ലൈംഗിക അരാജകത്വത്തിനെതിരെ ഇസ്‌ലാമിന്റെ ഉറച്ച ശബ്ദം

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി

2022 ആഗസ്റ്റ് 20, 1442 മുഹർറം 21

മനുഷ്യനെ ഏതൊരു പ്രകൃതത്തിലാണോ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്, ആ പ്രകൃതത്തോട് പൂർണമായും യോജിക്കുന്നതായും അതിനെ സംരക്ഷിക്കുന്നതായും നിലക്കൊള്ളുന്ന മതമാണ് ഇസ്‌ലാം. അതുകൊണ്ടാണ് അല്ലാഹു മനുഷ്യരോട് ഇസ്‌ലാം എന്ന മതം സ്വീകരിക്കുവാൻ പറഞ്ഞിട്ടുള്ളത്.

‘നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിർത്തുക,’ കാരണം, ‘അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല.(വി,ക്വുർആൻ.30:30)

അല്ലാഹു സൃഷ്ടിച്ച് സംവിധാനിച്ച മനുഷ്യപ്രകൃതത്തോട് പൂർണമായും യോജിക്കുകയും മനുഷ്യത്വത്തെ സംരക്ഷിക്കുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം. അതുകൊണ്ടാണ് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും വലിയ ശത്രുവായ ഇബ്‌ലീസിന്റെ ഏറ്റവും വലിയ ശത്രുതാ പ്രഖ്യാപനത്തിൽ അവൻ ഇങ്ങനെ പറഞ്ഞത്:

‘ഞാനവരോട് കൽപിക്കുമ്പോൾ അവർ അല്ലാഹുവിന്റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും.’ (വി,ക്വുർആൻ.൪:൧൧൯)

അങ്ങനെ അല്ലാഹു നിശ്ചയിച്ച പ്രകൃതത്തെ അവർ മാറ്റിമറിക്കും. പിശാചിന്റെ ഏറ്റവും വലിയ ശ്രമങ്ങളിൽ ഒന്ന് മനുഷ്യന്റെ ഫിത്വ്‌റത്തിനെ, അഥവാ അവന്റെ പ്രകൃതത്തെ, സ്ഥായിയായ സ്വഭാവത്തെ മാറ്റി മറിക്കലാണ്.

ക്വുദ്‌സിയായ ഒരു ഹദീസിൽ അല്ലാഹു പറയുന്നു: ‘എന്റെ അടിമകളെ മുഴുവൻ ഞാൻ സൃഷ്ടിച്ചത് നേരേചൊവ്വെ നിലകൊള്ളുന്നവരായിട്ടാണ്. എന്നാൽ പിന്നീട് പിശാച് അവരുടെ അടുക്കൽ വരികയും ശരിയായ മതത്തിൽനിന്ന് അവരെ തെറ്റിച്ചു കളയുകയും ചെയ്തു.’

ഈ ഹദീസിലെ പ്രയോഗത്തിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്. എന്താണത്? ആദ്യം പറഞ്ഞത്, ‘എന്റെ അടിമകളെ ഞാൻ സൃഷ്ടിച്ചത് ശുദ്ധ പ്രകൃതിയിലാണ്,’ എന്നാണെങ്കിൽ പിന്നെ പറയുന്നത്, ‘എന്നാൽ പിശാച് അവരെ മതത്തിൽനിന്നും തെറ്റിക്കുന്നു’ എന്നാണ്.

അതായത്, മനുഷ്യനെ ഏതൊ രു പ്രകൃതത്തിലാണോ സൃഷ്ടിച്ചത് അതിനോട് 100% കിടപിടിക്കുന്നതും യോജിക്കുന്നതുമാണ് ഇസ്‌ലാം എന്ന മതം. ഇസ്‌ലാമിൽനിന്ന് എപ്പോഴാണോ തെറ്റിപ്പോകുന്നത് ആ വ്യക്തി മനുഷ്യപ്രകൃതത്തിൽനിന്നും തന്നെയാണ് തെറ്റിപ്പോകുന്നത്. അതുകൊണ്ടാണ് പിശാച് മനുഷ്യനെ അവന്റെ ഫിത്വ്‌റത്തിൽനിന്നും തെറ്റിക്കാൻ ശ്രമിക്കുന്നത്.

അതിനുവേണ്ടി പിശാച് ശ്രദ്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയാണ് സ്ത്രീപുരുഷ വ്യത്യാസത്തെ ഇല്ലാതെയാക്കുവാൻ വേണ്ടിയുള്ള ആഹ്വാനം. സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാതാക്കി സ്ത്രീയെ പുരുഷനെപ്പോലെ ആക്കുക എന്നതാണ് ഇരുട്ടിന്റെ ശക്തികൾ ഇന്ന് ഏറ്റവും വലിയ ഒരു പ്രബോധന വിഷയമായി കൊണ്ടു വന്നിട്ടുള്ളത്.

എന്നാൽ അല്ലാഹു പറയുന്നു.

‘ആണ് പെണ്ണിനെപ്പോലെയല്ല’ (ക്വുർആൻ 3:36).

‘ആൺ, പെൺ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും...’ (53:45).

ആണ് ആണിന് ഇണയല്ലെന്നും, പെണ്ണ് പെണ്ണിന് ഇണയല്ലെന്നും ആണും പെണ്ണും തമ്മിലാണ് ഇണയെന്നും അതല്ലാത്തതൊന്നും അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥയിൽ ഇല്ലെന്നും അല്ലാഹു വ്യക്തമാക്കുന്നു.

അല്ലാഹു പറയുന്നു: “നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്’’ (ക്വുർആൻ 30:21)

ഇതെല്ലാം സ്ത്രീയും പുരുഷനും ഇണയാകുമ്പോൾ മാത്രമാണ് ഉണ്ടാവുന്നത്, അല്ലാത്തതെല്ലാം കേവലം പൈശാചികമായ വികാരം മാത്രമാണ്. സമൂഹത്തിനത് യാതൊരു ഗുണവും ചെയ്യുകയില്ല. മാത്രമല്ല, ഇണകളായി സൃഷ്ടിച്ചതിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് നമ്മിൽനിന്നുതന്നെ തലമു റകളുണ്ടായി വരണം എന്നതാണ്. അത് സ്ത്രീയും പുരുഷനും ഇണചേർന്നാലേ നടക്കൂ.

പിശാച് മനുഷ്യർക്കിടയിൽ വലിയ ശ്രമങ്ങൾ നടത്തിയെങ്കിലും ശുദ്ധപ്രകൃതിയിലായിരുന്ന ആദ്യതലമുറയിൽ പിശാചിന് വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല. എന്നാൽ പിന്നീട്, ലൂത്വ് നബി(അ) യുടെ സമൂഹം മുതലാണ് സ്ത്രീ സ്ത്രീയെയും, പുരുഷൻ പുരുഷനെയും ഇണയായി കാണുന്ന ഒരു സ്വഭാവം ഉടലെടുത്തത്.

അല്ലാഹു പറയുന്നു: “ലൂത്വിനെയും (നാം അയച്ചു). അദ്ദേഹം തന്റെ ജനതയോട്, നിങ്ങൾക്ക് മുമ്പ് ലോകരിൽ ഒരാളുംതന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങൾ ചെല്ലുകയോ എന്ന് പറഞ്ഞ സന്ദർഭം (ഓർക്കുക)’’ (ക്വുർആൻ 7:80).

ലൂത്വ് നബി(അ) തന്റെ ജനതയോട് ചോദിച്ചു: “സ്ത്രീകളെ വിട്ട് പുരുഷൻമാരുടെ അടുത്ത് തന്നെ നിങ്ങൾ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങൾ അതിരുവിട്ട് പ്രവർത്തിക്കുന്ന ഒരു ജനതയാകുന്നു’’ (ക്വുർആൻ 7:81).

മുൻ സമൂഹങ്ങൾക്ക് പരിചയമില്ലാത്ത ആ നീചവൃത്തിക്ക് ആരംഭം കുറിച്ച ആ സമൂഹത്തെ അല്ലാഹു ശിക്ഷിച്ചത് എങ്ങനെയാണ്? ശക്തമായ ഭൂകമ്പമുണ്ടായി. അതോടൊപ്പം അല്ലാഹു അവരെ ആകാശലോകത്തേക്ക് ഉയർത്തി. പിന്നീട് കീഴ്‌മേൽ മറിച്ചു. അതിനു ശേഷം വലിയ തീമഴ അവരുടെ നേരെ അല്ലാഹു വർഷിപ്പിച്ചു. അങ്ങനെ ആ സമൂഹത്തെ അല്ലാഹു വേരോടെ നശിപ്പിച്ചു കളഞ്ഞു. കാരണം, അല്ലാഹു നിശ്ചയിച്ച ഫിത്വ്‌റത്തിൽ വലിയ മാറ്റം വരുത്തുന്ന പ്രവർത്തനമാണ് അവർ ചെയ്തത്.

പിശാചിന്റെ സൈന്യങ്ങൾ നാനാഭാഗങ്ങളിൽനിന്നും സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാതെയാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തും. ആദ്യം പുരുഷനെ പോലെ സ്ത്രീക്കും അവകാശങ്ങൾ വേണമെന്ന് പറയുന്ന ഫെമിനിസത്തിന്റെ ആളുകളായിരുന്നെങ്കിൽ, പിന്നീട് അത് ഒന്നുകൂടി മുന്നോട്ട് പോയി സ്ത്രീയും പുരുഷനും തമ്മിൽ വലിയ വ്യത്യാസമില്ല; വസ്ത്രത്തിലും സ്വഭാവത്തിലും മറ്റുമൊക്കെ അവർക്ക് ഒരേ രീതി സ്വീകരിക്കാമെന്ന് പറയുന്ന ജെൻഡർ ന്യൂട്രാലിറ്റിയിലെത്തി.

ഇപ്പോൾ അത് സ്ത്രീക്ക് സ്ത്രീയെയും പുരുഷന് പുരുഷനെയും കല്യാണം കഴിക്കാം എന്നൊരു അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. അവിടെ ഇസ്‌ലാമിക സമൂഹത്തെ സംബന്ധിച്ചിടത്തോളം അല്ലാഹു വളരെ വ്യക്തമായ സംരക്ഷണവും നിയമങ്ങളും നൽകുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവണതയിലേക്ക് നയിക്കുന്ന മാർഗങ്ങളെ പോലും നബി ﷺ  അടച്ചുകളഞ്ഞതായി കാണാം.

നബി ﷺ  പറഞ്ഞു: “പുരുഷനെ പോലെ തശബ്ബുഹ് കാണിക്കുന്ന (അനുകരിക്കുന്ന) സ്ത്രീകളെയും, സ്ത്രീകളെ പോലെയാകാൻ വേണ്ടി ശ്രമിക്കുന്ന പുരുഷനെയും അല്ലാഹു ശപിച്ചിരിക്കുന്നു.’’

കേവലം ബാഹ്യമായ വസ്ത്രധാരണ രീതിയിലും സ്വഭാവത്തിലുമുള്ള സാദൃശ്യപ്പെടലാണ് ഇതിൽ ഉദ്ദേശിച്ചിരിക്കുന്നത്.

പുരുഷന്റെ വേഷം ധരിക്കുന്ന സ്ത്രീയെയും സ്ത്രീയുടെ വേഷം ധരിക്കുന്ന പുരുഷനെയും നബി  ﷺ  ശപിച്ചതായും ഹദീസുണ്ട്. അല്ലാഹുവിന്റെ റസൂൽ ﷺ  ശപിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ അല്ലാഹു ശപിച്ചിരിക്കുന്നു എന്നുതന്നെയാണ് അർഥമെന്ന് നമുക്ക് ഹദീസുകളിൽ കാണാം.

ബാഹ്യമായ രീതികളിലും ചേഷ്ടകളിലും വസ്ത്രധാരണത്തിൽ പോലുമുളള ഈയൊരു സാദൃശ്യപ്പെടൽ വലിയ ശാപത്തിന് കാരണമായിത്തീരുമെങ്കിൽ, അവിടെനിന്നെല്ലാം മുന്നോട്ടുപോയി; ലൈംഗികാവയവങ്ങൾവരെ മാറ്റിവച്ച്, ശാരീരികമായിത്തന്നെ പുരുഷനായുള്ളവൻ സ്ത്രീയാവാനും, സ്ത്രീയായിട്ടുള്ളവൾ പുരുഷനാവാനും ശ്രമിക്കുന്ന ഭയാനകമായ അവസ്ഥയാണ് വന്നുചേർന്നിരിക്കുന്നത്. ഈ അവസ്ഥയിൽ നിന്ന് സമൂഹത്തെ, നമ്മുടെ മക്കളെ, നമ്മുടെ കുടുംബത്തെ, നമ്മുടെ കൂട്ടുകാരെ, നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ട വളരെ വലിയൊരു ഉത്തരവാദിത്തം ശുദ്ധപ്രകൃതത്തിന്റെ മതമായ ഇസ്‌ലാമിന്റെ അനുയായികൾക്കുണ്ട് എന്ന് മനസ്സിലാക്കി ജാഗ്രതയോടുകൂടി ഈ വിഷയത്തെ കാണേണ്ടതുണ്ട്.

നബി ﷺ  പറഞ്ഞു: “എന്റെ ഉമ്മത്ത് (ഈ സമൂഹം) ആറു കാര്യങ്ങളെ നിയമവിധേയമാക്കിയാൽ ആ സമൂഹം നശിക്കും.’’

ആറു കാര്യങ്ങളിൽ ഒന്ന് ‘പുരുഷൻ എനിക്ക് മറ്റൊരു പുരുഷൻ മതിയെന്നും, ഒരു സ്ത്രീ എനിക്ക് മറ്റൊരു സ്ത്രീ മതിയെന്നും’ പറയുന്നതാണ്. അങ്ങനെയൊരു കാലഘട്ടം വരികയും സമൂഹം അത് അനുവദിച്ചുകൊടുക്കുകയും ചെയ്താൽ ആ സമൂഹം നശിച്ചതുതന്നെയെന്നാണ് അല്ലാഹുവിന്റെ ദൂതരുടെ മുന്നറിയിപ്പ്.

അല്ലാഹുവിന്റെ റസൂൽ ﷺ  മുന്നറിയിപ്പ് നൽകിയ ഭയാനകമായ ആ കാലഘട്ടത്തിലാണ്, അല്ലെങ്കിൽ അതിന്റെ തുടക്കത്തിലാണ് നാമുള്ളത് എന്നു നാം മനസ്സിലാക്കുക. LGBT എന്ന പേരിലും മറ്റും കുത്തഴിഞ്ഞ ലൈംഗിക അരാജകത്വങ്ങളെ നിയമവൽക്കരിക്കുകയോ മനോഹരമാക്കി അവതരിപ്പിക്കു കയോ ചെയ്യുന്ന ഒരു സാഹചര്യമാണുള്ളത്. കണ്ണിനു കുളിർമയും മനസ്സിന് ആനന്ദവും നൽകുന്ന മഴവില്ല് എന്ന മനോഹരമായ കാഴ്ചയെ പോലും ലൈംഗിക വൃത്തികേടിന്റെ മറ്റൊരു അടയാളമാക്കി അവതരിപ്പിക്കുന്ന തലതിരിഞ്ഞ ഒരു സമൂഹം! അവിടെ, നമ്മൾ നമ്മുടെ മക്കളെ സംരക്ഷിച്ചേ മതിയാകൂ.

ചാനലുകളിലൂടെ, ഗെയ്മുകളിലൂടെ, മറ്റു പ്രോഗ്രാമുകളിലൂടെ, സീരിയലുകളിലൂടെ, ബി.ടി.എസ്, ബിഗ് ബോസ് പോലുള്ള പേരുകളിൽ അറിയപ്പെടുന്ന ധാരാളം പ്രോഗ്രാമുകളിലൂടെ നമ്മുടെ വീടുകളിലേക്ക് സോഷ്യൽ മീഡിയ സംവിധാനങ്ങൾ വഴി നിഷ്കളങ്കരായ നമ്മുടെ മക്കളിലേക്ക് ഇത്തരം തോന്നിവാസങ്ങൾ കയറിവരുന്നതിനെ അതീവ ജാഗ്രത പാലിക്കൽ നമ്മുടെ ബാധ്യതയാണ്.

ശക്തമായ മലവെള്ളപ്പാച്ചിലിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി ലഭിക്കുന്ന പിടിവള്ളിയിൽ എങ്ങനെയാണോ മുറുകെ പിടിക്കുന്നത് അതിനെക്കാൾ ശക്തമായി ഇസ്‌ലാമിനെ, ക്വുർആനിനെ, പ്രവാചകന്റെ സുന്നത്തിനെ മുറുകെ പിടിച്ചാൽ മാത്രമെ നമുക്ക് രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ. ആ ബോധത്തോടു കൂടി നാം ഈ വിഷയത്തെ കാണുകയും മക്കളെയും സമൂഹത്തെയും ഉൽബുദ്ധരാക്കുകയും ചെയ്യുക.