ക്വുർആനിന്റെ ചരിത്രപരതയും സുഹൈറിന്റെ മണൽക്കല്ലിലെ ലിഖിതവും

അജ്‌മൽ ഫൗസാൻ - ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ

2022 ഡിസംബർ 10, 1444 ജുമാദുൽ ഊല 15

അല്ലാഹുവിന്റെ നാമത്തിൽ, ഞാൻ സുഹൈർ. ഉമർ(റ) മരണപ്പെട്ട വർഷമാണ് ഞാനിതെഴുതുന്നത്. അഥവാ ഹിജ്‌റ 24ൽ.’

വിശുദ്ധ ക്വുർആനിന്റെ വിശ്വാസ്യതയ്‌ക്കെതിരെ ക്രിസ്ത്യൻ മിഷണറിമാർ മല പോലെ തൊടുത്തുവിട്ട ഒരാരോപണം എലി പോലെ തിരിച്ചുപോയത് അൽഹിജ്‌റിലെ ഒരു ചുവന്ന മണൽകല്ലിൽ കോറിയിട്ട ഈ വാക്കുകൾക്ക് മുന്നിലാണ്.

ഹിജ്‌റ ഒന്നാം നൂറ്റാണ്ടിൽ എഴുത്തറിയാവുന്ന, സുഹൈർ എന്ന് പേരുള്ള ഏതോ ഒരു അറബി തന്റെ സഞ്ചാരത്തിനിടയിൽ അൽഹിജ്‌റിലെ ഖാഉൽ മുഅ്തദിലിലെ ഒരു ചുവന്ന മണൽകല്ലിൽ കോറിയിട്ട വാക്കുകൾ.

അന്നേരം കൈയിൽ കിട്ടിയ ഏതോ സാധനമുപയോഗിച്ച് ഈ വരികൾ കോറിയിടുമ്പോൾ വിശുദ്ധ ക്വുർആനിനെതിരെയുള്ള ഒരു ആരോപണത്തിന്റെ മുനയൊടിക്കുകയാണ് താൻ ചെയ്യുന്നതെന്ന് സുഹൈർ ഒരിക്കലും ചിന്തിച്ചിരിക്കാനിടയില്ല.

സമർഖന്ദ്, തോപ്കാപ്പി തുടങ്ങിയ സ്ഥലങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഉസ്മാനി മുസ്ഹഫുകളെന്ന് അറിയപ്പെടുന്ന പുരാതന ക്വുർആൻ കൈയെഴുത്തുപ്രതികളിലൊക്കെ അക്ഷരങ്ങൾക്ക് കുത്തുകൾ ഇട്ടിട്ടുണ്ടെന്നും കുത്തുകൾ ഇടുന്ന സമ്പ്രദായം ആരംഭിച്ചത് ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന് ശേഷമാണെന്നും അതുകൊണ്ട് അതിനൊന്നും ആധികാരികതയില്ല എന്നുമാണ് ക്രിസ്ത്യൻ മിഷണറിമാരുടെ ആരോപണം.

മാത്രമല്ല ഈ കൈയെഴുത്തുപ്രതികളൊക്കെ എഴുതപ്പെട്ടിരിക്കുന്നത് കൂഫി ലിപിയിലാണെന്നും കൂഫ പട്ടണം ഉണ്ടായതുതന്നെ രണ്ടാം ഖലീഫ ഉമറി(റ)ന്റെ കാലത്തായതിനാൽ വളരെ ചുരുങ്ങിയ സമയത്തിനകം മൂന്നാം ഖലീഫ ഉസ്മാന്റെ(റ) ഭരണകാലത്ത് ക്വുർആൻ പകർത്തിയെഴുതി വിവിധ പട്ടണങ്ങളിലേക്ക് അയക്കുന്ന സമയത്ത് കൂഫി ലിപി ഉണ്ടായിരിക്കാൻ സാധ്യതയില്ലെന്നുമാണ് മറ്റൊരാരോപണം.

അതുകൊണ്ടുതന്നെ ഉസ്മാൻ(റ)വിന്റെ ഭരണകാലത്തിനുശേഷം ഒന്നര നൂറ്റാണ്ടെങ്കിലും കഴിഞ്ഞിട്ടായിരിക്കണം ഇവ രചിക്കപ്പെട്ടിട്ടുള്ളത്. ചുരുക്കത്തിൽ പുരാതന കൈയെഴുത്ത് പ്രതികളുടെ ആധികാരിക പിന്തുണ വിശുദ്ധ ക്വുർആനിന് അവകാശപ്പെടാൻ കഴിയില്ല എന്നതാണ് അവരുടെ വാദം.

ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് അറബി ഭാഷയുടെ വികാസ ചരിത്രത്തെക്കുറിച്ചോ ലിപി പരിണാമത്തെക്കുറിച്ചോ പ്രാഥമികമായ അറിവെങ്കിലും നേടാൻ ഇവർ അൽപം സമയം കണ്ടെത്തേണ്ടിയിരുന്നു.

ഹിജാസി/മാഇൽ, മശ്ഖ്, കൂഫി എന്നീ മൂന്നുതരം ലിപികളായിരുന്നു മുഹമ്മദ് നബി ﷺ യുടെ കാലത്ത് നിലവിലുണ്ടായിരുന്നത്. ഇവയിലെല്ലാം രചിക്കപ്പെട്ട ആദ്യകാല ക്വുർആൻ കൈയെഴുത്ത് പ്രതികളുണ്ട്. ഇന്നും പല മ്യൂസിയങ്ങളിലായി അവ ഭാഗികമായെങ്കിലും ലഭ്യമാണ്.

എന്നാൽ ഉസ്മാനീ മുസ്ഹഫുകളായി അറിയപ്പെടുന്നവയും ഒന്നാം നൂറ്റാണ്ടിലെ മറ്റു പ്രധാന കൈയെഴുത്തു പ്രതികളുമെല്ലാം കൂഫി ലിപിയിലാണ്. അതിനാലാണ് ക്വുർആനിന്റെ ചരിത്രപരതയെ ചോദ്യം ചെയ്യാൻ വിമർശകർ കൂഫീ ലിപിയെ എടുത്തുകാട്ടുന്നത്.

വാസ്തവത്തിൽ മുഹമ്മദ് നബി ﷺ ക്ക് മുമ്പുതന്നെ പ്രചാരത്തിലുണ്ടായിരുന്ന ലിപികളിലൊന്നായിരുന്നു കൂഫി ലിപിയും എന്നതാണ് വസ്തുത. ജർമൻ ഓറിയന്റലിസ്റ്റും പുരാതന അറബി ലിപിശാസ്ത്രകാരനുമായ ബേൺഹാഡ് മോറിറ്റ്‌സ് തന്റെ ‘എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം’ എന്ന ഗ്രന്ഥത്തിൽ ഇത് സമർഥിക്കുന്നുണ്ട്. ഹിജ്‌റ വർഷം 17ൽ (ക്രിസ്താബ്ദം 638) കൂഫ നിർമിക്കപ്പെടുന്നതിന് നൂറു വർഷങ്ങൾക്കു മുമ്പ് മെസപ്പൊട്ടോമിയയിൽ കൂഫി ലിപി പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ് മോറിറ്റ്‌സ് വ്യക്തമാക്കുന്നത്

Although the script[i.e., Kufic] itself,.... was known in Mesopotamia at least 100 years before the foundation of Kufa, we may conjecture that it received its name from the town in which it was first put to official use. (B. Mortiz, “Arabic Writing”, Encyclopaedia Of Islam, p. 387)

അൻബാർ, ഹീറ തുടങ്ങിയ മെസപ്പൊട്ടോമിയൻ നഗരങ്ങളിൽ നേരത്തെ പ്രചാരത്തിലുണ്ടായിരുന്ന ലിപിയാണ് കൂഫ പട്ടണത്തിന്റെ രൂപീകരണത്തിനുശേഷം ചെറിയ മാറ്റങ്ങളോടെ കൂഫി ലിപിയായി അറിയപ്പെട്ടതെന്ന് അമേരിക്കൻ ചരിത്രപണ്ഡിതയും കൈയെഴുത്തുപ്രതി വിദഗ്ധയും ലിപി ശാസ്ത്രജ്ഞയുമായ നാബിയ അബൊട്ടും നിരീക്ഷിക്കുന്നുണ്ട്.

കെന്റക്കിയിലെ ആസ്ബറി കോളേജിൽ ചരിത്രവിഭാഗം ഹെഡും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഓറിയൻറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസറുമായ അവർ 1939ൽ എഴുതിയ തന്റെ ‘The Rise of the North Arabic Script and its Kuranic Development (p. 17 )’ എന്ന പുസ്തകത്തിൽ അത് വിശദീകരിക്കുന്നതായി കാണാം.

The Splendor Of Islamic Calligraphyയുടെ കർത്താക്കളായ ഖാത്തിബിയും മുഹമ്മദ് സിജിൽമാസ്സിയും അഭിപ്രായപ്പെടുന്നത് വിഖ്യാത ഗ്രന്ഥമായ അൽഫിഹ്‌റിസ്തിന്റെ കർത്താവ് ഹി. 390ൽ (ക്രി. 999) മരണപ്പെട്ട ഇബ്‌നു നദീമാണ് ഹീറയിൽനിന്ന് രൂപം പ്രാപിച്ച ലിപിക്ക് ‘കൂഫി’ എന്ന് നാമകരണം ചെയ്തത് എന്നാണ്.

ഏതായാലും ഹിജ്‌റ 17ൽ നിർമിക്കപ്പെട്ട നഗരമായ കൂഫയിൽ ഉണ്ടായതല്ല ഈ ലിപി എന്നതും കൂഫയുണ്ടാകുന്നതിനും എത്രയോ മുമ്പ് ഈ ലിപി നിലനിന്നിരുന്നുവെന്നതും ഒരു ചരിത്രവസ്തുതയാണ്. മാത്രവുമല്ല, ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ഉണ്ടായതെന്ന് ഉറപ്പിക്കാവുന്ന, ക്വുർആനല്ലാത്ത മറ്റു പല പുരാതന ലിഖിതങ്ങളും കണ്ടെടുക്കുകയുണ്ടായിട്ടുണ്ട്.

അവയിലൊന്നാണ് ഹിജ്‌റ വർഷം 24ൽ എഴുതിയതാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സുഹൈറിന്റെ രേഖ. സുഊദി അറേബ്യയിലെ അൽഹിജ്‌റിന് സമീപത്തുള്ള ഖാഉൽ മുഅ്ത്തദിലിലെ പാറയിലെ ഒരു ചുവന്ന മണൽക്കല്ലിൽ കൊത്തിവയ്ക്കപ്പെട്ട രൂപത്തിലുള്ളതാണ് ഈ രേഖ.

സുഉൗദി അറേബ്യയിലെ റിയാദിലെ സുപ്രീം കമ്മിഷൻ ഫോർ ടൂറിസം മെമ്പറും നിലവിൽ സാംസ്‌കാരിക പൈതൃകസംരക്ഷണത്തിനായുള്ള കിംഗ് അബ്ദുല്ലാഹ് പ്രോജക്ടിന്റെ ജനറൽ സൂപ്പർവൈസറുമായ അലി ഗബ്ബാനും ഭാര്യയുമാണ് 1999ൽ തങ്ങളുടെ പര്യവേക്ഷണത്തിനിടയിൽ ഇത് കണ്ടെത്തുന്നത്.

കൂഫി ലിപിയിൽ എഴുതപ്പെട്ടതാണെന്നത് മാത്രമല്ല ഇതിൽ അക്ഷരങ്ങൾക്ക് കുത്തുകളുണ്ട് എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള സവിശേഷത.

ഖലീഫ ഉമർ(റ) മരണപ്പെട്ട കാലത്ത് കൂഫി ലിപിയിലുള്ള കുത്തുകളുള്ള എഴുത്തിന് പ്രചാരമുണ്ടായിരുന്നുവെന്നതിന് മതിയായ തെളിവുതന്നെയാണിത്. ഉമറി(റ)ന്റെ കാലത്തുതന്നെ കൂഫീ ലിപി പ്രചാരത്തിലുണ്ടെങ്കിൽ ഉസ്മാൻ(റ)വിന്റെ കാലത്ത് പകർത്തിയെഴുതപ്പെട്ട മുസ്ഹഫുകൾ കൂഫി ലിപിയിലായതിൽ എന്ത് അസ്വാഭാവികതയാണുള്ളത്?

UNESCO യുടെ Memory of the World Register of Documentary Collectionsൽ സുഹൈറിന്റെ ഈ ചുവന്ന മണൽക്കൽ ലിഖിതവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത് മാത്രമല്ല. അക്കാലത്ത് കൂഫി ലിപി പ്രചാരത്തിലുണ്ടായിരുന്നു എന്നതിന് വേറെയും തെളിവുകൾ സുലഭമാണ്.

കൈറോ മ്യൂസിയം ഓഫ് അറബ് ആർട്ടിൽ സൂക്ഷിച്ചിട്ടുള്ള ഹിജ്‌റ 31ൽ രചിച്ചതായി സ്വയം സാക്ഷ്യപ്പെടുത്തുന്ന അബ്ദുർറഹ്‌മാൻ ബിൻ ഖൈർ അൽഹാജിരിയുടെ ക്വബ്ർ ഫലകവും സുഊദി അറേബ്യയിലെ ദർബ് സുബൈദയിലെ വാദി അൽശാമിയയിലെ കച്ചവടപാതയിൽനിന്ന് 1970ൽ ലഭിച്ച ശിലാഫലകവും വാദി സബീലിൽനിന്ന് ലഭിച്ച ഹിജ്‌റ 46ൽ രചിച്ചതായി സാക്ഷ്യപ്പെടുത്തുന്ന ചുമർഫലകവുമെല്ലാം കൂഫി ലിപിയിൽ എഴുതപ്പെട്ടവയാണ്. ഇതിൽ നിന്നെല്ലാം സ്വഹാബിമാരുടെ ജീവിതകാലത്ത് കൂഫി ലിപിയിലുള്ള രചനകൾക്ക് പ്രചാരമുണ്ടായിരുന്നുവെന്നത് സുതരാം വ്യക്തമാണ്.

വിശുദ്ധ ക്വുർആനിന്റെ ചരിത്രപരതയെ ചോദ്യം ചെയ്യാൻ ഇത്തരം ആരോപണങ്ങൾക്കൊന്നും കെൽപില്ലെന്ന് ചുരുക്കം.

സുഹൈർ, താങ്കൾ ആരാണെന്നോ എന്തിനാണ് അതുവഴി പോയതെന്നോ ഞങ്ങൾക്കറിയില്ല. താങ്കളെ ആ എഴുത്തെഴുതാൻ പ്രേരിപ്പിച്ചതെന്താണെന്നും ഞങ്ങൾക്കജ്ഞാതം. പ ക്ഷേ, ഒന്നു പറയട്ടെ സുഹൈർ, നന്ദി, താങ്കൾക്കും താങ്കളുടെ കോറിയിടലുകൾക്കും.