ഇൻ ശാ അല്ലാഹ്

അബ്ദുൽ മജീദ് പട്ടാമ്പി

2022 സെപ്തംബർ 17, 1444 സ്വഫർ 20

മുസ്‌ലിംകൾ അവരുടെ സംസാരത്തിനിടയിൽ ആവർത്തിച്ച് ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘ഇൻ ശാ അല്ലാഹ്’ എന്നത്. ചെയ്യാനുദ്ദേശിക്കുന്ന ഒരു കാര്യം പറയുമ്പോൾ ‘അല്ലാഹു ഉദ്ദേശിച്ചാൽ’ എന്നൊരു പദം ചേർക്കുന്നതിലൂടെ അല്ലാഹുവിലുള്ള വിശ്വാസത്തെ ഉദ്‌ഘോഷിക്കുക കൂടിയാണ് വിശ്വാസി ചെയ്യുന്നത്. ഒരു കാര്യം പറയുമ്പോൾ, അല്ലാഹുവിന്റെ ഉദ്ദേശ്യം കിട്ടിയില്ലെങ്കിൽ തനിക്കതിനു സാധിക്കില്ല എന്ന തിരിച്ചറിവിന്റെ വാക്കാണിത്. അതോടൊപ്പം, താൻ നിർവഹിക്കാം എന്ന് പറയുന്ന ഒരു കാര്യം എന്തെങ്കിലും കാരണംകൊണ്ട് നിർവഹിക്കാൻ സാധിക്കാതെ വരികയാണെങ്കിലുള്ള ഒരു ഒഴിവുകഴിവും കൂടിയാണത്.

ഇന്ന് പക്ഷേ, പലരും ‘ഇൻ ശാ അല്ലാഹ്’ എന്നത് ഒരു ഒഴിവുകഴിവിനു വേണ്ടി മാത്രം ഉപയോഗിക്കുന്നു എന്നത് ഖേദകരമാണ്. പലരും ‘ചെയ്യാനുദ്ദേശിക്കുന്ന’ കാര്യം പറയുമ്പോൾ ഈ വാക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യാൻ ഉദ്ദേശ്യമില്ലാത്ത, സാധ്യതക്കുറവുള്ള കാര്യം പറയുമ്പോൾ മനഃപൂർവം ഉപയോഗിക്കുകയും ചെയ്യുന്നത് അതിന്റെ ആശയത്തെ തന്നെ തെറ്റിദ്ധരിക്കുവാൻ ഇടയാക്കിയിട്ടുണ്ടെന്നതാണ് വസ്തുത. ഒരാൾ ഒരു കാര്യം പറയുകയും കൂടെ ഇൻ ശാ അല്ലാഹ് എന്ന് കൂടി പറയുകയും ചെയ്താൽ, അത് നിവർത്തിക്കുവാൻ സാധ്യതയില്ലെന്ന് കേൾക്കുന്നവർ മനസ്സിലാക്കുന്ന രീതിയിൽ കാര്യം എത്തിയിരിക്കുന്നു! വിശുദ്ധ ക്വുർആനിൽ ഈ പദം ഉപയോഗിക്കപ്പെട്ടത് നമുക്ക് പരിശോധിക്കാം.

നബി ﷺ യോട് കൽപിക്കപ്പെട്ടത്

അല്ലാഹു പറയുന്നു: “യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീർച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞുപോകരുത്; അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിൽ (ചെയ്യാമെന്ന്) അല്ലാതെ. നീ മറന്നുപോകുന്ന പക്ഷം (ഓർമവരുമ്പോൾ) നിന്റെ രക്ഷിതാവിനെ അനുസ്മരിക്കുക...’’ (18:23,24).

മുൻപ്രവാചകന്മാർ ഉപയോഗിച്ചത്

യൂസുഫ് നബി(അ) തന്റെ മാതാപിതാക്കളും സഹോദരങ്ങളും ഈജിപ്തിലേക്ക് കടന്നുവരുന്ന അവസരത്തിൽ പറയുന്നത് നോക്കൂ: “അനന്തരം അവർ യൂസുഫിന്റെ മുമ്പാകെ പ്രവേശിച്ചപ്പോൾ അദ്ദേഹം (യൂസുഫ്) തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം നിങ്ങൾ നിർഭയരായിക്കൊണ്ട് ഈജിപ്തിൽ പ്രവേശിച്ചുകൊള്ളുക’’ (12:99).

മൂസാ(അ) ഖിള്‌റി(അ)നോട് പറയുന്നു: “അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമയുള്ളവനായി താങ്കൾ എന്നെ കണ്ടെത്തുന്നതാണ്. ഞാൻ താങ്കളുടെ ഒരു കൽപനയ്ക്കും എതിർ പ്രവർത്തിക്കുന്നതല്ല’’ (18:69).

എട്ടുവർഷത്തെ കൂലിവേല മൂസാ നബി(അ)ക്ക് തന്റെ മകളെ വിവാഹം ചെയ്തുകൊടുക്കുന്നതിനുള്ള മഹ്‌റായി നിശ്ചയിച്ച ശേഷം ആ പിതാവ് പറയുന്നു: “അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം നല്ലനിലയിൽ വർത്തിക്കുന്നവരിൽ ഒരാളായി നിനക്ക് എന്നെ കാണാം’’ (28:27).

ഇസ്മാഈൽ(അ) തന്നെ അറുക്കണമെന്ന കൽപനയെ കുറിച്ച് പറഞ്ഞ പിതാവിനോട് പറയുന്നു: “എന്നിട്ട് ആ ബാലൻ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാൻ നിന്നെ അറുക്കണമെന്ന് ഞാൻ സ്വപ്‌നത്തിൽ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവൻ പറഞ്ഞു: എന്റെ പിതാവേ, കൽപിക്കപ്പെടുന്നതെന്തോ അത് താങ്കൾ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമാശീലരുടെ കൂട്ടത്തിൽ താങ്കൾ എന്നെ കണ്ടെത്തുന്നതാണ്’’ (37:102).

ഇസ്‌റാഈല്യരും ബഹുദൈവാരാധകരും ഇത് ഉപയോഗിച്ചിട്ടുണ്ട്

പശുവിനെ അറുക്കുവാനുള്ള കൽപന അറിയിച്ചപ്പോൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിച്ച ബനൂഇസ്‌റാഈലുകാർ പറയുന്നു: “അവർ പറഞ്ഞു: അത് ഏതു തരമാണെന്ന് ഞങ്ങൾക്ക് വ്യക്തമാക്കിത്തരാൻ നിന്റെ രക്ഷിതാവിനോട് ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കുക. തീർച്ചയായും പശുക്കൾ പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങൾക്ക് തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാൽ അവന്റെ മാർഗനിർദേശപ്രകാരം തീർച്ചയായും ഞങ്ങൾ പ്രവർത്തിക്കാം’’ (2:70).

“ആ ബഹുദൈവാരാധകർ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ഞങ്ങളോ, ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട്) പങ്കുചേർക്കുമായിരുന്നില്ല; ഞങ്ങൾ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്...’’ (6:148).

ഇവിടെയെല്ലാം ഒരു പ്രവൃത്തി ചെയ്യുവാൻ ഉദ്ദേശിച്ചുകൊണ്ടല്ല, അവരുടെ തിന്മക്ക് അല്ലാഹുവിന്റെ ഉദ്ദേശ്യത്തെ പഴിചാരാനാണ് അവർ ശ്രമിക്കുന്നത്.

നബി ﷺ യുടെ ജീവിതത്തിൽ അദ്ദേഹം ഒരു കാര്യം ചെയ്യാം എന്ന് പറയുമ്പോൾ ഇൻ ശാ അല്ലാഹ് എന്ന് ചേർത്ത് പറഞ്ഞിരുന്നു. ഒരു ഹദീസ് നോക്കുക. ഇത്ബാൻ ബിൻ മാലിക്(റ) പറയുന്നു: “ഞാൻ എന്റെ ഗോത്രമായ ബനീ സാലിമിലെ ആളുകൾക്ക് ഇമാമായി നമസ്‌കരിക്കാറുണ്ടായിരുന്നു. നബി ﷺ യുടെ അടുത്തുചെന്ന് ഞാൻ പറഞ്ഞു: ‘എനിക്ക് എന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. മഴവെള്ളം ഒഴുകുന്നതിന്റെ കൂടി കാരണത്താൽ എന്റെ ജനങ്ങളുടെ പള്ളിയിലേക്ക് എനിക്ക് എത്തിച്ചേരാൻ കഴിയുന്നില്ല. താങ്കൾ വന്നു എന്റെ വീട്ടിൽവെച്ച് നമസ്‌കരിക്കുകയും ആ സ്ഥലം എനിക്ക് പള്ളിയായി ഉപയോഗിക്കുകയും ചെയ്യാമല്ലോ.’ നബി ﷺ പറഞ്ഞു: ‘ശരി, ഞാൻ വരാം, ഇൻ ശാ അല്ലാഹ്.’ അടുത്ത ദിവസം നബി ﷺ യും അബൂബക്‌റും(റ) വരികയും അപ്രകാരം എന്റെ വീട്ടിൽ നമസ്‌കരിക്കുകയും ചെയ്തു’’ (ബുഖാരി:839, നസാഈ:1327).

ശപഥങ്ങളിൽ ഇളവ് ലഭിക്കും

നബി ﷺ പറഞ്ഞു: “ആരെങ്കിലും ശപഥം ചെയ്യുന്ന അവസരത്തിൽ ഇൻ ശാ അല്ലാഹ് എന്ന് ചേർത്ത് പറയുകയാണെങ്കിൽ അത് നിവർത്തിച്ചിട്ടില്ലെങ്കിലും അവനതിൽ സത്യലംഘനം വരുന്നില്ല. അഥവാ സത്യം ചെയ്യുമ്പോൾ ഇൻ ശാ അല്ലാഹ് പറഞ്ഞാൽ സത്യലംഘനത്തിന്റെ പ്രായശ്ചിത്തത്തിൽ ഇളവുണ്ട്’’ (ഇബ്‌നുമാജ: 2105).

പറയുന്നതുകൊണ്ടുള്ള നേട്ടങ്ങൾ

ഒരു കാര്യം സത്യം ചെയ്തു പറഞ്ഞുകഴിഞ്ഞാൽ അത് എന്തെങ്കിലും കാരണംകൊണ്ട് സാധിക്കാതിരുന്നാൽ സത്യലംഘനത്തിനു പിഴയുണ്ട്. ഇൻ ശാ അല്ലാഹ് എന്ന് പറയുന്നതിലൂടെ അതിന് ഇളവ് ലഭിക്കുന്നു. അല്ലാഹുവിന്റെ വിധി പ്രകാരം ഒരു കാര്യം നടക്കാതിരുന്നാൽ അതിൽ ഖേദം തോന്നാതിരിക്കുവാൻ ഇത് സഹായിക്കും. അല്ലാഹു ഉദ്ദേശിച്ചാൽ എന്ന് പറഞ്ഞാണല്ലോ നാം തീരുമാനിച്ചത്, ഇതിന് അല്ലാഹുവിന്റെ ഉദ്ദേശ്യം ഇല്ല എന്ന് സമാധാനിക്കുവാൻ സാധിക്കും. ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിന് അല്ലാഹുവിന്റെ അനുമതി തേടലാണത്.

പറയുമ്പോൾ ശ്രദ്ധിക്കേണ്ടത്

ചെയ്യാനുദ്ദേശിക്കാത്ത ഒരു കാര്യത്തിന് ഇൻ ശാ അല്ലാഹ് എന്ന് പറയുന്നത് അല്ലാഹുവിനെ അനാദരിക്കലാണ്. നമ്മൾ യാതൊരു പരിശ്രമവും ചെയ്യാതെ ഒരു കാര്യം നടക്കാതെ പോയാൽ, നമ്മുടെ ന്യായം അല്ലാഹുവിന്റെ വിധി ഉണ്ടായില്ല എന്നാണ്. അഥവാ നമ്മുടെ അലസതക്ക് നാം അല്ലാഹുവിന്റെ വിധിയെ പഴിചാരുന്നു. നാം ഒരു കാര്യത്തിന് വേണ്ടി പരിശ്രമിക്കാതെ അത് അല്ലാഹു ഏറ്റെടുക്കുകയില്ലല്ലോ.

ചെയ്യാനുദ്ദേശിക്കാത്ത ഒരു കാര്യം ചെയ്യാം എന്ന് പറയുമ്പോൾ, നാം പറയുന്നത് കളവാണ്. കളവു പറയുന്നതിന്റെ ഗൗരവം നമുക്കറിയാം. അതിൽനിന്നും രക്ഷപ്പെടാൻ എന്ന രീതിയിൽ ഇൻ ശാ അല്ലാഹ് ഉപയോഗിക്കുന്നത് ശരിയാണോ?

ഇബ്‌നു റജബ് (റഹി) പറഞ്ഞു: “ഒരാൾ ഒരു കാര്യം ചെയ്യുകയില്ല എന്ന ഉദ്ദേശത്തോടെതന്നെ അക്കാര്യം ചെയ്യുമെന്ന് ഇൻ ശാ അല്ലാഹ് ചേർത്തി പറയുകയാണെങ്കിൽ അവൻ കളവു പറയുകയും സത്യലംഘനം നടത്തുകയും ചെയ്തു. (ജാമിഉ ഉലൂം വൽഹുക്മ് 2 /482,483). ചെയ്യാനുദ്ദേശിക്കാത്ത ഒരു കാര്യം ചെയ്യാമെന്ന് പറയുകയും, ചെയ്യാതിരിക്കുന്നതിനു പിന്നീട് ഒരു ന്യായീകരണത്തിനു വേണ്ടി മാത്രം ഇൻ ശാ അല്ലാഹ് എന്ന് പറയുകയും ചെയ്യുന്നത് ഗൗരവമുള്ള വിഷയമാണ്.

പറ്റില്ലെങ്കിൽ ‘ഇല്ല’ എന്നു പറയണം

പലപ്പോഴും ഇപ്രകാരം പറയേണ്ടിവരുന്നത് മറ്റൊരാളോട് തനിക്ക് ഒരു കാര്യം നിർവഹിക്കുക സാധ്യമല്ല എന്ന് പറയാൻ കഴിയാത്തതുകൊണ്ടാണ്. സാധ്യമല്ലാത്ത കാര്യങ്ങൾ ഏറ്റെടുക്കരുത്. തനിക്കതിനു സാധിക്കില്ല എന്ന വസ്തുത മുഷിപ്പിക്കാതെ തുറന്നു പറയുകയാണ് വേണ്ടത്. അത് പരിശീലിച്ചെടുക്കുക തന്നെ വേണം.