ഭർത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദ

ജൗസല്‍ സി.പി

2022 നവംബർ 26, 1444 ജുമാദുൽ ഊല 01

വിവാഹമോചനം ചെയ്യപ്പെടുകയോ ഭർത്താവ് മരണപ്പെടുകയോ ചെയ്യുന്ന മുസ്‌ലിം സ്ത്രീ ഇദ്ദ (ദീക്ഷ) ആചരിക്കേണ്ടതുണ്ട്. ഇസ്‌ലാം വിമർശകർ പലപ്പോഴും വിമർശനം ഉന്നയിക്കുന്ന ഒന്നാണ് ഇസ്‌ലാമിലെ ഇദ്ദ ആചരണം. ഭർത്താവ് മരണപ്പെട്ടാൽ ഭാര്യ ആചരിക്കേണ്ട ഇദ്ദയെ പറ്റിയാണ് ഇതിൽ ലഘുവായി പ്രതിപാദിക്കുന്നത്.

അല്ലാഹു പറയുന്നു: “നിങ്ങളിൽ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കിൽ അവർ (ഭാര്യമാർ) തങ്ങളുടെ കാര്യത്തിൽ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്...’’ (ക്വുർആൻ 2:234).

ഭർത്താവ് മരണപ്പെട്ട സ്ത്രീ നാലു ചന്ദ്രമാസവും പത്ത് ദിവസവും ഇദ്ദയിരിക്കണം. ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നതുവരെയാണ് ഇദ്ദ. തന്നെ സൃഷ്ടിച്ചവനായ അല്ലാഹു എന്ത് കൽപിച്ചുവോ അത് ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നത് ഒരു മുസ്‌ലിമിന്റെ നിർബന്ധ ബാധ്യതയാണ്. ‘മുസ്‌ലിം’ എന്ന പദത്തിന്റെ അർഥംതന്നെ അല്ലാഹുവിന് സർവസ്വവും സമർപ്പിച്ചവർ, കീഴ്‌പെട്ടവൻ എന്നൊക്കെയാണ്. സ്വന്തം കേവല യുക്തിക്ക് ഉൾക്കൊണ്ടാലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ദൈവിക കൽപനകൾ അതേപടി അനുസരിച്ചേ തീരൂ.

ഇദ്ദ കാലയളവിൽ വളരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ സ്ത്രീ വീട് വിട്ടു പുറത്തു പോകാൻ പാടുള്ളതല്ല. വീട്ടിനകത്ത് സാധാരണ വസ്ത്രങ്ങൾ ധരിച്ച് ആഭരണങ്ങളും സുഗന്ധങ്ങളും മേക്കപ്പുകളും അലങ്കാര വസ്ത്രങ്ങളും ഒഴിവാക്കി നാലുമാസവും പത്ത് ദിവസവും കഴിയണം. വെള്ള വസ്ത്രം ധരിക്കണമെന്ന നിയമമൊന്നും ഇസ്‌ലാമിലില്ല. മക്കളുമായും വിവാഹബന്ധം നിഷിദ്ധമായ ഉറ്റ ബന്ധുക്കളുമായുമൊക്കെ അടുത്ത് ഇടപഴകുന്നതിന് യാതൊരു വിരോധവുമില്ല. പ്രത്യേക മന്ത്രോച്ചാരണങ്ങൾ ഉരുവിട്ട് ഇരുട്ടുമുറിക്കുള്ളിൽ കഴിഞ്ഞുകൂടണമെന്ന് മതം പഠിപ്പിക്കുന്നില്ല. വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്നതിനോ മറ്റു വീട്ടുജോലികൾ ചെയ്യുന്നതിനോ ഒന്നും യാതൊരു പ്രശ്‌നവുമില്ല.

അന്യപുരുഷന്മാരുമായി ഇടപെടേണ്ടി വരുമ്പോൾ ഭർത്താവ് ജീവിച്ചിരിക്കുന്ന സാധാരണ കാലഘട്ടത്തിൽ പാലിക്കേണ്ടതായ ഇസ്‌ലാമിക നിയമങ്ങൾ അല്ലാതെ ഇദ്ദ കാലഘട്ടത്തിൽ പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നുംതന്നെയില്ല. ഇദ്ദ കാലഘട്ടം എന്നത് ഒരു വിധവയെ സംബന്ധിച്ചിടത്തോളം അവളുടെ ഭർത്താവിന്റെ വിയോഗത്തിലുള്ള ദുഃഖം കുറയുവാനും മാനസികമായി സാധാരണനില കൈവരിക്കുവാനുമുള്ള ഒരു സമയമാണ്. ഇദ്ദ കാലഘട്ടത്തിൽ വിധവയെ വിവാഹം ആലോചിക്കുവാൻ പാടുള്ളതല്ല.

“...നിയമപ്രകാരമുള്ള അവധി (ഇദ്ദ) പൂർത്തിയാകുന്നതുവരെ (വിവാഹമുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാൻ നിങ്ങൾ തീരുമാനമെടുക്കരുത്. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുകയും അവനെ നിങ്ങൾ ഭയപ്പെടുകയും ചെയ്യുക...’’ (ക്വുർആൻ 2:235).

എന്തുകൊണ്ട് ഭർത്താവ് മരിച്ച സ്ത്രീക്ക് ഇദ്ദയുള്ളതുപോലെ ഭാര്യ മരിച്ച ഭർത്താവിന് ഇദ്ദയില്ല? പുരുഷന്റെയും സ്ത്രീയുടെയും സൈക്കോളജിയിൽ വ്യത്യാസമുണ്ട്. സ്ത്രീ കുറേകൂടി വൈകാരികമായി ചിന്തിക്കുന്ന ആളാണ്. അതുകൊണ്ടുകൂടിയാണ് മറ്റൊരു വിവാഹത്തിലേർപ്പെടാൻ അവൾക്ക് ഇദ്ദ കാലഘട്ടം കഴിഞ്ഞതിന് ശേഷം മാത്രം അനുമതി നൽകിയിരിക്കുന്നത്. മരിച്ച ഭർത്താവിൽനിന്ന് അവൾ ഗർഭിണിയാണോ എന്ന് അറിയുന്നിനു മുമ്പ് ധൃതിപ്പെട്ട് പുനർവിവാഹം നടത്തുന്നത് ഇത് തടയുന്നു. എന്നാൽ പുരുഷൻ വൈകാരികമായി പോളിഗാമസ് ആണ്. ഒരു ഭാര്യ ജീവിച്ചിരിക്കുമ്പോൾതന്നെ മറ്റു ഭാര്യമാരെ സ്വീകരിക്കാൻ പുരുഷന് വൈകാരികമായി വലിയ പ്രശ്‌നം ഉണ്ടാവില്ല എന്നതാണ് വാസ്തവം. അതാണ് പുരുഷന്റെ മനഃശാസ്ത്രം.