ഫിത്‌നയും മുസ്‌ലിംകളുടെ നിലപാടും - 02

ശൈഖ് സ്വാലിഹ് ആലുശൈഖ്

2022 സെപ്തംബർ 03, 1444 സ്വഫർ 06

(വിവ: സിയാദ് കണ്ണൂർ)

ഒന്നാമത്തെ മാർഗനിർദേശം

ഫിത്‌ന വെളിപ്പെടുകയും അവസ്ഥകളിൽ മാറ്റം വരികയും ചെയ്താൽ സൗമ്യതയോടും അവധാനതയോടും വിവേകത്തോടുംകൂടി, എടുത്തുചാടാതെ പ്രവർത്തിക്കണം.

ഇതു വളരെ പ്രധാനപ്പെട്ട ഒരു തത്ത്വമാണ്. സൗമ്യതയും അവധാനതയും വിവേകവും കാണിക്കണം.

1.സൗമ്യത: നബി ﷺ  ഇപ്രകാരം പറഞ്ഞതായി സ്വഹീഹിൽ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്: “ഏതൊരു കാര്യത്തിലും സൗമ്യത അലങ്കാരമാണ്. അത് നീക്കംചെയ്യപ്പെട്ടാൽ ഏതും വികൃതമാണ്’’ (സ്വഹീഹു മുസ്‌ലിം: 4698).

‘ഏതൊരു കാര്യത്തിലും സൗമ്യത അലങ്കാരമാണ്’ എന്നതിലെ ‘ശൈഅ്’ എന്ന പദത്തെ പണ്ഡിതന്മാർ വിശദീകരിച്ചത് ഇപ്രകാരമാണ്: ‘അത് സാർവത്രികമായ ഒരു പദമാണ്. അതിൽ എല്ലാം ഉൾകൊള്ളുന്നുണ്ട്. അതിനാൽ സൗമ്യത എല്ലാ കാര്യത്തിലും സ്തുത്യർഹമാണ്. സ്വിദ്ദീക്വിന്റെ മകൾ ആഇശ(റ)യോട് നബി ﷺ  ഇപ്രകാരം പറയുകയുണ്ടായി: “ഓ ആഇശാ! നിശ്ചയം, അല്ലാഹു എല്ലാ കാര്യത്തിലും സൗമ്യത ഇഷ്ടപ്പെടുന്നു.’ ഇമാം ബുഖാരി ഈ ഹദീസ് ഉദ്ധരിച്ചത് ‘എല്ലാകാര്യങ്ങളിലും സൗമ്യത’ എന്ന അധ്യായത്തിനു കീഴിലാണ്.

അതിനാൽ, എല്ലാകാര്യങ്ങളിലും നിങ്ങൾ സൗമ്യതയും സമചിത്തതയും കാണിക്കുക. നിങ്ങൾ കോപിക്കരുത്; പരുഷതകാണിക്കുകയുമരുത്. എന്തെന്നാൽ, സൗമ്യത കാണിച്ചതിന്റെപേരിൽ നിങ്ങൾക്കൊരിക്കലും ഖേദിക്കേണ്ടിവരികയില്ല. മാത്രമല്ല, ‘ഏതൊരു കാര്യത്തിലും സൗമ്യത അലങ്കാരമാണ്.’

നിങ്ങളുടെ ചിന്തകളിലും അഭിപ്രായങ്ങളിലും നിങ്ങൾക്ക് മുമ്പിൽ വരുന്ന പ്രശ്‌നങ്ങളിലും നിങ്ങൾ തീർപ്പുകൽപിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിലും നിങ്ങൾ സൗമ്യത കാണിക്കുക. നിങ്ങൾ എടുത്തുചാടരുത്; എടുത്തുചാടുന്നവരോടൊപ്പം ആകുകയും ചെയ്യരുത്; (അനാവശ്യമായി) ധൃതിപ്പെടുന്നവരോടൊപ്പവും ആകരുത്. നിങ്ങൾ സൗമ്യത കാണിക്കുക. ‘ഏതൊരുകാര്യത്തിലും സൗമ്യത അലങ്കാരമാണ്’ എന്ന പ്രവാചകവചനമാണ് നമുക്ക് മാതൃക. അതിനാൽ, നിങ്ങൾ പ്രസന്നതയുള്ളവരാവുക; പ്രസന്നവദനരായി കാര്യങ്ങൾ കൈകാര്യം ചെയ്യുക. നിർദയത്വത്തെ തൊട്ട് നിങ്ങൾ ജാഗരൂകരാകുക. എന്തെന്നാൽ, നിർദയത്വം നിങ്ങളുടെ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും മുഴുവൻ വസ്തുക്കളിൽ നിന്നും കാരുണ്യത്തെ മുറിച്ചുകളയും.

2. അവധാനത: അശജ്ജ് അബ്ദുൽകൈ്വസി(റ)നോട് ഒരിക്കൽ നബി ﷺ  പറഞ്ഞു: ‘അല്ലാഹുവിന് ഇഷ്ടമുള്ള രണ്ട് സ്വഭാവങ്ങൾ നിന്നിലുണ്ട്.1. വിവേകം 2. അവധാനത’ (മുസ്‌ലിം).

അവധാനത സ്തുത്യർഹമായ ഒരു സ്വഭാവമാണ്. അല്ലാഹു പറഞ്ഞു: ‘മനുഷ്യൻ ഗുണത്തിന് വേണ്ടി പ്രാർഥിക്കുന്നതുപോലെത്തന്നെ ദോഷത്തിന് വേണ്ടിയും പ്രാർഥിക്കുന്നു. മനുഷ്യൻ ഏറെ തിടുക്കംകൂട്ടുന്നവനായിരിക്കുന്നു’’ (അൽഇസ്‌റാഅ്: 11).

പണ്ഡിതന്മാർ പറഞ്ഞു: ‘തിടുക്കം കൂട്ടുന്ന മനുഷ്യനെ ഇതിലൂടെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. കാരണം ആർക്കെങ്കിലും ഈ ഒരു സ്വഭാവമുണ്ടെങ്കിൽ അവൻ ആക്ഷേപാർഹനാണ്. അതിനാൽ നബി ﷺ  ഒരിക്കലും തിടുക്കം കൂട്ടുന്നയാളായിരുന്നില്ല.

3. വിവേകം: ഫിത്‌ന കൊണ്ട് സാഹചര്യങ്ങളിൽ മാറ്റം വരുമ്പോൾ വിവേകം ഒരു പ്രശംസനീയ സ്വഭാവം തന്നെയാണ്. കാരണം, വിവേകമുണ്ടെങ്കിൽ മാത്രമെ കാര്യങ്ങളുടെ യാഥാർഥ്യത്തെ കാണാനും മനസ്സിലാക്കാനും സാധിക്കുകയുള്ളൂ. സൗമ്യതയോടും അവധാനതയോടും വിവേകത്തോടുംകൂടി, എടുത്തുചാടാതെ പ്രവർത്തിക്കണം.

സ്വഹീഹുമുസ്‌ലിമിൽ ഇപ്രകാരം കാണാം: ‘മുസ്തൗരിദ് അൽക്വുറശി(റ) നിവേദനം: അദ്ദേഹത്തിനു സമീപം അംറുബ്‌നുൽആസ്വും(റ) ഉണ്ടായിരുന്നു. റസൂൽ ﷺ  പറയുന്നതായി ഞാൻ കേട്ടു: ‘റോമക്കാർ അധികരിച്ചാലാണ് അന്ത്യനാൾ സംഭവിക്കുക.’ അപ്പോൾ അംറ്(റ) അദ്ദേഹത്തോട് പറഞ്ഞു: ‘താങ്കൾ പറയുന്നത് ഉറപ്പാക്കുക!’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരി ﷺ ൽനിന്ന് കേട്ടതാണ് ഞാൻ താങ്കളോട് പറയുന്നത്.’ അപ്പോൾ അംറ് (റ) പറഞ്ഞു: ‘അങ്ങനെയാണെങ്കിൽ, അത് റോമക്കാരിലുള്ള നാലു സൽഗുണങ്ങൾ കാരണമായിട്ടാണ്: (ഒന്ന്) ഫിത്‌നയുണ്ടാകുമ്പോൾ ജനങ്ങളോട് ഏറ്റവും വിവേകികളായിരിക്കും. (രണ്ട്) ഒരു ആപത്തിനുശേഷം ദ്രുതഗതിയിൽ പൂർവസ്ഥിതി പ്രാപിക്കും. (മൂന്ന്): ദ്രുതഗതിയിൽ പൂർവസ്ഥിതി പ്രാപിക്കുകയും പരാജയത്തിനു ശേഷം വീണ്ടും അക്രമണം നടത്താൻ കോപ്പുകൂട്ടുകയും ചെയ്യും. (നാല്) അഗതികളോടും അനാഥകളോടും ദുർബലരോടും കാരുണ്യത്തോടെ പെരുമാറും. അഞ്ചാമത്തേത് നല്ലതും സുന്ദരവുമാണ്. അതായത്, രാജാക്കന്മാരുടെ അന്യായങ്ങളിൽ നിന്ന് അവർ ആളുകളെ പ്രതിരോധിക്കുന്നവരാണ്.’ (മുസ്‌ലിം).

പണ്ഡിതന്മാർ പറഞ്ഞു: ‘അംറുബ്‌നുൽ ആസ്വിന്റെ ഈ വാക്ക് റോമാക്കാരെയും അവിശ്വാസികളായ ക്രിസ്ത്യാനികളെയും പ്രശംസിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല. പ്രത്യുത, അവസാനനാളിലുള്ള അവരുടെ ആധിക്യം, ഫിത്‌നയുടെ അവസരത്തിൽ ഏറ്റവും വിവേകത്തോടെ പ്രവർത്തിക്കുന്നത് കാരണമാണ് എന്ന ്മുസ്‌ലിംകൾക്ക് വിശദീകരിച്ചുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് അദ്ദേഹം അതു പറഞ്ഞത്. അവരുടെ വിവേകം കാരണമായി പ്രശ്‌നങ്ങൾ പരിശോധിക്കാനും അവ പരിഹരിക്കാനും അവർക്ക് സാധിക്കുന്നു. അതിലൂടെ, സ്വന്തത്തെയും അവരുടെ ആൾക്കാരെയും രക്ഷിക്കാൻ അവർക്ക് സാധിക്കുന്നു.’ സ്വഹീഹ് മുസ്‌ലിമിന്റെ വിശദീകരണത്തിൽ സനൂസിയും അൽഉബിയും പറയുന്നതാണിത്.

ഇത് പ്രവാചകനിൽനിന്നുള്ള മൃദുലമായ ഒരു താക്കീതാണ്. കാരണം, ജനങ്ങളിൽ ഭൂരിഭാഗവും റോമാക്കാരാകുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല എന്ന് അറിയിക്കുകയാണ്. എന്തുകൊണ്ടാണ് (അന്ത്യനാളടുക്കുമ്പോൾ റോമാക്കാർ അധികരിക്കുന്നത്) ?

അംറുബ്‌നുൽ ആസ്വ്(റ) പറഞ്ഞു: ‘കാരണം അവരിൽ നാലു സ്വഭാവസവിശേഷതകളണ്ട്: അവ യിൽ ഒന്ന് (ആ സ്വഭാവസവിശേഷതകളിൽ നമ്മെ ആകർഷിക്കുന്നത് ഇതാണ്): ഫിത്‌നയുടെ അവസരത്തിൽ ജനങ്ങളിൽ ഏറ്റവും വിവേകം കാണിക്കുന്നത് അവരാണ്. അതായത്: അവസ്ഥകൾ മാറുകയും ഫിത്‌ന വെളിപ്പെടുകയും ചെയ്താൽ, അവർ വിവേകത്തോടെ പ്രവർത്തിക്കും. അവർ തിടുക്കം കാണിക്കുകയോ കോപിക്കുകയോ ഇല്ല. ക്രിസ്ത്യാനികളായ അവരുടെ ആൾക്കാരെ കൊലക്ക് കൊടുക്കാനും അവരുടെമേൽ കൂടുതൽ ഫിത്‌നകൾ വരുത്തിവെക്കാനും അവർ തയ്യാറല്ല. എന്തെന്നാൽ, ഫിത്‌ന പ്രത്യക്ഷപ്പെട്ടാൽ, തങ്ങൾതന്നെയാണ് അതിൽ അകപ്പെടുക എന്ന് അവർക്ക് നന്നായറിയാം. ഈയൊരു സ്വഭാവസവിശേഷത കാരണത്താലാണ് അന്ത്യനാളടുക്കുമ്പോൾ ജനങ്ങളിൽ ഭൂരിഭാഗവും അവരായിത്തീരുന്നത്.

അംറുബ്‌നുൽആസ്വ്(റ) പ്രശംസിച്ച റോമാക്കാരുടെ ഈ സ്വഭാവസവിശേഷത എന്തുകൊണ്ട് നാം സ്വീകരിക്കുന്നില്ല എന്ന് നാം അത്ഭുതപ്പെടുകയാണ്. കാരണം, അത് പ്രശംസനീയമായ ഒരു സ്വഭാവമാണ്. ഏതൊരു നന്മക്കും ഏറ്റവും അർഹരായവർ നമ്മളാണ്.

വിവേകം ഏതൊരു വിഷയത്തിലും പ്രശംസനീയമാണ്. വിവേകം, സൗമ്യത, അവധാനത എന്നിവയിലൂടെ ബുദ്ധിമാനായ ഒരാളുടെ ചിന്തകൾ പ്രകാശമാനമാകും. ഇത്തരം സ്വഭാവങ്ങൾ ഒരാളുടെ ബുദ്ധിയെയും ജ്ഞാനത്തെയും അറിയിക്കുന്നു.

അപ്പോൾ, ഫിത്‌ന വെളിപ്പെടുകയും അവസ്ഥകൾ മാറുകയും ചെയ്താൽ അഹ്‌ലുസ്സുന്നതി വൽജമാഅ സ്വീകരിക്കുന്ന ഒന്നാമത്തെ മാർഗനിർദേശമാണിത്.

(ഞാൻ ഇവിടെസൂചിപ്പിച്ചവയിൽ) ചിലത് തത്ത്വങ്ങളും ചിലത് മാർഗനിർദേശങ്ങളുമാണ്. ഞാൻ അവയെ സംയോജിപ്പിച്ചത് ആശയപരമായി ഒന്ന് മറ്റൊന്നുമായി പങ്കുചേരുന്നു എന്നതുകൊണ്ടാണ്.

രണ്ടാമത്തെ മാർഗനിർദേശം

ഫിത്‌ന വെളിപ്പെടുകയോ അവസ്ഥകൾ മാറുകയോ ചെയ്താൽ, വ്യക്തമായി പഠിച്ചു മനസ്സിലാക്കിയ ശേഷമല്ലാതെ ഫിത്‌നയും അവസ്ഥമാറ്റവുമായി ബന്ധപ്പെട്ട ഒരു വിഷയത്തെ കുറിച്ചും തീർപ്പ് നൽകരുത്. അതിനുള്ള കാരണം ഈ ഒരു തത്ത്വമാണ്: ‘ഒരു വിഷയത്തെ സംബന്ധിച്ച തീർപ്പ് ആ വിഷയത്തെ കുറിച്ചുള്ള ധാരണയുടെ ഭാഗമാണ്.’

ഇസ്‌ലാമിന്റെ മുമ്പും ശേഷവും ബുദ്ധിയുള്ള ആളുകൾ ഈ ഒരു മാർഗനിർദേശം പാലിച്ചവരാണ്. നമുക്ക് അതിനുള്ള മതപരമായ തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:

“നിനക്ക് അറിവില്ലാത്ത യാതൊരുകാര്യത്തിന്റെയും പിന്നാലെ നീ പോകരുത്’’ (അൽഇസ്‌റാഅ്: 36). അതായത്, നിനക്ക് അറിവില്ലാത്തതും നീ പൂർണമായി ഗ്രഹിച്ചിട്ടില്ലാത്തതുമായ കാര്യത്തെ സംബന്ധിച്ച് സംസാരിക്കുന്നത് നീ സൂക്ഷിക്കുക. (അതിനെക്കുറിച്ച് സംസാരിക്കുന്നതുതന്നെ അപകടമാണ്. എന്നാൽ) അതിനെക്കാളെല്ലാം അപകടകരം, നീ ഒരു നേതാവാകുകയും നിന്നെ ആളുകൾ പിന്തുടരുകയും അതിൽ (അന്വേഷിച്ചറിയുന്നതിനുള്ള) വിധികർത്താവാക്കുകയും ചെയ്യുമ്പോഴാണ്.

‘ഒരു വിഷയത്തെ സംബന്ധിച്ച തീർപ്പ് ആ വിഷയത്തെക്കുറിച്ചുള്ള ധാരണയുടെ ഭാഗമാണ്.’

ഈയൊരു തത്ത്വം നിങ്ങളുടെ നിത്യജീവിതത്തിലെ വിവിധ സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്തണം. ഈ തത്ത്വം പാലിക്കുന്നതിന് ധിഷണ അനിവാര്യമാണ്. ഇത് പാലിച്ചാലല്ലാതെ ഒരു പ്രവർത്തനവും ശരിയാകുകയില്ല. കാരണം ഈയൊരു തത്ത്വം പാലിച്ചില്ലെങ്കിൽ അബദ്ധം പറ്റുമെന്ന കാര്യത്തിൽ സംശയമില്ല. മുഴുവൻ തീർപ്പുകളിലും സംസാരങ്ങളിലും ഈ തത്ത്വം സ്വീകരിക്കാൻ ശരീഅത്ത് ആവശ്യപ്പെടുന്നു. ഈ തത്ത്വം മനസ്സിലാകുന്നതിന് ചില ഉദാഹരണങ്ങൾ ഞാൻ പറയാം:

ഉദാ: ഞാൻ നിങ്ങളിൽപെട്ട ഒരാളോട് ചോദിക്കുകയാണ്, ‘മുറാബഹ എന്ന ഇടപാടിനെ സംബന്ധിച്ച ഇസ്‌ലാമികവിധിയെന്താണ്?’ അപ്പോൾ നിങ്ങളിലൊരാൾ പറഞ്ഞേക്കും: ‘ലാഭം (റബ്ഹ്) അനുവദനീയമാണ്. ശരീഅത്തിൽ അതിന് ഒരു കുഴപ്പവുമില്ല. അതുകൊണ്ടുതന്നെ മുറാബഹയിലൂടെയുള്ള കച്ചവടത്തിന് കുഴപ്പമില്ല.’

ഈ വിഷയത്തിലുള്ള അയാളുടെ തീർപ്പ് തെറ്റാണ്. കാരണം ‘മുറാബഹ’ എന്ന ഇടപാടിനെ സംബന്ധിച്ച ഇസ്‌ലാമികവിധി എന്താണ് എന്ന ചോദ്യത്തിനു പിന്നിലുള്ള ചോദ്യകർത്താവിന്റെ ഉദ്ദേശ്യം അയാൾ നേരാംവണ്ണം ഗ്രഹിച്ചിട്ടില്ല.

മുറാബഹ എന്നാൽ കച്ചവടത്തിലുള്ള ലാഭമാണ് എന്ന് അയാൾ ഗ്രഹിച്ചു. ഇതിലുള്ള തെറ്റായ ഈ ഗ്രാഹ്യത നിമിത്തം അയാൾക്ക് തന്റെ മതവിധിയിൽ തെറ്റുപറ്റി.

മതപരമായ ഒരു തീർപ്പ് ശരി യായ ഒരു ഗ്രാഹ്യതയുടെ അടിസ്ഥാനത്തിൽ പടുത്തുയർത്തിയതായിരിക്കണം. അനുവദനീയമല്ലാത്ത ക്രയവിക്രയങ്ങളിൽ പെട്ട ഒന്നാണ് മുറാബഹ. കാരണം, പലിശയെ മറച്ചുവെക്കാനുള്ള ഒരു തന്ത്രമായി ചില ഇസ്‌ലാമിക ബേങ്കുകൾ അതിനെ ഉപയോഗപ്പെടുത്തുന്നു.

അതിന്റെ ശരിയായവശം ഇതാണ്: നിങ്ങൾക്കു വേണ്ടി ഒരു വസ്തു വാങ്ങാൻ നിങ്ങൾ മറ്റൊരാളെ ഉത്തരവാദപ്പെടുത്തും. ഉത്തരവാദപ്പെടുത്തിയശേഷം പൂർത്തീകരിക്കാൻ ബാധ്യസ്ഥമായ ഒരു കരാറുണ്ടാകും. പൂർത്തീകരിക്കാമെന്ന നിലക്കുള്ള ഈ കരാർ ശരീഅത്തിൽ അനുവദനീയമല്ല. അതിനാൽ മുറാബഹ അനുവദനീയമല്ല.

മറ്റൊരു ഉദാഹരണം: ‘ഒരു വിഷയത്തെ സംബന്ധിച്ച തീർപ്പ് ആ വിഷയത്തെ കുറിച്ച് മനസ്സിലാക്കിയതിന്റെ ഭാഗമാണ്’ എന്ന ആ തത്ത്വം മനസ്സിലാക്കാനുതകുന്നതാണ്. ‘യഹോവാസാക്ഷികളെ സംബന്ധിച്ചുള്ള വിധിയെന്താണ്’ എന്ന് നിങ്ങളോട് ചോദിക്കുകയാണെങ്കിൽ നിങ്ങളെന്തു മറുപടി പറയും?

അതിനെപ്പറ്റി നല്ല ധാരണയുള്ള വ്യക്തിയാണെങ്കിൽ, ഇങ്ങനെ പറയും: ‘അത് ഇന്നയിന്ന വിഭാഗമാണ്. അവരെ സംബന്ധിച്ചുള്ള ഇസ്‌ലാമിന്റെ വിധി ഇന്നതാണ്.’

അതല്ലെങ്കിൽ ഇപ്രകാരം പറഞ്ഞെന്നു വരും: ‘യഹോവാസാക്ഷികളെന്ന ഈ വിഭാഗം ഏതാണെന്ന് എനിക്കറിയില്ല. ഇതിനു മുമ്പ് ഞാൻ അവരെക്കുറിച്ച് കേട്ടിട്ടില്ല.’

ഇങ്ങനെയുള്ള അവസ്ഥയിൽ നിങ്ങൾക്ക് അവരെ സംബന്ധിച്ച ഒരു വിധി പറയുക സാധ്യമല്ല. അതിലുള്ള ഇസ്‌ലാമികവിധി വിശദീകരിക്കാനും സാധ്യമല്ല. കാരണം അവരെക്കുറിച്ച ശരിയായ വിവരം നിങ്ങളുടെ പക്കലില്ല. അവർ ആരാണ്, അവരുടെ ആദർശമെന്താണ്, അവർ മുസ്‌ലിംകളാണോ, ക്രൈസ്തവരാണോ, ജൂതന്മാരാണോ എന്നൊന്നും നിങ്ങൾക്കറിയില്ല. അതിനാൽ അവരെക്കുറിച്ച് വിശദമായി അറിഞ്ഞാലല്ലാതെ അവരെ സംബന്ധിച്ച ഒരു വിധി നിങ്ങൾ പറയുകയില്ല.

അത് മനസ്സിലായിക്കഴിഞ്ഞാൽ, ഒരു വിധികർത്താവോ, മുഫ്തിയോ, ശറഇയായ വിഷയങ്ങൾ സംസാരിക്കുന്നവനോ രണ്ടു കാര്യങ്ങൾ പൂർത്തീകരിച്ചെങ്കിലല്ലാതെ സംസാരിക്കാൻ പാടില്ല. സ്വന്തത്തോടും മുഴുവൻ മുസ്‌ലിംകളോടുമുള്ള ബാധ്യത നിർവഹിക്കുന്നതിനും പാപത്തിലകപ്പെടുന്നതിൽ നിന്നും അറിവ് കൂടാതെ അല്ലാഹുവിനെക്കുറിച്ച് പറയുന്നതിൽനിന്നും സ്വന്തത്തെ സംരക്ഷിക്കുന്നതിനും അതാണ് ഉചിതം. ആ രണ്ട് കാര്യങ്ങൾ ഇവയാണ്:

1. തന്റെമുന്നിലുള്ള വിഷയം നന്നായി മനസ്സിലാക്കണം. മറ്റൊരു വിഷയവുമായി ഇതിനെ കൂട്ടിക്കുഴക്കരുത്. കാരണം, ഒരുപോലുള്ള ചില കാര്യങ്ങളും വിഷയങ്ങൾക്കിടയിലുണ്ടാകാം. അപ്പോൾ, സമാനമായ ഒരു വിഷയത്തിൽ മനസ്സ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മറ്റേതെങ്കിലും വിഷയവുമായി കൂട്ടിക്കുഴഞ്ഞ് അബദ്ധം പറ്റാൻ സാധ്യതയുണ്ട്.

2. പ്രസ്തുത വിഷയത്തിലുള്ള അല്ലാഹുവിൽനിന്നും റസൂലിൽനിന്നുമുള്ള വിധിയാണ് അറിയേണ്ടത്. അല്ലാതെ അതിനോട് സാദൃശ്യമുള്ള മറ്റു വിഷയങ്ങളിലുള്ള വിധിയല്ല.

ഇതു സ്ഥിരപ്പെട്ടുകഴിഞ്ഞാൽ, ഇതാ സുപ്രധാനമായ ഒരു ചോദ്യം: “ഈ ഗ്രാഹ്യത എനിക്ക് എങ്ങനെ ലഭിക്കും? ഈ വിഷയത്തെ ഞാൻ എങ്ങനെ മനസ്സിലാക്കും? ആരിൽനിന്നും അത് മനസ്സിലാക്കും?’ കാരണം ചില വിഷയങ്ങൾ തമ്മിൽ സാദൃശ്യമുണ്ട്. മറ്റുചിലത് പ്രയാസമേറിയതാണ്. ചില വിഷയങ്ങളിൽ സത്യവും വ്യക്തവുമായ ഗ്രാഹ്യത നൽകാൻ പര്യാപ്തമായ ഒരാളെ എനിക്ക് കണ്ടെത്താൻ സാധിച്ചില്ലെന്നുവരും.

മറുപടി: ശറഇയ്യായ വിധി പ്രസ്താവിക്കുന്നതിനുള്ള ഗ്രാഹ്യത ലഭിക്കാൻ രണ്ടു മാർഗങ്ങളാണുള്ളത്:

ഒന്ന്: ചോദ്യം ചോദിക്കുന്ന വ്യക്തിയിൽനിന്ന്. കാരണം ചോദ്യകർത്താവാണ് വിഷയം അഭിമുഖീകരിക്കുന്നത്. അതിനാൽ, അവൻ ചോദിക്കുകയും വിശദീകരിക്കുകയും ചെയ്യുകയാണെങ്കിൽ, കൃത്യമായ ഗ്രാഹ്യത ലഭിക്കും. അങ്ങനെ ചോദ്യത്തിനനുസൃതമായ വിധി നൽകാൻ മുഫ്തിക്ക് സാധിക്കും.

രണ്ട്: കൃത്യമായി വിവരിക്കാൻ കഴിവുള്ള വിശ്വസ്തരായ മുസ്‌ലിംകൾ മുഖേനയും വിഷയം മനസ്സിലാക്കാൻ സാധിക്കും. വിവരണം കൃത്യമല്ലെങ്കിൽ വിധിയിൽ അബദ്ധം പിണയാൻ സാധ്യതയുണ്ട്. അതിനാൽ വിശ്വസ്തരും നീതിമാന്മാരുമായ ആളുകളിൽനിന്ന് വിവരം ശേഖരിക്കണം.

അപ്പോൾ, ഫിത്‌ന വെളിപ്പെടുകയും അവസ്ഥകൾ മാറുകയും ചെയ്യുന്ന അവസരത്തിൽ ഒരു കാഫിറിന്റെ വാക്കിനെ ആശ്രയിക്കരുത്. മതപരമായ ഒരു വിധി നൽകുന്നതിന് അതിനെ മാനദണ്ഡമാക്കരുത്. വിശ്വസ്തനും നീതിമാനുമായ ഒരു മുസ്‌ലിമിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമെ മതവിധി നൽകാൻ പാടുള്ളൂ.

റസൂലിന്റെ ഹദീസുകൾ എല്ലാവരിൽനിന്നും സ്വീകരിക്കുകയില്ല. ആദ്യാവസാനം വിശ്വസ്തരും നീതിമാന്മാരുമായ റിപ്പോർട്ടർമാരുള്ള നിവേദകപരമ്പരയാണെങ്കിൽ മാത്രമെ സ്വീകരിക്കുകയുള്ളൂ. പരമ്പരയിൽ സ്വഭാവദൂഷ്യമുള്ള ഒരു ഫാസിക്വ് (ദുർവൃത്തൻ) ഉണ്ട്, അല്ലെങ്കിൽ ഓർമപ്പിഴവുള്ള ഒരു വ്യക്തിയുണ്ട്, അതുമല്ലെങ്കിൽ റിപ്പോർട്ടുകൾ തമ്മിൽ ആശയക്കുഴപ്പം ഉള്ള ഒരുവനുണ്ട് എങ്കിൽ ആ റിപ്പോർട്ട് സ്വീകരിക്കുകയുമില്ല, അതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഒരു മതവിധി പറയുകയുമില്ല. അതിനാൽ, ഈ തത്ത്വം (എല്ലാവിഷയങ്ങളിലും) പ്രയോഗത്തിൽ വരുത്തേണ്ടത് അനിവാര്യമാണ്.

ചുരുക്കത്തിൽ: ‘ഒരു വിഷയത്തെ സംബന്ധിച്ച തീർപ്പ് ആ വിഷയത്തെകുറിച്ചുള്ള ഗ്രാഹ്യതയുടെ ഭാഗമാണ്’ എന്ന തത്ത്വത്തിന്റെ അടിസ്ഥാനം സമ്പുർണമായ ഗ്രാഹ്യതയാണ്. ശരിയായ ഗ്രാഹ്യത മതപരമായി ശരിയാകണമെങ്കിൽ അത് വിശ്വസ്തനും നീതിമാനുമായ ഒരു മുസ്‌ലിമിൽനിന്നും സ്വീകരിച്ചതായിരിക്കണം. അതല്ലെങ്കിൽ, ചോദ്യകർത്താവിൽനിന്നുതന്നെ ലഭിക്കണം. അവൻ ഫാസിക്വ് ആയാലും ശരി.

(തുടരും)