സഞ്ചാരത്തിന്റെ ഇസ്‌ലാമികമാനം

ഡോ. ടി. കെ യൂസുഫ്

2022 ജൂൺ 11, 1442 ദുൽഖഅദ 10

ടൂറിസ്റ്റ്’ എന്ന പദം കേൾക്കുമ്പോൾ ഒരു വലിയ ബാഗും തോളിലേറ്റി മുഷിഞ്ഞ ടീഷർട്ടും ട്രൗസറും ധരിച്ച് റെയിൽവെ സ്റ്റേഷനിൽ ഉലാത്തുന്ന സായിപ്പിന്റെയോ കടൽത്തീരത്തെ പഞ്ചാരമണലിൽ അൽപവസ്ത്രധാരിണിയായി കമഴ്ന്നുകിടന്ന് ഇളനിർ കുടിക്കുന്ന മദാമ്മയുടെയോ ചിത്രമായിരിക്കും പലരുടെയും മനസ്സിൽ തെളിഞ്ഞുവരിക. അതുകൊണ്ട് തന്നെ ടൂറിസത്തിന് ഇസ്‌ലാം പ്രോത്സാഹനം നൽകിയിട്ടുണ്ടെന്ന് പറയുമ്പോൾ പലർക്കും അത് അതിശയകരവും അവിശ്വസനീയവുമായിരിക്കും.

വിശുദ്ധ ക്വുർആൻ സഞ്ചാരികളെ എണ്ണിയത് ആരാധനയിൽ ഏർപ്പെടുകയും നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഉത്തമരായ സത്യവിശ്വാസികളുടെ കൂട്ടത്തിലാണ്. അല്ലാഹു പറയുന്നു: “പശ്ചാത്തപിക്കുന്നവർ, ആരാധനിയിൽ ഏർപ്പെടുന്നവർ, സ്തുതികീർത്തനം ചെയ്യുന്നവർ, സഞ്ചരിക്കുന്നവർ, കുമ്പിടുകയും സാഷ്ടാഗം നടത്തുകയും ചെയ്യുന്നവർ, സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും ചെയ്യുന്നവർ, അല്ലാഹുവിന്റെ അതിർവരമ്പുകൾ കാത്തുസൂക്ഷിക്കുന്നവർ ഇങ്ങനെയുളള സത്യവിശ്വാസികൾക്ക് സന്തോഷവാർത്ത അറിയിക്കുക’’ (ക്വുർആൻ 9:112).

ഇസ്‌ലാം സഞ്ചാരികൾക്ക് എത്രമാത്രം പ്രാധാന്യം നൽകിയെന്ന് മനസ്സിലാക്കാൻ മേൽവചനംതന്നെ ധാരാളം മതി. തന്നെയുമല്ല, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങൾ കണ്ടറിഞ്ഞ് അല്ലാഹുവിന്റെ കഴിവുകൾ മനസ്സിലാക്കുവാൻ ഭൂമിയിലൂടെയുളള സഞ്ചാരം ഏറെ ഉപകാരപ്രദമാണ്. ആകാശഭൂമികളിലുളള അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ കാണണമെങ്കിൽ ബാഹ്യനേത്രങ്ങൾക്കു പുറമെ അതിനു സന്നദ്ധമായ ഒരു അന്തരംഗം കൂടി വേണ്ടിവരും. അതു കരസ്ഥമാക്കണമെങ്കിൽ സഞ്ചാരം അത്യാവശ്യമാണെന്നാണ് ക്വുർആൻ പറയുന്നത്.

“ഇവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കിൽ ചിന്തിച്ച് മനസ്സില്ലാക്കാനുതകുന്ന ഹൃദയങ്ങളും കേട്ടറിയാനുളള കാതുകളും അവർക്ക് ലഭിക്കുമായിരുന്നു. തീർച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്; നെഞ്ചുകളിലുളള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്’’ (ക്വുർആൻ 22:46).

ചലനവും സഞ്ചാരവുമില്ലാതെ ഒരിടത്തുതന്നെ ചടഞ്ഞുകൂടുന്നത് മന്ദതയ്ക്കും ഹൃദയാന്ധതയ്ക്കും വഴിയൊരുക്കുമെന്ന സൂചനയും ഈ വചനം നൽകുന്നുണ്ട്.

ആവർത്തനവിരസമായ ജീവിതരീതി മനുഷ്യന്റെ ബൗദ്ധിക പ്രവർത്തനങ്ങളുടെ കാര്യക്ഷമതക്ക് മങ്ങലേൽപിക്കുന്നതായി ആധുനിക മനഃശാസ്ത്ര പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. വിനോദസഞ്ചാരംകൊണ്ടു ലഭിക്കുന്ന മാനസികോല്ലാസം ഇതിന് അല്പമെങ്കിലും ആശ്വാസം നൽകാൻ സാധ്യതയുള്ളതാണ്. ‘നിങ്ങൾ മനസ്സിന് ആശ്വാസം നൽകുക, കാരണം ആലസ്യം അതിനെ അന്ധമാക്കും’ എന്ന നബിവചനവും ഈ രംഗത്ത് ശ്രദ്ധേയമാണ്.

മദ്ഹബിന്റെ ഇമാമുകളിൽ പ്രമുഖനായ ഇമാം ശാഫിഈയും സഞ്ചാരത്തെ വാനോളം പുകഴ്ത്തുന്നുണ്ട്. സഞ്ചാരമെന്ന റിസ്‌ക് എടുത്തെങ്കിൽ മാത്രമെ ജീവിതത്തിന്റെ ത്രിൽ ആസ്വദിക്കാൻ കഴിയൂ എന്നാണ് അദ്ദേഹത്തിന്റെ വീക്ഷണം. യാത്ര ചെയ്യാതെ ജന്മനാട്ടിൽ ഒതുങ്ങിക്കൂടുന്ന അവസ്ഥയെ ഒഴുകാതെ കെട്ടി നിന്ന് ദുഷിക്കുന്ന ജലാശയത്തോടും, വേട്ടയാടാൻ പുറപ്പെടാതെ കൂട്ടിൽ പട്ടിണി കിടന്ന് ക്ഷയിക്കുന്ന സിംഹത്തോടുമാണ് അദ്ദേഹം ഉപമിച്ചത്. സ്വർണത്തിനും ചന്ദനത്തിനും മൂല്യമുണ്ടാകുന്നത് അവ തങ്ങളുടെ വാസസ്ഥലം വിട്ട് കയറ്റുമതി ചെയ്യപ്പെടുമ്പോൾ മാത്രമായതുകൊണ്ട് മനുഷ്യനും അൽപം നിലയും വിലയുമുണ്ടാകണമെങ്കിൽ നാടുവിടണമെന്നാണ് അദ്ദേഹം ബുദ്ധിയുളളവരെ ഉപദേശിക്കുന്നത്.

മാനസിക പിരിമുറുക്കങ്ങൾക്ക് അയവുവരുത്തുന്ന വിനോദസഞ്ചാരം മനുഷ്യന്റെ സർഗ പ്രതിഭ വളർത്തുന്നതിലും കാര്യമായ പങ്കുവഹിക്കുന്നുണ്ട്. പല സാഹിത്യകാരന്മാർക്കും ഗൗരവകരമായ എഴുത്തിന് പ്രചോദനം നൽകിയത് അവരുടെ സഞ്ചാരമാണ്. എഴുതാൻ ആഗ്രഹമുണ്ട് പക്ഷേ, എഴുതാൻ ഒന്നുമില്ല എന്ന അവസ്ഥയിൽനിന്ന് അവർക്ക് പലപ്പോഴും മോചനം ലഭിക്കാറുളളത് യാത്രാനുഭവങ്ങളാണ്.

യാത്രക്കാർക്ക് ഇസ്‌ലാം നമസ്‌കാരത്തിൽ ഇളവും നോമ്പിൽ ഇടയും നൽകിയതോടൊപ്പം സകാത്തിന്റെ ഒരു വിഹിതവും നീക്കിവെച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങളെല്ലാം സഞ്ചാരികൾക്കും ലഭിക്കേണ്ടതാണ്. കാരണം ദേശാടനത്തിലൂടെ അവർ ഒട്ടനവധി ജനങ്ങളുടെ ജീവിത രീതികളും ചിന്താഗതികളും പ്രവർത്തനങ്ങളും മനസ്സിലാക്കുകയാണ് ചെയ്യുന്നത്. അതിലുപരി വിശുദ്ധ ക്വുർആൻ ഒരു ദൃഷ്ടാന്തമായി എണ്ണിയ ഭാഷ, വർണ വൈവിധ്യം കണ്ടറിയണമെങ്കിലും ദേശാന്തരഗമനം അത്യാവശ്യമാണ്.

“നിങ്ങളുടെ ഭാഷകളിലും വർണങ്ങളിലുമുളള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ അറിവുളളവർക്ക് ദൃഷ്ടാന്തമുണ്ട്’’ (ക്വുർആൻ 30:22).

ഭൂമുഖത്ത് ജനങ്ങളെ വിറപ്പിച്ച് ഭരണം നടത്തിയ അതിക്രമികളായ അധികാരികൾക്ക് വന്നുഭവിച്ച ദുരന്തഫലങ്ങൾ കണ്ടറിയാനും സഞ്ചാരം സഹായകമാണ്. ജർമനിയിൽ ഹിറ്റ്‌ലറുടെ കൊടുംക്രൂരതയുടെ ദുർഭൂതങ്ങളെ കാണാമെങ്കിൽ ഇറ്റലിയിൽ ഉമർ മുഖ്താറിന്റെ അശ്വഭടന്മാരോട് അടരാടിയ മുസോളിനിയുടെയും കൂട്ടാളികളുടെയും കബന്ധങ്ങൾ ദർശിക്കാൻ കഴിയും. ഈജിപ്തിലെ പിരമിഡുകളിലേക്ക് നോക്കിയാൽ അവിടുത്തെ പ്രാചീന ഭരണമേധാവികളായ ഫറോവമാരുടെ അനിതരസാധാരണമായ അധീശത്തവും അലംഘനീയമായ ആജ്ഞാശക്തിയും ഗ്രഹിക്കാൻ കഴിയും. സർവോപരി പുരാതന ഈജിപ്തുകാരുടെ പുനർജന്മ വിശ്വാസവും അവിടുത്തെ അടിമകളുടെ അത്യന്തം ക്ലേശപൂരിതമായ അവസ്ഥയും ആ കൂറ്റൻ ശവകുടീരങ്ങൾ മൂകമായ ഭാഷയിൽ സഞ്ചാരികളോട് വിളിച്ചുപറയുന്നുണ്ട്. പ്രകൃതിവിരുദ്ധ രതിയുടെ ഞെട്ടിപ്പിക്കുന്ന ദുരന്തഫലങ്ങൾ കാണണമെങ്കിൽ ചാവുകടലിനരികിലൂടെ സഞ്ചരിച്ചാൽ മതി. പാപികളുടെ പര്യവസാനം കാണാൻ വേണ്ടിയുളള ഇത്തരം യാത്രകൾക്കും ഇസ്‌ലാം പ്രോത്സാഹനം നൽകുന്നുണ്ട്.

“എന്നാൽ അവർക്ക് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് കാണാൻ അവർ ഭൂമിയിൽ സഞ്ചരിച്ചുനോക്കിയിട്ടില്ലേ? അവർ ഇവരെക്കാൾ എണ്ണം കൂടിയവരും ശക്തികൊണ്ടും ഭൂമിയിൽ വിട്ടേച്ചുപോയ അവശിഷ്ടങ്ങൾകൊണ്ടും ഏറ്റവും പ്രബലൻമാരുമായിരുന്നു. എന്നിട്ടും അവർ നേടിയെടുത്തിരുന്നതൊന്നും അവർക്ക് പ്രയോജനപ്പെട്ടില്ല’’ (ക്വുർആൻ 40:82).

വിജ്ഞാന ചക്രവാളം വികസിപ്പിക്കുന്നതിൽ വിനോദസഞ്ചാരത്തിനുളള പങ്ക് ഒരു അനിഷേധ്യവസ്തുതയാണല്ലോ. സ്ഥലകാല ചുറ്റുപാടുകളിൽനിന്ന് ആർജിക്കുന്ന അറിവും അനുഭവവും മനുഷ്യന്റെ വ്യക്തിത്വ വികസനത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. വീട്ടിൽ ഒതുങ്ങിക്കൂടി ജീവിക്കുന്നവനെക്കാളും ഭേദമായിരിക്കുമല്ലോ നാട്ടിലേക്കും നഗരത്തിലേക്കും ഇറങ്ങിച്ചെല്ലുന്നുവൻ. ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് സഞ്ചരിക്കുന്നവർ മറ്റുളളവരെക്കാളും അറിവും വിശാലവീക്ഷണവും ഉളളവരായിരിക്കും.

നാം ജീവിക്കുന്ന ഈ ലോകത്തിന്റെ അവസ്ഥയും പുരോഗതിയും കണ്ടുപിടുത്തങ്ങളും വെല്ലുവിളികളും മനസ്സിലാക്കണമെങ്കിൽ ഗൃഹാതുരത്തിന്റെ പുറംതോട് പൊട്ടിച്ച് പുറത്തുകടക്കേണ്ടിവരും. ജനങ്ങളുടെ പുരോഗതി, അധോഗതി, സമ്പന്നത, ദാരിദ്ര്യം, രോഗം, ആരോഗ്യം, യുദ്ധം, സമാധാനം തുടങ്ങി ഒട്ടേറെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊളളാൻ കഴിയുമെന്നതാണ് സഞ്ചാരത്തിന്റെ ഏറ്റവും വലിയ സവിശേഷത. തൊഴിലില്ലാഴ്മയുടെ ശാപത്തിൽനിന്നും കരകയറാൻ പല രാജ്യങ്ങളെയും സഹായിക്കുന്നത് വിനോദസഞ്ചാര വികസനമാണ്.

മാതൃകായോഗ്യരായ സഞ്ചാരികൾ ഇസ്‌ലാമിക പ്രബോധനരംഗത്ത് നിസ്തുലമായ പങ്ക് നിർവഹിച്ചിട്ടുണ്ട്. അതുകൊണ്ട്തന്നെ ജനങ്ങളെ അധാർമികതയിലേക്ക് തളളിവിടുന്ന സെക്‌സ് ടുറിസവും, അവരെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും അടിമകളാക്കുന്ന സിയാറത്ത് യാത്രകളും അരങ്ങുതകർക്കുന്ന ഇക്കാലത്ത് ഇസ്‌ലാമിക മാർഗ നിർദേശങ്ങൾ മുറുകെ പിടിക്കുന്ന ഫലപ്രദമായ ഒരു ടൂറിസ്റ്റ് പാക്കേജ് അനിവാര്യമാണ്.