമായി കാണുന്നതും വളരെ വ്യാപ്തിയുളളതുമാണ്. ഇവയ്ക്ക് ഭൂമിയിൽനിന്ന് ഇരുപത് കിലോമീറ്റർവരെ ഉയരം കാണുന്നുണ്ട്. മറ്റൊന്ന് കുമുലസ് മേഘങ്ങളാണ് (Cumulus Clouds). കുമുലസ് എന്ന ലാറ്റിൻ പദത്തിന്റെ അർഥം തന്നെ ‘കൂമ്പാരമാകുക’ എന്നാണ്. പഞ്ഞിക്കെട്ടുകൾ പോലുളള ഇവയിൽനിന്നാണ് ആലിപ്പഴവും ഇടിമിന്നലുകളുമുണ്ടാകുന്നത്. ഒന്നിനുമുകളിൽ മറ്റൊന്നായി കാണപ്പെടുന്ന അട്ടിമേഘങ്ങളും (Layer Clouds) മഴമേഘങ്ങളിൽ പെട്ടത് തന്നെയാണ്.

നീരാവി മേലോട്ടുയർന്ന് മേഘങ്ങൾ രൂപ്പെട്ടത;കൊണ്ട് മാത്രം മഴവർഷിക്കുകയില്ല. അല്ലാഹുവിന്റെ കൽപന പ്രകാരം കാറ്റുകൾ അവയെ വഹിച്ചു കൊണ്ടുവന്ന്, ശാസ്ത്രം കേന്ദ്രീകൃത മേഖലകൾ (Conv-ergence Zones) എന്ന് വിളിക്കുന്ന പ്രദേശത്ത് അവ ഒരുമിച്ചുകൂടേണ്ടതുണ്ട്. അതുപോലെ മേഘലയനം (Cloud Merging) എന്ന് വിശേഷിപ്പിക്കുന്ന മറ്റൊരു പ്രക്രിയയും നടക്കേണ്ടതുണ്ട്. മേഘ സംയോജനത്തിനിടയിൽ വിപരീത ചാർജുളളവ കൂട്ടിമുട്ടുമ്പോഴാണ് ഇടി, മിന്നൽ പ്രതിഭാസങ്ങളുണ്ടാകുന്നത്. മേഘലയനം കാരണം മേലോട്ടുയരുന്ന വായുപ്രവാഹം വീണ്ടും നീരാവിയെയും മേഘങ്ങളെയും ആകർഷിക്കുകയും കാർമേഘം ഭീമാകാരമായ ഒരു കൂമ്പാരമായിത്തീരുകയും ചെയ്യും. ഈ മേഘത്തിന്റെ വലിപ്പം അല്ലാഹു ഉദ്ദേശിച്ച തോതിലെത്തുമ്പോൾ അവൻ ഉദ്ദേശിക്കുന്ന അളവിൽ അതിൽനിന്ന് അവൻ മഴ വർഷിപ്പിക്കുകയും ചെയ്യും. മേഘക്കൂമ്പാരത്തിലെ താപനില പൂജ്യത്തിന് താഴെ നാൽപതുവരെ എത്തുന്ന സന്ദർഭത്തിലാണ് ആലിപ്പഴവും മഞ്ഞുകട്ടകളും വർഷിക്കുന്നത്. ഇടിമിന്നലുകൾ പോലെ മേഘങ്ങളിൽനിന്ന് മഞ്ഞുകട്ടകൾ വർഷിക്കുന്നതും ഒരു വിപത്താണ്. അത് ചിലർക്ക് ബാധിക്കുകയും മറ്റുചിലർ അതിൽനിന്ന് രക്ഷപ്പെടുകയും ചെയ്യുന്നത് അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ചാണ്. ക്വുർആൻ പറയുന്നതു പോലെ ‘കാർമേഘങ്ങളെ തെളിച്ച് കൊണ്ടുവന്ന് സമാഹരിച്ച് അവയെ അടുക്കുകളായി സംയോജിപ്പ് അവയിൽനിന്ന് മഴയും ആലിപ്പഴവും ഇടിമിന്നലും ഉണ്ടാക്കുന്നത്’ അല്ലാഹുവാണ്. ഈ പ്രതിഭാസങ്ങളെ നിർമിക്കാനും നിയന്ത്രിക്കാനും മനുഷ്യൻ തീർത്തും നിസ്സഹായനാണ്.