വാർത്താവിനിമയം: ക്വുർആനിക മാർഗരേഖ

ശമീർ മദീനി

2022 മെയ് 14, 1442 ശവ്വാൽ 12

ചുറ്റുപാടും നടക്കുന്ന കാര്യങ്ങളുടെ വാർത്തകൾ അറിയാനുള്ള ആഗ്രഹം മനുഷ്യസഹജമാണ്. വിശിഷ്യാ നമ്മളുമായി കൂടുതൽ അടുപ്പവും ബന്ധവുമുള്ള വാർത്തകൾ അറിയാനും അറിയിക്കാനും പ്രത്യേകമായ ഉത്സാഹം കാണാറുണ്ട്. അതുകൊണ്ടാണ് പത്രങ്ങളിലാണെങ്കിലും മറ്റു വാർത്താവിനിമയ മാധ്യമങ്ങളിലാണെങ്കിലും പ്രാദേശിക വാർത്തകൾക്കായി പ്രത്യേക ഇടം നീക്കിവെക്കുന്നത്.

വാർത്തകൾ മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ പല ഗുണഫലങ്ങളും അതോടൊപ്പം ചില ദോഷഫലങ്ങളും ഉണ്ടാകാറുണ്ട്. അതിനാൽ ആ മേഖലയിൽ കൃത്യമായ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. ഒരു നല്ല വാർത്തയാണ് സമൂഹത്തിൽ പ്രചരിക്കുന്നതെങ്കിൽ ആ നന്മയുടെ പ്രചാരകരും സഹകാരികളുമാകാൻ നമുക്ക് സാധിക്കുകയും ആ നന്മയുടെ വ്യാപനത്തിൽ ഭൗതികമായ മറ്റേത് ലാഭങ്ങളെക്കാളുമുപരി ഒരു പ്രത്യേക തൃപ്തിയും സന്തോഷവും അതിന്റെ വിനിമയത്തിലൂടെ നമുക്ക് ലഭിക്കുന്നു. നേരെ മറിച്ച് സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് തിന്മനിറഞ്ഞതും അപകടകരവുമായ വാർത്തകളാണെങ്കിൽ അതിന്റെ ദുരന്തവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും നാം പേറേണ്ടിവരുന്നു.

അതിനാൽ വാർത്തകൾ കൈമാറുമ്പോൾ നാം ശ്രദ്ധിക്കേണ്ട ചില മൗലിക നിർദേശങ്ങൾ ഇസ്‌ലാം മുന്നോട്ടുവെക്കുന്നു. വ്യക്തിപരവും കുടുംബസംബന്ധവും സാമൂഹികവും അതിനപ്പുറത്തുള്ളതുമായ ഏത് മേഖലകളിലും അത് അനുധാവനം ചെയ്യുന്നുവെങ്കിൽ അവിടങ്ങളിൽ നന്മയും സുരക്ഷിതത്വവും സന്തോഷവും ഉറപ്പാക്കാൻ നമുക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

1. അനുഗ്രഹങ്ങൾ ചോദ്യം ചെയ്യപ്പെടുമെന്ന ബോധം

വാർത്താവിനിമയരംഗത്തും അല്ലാത്തിടത്തുമൊക്കെ നാം ഉപയോഗപ്പെടുത്തുന്ന ശേഷികളും സൗകര്യങ്ങളും സ്രഷ്ടാവിന്റെ ദാനവും അനുഗ്രഹങ്ങളുമാണ്. അവ എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ കുറിച്ച് വിചാരണ നേരിടേണ്ടിവരുമെന്ന ഒരു ബോധം ഇസ്‌ലാം അടിസ്ഥാനപരമായി ഉദ്‌ഘോഷിക്കുന്നുണ്ട്. മനുഷ്യൻ ഇടപെടുന്ന നാനാമേഖലകളിലും ധാർമികതയുടെ വഴി സ്വീകരിക്കാൻ പ്രസ്തുത ബോധം അവനെ പ്രാപ്തനാക്കും. കണ്ണും കാതും കയ്യും കാലും സമ്പത്തും മറ്റു സൗകര്യങ്ങളുമെല്ലാം ഈ ചോദ്യം ചെയ്യലിന് വിധേയമാണ്. അല്ലാഹു പറയുന്നു:

“നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്’’ (17:36)

“നാം അവർക്ക് നൽകിയിട്ടുള്ളതിൽ അങ്ങനെ അവർ നന്ദികേട് കാണിക്കുന്നു. നിങ്ങൾ സുഖിച്ച് കൊള്ളുക. എന്നാൽ വഴിയെ നിങ്ങൾക്കറിയാം. നാം അവർക്ക് നൽകിയിട്ടുള്ളതിൽനിന്ന് ഒരു ഓഹരി, അവർക്കുതന്നെ ശരിയായ അറിവില്ലാത്ത ചിലതിന് (വ്യാജദൈവങ്ങൾക്ക്) അവർ നിശ്ചയിച്ചുവെക്കുന്നു. അല്ലാഹുവെതന്നെയാണ, നിങ്ങൾ കെട്ടിച്ചമയ്ക്കുന്നതിനെപ്പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണ്’’ (16:55,56).

“പിന്നീട് ആ ദിവസത്തിൽ സുഖാനുഭവങ്ങളെ പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും’’ (102:8).

2. കളവും വഞ്ചനയും വിലക്കി

വാർത്താവിനിമയരംഗത്ത് മാത്രമല്ല മനുഷ്യർ ബന്ധപ്പെടുന്ന ഏത് മേഖലയിലും സത്യസന്ധത കൈക്കൊള്ളുവാനും ചതിയും വഞ്ചനയും കയ്യൊഴിക്കുവാനും ഇസ്‌ലാം ശക്തമായി കൽപിക്കുന്നു.

നബി ﷺ പറഞ്ഞു: “നിങ്ങൾ സത്യസന്ധത കൈക്കൊള്ളുക. നിശ്ചയം സത്യസന്ധത പുണ്യത്തിലേക്കും പുണ്യം സ്വർഗത്തിലേക്കും നയിക്കുന്നതാണ്. ഒരാൾ സത്യം പറയുകയും സത്യസന്ധത അനുധാവനം ചെയ്യുന്നതിൽ കണിശത പാലിക്കുകയും ചെയ്യുന്നിടത്തോളം അല്ലാഹുവിന്റെ പക്കൽ അയാൾ സത്യസന്ധൻ എന്ന് രേഖപ്പെടുത്തപ്പെടും. നിങ്ങൾ കളവിനെ സൂക്ഷിക്കുക. നിശ്ചയം, കളവ് തെമ്മാടിത്തത്തിലേക്കും തെമ്മാടിത്തം നരകത്തിലേക്കും നയിക്കും. ഒരാൾ കളവ് പറയുകയും അതിന്റെ വക്താവായി മാറുകയും ചെയ്താൽ അല്ലാഹുവിന്റെ പക്കൽ അയാൾ വ്യാജവാദി എന്ന് രേഖപ്പെടുത്തപ്പെടുന്നതാണ്’’ (ബുഖാരി, മുസ്‌ലിം).

സത്യസന്ധതക്കും അതിന്റെ വക്താക്കൾക്കുമായിരിക്കും ആത്യന്തിക വിജയമെന്നും അതിനാൽ സത്യസന്ധത കൈക്കൊള്ളുവാനും സത്യവാന്മാരോടൊപ്പം നിലയുറപ്പിക്കുവാനും ക്വുർആൻ ഉപദേശിക്കുന്നു:

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാൻമാരുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്യുക’’ (9:119).

“അല്ലാഹു പറയും: ഇത് സത്യവാൻമാർക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവർക്ക് താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുണ്ട്. അവരതിൽ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവർ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം’’ (5:119).

“തീർച്ചയായും നുണയനും നന്ദികെട്ടവനുമായവനെ അല്ലാഹു നേർവഴിയിലാക്കുകയില്ല’’ (39:3).

കളവിന്റെയും ചതിയുടെയും വഞ്ചനയുടെയുമൊക്കെ കൂടെപ്പിറപ്പുകളായ ഊഹാപോഹങ്ങളും പരദൂഷണങ്ങളും പറയുന്നതും പ്രചരിപ്പിക്കുന്നതും വിലക്കുകയും വലിയ ശിക്ഷയാണ് അതിന്റെയെല്ലാം വക്താക്കളെ കാത്തിരിക്കുന്നത് എന്ന് ഓർമിപ്പിക്കുകയും ചെയ്തു.

“സത്യവിശ്വാസികളേ, ഊഹത്തിൽ മിക്കതും നിങ്ങൾ വെടിയുക. തീർച്ചയായും ഊഹത്തിൽ ചിലത് കുറ്റമാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളിൽ ചിലർ ചിലരെപ്പറ്റി അവരുടെ അഭാവത്തിൽ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവന്റെ മാംസം ഭക്ഷിക്കുവാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാൽ അത് (ശവം തിന്നുന്നത്) നിങ്ങൾ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു’’(49:12).

3. നിജസ്ഥിതിയെക്കുറിച്ച് ഉറപ്പില്ലാത്ത വാർത്തകൾ സ്വീകരിക്കുന്നത് വിലക്കി

4. കിവദന്തികൾക്കു പിന്നാലെ പോകരുതെന്ന് താക്കീത് ചെയ്തു:

“നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്’’ (17:36).

“നിങ്ങൾ അത് കേട്ട സന്ദർഭത്തിൽ ഞങ്ങൾക്ക് ഇതിനെ പറ്റി സംസാരിക്കുവാൻ പാടുള്ളതല്ല. (അല്ലാഹുവേ,) നീ എത്ര പരിശുദ്ധൻ! ഇത് ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു എന്ന് നിങ്ങൾ എന്തുകൊണ്ട് പറഞ്ഞില്ല?’’ (24:16).

ഒരു വ്യക്തിയിൽ സംഭവിച്ചുപോയ തെറ്റുകുറ്റങ്ങൾ പരസ്യപ്പെടുത്തി വഷളാക്കി അയാളെ അതിന്റെ എന്നെന്നേക്കുമുള്ള വക്താവാക്കി മുദ്രകുത്തുന്നതിന് പകരം ന്യൂനതകൾ മറച്ചുവെച്ച് ഗുണദോഷിക്കുവാനാണ് നബി ﷺ പഠിപ്പിച്ചത്.

5. അവധാനത കൈക്കൊള്ളുക

കാള പെറ്റൂ എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന രീതി ഏറെ ആപൽക്കരമായിരിക്കും. അത് പിന്നീട് കൊടും ഖേദത്തിന് ഇട വരുത്തിയേക്കും. അതിനാൽ അവധാനതയോടെ കാര്യങ്ങൾ വിലയിരുത്തി നിജസ്ഥിതി ഉറപ്പുവരുത്തിയിട്ട് വേണം അതിന്റെ തുടർ നടപടികളിലേക്ക് നീങ്ങാൻ എന്ന് ക്വുർആൻ നമ്മെ ഓർമിപ്പിക്കുന്നു.

സുലൈമാൻ നബി(അ)യുടെ ചരിത്രത്തിലൂടെയും ഇക്കാര്യം നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. ഹുദ്ഹുദ് പക്ഷിയെ നിരീക്ഷിക്കുന്നതിലും അത് കൊണ്ടുവന്ന വാർത്തയെ കുറിച്ച് മനസ്സിലാക്കുന്നതിലും സുലൈമാൻ നബി(അ) കാണിച്ച അവധാനതയും തീരുമാനവും സംബന്ധിച്ച് അല്ലാഹു പറയുന്നു:

“സുലൈമാൻ പറഞ്ഞു: നീ സത്യം പറഞ്ഞതാണോ അതല്ല നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലായിരിക്കുന്നുവോ എന്ന് നാം നോക്കാം’’ (27:27).

എന്നാൽ ഇത്തരത്തിലുള്ള മൂല്യബോധങ്ങളൊന്നുമില്ലാതെ ആദ്യം ആ വാർത്ത റിപ്പോർട്ട് ചെയ്തത് ഞാനും എന്റെ സ്ഥാപനവുമായിരിക്കണം എന്ന വ്യഗ്രതയിൽ അവധാനതക്ക് ഒട്ടും ഇടം നൽകാതെ വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ കളവുകളുടെ പ്രളയമാണ് തങ്ങൾ തീർക്കുന്നതെന്ന് പലരും മനസ്സിലാക്കുന്നില്ല.

തന്റെ വാർത്തകൾക്ക് കൂടുതൽ വക്താക്കളെയും പ്രചാരകരെയും കിട്ടണമെന്നും അതുവഴി പല ലാഭങ്ങളും നേടാനുണ്ടെന്നും കരുതുന്നവർ ‘സെൻസേഷനുകൾ’ക്ക് പിന്നാലെയായിരിക്കും സദാസമയവും. കളവുകളും അർധസത്യങ്ങളും വികലമാക്കപ്പെട്ട വസ്തുതകളുമൊക്കെ നിരത്തി പൊടിപ്പും തൊങ്ങലും വെച്ചുകൊണ്ടുള്ള ചില അവതരണങ്ങൾ കേട്ടാൽ പലരും കേട്ടിരുന്നുപോകുമെന്ന് മാത്രമല്ല ജനങ്ങൾക്കിടയിൽ അവയ്ക്ക് വലിയ സ്വീകാര്യതയുമായിരിക്കും ഉണ്ടാവുക. കപടവിശ്വാസികളെ കുറിച്ച് ക്വുർആൻ പറഞ്ഞതുപോലെയാണ് അത്തരക്കാരുടെ അവസ്ഥ!

“നീ അവരെ കാണുകയാണെങ്കിൽ അവരുടെ ശരീരങ്ങൾ നിന്നെ അത്ഭുതപ്പെടുത്തും. അവർ സംസാരിക്കുന്നപക്ഷം നീ അവരുടെ വാക്ക് കേട്ടിരുന്നുപോകും. അവർ ചാരിവെച്ച മരത്തടികൾ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങൾക്കെതിരാണെന്ന് അവർ വിചാരിക്കും. അവരാകുന്നു ശത്രു. അവരെ സൂക്ഷിച്ചുകൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവർ വഴിതെറ്റിക്കപ്പെടുന്നത്?’’ (63:4).

(തുടരും)