മനസ്സിന്റെ നന്മ

അബൂതന്‍വീല്‍

2021 ജനുവരി 08, 1442 ജുമാദൽ ആഖിർ 05

സമൂഹമായി ജീവിക്കുന്ന മനുഷ്യര്‍ പരസ്പരം സദ്‌വിചാരത്തോടെയായിരിക്കണം ഇടപഴകേണ്ടത്. ഒരാളെപ്പറ്റിയും മനസ്സില്‍ മോശപ്പെട്ട ധാരണ വെച്ചുപുലര്‍ത്തരുത്. അങ്ങനെയായാല്‍ ഇന്ന് മനുഷ്യര്‍ അനുഭവിക്കുന്ന വിവിധങ്ങളായ മാനസിക പ്രയാസങ്ങളിനിന്ന് രക്ഷപ്പെടാനും ആത്മവിശ്വാസത്തോടെയും ഉല്ലാസത്തോടെയും ജീവിക്കുവാനും സാധിക്കും.

 കേള്‍ക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കാതെ വിശ്വസിക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്യരുത്. നമ്മുടെയൊക്കെ കയ്യിലിരിക്കുന്ന സ്മാര്‍ട്ട് ഫോണിലൂടെ വരുന്ന ഒട്ടുമിക്ക സന്ദേശങ്ങളും ഇത്തരത്തിലുള്ളതാവാനാണ് സാധ്യത. ആധുനിക വാര്‍ത്താ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഇടങ്ങളും ഇതിന്റെ സങ്കേതങ്ങളാണ്. ഇതെല്ലാം ബോധ്യമുള്ളവര്‍ തന്നെ അത്തരം വാര്‍ത്തകളും സന്ദേശങ്ങളും അങ്ങനെത്തന്നെ ഫോര്‍വേഡ് ചെയ്യാറുണ്ട് എന്നതാണ് ഖേദകരം.

നന്മയോട് സഹകരിക്കാനും തിന്മയെ പ്രതിരോധിക്കാനും മറ്റുള്ളവരെ സംബന്ധിച്ചുള്ള സദ്‌വിചാരം ആവശ്യമാണ്. അത് ഏത് സാഹചര്യത്തിലായിരുന്നാലും നമ്മുടെ ഊഹത്തിനനുസരിച്ച് തീരുമാനമെടുക്കുന്നത് വലിയ പ്രയാസങ്ങള്‍ക്ക് കാരണമാകും. പ്രവാചക ചരിത്രത്തില്‍ അത്തരമൊരു സംഭവം നമുക്ക് കാണാന്‍ സാധിക്കും.

ജുഹൈനയില്‍ ശത്രുക്കളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഉസാമ(റ)യുടെ മുമ്പില്‍ ശത്രുപക്ഷത്തുനിന്നൊരാള്‍ തന്റെ വാളിന്റെ മുമ്പില്‍ എത്തിയ സന്ദര്‍ഭത്തില്‍ ‘ലാഇലാഹ ഇല്ലല്ലാഹ്...' എന്ന് ഉച്ചരിച്ചു. എന്നാല്‍ രക്ഷപ്പെടാനുള്ള തല്‍ക്കാലിക അടവാണെന്ന് കരുതി ഉസാമ(റ) അദ്ദേഹത്തെ വധിച്ചു. ആ വിവരം പ്രവാചകന്റെ അടുത്തെത്തി. പ്രവാചകന്‍ ﷺ ചോദിച്ചു: ‘ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞ ശേഷം നീ അവനെ വധിച്ചുവോ?' ഇത് സംബന്ധിച്ച് ഉസാമ(റ) പറഞ്ഞത് ‘ആ ദിവസത്തിനു മുമ്പ് ഞാന്‍ ഇസ്‌ലാമിലേക്ക് വന്നില്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുമാറ് പ്രവാചകന്റെ ചോദ്യം എനിക്ക് അനുഭവപ്പെട്ടു' എന്നാണ് (അഹ്‌മദ്).

സദ്‌വിചാരത്തിന്റെ അടിസ്ഥാനം ഗുണകാംക്ഷയാണ്. അത് മനസ്സില്‍ ഇല്ലാത്തവന്‍ മാനുഷിക പ്രതിബദ്ധതയില്ലാത്തവനാണ്. അത്തരം മനസ്സുകള്‍ക്ക് ഒരിക്കലും സമൂഹത്തോട് ആരോഗ്യപരമായി ഇടപെടുവാന്‍ സാധിക്കുകയില്ല. ഒരാളെ സംബന്ധിച്ച സദ്‌വിചാരത്തിന് പോറലേല്‍പിക്കുംവിധം വല്ലതും സംഭവിച്ചാല്‍ അതിന്റെ സത്യാവസ്ഥ ആരായുകയും ചെയ്യാന്‍ സാധിക്കുന്ന പരിഹാരത്തിലൂടെ അവസ്ഥ നന്നാക്കുകയും ചെയ്യേണ്ടതുണ്ട്. തന്റെയടുക്കല്‍നിന്നുള്ള പെരുമാറ്റം ഒരാളെ പ്രയാസപ്പെടുത്തിയെന്ന് ബോധ്യപ്പെട്ടാല്‍ ക്ഷമ ചോദിക്കുന്നതും സദ്‌വിചാരത്തിന്റെ ഭാഗമാണ്.

ഒരു വ്യക്തിയെയോ സമൂഹത്തെയോ സംബന്ധിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടാലല്ലാതെ വിശ്വസിക്കരുത്. അവരോട് മോശം രീതിയില്‍ പെരുമാറാന്‍ അത് കാരണമാകും. അല്ലാഹു പറയുന്നു:

‘‘സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്...'' (ക്വുര്‍ആന്‍ 49:12).

പലവിധത്തിലുള്ള രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവരാണ് ജനങ്ങള്‍. തന്റെ രഹസ്യം ആരും അറിയരുതെന്ന് നിര്‍ബന്ധമുള്ളവരാണ് എല്ലാവരും. എന്നാല്‍ മറ്റുള്ളവരുടെ രഹസ്യം മനസ്സിലാക്കാന്‍ െപാതുവെ എല്ലാവരും തല്‍പരരുമാണ്. മറ്റുള്ളവരെ സംബന്ധിച്ച എന്തെങ്കിലും രഹസ്യമുണ്ടെങ്കില്‍ അതന്വേഷിക്കുന്നത് ഉത്തമ വിശ്വാസിക്ക് ചേര്‍ന്നതല്ല. അത് നാനാവിധ കുഴപ്പങ്ങള്‍ക്ക് കാരണവുമാണ്.

അബൂഹുറയ്‌റ(റ)യില്‍നിന്ന്് നിവേദനം; നബി ﷺ പറഞ്ഞു: ‘‘ഒരു അടിമ മറ്റൊരാളുടെ ന്യൂനതകള്‍ ഇഹലോകത്ത് മറച്ചുവെക്കുന്നുവെങ്കില്‍ പരലോകത്ത് അല്ലാഹു അവന്റെ ന്യൂനതകള്‍ മറച്ചുവെക്കും.''

നന്മയുടെ വസന്തം മനസ്സിലെ നന്മയെ ആശ്രയിച്ചാണിരിക്കുന്നത്. മനസ്സും നാവും നന്നായാല്‍ കര്‍മം നന്നായി.

ന‌ുഅ്മാനുബ്‌നു ബശീറി(റ)ല്‍നിന്ന് നിവേദനം; പ്രവാചകന്‍ ﷺ പറഞ്ഞു: ‘‘....അറിയുക, മനുഷ്യ ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുക്കെ നന്നായി. അത് കുഴപ്പത്തിലായാല്‍ ശരീരം മുഴുക്കെ കുഴപ്പത്തിലായി. അറിയുക; അതത്രെ ഹൃദയം'' (ബുഖാരി).

സദ്‌വിചാരം സ്‌നേഹം വര്‍ധിപ്പിക്കും. ആത്മബന്ധം ശക്തിപ്പെടുത്തും. അത് ബന്ധങ്ങളിലെ കളങ്കങ്ങളെ ശുദ്ധീകരിക്കും. ആളുകളെക്കുറിച്ച് മനസ്സില്‍ സദ്‌വിചാരം ഇല്ലാതാക്കുന്നതും സംശയമുണ്ടാക്കുന്നതും പിശാചാണ്.

സ്രഷ്ടാവിനെക്കുറിച്ചുള്ള സദ്‌വിചാരം അതിപ്രധാനമാണ്. പ്രവാചകന്‍ ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ) പറയുന്നു: ‘‘അല്ലാഹു പറഞ്ഞിരിക്കുന്നു: എന്റെ ദാസന്‍ എന്നെക്കുറിച്ച് ഓര്‍ക്കുകയും എന്നെക്കുറിച്ച് സദ്‌വിചാരം ഉണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കില്‍ ഞാന്‍ അവന്റെ കൂടെയുണ്ടായിരിക്കും...'' (ബുഖാരി).

സാഹചര്യങ്ങളാണ് ഓരോരുത്തരെയും ശരിതെറ്റുകളിലേക്ക് നയിക്കുന്നത്. സാഹചര്യങ്ങളില്‍ പലതും വിട്ടുവീഴ്ച അര്‍ഹിക്കുന്നതുമാകാം.

ഉമര്‍(റ) പറഞ്ഞു: ‘‘തന്റെ വിചാരംകൊണ്ട് ഗുണം കൊയ്യാത്തവന്‍ തന്റെ ശരീരംകൊണ്ടും ഗുണം നേടില്ല.''

ഇബ്‌ന‌ുസീരില്‍(റഹി) പറഞ്ഞു: ‘‘നീ നിന്റെ സഹോദരനെ തെറ്റിദ്ധരിക്കുന്നതിന് മുമ്പ് അവന്റെ എഴുപത് ഒഴിവുകഴിവുകളെ എണ്ണുക. എന്നിട്ടും നിന്റെ ധാരണ ശരിയാകുന്നില്ലെങ്കില്‍ എനിക്കറിയാത്ത എന്തോ ഒരു കാര്യം ഉണ്ട് എന്ന് കരുതുക. അല്ലാതെ നീ അവനെ തെറ്റിദ്ധരിക്കരുത്.''

ഓരോ വ്യക്തിയോടും എങ്ങനെ പെരുമാറണമെന്ന് നാം മനസ്സിലാക്കണം. എല്ലാവരോടും ഒരേ രീതിയില്‍ പെരുമാറുന്നത് ആരോഗ്യകരമല്ല. ചിലരോട് ഏറെ ഗുണകാംക്ഷയും വിട്ടുവീഴ്ചയും കാണിക്കേണ്ടിവരും. ചിലരോട് ഗൗരവത്തില്‍ പെരുമാറേണ്ടതായി വരും. വ്യക്തികളുടെ മനോഭാവവും സാഹചര്യവും വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ സമീപനവും വ്യത്യസ്തമാകണം.

ദുര്‍വിചാരം ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളില്‍നിന്ന് ഒരു വിശ്വാസി പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. തനിക്ക് കാര്യമില്ലാത്തിടത്തുനിന്ന് മാറിപ്പോകാനും മറ്റുള്ളവരെപ്പോലെ തിനിക്കും വീഴ്ചകള്‍ വരാമെന്ന ബോധ്യം ഉണ്ടായിരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. വിശ്വാസി എന്ന നിലയില്‍ ഹൃദയവിശാലതക്കും വിശുദ്ധിക്കും വേണ്ടിയുള്ള പ്രാര്‍ഥനയും നമ്മില്‍ നിന്നുണ്ടാവണം.