നാവിനെ സൂക്ഷിക്കാം

ശമീർ മദീനി

2022 ജൂൺ 25, 1442 ദുൽഖഅദ 24

അല്ലാഹു നൽകിയ അനവധി അനുഗ്രഹങ്ങൾ ആസ്വദിച്ച് ജീവിക്കുന്നവരാണ് നാം ഓരോരുത്തരും. അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ വിശിഷ്ടമായ ഒന്നാണ് നാവ് അഥവാ സംസാരശേഷി. അത് ശ്രദ്ധിച്ച് വിനിയോഗിച്ചാൽ ധാരാളം നന്മകൾ നമുക്ക് ഇഹത്തിലും പരത്തിലും നേടിയെടുക്കാൻ സാധിക്കും. അത് അശ്രദ്ധമായി, അലക്ഷ്യമായി ഉപയോഗിച്ചാൽ ഒട്ടേറേ നഷ്ടങ്ങളും അപകടങ്ങളും ഉണ്ടാവുകയും ചെയ്യും.

കളിതമാശകൾ മനുഷ്യസഹജമാണ്. നബി ﷺ യും സ്വഹാബത്തും ചിലപ്പോഴൊക്കെ തമാശകൾ പറഞ്ഞ സംഭവങ്ങൾ ഹദീസുകളിൽ കാണാൻ കഴിയും. പക്ഷേ, അവിടെപ്പോലും ഇസ്‌ലാമികബോധം അവർ നിലനിർത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്. കളവും പരിഹാസവും ആ തമാശകളിൽ കടന്നുവരാറില്ലായിരുന്നു. ആക്ഷേപങ്ങൾ, അനാവശ്യമായ; നന്മകൾ ഇല്ലാത്ത വിമർശനങ്ങൾ തുടങ്ങിയവയെല്ലാം ഒഴിവാക്കാൻ നമുക്ക് സാധിക്കണം. ഒരാളുടെ മനസ്സിന് വേദനയുണ്ടാക്കുന്ന, മുറിവേൽപിക്കുന്ന വാക്കുകൾ ഒരിക്കലും വിശ്വാസിയുടെ നാവിൽനിന്ന് ഉണ്ടായിക്കൂടാ. അല്ലാഹുവിനെയും അവന്റെ ദൂതനെയും ദീനീവിഷയങ്ങളെയുമൊക്കെ പരിഹസിക്കുന്ന വാക്കുകൾ; അല്ലാഹുവിനെയും നബി ﷺ യെ സ്‌നേഹിക്കേണ്ട, പരിശുദ്ധദീനിനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ട ആളുകളിൽനിന്നും ഒരിക്കലും ഉണ്ടാകുവാൻ പാടില്ലാത്ത പരിഹാസവാക്കുകൾ ചിലപ്പോൾ കളിതമാശകളുടെ പേരിൽ പലരുടെയും നാവിൽനിന്ന് വന്നുപോകാറുണ്ട്. വളരെ ഗൗരവം നിറഞ്ഞ സംഗതിയായിട്ടാണ് ഇസ്‌ലാം അതിനെ പരിഗണിക്കുന്നത്. നബി ﷺ  വളരെ ഗൗരവത്തോടുകൂടി അക്കാര്യം ഉണർത്തിയിട്ടുണ്ട്.

അല്ലാഹുവിനെയും റസൂലിനെയും മതത്തെയും പരിഹസിച്ച കപടന്മാരെക്കുറിച്ച് അല്ലാഹു പറഞ്ഞു: “നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാൽ അവർ പറയും: ഞങ്ങൾ തമാശപറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങൾ പരിഹസിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങൾ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങൾ അവിശ്വസിച്ചുകഴിഞ്ഞിരിക്കുന്നു...’’ (ക്വുർആൻ 9:65,66).

മതത്തെ പരിഹസിക്കുന്നവർക്ക് ശക്തമായ താക്കീതും മുന്നറിയിപ്പുമാണ് ഈ സൂക്തങ്ങളിലൂടെ അല്ലാഹു നൽകുന്നത്. മതത്തിന്റെ ചില നിർദേശങ്ങളും കൽപനകളും ‘സ്വന്തം ബുദ്ധിക്ക്’ ഉൾക്കൊള്ളാൻ കഴിയാത്ത നബിവചനങ്ങളും കേൾക്കുമ്പോൾ പരിഹസിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ഇടുങ്ങിയ മനസ്സിന്റെ ആളുകളായി മാറിയവർ ഹൃദയ വിശാലതയ്ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുകയും പശ്ചാത്തപിക്കുകയും കൂടുതൽ ആഴത്തിൽ പഠിക്കാനും അന്വേഷിക്കാനും തയ്യാറാവുകയും ചെയ്യേണ്ടതുണ്ട്.

“അത് (നിങ്ങൾ ഗ്രഹിക്കുക), വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്നപക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ ധർമനിഷ്ഠയിൽനിന്നുണ്ടാകുന്നതത്രെ’’ (ക്വുർആൻ 22:32).

അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കൽ ഹൃദയത്തിലെ സൂക്ഷ്മതയുടെ ബഹിർസ്ഫുരണമാണ് എന്നർഥം. അവയെ പരിഹസിക്കലാകട്ടെ വിശ്വാസരാഹിത്യത്തിന്റെ അടയാളവുമാണ്. സ്ത്രീപുരുഷന്മാർ എങ്ങനെ വസ്ത്രം ധരിക്കണം എന്നത് അല്ലാഹുവും അവന്റെ ദൂതനും പഠിപ്പിച്ച കാര്യമാണ്. പുരുഷന്മാരോട് താടി വളർത്താൻ കൽപിച്ചതും വസ്ത്രം നെരിയാണിക്ക് താഴെയിറങ്ങുന്നത് വിരോധിച്ചതും അല്ലാഹുവിന്റെ റസൂലാണ്. സ്വജീവിതത്തിൽ അത് പാലിക്കാൻ വൈമനസ്യമുള്ളതിനാൽ അതിനെയൊക്കെ കളിയാക്കുകയും വിമർശിക്കുകയും ചെയ്യുന്ന മുസ്‌ലിം നാമധാരികളെ നമുക്ക് കാണുവാൻ സാധിക്കും. അത് പടച്ചവൻ നൽകിയ നാവ് എന്ന അനുഗ്രഹത്തെ അപകടകരമായ രൂപത്തിൽ വിനിയോഗിക്കലാണ്. ആ ശേഷി ഏത് സമയവും തിരിച്ചെടുക്കാൻ കഴിവുള്ളവനാണ് അല്ലാഹു എന്നൊരു ബോധം കൂടി ഉണ്ടാവണം.